Slider

ഭ്രാന്തന്റെ നോവ്‌

0

ഹൃദയത്തെ കീറിമുറിച്ച ഒരു നോവായിരുന്നു ഭ്രാന്തിന്റെ ലോകത്തേക്ക് ആദ്യം അവനെ വലിച്ചെറിഞ്ഞത്.
എണ്ണിയാൽ തീരാത്ത അക്കങ്ങൾ, അളന്നാൽ തീരാത്ത ചുവടുകൾ, വലിച്ചെറിഞ്ഞ വസ്തുക്കൾ എല്ലാം പിന്നീടെപ്പോഴോ അവന്റെ പ്രിയപ്പെട്ടതായി.
അവന്റെ പിറുപിറുക്കലുകൾ, പറയുന്നതെന്താവും, ശപിക്കുകയാണോ അവനാ നോവിനെ.
ആരും അറിയാത്തൊരു നോവായിരുന്നു അത്. കഥകൾ മെനയുന്ന നാവുകൾക്ക് കഥ പറയാനുള്ള കാരണഹേതുവായി, വഴിയോരത്തെ കാഴ്ചവസ്തുവായി അവൻ മാറുകയായിരുന്നു, ഭ്രാന്തനെന്ന പേരുള്ളവൻ. ഉണ്ടായിരുന്ന പേരിനെ കാലം മായ്ച്ചതാകുമോ??
രാവേറെ ചെല്ലുമ്പോൾ അമ്പലനടയിലെ ആൽത്തറയിൽ പകലന്തിയോളം വാരിയടുക്കിയ പത്രത്താളുകളിൽ അവൻ കിടന്നുറങ്ങി. വിശപ്പകറ്റാൻ ദേവന്റെ നൈവേദ്യവും തണലേകാൻ ആൽത്തറയും മുജ്ജന്മ സുകൃതം പോലെ അവന് കൂട്ടു വന്നു.
അവന്റെ നോവിന്റെ പിന്നാമ്പുറങ്ങളെ തേടുമ്പോൾ തന്നോടും ഒട്ടും ദയയുണ്ടായിരുന്നില്ല സ്വബോധമുള്ളവർക്ക്. "അവനെ കണ്ടു കണ്ടു നിനക്കും വട്ടായോ ജിഷ്ണൂ " എന്ന കൂട്ടുകാരുടെ ചോദ്യത്തിന് ചുണ്ട് കോട്ടിയ ചിരിയായിരുന്നു തന്റെ മറുപടി. കാരണം, ബോധമുള്ളവരെ മനസ്സിലാക്കിക്കൊടുക്കാൻ വലിയ പാടാണ്.
നേരം വെളുക്കുമ്പോഴേക്കും കവലയിൽ ദാമുവേട്ടന്റെ ചായപ്പീടികയിൽ എത്തി. അവിടെ ഇരുന്നാൽ റോഡിനപ്പുറമുള്ള അമ്പലവും ആൽത്തറയും കാണാം.
"മോൻ ഇന്ന് വണ്ടി എടുത്തില്ലേ?
"ഇല്ല, ദാമുവേട്ടാ, ഓട്ടോ സർവീസിന് കൊടുത്തിരിക്കുകയാ. ഇനി രണ്ട് ദിവസം വീട്ടിൽ. പറമ്പിലെ പണിയൊക്കെ തീർക്കാൻ നിൽക്കണം.
ദാമുവേട്ടൻ തന്ന ചായ മെല്ലെ ഊതികുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആൽത്തറയിൽ അനക്കം കണ്ടത്. നോക്കുമ്പോൾ അവൻ എഴുന്നേറ്റിരുന്നിട്ടുണ്ട്.
അവനും തന്റെ അതേ വയസ്സാവും ഉണ്ടാകുക. നന്നേ വെളുത്ത നിറത്തിൽ വൃത്തിയില്ലായ്മ്മയുടെ അടയാളമായി ചേറും ചെളിയും അഴുക്കും നിറഞ്ഞു നിൽക്കുന്നു. പാതി ജട പിടിച്ച മുടി തോളറ്റം നിൽക്കുന്നു. കഴുത്തിലൂടെ ഒരു വലിയ കാവി മുണ്ട് ചുറ്റി ഇട്ടിട്ടുണ്ട്. ഒരു കാവി മുണ്ട് ഉടുത്തിട്ടുമുണ്ട്. അമ്പലത്തിൽ ഭജനയിരിക്കാൻ വന്ന സ്വാമിമാർ നല്കിയതാവും.
"അവന്റെ പേരെന്താ ദാമുവേട്ടാ...?"
സമോവറിൽ കുറെ വെള്ളം എടുത്തൊഴിച്ചു കൈ തുടച്ചു ദാമുവേട്ടൻ അടുത്തുള്ള ബെഞ്ചിൽ വന്നിരുന്നു.
"മോൻ ആ ഭ്രാന്തൻ ചെക്കന്റെ കാര്യമാണോ ചോദിച്ചേ...? ആൽത്തറയിലേക്ക് ചോദ്യരൂപേണ നോക്കി ദാമുവേട്ടൻ.
"പണ്ടാരോക്കെയൊ പാപ്പു എന്നു വിളിച്ചിരുന്നു. പിന്നീട് ഭ്രാന്താ വിളി ആയി. അപ്പുറത്തെ ദേശത്തെയാ എന്നൊക്കെ ആളുകൾ പറയുന്ന കേട്ടു. ചാലിൽ ദേശത്തെ"
ദാമുവേട്ടൻ പറഞ്ഞ ദേശം വലിയ ദൂരമൊന്നും ഇല്ല. നാലഞ്ച് കിലോമീറ്റർ.
"ഇവൻ എങ്ങനെ ഇവിടെ എത്തി... ??"
"അറിയില്ല മോനെ, പത്ത് വർഷത്തോളമായി ഇവൻ ഇവിടെ. ഇവനെ ഞാൻ കാണുമ്പോൾ ഇവന് ഒരു പതിനാല് വയസ്സെങ്കിലും ഉണ്ടാകും. മോൻ കാണാൻ വഴിയില്ല അപ്പോൾ. നിങ്ങൾ ഈ നാട്ടിൽ വന്നിട്ട് ആറേഴു കൊല്ലം ആവുന്നല്ലേ ഉള്ളൂ. അന്നൊക്കെ ഇവൻ ഇവിടെ തിണ്ണയിൽ വന്നു ദൂരേക്ക് നോക്കി കുറെ ഇരിക്കും. പിന്നെ വെറുതെ നടക്കും. നടക്കുമ്പോൾ അവൻ അവന്റെ ചുവടുകളെ എണ്ണും. അല്ലെങ്കിൽ റോഡിലെ പത്രക്കടലാസുകൾ ഭദ്രമായി എടുത്തു വയ്ക്കും.
"ഇവൻ വയലന്റ് ആകാറുണ്ടോ..?"
"ഒരു തവണ മാത്രം കണ്ടിട്ടുണ്ട്. പണ്ട് എന്റെ ചായക്കടയിൽ ഒരു കുടുംബം വന്ന് കയറി. അമ്പലത്തിൽ വന്നവരായിരുന്നു. ഭക്ഷണം കഴിക്കേ കൂടെയുള്ള സ്ത്രീക്ക് പെട്ടെന്ന് വയ്യാണ്ടായി ആശുപത്രിയിൽ കൊണ്ടു പോയി. ഇതും കണ്ടു നിന്ന പാപ്പു നിലവിളിച്ചു എങ്ങോട്ടോ ഇറങ്ങി ഓടി. പിന്നെ നാലഞ്ച് ദിവസം കഴിഞ്ഞാണ് വന്നത്. "
അമ്പലത്തിൽ ആളുകൾ കുറഞ്ഞു. നട അടക്കാറായി. ഇനി ദേവന് വിശ്രമം. പരാതിയും, നന്ദി പറച്ചിലും കേട്ട് തളർന്ന ഭഗവാൻ പാപ്പുവിനെ മാത്രം കാണാൻ മറന്ന് പോയോ.
ആൽത്തറയിലേക്ക് നോക്കിയപ്പോൾ അവൻ പോയിരുന്നു അപ്പോഴേക്കും. ഇനി ഉച്ചകഴിഞ്ഞേ അവനെ കാണൂ. ഉച്ചയ്ക്ക് ദാമുവേട്ടന്റെ കൈയ്യിൽ നിന്നും ചോറും വാങ്ങി ആൽത്തറയിൽ പോയി ഇരിക്കും. പിന്നെ കാക്കയും പൂച്ചയും അവനും ഒന്നിച്ചിരുന്നോരു ഉച്ചയൂണ്.
വീട്ടിൽ എത്തിയിട്ടും അവന്റെ മുഖമായിരുന്നു മനസ്സിൽ. ഇത്ര നാളും അവനെ കാണാറുണ്ടെങ്കിലും അവൻ എന്ന വ്യക്തി മനസ്സിൽ പതിഞ്ഞിരുന്നില്ല. പക്ഷെ രണ്ട് ദിവസം മുന്നേ അമ്മ ഇടവഴിയിൽ തളർന്ന് വീണപ്പോൾ അമ്മയെ കോരിയെടുത്തു ഉമ്മറത്തെ കസേരയിൽ എത്തിക്കും വരെയുള്ള അവന്റെ വെപ്രാളവും, അവസ്ഥയും അമ്മ പറഞ്ഞു അറിഞ്ഞപ്പോൾ, അന്ന് മുതലായിരുന്നു അവനെന്ന ഭ്രാന്തന്റെ മനസ്സിലേക്ക് ഇറങ്ങാൻ തീരുമാനിച്ചത്.
പിറ്റേന്ന് ചാലിൽ ബസ് ഇറങ്ങുമ്പോൾ ആരോട് എന്ത് ചോദിച്ചു തുടങ്ങുമെന്നുള്ള അങ്കലാപ്പ് മനസ്സിൽ ഉണ്ടായിരുന്നു. ഇടയ്ക്ക് കൂട്ടുകാരുടെ കൂടെ ഈ വഴി പോയ പരിചയം കൊണ്ട് സ്ഥലം അപരിചിതമായി തോന്നിയില്ല.
അടുത്തു കണ്ട മെഡിക്കൽ ഷോപ്പിൽ കയറി
"ചേട്ടാ, ഒരു പാപ്പു എന്നു പറഞ്ഞ ഒരു കുട്ടിയെ അറിയോ? പണ്ട് ഈ നാട്ടിൽ ഉണ്ടായിരുന്നു."
മൂക്കിൻതുമ്പത്തെ കണ്ണട ഒന്നു റെഡി ആക്കി അയാൾ മുന്നിലെ ഷെൽഫിനടുത്തേക്ക് വന്നു.
"പാപ്പുവോ? അതാരാ? അങ്ങനെ ഒരു കുട്ടി ഇല്ലാല്ലോ എന്റെ അറിവിൽ" അയാൾ കൈ മലർത്തി.
അന്വേഷിച്ചു വന്നത് ഒരു ഭ്രാന്തനെയാണെന്നു അറിഞ്ഞാൽ അയാൾ എന്ത് പറയും എന്ന ഒരു ആശങ്ക ഉണ്ടായപ്പോൾ കൂടുതൽ ഒന്നും ചോദിക്കാതെ അവിടെ നിന്നും ഇറങ്ങി.
എന്ത് ചെയ്യണമെന്നറിയാതെ, ആരോട് ചോദിക്കുമെന്നറിയാതെ അവിടെ നിന്നും ഇറങ്ങി അടുത്തുള്ള ബസ് സ്റ്റോപ്പിൽ കയറി നിന്നു.
റോഡിൽ സ്കൂൾ കുട്ടികളും , രാവിലെ ജോലിക്ക് പോകുന്നവരും ബസിനും ഓട്ടോയ്ക്കുമൊക്കെയായി കാത്ത് നിൽക്കുന്നുണ്ട്. ചില ബസ്സിന്റെ വരവ് കണ്ടാൽ പറന്ന് വരും പോലെയാണ്. മത്സരയോട്ടം നടത്തി നടത്തി കീശ നിറയ്ക്കുമ്പോൾ മറുഭാഗത്ത്‌ പിടഞ്ഞു തീരുന്ന ജീവനുകളും ഏറുന്നു.
ഒരു ലക്ഷ്യവുമില്ലാത്ത അവിടെ ഉള്ള നിൽപ്പ് വെറുതെയെന്നു ഓർത്ത് ഇറങ്ങാൻ നോക്കുമ്പോൾ ആയിരുന്നു എന്തോ കണ്ടത് പോലെ സ്കൂൾ കുട്ടികൾ ചിതറി മാറി നിൽക്കുന്നത് കണ്ടത്. അവരുടെ നോട്ടത്തിന്റെ ദിശയിലേക്ക് കണ്ണയച്ചപ്പോൾ ശരിക്കൊന്നു ഞെട്ടി. അവൻ പാപ്പു ഓടികിതച്ചു വരുന്നു. എന്നാലും അവൻ എന്തിനു ഇവിടെ!!!?? അപ്പോൾ രാവിലെ അമ്പലത്തറയിൽ നിന്നും ഇവിടേക്കാണ് ഇവന്റെ വരവ്. പക്ഷെ എന്തിന്!!!?
മുന്നിലൂടെ അസ്ത്രം കണക്കെ അവൻ ഓടി ചെറിയൊരു ഇടവഴി കയറി മറഞ്ഞു.
എന്തും വരട്ടെയെന്നു വെച്ചു അവന്റെ പിന്നാലെ നടന്നു. ചുറ്റി വളഞ്ഞ ആ ഇടവഴി ചെന്നവസാനിച്ചത് കാട് മൂടിയ ഒരു പറമ്പിൽ ആയിരുന്നു. ഒരാൾ പൊക്കത്തിൽ കാട്ടുചെടികൾ വളർന്ന് നിൽക്കുന്നു. ഏറെ തവണ ചവിട്ടി മെതിച്ചു കടന്ന് പോയതിന്റെ തെളിവായി അവിടൊരു വഴി തെളിഞ്ഞു കാണാമായിരുന്നു.
പേടിച്ചു പേടിച്ചായിരുന്നു മുന്നോട്ട് പോയത്. നടന്നെത്തിയത് ഇടിഞ്ഞു വീണ ഒരു കൊച്ചുവീടിനു മുന്നിലായിരുന്നു. വീടെന്നു പറയാൻ മാത്രം അവശേഷിപ്പുകൾ ഇല്ലായിരുന്നു. ഒരു തറയും പകുതി ഭാഗവും ഇടിഞ്ഞു വീണ ചുമരും. ഏതോ നോവ്‌ പേറും പോലെ ബാക്കിയായ ചുമരുകൾ.
പാപ്പുവിനെ അവിടെ എങ്ങും കണ്ടില്ല. ആ വഴിയടയാളം വീടിനു പിന്നിലേക്ക് നീളുന്നുണ്ടായിരുന്നു. മെല്ലെ ചെന്ന് നോക്കുമ്പോൾ പിറുപിറുത്തുകൊണ്ട് മാവിന്റെ ചുവട്ടിൽ പേപ്പറുകൾ നിവർത്തി വെച്ചു എന്തൊക്കെയോ സംസാരിക്കുന്നുണ്ട് അവൻ. നിശ്ശബ്‌ദ്ധമായി എല്ലാം കണ്ടു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ എഴുന്നേറ്റ് വരുന്നത് കണ്ട് ചുമരിനോട് മറഞ്ഞു നിന്നു. അവന്റെ മുഖം കരഞ്ഞു വീർത്ത പോലെ. അതേ അവൻ കരയുകയായിരുന്നു. പക്ഷെ എന്തിനു. അതും ഇത്രയും ദൂരേക്ക് ഈ ഒരിടത്തു വന്നു. ഭ്രാന്തിനുള്ളിലും നോവും പേറി കരഞ്ഞു തീർക്കുന്ന ഒരു മനസ്സോ!!!
അതിവേഗം അവൻ ആ വഴിയിലൂടെ തിരിച്ചു പോയി. അമ്പലപ്പറമ്പിലേക്കാവും ഇനി. തന്റെ തന്നെ ചുവടുകളെ അളക്കാൻ.
എന്തായാലും അവനെ കൂടുതൽ അറിയണം. ഒരിക്കൽ കൂടി ഇവിടേക്ക് വരണം.
പിറ്റേന്ന് നേരത്തെ തന്നെ പാപ്പുവിന്റെ നാട്ടിൽ എത്തി. ഇടിഞ്ഞു വീണ ആ വീടിനു ചുറ്റും ഒന്നു നടന്നു. പാതി മാഞ്ഞ ഓർമ്മ പോലെ, എന്തൊക്കെയോ നോവ്‌ പേറി നിൽക്കും പോലെ ആ വീട് മുന്നിൽ.
"ആരാ?എന്താ ഇവിടെ?ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ? പിന്നിലെ ശബ്ദം തേടി തിരിഞ്ഞു നോക്കിയപ്പോൾ ഒരു മുത്തശ്ശി. സംശയം അവരുടെ നെറ്റിയിൽ ചുളിവ് തീർത്തിരുന്നു.
"ഞാൻ കുറച്ചു ദൂരെയാ. ഇവിടെ ഒരാളെ കുറിച്ചു അറിയാൻ വന്നതാ."
"ആരെയാ...??" ശബ്ദത്തിലും മുഖത്തും ചോദ്യഭാവം നിറഞ്ഞു.
"ഈ വീട്ടിൽ ഉള്ളവരെക്കുറിച്ചാണ്"
അതു കേട്ടതും അവരുടെ മുഖത്തു ഞെട്ടലും സങ്കടവും ഒരേപോലെ പ്രകടമാകുന്നത് കാണാമായിരുന്നു.
പതിയെ അവർ പറഞ്ഞു തുടങ്ങി, പാതി തകർന്ന ചുമരുകൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന ആ കഥയെ കുറിച്ചു.
" ഇത് ജയന്തന്റെ വീടാണ്. അവനും ഭാര്യയും രണ്ടു മക്കളുമായിരുന്നു ഇവിടെ. കൂലിപ്പണിയായിരുന്നു അവനു. നന്നായി അധ്വാനിക്കുന്നവൻ. ഭാര്യ രമയ്ക്ക് തയ്യൽപ്പണി ആയിരുന്നു. മോള് അപർണ്ണയും, മകൻ വിഷ്ണുവും. ഉള്ളത് കൊണ്ട് ഓണം പോലെ സന്തോഷത്തിൽ കഴിഞ്ഞതാ കുഞ്ഞേ അവര്. അപ്പോഴാ മോള് വലിയ പഠിത്തത്തിനു ചേർന്നത്. അങ്ങനെയാ അതിനെ പഠിപ്പിക്കാൻ അവൻ പലിശയ്ക്ക് പണം കടം വാങ്ങിച്ചത്. കൂലിപ്പണിയല്ലേ, കൂട്ടിയാൽ കൂടുമോ, പലിശയും കയറി കയറി കടം കയറി. കടക്കാർ വീട്ടിൽ വന്നു ഭീഷണിയും ഒക്കെ ആയപ്പോൾ ഒരു ദിവസം മോളെ കോളേജിൽ നിന്നും വിളിച്ചു കൊണ്ട് വന്നു അവൻ. അന്ന് രാത്രി എല്ലാത്തിനും ചോറിൽ വിഷം കൊടുത്തു, അവൻ ദാ ആ മാവിൽ കെട്ടിതൂങ്ങി. പക്ഷെ ജനനവും മരണവും ഈശ്വരേച്ഛയല്ലേ ന്റെ കുട്ടിയേ, ദൈവം ഇളയതിനെ വെറുതെ വിട്ടു. ചർദിച്ചു ബോധം പോയ ചെക്കൻ കണ്ണു തുറന്നപ്പോൾ കാണുന്നത് അമ്മയും ചേച്ചിയും മരിച്ചു കിടക്കുന്നതാണ്. നിലവിളിച്ചു പുറത്തേക്ക് വന്നതും പുറത്തു അച്ഛന്റെ മരണവും.ആ കുട്ടിക്ക് ഒന്നും താങ്ങാൻ ആയില്ല. അവന്റെ കരച്ചിൽ കേട്ട് ഞാനോടി എത്തിയപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. ഒടുവിൽ ഒറ്റയ്ക്കായ അവൻ ഈ വീട്ടിൽ കുറച്ചു നാൾ ആരോടും മിണ്ടാതെ കഴിഞ്ഞു. ഒരു ദിവസം എങ്ങോട്ടോ ഇറങ്ങിപ്പോയി. പിന്നീട് കാണാൻ തുടങ്ങിയത് ഒരു ഭ്രാന്തനായിട്ടാ . പകൽ എവിടെ നിന്നോ വരും. ഈ പറമ്പിൽ വന്നു പേപ്പർ വിരിച്ചിരിക്കും.ആ മരണവാർത്ത പേപ്പറിൽ കണ്ടത് കൊണ്ട് അവരൊക്കെ അതിലുണ്ട് എന്ന വിശ്വാസമാണ്. പിന്നെ അച്ഛനെ കണ്ട മാവിൻചോട്ടിൽ ഇരുന്നു എന്തൊക്കെയോ പറയും. അവന്റെ ഓർമ്മ ഇപ്പോഴും ആ മരണദിവസത്തിൽ തടഞ്ഞു നിൽക്കുകയാ. ബന്ധുക്കൾ ഒക്കെ കൈയൊഴിഞ്ഞു. അല്ലെങ്കിലും ഭ്രാന്തനെ ആർക്ക് വേണം. "
ആ വീടിന്റെ പടിക്കൽ ഇരുന്നു ആ മുത്തശ്ശി അത്രയും കാര്യങ്ങൾ ഓർത്തു പറഞ്ഞു. ഇടയ്ക്ക് ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി. മുന്നിൽ ആ കാഴ്ച്ച കാണും പോലെ മുഖം വലിഞ്ഞു മുറുകി.
"ഓരോ യോഗം. ഒന്നും ആലോചിക്കാതെ ആത്മഹത്യ ചെയ്യുമ്പോൾ ബാക്കിയാവുന്ന ജന്മങ്ങളുടെ അവസ്ഥ അവരറിയുന്നുണ്ടോ. ഇപ്പൊ ദാ ആ ചെക്കന്റെ ജീവിതം അവർ ഇങ്ങനെ ആക്കിയില്ലേ." മുത്തശ്ശി താടിക്ക് കൈയും കൊടുത്തു പതം പറയാൻ തുടങ്ങി.
അതിനിടയിൽ എപ്പോഴോ പാപ്പു വന്നു പോയിരുന്നു.
മുത്തശ്ശിയോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ വൈകിയിരുന്നു. കിട്ടിയ ബസ്സിന് ടൗണിൽ ഇറങ്ങി അമ്പലം ലക്ഷ്യമാക്കി നടക്കുമ്പോൾ ദൂരെ പാപ്പു ചുവടുകൾ എണ്ണിത്തുടങ്ങിയിരുന്നു.
വർക്ക്ഷോപ്പിൽ കയറി ഓട്ടോ പണി കഴിഞ്ഞോ നോക്കി, കൂട്ടുകരെയൊക്കെ കണ്ടു വീടെത്തുമ്പോൾ രാത്രിയായി.
"ചോറെടുത്തു വെക്കട്ടെ മോനെ"
"ആഹ്. അമ്മ കഴിച്ചോ?? ഉണ്ടാവില്ല.എനിക്കറിയാം. ഞാൻ വൈകിയാൽ അമ്മയ്ക്ക് കഴിച്ചൂടെ.മരുന്നുള്ളതല്ലേ.പറഞ്ഞാൽ കേൾക്കരുത്"
"ഒറ്റയ്ക്കിരുന്നു കഴിക്കാൻ വയ്യ മോനെ"
"അമ്മ ചോറ് വിളമ്പു എന്നാൽ"
"മോനെ നീ പോയിട്ട് എന്തായി. വല്ലതും അറിഞ്ഞോ?"
അറിഞ്ഞതൊക്കെ അമ്മയോട് പറഞ്ഞപ്പോൾ അമ്മയുടെ കരച്ചിൽ ആയിരുന്നു പിന്നീട്.
"അവനെ ചികിൽസിച്ചാൽ മാറില്ലേ മോനെ"
"അവനെ മാറ്റിയെടുക്കാൻ ആവില്ലമ്മേ. എങ്കിലും നോക്കാം നമ്മുക്ക് എന്നെങ്കിലും അവൻ നമ്മളോട് അടുക്കുന്ന ഒരു ദിവസത്തിനായി ശ്രമിക്കാം. അവന് ഇനി ഒന്നും വരാതെ ഞാൻ ശ്രദ്ധിക്കാം."
അതു പറഞ്ഞപ്പോൾ അമ്മയുടെ മുഖത്തപ്പോൾ ഒരു ആശ്വാസം തെളിയുന്നുണ്ടായിരുന്നു.
"ഒരു കണക്കിന് പറഞ്ഞാൽ ഞാനും അവനും ഒരു നാണയത്തിന്റെ രണ്ട് പുറങ്ങളല്ലേ അമ്മേ. അവനു അവന്റെ കുടുംബം മൊത്തം നഷ്ടമായെങ്കിൽ നമ്മുക്ക് അച്ഛനെയല്ലേ നഷ്ടമായത്. നമ്മളെ മാത്രം അച്ഛൻ വെറുതെ വിട്ടതല്ലേ കൂടെ കൂട്ടാതെ. കടക്കെണിയിൽ നിന്നും അച്ഛൻ മാത്രം രക്ഷ നേടി പോയതല്ലേ... "
ഓർമ്മകൾ ഞങ്ങളിൽ ആർത്തലച്ചു പെയ്യുമ്പോൾ ദൂരെ
അമ്പലത്തറയിലപ്പോൾ ഒരു നോവ്‌ ജന്മം ദേവന് മുൻപിൽ ഉറങ്ങാൻ ഒരുങ്ങുകയാവും.....
✍️ സിനി ശ്രീജിത്ത്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo