Slider

മത്സ്യ മനുഷ്യൻ - part 1

0
മത്സ്യ മനുഷ്യൻ
…………………
കായൽക്കരയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ആ ഇരുനില വീടിന്റെ വാതിൽ തുറന്ന് ഡോക്ടർ വിൽസൺ തോമസ് അകത്തേയ്ക്ക് നടന്നു. അത്രയധികം സ്വാതന്ത്ര്യം ആ വീട്ടിൽ അദ്ദേഹത്തിനുണ്ടായിരുന്നു എന്നതിൽ സംശയമില്ല. പക്ഷേ സുഹൃത്തായ ഇൻസ്പെക്ടർ ഹാരിസിനൊപ്പം സ്വീകരണമുറിയിൽ അപ്പോൾ ഒരു അപരിചിതൻ കൂടി ഉണ്ടായിരുന്നു. അന്തരീക്ഷത്തിന്റെ പിരിമുറുക്കം കണ്ടപ്പോൾ അതൊരു ഒഫീഷ്യൽ സംസാരമാണെന്ന് തോന്നി.
"സോറി... ഞാൻ പുറത്തിരിക്കാം “ ഡോക്ടർ പുറത്തേയ്ക്കിറങ്ങാൻ ഒരുങ്ങി.
" ഇറ്റ്സ് ഒ.കെ. വിൽസൺ... താങ്കൾ ഇരിക്കു" ഹാരിസ് സോഫയിലേയ്ക്ക് വിരൽ ചൂണ്ടി. കാലങ്ങളായുള്ള പരിചയം കാരണം തന്റെ സുഹൃത്തായ പോലിസ് ഇൻസ്പെക്ടറുടെ രീതികൾ അദ്ദേഹത്തിന് നന്നായറിയാം. ചില കേസുകളിൽ സ്റ്റേഷന് പുറത്ത് വച്ചുള്ള ഇത്തരം അനൗദ്യോഗികമായ അന്വേഷണ രീതികൾ ഹാരിസ് പിൻതുടരാറുണ്ട്. കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളിൽ ഒരു സൈക്യാട്രിസ്റ്റായ തന്റെ അഭിപ്രായം തേടാറുമുണ്ട്. ഈ വിഷയവും തന്നോട് ചർച്ച ചെയ്യുവാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവണം.
ഡോക്ടർ സോഫയിൽ ഇരുന്നു. പിന്നെ ടീപ്പോയിൽ കിടന്ന ഒരു മാഗസിൻ എടുത്ത് വെറുതെ പേജുകൾ മറിച്ചു.
"പറയു റോബിൻ ... മോഷണം നടന്ന ദിവസമോ അതിനടുത്ത ദിവസങ്ങളിലോ എന്തെങ്കിലും അസാധാരണമായ സംഭവങ്ങൾ ഉണ്ടായതായി ഓർക്കുന്നുണ്ടോ “ ഹാരിസ് അപരിചിതനോട് ചോദിച്ചു.
റോബിൻ ഒന്ന് ആലോചിച്ചു. "ഇല്ല സാർ അങ്ങനെ ഒന്നും ഉള്ളതായി ഓർക്കുന്നില്ല”
"ഒന്നുകൂടി ഓർത്തു നോക്കു. ഏതെങ്കിലും അപരിചിതരോ മറ്റോ വന്നതായി ഓർക്കുന്നോ "
"ഇല്ല സാർ…” പിന്നെ അയാൾ പെട്ടെന്ന് ഓർത്തത് പോലെ പറഞ്ഞു. "പക്ഷേ തലേ ദിവസം ഒരു കൊറിയർ വന്നിരുന്നു. അതു പക്ഷേ എനിക്കുള്ളതായിരുന്നില്ല. ആ വീട്ടിൽ മുമ്പ് താമസിച്ചിരുന്ന ഒരു സ്ത്രീയുടെ പേരിലായിരുന്നു. ഞാനത് ഹൗസ് ഓണർക്ക് കൊടുത്തിരുന്നു”
ഹാരിസ് എന്തോ ആലോചിക്കുന്നത് പോലെ തോന്നി.
“ ശരി.റോബിൻ. നിങ്ങൾ പൊയ്ക്കോളു.. ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിപ്പിക്കാം.”
അയാൾ പോയിക്കഴിഞ്ഞപ്പോൾ ഹാരിസ് കബോർഡിൽ നിന്നും ഷിവാസ് റീഗലിന്റെ ഒരു ബോട്ടിൽ പുറത്തെടുത്തു. രണ്ട് ഗ്ലാസുകളിലായി മദ്യം പകർന്ന് വെള്ളം ശരിയായ അളവിൽ മിക്സ് ചെയ്ത് ഒന്ന് ഡോക്ടർക്കു നേരെ നീട്ടി. അവരുടെ ഗൗരവപരമായ പല ചർച്ചകളും ആരംഭിക്കുന്നത് ഇതു പോലെ ഒരു മദ്യ ഗ്ലാസിൽ നിന്നാണ്.
"സോ ഹാരിസ് '’ ഡോക്ടർ ഒരു സിപ് മദ്യം കുടിച്ചു സംസാരിക്കാൻ തുടങ്ങി
" ഇത്രയും നിസാരമായ ഒരു മോഷണക്കേസിൽ എന്റെ സുഹൃത്ത് ഹാരിസ് , എന്റെ സഹായം ആഗ്രഹിക്കുന്നു”
ഹാരിസ് ചിരിച്ചു. അദ്ദേഹം പറയുന്ന ഓരോ വാക്കും താൻ ഖണ്ഡിക്കുവാൻ വേണ്ടി മനപ്പൂർവ്വമായി ഉള്ളതാണെന്ന് അയാൾക്ക്‌ അറിയാം.
“ തിരക്കുള്ള മനോരോഗ വിദഗ്ദനായ എന്റെ സുഹൃത്തിനെ ഒരു നിസാര കാര്യത്തിന്റെ പേരിൽ ഞാൻ ബുദ്ധിമുട്ടിക്കില്ലെന്ന് അദ്ദേഹത്തിന് നന്നായറിയാം”
ഡോക്ടർ അത് ആസ്വദിച്ചു കൊണ്ട് ടച്ചിംഗ്സിന് വച്ചിരുന്ന കാഷ്യു നട്ട് എടുത്തു കൊറിച്ചു.പതിയെ അവരുടെ സംസാരം കേസിന്റെ വിശദാംശങ്ങളിലേയ്ക്ക് കടന്നു. നഗരഹൃദയത്തിലെ ഒരു വീട്ടിൽ രണ്ട് ദിവസം മുമ്പ് ഒരു മോഷണം നടന്നു. ഈ മാസം സിറ്റിയിൽ നടക്കുന്ന നാലാമത്തെ മോഷണമാണിത്. ഒരേ പാറ്റേണിൽ.,ഒരാൾ തന്നെ ചെയ്തതെന്നു തോന്നുന്ന നാല് മോഷണങ്ങൾ. കുറേ നാളുകൾക്ക് ശേഷമാണ് നഗരത്തിൽ ഇങ്ങനെ ഒരു മോഷണപരമ്പര അരങ്ങേറുന്നത്. പോലീസിന് ഇതൊരു തലവേദനയായിത്തുടങ്ങിയിരിക്കുന്നു.ഹാരിസ് കേസിന്റെ വിശദ വിവരങ്ങൾ ഡോക്ടറുമായി സംസാരിക്കാൻ തുടങ്ങി. വളരെ ശ്രദ്ധയോട് കൂടി അത് കേട്ടശേഷം ഡോക്ടർ തന്റെ അഭിപ്രായങ്ങളും സംശയങ്ങളും ഹാരിസുമായി പങ്കുവച്ചു. മുമ്പ് പല കേസുകളിലും ഇത്തരം ചർച്ചകൾ ഫലപ്രദമായിരുന്നു. വെളിച്ചം വീഴാതെ കിടന്നിരുന്ന പല വസ്തുതകളും പൊടുന്നനെ ശ്രദ്ധയിൽ പെടും. അത് പല കേസിന്റെയും ഗതി നിർണ്ണയിക്കുന്ന സുപ്രധാന വഴിത്തിരിവായി മാറുകയും ചെയ്യും. അന്നും പതിവു പോലെ അവരുടെ ചർച്ച നേരം പുലരുന്നത് വരെ നീണ്ടു പോയി.
പിറ്റേ ദിവസം രാവിലെ വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ അന്നത്തെ ദിവസം അപ്പോയ്മെൻറ് കൊടുത്ത പേഷ്യന്റ്സിനെ അല്ലാതെ മറ്റാരെയും കാണാൻ കഴിയില്ലെന്ന് ഡോക്ടർ വിൽസൺ വിചാരിച്ചു. തലേന്നത്തെ സൗഹൃദ സന്ദർശനം തന്നെ അത്രയധികം ക്ഷീണിതനാക്കിയിരിക്കുന്നു. പക്ഷേ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് ഒരു സ്ത്രീ രാവിലെ മുതൽ അദ്ദേഹത്തെ കാണാൻ വീടിനോട് ചേർന്നുള്ള ക്ലിനിക്കിൽ കാത്തിരിക്കുന്നുണ്ടെന്ന് ജോലിക്കാരൻ പറഞ്ഞത്. ഒരു ഡോക്ടർ ഏതു നിമിഷവും സേവന സന്നദ്ധനായിരിക്കണം എന്നോർത്തു കൊണ്ട് തന്റെ ക്ഷീണം അപ്പാടെ മറന്ന് പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിച്ചു. പിന്നെ തിടുക്കത്തിൽ ക്ലിനിക്കിലേയ്ക്ക് നടന്നു.
നന്നായി വസ്ത്രധാരണം ചെയ്ത നാൽപ്പതു വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു മിസ്സിസ് മേനോൻ. അവർ തനിച്ചാണ് വന്നതെന്നത് അദ്ദേഹം ശ്രദ്ധിച്ചു. അവരുടെ മുഖത്ത് കുറച്ച് നാളായി അനുഭവിക്കുന്ന മാനസിക വിഷമം പ്രകടമായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി അവർ തുടർച്ചയായി ഒരു വിചിത്ര സ്വപ്നം കാണുന്നു. ഒരു മത്സ്യത്തെപ്പോലെ തോന്നിക്കുന്ന ഒരു ഭീമാകാരനായ ജീവി നഗരത്തിൽ എത്തിപ്പെടുന്നതും അക്രമാസക്തനായി ആളുകളെ ഉപദ്രവിക്കുന്നതുമായിരുന്നു അതിന്റെ സാരം.
"മിസ്സിസ് നായർ ,താങ്കൾ അവസാനം കണ്ട ഇംഗ്ലീഷ് ഫിലിം , അല്ലെങ്കിൽ വായിച്ച ഇംഗ്ലീഷ് നോവൽ ഏതാണ്?” ഡോക്ടർ വളരെ കാഷ്വലായി ചോദിച്ചു.
ആ സ്ത്രീയുടെ മുഖം ചുവന്നു. തന്റെ പ്രശ്നത്തെ വളരെ നിസാരവൽക്കരിച്ച് സംസാരിച്ചത് അവർക്കു ഇഷ്ടമായില്ല എന്നു വ്യക്തം.
" ഡോക്ടർ….ഞാൻ ഇംഗ്ലീഷ് ഫിലിംസ് ഒന്നും കാണാറില്ല. ഇത് നിസ്സാരമായി മറ്റുള്ളവർക്ക് തോന്നുമെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്നെ വല്ലാതെ അലട്ടുന്ന ഒരു പ്രശ്നം എന്ന രീതിയിലാണ് ഞാൻ താങ്കളെ കാണാൻ വന്നത് “‘
"സോറി മിസിസ് മേനോൻ…. താങ്കളുടെ പ്രശ്നത്തെ ചെറുതായി കണ്ടതല്ല. പ്രക്ഷുബ്ധമായ താങ്കളുടെ മനസിനെ ഒന്നു ശാന്തമാക്കുവാൻ വേണ്ടി മാത്രം പറഞ്ഞതാണ്. ദയവു ചെയ്ത് തുടരുക “ഡോക്ടർ പെട്ടെന്ന് ഗൗരവം പൂണ്ടു.
അവരുടെ മുഖം ശാന്തമായി. റിലാക്സ് ആയി വിവരണം തുടർന്നു. ഡോക്ടർ വളരെ ശ്രദ്ധ ഭാവിച്ച് ഇരുന്നു. നിസാരമായ കാര്യങ്ങൾ പോലും വലുതാണ് എന്ന് കാണിക്കാനാണ് ആളുകൾ പലപ്പോഴും ഇഷ്ടപ്പെടാറുള്ളത്.തങ്ങൾ ശ്രദ്ധിക്കപ്പെടുന്നു എന്ന തോന്നൽ തന്നെ അത്തരക്കാരെ സംബന്ധിച്ച് വളരെ വലുതാണ്. ഈ സ്ത്രീയുടെ കാര്യവും വ്യത്യസ്തമല്ല. കുഞ്ഞുങ്ങളില്ലാത്ത ഒരു മിഡിൽ ക്ലാസ് ഫാമിലിയിലെ വീട്ടമ്മയ്ക്കുണ്ടാവുന്ന ഏകാന്തതയാണ് അവരുടെ പ്രശ്നം. കർഷകനായ ഭർത്താവ് കൂടുതൽ സമയം തോട്ടത്തിൽ ചിലവഴിക്കുന്നു. ഏകാന്തതയിൽ മനസ് അവർ പോലും അറിയാതെ എന്തൊക്കെയോ കഥകളോ ഉപകഥകളോ മെനഞ്ഞെടുത്തു കൊണ്ടിരിക്കുന്നു. ഒരു പക്ഷേ വിഷാദ രോഗത്തിന്റെ തുടക്കമാവാനും മതി. തൽക്കാലം ഒരാഴ്ചത്തേയ്ക്കുള്ള വൈറ്റമിൻ ഗുളികകളും സ്ലീപിംഗ് പിൽസും കുറിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു.
"ഇനി ഈ സ്വപ്നം കാണുകയാണെങ്കിൽ അടുത്ത ദിവസം വരുക. കഴിയുമെങ്കിൽ ഹസ്ബന്റിനെയും കൂടെ കൂട്ടുക "
അടുത്ത ഒരാഴ്ച പറയത്തക്ക സംഭവങ്ങളൊന്നുമില്ലാതെ കടന്നു പോയി. ഹാരിസിന്റെ ഫോൺ കോൺകോൾ അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. മോഷണ പരമ്പരയിലെ പ്രതികളെ ഉടൻ പിടികൂടുമെന്ന സൂചന ലഭിച്ചിരുന്നു. അന്നത്തെ പത്രത്തിൽ ഡോക്ടർ തിരഞ്ഞതും ആ വാർത്തയായിരുന്നു. പക്ഷേ അദ്ദേഹത്തെപ്പോലും അമ്പരപ്പിച്ച് കൊണ്ട് പത്രത്തിന്റെ ആദ്യ പേജിൽ ഉണ്ടായിരുന്ന വാർത്ത ഇതായിരുന്നു. നഗരത്തിൽ ഭീമാകാരനായ മത്സ്യത്തിന്റെ ആക്രമണം! തുടർന്ന് മിസിസ് മേനോന്റെ സ്വപ്നവുമായി സാദൃശ്യമുള്ള ഏതാനും സംഭവങ്ങളുടെ വിവരണം ഉണ്ടായിരുന്നു.
ഡോക്ടർ വിൽസൺ ആദ്യം ചെയ്തത് മിസിസ് മേനോന്റെ ഫയൽ തപ്പിയെടുക്കുകയായിരുന്നു. അതിൽ നിന്ന് ഫോൺ നമ്പർ കണ്ടു പിടിച്ച് അവരെ വിളിച്ചു. രണ്ട് തവണ ബെല്ലടിച്ചു. മൂന്നാമത്തെ ബെല്ലിലാണ് ഫോൺ എടുത്തത് .
"കാൻ ഐ സ്പീക് ടു മിസിസ് മേനോൻ “
"മേ ഐ നോ ഹു ഈസ് സപീക്കിംഗ്" അപ്പുറത്ത് നിന്ന് നല്ല പരിചയമുള്ള ഒരു പുരുഷ ശബ്ദം.
“ ആം ഹേർ ഡോക്ടർ….. ഡോക്ടർ വിൽസൺ തോമസ് "
" ഡോക്ടർ…” അപ്പുറത്തു നിന്ന് അത്ഭുതത്തോടെയുള്ള ശബ്ദത്തിന്റെ ഉടമയെ ഡോക്ടർ തിരിച്ചറിഞ്ഞു. ഇൻസ്പെക്ടർ ഹാരിസ്..
"താങ്കൾ എന്താണ് അവിടെ ചെയ്യുന്നത് “ ഡോക്ടർ അമ്പരപ്പോടെ ചോദിച്ചു.
"പറയാം” ഹാരീസിന്റെ ശബ്ദത്തിൽ ഗൗരവം കലർന്നു. "താങ്കൾ തിരക്കിലല്ലെങ്കിൽ ഞാൻ ഇനി പറയുന്ന അഡ്രസിലേയ്ക്ക് കഴിയുന്നത്ര വേഗം എത്തിച്ചേരാൻ കഴിയുമോ “
"തീർച്ചയായും “
ഡോക്ടർ വേഗം റെഡിയായി ഹാരിസ് പറഞ്ഞ സ്ഥലത്തെത്തി. നഗരത്തിൽ നിന്നും ഒരു പാട് മാറി ആളൊഴിഞ്ഞ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റ് ബംഗ്ലാവായിരുന്നു അത്. കണ്ണെത്താത്ത ദൂരത്തോളം ഏലക്കാടുകൾ പരന്ന് കിടക്കുന്നു. അതൊന്നും ശ്രദ്ധിക്കാൻ നിൽക്കാതെ ഡോക്ടർ വേഗം ബംഗ്ലാവിനു നേരെ നടന്നു. മുറ്റത്ത് ഹാരിസ് ഒരു മനുഷ്യനോട് സംസാരിച്ചു കൊണ്ട് നിൽക്കുന്നു. അയാളുടെ മുഖത്ത് ദു:ഖം ഘനീഭവിച്ചു കിടക്കുന്നുണ്ട്. ഡോക്ടറെ കണ്ടപ്പോൾ ഹാരിസ് സംസാരം നിർത്തി.
"വരു ഡോക്ടർ വിൽസൺ…. " ഹാരിസ് ഉപചാരപൂർവ്വം വിളിച്ചു. എന്നിട്ട് അടുത്ത് നിന്ന അപരിചിതനെ പരിചയപ്പെടുത്തി.
“മീറ്റ് മിസ്റ്റർ ശിവദാസമേനോൻ. ഈ എസ്റ്റേറ്റിന്റെ ഉടമസ്ഥനാണ്.“
ആ സ്ത്രീയുടെ ഭർത്താവ്. ആറടിയിലധികം ഉയരം. ദൃഢഗാത്രം. പക്ഷേ അടിമുടി തകർന്ന മട്ടിലാണ് നിൽക്കുന്നത്.
“താങ്കൾക്ക് എങ്ങനെയാണ് മിസ്സിസ് മേനോനെ പരിചയം “ ഹാരിസ് പെട്ടെന്ന് ചോദിച്ചു.
ഡോക്ടർ രണ്ടു പേരുടേയും മുഖത്തേക്ക് മാറി മാറി നോക്കി. പിന്നെ പറഞ്ഞു.
" പറയാം... അതിനു മുമ്പ് എനിക്ക് മിസിസ്സ് മേനോനെ ഒന്നു കാണണം”
ഹാരിസ് ഒരു നിമിഷം മൗനം പാലിച്ചു. പിന്നെ പറഞ്ഞു.
"വിൽസൺ…. ഇന്നലെ രാത്രി അവർ മരിച്ചിരിക്കുന്നു. “ ഹാരിസിന്റെ ശബ്ദം.
ഡോക്ടർ ഒരു ഞെട്ടി.പിന്നെ എന്തോ ആലോചിച്ചു കൊണ്ടെന്നോണം ചോദിച്ചു.
"ആത്മഹത്യ ആണോ?”
"അല്ല.. ഹൃദയാഘാതം മൂലമുള്ള മരണം ആണെന്നാണ് പ്രാഥമിക നിഗമനം”
" ഹാരിസ്.. ഈ മരണത്തിൽ അസ്വാഭാവികമായി ഒന്നും ഇല്ലാത്തതിനാൽ താങ്കളെ ഇവിടെ കണ്ടതിൽ ഞാൻ അത്ഭുതപ്പെടുന്നു. എന്തുകൊണ്ടോ അതൊരു കോ ഇൻസിഡൻസായി തോന്നുന്നില്ല” ഡോക്ടർ പറഞ്ഞു.
" യു ആർ റൈറ്റ് വിൽസൺ. ഞാൻ ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇവിടെ എത്തിയത്. ഇവിടെ വന്നതിനു ശേഷമാണ് ആ സ്ത്രീയുടെ മരണവിവരം അറിഞ്ഞതു പോലും. അതേക്കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം. ഇപ്പോൾ അതിനു പറ്റിയ അന്തരീക്ഷമല്ലെന്ന് തോന്നുന്നു “
"തീർച്ചയായും .ഇതുമായി ബന്ധപ്പെട്ട് വിചിത്രമായ ചില കാര്യങ്ങളെ കുറിച്ച് എനിക്കും താങ്കളോട് സംസാരിക്കാനുണ്ട് “ ഡോക്ടർ പറഞ്ഞു
……………………………………….
തന്റെ ചാരുകസേരയിലിരുന്ന് ജനലിലൂടെ പുറത്ത് മഴ പെയ്യുന്നത് നോക്കിക്കൊണ്ടിരുന്നപ്പോൾ ഹാരിസിനു തോന്നി രാത്രി മഴയ്ക്ക് വല്ലാത്ത ഒരു വശ്യതയുണ്ടെന്ന്. കവികൾ അവളെ ഇത്രയധികം പ്രണയിക്കുന്നത് വെറുതെയല്ല.ഡോക്ടർ വിൽസൺ പക്ഷേ ഇതിലൊന്നും താൽപര്യമില്ലാത്ത മട്ടിൽ ടി. വി.യിൽ ന്യൂസ് കാണുന്നു. വിചിത്രമായ മത്സ്യത്തെ കുറിച്ചുള്ള വാർത്തകളാണ് മുഴുവൻ. പൂർണ്ണമായും മത്സ്യത്തിന്റെ ആകാരമല്ല. എവിടെയൊക്കെയോ മനുഷ്യനുമായി സാദൃശ്യമുണ്ട്. മാധ്യമങ്ങൾ ആ ജീവിയ്ക്ക് ഒരു പേരിട്ടിരിക്കുന്നു. മത്സ്യ മനുഷ്യൻ…! കടലിൽ അജ്ഞാതമായ എന്തോ കാരണത്താൽ അനുഭവപ്പെടുന്ന ന്യൂനമർദ്ധത്തെ തുടർന്ന് കരയിലേയ്ക്ക് കയറി വന്നതാവണം ആ ജീവി എന്നാണ് ശാസ്ത്രജ്ഞരുടെ താൽക്കാലികമായ വിശദീകരണം. പക്ഷേ കടലിൽ നിന്ന് ഇത്രയും ദൂരെ നഗരത്തിൽ ആരുടെയും കണ്ണിൽപ്പെടാതെ എങ്ങനെ എത്തിച്ചേർന്നുവെന്നോ കരയിൽ അതിന് എങ്ങനെ ജീവിക്കാൻ സാധിക്കുന്നു എന്നതിനെ കുറിച്ചോ ഒന്നും വിശദീകരണമില്ല.
" ഹാരിസ്.. ഈ കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പോലീസ് ഓഫീസർ എന്ന നിലയിൽ മത്സ്യ മനുഷ്യനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു “ ഡോക്ടർ ചോദിച്ചു.
വാർത്തയിൽ ശ്രദ്ധിക്കാതെ ഒരു ചെറിയ ഡയറി കയ്യിൽ പിടിച്ച് പുറത്തേക്ക് നോക്കിക്കൊണ്ടിരുന്ന ഹാരിസ് മുഖമുയർത്തി. പിന്നെ തീരെ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
"ഇതു മുഴുവൻ വെറും കെട്ടുകഥകളാണ്. മാധ്യമങ്ങൾക്ക് കുറച്ചു നാളത്തേയ്ക്ക് ആഘോഷിക്കാൻ ഒരു വിഷയം “
"എന്ത്….. മത്സ്യ മനുഷ്യൻ എന്ന ഒന്ന് ഇല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ.. പിന്നെ ഈ കാണുന്നത് എന്താണ് “ ഡോക്ടർ ടി വി യിൽ കാണുന്ന ആ ജീവിയുടെ ഫോട്ടോ ചൂണ്ടി കാട്ടി ചോദിച്ചു.
"അങ്ങനെ ഒരു ജീവിയുണ്ട്. സമ്മതിക്കുന്നു. പക്ഷേ ഇവർ പറയുന്നത് പോലെ കടലിൽ നിന്ന് ഇറങ്ങി വന്ന ഒന്നല്ല “
"പിന്നെ?" ഡോക്ടർ അത്ഭുതത്തോടെ ചോദിച്ചു.
" അതിനുള്ള ഉത്തരം ഒരു പക്ഷേ ഈ ഡയറിയിൽ ഉണ്ടാവും” ഹാരിസ് കയ്യിലിരുന്ന ഡയറി ഡോക്ടറുടെ നേരെ നീട്ടി.
ഡോക്ടർ അത്ഭുതത്തോടെ അത് തുറന്ന് വായിച്ചു. ഹിന്ദി അക്ഷരങ്ങൾ പോലെ തോന്നുമെങ്കിലും മറ്റെന്തോ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. ഒരു പക്ഷേ ഒരു പ്രാദേശിക ഭാഷ ആണെന്നു തോന്നുന്നു.ഇടയിൽ എന്തൊക്കെയോ ഫോർമുലകളും കണക്കുകളും ഒക്കെ കുത്തിക്കുറിച്ചിരിക്കുന്നു.
" ഹാരിസ്…. മറ്റുള്ളവർക്ക് മനസ്സിലാവുന്ന തരത്തിൽ സംസാരിക്കുവാൻ നിങ്ങൾ ഇനിയും പഠിച്ചിട്ടില്ല” ഡയറി തിരിച്ചു കൊടുത്തു കൊണ്ട് അൽപ്പം മുഷിച്ചിലോടെ അയാൾ പറഞ്ഞു.
“ ഡോക്ടർ ഇതു കണ്ടപ്പോൾ എനിക്കും ആദ്യം ഒന്നും മനസ്സിലായില്ല. പക്ഷേ എന്തെങ്കിലും മനസ്സിൽ കയറിയാൽ അതിന്റെ പുറകെ എത്ര വേണമെങ്കിലും സഞ്ചരിക്കാൻ ഞാൻ ഒരുക്കമാണെന്ന് താങ്കൾക്ക് അറിയാമല്ലോ.തുടക്കത്തിൽ അതൊരു വെറും കൗതുകം മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ അത് ഗൗരവകരമായ സംഗതിയായി തീർന്നിരിക്കുന്നു.
ഈ ഡയറി ഒരു ശാസ്ത്രജ്ഞന്റെയാവാനാണ് സാധ്യത. ജനിതക ശാസ്ത്ര പരീക്ഷണത്തിന്റെ വിവരങ്ങളാണ് ഇതിൽ ഉള്ളത്. പക്ഷേ ഇതിന്റെ അവസാനത്തെ പേജിൽ എഴുതിയിരിക്കുന്ന ഈ വാചകമാണ് എന്നെ ആകർഷിച്ചത്.”
അയാൾ ആ പേജ് തുറന്നു.അതിൽ ഒരേ ഒരു വാചകം മാത്രം.
" ഈ വാചകത്തിന്റെ അർത്ഥം കേൾക്കുമ്പോൾ നമ്മുടെ കേസിൽ ഈ ഡയറി എത്രയധികം പ്രധാനപ്പെട്ടതാണെന്ന് താങ്കൾക്ക് മനസ്സിലാവും ഡോക്ടർ വിൽസൺ.അത് ഇപ്രകാരമാണ്
‘ മത്സ്യത്തിന് ഒരിക്കലും സമുദ്രത്തിൽ ജീവിക്കാൻ കഴിയില്ല... കാരണം അവൻ ഒരു മനുഷ്യനാണ് ‘ “
രാത്രിമഴ പെയ്തു തോർന്നിരുന്നു. ചിലപ്പോഴെങ്കിലും നിശബ്ദതയേക്കാൾ അധികം ഗാംഭീര്യം തുളഞ്ഞു കയറുന്ന ചില ചെറിയ ശബ്ദങ്ങൾക്ക് സൃഷ്ടിക്കുവാൻ കഴിയും എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് കാറ്റടിച്ച് ഒരു മഴത്തുള്ളി ഇലത്തുമ്പിലേയ്ക്കു വീണു.
…………………………….
തുടരും

Reshmi Anuraj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo