Slider

വൃദ്ധസദനം

0

വൃദ്ധസദനം
രാവിലെ എണീറ്റതു തന്നെ പേരമക്കളുടെ ബഹളം കേട്ടാണ്. സമയം ആറുമണി. പതുക്കെ എണീറ്റ് അടുക്കളയിലേക്ക്. നടക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ട്. കാൽമുട്ടിനു തേയ്മാനമാണെന്ന് മൂന്നു മാസം മുമ്പ് ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞിരുന്നു. രണ്ടാഴ്ച മരുന്നു കഴിച്ച ശേഷം ചെന്നു കാണാൻ പറഞ്ഞതാണ്. മക്കളുടെ ജോലി തിരക്കിനിടയിൽ ഇനി ഇതു കൂടി വേണ്ട എന്നുകരുതി മനപൂർവം പറയാതിരുന്നതാണ്.കുട്ടികളുടെ അച്ഛൻ പോയതിൽ പിന്നെ പാതി ജീവൻ പോയ പോലെയാണ്.എന്റെ നാളും എണ്ണിയിരിക്കുന്നു. മോനും മരുമോൾക്കും എന്നെ വല്യ കാര്യമാണ്. ഞാനായിട്ടൊരു ആവശ്യവും പറയാറില്ല. എല്ലാം അവർ അറിഞ്ഞു ചെയ്തുതരും. അടുക്കളയിൽ ചെന്നതും മോൾ ചായ നീട്ടി. അവൾ തോരന് അരിയാൻ തുടങ്ങുന്നു. ഞാനത് വാങ്ങി അരിഞ്ഞുകൊടുത്തു. മോന് ഓഫീസിൽ കൊണ്ടുപോവാനുള്ളതാണ്. ഒമ്പത് മണിയാവുമ്പോഴേക്കും അവൾ എല്ലാം റെഡിയാക്കും എന്നിട്ട് എല്ലാരേയും ഒരുമിച്ചിരുത്തി പ്രാതൽ കഴിപ്പിച്ചേ വിടൂ. അവനും മക്കളും പോയാൽ പിന്നെ ഞാനും അവളും മാത്രമാകും. പണ്ടത്തെ കഥകൾ പറഞ്ഞും പറമ്പിലെ പണികൾ നോക്കിയും പിന്നെ സമയം പോകുന്നതറിയില്ല.
അങ്ങനെയൊരു ദിവസം ഉച്ചയൂണു കഴിഞ്ഞു മയങ്ങുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്. മോളാണെടുത്തത്. ശേഷം അമ്മയ്ക്കുള്ളതാണെന്ന് പറഞ്ഞ് ഫോൺ എനിക്കു നീട്ടി.
'ഹലോ '
'ഹലോ ദേവകി, ഇതു ഞാനാ രാധ'
'രാധ.. ഏത് മേപ്പനാട്ടെ രാധയോ? '
'അതെ'
മറുതലയിലെ സ്വരം തീർത്തും ക്ഷീണിതയായിരുന്നു
'എത്ര കാലായി രാധേ? നീയിപ്പോ എവിടെയാ? എന്തേ എന്നെയിപ്പോ ഓർക്കാൻ? '
'നിനക്കോർമ്മയുണ്ടോ നമ്മൊളൊന്നിച്ച് കളിച്ചു വളർന്ന ആ പഴയ കാലം? '
'അതൊക്കെ മറക്കാൻ പറ്റുമോ? ഒന്നിച്ചു വളർന്നതും, ഒന്നിച്ച് അടുത്തടുത്ത വീടുകളിലേക്ക് വിവാഹിതരായതും നമ്മുടെ സൗഹൃദം കണ്ട് നാടുമുഴുവൻ അസൂയപ്പെട്ടതുമെല്ലാം'
'മരണം വരെയും നാമൊരുമിച്ചായിരിക്കും എന്ന് വാക്ക് പറഞ്ഞതല്ലേ, പിന്നെ എവിടെയാടോ നമുക്ക് തെറ്റ് സംഭവിച്ചത്? '
'അത്.. താനല്ലേ നാട്ടിൻപുറത്തെക്കാൾ സൗകര്യങ്ങളുള്ള നഗരത്തിലേക്ക് പറിച്ചു മാറ്റപ്പെട്ടത്? ഗ്രാമത്തിന്റെ നന്മ വേണ്ട നഗരത്തിന്റെ പുരോഗതി മതിയെന്നു പറഞ്ഞു എല്ലാം ഇട്ടെറിഞ്ഞു പോയത്? '
'മ്മ് എനിക്കവിടെയാണ് തെറ്റുപറ്റിയത്'
കുറച്ചു നേരം നീണ്ട നിശബ്ദത
'രാധ വിളിച്ച കാര്യം പറഞ്ഞില്ല. '
'ഞാൻ അവിടെ നിന്നും പോന്നിട്ട് നാൽപ്പതു വർഷത്തോളമായി. ഒരു മോനുണ്ട്. അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഇരുപത് വർഷമായി. മോന്റെ കല്യാണം കഴിഞ്ഞു രണ്ടു കുട്ടികളും ഉണ്ട്. മോളെയും കെട്ടിച്ചുവിട്ടു. അവളിപ്പോ വിദേശത്താണ് ഇത്രയുംകാലം സൗകര്യത്തോടും സന്തോഷത്തോടുകൂടിയാ ജീവിച്ചു പോന്നിരുന്നത്. പക്ഷേ അച്ഛൻ പോയതിൽ പിന്നെ അവൻ പഴയ പോലെയല്ല. അവനുണ്ടായതിൽ പിന്നെ ഒരു ദിവസം പോലും അവനെ പിരിഞ്ഞിരുന്നിട്ടില്ല. പക്ഷേ അവർ എന്നെ തനിച്ചാക്കി പലയിടത്തും പോയി. ചോദിക്കുന്നതിനൊന്നും കൃത്യമായ മറുപടി ഇല്ല. ഞാൻ എന്തോ ഒരു അധികപറ്റു പോലെ.'
'പ്രായമായില്ലേ അപ്പൊ എല്ലാരും അങ്ങനെയൊക്കെയാ '
'ഹ്മ്മ് ഞാനും അങ്ങനെയൊക്കെ കരുതി, പക്ഷെ അവരെന്നെ ഞെട്ടിച്ചു കളഞ്ഞു...... '
'എന്താടോ എന്ത് പറ്റി ?'
'ഒരു ദിവസം അമ്പലത്തിൽ പോകുവാണെന്നു പറഞ്ഞ് എന്നെ ഒരിടത്തു കൊണ്ടുവിട്ട് അവർ പോയി '
'എവിടെ ?'
'അങ്ങു ദൂരെ ഒരു അനാഥആലയത്തിൽ. വീട്ടിൽ ഒരു കിളവി ഉള്ളത് അവരുടെ നിലക്കും വിലക്കും ചേരില്ലായിരിക്കും. ഇവിടെ എനിക്കു കൂട്ടിനു ഒത്തിരി പേരുണ്ട്. എന്നേക്കാൾ മോശം സാഹചര്യത്തിൽ നിന്നുള്ളവരുമുണ്ട് . ചിലരുടെ അനുഭവം കേൾക്കുമ്പോൾ ഞാനൊക്കെ ഇത്രയും കാലം സ്വർഗത്തിൽ ആയിരുന്നോ എന്നു തോന്നിപോകും '
ദേവകി അമ്മ നിറഞ്ഞ കണ്ണുകളോടെ മരുമോളെ ഒന്നു നോക്കി
'ഇപ്പോ നീ എവിടെയാ ?'
'ഞാൻ ഇവിടെ തന്നെയുണ്ട്, ഇതുവരെ ആരും എന്നെ കാണാനോ അന്വേഷിച്ചോ വന്നിട്ടില്ല. ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോ നിന്നെ ഒന്ന് വിളിക്കണമെന്ന് തോന്നി... '
'എന്റെ നമ്പർ ?... '
'അതും ഓർമയിൽ നിന്നും ചികഞ്ഞെടുത്തതാ. എനിക്കങ്ങനെ നിന്നെയങ്ങു മറക്കാനാവില്ലല്ലോ '
'രാധേ അവിടുത്തെ അഡ്രസ് പറയൂ ഞാൻ വന്നു കാണാം '
'അഡ്രസ്സ് ഒന്നും അറിയില്ല തൃശൂർ ടൗണിൽ ഉള്ളതാണെന്ന് മാത്രം അറിയാം '
'നീ വിഷമിക്കണ്ട ഞാനുണ്ട് കൂടെ '
'മ്മ്മ് നീ വരണം. എനിക്കു നിന്നെയൊന്നു കാണണമെന്നുണ്ട്. ഞാൻ വെക്കുവാ എന്നെ തേടി വരാനും ഒരാൾ ഉണ്ടല്ലോ എന്ന വിശ്വാസത്തിൽ ഞാനൊന്നു മയങ്ങട്ടെ '
'തീർച്ചയായും ഞാൻ വരും '
'ശരി '
'ശെരി '
ഫോൺ കട്ട് ആയതും എനിക്കെന്റെ കണ്ണുകളെ നിയന്ത്രിക്കാൻ ആയില്ല. മോൾ ഓടിവന്നു കാര്യം തിരക്കി. ഞാനെല്ലാം അവളോട്‌ പറഞ്ഞു. മോൻ വരുന്ന വരെയും ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. മുൻപ് ഞാനവനോട് രാധയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അവൻ വന്നു എല്ലാം അവനോടു പറഞ്ഞു. നാളെ തന്നെ പോയി നമുക്ക് ആ അമ്മയെ കാണാൻ പോകാമെന്നു അവന്റെ മറുപടി കേട്ടപ്പോഴാണ് സമാധാനമായത്. എത്രനേരം തിരിഞ്ഞും മറിഞ്ഞും കിടന്നുവെന്നറിയില്ല. ഇടയ്ക്കെപ്പോഴോ ഉറങ്ങിപ്പോയി കണ്ണു തുറന്നപ്പോൾ നേരം വെളുത്തുതുടങ്ങി.
. പത്തുമണിയായപ്പോഴേക്കും എല്ലാവരും റെഡിയായി. കൊച്ചുമക്കളെ സ്കൂളിൽ കൊണ്ടുവിട്ടു ഞങ്ങൾ യാത്ര തിരിച്ചു. കാറിലാണ് യാത്ര. ഉച്ചയായപ്പോഴേക്കും തൃശ്ശൂരെത്തി. കുറെ അന്വേഷിച്ചാണ് അവിടെയെത്തിചേർന്നത്.
പഴയൊരു തറവാടിന്റെ അന്തരീക്ഷമാണ്. മുറ്റത്ത് വലിയൊരു മാവുനിൽപ്പുണ്ട്. വരാന്തയിൽ കുറേ അമ്മമാർ ഇരിപ്പുണ്ട്. ഞങ്ങളെ കണ്ടതും അവിടുത്തെ ചിലർ അടുത്തുവന്ന് ആരാണെന്ന് തിരക്കി. ഞങ്ങൾ രാധയെ കാണാൻ വന്നതാണെന്നറിയിച്ചു. അവർ അവളെ വിളിക്കാൻ റൂമിലേക്ക് പോയി. ഞാൻ ചുറ്റും നോക്കി എത്രയെത്ര പേരാണ് വാർദ്ധക്യത്തിന്റെ അവശതപേറുന്നവർ, മക്കളുടെ ക്രൂരതയിൽ നിന്നും മുക്തിതേടിയെത്തിയവർ, ജീവിതത്തിന്റെ പാതിയിലെവിടെയോ ഒറ്റപ്പെട്ടുപോയവർ, തന്നെയെന്തിനു ഇവിടെ കൊണ്ടുവിട്ടു എന്നതിനുത്തരം തേടുന്നവർ, വിദൂരതയിൽ നോക്കി ആരുടെയൊക്കെയോ വരവുംകാത്ത് കാലം കഴിക്കുന്നവർ. ഇപ്പോഴും തങ്ങളുടെ മക്കളെയോർത്ത് വേവലാതിപെടുന്നവർ.. വാർദ്ധക്യത്തിൽ തണലാകുമെന്നു കരുതി പാലൂട്ടി വളർത്തിയ മക്കൾ ഉപേക്ഷിച്ചവരാണ് ഏറെയും. അവർക്ക് സുഖസൗകര്യങ്ങളും സമ്പത്തും മാത്രം മതിയായിരുന്നു എന്നു തിരിച്ചറിയാൻ വൈകിപ്പോയവർ...
ഞാനെത്ര ഭാഗ്യവതിയാണ്.
പെട്ടെന്ന് രണ്ടു കരങ്ങൾ എന്നെ ഇറുകെ പുണർന്നു. മോനാണ്.
'അമ്മേ ഒരിക്കലും ഇങ്ങനെയൊരവസ്ഥ അമ്മയ്ക്കുണ്ടാവില്ല. നമുക്കു ചെയ്യാൻസാധിക്കുന്ന സഹായങ്ങളെല്ലാം ഇവർക്കുചെയ്തുകൊടുക്കണം'
മോളും കണ്ണീരൊപ്പി അടുത്തുനിന്നു.
അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞൊഴുകി. ഞങ്ങൾ അവിടമാകെ നടന്നു കണ്ടു.
അപ്പോൾ രണ്ടുനിറകണ്ണുകൾ എന്നെതേടിയെത്തി.
'രാധ'
അവളാകെ മാറിയിരിക്കുന്നു. കണ്ണുകൾ കുഴിഞ്ഞുപോയിരിക്കുന്നു. കവിളുകൾ ഒട്ടി, തോളെല്ലുകൾ പൊങ്ങി തുടങ്ങിയിരിക്കുന്നു. വാർദ്ധക്യത്തിന്റെ അളവുകോൽ അവളുടെ ശരീരത്തിൽ ചിത്രം വരച്ചു തുടങ്ങിയിരിക്കുന്നു.
അവളെന്നെ കെട്ടിപിടിച്ച് ഒരുപാട് കരഞ്ഞു.
'എന്നാലും നീയെന്നെ കാണാൻ വന്നല്ലോ സന്തോഷായി ഒരുപാട് സന്തോഷായി'
ഞങ്ങൾ കുറേ നേരം സംസാരിച്ചിരുന്നു. എല്ലാവരോടും വിശേഷങ്ങൾ പങ്കുവച്ചു.
അവിടുന്ന് ഭക്ഷണം കഴിച്ച ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങളിറങ്ങി. കാറിൽ കയറിയിരുന്നപ്പോൾ അവളെന്റെ തോളിൽ ചാഞ്ഞു.ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇനി ഞങ്ങളുടെ വീട്ടിലൊരംഗമായി ഇവളുമുണ്ട് രാധ. അവൾക്കു നഷ്ട പെട്ട പലതും ഞങ്ങളിലൂടെ തിരിച്ചു കൊടുക്കാനാവുമെന്ന പ്രതീഷയോടെ ഞങ്ങളിവളെ കൂടെ കൂട്ടുന്നു...
അഞ്ജു രാഘവൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo