Slider

ദൈവപുത്രന്‍

0
ദൈവപുത്രന്‍
***************
അത്താഴവുമായി വന്ന കത്രീന കതക് തട്ടിവിളിച്ചപ്പോഴാണ് അയാള്‍ വായിച്ചുകൊണ്ടിരുന്ന ബൈബിളില്‍ നിന്നും മുഖമുയര്‍ത്തിയത്. വെളുത്ത മുത്തുകള്‍ കോര്‍ത്ത കൊന്ത, വായിച്ച് നിര്‍ത്തിയ പേജുകള്‍ക്കിടയില്‍വച്ച്, ബൈബിള്‍ അടച്ച് , പുരാതനമായ മരക്കസേരയില്‍ നിന്നും അയാള്‍ എഴുന്നേറ്റു.
ഭക്ഷണം കൊണ്ടുവന്ന പാത്രങ്ങളും, വെള്ളം നിറച്ച ചില്ലുജെഗ്ഗും കത്രീന ശ്രദ്ധയോടെ മേശപ്പുറത്തുവെച്ചു. യാതൊരു ഭാവ വ്യത്യാസവും കൂടാതെ മുറിക്കുള്ളിലെ അരണ്ട വെളിച്ചത്തില്‍ അവളൊന്ന് കണ്ണോടിച്ചു. തിരിച്ചു പോകുമ്പോഴും തുറന്നുവന്ന വാതില്‍ ശബ്ദമുണ്ടാക്കാതെ അടച്ചുവെയ്ക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഈ പ്രവൃത്തിയോടെ പുലര്‍ച്ചെ അഞ്ച് മണിമുതല്‍ തുടങ്ങുന്ന കത്രീനയുടെ ജോലികള്‍ അവസാനിക്കുകയാണ്.
അത്താഴം അയാള്‍ക്ക് നിര്‍ബന്ധമില്ലാത്തതാണ്. കത്രീന മുന്‍കൂട്ടി ചോദിച്ചതിനുശേഷമാണ് അത്താഴം പാകം ചെയ്യാറ്. മത്സ്യവും മാംസവും അയാള്‍ കഴിക്കാറില്ല. രാത്രി ഗോതമ്പ് കഞ്ഞി മാത്രമേ കുടിക്കൂ. അങ്ങനെ സാധാരണമെന്നും വിചിത്രമെന്നും നമുക്ക് തോന്നാവുന്ന ഒരുപാട് ശീലങ്ങളുടെ ആകെ തുകയാണ് അയാള്‍. അയാളെ നമുക്ക് മൈക്കിളച്ചന്‍ എന്നുവിളിക്കാം. കത്രീനയും, ഫാദര്‍ വര്‍ഗ്ഗീസും പിന്നെ ഈ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും അയാളെ അങ്ങനെയാണ് വിളിക്കുന്നത്. സത്യത്തില്‍ അയാളുടെ യഥാര്‍ത്ഥ പേര് അതുതന്നെയാണോ..? എന്നും സംശയമുണ്ട്.
ഫാദര്‍ വര്‍ഗ്ഗീസ് ആ പള്ളിയില്‍ വികാരിയായി വരുന്നതിന് എത്രയോമുമ്പ്തന്നെ അയാള് ഇവിടെയുണ്ട്. അയാള്‍ ഈ നാട്ടുകാരനല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കുന്നിന്‍ ചെരുവില്‍ വന്നുപ്പെട്ടതാണ്. കറുത്ത പുറംചട്ടയുള്ള ബൈബിളും, വെളുത്ത മുത്തുകള്‍ കോര്‍ത്ത കൊന്തയും ഒരു തുകല്‍ സഞ്ചിയും മാത്രമാണ് അന്നും ഇന്നും അയാളുടെ കൈയ്യിലെ ഏക സമ്പാദ്യം. ആ കൊന്തയും ബൈബിളും തന്നെയായിരിക്കാം അയാളുടെ ഇന്നത്തെ പേരിന് കാരണം. അടയാളങ്ങള്‍ നോക്കി പേരുകള്‍ നല്‍കാന്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മനുഷ്യന് കഴിയുമായിരുന്നു.
മൈക്കിളച്ചന് എഴുപതിനടുത്ത് പ്രായം വരും. പൊക്കം നന്നേ കുറവാണ്. മെലിഞ്ഞ ശരീരം. സായിപ്പന്മാരെപ്പോലെ വെളുത്ത് വിളറിയ നിറം. കവിളിലും കഴുത്തിലും പച്ചനിറത്തിലുള്ള ചെറു ഞരമ്പുകള്‍ വ്യക്തമായി കാണാം. ചെമ്പിച്ച തലമുടിയുടെ വലിയൊരുഭാഗം നരച്ചുകഴിഞ്ഞിരിക്കുന്നു.
ഒറ്റനോട്ടത്തില്‍ ളോഹയാണെന്ന് തോന്നിപ്പിക്കുന്നതും അല്‍പ്പം വിചിത്രമായതുമായ നീളന്‍ വസ്ത്രങ്ങളാണ് അയാള്‍ പകല്‍ സമയങ്ങളില്‍ ധരിക്കാറ്. കാലഭേദമില്ലാതെ അയാളൊരു ചാരനിറത്തിലുള്ള കമ്പിളിക്കുപ്പായം ധരിക്കുമായിരുന്നു.
ബ്രിട്ടീഷ് കാലത്താണ് ആ പള്ളി പണിതത്. പള്ളിസെമിത്തേരിക്കും അത്രതന്നെ പഴക്കമുണ്ട്. ബ്രിട്ടണില്‍ നിന്നും കൊണ്ടുവന്നുവെന്ന് കരുതപ്പെടുന്ന ഒരാള്‍പ്പൊക്കമുള്ള ക്രിസ്തുദേവന്‍റെ ഛായാചിത്രമാണ് ആ പള്ളിയുടെ മുഖ്യ ആകര്ഷണീയത. പള്ളിയുടെയും സെമിത്തേരിയുടെയും ഇടയിലായി കരിങ്കല്ലില്‍ പണിത ഒറ്റമുറിയിലാണ് വര്‍ഷങ്ങളായി മൈക്കിളച്ചന്‍ താമസിക്കുന്നത്ത്.
കത്രീനയും ഫാദര്‍ വര്‍ഗ്ഗീസും മാത്രമേ ആ മുറിക്കുള്ളില്‍ കയറാറുള്ളൂ. കയറിയാല്‍ തന്നെ അധിക സമയം അതിനുള്ളില്‍ ചിലവിടാറുമില്ല.
പുറത്ത്, മുറ്റത്തിട്ടിരിക്കുന്ന ബെഞ്ചിലിരുന്ന് അയാള്‍ രോഗികളെ നോക്കും. അയാള്‍ക്ക് ഹോമിയോപ്പതി വശമുണ്ട്. മഞ്ഞപ്പിത്തം, വസൂരി പോലുള്ള കൊടും വ്യാധികള്‍ക്കുപോലും അയാളുടെ കൈയില്‍ ഒറ്റമൂലികളുണ്ട്.
അമാനുഷികമായ എന്തൊക്കെയോ കഴിവുകള്‍ അയാള്‍ക്കുണ്ടായിരുന്നു. ആ നാട്ടിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ പോലുള്ള പ്രകൃതിക്ഷോഭങ്ങളെപ്പറ്റി അയാള്‍ നടത്തിയ പ്രവചനങ്ങളെല്ലാം കാലാന്തരങ്ങളില്‍ സത്യമായി ഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ നാട്ടിലെ ജനങ്ങള്‍ അയാളെ ഭയത്തോടെയും ബഹുമാനത്തോടെയുമാണ് സമീപിച്ചിരുന്നത്. കത്രീന മാത്രമേ അയാളോട് കൂടുതലായി സംസാരിക്കാറുള്ളൂ.
കത്രീനയ്ക്ക് നാല്‍പ്പത് കഴിഞ്ഞു. വെളുത്ത് തടിച്ച ശരീരം. അവള്‍ക്ക് നെറ്റിത്തടം തീരെ ഇല്ലായിരുന്നു. തിങ്ങി വളര്‍ന്ന ചുരുളന്‍ മുടി. ഒരു കാലത്ത് ആ നാട്ടിലെ പുരുഷന്മാരുടെ സ്വപ്ന സുന്ദരിയായിരുന്നു അവള്‍. പല എസ്റ്റേറ്റ് മുതലാളിമാരും അവളുടെ സൗന്ദര്യത്തേയും, ആകാര വടിവിനേയും ആരാധിച്ചിരുന്നു.
കല്ലില്‍ കെട്ടിയ മുപ്പത്തിനാല് നീളന്‍ പടവുകള്‍ കയറി വേണം പള്ളിമുറ്റത്തെത്താന്‍. ദിവസവും ഒരുപാട് തവണ കത്രീന ആ പടവുകള്‍ കയറുകയും ഇറങ്ങുകയും ചെയ്തിരുന്നു. അപ്പോള്‍ അവളുടെ തടിച്ച് കൊഴുത്ത പിന്‍ഭാഗവും, വലിയ മാറിടങ്ങളും താളത്തില്‍ ചലിച്ചുകൊണ്ടിരിക്കും.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കത്രീനയുടെ വിവാഹം കഴിഞ്ഞു. ഭര്‍ത്താവ് ഒൗസേപ്പ് ഒരു മദ്യപാനിയായിരുന്നു. ആറുവര്‍ഷത്തെ ദാമ്പത്ത്യത്തിന് ശേഷം കത്രീനയ്ക്ക് അമ്മയാവാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഒൗസേപ്പ് അവളെ ഉപേക്ഷിച്ച് വേറെ കെട്ടി. ഇണയും തുണയുമില്ലാതെ അവള്‍ പലദിവസവും പട്ടിണി കിടന്നു. വിശപ്പ് സഹിക്കാന്‍ കഴിയാതെ അസാന്മാര്‍ഗ്ഗിക ജീവിതത്തിലേക്ക് നീങ്ങിയ അവളെ മൈക്കിളച്ചനാണ് പള്ളി വൃത്തിയാക്കുവാനും കുശിനിപ്പണിക്കുമായി നിയോഗിച്ചത്. ''അമ്മയാവാന്‍ കഴിയാത്തവളാണ് ഭൂമിയിലെ ഏറ്റവും വലിയ പാപിയെന്ന് അവള്‍ കരുതി'' സ്വന്തം ജീവിതത്തേയും വിധിയേയും ശപിച്ചു.
പള്ളിമുറ്റത്തും , സെമിത്തേരിയുടെ മുന്നിലുമായി മൈക്കിളച്ചന്‍ വിശാലമായൊരു ഉദ്യാനം ഉണ്ടാക്കിയിരുന്നു. ഋതുഭേദങ്ങളില്ലാതെ പൂക്കുന്നതും, ദിവസങ്ങളും മാസങ്ങളും വാടാതെ നില്‍ക്കുന്നതുമായ ചെടികളായിരുന്നു അതിലേറെയും. വര്‍ഷങ്ങള്‍ക്ക് മുമ്പ് അയാള്‍ എവിടുന്നോ കൊണ്ടുവന്ന് നട്ട ഒരു
വള്ളിച്ചെടിയും ആ കൂട്ടത്തിലുണ്ട്. പുറമെ നിന്ന് നോക്കിയാല്‍ മേല്‍ക്കൂര കാണാന്‍ കഴിയാത്ത വിധം അതിന്‍റെ വള്ളികള്‍ പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. ശൈത്യകാലത്തിന്‍റെ ആരംഭത്തില്‍ അത് പുഷ്പ്പിക്കും. അതിന്‍റെ പൂക്കള്‍ക്ക് വയലറ്റ് നിറവും ആരെയും
ആകര്‍ഷിക്കുന്ന സൗരഭ്യവുമുണ്ട്.
വള്ളിപ്പടര്‍പ്പിലൂടെ ഇഴജന്തുക്കള്‍ കിടപ്പുമുറിയില്‍ കയറുന്നത് പതിവായിരുന്നു. കത്രീനയ്ക്ക് ഇഴജന്തുക്കളെ ഭയമാണ്‌. ആ ചെടി വെട്ടിമാറ്റാന്‍ അവള്‍ എത്രയോ തവണ ആവശ്യപ്പെട്ടിരിക്കുന്നു. പക്ഷേ അതൊന്നും അയാള്‍ ചെവിക്കൊണ്ടില്ല.
''നട്ടുവളര്ത്താ‍നുള്ള അവകാശമെ ഭൂമിയില്‍ മനുഷ്യനുള്ളൂ... ഒന്നും വെട്ടി നശിപ്പിക്കുവാനുള്ള അധികാരമില്ല.'' എന്നയാള്‍ ഇടയ്ക്ക് ഒാര്‍മ്മപ്പെടുത്തും.
എല്ലാ ദിവസവും ബൈബിളും കൈയിലെടുത്ത് സൂര്യാസ്തമയമാകുമ്പോള്‍ അയാള്‍ കുന്ന് കയറും. ഇരുട്ട് പടര്‍ന്നലാണ് തിരിച്ചിറങ്ങുക. ആ പോക്ക് എങ്ങോട്ടെക്കാ ണെന്നോ...? എന്തിനാണെന്നോ...? ആര്‍ക്കും അറിയില്ല. കത്രീന അതിനെ ഒരു സായാഹ്ന സവാരിയായി മാത്രമേ കണ്ടുള്ളൂ..
ഇടയ്ക്കയാള്‍ ഒരു യാത്ര പോകും. മൂന്നോ, നാലോ ദിവസം കഴിഞ്ഞാവും തിരിച്ചു വരിക. യാത്രയെ കുറിച്ച് കത്രീനയോട് പോലും മുന്‍കൂട്ടിയൊന്നും പറയാറില്ല. ആ ദിവസങ്ങളില്‍ വെള്ളവും വളവും നല്‍കി ചെടികളെ പരിപാലിക്കേണ്ടത്. കത്രീനയുടെ ഉത്തരവാദിത്വമാണ്.
അന്നും അയാള്‍ ഒരുക്കങ്ങളൊന്നുമില്ലാത്തെ ഒരു യാത്രപോയി. സാധാരണഗതിയില്‍ മൂന്നോ , നാലോ ദിവസം കൊണ്ട് തിരിച്ചു വരാറുള്ള അയാള്‍ ആ പ്രാവിശ്യം ആറ് പകലുകളും ഏഴ് രാത്രികളും കഴിഞ്ഞാണ്തി രിച്ചെത്തിയത്.
അന്നയാളുടെ കൂടെ ഒരു വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു ആണ്‍കുഞ്ഞും ഉണ്ടായിരുന്നു. അയാള്‍ അതിനെ ഗബ്രിയേല്‍ എന്നാണ് വിളിച്ചിരുന്നത്. ബൈബിളില്‍ ആ പേരില്‍ ഒരു മാലാഖയുണ്ട്. ദൈവത്തിന്‍റെ സന്ദേശ വാഹകരാണ് ഗബ്രിയേല്‍ മാലാഖ.
''മറ്റെല്ലാ മാലാഖമാരേയും ഒഴിവാക്കി ഉന്നതനായ ഗബ്രിയേലിനെ തന്നെ മറിയത്തിന്‍റെ അടുക്കല്‍ ദൂതനായി അയക്കുകയായിരുന്നു ദൈവം. ''
ആ കുഞ്ഞിനെ കുറിച്ച് പല കഥകളും നാട്ടില്‍ പ്രചരിച്ചു. അവന്‍ മൈക്കിളച്ചന്‍റെ മകനായിരിക്കാനാണ് സാധ്യതയെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. എഴുപതുകഴിഞ്ഞ ഒരു വൃദ്ധന് ഒരുവയസ്സ്മാത്രം പ്രായമായപുത്രനുണ്ടാവുകയെന്നത് അവരെ അത്ഭുതപ്പെടുത്തിയില്ല. കാരണം അയാള്‍ക്ക് അമാനുഷികമായ കഴിവുകളുണ്ടായിരുന്നു. ഇനി അങ്ങനെ വല്ലതും ആയിരിക്കുമോ...? കുഞ്ഞിെന്‍റയും മൈക്കിളച്ചന്‍റെയും തൊലിപ്പുറത്തിന്‍റെ നിറം ഒന്നാണ് എന്നതാണ് അവര്‍ ആ വാദം സമര്‍ത്ഥിക്കുവാന്‍ നിരത്തിയ ഏക തെളിവ്.
ഗബ്രിയേല്‍ മൈക്കിളച്ചന്‍റെ മകന്‍റെയോ മകളുടെയോ കുഞ്ഞായിരിക്കുമെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടു. അയാള്‍ ഇടയ്ക്ക് പോകുന്നത് അവരെ സന്ദശിക്കാനായിരിക്കുമെന്നും അഭിപ്രായമുണ്ടായി. കുഞ്ഞിനെ മൈക്കിളച്ചന്‍ തട്ടികൊണ്ട് വന്നതോ..?, ദത്തെടുത്തതോ....? എന്ന വസ്തുതയും തള്ളിക്കളയാനാവില്ലെന്ന് ചിലര്‍.
കത്രീന ഇത്തരം സംസാരങ്ങള്‍ക്കും സംശയങ്ങള്‍ക്കും ചെവികൊടുത്തില്ല. ''ആഴത്തില്‍ പതിഞ്ഞുപോയ ചില വിശ്വാസങ്ങളുണ്ട് ഹൃദയത്തില്‍ ... കേവലം പൊളിവാക്കുകള്‍കൊണ്ട് അത് തകര്‍ക്കാന്‍ കഴിയില്ല.
സംഭവത്തിന്‍റെ സത്യാവസ്ഥയെകുറിച്ച് ആരും അയാളോട് നേരിട്ട് ചോദിച്ചില്ല. ചോദിക്കാന്‍ ആരും ദൈര്യപ്പെട്ടില്ല എന്നതാണ് സത്യം.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി കുഞ്ഞിനെ അന്വേഷിച്ച് ആരുംതന്നെ ആ പള്ളിമുറ്റത്ത് എത്തിയില്ല. ചുരുങ്ങിയ കാലംകൊണ്ട് കത്രീന ഒരമ്മയായി രൂപാന്തരം പ്രാപിച്ചു. അവളുടെ പെരുമാറ്റത്തിലും, സംസാരത്തിലും, ശരീര ഭാഷയിലും മാതൃത്വം നിറഞ്ഞു. അവള്‍ അഴിച്ചിട്ട വിഴുപ്പുവസ്ത്രങ്ങളില്‍ മുലപ്പാലിന്‍റെ ഗന്ധം തങ്ങിനിന്നു.
സ്ത്രീകള്‍ക്ക് അഭൂതപൂര്‍വ്വമായ ഒരു കഴിവുണ്ട്...!! നിമിഷങ്ങള്‍ക്കുള്ളി ഏത് കുഞ്ഞിന്‍റെയും അമ്മയാവാന്‍
അവള്‍ക്ക് കഴിയും. ഭൂമിയില്‍ അവള്ക്കുമാത്രമേ അതിന്
സാധിക്കൂ....!
വീണ്ടും മൈക്കിളച്ചന്‍ മുന്നൊരുക്കങ്ങള്‍ ഒട്ടുമില്ലാതെ ഒരു യാത്രപോയി. മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും അയാള്‍ തിരിച്ചുവന്നില്ല. മൈക്കിളച്ചനേയും, അയാളുടെ നന്മകളേയും ജനം വളരെപ്പെട്ടന്ന് തന്നെ മറന്നുകഴിഞ്ഞിരുന്നു. കത്രീന മാത്രം ഇപ്പോഴും അയാളുടെ വരവ് പ്രതീക്ഷിക്കുന്നു. അവള്‍ ഉദ്യാനം നനയ്ക്കുകയും പരിപാലിക്കുകയും ചെയ്തു. ചെടികളില്‍ പുതിയ പൂക്കള്‍ വിരിയുകയും പഴയവ കൊഴിയുകയും ചെയ്തുകൊണ്ടിരുന്നു.
ആരായിരുന്നു അയാള്‍....? മഗ്ദലന മറിയത്തെ നേര്‍വഴിയിലേക്ക് നയിച്ചതും, ഗബ്രിയേല്‍ മാലാഖയെ ഭൂമിയിലേക്കയച്ചതും ദൈവമാണ്....!! അങ്ങനെയെങ്കില്‍ അയാള്‍ ചിലപ്പോള്‍ ദൈവപുത്രനായിരിക്കും...
(ദിനേനന്‍)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo