Slider

ഓണപ്പൂവ്

0
[ഓണക്കാലത്ത് എഴുതിയതാണ്]
കഥ
.,,,,,,,,,,,,,,, ,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,
ഓണപ്പൂവ്
,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,
കാലപരിണാമങ്ങളെ തങ്ങളിലേക്ക് ആവാഹിച്ച മനുഷ്യൻ എത്ര പെട്ടന്നാണ് എല്ലാതിന്റെയും അധിപനായി തീർന്നത്. അവനുള്ളതല്ലാം അതിരു കെട്ടി വേർതിരിച്ചു വെച്ചിരിക്കുകയാണ്.
അവന്റെ ഭൂമി അവന്റെ ഭവനം അവന്റെ മതം നിറം ,സൗഹൃദം ,ചിന്ത..! എല്ലാതിനും ചുറ്റുമായി പ്രത്യക്ഷമോ പരോക്ഷമോ ആയ മതിൽകെട്ടുകൾ.
ഓരോ മനുഷ്യനും ഓരോ രാജ്യവും രാജാവുമായി തീർന്നിരിക്കുന്നു.
തന്റെ സാമ്രാജ്യത്തിന്റെ പൂമുഖത്ത് ഗർവ്വിന്റെ സിംഹാസനം വലിച്ചിട്ട് അവനതിൽ ഞെളിഞ്ഞിരിക്കുകയാണ്.
ചുറ്റുമുള്ള കാഴ്ചകൾക്കെല്ലാം അവൻ അന്യം കൽപ്പിച്ചിരിക്കുന്നു,
അത് സന്തോഷമാണങ്കിലും സന്താപമെങ്കിലും.
''രണ്ടാൾ പൊക്കമുള്ള ഈ ചുറ്റുമതിലുകളും ജയിൽ കവാടത്തിനു സമാനമായി അടച്ചു പൂട്ടപ്പെട്ട ഇരുമ്പു ഗേറ്റുകളും താണ്ടി മാവേലി തമ്പുരാൻ ഏതങ്കിലും വീട്ടുമുറ്റത്ത് കാൽ കുത്തിയിരിക്കുമോ?''
വാസുവിന്റെ വീട്ടിൽ നിന്നും തിരുവോണസദ്യ കഴിച്ച് വീട്ടിലേക്കുള്ള മടക്കത്തിനിടെ പലതും ചിന്തിച്ചു.
അവന്റെ വീട്ടിൽനിന്നും തിരുവോണ സദ്യ ഉണ്ണുന്ന പതിവിന് വർഷങ്ങളുടെ പഴക്കമുണ്ട്.
എത്ര കാലമായുള്ള തുടർച്ചയാണതന്ന് കൃത്യമായി തിട്ടപ്പെടുത്താൻ കഴിയുന്നില്ല..
ഒന്നു മാത്രമറിയാം എന്നിലെ ഓണ സ്മരണകൾക്കെന്നും വാസുവിന്റെ രൂപമാണ്, അതിന്
അവന്റെ അമ്മ വിളമ്പുന്ന സദ്യയുടെ രുചിയാണ്.അവന്റെ അച്ച്ഛൻ കാലമിത്രയുമായി കാണിക്കുന്ന സ്നേഹത്തിന്റെ ഗന്ധമാണ്.
വാസുവും - ഞാനും
---
സ്മരണകളിലെ ബാല്യകാലത്ത് ഞങ്ങൾക്ക് മുന്നിൽ അതിരുകളില്ലാത്ത ഒരു ലോകമുണ്ടായിരുന്നു.മതത്തിന്റെയും, ആചാരാനുഷ്ടാനങ്ങളുടെയും ,അസഹിഷണുതയുടെയും വേലി മുള്ളുകൾ ചാടിക്കടക്കുവാനില്ലാത്ത, ആ മുള്ളുകളുടെ പോറലുകൾ ഏൽക്കുവാനില്ലാത്ത, നിർഭയം എവിടേക്കും ചേക്കേറുവാൻ കഴിയുമായിരുന്ന ഒരു ലോകം.അന്ന്
ഞാനും വാസുവും എൽദോയും ആമിനയും പാറുട്ടിയും താണ്ടിയ ചിങ്ങമാസത്തിലെ പാടവരമ്പുകൾക്കും ഇടവഴികൾക്കും കുളക്കടവുകൾക്കും കൈയ്തോടുകളുടെ ഓരങ്ങൾക്കും മുക്കുറ്റിയുടെയും തുമ്പയുടെയും ചെമ്പരത്തിയുടെയും തെച്ചിയുടെയും, കുങ്കുമത്തിന്റെയും കാക്കച്ചി പൂവിന്റെയും കാശി തുമ്പയുടെയും കോളാമ്പിപ്പൂവിന്റെയും മുയൽ ചെവിയന്റെയും പേരറിയാത്ത മറ്റനേകം പൂക്കളുടെയും മനം കുളിരണിയിക്കുന്ന ബഹുവർണ്ണമായിരുന്നു ,സുഗന്ധമായിരുന്നു.
തേക്കില കുമ്പിളിൽ ശേഖരിക്കുന്ന പൂക്കളാൽ ഞങ്ങളുടെ വീട്ടുമുറ്റങ്ങളിലും ,സ്കൂളിലും
തീർത്ത പൂക്കളങ്ങൾക്ക് എന്ത് ചന്തവും കലർപ്പില്ലാത്ത സ്നേഹഗന്ധവുമായിരുന്നു.
വാസു ഞങ്ങൾ കുട്ടിസംഘത്തിന് സ്വപ്നങ്ങളിലേക്കും കാണാകാഴ്ചകളുടെ പുതുമയിലേക്കും പറന്നുയരാനുള്ള ചിറകും പ്രേരണയും വിശ്വാസവും ശക്തിയുമാണ്.
അവന്റെ ശബ്ദം ഗംഭീരമാണ്. ആനപ്പാറയുടെ ശിഖരത്തിൽ കയറിനിന്നുള്ള അവന്റെ പൂവിളികൾ അങ്ങകലെ കരിമലയിൽ തട്ടി അലകളായ് മടങ്ങിയെത്തുമായിരുന്നു.ഞങ്ങൾ സംഘമായി ആർത്തുവിളിച്ചും അവന്റെ ശബ്ദത്തെ തോൽപ്പിക്കുവാനാകുമായിരുന്നില്ല.
അല്ലങ്കിലും ഞങ്ങൾക്കൊരിക്കലും ഒരു കാര്യത്തിലും വാസുവിനെ തോൽപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഞങ്ങൾ എല്ലാ വഴികളിലും അവനെ മുന്നെ നടത്തിയത്.
ഞാനും വാസുവും ഒരു ക്ലാസിൽ ഒരു ബെഞ്ചിൽ തൊട്ടുരുമ്മിയാണ് ഇരുത്തം.ഞാൻ മുസൽമാൻ അവൻ ഹിന്ദു, ഞാൻ വെളുത്തവൻ വാസു കറുത്തവനും.
ഞാൻ സാമാന്യം പഠിത്തക്കാരനും വാസു തീരെ പഠിക്കാത്തവനുമാണ്.
ടീച്ചർമാർക്ക് പലർക്കും അവൻ എന്റെ അരികിൽ ഇരിക്കുന്നതിൽ തൃപ്തിയില്ല.
വാസു ക്ലാസിലെ തമാശക്കാരനും പാട്ടുകാരനും അധ്യാപകർക്ക് സ്ഥിരം ശല്യക്കാരനുമാണ്.വാസുവിന്റെ പല സംശയങ്ങൾക്കും ഉത്തരം നൽകാൻ അധ്യാപകർ പാoപുസ്ഥകങ്ങളും നിഘണ്ടുകളും മനപാഠമാക്കിയ വിജ്ഞാനശകലങ്ങളും തിരഞ്ഞ് മടുത്ത് നിരാശയാൽ തലകുനിച്ച പരാജയത്തിന്റെ ചോദ്യചിഹ്നങ്ങളായി പലവട്ടം ഞങ്ങൾക്ക് മുന്നിൽ നിന്നിട്ടുണ്ട്. ജാള്യത മറക്കാൻ അവന്റെ കൈയ് വെള്ളയിൽ അധ്യാപകർ പലരും പുളി വടി കൊണ്ട് ചുവപ്പ് ചിത്രം വരച്ചു.
എന്നെ ഉദ്ദേശിച്ച് പല അധ്യാപകരും പലവുര അവനോട് പറഞ്ഞു: " ടാ ചെകുത്താനെ.,ആ കൊച്ചിനൊപ്പം കൂടി അതിനെ കൂടെ നശിപ്പിക്കല്ലടാ.
പോയി പുറകിലെ ബഞ്ചിലങ്ങാനും ഇരി.. "
ഞങ്ങൾ രണ്ട് പേർക്കും ആ വാക്കുകൾ ഇഷ്ടമായിരുന്നില്ല. അവനൊരിക്കലും എന്നെ പിരിഞ്ഞ് ബാക്ക്ബെഞ്ചിലേക്ക് പോയില്ല.
ഒരിക്കൽ നിർബന്ധം നമ്പീശൻ സാറ് അവനെ പിൻബഞ്ചിലേക്ക് വലിച്ചിഴക്കവെ പുളിവടി കൊണ്ട് എത്ര തല്ലാണ് അവൻ വാങ്ങിച്ച് കൂട്ടിയത്.
അധ്യാപകരല്ലാം അവനെ എന്നിൽ നിന്ന് എന്തിനായിരിക്കും അടർത്താൻ ശ്രമിച്ചത്.
വാസു എനിക്കെന്നും ആത്മധൈര്യമാണ്. അവനൊരിക്കലും എനിക്കൊരു ബുദ്ധിമുട്ടായിട്ടില്ല. അവൻ കാരണം എനിക്കൊന്നും നഷ്ടമായിട്ടുമില്ല, പിന്നെ എന്തിനാണ് അവർ അവനെ...?
പുസ്തകത്താളുകൾക്കപ്പുറം വാസു എനിക്കെന്നും ഒരു നല്ല പാഠമായിരുന്നു. അവനിൽ നിന്നു പഠിച്ചെടുത്ത പലതും മനസിൽ മായാതെ മറക്കാതെ കിടപ്പുണ്ട്.
ഓർമ്മകളെ ക്ലാസ് മുറിയിലെ ബെഞ്ചിൽ നിന്നും ആഘോഷ നാളുകളിലേക്ക് തിരിച്ചുവിളിക്കുകയാണ്.കാരണം ഈ കുറിപ്പ് ഒരു ഓണ സ്മരണകൂടിയാണ്.
വാസന സോപ്പിന്റെ ഗന്ധം പെരുന്നാളിന് എന്റെ വീട്ടിലും .. ഓണത്തിന് വാസുവിന്റെ വീട്ടിലും വിരുന്നെത്തുന്ന അതിഥിയായിരുന്നു..
നെറുകിൽ ഒരു കുഴി എണ്ണയിട്ട് ഓണത്തിന് വാസുവിന്റെ വീട്ടിൽ നിന്നും പെരുന്നാളിന് എന്റെ വീട്ടിൽ നിന്നും ഞങ്ങൾ കുളിക്കുവാൻ ഇറങ്ങും... പോകും വഴി വാസന സോപ്പിനെ ഞങ്ങൾ പലവട്ടം മാറി മാറി ഉമ്മ വെക്കും... പിന്നെ തെളിനീർ ചോലയിലെ നീരാട്ട്.
ചോലയിലെ വെള്ളത്തിന് എന്തൊരു തെളിച്ചമായിരുന്നു.. അടിത്തട്ടിലെ പഞ്ചസാര മണലും.. ഉരുളൻ കല്ലുകളും.. ഊളിയിടുന്ന കല്ലുകൊത്തി മീനുകളും.. ഒരു അക്വോറിയം പോലെ.. ഓർമ്മയിൽ തെളിയുന്നു.
പുത്തൻ ഓണക്കോടിയണിഞ്ഞ വാസുവിനെ ഞാൻ കണ്ടിട്ടില്ല... അവന്റെ അമ്മ വീട്ടുജോലിക്ക് പോകുന്ന മേനോൻമാരുടെ വീട്ടിൽ നിന്നും ദാനമായി നൽകുന്ന, അവർ ഒഴിവാക്കിയ കുപ്പായങ്ങൾ വെട്ടി പാകമാക്കിയതും.. കീറലുകൾ തുന്നിചേർത്തതുമായ ഏതങ്കിലും ഷർട്ടും ട്രൗസറും അണിഞ്ഞ് എല്ലാ തിരുവോണത്തിനും ഞങ്ങളുടെ മുന്നിലേക്ക് അവന് ഗമയിൽ ഒരു വരവുണ്ട്....
അവന്റെ മുഖത്ത് കണ്ടിരുന്ന ചിരിയുടെ സൗന്ദര്യം മറ്റൊരു പുഞ്ചിരിയിലും.. നാളിതുവരെ ഞാൻ കണ്ടിട്ടില്ല.
ഓണനാളിലും പെരുനാളിനും... ഞങ്ങൾ കുട്ടികൾക്ക്.. വീട്ടുകാർ ഇരുട്ടുവോളം അമിതസ്വാതന്ത്ര്യം അനുവധിക്കും.. എവിടെയും.. പോകാം.. എന്തു കളിയുമാവാം..
എല്ലാവരുടെയും സംരക്ഷണം വീട്ടുകാർ വാസുവിൽ അർപ്പിക്കുകയും ചെയ്യും.
കഴിഞ്ഞ ഓണത്തിന് വാസു ഞങ്ങളെ നീന്തൽ പഠിപ്പിച്ചു.. ഇത്തവണ സൈക്കിൾ ചവിട്ട് പഠിപ്പിക്കുവാനാണ് തീരുമാനം...
രണ്ട് രൂപക്ക് 'അരവണ്ടി സൈക്കിൾ' നാല് മണിക്കൂർ വാടകയ്ക്ക് ലഭിക്കും..
വാസു അങ്ങാടിയിൽ പോയി സൈക്കിളുമായി ഗ്രൗണ്ടിലെത്തി.
എന്നെയും എൽദോയെയും മാറി മാറി സൈക്കിളിൽ കയറ്റി വാസു പരിശീലനം ആരംഭിച്ചു.
എനിക്ക് ബാലൻസ് ശരിയാവുന്നില്ല. രണ്ട് മൂന്ന് തവണ ഞാനും സൈക്കിളും നിലംപൊത്തി ,വാസു പലപ്പോഴും ചീത്ത വിളിച്ചു.
ഇടക്കു കയറി ആമിനയും സൈക്കിളിൽ കയറാൻ വാശി പിടിച്ചു.. രണ്ടു രൂപ സ്വരൂപിക്കാൻ പിരിവ് നടത്തിയതിൽ ഇരുപത്തഞ്ചു പൈസ അവൾ തന്നതാണ്.
"ടി പെണ്ണേ.. ഇത് ആണ്ങ്ങൾക്ക് പറഞ്ഞ പണിയാ.. തുള്ളല്ലെ " വാസു ആമിനയോട് പറഞ്ഞു.
"ജ്ജ് പോടാ..ന്താ... പെണ്ണ്ങ്ങള് സൈക്കിള് ഓടിച്ചാ... മാനം പൊട്ടി വീയോ..?" ആമിന തിരിച്ചടിച്ചു.
അങ്ങനെ ആമിനയും സൈക്കിളിലേറി.
രണ്ട് മണിക്കൂറിന് പത്ത് മിനിറ്റ് ശേഷിക്കെ വാസു സൈക്കിളുമായി അങ്ങാടിയിലേക്ക് പാഞ്ഞു.
ഞങ്ങൾ അവനെ കാത്തിരുന്നു.
എത്തേണ്ട സമയം കഴിഞ്ഞും അവൻ വന്നില്ല.,ഏറെ വൈകിയും വാസു വന്നില്ല.
പിന്നെ ഒരു കൂട്ടക്കരച്ചലിലേക്ക് അവനെ കൊണ്ട് വന്നു. വെള്ളപുതപ്പിച്ച്..
ഞങ്ങളെ വാസുവിനെ കാണാൻ അനുവദിച്ചില്ല., അവന്റെ മുഖം കാണിക്കാൻ പറ്റൂലത്രെ.
വാസു ആ കുങ്കുമചെടിക്കു താഴെ ഉറക്കത്തിലാണ്..
കലികാലത്തിന്റെ പുതിയ കോലങ്ങളൊന്നും അവൻ അറിഞ്ഞില്ല.
അറിഞ്ഞാൽ അവൻ സങ്കടപ്പെടും.
വാസുവിനെ ഞങ്ങൾ എല്ലാ വഴിയിലും മുമ്പെ നടത്തി.മരണത്തിലേക്കും അവൻ മുമ്പെ ഓടിക്കയറി..!
എവിടയാണങ്കിലും എന്തു തിരക്കിലാണങ്കിലും.. തിരുവോണമുണ്ണാൻ ഞാൻ അമ്മയ്ക്കും അച്ഛനുമരികിൽ എത്തും,
അല്ലങ്കിൽ വാസു ദേഷ്യപ്പെടും.
പതിവുപോലെ അമ്മ വിളമ്പിയ ഓണസദ്യയും കഴിച്ച് മടങ്ങവെ.. ഓർത്തു പോയതാണ്.
അല്ലങ്കിലും ഓർക്കാതിരിക്കുന്നതങ്ങിനെ,
എന്നിലെ ഓണത്തിന് വാസുവിന്റെ മുഖമല്ലെ...?
,,,,,,,,,,,,,,,,,,,,,,,,, അബു നുജൈം,,,,,,,,,,,,,,,,,, -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo