Slider

മരീചിക

0
മരീചിക
*********
ഒരു യുദ്ധം കഴിഞ്ഞ പോർക്കളം പോലെയായിരുന്നു അവളുടെ മനസ്സ്.. ഇതുവരെ കണ്ട സ്വപ്നങ്ങൾ കബന്ധങ്ങളായി അങ്ങിങ്ങ് കുന്നു കൂടിക്കിടക്കുന്നു..
ഉറക്കം കണ്ണുകളിൽ നിന്ന് എങ്ങോ ഓടിയൊളിച്ചിരിക്കുന്നു..
'എല്ലാം മറന്ന് ഒന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ'..
അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി..
പെട്ടെന്ന് അവളുടെ ഫോൺ റിംഗ് ചെയ്തു ..
എടുത്ത് നോക്കിയപ്പോൾ അവനാണ്..
'എന്താണാവോ ഇനിയും വേണ്ടത്..'
അവൾ മനസ്സിൽ വിചാരിച്ച് കൊണ്ട് ഫോൺ എടുത്തു..
''ഹലോ''..
''നീ നാളെ ഫ്രീയാണോ?''
''എന്താ ''?
''ചോദിച്ചതിന് ഉത്തരം പറ.. ''
''അതേ ഫ്രീയാണ്.''
''എങ്കിൽ നീ നാളെ എൻ്റെ കൂടെ വരണം.. നിൻ്റെ റേറ്റ് എത്രയാണെന്ന് പറഞ്ഞാൽ മതി.. അതിൽ കൂടുതൽ ഞാൻ തരും..''
അവൻ്റെ വാക്കുകൾ വെള്ളിടിപോലെ അവളുടെ കാതിൽ പതിച്ചപ്പോൾ ഒരു നിമിഷത്തേക്ക് അവളുടെ ശ്വാസം നിലച്ചതു പോലെ തോന്നി..
ജീവനുതുല്യം സ്നേഹിച്ചവനിൽ നിന്നാണ് ഇത്രയും ക്രൂരമായ വാക്കുകൾ വന്നത്..
''എന്താടീ നീയൊന്നും മിണ്ടാത്തത്.. നാട്ടിലെ സകല അലവലാതികളുടെയും കൂടെ നിനക്ക് പോകാം.. എൻ്റെ കൂടെ വരാൻ മാത്രം മടി.. ഇതുവരെ ഒന്നു തൊടുക പോലും ചെയ്യാതെ നിന്നെ കൊണ്ടു നടന്ന ഞാൻ വെറും വിഡ്ഢി.. എൻ്റെ കെെയ്യിലും കാശുണ്ടെടീ.. നീ പറഞ്ഞോ എത വേണമെങ്കിലും തരാം..''
അവൾ ഒന്നും മിണ്ടാതെ ഫോൺ കട്ടു ചെയ്തു.. അവൻ വീണ്ടും വിളിക്കും എന്നറിയാവുന്നതുകൊണ്ട് ഫോൺ സ്വിച്ച് ഓഫാക്കി..
മനസ്സിൻ്റെ വിങ്ങൽ അടക്കാനാവാതെ കണ്ണുനീർ പുറത്തേക്ക് ഒഴുകി കൊണ്ടേയിരുന്നു.. കണ്ണുകൾ തുടച്ചു കൊണ്ട് അവളോർത്തു..
'അവൻ എന്താണ് ഇങ്ങനെ.. ചേർന്നു നിൽക്കുന്തോറും കുത്തി മുറിവേൽപ്പിച്ചു കൊണ്ടിരിക്കും.. ദിവസേനയുള്ള ഫോൺ വിളികൾ വഴക്കിലാണ് ചെന്നവസാനിക്കുക..
ആത്മാർത്ഥമായി സ്നേഹിച്ചതാണ് താൻ ചെയ്ത തെറ്റ് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.. അല്ലെങ്കിൽ ഇങ്ങനെ സങ്കടപ്പെടേണ്ടി വരില്ലായിരുന്നു..
പല കാര്യങ്ങളും അവൻ തനിക്ക് വേണ്ടി ചെയ്തു തന്നിട്ടുണ്ട്.. ആരും തുണയില്ലാത്തപ്പോൾ ഒരു കെെത്താങ്ങായി കൂടെ നിന്നിട്ടുണ്ട്.. അതൊന്നും ഒരിക്കലും മറക്കാനാവില്ല.. പക്ഷേ അതിനേക്കാളൊക്കെ ഒരുപാട് അവൻ തന്നെ വേദനിപ്പിച്ചിട്ടുണ്ട്.. ഇല്ലാത്ത കാര്യങ്ങൾ ഊതിപ്പെരുപ്പിച്ച് കരയിപ്പിച്ചിട്ടുണ്ട്..
പലപ്പോഴും തോന്നിയിട്ടുണ്ട് സംശയമാണ് അവൻ്റെ പ്രശ്നം എന്ന്.. സംശയത്തിന് ഇടകൊടുക്കുന്ന ഒരു കാര്യവും താൻ ചെയ്യാറില്ലല്ലോ .... കവിതയെഴുതാറുണ്ടായിരുന്ന താൻ അവനത് ഇഷ്ടമല്ല എന്നറിഞ്ഞ നിമിഷം എഴുത്ത് നിർത്തി.. എന്നിട്ടും അവൻ എന്നെ മനസ്സിലാക്കുന്നില്ലല്ലോ.. '
അവൾ വർദ്ധിച്ച സങ്കടത്തോടെ നെടുവീർപ്പിട്ടു..
'തൻ്റെ കൂട്ടുകാരി പറഞ്ഞതു പോലെ അവന് എന്തോ മാനസിക പ്രശ്നമാവും.. അതുകൊണ്ടാണ് ഇങ്ങനെ വികലമായി പെരുമാറുന്നത്.. അതിനു ഒരു കൗൺസിലിംഗ് കൊടുത്തു നേരെയാക്കാമെന്ന് വെച്ചാൽ അവൻ അറിഞ്ഞുകൊണ്ട് ഒരിക്കലും സമ്മതിക്കില്ല..
എന്താണൊരു പോംവഴി?'
അവൾ ചുഴിഞ്ഞാലോചിച്ചു നോക്കി.. ഒരു മാർഗ്ഗവും മുൻപിൽ തെളിഞ്ഞു വന്നില്ല..
അല്പസമയത്തിനു ശേഷം എന്തോ തീരുമാനിച്ചതുപോലെ അവൾ ഫോണെടുത്ത് ഓൺ ചെയ്തു..
പ്രതീക്ഷിച്ചപോലെ തന്നെ അടുത്ത നിമിഷം അവൻ്റെ കോൾ വന്നു..
''നിനക്കിപ്പോൾ ആവശ്യം കാശിന് വേണ്ടി ശരീരം കാഴ്ച വെക്കുന്നവളെയാണ് .. തൽക്കാലം ഇപ്പോൾ എനിക്ക് അങ്ങനെയൊരു സാഹചര്യമില്ല. പിന്നീട് എപ്പോഴെങ്കിലും അങ്ങനെ വേണ്ടി വന്നാൽ ആദ്യം നിന്നെ അറിയിക്കാം..
ഇനിയൊരിക്കലും എന്നെ വിളിക്കരുത്.. നമ്മുടെ ബന്ധം ഇവിടെ തീരുന്നു.. വീണ്ടും കണ്ടുമുട്ടാതിരിക്കട്ടെ..''
അവന് എന്തെങ്കിലും പറയാൻ സാവകാശം കിട്ടുന്നതിനു മുൻപേ അവൾ ഫോൺ ഓഫാക്കി..
തീരുമാനം എടുത്തപ്പോൾ അവളുടെ ഹൃദയം ശാന്തമായതുപോലെ തോന്നി.. പതിയെ ഉറക്കം കണ്ണുകളെ തലോടിത്തുടങ്ങി..
പുറത്ത് എന്തൊക്കെയോ ബഹളം കേട്ടാണ് അവൾ ഞെട്ടിയുണർന്നത്.. ക്ളോക്കിലേക്ക് നോക്കിയപ്പോൾ സമയം മൂന്നു മണി..വേഗം എഴുന്നേറ്റ് വാതിൽ തുറന്നു..
ഒരു വണ്ടി വന്ന് നിൽക്കുന്നതും ആരൊക്കെയോ ചേർന്ന് ഒരാളെ ബലമായി അതിൽ പിടിച്ചു കയറ്റുന്നതും അവൾ കണ്ടു..
അവൾക്ക് ഒന്നും മനസ്സിലായില്ല..
കാര്യം എന്താണെന്നു തിരക്കാനായി മുറ്റത്തേക്കിറങ്ങി അവിടെ നിന്നിരുന്ന അച്ഛൻ്റെ മുഖത്തേക്ക് നോക്കിയപ്പോൾ അച്ഛൻ പറഞ്ഞു..
''ഏതോ ഭ്രാന്തനാണെന്ന് തോന്നുന്നു മോളേ.. കുറേ നേരമായി ഇവിടെ വന്നു എന്തൊക്കെയോ പറഞ്ഞ് ബഹളമുണ്ടാക്കുന്നു.. പേടിച്ചിട്ട് ഞാൻ അയൽക്കാരെ വിളിച്ചു വരുത്തി.. അവരൊക്കെ ചേർന്ന് പിടിച്ചു കെട്ടി പോലീസിൽ ഏല്പിക്കാൻ കൊണ്ടുപോയിരിക്കുകയാ.. അവിടുന്ന് ഭ്രാന്താശുപത്രിയിലാക്കുമായിരിക്കും..''
''കാണാൻ നല്ലൊരു ചെറുപ്പക്കാരനായിരുന്നു.. എന്തു പറ്റിയാവോ..?''
അമ്മയുടെ ഉറക്കെയുള്ള ആത്മഗതം കേട്ടുകൊണ്ട് അവൾ തിരിഞ്ഞു അകത്തേക്ക് കയറാൻ ഭാവിച്ചപ്പോൾ കാലിൽ എന്തോ തടഞ്ഞതു പോലെ തോന്നി..
അവൾ കുനിഞ്ഞ് അതെടുത്ത് നോക്കി .. അതൊരു ഡയറിയായിരുന്നു..
അവൾ പതുക്കെ അതു തുറന്നു .. അതിലെ കെെയ്യക്ഷരം കണ്ടപ്പോൾ അവൾ ഞെട്ടിത്തരിച്ചു..
ആദ്യത്തെ പേജിലൂടെ കണ്ണോടിച്ചു..
''അവൾ എൻ്റെ ജീവനാണ്.. അവളെ നഷ്ടപ്പെടുമെന്ന ഭയമാണ് എനിക്ക് എപ്പോഴും.. ആ ഭയമാണ് എന്നെ ഭ്രാന്തനാക്കുന്നത്.. അവളോടുള്ള എൻ്റെ പെരുമാറ്റം പലപ്പോഴും ക്രൂരമാകാറുണ്ട്.. അതൊരിക്കലും സ്നേഹക്കുറവ് കൊണ്ടല്ല.. ഭയം കൊണ്ടാണ് .. അവളില്ലാതെ ഞാനില്ല..''
വായിച്ചു കഴിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഡയറി മാറോട് ചേർത്തു പിടിച്ചുകൊണ്ടവൾ അകത്തേക്ക് ഓടി..
കിടക്കയിൽ വീണു ഏങ്ങലടിച്ചു കരഞ്ഞു ..
അവനെ വെറുക്കാൻ അവൾക്കാവില്ലായിരുന്നു.
പക്ഷേ കരയാനല്ലാതെ ഇനി മറ്റൊന്നും ചെയ്യാൻ തനിക്കാവില്ല എന്നവൾക്ക് അറിയാമായിരുന്നു.. അതുകൊണ്ട് തന്നെ അവൾ എല്ലാം മറന്നു ഒരു പുതിയ ജീവിതത്തിലേക്ക് കടക്കാൻ അവൾ തീരുമാനിച്ചു.. അപ്പോഴും അവൻ്റെ ഓർമ്മകൾ ഒരു മരീചികയായി അവളിൽ അവശേഷിച്ചു..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo