ഹൃദയം കവർന്നവൾ
*********************
*********************
മനസില്ലാമനസോടെ വിട്ടുകളഞ്ഞ പ്രണയിനിയെ വർഷങ്ങൾക്കു ശേഷം കണ്ടാൽ എന്തായിരിക്കും.. ?
ഞാൻ അവളെ കാത്തിരിക്കുകയാണ് 16 വർഷങ്ങൾക്കു ശേഷം ആ മുഖമൊന്നു കാണാൻ കൊതിക്കാണ്.. അവൾ വരും.. ഇത്ര അടുത്ത് ഞാൻ എത്തിയെന്നറിഞ്ഞാൽ അവൾക്കു വരാതിരിക്കാൻ ആകില്ല.. ഈ ജന്മം മുഴുവൻ എന്നെയും മനസ്സിൽ കൊണ്ടു നടക്കുന്നവൾ... അവൾക്കു എന്നെ മറക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും ഞാൻ അവളെ മറന്നു..
അവസാനമായി അന്ന് ആ പുഴ വക്കിൽ എല്ലാം മറക്കണമെന്നു പറഞ്ഞു തിരിയുമ്പോൾ അവളുടെ നിറഞ്ഞ കണ്ണുകൾ തുളുമ്പി വീണത് ഞാൻ കണ്ടില്ലെന്നു നടിച്ചു... എന്നെ അവൾ നോക്കി നിന്നിരിക്കാം അത്ഭുതത്തോടെ.. വിശ്വസിക്കാൻ ആകാതെ... എന്റെ ശ്രീ തളർന്നുപോകുമെന്നറിഞ്ഞിട്ടും ഞാൻ തിരിഞ്ഞു നോക്കിയില്ല.. അവളെ മാറോടു അടുക്കിപ്പിടിച്ചു സമാധാനിപ്പിക്കാൻ മനസ്സ് ഓടിച്ചെന്നെങ്കിലും ഞാൻ എന്റെ കാലുകളിൽ സർവ്വശക്തിയുമെടുത്ത് നടത്തത്തിനു വേഗം കൂട്ടി...
അന്ന് ഞാൻ നിന്നോട് മനഃപൂർവം പറഞ്ഞില്ല ശ്രീ... നിന്നെ കെട്ടിയാൽ എന്റെ അമ്മ ആ നിമിഷം ജീവനൊടുക്കുമെന്നു..
പറയാമായിരുന്നു നിന്നോട്.. നീ സന്തോഷപൂർവം എന്നെ വിട്ട് പോയേനെ... പക്ഷെ തൊട്ടു അയൽപക്കത്തുള്ള എന്റെ അമ്മയോട് നിനക്ക് നീരസം തോന്നിയാലോ...
അയൽക്കാർ തമ്മിലുള്ള കല്യാണം ശരിയാകില്ല.. അമ്മ കണ്ടെത്തിയ കാര്യവും അതായിരുന്നു... നീണ്ട വർഷത്തെ പ്രണയം അവരെല്ലാം അറിഞ്ഞതും.. എത്ര നിസ്സാരമായി നമ്മുടെ പ്രണയം അവർ തല്ലി ഉടച്ചു...
നീ വേദനിച്ചതിനെക്കാളും നൂറുമടങ്ങു ഞാൻ വേദനിച്ചിട്ടുണ്ട് ശ്രീ... നീ എന്നെ വെറുക്കാൻ വേണ്ടി തന്നെയാ ഞാൻ അന്ന് ദുഷ്ടന്റെ മുഖം മൂടി അണിഞ്ഞത്..
അന്ന് രാത്രി എല്ലാം അവസാനിപ്പിച്ചാലോ എന്ന് തോന്നിയിരുന്നു... അന്നേരം എനിക്കോർമ്മ വന്നു... എന്തൊക്കെ പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായാലും ദൈവം തന്ന ജീവൻ നശിപ്പിക്കില്ലന്നു നമ്മൾ കൈയിൽ അടിച്ചു സത്യം ചെയ്തത്... നീയും ഒരിക്കലും തെറ്റായി അങ്ങിനെ ചിന്തിക്കില്ലന്നു ഞാനും ആശ്വസിച്ചു...
പിറ്റേ ദിവസം എന്നെ നാടുകടത്തി എന്റെ വീട്ടുകാർ... അമ്മാവന്റെ അരികിലേക്ക്.. ശ്രീ ആ ചെന്നൈ നഗരം എനിക്ക് ഒട്ടും പരിചിതമല്ലായിരുന്നു... ശരിക്കും ഒരു കൂട്ടിൽ അകപ്പെട്ട എന്റെ അവസ്ഥ നീ അറിഞ്ഞിരുന്നോ...
ഒന്ന് ഫോൺ ചെയ്യാൻ പോലും സമ്മതിക്കാതെ ഒരു ജയിൽ പുള്ളിയെ പോലെ അമ്മാവൻ എന്നെ നീരിക്ഷിച്ചു കൊണ്ടിരുന്നു...അമ്മാവൻ തന്നെ അമ്മാവന്റെ കമ്പനിയിൽ നല്ല ഒരു ജോലി എനിക്ക് വാങ്ങി തന്നു...
അച്ഛനും അമ്മയും എനിക്കരികിൽ വന്നപ്പോഴാണ് ശ്രീ... ഞാൻ അറിഞ്ഞത്.. അമ്മാവന്റെ മകളെ എനിക്ക് കെട്ടിച്ചു തരാൻ വേണ്ടി വന്നതാണെന്ന്...
നിന്റെ കല്യണം കഴിഞ്ഞെന്നും കൂടി അമ്മ പറഞ്ഞപ്പോൾ ഞാൻ ആകെ തകർന്നു പോയി ശ്രീ... ഞാൻ ജീവിതത്തിൽ നഷ്ട്ടപെടുത്തിയ ഒരു അമൂല്യ സ്വത്താണ് നീ... അതറിയാൻ ഞാൻ വൈകി...
പതുക്കെ ഞാനും എല്ലാം മറന്നു തുടങ്ങി..എന്റെ ഭാര്യ ഒരു പാവമാണ്.. പണത്തിന്റെ ഒരു അഹന്തകളുമില്ലാത്തവൾ.... പക്ഷെ പണം കൊണ്ടു എല്ലാം ആകില്ലല്ലോ..
ഒരു കുഞ്ഞിക്കാൽ കാണാൻ എന്തൊക്കെ ചെയ്തു..മന്ത്രം മരുന്ന് അങ്ങിനെ എന്തെല്ലാം.. ഒന്നിനും ഒരു ഫലവും ഉണ്ടായില്ല...
ഇപ്പോൾ തോന്നുന്നു ആ ഭാഗ്യം ദൈവം അറിഞ്ഞുകൊണ്ട് എനിക്ക് തരാഞ്ഞത് ആണെന്ന്...
കുട്ടികൾ ഇല്യ എന്ന ദുഃഖം മാത്രമല്ലേയുള്ളു.. എന്ന് ഞാൻ സമാധാനിച്ചിരുന്നു....
അതിനേക്കാളും വലിയ ദുഃഖം എന്നെ കാത്തിരുന്നത് ഞാൻ അറിഞ്ഞത്
രണ്ടു ദിവസം മുൻപ് .. .നമ്മുടെ കൂട്ടുകാരൻ രാജീവിനെ കണ്ടപ്പോൾ അവനാ പറഞ്ഞത്..
രണ്ടു ദിവസം മുൻപ് .. .നമ്മുടെ കൂട്ടുകാരൻ രാജീവിനെ കണ്ടപ്പോൾ അവനാ പറഞ്ഞത്..
എന്റെ ശ്രീ ഇന്നും മറ്റൊരു വിവാഹത്തിന് സമ്മതിച്ചിട്ടില്ല എന്ന്... ഒരാളെ മനസ്സിൽ ഇട്ടു മറ്റൊരാളെ വഞ്ചിക്കാൻ ശ്രീക്ക് ആകില്ല എന്ന്..
ഞാൻ തോറ്റുപോയി മോളെ നിന്റെ മുൻപിൽ... നിന്നെ ഒന്ന് കാണാൻ... ആ കാലിൽ വീണു മാപ്പ് പറയാൻ ഞാൻ ഓടി വരാൻ ഇരുന്നതാ...
പക്ഷെ... ഇതുപോലെയാണ് എനിക്ക് വരാൻ പറ്റിയത്.. മനസ്സ് കൈ വിട്ടുപോയപ്പോൾ കണ്ണിൽ നിന്നും മറച്ച കാഴ്ചകൾ... ഏതോ വണ്ടിക്കടിയിൽ....
അതാ വരുന്നുണ്ട് എന്റെ ശ്രീ...
ഞാൻ വന്നതറിഞ്ഞപ്പോൾ മുതൽ അവൾ കരയുന്നുണ്ടാകും.. അതാ അവളുടെ മുഖം ഇങ്ങിനെ...
വർഷങ്ങൾ വരുത്തിയ മാറ്റങ്ങൾ മാത്രം അവൾക്കുള്ളു..
വർഷങ്ങൾ വരുത്തിയ മാറ്റങ്ങൾ മാത്രം അവൾക്കുള്ളു..
അവളുടെ കയ്യിൽ വെളുത്ത റോസാപ്പൂവുണ്ട്.. അതേ എന്റെ ശ്രീ ഒന്നും മറന്നിട്ടില്ല ഞാൻ പറഞ്ഞതൊന്നും...
കണ്ടോ അവൾ ആ റോസാപ്പൂവ് എന്റെ കൈക്കരികിൽ തന്നെ വച്ചു.. സന്തോഷം കൊണ്ടു തുള്ളിച്ചാടാൻ തോന്നി എനിക്ക്..
ശ്രീ കരയുന്നില്ലാട്ടോ..
ഒരു ജന്മത്തെ കരച്ചിൽ മുഴുവൻ കരഞ്ഞു തീർത്ത ആ കണ്ണിൽ കണ്ണുനീർ ഇനിയും ഉണ്ടോ... ആളുകൾ എല്ലാം അവളെ നോക്കുന്നുണ്ട്... അവളുടെ ഭാവഭേദം അറിയാൻ...
പക്ഷെ അവൾ ആർക്കും മുഖം കൊടുക്കാതെ അവിടെ നിന്നും പതുക്കെ ഇറങ്ങി നടന്നു..
എന്റെ ശ്രീ നടന്നകലുന്നത് ഞങ്ങൾ ഇരിക്കാറുള്ള ആ പുഴ വക്കിലേക്ക് തന്നെ... അവിടെ ഇരുന്നു അവൾ പൊട്ടിക്കരയുന്നത് ഞാൻ വേദനയോടെ കണ്ടു...
ഇന്നെങ്കിലും മോൾക്ക് ഇവിടെ വന്നിരിക്കാതിരുന്നൂടെ...
ആമിനാത്തയുടെ ആ ചോദ്യത്തിന്.. അവരെ കെട്ടിപിടിച്ചു കരയുന്ന എന്റെ ശ്രീയെ കണ്ടപ്പോൾ.. എന്റെ ഒരുപാട് സംശയങ്ങൾക്കുള്ള മറുപടി പറയാതെ അറിയുന്നുണ്ടായിരുന്നു ഞാൻ..
എനിക്ക്...മരണമില്ല അവളുടെ ഹൃദയത്തിൽ ഒരിക്കലും മരണമില്ലാത്തവനായി ഞാൻ ഉണ്ടാകും...
രാഗി പ്രമോദ്
**************

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക