Slider

വിഷമൂട്ടുന്നവർ

0

വിഷമൂട്ടുന്നവർ
***************
മോന് രണ്ടു മൂന്നു ദിവസങ്ങളായി നല്ല ജലദോഷം. മൂക്കടപ്പും ചുമയുമൊക്കെയുണ്ട് . കഫക്കെട്ട് ഉണ്ടൊന്നൊരു സംശയം. അവന് മഴ തുടങ്ങുന്നതേ തുടങ്ങും ചുമയും ജലദോഷവും. രണ്ടു ദിവസം സ്കൂളിൽ വിട്ടില്ലെന്നറിഞ്ഞപ്പോൾ അമ്മയ്ക്ക് ആധി. പിന്നെ തുരുതുരാ ഫോൺ കോളുകൾ . 'നീയിതെന്തു ഭാവിച്ചാ കൊച്ചിനെ ഡോക്ടറെ കാണിക്കാത്തത്, എന്തൊക്കെ തരം പനികളാ ഇപ്പോൾ ഉള്ളതെന്നറിയാമോ ?' പിന്നെ പലതരം പനി പിടിച്ചവരുടെ നീണ്ട ഒരു ലിസ്റ്റും. ഇതൊക്കെ കേട്ടപ്പോൾ എനിക്കും ഉള്ളിലൊരു പേടി.
പിറ്റേന്ന് വൈകിട്ട് അടുത്തുള്ള ഒരു പീഡിയാട്രീഷൻ്റെ അടുത്ത് ഞാനവനെ കൊണ്ട് പോയി. വളരെ നല്ല ഒരു ഡോക്ടർ. കുട്ടികളോടുള്ള അദ്ദേഹത്തിൻ്റെ ഇടപെടൽ വളരെ സൗമ്യമാണ്. അദ്ദേഹം അവനെ നന്നായി പരിശോധിച്ചു . പേടിക്കാനൊന്നുമില്ല , ജലദോഷപ്പനിയാണ് എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം മരുന്നുകൾ എഴുതി തുടങ്ങി.
'കുറുകുറുപ്പ് കേൾക്കുന്നുണ്ടല്ലോ , കഫക്കെട്ടുണ്ടോ ഡോക്ടർ?' ഞാൻ ചോദിച്ചു.
' ഇല്ല, മൂക്കടച്ചിരിക്കുന്നതു കൊണ്ടാണ് ' എന്നു പറഞ്ഞു കൊണ്ട് ആറുകൂട്ടം മരുന്നുകളെഴുതിയ കുറിപ്പടി അദ്ദേഹം എന്നെ കാണിച്ചു. അടുത്ത ജംഗ്ഷനിൽ ഉള്ള ഫാർമസിയിൽ നിന്ന് വാങ്ങിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു . അവിടെ നിന്ന് ഇറങ്ങിയപ്പോൾ മഴയായതിനാൽ ഞാൻ നേരെ വീട്ടിലേയ്ക്കു പോന്നു. വൈകിട്ട് ഏട്ടൻ വന്നപ്പോൾ മരുന്ന് വാങ്ങിക്കാൻ പോയെങ്കിലും ഡോക്ടർ പറഞ്ഞ ഫാർമസി അടച്ചിരുന്നു . ആ കുറിപ്പും കൊണ്ട് മറ്റു പല ഫാർമസികളിലും പോയെങ്കിലും പാരസെറ്റമോൾ ഒഴികെ മറ്റൊന്നും കിട്ടിയില്ല. അപ്പോൾ മുതൽ ഞാൻ ചെറുനാരങ്ങാ നീരിൽ തേൻ ചേർത്ത് മൂന്നു നാലു നേരം കൊടുത്തു . തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ ആവി കൊള്ളിച്ചു. പിറ്റേന്ന് ഹർത്താലായതിനാൽ അന്നും മരുന്ന് കിട്ടിയില്ല. എന്തായാലും അന്ന് വൈകുന്നേരമായപ്പോഴേക്കും മോന് നല്ല ആശ്വാസമായി തുടങ്ങി. അതുകൊണ്ടു പിന്നീട് ആ മരുന്നുകളൊന്നും ഞങ്ങൾ വാങ്ങിയില്ല.
ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ചു മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അവനെ ചെക്ക് അപ്പിന് കൊണ്ടു പോയി. മോന് നല്ല വ്യത്യാസമുണ്ടെന്നും എങ്കിലും ചില ബ്ലഡ് ടെസ്റ്റുകൾ ചെയ്യുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം ഉപദേശിച്ചു. മരുന്നുകളൊന്നും കൊടുക്കാതിരുന്നതിനാൽ എനിക്കെന്തോ പേടിയായി തുടങ്ങി. അദ്ദേഹം ഒരു പ്രത്യേക ലബോറട്ടറിയുടെ ഹെഡ്ഡ് പേപ്പറിൽ കുറെ ബ്ലഡ് ടെസ്റ്റ്സ് എഴുതി. അത് കുറച്ചു ദൂരെയായിരുന്നതിനാലും ഏട്ടൻ ടൂറിലായിരുന്നതിനാൽ കൊണ്ട് പോകാൻ ആരുമില്ലാതിരുന്നതിനാലും തൊട്ടടുത്തുള്ള നീതി ലബോറട്ടറിയിലാണ് ഞാൻ മോനെ കൊണ്ട് പോയത്. പരിശോധന ഫലവുമായി മൂന്നാം പക്കം വീണ്ടും ഡോക്ടറെ കണ്ടു. നീതി ലാബിലെ റിസൾട്ട് കണ്ടപ്പോൾ അദ്ദേഹത്തിൻ്റെ മുഖം മാറി.
'ഞാൻ പറഞ്ഞ ലാബിലെന്താ ചെയ്യാതിരുന്നത്?' അദ്ദേഹത്തിൻ്റെ സ്വരത്തിൽ വ്യത്യാസം .
'ദൂരക്കൂടുതൽ കൊണ്ടാണ് ഡോക്ടർ ' ഞാൻ പറഞ്ഞു.
' ഒരു ഓട്ടോറിക്ഷ വിളിച്ചു പോയാൽ മതിയാരുന്നല്ലോ. ഇനി അവിടെ ചെയ്താൽ മതി കേട്ടോ. അവിടുത്തെ റിസൾട്ട്സ് ആണ് കൂടുതൽ വിശ്വാസയോഗ്യം.'
എനിക്കെന്തോ ആ ലാബിൽ ചെയ്യാതിരുന്നതിൽ വിഷമം തോന്നി. എന്തെങ്കിലും കണ്ടു പിടിക്കപ്പെടാതെ പോയാലോ? ദൂരക്കൂടുതലാണെങ്കിലും വേണ്ടില്ല , അടുത്ത തവണ മുതൽ അവിടെയേ ചെയ്യൂ . ഞാൻ തീരുമാനിച്ചു.
അടുത്ത ദിവസം മൂത്ത ഏട്ടത്തിയുടെ മോൻ വീട്ടിൽ വന്നു. അവൻ യു കെ യിൽ FRCA ചെയ്യുകയായാണ്. ആ മരുന്നു കുറിപ്പും പരിശോധനാ ഫലവും ഞാനവനെ കാണിച്ചു. അവൻ അത് വാങ്ങി നോക്കിയിട്ടു പറഞ്ഞു .
' ഈ ആറു മരുന്നുകളിലൊന്ന് പോലും ജലദോഷത്തിന് ആവശ്യമില്ല. ജലദോഷം വൈറസ് പരത്തുന്ന ഒരു രോഗമാണ്. ആൻ്റിബയോട്ടിക്‌സ് അതിനു ഫലപ്പെടുകയില്ല. വൈറൽ ഇൻഫെക്ഷൻ ഏഴു ദിവസത്തിൽ കൂടുതൽ തുടർന്നാൽ അത് ബാക്റ്റീരിയൽ ആകാം. അപ്പോൾ ആൻ്റി ബയോട്ടിക്‌സ് ചികിത്സ വേണ്ടിവരും. അല്ലാതെ ജലദോഷം തുടങ്ങുന്നതേ ആൻ്റിബയോട്ടിക്‌സ് എടുത്താൽ അത് രോഗപ്രതിരോധ ശേഷി കുറക്കുകയും പിന്നീട് മറ്റു പല ഇൻഫെക്ഷൻസും വരാൻ കാരണമാവുകയും ചെയ്യും. പനിയുണ്ടെകിൽ പാരസെറ്റമോൾ കൊടുക്കാം. ചുമയും കഫക്കെട്ടും ഉണ്ടെങ്കിൽ മഞ്ഞളും തുളസിയിലയും കൂടി വെന്ത വെള്ളം നല്ലതാണ് . മഞ്ഞൾ രോഗാണുക്കളെ കൊല്ലുകയും തുളസി നീർക്കെട്ട് കുറയ്ക്കുകയും ചെയ്യും. മൂന്നു ദിവസത്തിൽ കൂടുതൽ പനിച്ചാൽ ഡോക്ടറെ കാണിക്കുക. പക്ഷെ അവരെഴുതുന്ന മരുന്ന് മുഴുവൻ നമുക്ക് വേണ്ടതായിരിക്കണമെന്നില്ല. ചിലരൊക്കെ ഓരോ മരുന്ന് കമ്പനിക്കാരുടെ ടാർഗറ്റ് തികയ്ക്കാൻ വേണ്ടി നമ്മളെ ഉപയോഗിക്കുകയാവും .'
'ഇംഗ്ലണ്ടിൽ ജീവിക്കുന്ന നിനക്കെങ്ങനെ ഈ നാട്ടുവൈദ്യമൊക്കെ അറിയാം ?' ഞാൻ അത്ഭുതപ്പെട്ടു .
'ഇപ്പോൾ അവിടെയുള്ളവരൊക്കെ നമ്മുടെ ആയുർവേദത്തിൻ്റെയും പ്രകൃതി ചികിത്സയുടേയുമൊക്കെ പ്രാധാന്യം മനസ്സിലാക്കികൊണ്ടിരിക്കുകയാണ്. ഡോക്ടർമാർ അത്യാവശ്യമാണെങ്കിൽ മാത്രമല്ലാതെ ആൻ്റിബയോട്ടിക്‌സ് കൊടുക്കാറില്ല. അവിടെ കുടിയേറിയ മലയാളികൾ നാട്ടിൽ വന്നിട്ട് പോകുമ്പോൾ കൊണ്ട് പോകുന്നത് മഞ്ഞളും തുളസിയിലയും ഒക്കെയാണ്. നമ്മളാവട്ടെ നമ്മുടെ നന്മകളൊക്കെ ഉപേക്ഷിച്ച്‌ ഇംഗ്ലീഷ് മരുന്നുകൾക്ക് പുറകെ പായുന്നു.' അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അടുത്ത ദിവസം കറിക്കരിഞ്ഞപ്പോൾ കൈ മുറിഞ്ഞതിനാൽ ബാൻഡേജ് വാങ്ങിക്കാൻ വേണ്ടി ഞാൻ ആ ഫാർമസിയിലെത്തി. കൈയ്യിൽ നീണ്ട കുറിപ്പടിയുമായി ഒരു കുടുംബം കൗണ്ടറിൽ നിൽപ്പുണ്ടായിരുന്നു. ആ കുറിപ്പടിയിലേക്ക് ഞാനൊന്നു പാളിനോക്കി. മരുന്നുകളുടെ ഒരു നീണ്ട നിര ആ കുറുപ്പടിയിലുമുണ്ടായിരുന്നു. തന്നെ ഇഞ്ചിഞ്ചായി കൊല്ലുന്ന വിഷമാണ് അച്ഛൻ വാങ്ങിക്കുന്നതെന്നറിയാതെ മൂക്കളയൊലിക്കുന്ന മുഖമുള്ള ഒരു കുഞ്ഞ് അമ്മയുടെ കയ്യിലിരുന്ന് നിഷ്കളങ്കമായി ചിരിച്ചു.
ലിൻസി വർക്കി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo