"അവധിക്കാലം"
"പ്രദീപേ കജൂർ(ഈന്തപ്പഴം) ബദാം എല്ലാം എടുത്തുവച്ചല്ലോ അല്ലെ" പെട്ടി കെട്ടുന്നതിനിടയിൽ ബാലേട്ടന്റെ ചോദ്യം.
'ഡബിൾ മീനിങ്' പറയുന്നതിൽ ഇങ്ങള് ടിനീടോമിനെ തോൽപിക്കുന്ന ആളല്ലേ ബാലേട്ടാ....
നാട്ടിൽ പോവുന്നത് ആദ്യയിട്ടല്ല പക്ഷെ ഇപ്രാവശ്യം വല്ലാത്ത ആവേശം.
കല്യാണം കഴിഞ്ഞു അഞ്ചാം നാൾ എന്റെ മൊഞ്ചത്തിയെപിരിഞ്ഞു ഫ്ലൈറ്റ് കേറിയതാ ഈ ദുഫായിലേക്ക്.അഞ്ചു ദിവസം എന്തിനു തികയും.വിരുന്നും സൽക്കാരവും മാമൂലുകളും...നേരെ ചൊവ്വേ ഒന്ന് മിണ്ടാൻ പോലും പറ്റിയില്ല.
ഫോൺ വിളിയും ചാറ്റിങ്ങും മറ്റുമായി അവളെയും കിനാവ് കണ്ട് ഒരു കൊല്ലം ഉന്തിയും തള്ളിയും കഴിഞ്ഞപ്പോൾ കിട്ടിയ ലീവോ....കൃത്യം ഇരുപത്തെട്ട് ദിവസം.കരഞ്ഞു കാലു പിടിച്ചു ഒരു പത്തു ദിവസോം കൂടി തരാൻ.
ഇരുപത്തൊൻപതാം ദിവസം ഇവിടെത്തിയില്ലെങ്കിൽ പിന്നെ ഇങ്ങോട്ടേക്ക് വരണ്ടാന്നു പറഞ്ഞു കള്ള ഹിമാറ്.
ടിക്കറ്റ് കൈയിൽ കിട്ടിയപ്പോ തുടങ്ങിയ പ്ലാനിങ് ആണ്.ഇരുപത്തെട്ടു ദിവസം ഇരുപത്തെട്ടു മാസം പോലെ ആക്കണം.എല്ലാരാത്രികളും മധുവിധു ആഘോഷിക്കണം.
പയ്യാമ്പലം ബീച്ചിൽ മുങ്ങി വീഗാലാന്റ് വഴി വിവേകാനന്ദപാറയിൽ പൊങ്ങണം.
കുടക് മലയിലെ മരം കോച്ചുന്ന തണുപ്പിൽ എന്റെ മൊഞ്ചത്തിയെ കെട്ടിപ്പിടിച്ചിരിക്കണം...
ഫ്ലൈറ്റ് എയർ ഇന്ത്യ ആയതൊണ്ട് മനക്കോട്ട കെട്ടാൻ കുറച്ചധികം സമയം കിട്ടി.
എയർപോർട്ട്ന്നു ടാക്സി വിളിച്ചു നേരെ വീട്ടുമുറ്റത്തേക്ക്.
വരാന്തയിൽ പത്രം വായിച്ചോണ്ടിരുന്ന അച്ഛനും അടുക്കളയിൽ എന്തോ തിരക്കിലായിരുന്ന അമ്മയും കാറിന്റെ സൗണ്ട് കേട്ടപ്പോ ഓടി വന്നു.
"ഓളെ കാണുന്നില്ലല്ലോ അമ്മേ....ഏഡ പോയീ...."
" ഓള് കുളിക്കുന്നുണ്ടെടാ....."അമ്മ പറഞ്ഞു.
അച്ഛനും അമ്മയും കാറിൽ നിന്നും പെട്ടി ഇറക്കുന്ന തിരക്കിലാ.ഞാൻ പയ്യെ അകത്തേക്ക് കേറി.
അടുക്കള ഭാഗത്തെ കുളിമുറിയിൽ നിന്ന് കേൾക്കുന്ന വെള്ളത്തിന്റെ കളകള നാദം എന്റെ നെഞ്ചിൻകൂടിൽ അലകളുയർത്തി.
കുളികഴിഞ്ഞു ഇറങ്ങി വരുന്ന നായികയെ പൊക്കിയെടുത്തു വട്ടം കറക്കി സർപ്രൈസ് കൊടുക്കുന്ന സീൻ മനസ്സിൽ സെറ്റ് ചെയ്തുകൊണ്ട് പതുക്കെ വലതുകാലെടുത്ത് അടുക്കളയിലേക്ക് വെച്ചു.
ഒന്ന് സ്ലിപ്പായതെ ഓര്മയുള്ളൂ ...പുറകെ വരുന്ന ഇടതു കാലിനെ കാത്തു നിൽക്കാതെ വലതുകാൽ ഒറ്റക്കുതിപ്പായിരുന്നു.
പ്ധോം ന്നും പറഞ്ഞു മലന്നടിച്ചു ദാ കിടക്കുന്നു തറയിൽ.
അമ്മയും അച്ഛനും ഓടിവന്നു...ഒടുക്കത്തെ സർപ്രൈസ് ൽ അന്തം വിട്ട് കുളിമുറിയിൽ നിന്ന് പുറത്തേക്ക് വന്ന നായികയും....
"അയ്യോ.. മോൻ വന്ന സന്തോഷത്തിൽ കഞ്ഞി തിളച്ചോണ്ടിരുന്ന സ്റ്റൗ ഓഫാക്കാൻ മറന്നതാ" അമ്മ ജാമ്യാപേക്ഷ നൽകി.
തിളച്ചു മറിഞ്ഞ കഞ്ഞിവെള്ളം ടൈൽ ഇട്ട തറയിൽ എനിക്കുള്ള സർപ്രൈസും ഒരുക്കി കാത്തിരുന്നത് ഞാനും കണ്ടില്ലാ...
ഏതായാലും എയർപോർട്ടിൽ നിന്നു വന്ന ടാക്സിക്കാരൻ പൈസക്കുവേണ്ടി കാത്തിരിക്കുന്നതിനാൽ വേറെ വണ്ടി വിളിക്കേണ്ടി വന്നില്ല.....
ഹോസ്പിറ്റൽ എത്തിയപ്പോ കംബൗണ്ടർ കുമാരേട്ടന്റെ വക കുശലം " പ്രദീപ് നാട്ടിൽ വന്നിട്ട് കുറെ നാളായോ..."
" വരുന്ന വഴിയാ കുമാരേട്ടാ....ട്രോളാൻ നിക്കാണ്ട് ഒന്നെന്നെ അകത്തോട്ടെടുത്താട്ടെ"
"ഇടുപ്പെല്ലിനു ചെറിയ പൊട്ടലുണ്ട്....ഇരുപത്തെട്ട് ദിവസത്തെ ബെഡ് റെസ്റ്റ് വേണം" ഡോക്ടറുടെ പ്രസ്താവന എന്റെ ഇടനെഞ്ചു കലക്കി.
പയ്യാമ്പലം ബീച്ചും വീഗാലന്റും കുടകുമലയും പിന്നെ കജൂറും.....എല്ലാം റിവേഴ്‌സ് ഗിയർ ഇട്ട് ഒരു മൂലയിൽ ചുരുണ്ടുകൂടി.
എന്നാലും എന്റെ ഡോക്ടറേ കൃത്യം ഇരുപത്തെട്ടു ദിവസം തന്നെ വിശ്രമം വിധിക്കാൻ ഞാൻ എന്ത് തെറ്റാ ചെയ്തേ.....
(#റിജു)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക