Slider

****നീതിമാൻ****

0
****നീതിമാൻ****
"ഹൊ!!! ചട്ടീം കലവുമായാൽ തട്ടീം മുട്ടീം ഇരിക്കണം എന്ന് പറഞ്ഞവനെ ഒലക്ക കൊണ്ടടിക്കണം. ഇതിപ്പോ ബാക്കിയുള്ളോരുടെ വക്കുപൊട്ടിയും ചളുങ്ങിയും പിളുങ്ങിയും ഒക്കെ ആണിരിക്കുന്നത് "
നൈറ്റി എടുത്തുകുത്തി അടുക്കളയിൽ പാത്രം കഴുകുന്നതിനിടെ ലില്ലിക്കുട്ടി പാത്രങ്ങളോട് പരാതി പറഞ്ഞു...
"അല്ലേലും ഇതിയാനങ്ങനാ.. എനിക്കൊരു ഗുണോം ഇല്ല .. കമഴ്ന്ന് കിടക്കണ പ്ലാവില പോലും ഒന്ന് മലർത്തിപോലും ഇടൂല്ല.. അല്ല എന്നെ പറഞ്ഞാ മതി.. ഞാനായിട്ട് സഹിക്കുന്നതാ."
"എന്നതാടീ ലില്ലിക്കുട്ടി.. നീ തന്നെ നിന്ന് പിറുപിറുക്കുന്നത് .. കടുംകാപ്പി അനത്തിയില്ലേടീ." അടുക്കളയിലേക്ക് വന്ന ജോസൂട്ടി ചോദിച്ചു..
"ഓ!! ഒന്നുമില്ല ഇച്ചായാ.. ഞാൻ അപ്രത്തെ രാജപ്പൻ ചേട്ടന്റെ ഉഷ ചേച്ചീടേം കാര്യം പറഞ്ഞതാ." കാപ്പി എടുത്ത് കൊടുത്തുകൊണ്ട് ലില്ലിക്കുട്ടി പറഞ്ഞു.
"എന്നതാടീ ഇത്ര രാവിലെ അയൽവക്കക്കാരെ സ്മരിക്കാൻ കാരണം.. അവരെന്നാ ചെയ്തു "
"അല്ല ഇച്ചായാ.. ആ രായപ്പൻ ചേട്ടൻ വീട്ടിൽ മുറ്റമടിക്കും ,തുണിയലക്കും, പാത്രം കഴുകും.. എന്തിന് പറയുന്നു നമ്മുടെ കിണറ്റീന്നല്ലേ വന്ന് വെള്ളം കോരിക്കൊണ്ട് പോകുന്നത് .. കെട്ടിയോൻ മായരായാൽ ഇങ്ങനെ വേണം.. അല്ലാതെ .. ഇതു പോലെ .. ( വേറെന്തോ പറയാൻ വന്നത് അടുക്കളയിലെ സാധന സാമഗ്രികളെ ഓർത്ത് ലില്ലിക്കുട്ടി വിഴുങ്ങി)
"ഓ അതാണോ ടീ കാര്യം .. നീ ശ്രദ്ധിച്ചിട്ടുണ്ടോ രാജപ്പനും ഉഷയും നടന്ന് പോകുന്നത് .. ഉഷ മുൻപേയും രാജപ്പൻ പുറകെയും .. എടീ നാട്ടുകാരെല്ലാം പറയുന്നത് ഉഷയും " ഭാര്യയും '' വരുന്നുണ്ടെന്നാ.. അല്ലാതെ രാജപ്പനും ഭാര്യയും വരുന്നുണ്ടെന്നല്ല. നീ രാവിലെ എന്നെക്കൊണ്ട് ഒന്നും പറയിക്കരുത് ലില്ലിക്കുട്ടി.. രാവിലെ കഴിക്കാൻ എന്തേലും ഉണ്ടാക്കാൻ നോക്കടീ." ഇതും പറഞ്ഞ് ജോസൂട്ടി കാപ്പിയുമെടുത്ത് സിറ്റൗട്ടിലേക്ക് പോയി..
ഓ ഞാൻ പറയാൻ മറന്നൂ.. ഇത് ജോസൂട്ടിയും ലില്ലിക്കുട്ടിയും .. ഇന്നത്തെ എന്റെ കഥയിലെ നായകനും നായികയും.. വാട്ടർ അതോറിട്ടി ജോലിക്കാരനായ ജോസൂട്ടിക്ക് ഏഴ് വർഷം മുൻപ് വിവാഹമെന്ന സുദിനത്തിൽ ( ദുരന്തത്തിൽ) കിട്ടിയതാണ് ലില്ലിക്കുട്ടിയെ..സർക്കാർ ജോലിക്കാരായ ലില്ലിക്കുട്ടിയുടെ അപ്പനും അമ്മയും ആവശ്യത്തിലേറെ സ്വർണ്ണം കൊടുത്ത് വിട്ടത് കൊണ്ട് വിവാഹ കമ്പോളത്തിൽ നിന്ന് ജോസൂട്ടിയെ താൻ വാങ്ങി എന്നായിരുന്നു ലില്ലിക്കുട്ടിയുടെ വിചാരം ..
ആ വിവരംകെട്ട വിചാരം കൊണ്ട് ജോസൂട്ടി പലതും അനുഭവിക്കേണ്ടി വന്നു.. ജോസൂട്ടി തന്റെ മാത്രം കുത്തകയാണെന്നും അമ്മയും നാത്തൂനും അയൽവക്കക്കാരും നാട്ടുകാരും രണ്ടാം കുടിയിലുള്ളതാണെന്നും ലില്ലിക്കുട്ടി കരുതി.. അമ്മയോടോ പെങ്ങളോടോ കൂടുതൽ തമാശ പറഞ്ഞ് ചിരിച്ചാൽ ലില്ലിക്കുട്ടിയുടെ മുഖം കടന്നൽ കുത്തിയത് പോലാകും .. അയൽവക്കത്തെ പെണ്ണുങ്ങൾ എന്തെങ്കിലും വിശേഷങ്ങൾ ചോദിച്ചാൽ അന്നത്തെ ദിവസം പിറുപിറുത്ത് ജോസൂട്ടിക്ക് മന:സ്സമാധാനം കൊടുക്കില്ല.. പുതുമോടി ആയതു കൊണ്ടും , പറഞ്ഞ് മനസ്സിലാക്കാം എന്ന വിചാരം കൊണ്ടും ..പൊതുവേ സമാധനപ്രീയനായ ജോസൂട്ടി പലതും കണ്ടില്ലെന്ന് നടിച്ചു..
പണ്ട് കൂട്ടുകാരുടെ കൂടെ അത്യാവശ്യം കറക്കവും കവലയിൽ വൈകിട്ട് സൊറ പറഞ്ഞിരിക്കലും ഉണ്ടായിരുന്നു ജോസൂട്ടിക്ക് .. ലില്ലിക്കുട്ടി വലത് കാൽ വച്ച് ജീവിതത്തിലേക്ക് കയറി വന്നേപ്പിന്നെ കവലയും കൂട്ടുകാരുമൊക്കെ ജോസൂട്ടി ക്ക് അന്യമായി .. കവലയിലെത്തി കൂട്ടുകാരോട് മിണ്ടാൻ തുടങ്ങുമ്പോഴേക്കും ലില്ലിക്കുട്ടിയുടെ ഫോൺ വരും.. അന്നേരം അത്യാവശ്യമായി എന്തെങ്കിലും സാധനം വാങ്ങി വരാൻ.. ഇത് പതിവായപ്പോൾ ജോസൂട്ടിക്ക് കാര്യം മനസിലായി.. പിന്നെ ഫോൺ എടുക്കാതെയായി ജോസൂട്ടിയുടെ കവലയ്ക്ക് പോക്ക് ..അതും കാൽനടയായി..
സ്വാർത്ഥത കൊണ്ടാണോ വിവരക്കേട് കൊണ്ടാണോ ഓരോ ദിവസം ചെല്ലുന്തോറും ലില്ലിക്കുട്ടി തല്ലിപ്പൊളി കുട്ടിയായി മാറി.. എവിടെയങ്കിലും പോയാൽ തന്നേക്കാൾ നിറമുള്ള ജോസൂട്ടിയെ ആരേലും നോക്കുന്നുണ്ടോ എന്നായിരുന്നു ലില്ലിക്കുട്ടിയുടെ നോട്ടം മുഴുവൻ... ഏതാവശ്യത്തിന്ന് പോയാലും ജോസൂട്ടിയുടെ മൂട്ടീന്ന് ലില്ലിക്കുട്ടി മാറൂല്ല.. കാണുന്നവർ വിചാരിക്കും മാതൃകാ ദമ്പതികൾ .. ജോസൂട്ടി പലപ്പോഴും ചിന്തിച്ചു ഇതിലും ഭേദം ശ്വാസം മുട്ടി മരിക്കുന്നതാണെന്ന്..
ബസിൽ കയറി മുൻപിലും പുറകിലും ഇരുന്നാൽ പുറകിലിരിക്കുന്ന ജോസൂട്ടിയെ നോക്കി നോക്കി ലില്ലിക്കുട്ടിയുടെ കഴുത്തുളുക്കി.. ബസിലെ മറ്റു തരുണീമണികളെ തന്റെ സുന്ദരൻ കെട്ടിയോൻ നോക്കുന്നുണ്ടോ എന്നറിയാൻ നോക്കിയതാണ് പാവം ലില്ലിക്കുട്ടി.. എന്തായാലും വേണ്ടിയില്ല നോട്ടത്തിന് ഫലമുണ്ടായി .. ലില്ലിക്കുട്ടി ഒരാഴ്ച്ച "പിടലി " എന്ന വിളി കേൾക്കേണ്ടി വന്നെങ്കിലും ജോസൂട്ടി ഒരു കാർ സ്വന്തമായി വാങ്ങി..
കാർ വാങ്ങിയപ്പോ വിചാരിച്ചു കുറച്ച് സമാധാനം കിട്ടുമെന്ന് ..പക്ഷെ മുൻപിലത്തെ സീറ്റിൽ ജോസൂട്ടിയുടെ കൂടെ താനല്ലാതെ ആരും ഇരിക്കാൻ പാടില്ലെന്ന് ലില്ലിക്കുട്ടി കട്ടായം പറഞ്ഞപ്പോൾ പാവം കെട്ട്യോൻ ഞെട്ടി.. അല്ലെങ്കിൽ അവളുടെ സ്വഭാവത്തിന് സീറ്റെടുത്ത് മാറ്റാനും മടിക്കില്ലെന്ന് അറിയാവുന്ന കൊണ്ട് ജോസൂട്ടി ഒന്നും മിണ്ടിയില്ല. അങ്ങനെയിരിക്കെ ലില്ലിക്കുട്ടിക്ക് മോഹം ഡ്രൈവിംങ്ങ് പഠിക്കണം എന്ന് ..അതും സ്വന്തം കാറിൽ.. ഡ്രൈവിംങ്ങ് സ്ക്കൂളിൽ പോയി പഠിച്ചോളാൻ ജോസൂട്ടി സമ്മതിച്ചിട്ടും ലില്ലിക്കുട്ടി പോയില്ല.. ഇച്ചായൻ തന്നെ എന്നെ പഠിപ്പിച്ചാൽ മതി എന്ന വാശിയിൽ ലില്ലിക്കുട്ടി ഉറച്ചു നിന്നു..
അങ്ങനെ ഒരു അവധി ദിവസം ലില്ലിക്കുട്ടിയെ ഡ്രൈവിംങ്ങ് പഠിപ്പിക്കാൻ കാറുമെടുത്ത് ജോസൂട്ടി ഇറങ്ങി.. ആദ്യ പാഠങ്ങൾ ചൊല്ലി കൊടുത്തും നുള്ളി കൊടുത്തും ദിവസങ്ങൾ കഴിഞ്ഞു പോയി .. അങ്ങനെ ഡൈവിംങ്ങിൽ ലില്ലിക്കുട്ടി പിച്ച വച്ച് കാറ് ഓടിച്ച് തുടങ്ങിയ ആ ദിവസം ഒരു തരുണീമണി മന്ദം മന്ദം റോഡിലൂടെ നടന്നു വരുന്നൂ.. അവളെ കണ്ടതും ബ്രേക്കേതാ ഗിയറേതാ എന്ന് ലില്ലിക്കുട്ടി മറന്നു.. കെട്ടിയോൻ അവളെ നോക്കുന്നുണ്ടോ എന്നറിയാൻ ആ മുഖത്തേക്കായി കണ്ണ് .. ലില്ലിക്കുട്ടിയുടെ നിയന്ത്രണത്തോടൊപ്പം കാറിന്റെ നിയന്ത്രണവും വിട്ടു.. പക്ഷെ ലില്ലിക്കുട്ടിയുടെ മനസ്സ് അറിയാവുന്നതുകൊണ്ടും ഇതൊക്കെ തന്നെ സംഭവിക്കും എന്നുള്ളതുകൊണ്ടും ജോസൂട്ടി കാറിന്റെ കൺട്രോൾ ഏറ്റെടുത്തിരുന്നു.. എന്നാലും ആരാന്റെ മതിലിൽ കാറ് പോയി ഉമ്മ വയ്ക്കുകയും അതിന്റെ ഭാഗമായി കുറച്ച് പെയിന്റ് ഇളകിപോകുകയും ചെയ്തു.. അതോടു കൂടി ലില്ലിക്കുട്ടിയുടെ ഡ്രൈവിങ്ങ് പഠനം പാതിവഴിയിൽ അവസാനിച്ചു.
അങ്ങനെ തട്ടലും മുട്ടലും കരച്ചിലും പിഴിച്ചിലുമൊക്കെയായി കാലം കടന്നു പോയി. ഇതിനിടയിൽ സഹികെട്ട് ജോസൂട്ടി ഇടയ്ക്ക് ഒന്നു രണ്ട് വാക്ക് മൊഴിഞ്ഞു .. അന്നേരം അവൾ വീട്ടിൽ പോകാൻ തോന്നും ... (കുടുംബക്കാരെ ഓർത്തു )പലവട്ടം ലില്ലിക്കുട്ടിയുടെ പാവം അച്ഛൻ ആഞ്ഞു തുമ്മി .. എന്നാലും ലില്ലിക്കുട്ടിയുടെ സമരമുറകൾ തുടർന്നു കൊണ്ടേയിരുന്നു .. മുഖം വീർപ്പിക്കും പരാതി പറച്ചിലും.. പിറുപിറുക്കലും.. പാത്രം താഴെയിടലും തുടങ്ങി കിടപ്പു മുറിയിൽ തറയിൽ പാ വിരിച്ച് ഒറ്റയ്ക്ക് കിടക്കുന്നതു വരെ എത്തി കാര്യങ്ങൾ.. പാവം ജോസൂട്ടി .. സഹിച്ചു ക്ഷമിച്ചു. സമാധാനപ്രീയൻ...അതിനിടയിൽ രണ്ടു പിള്ളേരും ആയി.. കുട്ടികൾ രണ്ടായിട്ടും ലില്ലിക്കുട്ടി പഴയ ലില്ലിക്കുട്ടി തന്നെ ..
അങ്ങനെ ജോസൂട്ടിയുടെ മൂത്ത പെങ്ങളുടെ മകളുടെ കല്യാണം ഉറപ്പിച്ചു.പെങ്ങളും അളിയനും കൂടി കല്യാണത്തെ കുറിച്ച് സംസാരിക്കാനും ജോസൂട്ടിയെ കാണാൻ എത്തി.. പതിവുപോലെ നാത്തൂൻമാരെ ചെകുത്താൻ കുരിശ് കാണുന്ന പോലെ കണ്ടിരുന്ന ലില്ലിക്കുട്ടക്ക് ,തന്റെ കെട്ടിയോൻ അവർക്ക് കാശോ സ്വർണ്ണമോ കൊടുക്കും എന്നറിയാവുന്നതുകൊണ്ട് അങ്കലാപ്പിലായി. അവരെ കണ്ടപ്പോൾ ചിരിച്ചെങ്കിലും ലില്ലിക്കുട്ടിയുടെ മോന്ത കരിക്കലം പോലെ ആയി.. പെങ്ങൾക്കും അളിയനും ഊണ് കൊടുക്കാൻ ചിക്കൻ കറി വയ്ക്കാൻ ജോസൂട്ടിയും കൂടെ കൂടി.. രാത്രി ഊണ് കഴിക്കാൻ ചോറ് എടുത്ത് മേശപ്പുറത്ത് വച്ചു.. നാത്തൂനോട് ഉണ്ടായ എല്ലാ കുശുമ്പോടും കുന്നായ്മയോടും കൂടി ലില്ലിക്കുട്ടി ചിക്കൻ കറിയുമായി വന്നു.. പാത്രത്തിന്റെ കുഴപ്പമോ ലില്ലിക്കുട്ടിയുടെ കുഴപ്പമോ ചിക്കൻ കറി പാത്രം മേശയിൽ വച്ചതിന് കുറച്ച് ശക്തി കൂടി .ചിക്കൻ ചാറ് മേശപ്പുറത്ത് പൂക്കളമിട്ടു .. പെങ്ങളുളുടേയും അളിയന്റേയും മുഖം വല്ലാതെയായി ..
ജോസൂട്ടി ലില്ലിക്കുട്ടിയെ നോക്കി അടുക്കളയിലേക്ക് വരാൻ കണ്ണുകാണിച്ചിട്ട് അടുക്കളയിലേക്ക് പോയി.. ചാടിത്തുള്ളി ലില്ലിക്കുട്ടി അടുക്കളയിൽ ചെന്നതും ജോസൂട്ടി കഴുത്തിന് പിടിച്ച് ലില്ലിക്കുട്ടിയെ ഭിത്തിയോട് ചേർത്ത് നിർത്തി.. കണ്ണും മിഴിച്ച് ശ്വാസം മുട്ടി നിൽക്കുന്നതിടയിലും തന്റെ നേർക്ക് വരുന്ന ജോസൂട്ടിയുടെ മുട്ടുകാൽ ലില്ലിക്കുട്ടി കണ്ടു.. ഒരു തൊഴി കിട്ടിയാൽ നാണക്കേടാകും .. തനിക്ക് ആരുടേം മുമ്പിൽ വിലയുണ്ടാവില്ല. നാത്തൂൻ എല്ലാവരോടും പറഞ്ഞ് നടക്കുകയും ചെയ്യും.. ഒരു മിന്നായം പോലെ എല്ലാം ഓർത്തപ്പോൾ ലില്ലിക്കുട്ടിക്ക് ബോധം കെടാൻ തോന്നി .. പിന്നെ ഒട്ടും അമാന്തിച്ചിച്ചില്ല.. അടുത്തു കണ്ട പാത്രം കൈ നീട്ടി തട്ടി താഴെയിട്ടു കൊണ്ട് ഒറ്റ ബോധം കെടൽ..
തീരെ വെളിവും ബോധവും ഇല്ലാത്ത തന്റെ ഭാര്യ ബോധംകെട്ട് താഴെ വീണത് കണ്ട് ജോസൂട്ടിയും ഒരു നിമിഷം അന്തം വിട്ടുനിന്നു. പാത്രം താഴെ വീണ ഒച്ച കേട്ട് പെങ്ങളും അളിയനും ഓടി വന്നു.. ലില്ലിക്കുട്ടിയുടെ പോയ ബോധം തിരിച്ച് വരുത്താൻ നാത്തൂൻ മുഖത്ത് വെള്ളം തളിച്ചു.. വെള്ളം തളിച്ചിട്ടും അനങ്ങിയില്ല ലില്ലിക്കുട്ടി.. ലില്ലിക്കുട്ടി ആരാമോള് .. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങൂല്ല എന്ന മട്ടിൽ ബോധം കെട്ട് കിടന്നു.. ഈ ബോധം വെള്ളം തളിച്ചാൽ വരില്ല എന്ന് മനസിലാക്കിയ ജോസൂട്ടി പണ്ട് സ്ക്കൂളിൽ പഠിക്കുമ്പോൾ സാറന്മാര് നുള്ളുന്ന പോലെ ലില്ലിക്കുട്ടിയുടെ പിൻഭാഗത്ത് ഒന്നു നുള്ളി ..പതുക്കെ ആ നുള്ളലിന്റെ ശക്തി ഒന്നു കൂട്ടി.. കുറച്ചു കൂടി കഴിഞ്ഞാൽ അത്രയും ഭാഗത്തെ തൊലി ജോസൂട്ടിയുടെ കൈയിൽ ഇരിക്കുമെന്ന് മനസ്സിലായ ലില്ലിക്കുട്ടി പതിയെ കണ്ണു തുറന്നു.. എന്നിട്ട് ജോസൂട്ടിയെ നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി.. പാവം അളിയനും നാത്തൂനും ലില്ലിക്കുട്ടിക്ക് ബോധം വന്നതുകണ്ട് സന്തോഷിച്ചു.. കാര്യങ്ങൾ സംസാരിച്ചതിന് ശേഷം കുറച്ച് സ്വർണ്ണവും മണവാട്ടി പെണ്ണിന് (പെങ്ങളുടെ മകൾ) ഡ്രസ്സ് എടുക്കുന്നത് താനാണെന്നും ജോസൂട്ടി പറഞ്ഞു.. തന്റെ ബോധം കെടലും ,തനിക്ക് കിട്ടിയ ആ നുള്ളും, ഇനി ചിലപ്പോ കിട്ടാൻ സാദ്ധ്യതയുള്ള തൊഴിയും ഓർത്ത് ലില്ലിക്കുട്ടി ഒന്നും മിണ്ടാതെ നിന്നു..അടുത്ത ദിവസം രണ്ടു പേരോടും ഡ്രസ്സ് എടുക്കാൻ എത്താമെന്ന് പറഞ്ഞിട്ട് പെങ്ങളും അളിയനും അവർ തിരിച്ച് പോയി..
അങ്ങനെ പെങ്ങൾ പറഞ്ഞദിവസം ലില്ലിക്കുട്ടിയെയും കൂട്ടി മണവാട്ടി പെണ്ണിന് ഡ്രസ്സ് എടുക്കാൻ നഗരത്തിലെ പ്രശസ്തമായ ഒരു വസ്ത്രാലയത്തിൽ പോയി .. കൂടെ ലില്ലിക്കുട്ടിക്കും മക്കൾക്കും ഡ്രസ്സ് എടുക്കണം.. ജോസൂട്ടിയുടെ പെങ്ങളും മകളും കുറച്ച് ബന്ധുക്കളും അവിടെ എത്തിയിട്ടുണ്ടായിരുന്നു .. കടയിൽ ചെന്നതും സെയിൽസ് ഗേൾസ് അവരെ സ്വീകരിച്ചിരുത്തി.. സാരികൾ വാരി മുൻപിലിട്ടു. അതു കണ്ടപ്പോൾ ലില്ലിക്കുട്ടിയുടെ കുശുമ്പും കുശാഗ്രബുദ്ധിയും തലപൊക്കി .. ഡ്രസ്സ് എടുക്കുന്നത് നാത്തൂന്റെ മോൾക്കാണെങ്കിലും കാശു മുടക്കുന്നത് തന്റെ കെട്ടിയോനാണ്.. അപ്പോ തന്റെ ഇഷ്ടത്തിന് എടുത്താൽ മതി.. പെങ്ങൾ കൂടെ മകൾക്ക് ഇഷ്ടപ്പെടുന്ന സാരി ലില്ലിക്കുട്ടിക്ക് ഇഷ്ടപ്പെടില്ല ..അഥവാ ഇഷ്ടപ്പെട്ടാലും അവർക്ക് ഇഷ്ടപ്പെട്ടത് താൻ എടുക്കാൻ സമ്മതിക്കില്ലാ എന്ന് ലില്ലിക്കുട്ടി മനസ്സാൽ ഉറപ്പിച്ചു .. സെയിൽസ് ഗേൾ കൊച്ച് സാരി വിടർത്തിയും മടക്കിയും മടുത്തു .. ജോസൂട്ടി ഇതൊക്കെ മാറി നിന്ന് നിശബ്ദം കണ്ടു നിന്നു..
കുറേ നേരമായിട്ടും സാരി എടുക്കുന്നതിൽ ഒരു പുരോഗതിയും ഇല്ല.. ലില്ലിക്കുട്ടി തന്റെ കലാ പരിപാടി നിർബാധം തുടർന്നുകൊണ്ടിരുന്നു.. അവസാനം പെങ്ങളുടെ മകൾ തന്നെ തനിക്ക് ഇഷ്ടപ്പെട്ട മനോഹരമായ ഒരു സാരി എടുത്ത് ഇത് മതിയെന്ന് എവിടുന്നോ കിട്ടിയ ധൈര്യത്തിൽ പറഞ്ഞു.. നമ്മുടെ ലില്ലിക്കുട്ടിക്ക് അത് തീരെ പിടിച്ചില്ല.. ആ സാരി അവൾക്ക് ചേരില്ലെന്ന് ലില്ലിക്കുട്ടി തർക്കിച്ചു. ഇതൊക്കെ കണ്ട് എന്തു ചെയ്യണമെന്നറിയാതെ സെയിൽസ് ഗേൾ കൊച്ച് വിഷമിച്ചു നിന്നു..പെട്ടന്നാണ് ജോസൂട്ടി അവരുടെ അടുത്തേക്ക് വന്നത്.. മരുമകൾ എടുത്തു വച്ച സാരി തന്നെ പാക്ക് ചെയ്ത് ബില്ലടിച്ചോളാൻ സെയിൽസ് ഗേളിനോട് പറഞ്ഞു .. ലില്ലിക്കുട്ടിക്ക് അത് തീരെ ഇഷ്ടമായില്ല. തന്റെ അഭിമാനത്തിന് ക്ഷതമേറ്റത് ലില്ലിക്കുട്ടിയെ തെല്ല് ചൊടിപ്പിച്ചു ..
"ഓ..ഇതെന്റെ കെട്ടിയോനാന്നേ.. ജോസൂട്ടി ..ഇങ്ങേരുടെ പെങ്ങൾടെ മകൾക്കാ സാരി എടുക്കുന്നത്. അല്ലേലും ഇവറ്റകൾക്കൊന്നും തീരെ കളർ സെൻസില്ല "...
എന്ന ലില്ലിക്കുട്ടി ഇച്ചിരി ഉറക്കെ സെയിൽസ് ഗേളിനോട് പറഞ്ഞ് തിർന്നതും
പെട്ടന്നാണ് "പ്ടേ "എന്നൊരു ഒച്ച കേട്ടത്.. ലില്ലിക്കുട്ടിയുടെ മുൻപിൽ ജോസൂട്ടി വിറഞ്ഞു തുള്ളി നിൽക്കുന്നു. ലില്ലിക്കുട്ടി ഒരു കൈ കൊണ്ട് കവിൾ പൊത്തി നിൽക്കുന്നു. കണ്ണിൽ കൂടി കുടുകുടാ കണ്ണീര് വരുന്നുണ്ട്. കടയിലെ ജീവനക്കാരും കസ്റ്റമേഴ്സും അന്ധാളിച്ച് നിന്നു. അന്തം വിട്ട് നിന്ന എല്ലാവരെയും ജോസൂട്ടി ഒന്നു നോക്കി.. എന്നിട്ട് വളരെ സമാധാനത്തോടെ എല്ലാവരോടുമായി പറഞ്ഞു..
"അല്ല പിന്നെ.. നിവൃത്തിയില്ലെങ്കിൽ നീതിമാൻ എന്തു ചെയ്യും.. ഇതൊക്കെ തന്നെ ചെയ്യും."
ഈ ഡയലോഗ് കേട്ടതും ആ കടയിൽ വന്ന പല തരുണീമണികളും കൂടുതലൊന്നും വാരിവലിച്ചിട്ട് അവിടുത്തെ സെയിൽസ് ഗേൾസിനെ ബുദ്ധിമുട്ടിക്കാതെ പെട്ടന്ന് സാരിയുമെടുത്ത് കാശും കൊടുത്ത് വീട്ടിൽ പോയി ..
എന്നാലും ഇപ്പോഴും ലില്ലിക്കുട്ടിക്ക് ഒരു മാറ്റമൊന്നുമില്ല.. അടിച്ച വഴിയേ പോയില്ലെങ്കിൽ പോയ വഴിയേ അടിക്കുക എന്ന് പറഞ്ഞതുപോലെ ജോസൂട്ടി ഇന്നും ലില്ലിക്കുട്ടിയെ സ്നേഹിക്കുന്നു. (സഹിക്കുന്നു).. ലില്ലിക്കുട്ടിയുടെ ലീലാവിലാസങ്ങൾ ഇന്നും തുടരുന്നു.. അല്ലെങ്കിലും ജോസൂട്ടി സമാധാനപ്രീയനാണല്ലോ?
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo