Slider

ഞങ്ങളുടെ ദു:സ്വപ്നങ്ങളിലെ ഏകകേന്ദ്രവൃത്തങ്ങള്‍

0
ഞങ്ങളുടെ ദു:സ്വപ്നങ്ങളിലെ ഏകകേന്ദ്രവൃത്തങ്ങള്‍
****************************************************************************
ഞാനും എന്റെ കൂട്ടുകാരനും പഠിക്കുന്നത് ഒരു വല്ലാത്ത സ്കൂളിലാണ്.ഇത് ഒരു ഇരുണ്ട കാലഘട്ടമാണ്.നിങ്ങള്‍ക്ക് വിചിത്രമെന്നു തോന്നാവുന്ന ,ഒരു ദു:സ്വപ്നത്തിലെ ചുവന്ന വെളിച്ചം എല്ലാത്തിനെയും ചൂഴ്ന്നുനില്‍ക്കുമ്പോള്‍ ഞങ്ങള്‍ കൌമാരത്തിലൂടെ കടന്നുപോകുന്നു.
സ്കൂളിന്റെ കാര്യം തന്നെയെടുക്കുക.ഒരു ഗണിതനിര്‍മ്മിതി പോലെയായിരുന്നു അതിന്റെ രൂപം.ഒരു കേന്ദ്രബിന്ദുവും അതിന്റെ ചുറ്റിനും ഇരുപത്തിയൊന്‍പതു വൃത്തങ്ങളും ..ഈ വൃത്തങ്ങളെ എല്ലാം ചുറ്റി ഒരു വലിയ സമചതുരവും.എന്റെ കൂട്ടുകാരന്‍ പറയുന്നത് പതിനാല് വൃത്തങ്ങളെ ഉള്ളുവെന്നാണ്.അതും ഞങ്ങളുടെ സ്കൂളിന്റെ വിചിത്രമായ ഘടനയുടെ ജ്യാമിതിയ മാന്ത്രികതയാണ്.നമ്മുടെ വീക്ഷണകോണുകള്‍ അനുസരിച്ച് സ്കൂളിന്റെ രൂപം മാറുന്നത് പോലെ തോന്നാം.എന്നാലും സ്വഭാവം ഒന്ന് തന്നെ.
കുട്ടികളുടെ ശബ്ദം ഉയരാത്ത സ്കൂള്‍.അത് അതിന്റെ പല പ്രത്യേകതകളില്‍ ഒന്നായിരുന്നു.
“കുട്ടികളുടെ ശബ്ദം ഉയര്‍ന്നാല്‍ കാലക്രമേണ ഈ ഗണിതരൂപം ,ഇതിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനം തകര്‍ന്നു പോകും.”സ്കൂളിന്റെ പ്രിന്‍സിപ്പല്‍ പറഞ്ഞുവത്രേ.
അതിനെപ്പറ്റി പല കഥകളും കുട്ടികള്‍ക്കിടയിലെ മൗനത്തില്‍,അവര്‍ക്കിടയിലെ ദീര്‍ഘനിശ്വാസങ്ങളില്‍ പ്രവഹിക്കുന്നുണ്ട്.അതിലൊന്ന് പണ്ട് ,വളരെപണ്ട് ,ഈ സ്കൂള്‍ ഒരു സാധാരണ സ്കൂള്‍ ആയിരുന്നുവത്രേ. പൊളിഞ്ഞു കിടക്കുന്ന ക്ലാസ്റൂമുകളും, അടർന്ന ചുമരുകളും സദാ അലയ്ക്കുന്ന കുട്ടികളും. അതായിരുന്നു പണ്ട് ഈ സ്കൂള്‍.
“അലയ്ക്കുക കുട്ടികളുടെ അവകാശമാണ് .അവര്‍ അലച്ചു കൊള്ളട്ടെ.” സ്കൂള്‍ ഇരിക്കുന്ന സ്ഥലം അന്നത്തെ മുതലാളിമാരില്‍ നിന്ന് സമരം ചെയ്തു വാങ്ങിയ പൂര്‍വപിതാക്കന്മാര്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ കടന്നു പോയി.പലപ്പോഴും കാറ്റില്‍ ഭിത്തികള്‍ തകര്‍ന്നു വീണ് കുട്ടികള്‍ മരിക്കും.അങ്ങിനെയിരിക്കെ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ അന്നത്തെ കുട്ടികള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്നു.ഭാവങ്ങളില്ലാത്ത മുഖവും വികാരമില്ലാത്ത കണ്ണുകളും ,പറയുന്നത് മുഴുവന്‍ സത്യമാണ് എന്ന് നിങ്ങള്‍ക്ക് തോന്നിക്കുന്ന ശബ്ദവും അയാളുടെ പ്രത്യേകതയായിരുന്നു.
അയാള്‍ക്ക് ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു.വൈസ് പ്രിന്‍സിപ്പല്‍ എന്ന് വിളിക്കുന്ന അയാളുടെ സുഹൃത്ത്‌.അയാളായിരുന്നു പ്രിന്‍സിപ്പലിന് വേണ്ട തത്വങ്ങളും ഉപദേശങ്ങളും നല്‍കിക്കൊണ്ടിരുന്നത്.വൈസ് പ്രിന്‍സിപ്പലിന് ഒരു ഉപദേശിയുടെ സ്ഥാനമാണ്.സ്കൂളിന്റെ ഗണിതനിര്‍മ്മിതിയും ,എല്ലാം ചൂഴ്ന്നു നില്‍ക്കുന്ന നിശബ്ദതയും അയാളുടെ സംഭാവനയാണ്.
“പ്രണയം പാടില്ല.കൂട്ടുകൂടുവാന്‍ പാടില്ല.ചോദ്യം ചെയ്യുവാന്‍ പാടില്ല.”വൈസ് പ്രിന്‍സിപ്പലിന്റെ പ്രധാനനിബന്ധന ഇതായിരുന്നു.
അത് സ്വര്‍ണ്ണഫലകത്തില്‍ സ്കൂളിന്റെ മുന്‍ഭാഗത്ത്‌ ഒട്ടിച്ചുവച്ചു.
ഇരുണ്ടനിറമുള്ള ഭിത്തികള്‍ക്കിടയില്‍ കുട്ടികള്‍ പഠിച്ചു .ഞങളുടെ തലമുറ എത്തിയപ്പോള്‍ ചിരിയും പ്രണയവും ശബ്ദവും ജീനുകളില്‍ നിന്ന് മാഞ്ഞുപോയിരുന്നു.ഞങ്ങള്‍ക്ക് ചുംബിക്കാനോ, പൊട്ടിച്ചിരിക്കാനോ അറിയില്ലായിരുന്നു.
ഞങളെ പഠിപ്പിക്കുവാന്‍ അധ്യാപകര്‍ ക്ലാസില്‍ വന്നില്ല..അതായിരുന്നു സ്കൂളിന്റെ മറ്റൊരു പ്രത്യേകത. ചെറിയ ക്യാബിനിലെ വലിയ പുസ്തകയലമാരകള്‍ക്കിടയില്‍ ഞങ്ങളുടെ അധ്യാപകര്‍ വസിച്ചു.
ഞങ്ങള്‍ക്ക് അവരെ കാണേണ്ട കാര്യമോന്നും ഉണ്ടായിരുന്നില്ല.കാരണം ഞങ്ങള്‍ക്ക് വേണ്ട പഠനവിഷയങ്ങളും അവയിലെ പാഠങ്ങളും കാണാതെ പഠിക്കുക എന്ന ജോലി മാത്രമേ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ.അവയെല്ലാം പ്രിന്‍സിപ്പല്‍ ഞങ്ങള്‍ക്ക് വേണ്ടി പണ്ടേ ഒരുക്കിവച്ചിരിക്കുന്നതാണ്..ഞങള്‍ പരീക്ഷക്ക് വേണ്ടി മാത്രമേ അധ്യാപകരുടെ അടുത്ത് പോകാറുണ്ടായിരുന്നുള്ളൂ.വിരികള്‍ കൊണ്ട് മറച്ച ക്യാബിനില്‍ ഇരുന്നു അവര്‍ ഞങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കും.ഞങള്‍ ഉത്തരം കാണാതെ പറയും.
ഞങ്ങള്‍ അവരെ അപൂര്‍വമായേ നേരിട്ട് കാണാറുള്ളു.അവരെ നേരിട്ട് കാണുന്നത് അവിടെനിന്ന് പുറത്താകുമ്പോഴാണ്.
സംശയം ചോദിക്കാന്‍ തുടങ്ങുമ്പോഴാണ് അവര്‍ നിങ്ങളെ പുറത്താക്കുന്നത്.സംശയം പാപമാണ്.
നിങ്ങളുടെ പെന്‍സില്‍ നിങ്ങളുടെ സഹപാഠി മോഷ്ടിച്ചാല്‍ നിങ്ങള്‍ക്ക് ദേഷ്യത്തില്‍ അവനെ വേണമെങ്കില്‍ കൊല്ലാം.സ്കൂള്‍ അത് ക്ഷമിക്കും.പക്ഷെ സംശയം,അത് സ്ക്കൂള്‍ വച്ച് പൊറുപ്പിക്കില്ല.സ്കൂള്‍ നിങ്ങളെ വധിക്കും.
സ്കൂളിനു പുറത്തുഞങ്ങള്‍ ആരും പോയിട്ടില്ല.ഈ ഏക കേന്ദ്ര വൃത്തങ്ങള്‍ ഒരു വലിയ സമചതുര മതില്‍ക്കെട്ടില്‍ അടച്ചിട്ടിരിക്കുകയാണ്.ആരും അതിലേക്ക് വരികയോ പുറത്തു പോവുകയോ ചെയ്യുന്നില്ല.അത് മരണത്തെക്കാള്‍ ഭയാനകമാണ് .ആ മതില്‍ കടന്നാല്‍ എങ്ങും തീക്കടലും ചീറ്റുന്ന അഗ്നിപര്‍വതങ്ങളും വിഴുങ്ങാന്‍ വാ പിളര്‍ന്നു കാത്തിരിക്കുന്ന ഭീകരസര്‍പ്പങ്ങളുമാണ് ഉള്ളത് എന്നാണ് ഞങ്ങള്‍ പഠിച്ചിരിക്കുന്നത്.പോയവര്‍ തിരിച്ചുവന്നിട്ടില്ല.
ഞങള്‍ ഒരിക്കലും കേന്ദ്രബിന്ദുവിലെ മുറിയില്‍ കഴിയുന്ന പ്രിന്‍സിപ്പലിനെ കണ്ടിട്ടില്ല.ഓരോ ക്ലാസ്സും കാണാതെ പഠിച്ചു പാസായി വര്‍ഷങ്ങള്‍ എടുക്കും ഈ വ്യത്തങ്ങൾ കടന്നു കേന്ദ്രബിന്ദുവിന്റെ സമീപമെത്താന്‍.ഞങള്‍ ഇതിന്റെ ഏറ്റവും അവസാനത്തെ ചുറ്റിലെ ഏറ്റവും അവസാനത്തെ ക്ലാസ് മുറിയിലായിട്ടെയുള്ളൂ.
ഞങളെ നിരീക്ഷിക്കാന്‍ എല്ലായിടത്തും ക്യാമറ വച്ചിട്ടുണ്ട്.സംസാരിച്ചാല്‍ ,സംശയം ചോദിച്ചാല്‍ ,ഉടന്‍ സ്കൂള്‍ മുഴുവന്‍ ചുവന്ന പ്രകാശത്തില്‍ കുളിക്കും.സൈറന്‍ മുഴുങ്ങും.മൂന്നുതവണ വാണിംഗ് തരും.വീണ്ടും ലംഘിച്ചാല്‍ നിങ്ങളെ പ്രിന്‍സിപ്പലിന്റെ ശക്തരായ അറ്റണ്ടര്‍മാര്‍ വന്നു കേന്ദ്രബിന്ദുവിലേക്ക് വലിച്ചിഴക്കും.അവിടെനിന്ന് നിങ്ങള്‍ പുറത്തുവരികയില്ല.ഈ അക്കാദമിക്ക് ഇയറില്‍ത്തന്നെ നാല് മുതിര്‍ന്നകുട്ടികള്‍ക്ക് അങ്ങനെ ശിക്ഷ ലഭിച്ചിട്ടുണ്ട്.
ഞങള്‍ ഇപ്പോള്‍ നില്‍ക്കുന്നത് ക്ലാസ് അധ്യാപകന്റെ ക്യാബിനു മുന്‍പിലാണ്.എന്നെ അനുമോദിക്കുവാനും കൂട്ടുകാരനെ വഴക്ക് പറയുവാനുമാണ് വിളിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഞങ്ങള്‍ തമ്മില്‍ നടന്ന സംഭാഷണമാണ് അതിന്റെ കാരണം.
കാണാതെ പഠിച്ചു പഠിച്ചു തലച്ചോറില്‍ കറുത്ത കളങ്ങള്‍ വിരിഞ്ഞപ്പോള്‍ ഞാന്‍ സ്ഥലകാലങ്ങള്‍ മറന്നുപോയി. ഞങ്ങളുടെ റിസള്‍ട്ട് നാളെ വരാന്‍ ഇരിക്കുകയാണ്.ഞങ്ങള്‍ ഏതു ക്ലാസിലാണ് ഇപ്പോള്‍ പഠിക്കുന്നത് എന്ന് ഞാന്‍ കൂട്ടുകാരനോട് ചോദിച്ചു.അത് വരെ ഞാന്‍ മറന്നുപോയിരുന്നു.
ചിരിക്കാന്‍ പാടില്ലാത്തത് കൊണ്ട് അവന്‍ ചിരിച്ചില്ല.പിന്നെ പറഞു.
“നീയും അത് തന്നെയാണോ ചിന്തിച്ചത് ?”
“എന്ത് ?”
“ഞാന്‍ ഒരിക്കല്‍ പഠിച്ച ക്ലാസ് മറന്നു പോയി.പ്രിന്‍സിപ്പലിനെ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല എന്ന സമസ്യയായിരുന്നു ഞാന്‍ ആലോചിച്ചു വശായത്.നീയും അത് തന്നെയാണോ ആലോചിച്ചത് ?
”
“അല്ല.പക്ഷേ നീ ആ സമസ്യക്ക് പരിഹാരം കണ്ടെത്തിയോ ?”
“എനിക്ക് ആദ്യം തോന്നിയത് പ്രിന്‍സിപ്പല്‍ ഇല്ല എന്നാണു.പിന്നെ തോന്നിയത് പ്രിന്‍സിപ്പല്‍ ഒരാളല്ല എന്നാണ്.ഓരോ കാലങ്ങളില്‍ ഓരോ പ്രിന്‍സിപ്പല്‍മാര്‍ കേന്ദ്രബിന്ദുവില്‍ മാറിമാറി വരും.അവര്‍ കാണാതെപഠിക്കുവാന്‍ ഉള്ള പാഠങ്ങള്‍ അധ്യാപകര്‍ വഴി നമ്മുക്ക് തരുന്നു.വര്‍ഷങ്ങള്‍ എടുത്തു ഈ വൃത്തങ്ങളുടെ രഹസ്യങ്ങള്‍ കടന്നു കേന്ദ്രബിന്ദുവിന്റെ അരികില്‍ എത്തിയാല്‍ ഒരു പക്ഷെ നീയും നാളെ പ്രിന്‍സിപ്പല്‍ ആയേക്കാം.”
ഞങ്ങള്‍ തമ്മില്‍ ഉള്ള ഈ സംഭാഷണം ക്യാമറകള്‍ കേന്ദ്രബിന്ദുവില്‍ എത്തിച്ചിരിക്കുന്നു.കാണാതെ പഠിക്കുന്നതില്‍ എന്റെ ആത്മാര്‍ത്ഥതയും പ്രിന്‍സിപ്പലിനെക്കുറിച്ചുള്ള അവന്റെ സംശയവും പ്രിന്‍സിപ്പല്‍ അറിഞ്ഞിരിക്കുന്നു.
ഞങ്ങള്‍ കാത്തുനില്‍ക്കുമ്പോള്‍ ഒരു പെണ്‍കുട്ടി അധ്യാപകന്റെ മുറിയില്‍ നിന്നിറങ്ങി വന്നു.അവളുടെ ചുണ്ടില്‍ ഒരു ഗൂഡസ്മിതം ഉണ്ടായിരുന്നു.ഞാന്‍ ആദ്യമായാണ് ഒരു പെണ്ണ് ചിരിക്കുന്നത് കാണുന്നത്.ഹാ!എനിക്ക് അത് വിവരിക്കുവാന്‍ കഴിയുന്നില്ല.അവളുടെ കയ്യില്‍ ഒരു പുസ്തകവുമുണ്ടായിരുനു.
“അധ്യാപകന്‍ സാധാരണ പുസ്തകം തരാറില്ലല്ലോ,ഇതെവിടുന്നു കിട്ടി. “എന്റെ കൂട്ടുകാരന്‍ അവളോട്‌ ചോദിച്ചു.
അവള്‍ ചുവന്ന ചുണ്ടുകള്‍ നനച്ചു കൊണ്ട് ഞങ്ങളെ നോക്കി.
“ഞാന്‍ സംശയം ചോദിക്കുവാന്‍ എന്ന ഭാവേന അധ്യാപകന്റെ അരികില്‍ ചെന്നു.പിന്നെ ഈ പുസ്തകം മോഷ്ടിച്ചു.”
“ഇവള്‍ പഴയ ഉപദേശി ,വൈസ് പ്രിന്‍സിപ്പലിന്റെ മകളാണ്.എന്തോ നിസ്സാരകാര്യത്തിനു പ്രിന്‍സിപ്പലും ഉപദേശിയുമായി തെറ്റി.പക്ഷെ പുറമേ അവര്‍ സൗഹൃദം ഭാവിക്കുന്നു.” കൂട്ടുകാരന്‍ എന്റെ ചെവിയില്‍ മന്ത്രിച്ചു.
“നിങ്ങള്‍ വേഗം അകത്തു ചെന്ന് അധ്യാപകനെ കാണു.ഏറ്റവും എളുപ്പം ക്ലാസുകളില്‍ ജീവിക്കാതെ കേന്ദ്രബിന്ദുവില്‍ എത്തി പ്രിന്‍സിപ്പലാകാന്‍ ഉള്ള മാര്‍ഗം ഈ പുസ്തകത്തില്‍ ഉണ്ട്.നിങ്ങള്‍ക്കറിയാമോ കുട്ടികള്‍ ശബ്ദമുണ്ടാക്കരുത് എന്ന നിയമം അവര്‍ വളച്ചൊടിച്ചതാണ്.യഥാര്‍ത്ഥത്തില്‍ പരീക്ഷ നടത്തുമ്പോള്‍ മാത്രമേ മിണ്ടാതിരിക്കണ്ട ആവശ്യമുള്ളുവെന്ന് ഇതില്‍ പറയുന്നുണ്ട്..”
"ഏതാണ് ആ പുസ്തകം ?"
"ഇത് സ്കൂളിന്റെ ഭരണഘടനയാണ്.എന്റെ അച്ഛനും പ്രിന്‍സിപ്പലും ഇത് കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മറച്ചുവച്ചിരിക്കുകയായിരുന്നു ."പിന്നെ ഒരു നിമിഷം നിര്‍ത്തി അവള്‍ എന്തോ ആലോചിച്ചു.പിന്നെ തുടര്‍ന്നു.
"മറച്ചുവച്ചു എന്ന് പറയാന്‍പറ്റില്ല.ആദ്യകാലത്ത് മറച്ചുവച്ചു.പിന്നീട് അതുള്ള കാര്യം തന്നെ എല്ലാവരും മറന്നു.അച്ഛനും പ്രിന്‍സിപ്പലും വഴക്കായപ്പോഴാണ് അച്ഛന്‍ ഇതേക്കുറിച്ച് ഓര്‍ത്തത്."
"ഇത്കൊണ്ടെന്ത് കാര്യം ?"
"ഞാനിതു പഠിക്കും.എല്ലാ ക്ലാസിലും ഇതെത്തിക്കും.ചിരിക്കാനും പ്രേമിക്കാനുമുള്ള അവകാശത്തെക്കുറിച്ച് ഇതേക്കുറിച്ച് പറയുന്നുണ്ട്."അത് പറയുമ്പോള്‍ അവളുടെ ശബ്ദം മധുരതരവും നോട്ടം പ്രേമവായ്പില്‍ നിറഞ്ഞതുമായി എനിക്ക് തോന്നി.
അവള്‍ അതുമായി നടന്നു നീങ്ങാന്‍ തുടങ്ങവേ ഞാന്‍ അവളുമായി പ്രണയത്തിലായി കഴിഞ്ഞിരുന്നു.
അധ്യാപകന്റെ മുറിയിലേക്ക് കടക്കാന്‍ തുടങ്ങിയപ്പോള്‍ കൂട്ടുകാരന്‍ തടഞ്ഞു.
“അവള്‍ അധ്യാപകനെ കൊന്നായിരിക്കും ആ പുസ്തകം കൈക്കലാക്കിയത്.അധ്യാപകന്റെ കൊലപാതകവും നമ്മുടെ തലയില്‍ വരും.”
അപ്പോള്‍ ഞാന്‍ അവളുടെ പിറകെ പോകാന്‍ തുടങ്ങി.കൂട്ടുകാരന്‍ അതും തടഞ്ഞു.
“നീ ഇപ്പോള്‍ അവളുമായി പ്രണയത്തിലാണ്.അതും അപകടമാണ്.”അവന്‍ പറഞ്ഞു.
"അതിലെന്താണ് അപകടം? ."ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു.
"അവള്‍ ഇത്ര സാഹസികമായി ഇതിന്റെ പുറകെപോകുന്നത് ഒടുവില്‍ അവള്‍ക്ക് പ്രിന്‍സിപ്പലാകാന്‍ വേണ്ടിയാണ്.അവള്‍ പ്രിന്‍സിപ്പലായാലും വലിയ മാറ്റമൊന്നും വരില്ല.ഒരുപക്ഷെ ഇതിനേക്കാള്‍ പരിതാപകരമായേക്കാം."
എനിക്ക് വല്ലാത്ത നിരാശ തോന്നി.
“ഞാന്‍ ഇതിനെക്കുറിച്ച് ഒരു പുസ്തകം ,അല്ലെങ്കില്‍ കഥ എഴുതിയാലോ എന്ന് ആലോചിക്കുകയാണ്."ഞാന്‍ പറഞ്ഞു.
“അത്കൊണ്ട് വലിയ പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല.”എന്റെ കൂട്ടുകാരന്‍ പറഞ്ഞു.
“കാരണം നമ്മള്‍ കാണുന്നത് ഒരു വല്ലാത്ത സ്വപ്നമാണ്.ഒരു ദു:സ്വപ്നം.നീയിത് എഴുതിയാലും ആരും വിശ്വസിക്കണമെന്നില്ല.നമ്മുടെ സ്വപ്നങ്ങള്‍ നല്ലതാണെങ്കിലും ചീത്തയെങ്കിലും യാഥാര്‍ഥ്യമാകാതെ മറ്റുള്ളവര്‍ വിശ്വസിക്കില്ല. “
“നീയിപ്പോള്‍ സ്കൂളിനെ പോലെ സംസാരിക്കുന്നു.”
ഞാന്‍ അവനെ കുറ്റപ്പെടുത്തി.
ഞങ്ങള്‍ ഈ ഏക കേന്ദ്രവൃത്തങ്ങളുടെ ഇടയിലെ ഇടനാഴിയില്‍ കാത്തുനില്‍ക്കുകയാണ്.ഇവിടെ കാലം നിശ്ചലമാണ്.ആരാവും ഞങളെ രക്ഷിക്കുവാന്‍ വരിക ?
ഇത് ഒരു ഇരുണ്ട കാലഘട്ടമാണ്.നിങ്ങള്‍ക്ക് വിചിത്രമെന്നു തോന്നാവുന്ന ഈ ദു:സ്വപ്നത്തിലെ ചുവന്ന വെളിച്ചം എല്ലാത്തിനെയും ചൂഴ്ന്നുനില്‍ക്കുമ്പോള്‍ ഞങ്ങള്‍ കൌമാരത്തിലൂടെ കടന്നുപോകുന്നു.
(അവസാനിച്ചു )
കുറിപ്പുകള്‍ :
"മനുഷ്യനെ അവന്റെ ചരിത്രത്തിലൂടനീളം ഭയപ്പെടുത്തിയ കാര്യം അവന്റെ അസ്തിത്വമായിരുന്നു.സ്വയം ആരാണ്,എങ്ങോട്ട് പോകുന്നു എന്ന സംശയത്തിന്റെ കടലില്‍ ഉഴറിയ മനുഷ്യനെ എന്നും ആശ്വസിപ്പിച്ചത്‌ രാഷ്ട്രീയത്തിലെയും മതത്തിലെയും വിദ്യാഭാസത്തിലെയും അധികാരകേന്ദ്രങ്ങളാണ്.അവര്‍ നമ്മുക്ക് അവരുടെ നിയമങ്ങളും ,ചട്ടങ്ങളും ,ഉത്തരവുകളും അടിച്ചേല്‍പ്പിച്ച് നമ്മുടെ മനസ്സിനെ അവരുടെ വീക്ഷണത്തിന് അനുസരിച്ച് രൂപപ്പെടുത്തി.നിങ്ങള്‍ അവരെ ചോദ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ തിരിച്ചറിവ് തുടങ്ങുകയായി."
-തിമോത്തി ലിയറി ,പ്രശസ്ത അമേരിക്കന്‍ ചിന്തകന്‍
"ഒരു സമൂഹത്തെ നശിപ്പിക്കുവാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം അവരുടെ ചരിത്രം അവരില്‍ നിന്ന് മറച്ചുവയ്ക്കുന്നതും അത് വളച്ചൊടിക്കുന്നതുമാണ്" -ഓര്‍വെല്‍

Anish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo