നീ തിരയുന്നൊരു സ്വര്‍ണ്ണനക്ഷത്രമത്സ്യം
***************************************
നീണ്ട പത്തുവര്‍ഷത്തെ എഴുത്തിലെ ഇടവേളക്ക് ശേഷം ഗായത്രിയില്‍ കവിതയുണര്‍ന്നത് ഒരുച്ച നേരത്തായിരുന്നു.തികച്ചും സാധാരണമായ ഒരു മധ്യാഹ്നം തന്നെയായിരുന്നു അത്.അവള്‍ ഫ്ലാറ്റില്‍ അലസമായ ഒരു ഉച്ചമയക്കത്തിന് വേണ്ടി ജനാലവിരികള്‍ താഴ്ത്തി കിടക്കുവാന്‍ തയ്യാര്‍ എടുക്കുകയായിരുന്നു.ഫ്ലാറ്റിനു പുറത്തു നഗരത്തില്‍ നിശബ്ദമായ ഒരു പകല്‍ വലിയ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുകയാണ്.നഗരത്തിനു മുകളില്‍ മേഘരഹിതമായ ആകാശം ഒന്നും എഴുതാത്ത വെളുത്ത ഫൂള്‍സ്കാപ്പ് പേപ്പര്‍ പോലെ കാറ്റിനുവേണ്ടി അലസമായി കാത്തുനിന്നു.ആ പ്രചോദനം ,ഒരു മിന്നല്‍ പോലെയായിരുന്നു.തനിക്ക് വളരെ പ്രിയങ്കരനായ ഒരാളെ നാട്ടുവഴിയില്‍ സന്ധ്യയുടെ ചുവന്നു നേര്‍ത്തവെളിച്ചത്തില്‍ അപ്രതിക്ഷിതമായി കണ്ടുമുട്ടിയ പെണ്‍കുട്ടിയെപ്പോലെ അവളുടെ ദേഹം വിറകൊണ്ടു. വളരെക്കാലം വരണ്ടുകിടന്ന പാറയിടുക്കില്‍നിന്ന് ഒരു വേനല്‍മഴയ്ക്ക് ശേഷം പനച്ചുവരുന്ന വെള്ളത്തുള്ളികള്‍പോലെ ഒരു വെളിപാടായി കവിത അവളുടെ നെറുകയിലേക്ക് തണുത്തിറങ്ങി. പത്തുവര്‍ഷമായി ഉള്ളില്‍ അടഞ്ഞുകിടന്ന ഒരു വാതില്‍ ആരോ തുറക്കുന്നത് പോലെ ഗായത്രിക്ക് തോന്നി.
***************************************
നീണ്ട പത്തുവര്‍ഷത്തെ എഴുത്തിലെ ഇടവേളക്ക് ശേഷം ഗായത്രിയില്‍ കവിതയുണര്‍ന്നത് ഒരുച്ച നേരത്തായിരുന്നു.തികച്ചും സാധാരണമായ ഒരു മധ്യാഹ്നം തന്നെയായിരുന്നു അത്.അവള്‍ ഫ്ലാറ്റില്‍ അലസമായ ഒരു ഉച്ചമയക്കത്തിന് വേണ്ടി ജനാലവിരികള്‍ താഴ്ത്തി കിടക്കുവാന്‍ തയ്യാര്‍ എടുക്കുകയായിരുന്നു.ഫ്ലാറ്റിനു പുറത്തു നഗരത്തില്‍ നിശബ്ദമായ ഒരു പകല്‍ വലിയ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുകയാണ്.നഗരത്തിനു മുകളില്‍ മേഘരഹിതമായ ആകാശം ഒന്നും എഴുതാത്ത വെളുത്ത ഫൂള്‍സ്കാപ്പ് പേപ്പര്‍ പോലെ കാറ്റിനുവേണ്ടി അലസമായി കാത്തുനിന്നു.ആ പ്രചോദനം ,ഒരു മിന്നല്‍ പോലെയായിരുന്നു.തനിക്ക് വളരെ പ്രിയങ്കരനായ ഒരാളെ നാട്ടുവഴിയില്‍ സന്ധ്യയുടെ ചുവന്നു നേര്‍ത്തവെളിച്ചത്തില്‍ അപ്രതിക്ഷിതമായി കണ്ടുമുട്ടിയ പെണ്‍കുട്ടിയെപ്പോലെ അവളുടെ ദേഹം വിറകൊണ്ടു. വളരെക്കാലം വരണ്ടുകിടന്ന പാറയിടുക്കില്‍നിന്ന് ഒരു വേനല്‍മഴയ്ക്ക് ശേഷം പനച്ചുവരുന്ന വെള്ളത്തുള്ളികള്‍പോലെ ഒരു വെളിപാടായി കവിത അവളുടെ നെറുകയിലേക്ക് തണുത്തിറങ്ങി. പത്തുവര്‍ഷമായി ഉള്ളില്‍ അടഞ്ഞുകിടന്ന ഒരു വാതില്‍ ആരോ തുറക്കുന്നത് പോലെ ഗായത്രിക്ക് തോന്നി.
എന്നും ഉച്ചമയക്കത്തിനു സ്വീകരണമുറിയിലെ ദിവാനിലേക്ക് ചായാന്‍ നേരം കയ്യില്‍ കരുതുന്ന “സാഹിത്യശബ്ദം” മാസിക തിരികെവച്ച് മേശയുടെ അരികിലേക്ക് അവള്‍ നടന്നു.മേശയില്‍ ഇരുന്ന മൊബൈല്‍ഫോണ്‍ എടുത്തു അവള്‍ ഫെയ്സ്ബുക്ക് തുറന്നു.
“എറെ രാത്രികളില്‍
ഞാനെന്‍ സ്വപ്നങ്ങളില്‍
തിരഞ്ഞിട്ടും
പിടിതരാതിരുന്നൊരു
നീലശലഭമാണ് നീ ..”
ഞാനെന്‍ സ്വപ്നങ്ങളില്‍
തിരഞ്ഞിട്ടും
പിടിതരാതിരുന്നൊരു
നീലശലഭമാണ് നീ ..”
മഞ്ചാടിക്കുരു പൊഴിഞ്ഞുചിതറുന്നത് പോലെ ഗായത്രിയില്‍ വാക്കുകള്‍ ചിതറി വീണു.അവള്‍ ഫെയ്സ്ബുക്കിലെ ആ സാഹിത്യഗ്രൂപ്പിലെ കവിതാമത്സരത്തിന്റെ ലിങ്കില്‍ കയറി.”പ്രണയം” എന്ന വിഷയത്തിലായിരുന്നു മത്സരം .പത്തുവര്‍ഷത്തിന്റെ സമുദ്രനിശബ്ദത കടന്നു കവിതയുടെ ഹരിതശീതളിമ അവളെ ആലിംഗനം ചെയ്തു.വാക്കുകള്‍ നിലാത്തുള്ളികള്‍ പോലെ വിരലുകളില്‍ നിന്ന് മൊബൈലിന്റെ ചതുരവെളുപ്പിലേക്ക് ഇറ്റ്‌വീണു.
“ദൂരെ നീലമലകളില്‍
ചുംബിക്കും
വെള്ളമേഘ നൗകയെന്നപോല്‍
ഹൃദയഗിരികളില്‍
തൊടുന്നു നിന്‍
പ്രണയനൌകയെന്‍
പ്രിയനേ..”
ചുംബിക്കും
വെള്ളമേഘ നൗകയെന്നപോല്‍
ഹൃദയഗിരികളില്‍
തൊടുന്നു നിന്‍
പ്രണയനൌകയെന്‍
പ്രിയനേ..”
ഡോര്‍ ബെല്ലടിച്ചപ്പോഴാണ് ഗായത്രി ഞെട്ടിയുണര്‍ന്നത്.നേരം സന്ധ്യയായിരിക്കുന്നു. കവിത എഴുതിപ്പൂര്‍ത്തിയാക്കിയത് അവള്‍ പോലും അറിഞ്ഞില്ല.ആത്മാവില്‍ നിന്ന് മറ്റൊരു ഗായത്രി ഒരു ഗാഡനിദ്രയില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റു വന്നു എഴുതിയത് പോലെ.അവള്‍ പോയി വാതില്‍ തുറന്നു.
“എന്ത് പറ്റി ഗായത്രി ,മുഖമാകെ വിളറി വെളുത്ത്?”..കയ്യില്‍ ഇരുന്ന പച്ചക്കറി നിറച്ച കവര്‍ അവളുടെ കയ്യിലേക്ക് കൊടുത്തു ഷര്‍ട്ട് ഊരിക്കൊണ്ട് രഘു അവളോട് ചോദിച്ചു.
“ഹേയ്,ഒന്നൂല രഘുവേട്ടാ.ഞാനിപ്പോ ചായ കൊണ്ടുവരാം.”
സോഫയിലേക്ക് ചാരി ടി.വി ഓണ്‍ ആക്കുന്നതിനിടയില്‍ രഘു അടുക്കളയിലേക്ക് നടന്നുപോകുന്ന ഗായത്രിയെ ശ്രദ്ധിച്ചു.ഭാര്യയുടെ ചെറിയമാറ്റങ്ങള്‍ പോലും അയാള്‍ക്കറിയാം.അവര്‍ വിവാഹിതരായിട്ട് പത്തുവര്‍ഷമായി.രഘുവിന് നഗരത്തില്‍ ബിസിനസാണ്.
രാത്രി ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഗായത്രി മൊബൈല്‍ നോക്കുന്നത് രഘു കണ്ടു.അവള്‍ക്ക് ഫെയ്സ്ബുക്കും വാട്ട്സാപ്പും ഉപയോഗം വളരെക്കുറവാണ്.അയാള്‍ എന്നത്തെയും പോലെ പകലത്തെ ബിസിനസ് തിരക്കുകളുടെ കാര്യങ്ങള്‍ അവളോട് പറഞ്ഞു.അയാളുടെ വാക്കുകള്‍ക്ക് ഗായത്രി മറുപടി ഒരു മൂളലുകളില്‍ ഒതുക്കി. അയാള്‍ പറയുന്നത് അവള്‍ ശ്രദ്ധിക്കുന്നില്ല.അവളുടെ കണ്ണുകളില്‍ ഒരു പുതിയ തിളക്കം അയാള്‍ തിരിച്ചറിഞ്ഞു.എങ്കിലും അയാള്‍ ഒന്നും പറഞ്ഞില്ല.
നല്ല ക്ഷീണമുണ്ടായിരുന്നത് കൊണ്ട് അയാള്‍ നേരത്തെ കിടന്നു.ഗായത്രി അടുക്കളയിലെ പണിയൊതുക്കി അല്പം കഴിഞ്ഞേ ഉറങ്ങാന്‍ വരൂ.ഒന്ന് മയങ്ങിയുണര്‍ന്നപ്പോഴും ഗായത്രി അരികിലില്ല എന്ന് അയാള്‍ അറിഞ്ഞു.അയാള്‍ മെല്ലെ എഴുന്നേറ്റു മുറിയുടെ വാതില്‍ മെല്ലെത്തുറന്നു.
അരണ്ടവെളിച്ചത്തില്‍ ഹാളിലെ തീന്‍മേശക്കരികില്‍ ഗായത്രി ഇരിപ്പുണ്ട്.മേശയില്‍ ഇരിക്കുന്ന മൊബൈല്‍ഫോണിന്റെ ചെറിയ വെട്ടത്തില്‍ അവളുടെ മുഖം തിളങ്ങുന്നത് അയാള്‍ കണ്ടു.അവള്‍ ഈ ലോകത്തല്ല എന്ന് രഘുവിന് തോന്നി.ഗാഡമായ ആലോചനയില്‍ മുഴുകി ഒരു ശില്‍പം പോലെ അവള്‍ ആ ഫോണിലേക്ക് നോക്കിയിരിക്കുന്നു.അത് ഗായത്രിയല്ലെന്നു ഒരുനിമിഷം അയാള്‍ക്ക് തോന്നി.അവളെ വിളിക്കാന്‍ ഒന്നാഞ്ഞെങ്കിലും അയാള്‍ അത് വേണ്ടെന്നു വച്ച് തിരികെ കട്ടിലിനു അരികിലേക്ക് നടന്നു.
അല്പം കഴിഞ്ഞു ഗായത്രി അരികില്‍ വന്നു കിടന്നു.
അല്പം കഴിഞ്ഞു ഗായത്രി അരികില്‍ വന്നു കിടന്നു.
“രഘുവേട്ടാ ,ഞാനിന്നൊരു കവിതയെഴുതി.” അവളുടെ ശബ്ദം പതറിയിരുന്നു.
അയാള്‍ അത് കേട്ട് ഒന്ന് ഞെട്ടി.
“രാവിലെ നമ്മുടെയൊപ്പം പഠിച്ച ഗീതു വിളിച്ചിരുന്നു.അവളുടെ ഫെയ്സ്ബുക്കില്‍ കോളേജിലെ കുറെപ്പേര്‍ ഫ്രണ്ട്സ് ഉണ്ടെന്നു പറഞ്ഞു.ഇന്നുച്ചക്ക് അത് തപ്പി ചെന്നപ്പോഴാ ഒരു സാഹിത്യഗ്രൂപ്പില്‍ കവിതാമത്സരം നടക്കുന്നത് കണ്ടത്.കുറച്ചു കഴിഞ്ഞപ്പോള്‍....ഞാന്‍ പോലുമറിയാതെ..തനിയെ..”
അയാള്‍ അവളുടെ ശിരസ്സില്‍ തലോടി.
അയാള്‍ അവളുടെ ശിരസ്സില്‍ തലോടി.
“പത്തുകൊല്ലം...ഇനിയൊരിക്കലും എഴുതാന്‍ കഴിയില്ലയെന്നാണ് ഞാന്‍ കരുതിയത്...പക്ഷെ..”അവള്‍ ഒന്ന് തേങ്ങി.
“രഘുവേട്ടന് പേടിയുണ്ടോ..?” അവള്‍ ചോദിച്ചു.
അയാള്‍ അതിനു മറുപടി പറഞ്ഞില്ല.അവളുടെ മുഖം അയാള്‍ നെഞ്ചിലേക്ക് അമര്‍ത്തി.ഇരുട്ടിലും തന്റെ മുഖത്തെ വിഹ്വലത അവള്‍ അറിയുമോയെന്ന് അയാള്‍ പേടിച്ചു.രാത്രിയുടെ അരൂപികള്‍ പോലെ നീണ്ടുകിടന്ന അവളുടെ മുടിയിഴകള്‍ അയാള്‍ തലോടി.
“നിന്റെ ഇഷ്ടം പോലെ..ചിലപ്പോ ഇത് ഒരു താല്‍ക്കാലികമായ എന്തെങ്കിലുമായിരിക്കും.”അയാള്‍ മുറിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
“രഘുവേട്ടന് പേടിയുണ്ടല്ലേ...അതൊക്കെ പത്തുവര്‍ഷം മുന്‍പല്ലേ?എനിക്കിനിയത് പോലെയൊന്നും വരില്ല രഘുവേട്ടാ..”അവള്‍ പറഞ്ഞു.
അയാള്‍ അതിനു മറുപടി പറഞ്ഞില്ല.
“ഈ ഫെയ്സ്ബുക്കില്‍ എഴുതാന്‍ എന്ത് രസാന്നറിയോ.നമ്മള്‍ എഴുതുന്നത് അപ്പഴപ്പഴെ ആള്‍ക്കാര്‍ വായിക്കും.അഭിപ്രായം പറയും.ഇന്നൊത്തിരി പേര്‍ നല്ല അഭിപ്രായം പറഞ്ഞു.ഈ മത്സരത്തിന്റെ ഫലം നാളെയറിയാം.പക്ഷെ പണ്ടത്തെ പോലെ ഡയറിയില്‍ എഴുതുന്നതിന്റെ ഒരു സുഖം കിട്ടില്ല.,ജനാലക്ക് വെളിയില്‍ പെയ്യുന്ന മഴ നോക്കിയിരുന്നു ആരും കാണാതെ,മഷിപ്പേന കൊണ്ട് ഡയറിയില്‍ എഴുതുന്നതിന്റെ സുഖം അതൊന്നു വേറെയാ.”അവള്‍ പറഞ്ഞുകൊണ്ടിരുന്നു.
അയാള്‍ മറുപടിപറഞ്ഞില്ല.
“രഘുവേട്ടന്‍ ഉറങ്ങിയോ..”വൃത്തനിബദ്ധമായ വരികള്‍ പോലെ അയാളുടെ ശ്വാസം ഉയര്‍ന്നുതാഴുന്നത് അവള്‍ കേട്ടു.
“രഘുവേട്ടന് ഇഷ്ടമല്ലെങ്കില്‍ ഞാന്‍ എഴുതുന്നില്ല.” അയാള്‍ ഉറങ്ങിയെന്നു മനസ്സിലായെങ്കിലും അവള്‍ വെറുതെ പറഞ്ഞു.
പക്ഷെ അയാള്‍ ഉറങ്ങിയിട്ടില്ലായിരുന്നു.അവള്‍ പറഞ്ഞത് അയാള്‍ സ്വപ്നത്തിലെന്നവണ്ണം കേള്‍ക്കുകയും ചെയ്തു.ഗായത്രിയിലേക്ക് കവിത തിരിച്ചു വന്നിരിക്കുന്നു.ഇനിയെന്താകും സംഭവിക്കുക?മനസ്സിലെ ഭയത്തിന്റെ മരപ്പടര്‍പ്പുകളില്‍ ഒരു കിളിയുണരുന്നുത് അയാള്‍ അറിഞ്ഞു.
പിറ്റേന്ന് അവള്‍ താമസിച്ചാണ് എഴുന്നെറ്റത്.രഘു അപ്പോഴേക്കും പോയിരുന്നു.പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു.അവള്‍ അടുക്കളയില്‍ ചെന്ന് ഒരു കപ്പു കാപ്പിയുണ്ടാക്കി .ജനാല തുറന്നു.കാപ്പി കുടിച്ചു കൊണ്ട് അവള്‍ പുറത്തേക്കുനോക്കി.ആകാശമാളികകളുടെ വലിയ ചില്ലുമതിലുകള്‍ പൊടിഞ്ഞു താഴേക്ക് വീഴുന്നത് പോലെ മഴ പെയ്തുകൊണ്ടിരുന്നു.ജനാല കടന്നു മഴക്കാറ്റ് അവളുടെ സ്വപ്‌നങ്ങള്‍ ഉറഞ്ഞ കണ്‍തടങ്ങളില്‍ തഴുകി. അവള്‍ക്ക് തണുത്തു.ഉള്ളിലൊരു കവിത കുളിര്‍ക്കുന്നു.
“പച്ചക്കുന്നുകളും
മണിമേടുകളുംചുറ്റി-
വരികയെന്‍ കുളിര്‍ത്തെന്നലേ നീയീ
മൂകവിഷാര്‍ദ്രമാം
ഹൃദയവീണയിലൊരു
പ്രണയഗാനമായ്
പെയ്തു നിറഞീടുക.. “
മണിമേടുകളുംചുറ്റി-
വരികയെന്‍ കുളിര്‍ത്തെന്നലേ നീയീ
മൂകവിഷാര്‍ദ്രമാം
ഹൃദയവീണയിലൊരു
പ്രണയഗാനമായ്
പെയ്തു നിറഞീടുക.. “
ഒരു പുഞ്ചിരിയോടെ അവള്‍ മൊബൈലിലേക്ക് മഴക്കവിത പോസ്റ്റ് ചെയ്തു.അവളെ വിറയ്ക്കുന്നുണ്ടായിരുന്നു.ഇന്നലത്തെ അനുഭവത്തില്‍ അവള്‍ക്ക് സംശയമുണ്ടായിരുന്നു.പക്ഷെ ഇപ്പോള്‍ അവള്‍ക്ക് ഉറപ്പായി.കവിത തന്നിലേക്ക് തിരിച്ചുവന്നിരിക്കുന്നു.അന്ന് വൈകുന്നേരം രഘു വന്നപ്പോള്‍ അവള്‍ വാതില്‍ക്കല്‍ കാത്തുനില്‍ക്കുകയായിരുന്നു.
“രഘുവേട്ടാ,ഇന്ന് മുഴുവന്‍ ഞാനെഴുത്തായിരുനു.ഉച്ചക്ക് ഭക്ഷണം പോലും കഴിച്ചില്ല. വിശപ്പ് പോലും അറിഞ്ഞില്ല.എത്ര ഗ്രൂപ്പാന്നറിയോ ഫെയ്സ്ബുക്കില്‍.ഇപ്പൊ എനിക്ക് ഒരുപാട് ഫ്രണ്ട്സ് ഉണ്ട്.ഇന്നലത്തെ കവിതയില്ലേ...അതിനു എഴുപത്തിയെട്ട് ലൈക്കും ഇരുപത്തിമൂന്നു കമന്‍റും കിട്ടി.എന്റെ കൂടെ പഠിച്ച നിരഞ്ജനയെ ഓര്‍മ്മയില്ലേ.അവള്‍ പണ്ട് ചെറുതായി എഴുതുമായിരുന്നു.ആ പൊട്ടിക്കാളി വരെ രണ്ടു കവിതാസമാഹാരങ്ങള്‍ ഇറക്കിയിരിക്കുന്നു.ഹോ പണ്ട് കോളേജിലെ മത്സരങ്ങളില്‍ അവള്‍ക്ക് എപ്പോഴും എന്റെ പിറകിലായിരുന്നു സ്ഥാനം.ഇപ്പോ അവള്‍ടെ ജാട കാണണം.ഞാന്‍ ഫെയ്സ്ബുക്കില്‍ വന്നതും വീണ്ടും എഴുതാന്‍ തുടങ്ങിയതും അവള്‍ക്ക് ഇഷ്ടമായില്ല..ഇന്നലത്തെ എന്റെ കവിതയുടെ കീഴില്‍ അവളുടെ കമന്റ് ഉണ്ടായിരുന്നു.ഒറ്റവാക്ക് മാത്രം.നൈസ്.ഏഴെട്ട് കൊല്ലം സ്കൂളിലും കോളേജിലും ഒരുമിച്ചു പഠിച്ചതാ.എന്നിട്ടാ അവളുടെയൊരു നൈസ്.ആര്‍ക്കു വേണം അവള്‍ടെ നൈസ്. അസൂയ.മുഴുത്ത അസൂയ അല്ലാതെന്താ?”
മലവെള്ളം ഇരച്ചുവരുന്നത് പോലെ അവള്‍ പറഞ്ഞുകൊണ്ടിരുന്നു.രഘു ഒന്നുംമിണ്ടാതെ അവളെ നോക്കിനിന്നു.അവളുടെ കണ്ണുകള്‍ തിളങ്ങുന്നതും കൃഷ്ണമണികള്‍ വട്ടംകറങ്ങുന്നതും അയാള്‍ ശ്രദ്ധിച്ചു..അവള്‍ വേഗം അയാളുടെ കയ്യില്‍ ഇരുന്ന കവര്‍ വാങ്ങി അടുക്കളയിലേക്ക് നടന്നു.നടക്കുന്നതിനിടയിലും അവള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
ചായ കൊണ്ട് വന്നു തന്നതിന് ശേഷം അവള്‍ രഘുവിനോട് ചോദിച്ചു.
“ഇന്ന് നമ്മുക്ക് ബിരിയാണിയായാലോ ..ഒരു സ്പെഷല്‍...ഇന്ന് ഞാന്‍ വളരെ ഹാപ്പിയാണ് രഘുവേട്ടാ..”അവള്‍ അയാളോട് ചോദിച്ചു.
“ഇന്ന് നമ്മുക്ക് ബിരിയാണിയായാലോ ..ഒരു സ്പെഷല്‍...ഇന്ന് ഞാന്‍ വളരെ ഹാപ്പിയാണ് രഘുവേട്ടാ..”അവള്‍ അയാളോട് ചോദിച്ചു.
അയാള്‍ ചിരിച്ചുകൊണ്ട് തല കുലുക്കി.അവള്‍ ഉത്സാഹത്തോടെ അടുക്കളയിലേക്ക് ധൃതിയില്‍ നടക്കുന്നത് അയാള്‍ നോക്കിയിരുന്നു.ഭക്ഷണം കഴിക്കുമ്പോഴും അവള്‍ കവിതയെയും ഫെയ്സ്ബുക്കിനെയും പറ്റി വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു.അവളില്‍ വന്ന മാറ്റം തന്നിലുണ്ടാക്കിയ ഞെട്ടല്‍ പുറത്തുകാണിക്കാതെ അയാളും അവള്‍ പറഞ്ഞതൊക്കെ മൂളിക്കേട്ടു.
അന്ന് രാത്രിയിലും തലേന്നത്തെ പോലെ അവള്‍ താമസിച്ചാണ് കിടക്കാന്‍ വന്നത്.ഒരു മെഴുകുപ്രതിമ പോലെ അഗാധമായ ആലോചനയില്‍ മുങ്ങിയിരിക്കുന്ന ഭാര്യയെ കണ്ടു രഘുവിന്റെ മനസ്സില്‍ കാര്‍മേഘങ്ങള്‍ നിറഞ്ഞു.
പിറ്റേന്ന് പകല്‍ രഘു പോയി ഏറെ നേരം കഴിഞ്ഞാണ് ഗായത്രി എഴുന്നേറ്റത്.ഉണര്‍ന്നപ്പോള്‍ അവളുടെ മനസ്സിന് വല്ലാത്തഭാരം തോന്നി.കാരണമില്ലാത്ത ഒരു കുറ്റബോധം അവളുടെ നെഞ്ചില്‍ വിങ്ങി.വര്‍ഷങ്ങള്‍ ..എത്ര വര്‍ഷങ്ങളാണ് തനിക്ക് നഷ്ടപ്പെട്ടത്.
ജനാല തുറന്നു അവള്‍ പുറത്തേക്ക് നോക്കി.നരച്ച ആകാശം. വെയില്‍ തിളയ്ക്കുന്ന വീഥികളിലൂടെ നടക്കുന്ന മനുഷ്യര്‍.താന്‍ ആ ലോകത്തിന്റെ ഭാഗമല്ല.അവിചാരിതമായി വഴിതെറ്റി ഒരു നാട്ടുകവലയില്‍ വന്നിറങ്ങിയ യാത്രക്കാരിയെ പോലെ അവള്‍ നഗരത്തിലേക്ക് നോക്കി.ഉള്ളിന്റെ ഉള്ളിലേക്ക് പിന്‍വലിയാന്‍ ഉള്ള വല്ലാത്ത ഒരു ത്വര അവളെ ഗ്രസിച്ചു.വിടര്‍ന്നതിനു ശേഷം ഇതളുകള്‍ ചുരുക്കി കൂമ്പിലേക്ക് മടങ്ങുന്ന ഒരു പൂവായി അവളുടെ മനസ്സ് മാറാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.
ജനാല തുറന്നു അവള്‍ പുറത്തേക്ക് നോക്കി.നരച്ച ആകാശം. വെയില്‍ തിളയ്ക്കുന്ന വീഥികളിലൂടെ നടക്കുന്ന മനുഷ്യര്‍.താന്‍ ആ ലോകത്തിന്റെ ഭാഗമല്ല.അവിചാരിതമായി വഴിതെറ്റി ഒരു നാട്ടുകവലയില്‍ വന്നിറങ്ങിയ യാത്രക്കാരിയെ പോലെ അവള്‍ നഗരത്തിലേക്ക് നോക്കി.ഉള്ളിന്റെ ഉള്ളിലേക്ക് പിന്‍വലിയാന്‍ ഉള്ള വല്ലാത്ത ഒരു ത്വര അവളെ ഗ്രസിച്ചു.വിടര്‍ന്നതിനു ശേഷം ഇതളുകള്‍ ചുരുക്കി കൂമ്പിലേക്ക് മടങ്ങുന്ന ഒരു പൂവായി അവളുടെ മനസ്സ് മാറാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.
“കാരിരുള്‍ മേഘങ്ങളില്‍
മറഞ്ഞുപോകുന്നെന്‍
വെളുത്ത നിലാവിന്‍
ജീവിതക്കവിതകള്‍..
നനഞ്ഞ പുലരികളിലുമീ
വരണ്ട സന്ധ്യകളിലും
തിരയുന്നു ഞാനെന്നെയെന്‍
ഉള്ളിന്റെയുള്ളില്‍ ..“
മറഞ്ഞുപോകുന്നെന്‍
വെളുത്ത നിലാവിന്‍
ജീവിതക്കവിതകള്‍..
നനഞ്ഞ പുലരികളിലുമീ
വരണ്ട സന്ധ്യകളിലും
തിരയുന്നു ഞാനെന്നെയെന്‍
ഉള്ളിന്റെയുള്ളില്‍ ..“
ഇത്തവണ അവള്‍ മേശയില്‍ കിടന്ന ഏതോ ഉത്സവനോട്ടീസിനു പുറകിലാണ് ആ വരികള്‍ കുറിച്ചത്.എഴുതിയതിനു ശേഷം അവള്‍ അത് ദൂരെ എറിഞ്ഞു.അതിനുശേഷം മുറിയില്‍ പോയി കതകടച്ചു കിടന്നു.ലൈറ്റു ഓഫാക്കി ജനാലവിരികള്‍ താഴ്ത്തിയപ്പോള്‍ മുറിയില്‍ സ്വാന്തനിപ്പിക്കുന്ന ഇരുട്ട് നിറഞ്ഞു.പുതച്ചമൂടി കിടന്നപ്പോള്‍ ഒരു സുരക്ഷിത്വം വന്നത് പോലെ അവള്‍ക്ക് തോന്നി.നെഞ്ചിലെ വിഷാദം ഒരല്പം കുറഞ്ഞത്‌പോലെ.
ഓര്‍മ്മയില്‍ ഒരു മഴപെയ്യുന്നു. മലകള്‍ക്ക് നടുവിലെ ഒരു കൊച്ചുഗ്രാമത്തിലെ തെങ്ങും കമുകും നിറഞ്ഞ തൊടിയില്‍ പെയ്യുന്ന തണുത്ത മഴയുടെ നൂലിഴകള്‍.ജനാല തുറന്നു മഴനോക്കി ഒരു ഡയറിയില്‍ കവിത എഴുതുന്ന പട്ടുപാവാടയും കസവ്ബ്ലൌസും അണിഞ്ഞ ഒരു കൗമാരക്കാരി.ആരെയും കാണിക്കാതെ ,ഒളിച്ചു വയ്ക്കുന്ന മയില്‍പ്പീലികള്‍ പോലെ അവളുടെ ഡയറിയിലെ പേജില്‍ നിറയുന്ന കവിതകള്‍..
“ഏറ്റവും നല്ല കവികള്‍ അവരവര്‍ക്ക് വേണ്ടിത്തന്നെയാണ് കവിത എഴുതിക്കൊണ്ടിരുന്നത്.എമിലി ഡിക്കിന്‍സണ്‍ ഒരു നല്ല ഉദാഹരണമാണ്.വീടും അടുക്കളയും മുറ്റവും തൊടിയും മാത്രമായി ജീവിതം ചെലവഴിച്ചു അകാലത്തില്‍ മരിച്ച ഒരു സ്ത്രീ. അവര്‍ എഴുതിയത് അച്ചടിക്കാനല്ല.പ്രസാധകരുടെ പുറകെ പോയതുമില്ല.അവര്‍ക്ക് കവിത നല്‍കുന്ന ആനന്ദം മാത്രം മതിയായിരുന്നു.വായനക്കാരും പ്രശസ്തിയും അവര്‍ ശ്രദ്ധിക്കുക പോലും ചെയ്തില്ല.”
വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഉച്ചക്ക് ശേഷമുള്ള ഒരു ബി.എ മലയാളംക്ലാസില്‍ ഉറക്കംതൂങ്ങിയിരിക്കുന്ന കുട്ടികളെ നോക്കി ക്ലാസ് എടുക്കുന്ന ഒരു യുവഅധ്യാപകന്റെ വാക്കുകള്‍.അദ്ദേഹം തന്നെ നോക്കിയാണ് അത് പറയുന്നത്.ബാക്കി കുട്ടികള്‍ എല്ലാവരും ഉറക്കം തൂങ്ങിയിരിക്കുമ്പോള്‍ താന്‍ മാത്രം ആ മുഖത്തേക്ക് നോക്കിയിരിക്കുന്നു. ഒരു കിനവിലെന്ന പോലെ തങ്ങള്‍ രണ്ടുപേര്‍ മാത്രമേ ആ ക്ലാസ്സില്‍ ഉള്ളുവെന്ന് ഒരു തോന്നല്‍.നെഞ്ചില്‍ ഒരു കരിക്കിന്‍നീര് കിനിഞ്ഞുവരുന്ന മധുരം.
“നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി-[1]
സ്വപ്നം നട്ടു വിടര്‍ന്ന അരളിപ്പൂക്കള്‍ ഇറുത്തെടുത്ത്
അവള്‍ പൂപ്പാത്രമൊരുക്കി.
പൂക്കളടര്‍ന്നുണങ്ങിയ തണ്ടിന്
വിളര്‍ത്ത പൗര്‍ണ്ണമിയുടെ നിറം,
അവളുടെ കണ്ണുകള്‍ക്കും.”
സ്വപ്നം നട്ടു വിടര്‍ന്ന അരളിപ്പൂക്കള്‍ ഇറുത്തെടുത്ത്
അവള്‍ പൂപ്പാത്രമൊരുക്കി.
പൂക്കളടര്‍ന്നുണങ്ങിയ തണ്ടിന്
വിളര്‍ത്ത പൗര്‍ണ്ണമിയുടെ നിറം,
അവളുടെ കണ്ണുകള്‍ക്കും.”
നന്ദിതയുടെ കവിതകള്‍ വായിച്ചുകൊണ്ടിരിക്കെ സമീപത്ത് ആ ഗന്ധം.സിഗരറ്റിന്റെയും കൊളോണിന്റെയും വിയര്‍പ്പിന്റെയും കൂടിച്ചേര്‍ന്ന പുരുഷഗന്ധം.ലൈബ്രറിയിലെ വലിയ ചില്ല്ജനാലയില്‍ പുറത്തുപെയ്യുന്ന കര്‍ക്കിടകമഴയുടെ വെളുത്തകടല്‍ .ഒരു സങ്കീര്‍ത്തനം പോലെ അദ്ദേഹത്തിന്റെ നനുത്ത ശബ്ദം.
“നന്ദിതയുടെ കവിതകള്‍ പ്രണയത്തിന്റെ നീലസമുദ്രങ്ങളാണ് .പക്ഷെ നന്ദിതക്കും സില്‍വിയാ പ്ലാത്തിനും സംഭവിച്ചത് ഓര്‍മ്മയുണ്ടല്ലോ ?”
“പ്രണയം മരണമാണോ ?.” താന്‍ ചോദിക്കുന്നു.
“പൂര്‍ത്തിയാകാത്ത പ്രണയം മരണമല്ലേ?.” ആ മുഖത്ത് വിഷാദം പുരണ്ട ഒരു ചിരി തെളിയുന്നു.ഓര്‍മ്മകളുടെ വിജനമായ പുല്‍മേടുകളില്‍ മനസ്സിനെ അലയാന്‍ വിട്ടുകൊണ്ട് അവള്‍ ആ പുതപ്പിനുള്ളില്‍ പകല്‍ മുഴുവന്‍ ചുരുണ്ടുകൂടി.
അന്ന് വൈകുന്നേരം രഘു വന്നപ്പോള്‍ ഏറെനേരം ബെല്ലടിക്കേണ്ടി വന്നു വാതില്‍ തുറക്കാന്‍.വാതില്‍ തുറന്ന ഗായത്രിയെ കണ്ടു അയാള്‍ അമ്പരന്നു.കുളിച്ചിട്ടില്ല.മുടി മുഴുവന്‍ അഴിഞ്ഞുലഞ്ഞു പാറിക്കിടക്കുന്നു.ഉറക്കം കുറഞ്ഞ കണ്ണുകളുടെ കീഴിലെ കറുത്ത വലയങ്ങളില്‍ കണ്ണീരുണങ്ങിയ പാട്.
“നിനക്കിതെന്ത് പറ്റി?”അയാള്‍ ചോദിച്ചു.
മറുപടി പറയാതെ അവള്‍ വീണ്ടും മുറിയില്‍ പോയി കതകടച്ചു.
അയാള്‍ അടുക്കളയില്‍ ചെന്ന് നോക്കി.പാത്രങ്ങള്‍ എല്ലാം വലിച്ചു വാരി ഇട്ടിട്ടുണ്ട്.ഭക്ഷണം ഒന്നും ഉണ്ടാക്കിയ ലക്ഷണമില്ല.അയാള്‍ മുറിയിലേക്ക് ചെന്നു.അവള്‍ പുതച്ചുമൂടി കിടക്കുകയാണ്.അയാള്‍ പുതപ്പിന്റെ തല വലിച്ചുമാറ്റി അവളുടെ ശിരസ്സില്‍ത്തൊട്ടു.നല്ല ചൂട്.
അയാള്‍ അടുക്കളയില്‍ ചെന്ന് നോക്കി.പാത്രങ്ങള്‍ എല്ലാം വലിച്ചു വാരി ഇട്ടിട്ടുണ്ട്.ഭക്ഷണം ഒന്നും ഉണ്ടാക്കിയ ലക്ഷണമില്ല.അയാള്‍ മുറിയിലേക്ക് ചെന്നു.അവള്‍ പുതച്ചുമൂടി കിടക്കുകയാണ്.അയാള്‍ പുതപ്പിന്റെ തല വലിച്ചുമാറ്റി അവളുടെ ശിരസ്സില്‍ത്തൊട്ടു.നല്ല ചൂട്.
“കവിതയെഴുതി പനി പിടിച്ചോ?”
അവള്‍ ആ കൈതട്ടി മാറ്റി.ചാടിയെഴുന്നേറ്റു.കട്ടിലിനരികിലെ ചെറിയ മേശയില്‍ വച്ചിരുന്ന വിവാഹഫോട്ടോ അവള്‍ വലിച്ചെറിഞ്ഞു.അവളുടെ ശബ്ദം ചാട്ടുളി പോലെ ഉയര്‍ന്നു.കണ്ണുകള്‍ ചുവന്നു.
“നിങ്ങള്‍ ഇപ്പൊ അങ്ങനെ പറയാന്‍ കാരണം എനിക്കറിയാം.എനിക്ക് നന്നായി എഴുതാന്‍ കഴിവുണ്ട്.പക്ഷെ പോയ വര്‍ഷങ്ങള്‍ ഇനി തിരിച്ചുകിട്ടില്ലല്ലോ.ഒരു വിവാഹത്തോടെ എനിക്ക് നഷ്ടമായത് എന്റെ സ്വന്തം സ്വപ്നങ്ങളാണ്.ദയവുചെയ്തു എന്നെ ശല്യപ്പെടുത്താന്‍ വരരുത്.”
ആ ഭാവമാറ്റം കണ്ടു രഘു ഞെട്ടിമരവിച്ചു.അവള്‍ വീണ്ടും കട്ടിലിലെക്ക് കിടന്നു പഴയത് പോലെ പുതച്ചുമൂടി.രഘു മെല്ലെ എഴുന്നേറ്റു .നിലത്തു ചിതറിക്കിടന്ന ചില്ല്കഷണങ്ങള്‍ അയാള്‍ മെല്ലെമാറ്റി.പിന്നെ ശബ്ദമുണ്ടാക്കാതെ മുറിയുടെ വാതില്‍ ചാരി ഹാളിലേക്ക് പോയി.
ഗ്ലാസില്‍ പകര്‍ന്ന മദ്യവുമായി അയാള്‍ ഹാളിലെ ജനാലയുടെ സമീപം ചെന്നുനിന്നു.അണയാന്‍ തുടങ്ങുന്ന വെളിച്ചങ്ങളുമായി നഗരത്തിന്റെ രാത്രിയുടെ ഏകാന്തത രഘുവിനെ തൊട്ടു.
ഗായത്രിയെ വിവാഹം കഴിക്കുന്ന സമയത്ത് അവള്‍ക്ക് ചില മാനസികപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അയാള്‍ക്കറിയാമായിരുന്നു.അവള്‍ വിവാഹശേഷവും കുറച്ചുനാള്‍ മരുന്ന് കഴിക്കുന്നുണ്ടായിരുന്നു.ഒരു കോളേജ് അധ്യാപകനുമായി അവള്‍ക്ക് പ്രണയമുണ്ടായിരുന്നു.പക്ഷെ ജാതിപ്രശ്നമോ മറ്റോ കാരണം അവളുടെ വീട്ടുകാര്‍ ആ വിവാഹത്തിന് സമ്മതിച്ചില്ല.ഇതെല്ലാം വിവാഹത്തിന് മുന്‍പ് അവള്‍ അയാള്‍ക്ക് അറിയാമായിരുന്നു.അവളെ പെണ്ണുകാണാന്‍ ചെന്നത് അയാള്‍ ഓര്‍മ്മിച്ചു.
ആ വലിയവീടിന്റെ മുറ്റത്തിനോട് ചേര്‍ന്ന ഗാര്‍ഡനില്‍ അവര്‍ രണ്ടുപേരും തനിച്ചുനില്‍ക്കുകയായിരുന്നു.ചുറ്റും സൂര്യകാന്തിച്ചെടികള്‍.അവയുടെ വലിയ മഞ്ഞപ്പൂക്കള്‍ വെയിലില്‍ അവര്‍ക്ക് ചുറ്റും തിളങ്ങിനിന്നു.
“മൊത്തം സൂര്യകാന്തിയാണല്ലോ..അതാണോ ഇഷ്ടമുള്ള പൂവ് ?” താന്‍ അവളോട് ചോദിച്ചു.
അവള്‍ ഒന്ന് ചിരിച്ചു.
“ഒരിക്കല്‍ കര്‍ണ്ണാടകയില്‍ പോയപ്പോള്‍ ഒരു സൂര്യകാന്തിപ്പാടം കണ്ടു.ഒരു മഞ്ഞക്കടല്‍ പോലെ.നല്ല ഭംഗിയായിരുന്നു.”താന്‍ പറഞ്ഞു.
“മരിച്ചു കഴിയുമ്പോ മഞ്ഞകടല് പോലെ പരന്നു കിടക്കുന്ന സൂര്യകാന്തിപ്പാടങ്ങള്‍ക്കിടയിലൂടെ വേണം തന്നെ സെമിത്തേരിയിലേക്ക് കൊണ്ടുപോകാന്‍ എന്നായിരുന്നു എമിലി ഡിക്കിന്‍സന്റെ അവസാനആഗ്രഹം.” മറുപടിയായി അവള്‍ പറഞ്ഞത് അതാണ്.
ബന്ധുക്കള്‍ എതിര്‍ത്തിട്ടും തനിക്ക് അവളെ ഇഷ്ടമായി.സൂര്യകാന്തിപ്പൂക്കള്‍ക്കിടയില്‍ നില്‍ക്കുന്ന മെലിഞ്ഞു വെളുത്ത ,കവിത പോലൊരു പെണ്ണ്.
വിവാഹശേഷം എഴുതാന്‍ കഴിയാഞ്ഞതില്‍ അവള്‍ക്ക് നിരാശയുണ്ടായിരുന്നു.അവള്‍ക്ക് പണ്ട് വന്ന അസുഖവും കവിതയെഴുത്തും തമ്മില്‍ എന്തോ ബന്ധമുണ്ടെന്നു അറിയാമായിരുന്നത് കൊണ്ട് തനിക്കു പക്ഷെ ഉള്ളില്‍ ആശ്വാസമായിരുന്നു.പക്ഷെ...ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവളില്‍ കവിത തിരിച്ചുവന്നിരിക്കുന്നു.ഒപ്പം ഒരു വല്ലാത്തമാറ്റവും.
ഒരു വലിയ കാട്ടില്‍ അന്യോന്യം തിരയുന്ന രണ്ടുപേരാണ് ഇപ്പോള്‍ താനും അവളുമെന്നു അയാള്‍ക്ക് തോന്നി.അവള്‍ ഇപ്പോള്‍ വളരെ അകലെയാണ്.
വിവാഹശേഷം എഴുതാന്‍ കഴിയാഞ്ഞതില്‍ അവള്‍ക്ക് നിരാശയുണ്ടായിരുന്നു.അവള്‍ക്ക് പണ്ട് വന്ന അസുഖവും കവിതയെഴുത്തും തമ്മില്‍ എന്തോ ബന്ധമുണ്ടെന്നു അറിയാമായിരുന്നത് കൊണ്ട് തനിക്കു പക്ഷെ ഉള്ളില്‍ ആശ്വാസമായിരുന്നു.പക്ഷെ...ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവളില്‍ കവിത തിരിച്ചുവന്നിരിക്കുന്നു.ഒപ്പം ഒരു വല്ലാത്തമാറ്റവും.
ഒരു വലിയ കാട്ടില്‍ അന്യോന്യം തിരയുന്ന രണ്ടുപേരാണ് ഇപ്പോള്‍ താനും അവളുമെന്നു അയാള്‍ക്ക് തോന്നി.അവള്‍ ഇപ്പോള്‍ വളരെ അകലെയാണ്.
പിറ്റേന്നു രാവിലെ അയാള്‍ സോഫയില്‍ നിന്ന് വിളിച്ചുണര്‍ത്തിയത് അവളായിരുന്നു.അവളുടെ കയ്യില്‍ ആവിപറക്കുന്ന ചായ.ചായ കുടിച്ചുകൊണ്ടിരിക്കെ അവള്‍ അരികില്‍ വന്നു മടിയിലേക്ക് തലവച്ചു..ആ ശിരസ്സിലൂടെ ഓടുന്ന ചിന്തകള്‍ മനസ്സിലാക്കാന്‍ എന്നത് പോലെ അവളടെ മുടിയിഴകള്‍ക്കിടയിലൂടെ അയാള്‍ വിരലോടിച്ചു.
“മോളെ,നമ്മുക്ക്...നമ്മുക്ക് ഒരു ഡോക്ടറെ കണ്ടാലോ...” അയാള്‍ മടിച്ചു മടിച്ചു ചോദിച്ചു.
അവള്‍ നിവര്‍ന്നിരുന്നു.തല അയാളുടെ തോളില്‍ ചാരി.
“അതൊന്നും വേണ്ട രഘുവേട്ടാ...ആ മൂഡ് ഒക്കെ മാറി..ഇപ്പൊ ഒരു കുഴപ്പവുമില്ല.പിന്നെ ഫെയ്സ് ബുക്കില്‍ എഴുതാന്‍ തുടങ്ങിയത് കൊണ്ട് ഒരു ഗുണമുണ്ടായി.”സാഹിത്യശബ്ദം “ മാസികയില്‍ ജോലിയുള്ള ഒരു വായനക്കാരി എന്നോട് ഒരു കവിത അയക്കാന്‍ പറഞ്ഞു.ദു:ഖം വിഷയമാക്കി ഒരു കവിത.അവരുടെ മാസികയില്‍ കവിത വരികാന്നു വച്ചാല്‍ വലിയ കാര്യമാ..പക്ഷെ നല്ല ഒരെണ്ണം എഴുതുതാന്‍ വച്ചാല്‍ വലിയപാടാ.."
“അത് നല്ലതല്ലേ..നീ ശ്രമിക്കു..”അയാള്‍ അവളെ പ്രോത്സാഹിപ്പിച്ചു.
അയാള്‍ ഓഫീസില്‍ പോയതിനു ശേഷം അവള്‍ വീണ്ടും ഒറ്റയ്ക്കായി.രഘുവുമായുള്ള വിവാഹം നടക്കുന്നതിന്റെ തലേരാത്രിയിലാണ് കവിത എന്ന സിദ്ധി തന്നില്‍ നിന്ന് നഷ്ടപ്പെട്ടത്.അദ്ദേഹത്തെക്കുറിച്ച് ഓര്‍ത്ത് ഹൃദയം പറിക്കുന്ന വേദനയോടെ എഴുതിയ ആ വരികള്‍ അവള്‍ക്കിപ്പോഴും ഓര്‍മ്മയുണ്ട്.
“ഹൃദയപാതി മുറിച്ചു ഞാന്‍ പോകുന്നീ സന്ധ്യയില്‍
വീണ്ടും കാണാതിരിക്കാമീ ജീവിത മണ്‍പാതയില്‍
മഞ്ഞക്കടലില്‍ മുങ്ങുന്നോരാ ദു:ഖസൂര്യനെപ്പോല്‍
ഓര്‍മ്മകള്‍ പകുത്തുയാത്ര ചൊല്ലട്ടെ ഞാന്‍ “
വീണ്ടും കാണാതിരിക്കാമീ ജീവിത മണ്‍പാതയില്‍
മഞ്ഞക്കടലില്‍ മുങ്ങുന്നോരാ ദു:ഖസൂര്യനെപ്പോല്‍
ഓര്‍മ്മകള്‍ പകുത്തുയാത്ര ചൊല്ലട്ടെ ഞാന്‍ “
ആ വരികള്‍ എഴുതിയപ്പോള്‍ എന്തോ ഒന്ന് തന്റെ നെറുകയില്‍ നിന്ന് വിട്ടുപോകുന്നത് അവള്‍ അറിഞ്ഞു.അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മറക്കാന്‍ ശ്രമിക്കവേ തന്നില്‍ നിന്നും പറന്നു പോയത് കവിതയാണ്.പിന്നീട് അവള്‍ക്ക് എഴുതാന്‍ കഴിഞ്ഞില്ല.നഷ്ടപ്രണയവും കവിതയും സമാന്തരരേഖകളായി.
വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം കവിത തന്നില്‍ തിരിച്ചു വന്നു.ദു:ഖത്തെ കുറിച്ചുള്ള ഈ കവിത ചിലപ്പോള്‍ അദ്ദഹം വായിക്കാന്‍ ഇടയായാലോ..ഒരു മിന്നല്‍ പോലെ ആ ചിന്ത മനസ്സില്‍ വന്നപ്പോള്‍ അവള്‍ അലമാരയില്‍ നിന്ന് ഡയറി എടുത്തു.പഴയത് പോലെ ഡയറിയില്‍ എഴുതണം.തന്റെ ഏറ്റവും നല്ല കവിത മൊബൈലിന്റെ ചതുരക്കളത്തിലല്ല കടലാസില്‍ വേണം പിറക്കാന്‍.
വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം കവിത തന്നില്‍ തിരിച്ചു വന്നു.ദു:ഖത്തെ കുറിച്ചുള്ള ഈ കവിത ചിലപ്പോള്‍ അദ്ദഹം വായിക്കാന്‍ ഇടയായാലോ..ഒരു മിന്നല്‍ പോലെ ആ ചിന്ത മനസ്സില്‍ വന്നപ്പോള്‍ അവള്‍ അലമാരയില്‍ നിന്ന് ഡയറി എടുത്തു.പഴയത് പോലെ ഡയറിയില്‍ എഴുതണം.തന്റെ ഏറ്റവും നല്ല കവിത മൊബൈലിന്റെ ചതുരക്കളത്തിലല്ല കടലാസില്‍ വേണം പിറക്കാന്‍.
ദു:ഖം ഒരു കറുത്തമേഘം പോലെ ,ഒരു സ്വാന്ത്വനം പോലെ അവളില്‍ വിരിഞ്ഞു.പക്ഷെ എഴുതിയ വരികള്‍ ഒന്നും അവള്‍ക്ക് തൃപ്തി നല്‍കിയില്ല.അവള്‍ ആ കടലാസുകള്‍ വലിച്ചു കീറി പുറത്തേക്കിട്ടു.അപ്പോള്‍ അവള്‍ എവിടെയോ വായിച്ച നക്ഷത്രമത്സ്യത്തിന്റെ കാര്യം ഓര്‍മ്മിച്ചു .മുറിഞ്ഞു പോയ ചിറകുകള്‍ വീണ്ടും തനിയെ വളരുന്ന സ്വര്‍ണ്ണ നക്ഷത്രമത്സ്യം.തന്റെ മനസ്സിന്റെ എന്നോ മുറിഞ്ഞുപോയ ചിറകുകള്‍ തനിയെ മുളച്ചിരുന്നെങ്കില്‍...
അന്ന് വൈകുന്നേരം രഘു വന്നപ്പോള്‍ അവള്‍ ഇറങ്ങിവന്നില്ല.ഫ്ലാറ്റിന്റെ വാതില്‍ ചാരിയിട്ടിരിക്കുകയായിരുന്നു.മുറിയുടെ വാതില്‍ ഉള്ളില്‍ നിന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. ജനാലയിലൂടെ വലിച്ചെറിഞ്ഞ പേപ്പര്‍ കഷണങ്ങള്‍ ഹാളിലെ നിലത്തു വീണുകിടപ്പുണ്ട്.അയാള്‍ വാതിലില്‍ മുട്ടി.അവള്‍ തുറന്നില്ല.കാലില്‍ത്തട്ടിയ ഒരു പേപ്പര്‍ ചുരുള്‍ രഘു എടുത്തു വായിച്ചു.അതൊരു കവിതയായിരുന്നു.
“മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടി
മഴയും, മഴതോര്‍ന്ന ആകാശത്ത്
മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി.
വാതില്‍പ്പാളികള്‍ക്കിടയിലൂടെ വേനലെത്തിനോക്കുന്നു
വെളിച്ചത്തെ പുല്‍കാന്‍ വലിച്ചു തുറക്കുന്ന
നരച്ച കണ്ണുകളില്‍
വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വര്‍ണ്ണമത്സ്യങ്ങള്‍
പിടഞ്ഞു മരിക്കുന്നു.”
മഴയും, മഴതോര്‍ന്ന ആകാശത്ത്
മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി.
വാതില്‍പ്പാളികള്‍ക്കിടയിലൂടെ വേനലെത്തിനോക്കുന്നു
വെളിച്ചത്തെ പുല്‍കാന്‍ വലിച്ചു തുറക്കുന്ന
നരച്ച കണ്ണുകളില്‍
വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വര്‍ണ്ണമത്സ്യങ്ങള്‍
പിടഞ്ഞു മരിക്കുന്നു.”
അയാള്‍ ആ കവിത വായിക്കുമ്പോള്‍ പുറത്തു സന്ധ്യയായിരുന്നു.ഒരു വാടിയ സൂര്യകാന്തിപ്പൂ പോലെ സൂര്യന്‍ ചക്രവാളത്തിനെ ചുംബിക്കുന്നു.രഘു വീണ്ടും ആ വാതിലില്‍ മുട്ടാന്‍ തുടങ്ങി.
(അവസാനിച്ചു)
#starfish#നക്ഷത്രമത്സ്യം-arm3-bipolar disorder
കുറിപ്പുകള്‍ :
[1]:നരച്ച കണ്ണുകള്‍ ഉള്ള പെണ്‍കുട്ടി-നന്ദിത എഴുതിയ കവിത
[2]: BIPOLAR DISORDER :ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നത് ഉന്മത്തമായ വിഷാദാവസ്ഥക്ക് പറയുന്നപേരാണ്. ഇത്തരത്തിലുള്ള മാനസികാവസ്ഥയിലുള്ളവര്‍ക്ക് മൂഡില്‍ പെട്ടന്ന് ഏറ്റക്കുറച്ചിലുകളുണ്ടാകും. ചിലപ്പോള്‍ അമിതമായ ഉത്സാഹവും സന്തോഷവും അല്ലാത്തപ്പോള്‍ കടുത്തമൗനവും വിഷാദവും.ഇത് കൂടിയ അവസ്ഥയിലാകുമ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മനസ് വിട്ടുപോകുന്ന അവസ്ഥ വരാം. ചിലര്‍ക്ക് സമ്മിശ്രമായ മാനസികാസസ്വസ്ഥതകള്‍ വരാം. ഈ അവസ്ഥയില്‍ അവര്‍ക്ക് പെട്ടന്ന് ക്ഷോഭം വരുന്നതിയി കാണാനാവും.
Anish Francis

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക