ഭാര്യയുടെ കൈനോട്ട കഥ
----------------------------
----------------------------
കടൽ തീരത്തു ഭാര്യയോടൊപ്പം ...ഇരിക്കുമ്പോൾ ആണ് ഒരു കൈനോട്ടക്കാരി അരികിലേക്ക് വരുന്നത് ..
അടുത്ത് വന്നതും ഞാൻ കൈകൊണ്ടു റ്റാറ്റാ കൊടുത്തു ...പക്ഷെ അവർ പോകുന്ന ലക്ഷണം ഇല്ല
"സർ ..എല്ലാം പറയും ..നല്ല ഐശ്വര്യമുള്ള മുഖം . എല്ലാം .പറയട്ടെ "
അതെനിക്ക് ശരിക്കു സുഖിച്ചെങ്കിലും പുറത്തു കാണിച്ചില്ല .."വേണ്ട ചേച്ചി താലപര്യം ഇല്ലാത്തതുകൊണ്ടാണ് "
"ചേച്ചി ...നല്ല മനസ്സു കാരി ..ചേച്ചിയെ കെട്ടിയത് നല്ല ഭാഗ്യം " കൈനോട്ടക്കാരി ഭാര്യയെ നോക്കി ..വലിയ കാർഡ് ഇറക്കിനോക്കി ..
അത് ഫലിച്ചു ..ഭാര്യ എന്റെ കാലിൽ ഒന്ന് നുള്ളി ...അതിന്റെ അർഥം ...മര്യാദക്ക് ..എന്റെ ആഗ്രഹം സാധിച്ചു തന്നോ എന്നാണെന്നു എനിക്ക് അറിയാമായിരുന്നു
"ശരി ഞാൻ നോക്കുന്നില്ല ...എനിക്ക് ഇതിൽ വിശ്വാസം ഇല്ല നീ വേണേൽ നോക്കിക്കോ " ഞാൻ അവളെ നോക്കി പറഞ്ഞു
അങ്ങനെ കൈനോട്ടക്കാരി ..ഞങ്ങളുടെ മുന്നിൽ ഇരുന്നു ..പിന്നെ ഭൂതക്കണ്ണാടി എടുത്തു അവളുടെ കയ്യിലെ ഓരോ രേഖയും പരിശോധിച്ചു
"പെരിയ ഇടത്തു പോകണ്ട കൈ ..ആനാ ഭാഗ്യം ഇല്ല " ആദ്യ കമന്റ് കേട്ടപ്പോൾ തന്നെ എന്റെ നെഞ്ചിടിച്ചു
അവൾ എന്റെ ചെവിയിൽ പറഞ്ഞു .."സത്യം ..ഒരു ഡോക്ടറുടെ ആലോചന വന്നിരുന്നു ..എല്ലാം ശരിയായതാണ് ..എന്തോ മുടങ്ങിപോയി "
കിളി പോയ ആളെ പോലെ ഞാൻ അവളുടെ മുഖത്തു നോക്കി ചിരിച്ചു
"വീട്ടിൽ ഒരു ആൺ തരി ..പിന്നെ ഒന്ന് മകള് " ഭാര്യയെ നോക്കി അവർ പറഞ്ഞു
എന്റെ മുഖം ..സന്തോഷം കൊണ്ട് നിറഞ്ഞു " ഇവൾ ഒറ്റ മോളാണ് ..."
"ഞാൻ പറഞ്ഞില്ലേ ഇതൊക്കെ തട്ടിപ്പാണ് എന്ന് " ഞാൻ ഒന്ന് അമർന്നിരുന്നു
ഭാര്യ എന്നെ നോക്കി കണ്ണുരുട്ടി ..."സത്യം ആണ് ..ഞാൻ ജനിക്കുന്നതിനു മുന്നേ ഒരു ആൺകുട്ടി ജനിച്ചിരുന്നു ആറാം മാസത്തിൽ മരിച്ചുപോയി ..അല്ലെങ്കിൽ എനിക്ക് ചേട്ടൻ ഉണ്ടാകേണ്ടതാണ് "
വിളറിയ കൈനോട്ടക്കാരിയുടെ മുഖം തെളിഞ്ഞു .." സർ രേഖ സത്യം ആണ് ..ദൈവ വിധി ഇതിൽ ഉണ്ട് സാർ "
രണ്ടു തവണ സർ വിളി എന്നെ ആക്കിയതാണോന്ന് സംശയം തോന്നിയെങ്കിലും ഞാൻ പുറത്തു കാണിച്ചില്ല
"എല്ലാം പറയട്ടെ "
കൈനോട്ടക്കാരി അവളുടെ മുഖത്തു നോക്കി
അവൾ തലകുലുക്കി...
"നിങ്ങൾ ലക്ഷ്മി .കയറി ചെല്ലുന്ന ഭവനം ഐശ്വര്യം കൊണ്ട് നിറയും... "
അവൾ ഒന്ന് ഞെളിഞ്ഞിരുന്നു.... "ഇതൊക്കെ മൈക്ക് കെട്ടി നാട്ടുകാരോട് വിളിച്ചു പറഞ്ഞൂടെ മനുഷ്യാ എന്ന ഭാവത്തിൽ അവൾ എന്നെ നോക്കി...
വിദ്യാസന്നയായ എന്റെ ഭാര്യയെ പത്തുമിനുറ്റോളം അവർ കൈവെള്ളയിൽ എടുത്തു.
അവസാനം പറഞ്ഞു... .
"മകരം കുഭം ...അന്തഃ രാശി ...കൈനോട്ടക്കാരി കൈവിരൽ മടക്കി എന്തൊക്കയോ കണക്കു കൂട്ടി ..പിന്നെ പറഞ്ഞു .
."സമയം മോശം ആണ് ...ശ്രദ്ധിക്കണം "
"ആണോ " അവൾ നെഞ്ചിൽ കൈ വെച്ചു ...കൈ വെച്ചത് അവളുടെ നെഞ്ചിൽ ആണെങ്കിലും ..ഇടിച്ചത് എന്റെ നെഞ്ചാണ് "
"സർ ദക്ഷിണ "
ഭാര്യയുടെ കൈ എന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് നീണ്ടു ..രണ്ടു നൂറു രൂപ എടുത്തു കൈനോട്ട കാരിക്ക് നൽകി ...
എല്ലാം കഴിഞ്ഞു ...കാറിൽ കയറിയതും അവൾ പറഞ്ഞു .."ചേട്ടന്റെയും കൈ നോക്കാമായിരുന്നു "
"അയ്യോ വേണ്ടേ ..എന്നെ വിട്ടേക്ക് എനിക്ക് ഇതിൽ ഒട്ടും വിശ്വാസം ഇല്ല "
"ഓഹോ അതൊന്നുമല്ല ..നിങ്ങളുടെ എന്തെങ്കിലും രഹസ്യങ്ങൾ വിളിച്ചു പറയും എന്നുള്ള സംശയം കൊണ്ടല്ലേ "
ഞാൻ കണ്ണുമിഴിച്ചു അവളെ നോക്കി .."എനിക്ക് എന്ത് രഹസ്യം "
"എന്തോ ഉണ്ടാകും "
"ശരി വഴക്കിടേണ്ട ...ഇനി ഒരിക്കൽ എന്റെ കയ്യും നോക്കാം ..."അങ്ങനെ തല്ക്കാലം കാര്യങ്ങൾ പറഞ്ഞു അവസാനിപ്പിച്ചു ..അതോടൊപ്പം ഇനി ഒരിക്കലൂം അവളെയും കുട്ടി ബീച്ചിൽ വരില്ലെന്നും ഞാൻ തീരുമാനിച്ചു
അങ്ങനെ ആണ് ..വീടിനടുത്തുള്ള കടവത്തുർ ഉത്സവത്തിന് പോയത് ..അഞ്ചു ദിവസത്തെ ഉത്സവം ആണ്
രണ്ടാമത്തെ ദിവസം രാത്രി ഞാൻ അവളെയും കുട്ടി ...ഉത്സവത്തിന് പോയി .പോയപ്പോൾ അതാ ..അവിടെയും ഒരു കൈ നോട്ടക്കാരൻ ..അത് കണ്ടപ്പോൾ എന്റെ നെഞ്ചോന്നു പിടച്ചു
അയാളെ കണ്ടതും ..അവൾ എന്നെയും പിടിച്ചു വലിച്ചു അങ്ങോട്ട് നടന്നു ..
ഒരു മതിലിന്റെ താഴെ വിളക്ക് കത്തിച്ചു അയാൾ ഇരിക്കുക ആണ് ..
ഞങളെ കണ്ടതും അയാൾ നെഞ്ചിൽ കൈ വെച്ച് ..കണ്ണടച്ചു പ്രാർത്ഥിച്ചു ..
"നമുക്ക് പിന്നെ എപ്പോഴെങ്കിലും നോക്കാം " ഞാൻ അവളെ നോക്കി പറഞ്ഞു
"വേണ്ട .."
അയാൾ എന്നെ നോക്കി പറഞ്ഞു " സർ ..ഇത് സത്യം ആണ് ...മുപ്പത് വർഷം ആയി ഞാൻ ഹസ്ത രേഖ ശാസ്ത്രം നോക്കുന്നു .."
"ഓഹോ ചേട്ടൻ ഇപ്പോഴും കൈനോട്ടം തന്നെ .ഒരു മാറ്റവും ഇല്ല ,.സ്വന്തം ഭാവി നോക്കാൻ കഴിഞ്ഞിട്ടും എന്തേ ചേട്ടൻ രക്ഷപെടാതിരുന്നത് ..നല്ല വഴി കണ്ടു പിടിക്കാൻ കൈ നോക്കിയാൽ പോരെ "
അയാൾ ഒന്ന് ചിരിച്ചു "എനിക്ക് ജീവിയ്ക്കാൻ ഒരുപാടു പണം ഒന്നും വേണ്ട ..അതുകൊണ്ടാണ് വേറെ ജോലി നോക്കാഞ്ഞത് ,പിന്നെ നല്ലത് ചെയ്യുന്നു എന്നൊരു കാര്യം സന്തോഷം നൽകുന്നു ,പ്രധാന കാര്യം എന്റെ അടുത്ത് വരുന്ന ..ആളുകളെ അപകടങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിയുന്നു ..എന്നത് തന്നെ ആണ് ..അതായത് ഒരു മുന്നറിയിപ്പ് നല്കാൻ കഴിയുന്നു "
എന്റെ ഭാര്യയുടെ മുഖം ...അയാളോടുള്ള ആരാധന കൊണ്ട് ..വിടർന്നു ..
"ശരി നോക്കാം .അതിനു മുൻപ് .നമുക്ക് ഒന്ന് കറങ്ങിയിട്ടു വരാം ..എനിക്ക് അമ്പല കമ്മിറ്റി ഓഫീസിൽ പൈസ കൊടുക്കാൻ ഉണ്ട് ..എന്നിട്ട് നോക്കിയാൽ പോരെ " ഞാൻ അവളെ നോക്കി ചോദിച്ചു
മതി എന്ന മട്ടിൽ അവൾ തലയാട്ടി ...
"ചേട്ടാ ഒന്ന് കറങ്ങി അടിച്ചു വേഗം വരാം "
ഞാൻ അവളെയും കുട്ടി ..മെല്ലെ മുന്നോട്ടു നടന്നു ..
എല്ലാം കഴിഞ്ഞു ..തിരിച്ചു വന്നപ്പോൾ ..അയാളെ കണാൻ ഇല്ല ..വിളക്ക് ഇല്ലാത്തത് കൊണ്ട് അതികം വെളിച്ചവും ഇല്ല ..
അപ്പോഴാണ് ..ഒരാൾ അതിലെ വന്നത് ...ഞാൻ അയാളോട് ചോദിച്ചു
"ചേട്ടാ ..ഒരു കൈനോട്ടക്കാരൻ ഇവിടെ ഇരുന്നിരുന്നല്ലോ ..എവിടെ പോയി "
"അയാളെ ആശുപത്രയിൽ കൊണ്ട് പോയി ..അയാൾ ചാരി ഇരുന്ന മതിൽ അയാളുടെ മേലേക്ക് ഇടിഞ്ഞു വീണു "
"ബെസ്റ് " ഞാൻ അറിയാതെ പറഞ്ഞു പോയി ..
ഞാൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി .."അപകടം മുൻകൂട്ടി കാണാൻ കഴിയുന്ന ദിവ്യനെ കാണാൻ ആശുപത്രിയിൽ പോകണം ..വേണോ ? "
സ്നേഹപൂർവ്വം സഞ്ജു കാലിക്കറ്റ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക