Slider

നീയെനിക്കാരായിരുന്നു

0
നീയെനിക്കാരായിരുന്നു
-------------------------------------
നീയെനിക്കാരായിരുന്നൂ പ്രിയസഖീ
നീയെനിക്കാരായിരുന്നൂ
അതിരെഴാത്ത ഗഗനത്തിനുകീഴെ
നീയെനിക്കൊരു തണലായിരുന്നൂ
മൃതിയൊഴുകാൻ കാത്തുനിൽക്കുന്ന
എന്റെ പുഴയിലെ വറ്റാത്തജീവന്റെ
തെളിനീരുറവയായിരുന്നു നീ
എന്റെ കദനങ്ങളെ ഭാരമെന്നു ചൊല്ലാതെ
താങ്ങിയ ചുമരായിരുന്നെനിക്കുനീ
പൊട്ടിച്ചിതറുമെൻ കരച്ചിലിൻ ചീളുകൾക്ക്
വന്നു തറച്ചിരിക്കാനൊരു കനിവിന്റെ
സ്നേഹക്കൂടായിരുന്നു നീ
നൂലിടവഴികളിൽ തെറ്റാതെയൊപ്പംനടന്ന
സൗഹൃദക്കൂട്ടായിരുന്നു നീ
നീയെനിക്കാരായിരുന്നൂ പ്രിയസഖീ
നീയെനിക്കാരായിരുന്നൂ
വെയിലും മഴയും മാറിമാറിപൂക്കുമെന്റെ
ആകാശത്തുദിച്ച നറുനിലാവായിരുന്നൂ നീ
ഒരുജന്മം പോരാതെ മറുജന്മം തികയാതെ
പിന്തുടർന്നെത്തിയ നിഴലായിരുന്നെനിക്കു നീ
എന്റെ ചിന്താസരണികൾക്കുമപ്പുറം
പിടിതരാതെ
അകന്നുമാറിയൊളിച്ചിരുന്നൊരു
കവിതയായിരുന്നെനിക്കുനീ
കാലങ്ങളും എന്റെ ദേശങ്ങളും
മോഹങ്ങളും മോഹഭംഗങ്ങളുംകൊണ്ട്
ഉഷ്ണവും ശീതവും മാറിമാറിച്ചൂടുന്ന
എന്റെദേഹത്തിൻ പുതപ്പായിരുന്നെനിക്കു നീ
എത്ര പറഞ്ഞിട്ടും തീരാത്തൊരിഷ്ടമായ്
പറയുവാനാവാത്തൊരരുതാത്തയിഷ്ടമായ്
നീയെനിക്കാരോ ആയിരുന്നു പ്രിയസഖീ
നീയെനിക്കാരൊക്കെയോ ആയിരുന്നു.
ലിൻസി അരുൺ.
20 ഒക്ടോബർ. 2017.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo