Slider

ഞാൻ സൈറ

0

ഞാൻ സൈറ,എന്റെ എല്ലാമെല്ലാമായ 'ശ്രീനാഥ്‌' എന്നെ വിട്ടു പോയിട്ട് നാളത്തേക്ക് ഒരു വർഷം തികയുന്നു.ഒരുപാട് ഓർമ്മകൾ മാത്രം ബാക്കിയാക്കി ഓരോ ദിവസവും എങ്ങനെ ഞാൻ ജീവിച്ചുപ്പോയതെന്നറിയൂല.ശ്രീയുമായുള്ള ഓരോ നിമിഷവും മനസ്സിലൂടെ മിന്നിപ്പായുന്നു.
എം. ബി. എ യ്ക്ക് ഒരേക്ലാസ്സിൽ ഒരുമിച്ചു പഠിച്ച ഞാനും ശ്രീനാഥും പ്രണയത്തിലായതും വിവാഹം കഴിക്കാൻ തീരുമാനിച്ചതും ഇരുവീട്ടുകാർക്കും ഇഷ്ടമായിരുന്നില്ല. സമപ്രായക്കാരായതു കൊണ്ടും പ്രണയവിവാഹത്തിൽ യോജിപ്പില്ലാത്തതു കൊണ്ടും വീട്ടുകാർ ശക്തമായി എതിർക്കുകയായിരുന്നു.
പിന്നെ ഒന്നും ഞങ്ങൾ നോക്കിയില്ല. രജിസ്റ്റർ മാര്യേജ് ചെയ്തു നാട് വിട്ടു. കുടുംബക്കാരും പരിചയക്കാരുമില്ലാത്തൊരിടത്തേക്ക്. രാജസ്ഥാനിലെ ജയ്‌പ്പൂരിൽ ശ്രീനാഥിന്റെ സുഹൃത്ത് വഴി ഒരു കമ്പനിയിൽ ഞങ്ങൾക്ക് ജോലി ശരിയാക്കിത്തരികയും ചെയ്തു.
എം. ബി. എ കഴിഞ്ഞ ഞങ്ങൾക്ക് ജോലിയിൽ തിളങ്ങാനും പിന്നെ പിന്നെ സ്വന്തമായി കമ്പനി തുടങ്ങുവാനും കഴിഞ്ഞു. രണ്ടു മക്കളെയും ദൈവം തന്നു. അങ്ങനെ സന്തോഷകരമായ ജീവിതം നയിക്കവേ മക്കൾക്കൊരു മോഹം ഭാർഗഡ്‌ കോട്ട കാണണമെന്ന്.
ശരിയാണ്, പത്തു വർഷമായി രാജസ്ഥാനിൽ സെറ്റിലായിട്ടും ഭാർഗഡിലേക്ക് ഇത് വരെ പോയിട്ടിലായിരുന്നു. ഭാർഗഡ് കോട്ടയെക്കുറിച്ചു ഒരുപാട് കഥകളും ചരിത്രവും പറയുന്നത് കേട്ടിട്ടുണ്ട്. ഏതാണ് സത്യം എന്നെനിക്കറിയില്ല. പക്ഷെ, ഇൻഡ്യയിലെ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ഭാർഗഡ് കോട്ട. അൽവാർ ജില്ലയിലെ ഭാർഗഡ് എന്ന സ്ഥലത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
ജയ്‌പ്പൂരിൽനിന്ന് ഏകദേശം മൂന്ന് മണിക്കൂർ ഡ്രൈവ് ചെയ്യേണ്ടി വരും. ആദ്യമായതുകൊണ്ടും വഴി കൃത്യമായറിയാത്തതു കൊണ്ടും രാവിലെ 10 മണിക്ക് തന്നെ ഞങ്ങൾ പുറപ്പെട്ടു. കുട്ടികളുടെ വഴക്കു ഒഴിവാക്കാൻ വേണ്ടിയും കാണാൻ പോകുന്ന സ്ഥലത്തെക്കുറിച്ചു കൂടുതൽ ആകാംഷപരിതനാക്കാൻ വേണ്ടിയും ശ്രീനാഥ്‌ കോട്ടയെക്കുറിച്ചുള്ള കഥകൾ പറയാൻ തുടങ്ങി.
പതിനാറാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ രാജാവായിരുന്ന ' ഭഗവാൻ ദാസ് ', മൂത്തമകനായ മാധവ് സിങിന് വേണ്ടി നിർമ്മിച്ചതാണ് 'ഭാർഗഡ് കോട്ട'. കോട്ട നിർമ്മിക്കാൻ തീരുമാനിച്ച സ്ഥലത്തിനടുത്ത് 'ബാലാനാഥ് ' എന്ന പേരുള്ള സന്യാസി താമസിച്ചിരുന്നു. കോട്ടയുടെ നിഴൽ തന്റെ വീടിനു മുകളിൽ പതിയരുതേയെന്നു സന്യാസി മുന്നറിയിപ്പ് നൽകി.
പക്ഷെ, സന്യാസിയുടെ മുന്നറിയിപ്പ് വകവെക്കാതെ അന്നത്തെ ഏറ്റവും നല്ല ആർക്കിറ്റെക്ടറെ കൊണ്ട്തന്നെ കല്ലും ഇഷ്ടികയൊക്കെ ഉപയോഗിച്ച് വെർട്ടിക്കൽ ആകൃതിയിൽ നല്ല ഉയരത്തിൽ കോട്ട പണിയിച്ചു. തന്റെ വീടിനു മുകളിൽ നിഴൽ വീണത് കണ്ട സന്യാസി ശപിക്കുകയും അതിന്റെ ഫലമായി കോട്ട തകരുകയും ചെയ്തു.
കഥ കുട്ടികൾക്ക് ഇഷ്ടമായി. രണ്ടാളും അച്ചടക്കത്തോടെ കേൾക്കുന്നുണ്ട്. ഞങ്ങളിപ്പോൾ ജയ്‌പൂർ സിറ്റി വിട്ടു. ഓരോ റൂട്ടും കൃത്യമല്ലേ എന്ന് ശ്രീ ഗൂഗിൾ മാപ്പിൽ നോക്കുന്നുമുണ്ട്.
ആൽവാർ ചെറിയൊരു സിറ്റിയാണ് . ഒരുപാട് മലകളും, കൃഷികളും,കോട്ടകളും, കടുവ സംരക്ഷണ കേന്ദ്രവും, മ്യുസിയവും നിറഞ്ഞ മനോഹരമായൊരു സ്ഥലം. ഭാർഗഡിൽ എത്താനാവുന്തോറും മനുഷ്യവാസം കുറഞ്ഞു വരുന്നു. വിജനമായ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നത് രസകരമായി തോന്നി. പ്രകൃതി മനോഹാരിത ആസ്വാദിച്ചു അങ്ങനെ ഭാർഗഡിലെത്തി, കാർ ഗേറ്റിനു പുറത്തു പാർക്ക് ചെയ്തു ഞങ്ങൾ കോട്ടയ്ക്കകത്തേക്ക് കടന്നു.
അന്നേവരെ അനുഭവിക്കാത്ത പ്രതെയ്കമായൊരു കാറ്റ് ഞങ്ങളെ തലോടി സ്വീകരിക്കുന്നത്പ്പോലെ തോന്നി. നൂറു വർഷം
പഴക്കമുള്ള മരങ്ങൾ, ചിലതു വേരടർന്നു വീണിട്ടുണ്ട്. രണ്ടായിരം പേർക്ക് താമസ സൗകര്യമുള്ള കോട്ടയായിരുന്നു ഒരുകാലത്തു. പ്രകൃതി ദത്തമായ ജലധാരകൾ, വെള്ളച്ചാട്ടങ്ങൾ കൊണ്ടെല്ലാം മനോഹാരിതമായിരുന്ന കോട്ട, ഇപ്പോൾ കുറെ ഭാഗങ്ങൾ തകർന്നിട്ടാണ് കാണുന്നത്. പക്ഷികൾ കുരങ്ങുകൾ എല്ലായിടത്തും കാണുന്നു. മാർക്കറ്റുകൾ ഭൂരിഭാഗവും തകർന്നിരിക്കുന്നു, അവിടെയൊന്നും പവർ കണക്ഷൻ ഇല്ല.
അമ്പലങ്ങൾ ഉണ്ട് കോട്ടയ്ക്കകത്തു. റൂമുകളിലെ കൊത്തുപണികളും ഡിസൈനുകളും അത്ഭുദപ്പെടുത്തുന്നു. ചില റൂമുകളിൽ അസഹനീയമായ രൂക്ഷ ഗന്ധവും പുക പിടിച്ച ചുമരുകളും. നിയമത്തെ ലംഗിച്ചുകൊണ്ട് അവിടെ പാചകം ചെയ്തത് കൊണ്ടാവാം പുക പിടിച്ചിരിക്കുന്നത്. സാധരണ കൊട്ടകളിലൊക്കെയുള്ള പോലെ വേറെ സ്ഥലത്തേക്ക് എത്തിപ്പെടാൻ രഹസ്യ തുരങ്കങ്ങൾ ഇവിടെയുമുണ്ട്. ഞങ്ങൾക്കേറ്റവും ആകൃഷ്ടമായത് വാച്ച് ടവറാണ്. അവിടെ നിന്ന് നോക്കിയാൽ മൂന്ന് മലകളാൽ സംരക്ഷിക്കപെട്ട കോട്ടയുടെ പുറത്തെ കാഴച്ചകളെല്ലാം കാണാം, ഭാർഗഡ് മുഴുവനും അതിമനോഹരമായ കാഴ്ച തന്നെയാണ്.
റാണി മന്ദിരത്തിൽ ( മാധവ് സിംഗിന്റെ പത്നി രത്നാവതിയുടെ മന്ദിരം )എത്തിയപ്പോൾ അവിടെയുള്ളൊരാൾ കോട്ട തകരാൻ കാരണമായ മറ്റൊരു കഥ പറഞ്ഞു തന്നു.
അന്നത്തെ ദുർമന്ത്രവാദി 'സിങ്ങിയ ' റാണി രത്‌നാവദിയോട് ആരാധനയും പ്രണയവും തോന്നി. അവരെ എങ്ങനെയെങ്കിലും തന്റെ സ്നേഹവലയത്തിലാക്കാൻ വേണ്ടി തന്റെ മാന്ത്രിക ശക്തിയിലൂടെ ശ്രമിച്ചുക്കൊണ്ടിരുന്നു. ഇതെല്ലാം മനസ്സിലാക്കിയ, ദുർമന്ത്രവാദം കൈവശമുള്ള രത്നാവദിയും സിങിയയുടെ നീക്കങ്ങളെ പൊരുതിക്കൊണ്ടിരുന്നു. അവസാനം സഹിക്കെട്ടപ്പോൾ ഒരു പാത്രത്തിൽ മാന്ത്രിക തൈലം നിറയ്ക്കുകയും അത് താഴെ ഒഴിച്ച് വലിയൊരു പാറ കഷ്ണമായി രൂപം കൊള്ളുകയും പിന്നീട് ബ്ലാക്ക് മജീഷ്യൻ സിങിയയുടെ നേരെ പായിപ്പിക്കുകയും ചെയ്തു.
താൻ മരണത്തിനു മുമ്പിലാണെന്ന ഉറപ്പോടെ തന്റെ മുഴുവൻ ശക്തിയുമെടുത്തു റാണിയെയും കോട്ടയെയും ശപിച്ചു. അതിന്റെ ഫലമായി പിന്നീട് നടന്നൊരു യുദ്ധത്തിൽ റാണി അടക്കം കോട്ടയുടെ പ്രധാന ഭാഗങ്ങളെല്ലാം നശിക്കുകയായിരുന്നു. എല്ലാ ദിവസവും റാണി രത്നാവദി തന്റെ മന്ദിരത്തിലേക്ക് വരലുണ്ടെന്നു ഇപ്പോഴും ആളുകൾ വിശ്വസിക്കുന്നു. രാത്രികാലങ്ങളിൽ ഇരുട്ട് കോട്ടയിൽ തങ്ങാൻ ആർക്കും അനുവാദമില്ല. ആരെങ്കിലും തങ്ങിയാൽ,കാണാത്ത കേൾക്കാത്ത സ്വരങ്ങളും,കാഴ്ച്ചകളും അനുഭവപ്പെടുമെന്നു വിശ്വസിക്കുന്നു ചിലർ.
******************************
ഓർമ്മകൾ തന്റെ നിഴൽപ്പോലെ കൂടെത്തന്നെയുണ്ടാകുന്നത് കൊണ്ടാവാം എന്റെ ശ്രീ എന്നെ മാടിവിളിക്കുന്നത്പോലെ തോന്നുന്നത്. കഴിഞ്ഞ വർഷം ഈ ദിവസം ഭാർഗഡ് കോട്ടയിൽ എത്ര സന്തോഷമായി ചെലവഴിച്ചു. അവസാനത്തെ യാത്ര. അതിന്റെ പിറ്റേ ദിവസം ശ്രീനാഥ്‌, കാർ ആക്‌സിഡന്റിൽ മരണപ്പെട്ടത്.
എനിക്ക് ഒരു തവണ കൂടി അങ്ങോട്ട് പോകണം, ഭാർഗഡിലേക്ക്..... ശ്രീ ഞങ്ങളോട് വിടപറഞ്ഞു പോയ ഈ ദിവസം തന്നെ.
ഞാൻ കാറെടുത്തു നേരെ ഭാർഗഡിലേക്ക്, ശ്രീ, കൂടെയുള്ളതുപ്പോലെ, ഇതുവരെയില്ലാത്ത ധൈര്യം. സ്പീഡിൽ ഡ്രൈവ് ചെയ്യുമ്പോൾ തൊട്ടടുത്ത സീറ്റിലും ഇടയ്ക്കു പിൻസീറ്റിലും ശ്രീ, ഇരിക്കുന്നതുപ്പോലെ.ഇത്രയും ദൂരം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നത് ആദ്യമായിട്ടാണ്. മക്കളറിഞ്ഞാൽ സമ്മതിക്കൂല,മക്കൾ സ്കൂൾ വിട്ടു വരുമ്പോഴേക്കും തിരികെ എത്താം. വീട്ടിൽ വേലക്കാരി നാണി ചേച്ചിയുമുണ്ട്.
ഭാർഗഡിലെത്തി. അകത്തേക്ക് നടന്നു, വലിയ മാറ്റങ്ങളൊന്നുമില്ല. അന്ന് പോയ സ്ഥലങ്ങളിലൂടെ, ഓരോ മന്ദിരത്തിലും കയറിയിറങ്ങി. മൂർത്തികളൊന്നുമില്ലാത്ത അമ്പലത്തിലും കയറി, റാണി മന്ദിരത്തിൽ ഒരുപാട് നേരം ചെലവഴിച്ചു.
അന്ന് ശ്രീ എന്നെ പോകാൻ സമ്മതിക്കാത്ത രഹസ്യ തുരങ്കത്തിലൂടെ പോയിനോക്കി.ഓരോ പടികൾ ഇറങ്ങുമ്പോഴും ഇരുട്ടിന്റെ കാഠിന്യം കൂടിവരികയാണ്. മൊബൈൽ വെളിച്ചത്തിൽ നോക്കിയപ്പോൾ അവിടെ നിറയെ വവ്വാലുകൾ, ചുമരിലും നിലത്തുമെല്ലാം. തന്റെ അടുത്തേക്ക് പാറി വരുന്നു. ഞാൻ പേടിച്ചു പിന്തിരിഞ്ഞോടാൻ നിൽക്കെ ഫോൺ വവ്വാൽ കൂട്ടത്തിലേക്ക് വീണു. അതെടുക്കാൻ നിൽക്കാതെ വേഗത്തിൽ ഞാൻ പടികൾ കയറി,ഒരു വിധത്തിൽ രക്ഷപ്പെട്ടു. കൈയിലെ വാച്ചിൽ നോക്കിയപ്പോൾ അഞ്ചു മണിയായിട്ടുണ്ട്.ആളുകളാരെയും കാണാനില്ല. എല്ലാവരും മടങ്ങിപ്പോയിട്ടുണ്ടാകും. ഇനിയും വൈകിയാൽ ഗേറ്റ് അടക്കും. പിന്നെ ഈ രാത്രിമുഴുവൻ ഇരുട്ടുകൊട്ടയിൽ തങ്ങേണ്ടിവരും. ഉൾഭയം കൂടിവരുന്നു. കഴിയുന്നത്ര സ്പീഡിൽ ഓടി.
ഓടി ഓടി ഒടുവിൽ ഗേറ്റിന്റെ തൊട്ടടുത്തെത്തിയപ്പോൾ ഒരു സ്ത്രീ ഫോണിൽ കാര്യമായെന്തോ നോക്കി നിൽക്കുന്നതായി കണ്ടു. ഭാഗ്യത്തിന് ഒരാളെങ്കിലും ഉണ്ടല്ലോ എന്ന് സമാധാനിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് നീങ്ങി.അടച്ച ഗേറ്റ് എനിക്കുവേണ്ടി ആ സ്ത്രീ തുറന്നു തന്നുകൊണ്ട് പറഞ്ഞു.
" മാഡം, ഈ ഫോൺ നിങ്ങളുടേതാണോ?"
ഫോൺ വാങ്ങി നോക്കിയപ്പോൾ എന്റേത് തന്നെ, ഞാൻ സെറ്റാക്കിവെച്ചിരുന്ന എന്റെയും ശ്രീയുടെയും ഫോട്ടോ വാൾപേപ്പറിൽ.
" യെസ് മാഡം, എന്റേത് തന്നെയാണ്, കോട്ടയിൽനിന്ന് നഷ്ടപ്പെട്ടുപോയതാണ്. നന്ദി മാഡം ".
ഇത്രെയും പറഞ്ഞു ഞാൻ അവിടെനിന്നും കാറിന്റെ അടുത്തേക്ക് ലക്ഷ്യമാക്കി നടന്നു. ചുരുക്കം ആളുകളെ പുറത്തു കാണുന്നുള്ളൂ. ഞാൻ വണ്ടിയിൽകയറി ഡ്രൈവ് ചെയ്തു. കൈകാലുകൾ വിറയ്ക്കുന്നുണ്ട്. വിജനമായ സ്ഥലത്തുകൂടെ ഒറ്റയ്ക്ക്, മനസ്സിൽ ആ സ്ത്രീയെക്കുറിച്ചായി.അവർക്കെങ്ങനെ എന്റെ ഫോൺ കിട്ടി. അത് ആ ഗുഹയ്ക്കകത്തിലായിരുന്നില്ലേ... എന്റെ ശ്രീയുണ്ടായിരുന്നെങ്കിൽ എന്നാശിച്ചു. മക്കൾ വീട്ടിലെത്തിക്കാണും.കഴിയുന്നത്ര സ്പീഡിൽ കണ്ണുകൾ മങ്ങിയതാണോ അതോ തോന്നലാണോ അറിയില്ല കാറിനു മുമ്പിൽ വെള്ള വസ്ത്രം പായുന്നപ്പോലെ.
മനസ്സിൽ ആ സ്ത്രീയുള്ളതുകൊണ്ട് തോന്നിപ്പോകുന്നതായിരിക്കാം. ചിന്തകൾ മനസ്സിനെ നിറുത്താതെ വേട്ടയാടുമ്പോഴും ധൈര്യം കൈവിടാതെ മുന്നോട്ട് നീങ്ങി. റോഡിൽ കുറച്ചൊക്കെ വണ്ടികൾ പോകുന്നുണ്ട്. ചെറിയൊരു സമാധാനം വിജനസ്ഥലങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനിയും രണ്ടു മണിക്കൂർ. തന്റെ ചിന്തകളെ ആട്ടിയോടിക്കാൻ വേണ്ടി നല്ല സൗണ്ടിൽ തന്നെ പാട്ടു വെച്ചു. കണ്ണാടിയിൽകൂടി നോക്കുമ്പോൾ പിൻസീറ്റിൽ ആ സ്ത്രീ ഇരിക്കുന്നു. ദൈവമേ, ഇത് രത്നാവദിയുടെ പ്രേതമാണോ. എനിക്ക് സംസാരിക്കാൻ കഴിയുന്നില്ല.തൊണ്ടയിൽ കട്ടിയുള്ളോരു കല്ല് തങ്ങിയതുപോലെ.എന്നെത്തന്നെയവർ നോക്കി നിൽക്കുന്നു.
ഡ്രൈവിംഗ് നിറുത്താതെ വിട്ടു. പിന്നോട്ട് തിരിഞ്ഞു നോക്കിയതുമില്ല.ഒരുപാട് ദൂരം വണ്ടി നിയന്ത്രണമില്ലാതെ പോവുകയാണ്. ജയ്‌പ്പൂർ സിറ്റിയിലേക്ക് കടന്നതും ആ സ്ത്രീ തന്റെ കഴുത്തിനൊരു പിടുത്തം, എന്നിട്ട് പിന്കഴുത്തിൽ അവരുടെ കൂർത്തപ്പലുകൾ കൊണ്ട് കടിച്ചു രക്തം കുടിക്കുന്നു.എന്റെ മരണം, തനിക്കൊന്നും കഴിയുന്നില്ല. രക്ഷിക്കാനാരുമില്ല. ഒച്ചവെച്ചു വിളിക്കാന്പോലും കഴിയുന്നില്ല. രക്തം തന്റെ ഡ്രെസ്സിലും കാറിലുമൊക്കെ ഒഴുകിപ്പോകുന്നു.... ദൈവമേ !!!
ബാക്കിൽനിന്നും വണ്ടിയുടെ ഹോണടി കേട്ടപ്പോഴാണ് താൻ ഞെട്ടിയുണർന്നത്.
" എന്താടോ താൻ നടുറോട്ടിൽ വണ്ടി നിറുത്തിയിട്ടിരിക്കുന്നതു..... ?"
അതെ, ഞാൻ ചുറ്റും നോക്കി.... എനിക്കൊന്നും സംഭവിച്ചിട്ടില്ല. ആ സ്ത്രീ കാറിലുമില്ല. ഞാൻ വേഗം വീട്ടിലേക്ക് തിരിച്ചു.
ഫ്രഷായി തന്റെ റൂമിൽ ഉറങ്ങാൻ കിടന്നു.
പിറ്റേന്ന് രാവിലെ,
" മമ്മ.......... എണീക്ക്
വിശക്കുന്നു, ചായ ഉണ്ടാക്കിതാ മമ്മാ.......... "
മക്കൾ രണ്ടും തന്നെ വിളിക്കുകയാണ്. ഞാൻ എണീക്കാൻ ശ്രമിച്ചു. പക്ഷെ കാലുകൾക്ക് നല്ല ബലം.കൈകളോ തലയോ അനക്കാൻ കഴിയുന്നില്ല. മമ്മയ്ക്ക് എഴുന്നേൽക്കാൻ കഴിയാത്തത്കൊണ്ടാണെന്നു പറയാൻ തുടങ്ങിയപ്പോൾ നാവുകൾ ചലിക്കുന്നില്ല.
"മമ്മാ................
കണ്ണ് തുറക്ക്,
മമ്മാ.............. പ്ലീസ്
ഞങ്ങളല്ലേ വിളിക്കുന്നത് "
കുട്ടികൾ പൊട്ടിക്കരയുന്നു. "മമ്മ പോയി.......
മമ്മ ഞങ്ങളെ വിട്ടുപ്പോയി......."
"ഇല്ല മക്കളേ, ഞാനിവിടെത്തന്നെയുണ്ട്....."
ഉറക്കനെ ഞാൻ പറഞ്ഞിട്ടും അവർ കേൾക്കുന്നില്ല. അപ്പോഴാണ് തന്റെ മുമ്പിൽ വായുവിൽ നിൽക്കുന്നത് കണ്ടത്.... കോട്ടയിൽനിന്നു കണ്ട ആ സ്ത്രീ. അവർ പൊട്ടിച്ചിരിക്കുന്നു, പല്ലുകളിലും വായയിലും നിറയെ രക്തം,
തലേന്ന് കാറിൽനിന്ന് തന്റെ പിന്കഴുത്തിലൂടെ ഇറ്റിറ്റായി വീണ് ഒഴുകിയ അതേ രക്തം, അതേ കളർ.
Sajitha Muhammed
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo