Slider

മൗനനൊമ്പരം

0
മൗനനൊമ്പരം
ഡിയർ മനു,
വരുന്ന ഞായറാഴ്ച എന്റെ വിവാഹമാണ്... ഈ ഭൂമിയിൽ എവിടെയുണ്ടെങ്കിലും നീ വരണം. 11:50 നാണ് മുഹൂർത്തം. പതിനൊന്നര വരെ നിന്നെ ഞാൻ പ്രതീക്ഷിക്കും... അല്ലെങ്കിൽ അത്ര വരെയേ എനിക്ക് നിന്നെ പ്രതീക്ഷിക്കാനാവൂ. നമ്മൾ ഒരുപാട് സ്വപ്‌നങ്ങൾ പങ്കുവച്ച, നിറയെ കൽവിളക്കിന്റെ ആൽത്തറയുള്ള ശ്രീരാമ ക്ഷേത്രത്തിൽ വച്ച് തന്നെയാണ് ഞാൻ വിവാഹിതയാവുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി എന്റെ ഒരു മെയിലിനു പോലും നീ മറുപടി തന്നില്ല.. നീ എവിടെയാണെന്ന ചോദ്യം ഇപ്പോഴും കടംകഥ മാത്രമായി മാറുന്നു. എന്റെയും നിന്റെയും കൂട്ടുകാരൊക്കെയും അന്വേഷിച്ചിട്ടും നിന്നെ കണ്ടെത്തിയില്ല... കൂടുതൽ എഴുതി നിന്നെ ബുദ്ധിമുട്ടിക്കുന്നില്ല.. നീ വരുമെന്ന പ്രതീക്ഷയിൽ നിർത്തുന്നു...
നിന്റെ സ്വന്തം ലക്ഷ്മി... അല്ല... നിന്റെ മാത്രം കുശുമ്പി..
വിറയ്ക്കുന്ന കൈകളോടെ, മൗസിൽ പിടിച്ച് സെൻറ് ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ കണ്ണുകളടച്ച് ഏറെനേരം അങ്ങനെയിരുന്നു. മനുവിനെ കുറിച്ചോർത്തപ്പോൾ വീണ്ടും അവളുടെ കണ്ണ് നീറി.
കിഴക്കേടം ഇല്ലത്തെ വിഷ്ണു നാരായണന്റെയും സുമംഗല അന്തർജ്ജനത്തിന്റെയും ഏക മകനായിരുന്നു മനു. സംഗീതത്തിലും എഴുത്തിലും സർവോപരി രാഷ്ട്രീയത്തിലും കഴിവ് തെളിയിച്ച സുമുഖനായ ആ ചെറുപ്പക്കാരനെ ക്യാപസിൽ എല്ലാവർക്കും ഇഷ്ടമായിരുന്നു... പ്രത്യേകിച്ച് പെൺകുട്ടികൾക്ക്... എന്നാൽ മനു ഇഷ്ടപെട്ടത് ലക്ഷ്മിയെയാണ്. കോളേജിന്റെ ഇടനാഴിയിലെ ഭിത്തികൾ വരെ ഇപ്പോഴും അടക്കം പറയും, അവരുടെ പ്രണയം...
ലവ്വേർസ് കോർണർ എന്ന് സീനിയർസ് വിളിപേരിട്ട, വാകപൂക്കൾ പൂക്കളം തീർക്കുന്ന, സിമെന്റ് ബെഞ്ചിൽ ഒന്നിൽ വിപ്ലവ നായകനെ കാത്തിരുന്ന് മടുക്കുമ്പോൾ ലക്ഷ്മി പറയാറുണ്ടായിരുന്നു.... " ദേ , ചെക്കാ, കാത്തിരിക്കാൻ വേറെ ആളെ നോക്കിക്കോ, എനിക്ക് പറ്റില്ല... " അപ്പോഴും ജീവിതത്തെ കാര്യമായി കാണാത്ത മനുവിന്റെ കൈയിൽ മറുപടി ഉണ്ടായിരുന്നു , " എടി, പെണ്ണേ, ഞാൻ വിചാരിച്ചാൽ ഒരുപാട് പെൺകുട്ടികൾ എനിക്ക് വേണ്ടി കാത്തുനിൽക്കും. പക്ഷെ നീ നിൽക്കുന്നതാ എനിക്കിഷ്ടം... "
"അയ്യടാ.. ചെക്കന്റെ ഒരു പൈങ്കിളി.. ആ.. പിന്നെ എന്തായിരുന്നു കഴിഞ്ഞ ദിവസം ചെയർപേഴ്സൺ വിനീതയുമൊത്തുള്ള നിന്റെ കിന്നാരം... " " അയ്യേ... അത് ഞങ്ങൾ പാർട്ടിയുടെ അടുത്ത മീറ്റിംഗിനെ പറ്റി സംസാരിച്ചതല്ലേ... " " ഉം.. എന്തായാലും എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല.. " മനു ലക്ഷ്മിയുടെ ചെവിക്ക് പിടിച്ച് കൊണ്ട് പറഞ്ഞു "പോടീ... കുശുമ്പി.. "
ആലിലകൾ നാമം ചൊല്ലുന്ന ശ്രീരാമ ക്ഷേത്രത്തിലെ സന്ധ്യാനേരങ്ങൾ എന്നും മനുവിനും ലക്ഷ്മിക്കും സ്വന്തമായിരുന്നു. വിപ്ലവനായകന് അല്പം നിരീശ്വരവാദമുണ്ടായിരുനെകിലും, അച്ഛൻ വിഷ്ണു നാരായണൻ ശാന്തിയായിരുന്ന ശ്രീരാമ ക്ഷേത്രത്തിലേക്ക്, മനു വരാറുണ്ട്, ലക്ഷ്മിയെ കാണാൻ... മനുവും ലക്ഷ്മിയും പങ്കുവച്ച പ്രണയത്തിന് ആൽത്തറചോട്ടിലെ കൽവിളക്കുകൾ മാത്രമായിരുന്നു സാക്ഷികൾ.... എന്നാൽ, അവസാന വർഷ ബിരുദത്തിന്റെ പരീക്ഷഫലം വരുന്നതിന്റെ തലേന്ന്, മനു, വീട്ടിൽ നിന്നും നാട്ടിൽ നിന്നും അപ്രത്യക്ഷനായി.. പരീക്ഷ ഫലം അനുകൂലമാവില്ലന്നു കരുതി ഒന്ന് മാറി നിൽക്കുന്നതാവാം അത്രയേ ലക്ഷ്മി വിചാരിച്ചുള്ളു... പക്ഷെ..
ദിവസങ്ങൾ അടർന്നു വീണു... മാസങ്ങളും... മനുവിന്റെ തിരോധാനം അമ്മ സുമംഗലയെ വീഴ്ത്തി. അച്ഛൻ വിഷ്ണു നാരായണൻ പോലീസ് സ്റ്റേഷൻ പടികൾ കയറിയിറങ്ങി. വിപ്ലവാശയങ്ങളെ പിന്തുടർന്ന്, മനു നക്സലേറ്റ ആവാൻ പോയി എന്ന് നാട്ടുകാർ അടക്കം പറഞ്ഞു... അന്വേഷണം ഇന്ത്യയ്ക് പുറത്തേയ്ക്കും പുരോഗമിച്ചു. ഭീകര സംഘടനയിൽ ചേർന്നിരിക്കാമെന്ന് പിന്നീട് അറിഞ്ഞു. അപ്പോഴും മനുവിനെ കുറിച്ച് മാത്രം ഒരറിവും കിട്ടിയില്ല...
കണ്ണീർ വറ്റിയ വഴിക്കണ്ണുമായി ലക്ഷ്മി മനുവിനെ കാത്തിരുന്നത് അഞ്ചു വർഷമാണ്...
അവനില്ലാതിരുന്ന അഞ്ചാം വർഷത്തിന്റെ കർക്കിടക ദീപാരാധന കടന്ന് പോയ അന്ന് രാത്രി, ലക്ഷ്മിയുടെ അച്ഛൻ അവൾക് മുൻപിൽ തൊഴുകൈകളോടെ യാചിച്ചു.. " നിനക്ക് താഴെയുള്ള രണ്ട് പെൺകുട്ടികൾക്ക് വേണ്ടിയെങ്കിലും നീ ഈ വിവാഹാലോചനയ്ക് സമ്മതിക്കണം.. "
വാദ്യമേളങ്ങൾ കേട്ടപ്പോൾ ലക്ഷ്മി ഓർമയിൽ നിന്നുണർന്നു. " വരനും കൂട്ടരും എത്തി... " ആരോ തിടുക്കം കൂട്ടുന്നു.. ലക്ഷ്മി ചുറ്റും നോക്കി. താൻ വധുവേഷത്തിൽ ശ്രീരാമ ക്ഷേത്ര നടയിൽ നിൽക്കുകയാണെന്നും, ഇന്ന് തന്റെ വിവാഹമാണെന്നും ഞെട്ടലോടെ അവൾ ഓർത്തെടുത്തു. ആരോ കൈ പിടിച്ച് പന്തലിലേയ്ക് ആനയിച്ചപ്പോഴും ലക്ഷ്മി കാണികൾക്കിടയിലേയ്ക് കണ്ണോടിച്ചു.. ഇല്ല... മനു. .മാത്രം വന്നില്ല. .
ഒരു ചായ സത്കാരത്തിൽ പരിചയപ്പെട്ട ഒരാൾക്കൊപ്പം താൻ ജീവിക്കാൻ പോകുന്നു.. വാദ്യമേളകളുടെ അകമ്പടിയോടെ കഴുത്തിന് പിറകിൽ താലിചരട് മുറുകുന്നു. അവൾ കണ്ണുകൾ ഇറുക്കി അടച്ചു. .. മനു. ... എന്നോട് ക്ഷമിക്കൂ. .നിന്നെ മറന്നിട്ടല്ല. .. എനിക്കതിന് കഴിയുകയുമില്ല. .. പക്ഷെ. ... ഞാൻ ബന്ധങ്ങളുടെ കെട്ടുപാടിലാണ് കെട്ടുപാടിലാണ്. ..
അപ്പോഴും. .ലക്ഷ്മിയുടെ കൈയ്യെത്തും ദൂരത്തു, ഒരു മെന്റൽ ഹോസ്പിറ്റലിന്റെ ഇരുമ്പ് സെല്ലിനകത്തു ഓർമ്മകൾ മരവിച്ച മനസ്സുമായി, ജീവച്ഛവമായി മനു ഉണ്ടായിരുന്നു. .. മറ്റൊരു കടംകഥ പോലെ. ...
ജ്യോതി ലക്ഷ്മി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo