Slider

ഒരു ഓജോ ബോർഡ് പ്രണയം - ഭാഗം -1

0
ഒരു ഓജോ ബോർഡ് പ്രണയം - ഭാഗം -1
----------------------------------------------------------------
ഒരു കഥ എഴുതാനാണ് അവൾ ഇരുന്നത്. എന്തിനെക്കുറിച്ചാവണം എന്ന ആശങ്ക ഇത് വരെ തീർന്നിട്ടില്ല. ഇത്തവണ പതിവ് പ്രമേയങ്ങൾ ഒന്നും വേണ്ട. വ്യത്യസ്തമായി എന്തെങ്കിലും ആവണം. ഒരു പ്രേത കഥ തന്നെ ആവട്ടെ എന്നവൾ നിശ്ചയിച്ചു.
ഇവൾ പ്രിയ. എഴുത്തിന്റെ ലോകത്ത് അനാഥത്വത്തെ ഉപേക്ഷിച്ചവൾ. തന്റെ ജന്മ നിയോഗം എഴുത്താണെന്ന് കണ്ടെത്തിയവൾ. പതിനഞ്ചാം വയസ്സിൽ മാതാപിതാക്കൾ ഒരാക്‌സിഡന്റിൽ മരിച്ചപ്പോൾ അനാഥമാക്കപ്പെട്ട ജീവിതമാണവളുടേത്. ഭാരിച്ച സ്വത്തുക്കൾ സ്വന്തമായി ഉണ്ടായിരുന്നത്കൊണ്ട് പലരും അവൾക്ക് കൂട്ടിരുന്നു. തനിക്ക് വേണ്ടത് ഇവരെയല്ല എന്ന തിരിച്ചറിവ് ഉണ്ടായപ്പോൾ എഴുത്തിന്റെ ലോകത്തേക്ക് കടന്നതാണവൾ. ഇപ്പോൾ അതാണവളുടെ ജീവിതം തന്നെ.
ഇന്നുവരെ അവൾ അവലംബിക്കാത്ത ഒരാശയമാണ് പ്രേതം. അതിലൊന്നും അവൾ വിശ്വസിച്ചിരുന്നില്ല. മരണത്തിനപ്പുറം ആർക്കും ഈ ഭൂമിയിൽ നിലനിൽക്കാൻ കഴിയില്ല. കഴിയുമായിരുന്നെങ്കിൽ തന്റെ അച്ഛനും അമ്മയും ഒരിക്കലും തന്നെ വിട്ടുപോകില്ല. എങ്കിലും മറ്റുള്ളവരുടെ വിശ്വാസങ്ങളെ അവളൊരിക്കലും വില കുറച്ച് കാണാറില്ല.
എങ്ങനെ എഴുതി തുടങ്ങണമെന്ന് ഒരു രൂപവും കിട്ടിയില്ല. നമുക്ക് പരിചിതമല്ലാത്ത ആശയങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ പ്രയാസം തന്നെ. പക്ഷെ, ഇത് വായിക്കുന്നവരാരും പ്രേതങ്ങളല്ലോ. അവര്ക്കും ഈ അവസ്ഥ അന്യം തന്നെ. എങ്കിലും ഒരു ചിന്താകുഴപ്പം അവളെ ബാധിച്ചു. ദിവസങ്ങളോളം അവൾ ചിന്തിച്ചുകൊണ്ടിരുന്നു. മരണശേഷം ആർക്കെങ്കിലും തന്നോട് സംസാരിക്കാൻ കഴിഞ്ഞെങ്കിൽ... വെറുതെ അവൾ ആശിച്ചു. പെട്ടെന്നാണ് ഓജോ ബോർഡിനെപ്പറ്റി അവളോർത്തത്. പലരും പറഞ്ഞു കേട്ടതല്ലാതെ അതിൽ സത്യമുണ്ടോ എന്നവൾക്കറിയില്ല. അനുഭവസ്ഥരെ ഒന്നും കണ്ടുമുട്ടിയതുമില്ല. എന്തായാലും ഒന്ന് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു.
അർദ്ധരാത്രിയിൽ മെഴുകുതിരി വെട്ടത്തിൽ പ്രിയ തന്റെ ഓജോ ബോർഡിന് മുന്നിൽ ഒരാത്മാവിനെ പ്രതീക്ഷിച്ചിരുന്നു. ആ വലിയ വീട്ടിൽ അവൾ തനിച്ചായിരുന്നത്കൊണ്ട് മറ്റു ശല്യങ്ങളൊന്നും തേടിയെത്തില്ലെന്ന് അവൾക്കുറപ്പുണ്ടായിരുന്നു. അവിശ്വാസത്തിനു മേൽ വിശ്വാസത്തിന്റെ നേർത്ത പാളി വിരിച്ച് പ്രതീക്ഷയോടെ അവൾ വിളിച്ചു.
ഗുഡ് സ്പിരിറ്റ് പ്ളീസ് കം...
ഗുഡ് സ്പിരിറ്റ് പ്ളീസ് കം...
ഗുഡ് സ്പിരിറ്റ് പ്ളീസ് കം...
ഒരു നേർത്ത കാറ്റ് അവളെ തഴുകി കടന്നു പോയി. ഇടിയും മിന്നലും ചേർന്ന മഴയോടും കൊടുങ്കാറ്റിനോടും കൂടി മാത്രമാണ് സിനിമകളിൽ പോലും പ്രേതത്തെ കണ്ടിരിക്കുന്നത്. ആ മുൻവിധികളെ പാടെ തകർത്തു കൊണ്ട് ഒരു ഇളം തെന്നലിന്റെ അകമ്പടിയോടെ ആ ആത്മാവ് നാണയത്തിനു മുകളിൽ വച്ചിരിക്കുന്ന അവളുടെ വിരലുകളെ ചലിപ്പിച്ചു.
പ്രിയക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയിൽപ്പെട്ട് അവളുഴറി. എങ്കിലും ആദ്യത്തെ ചോദ്യം ഉന്നയിക്കാൻ അവൾ മറന്നില്ല.
നിങ്ങൾ ആരാണ്?
കൈവിരലുകൾ നാണയത്തോടൊപ്പം ചലിക്കുന്നത് അത്ഭുതത്തോടെ നോക്കികാണുകയായിരുന്നു പ്രിയ. അക്ഷരങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ തുടങ്ങിയിടത്ത് വന്നു നിന്നു. കൂട്ടി വായിച്ചപ്പോൾ ഒരുത്തരം കിട്ടി.
ആര്യൻ.
നിങ്ങൾ കൊല്ലപ്പെട്ടതാണോ?
ചോദ്യത്തിൽ അല്പം ആവേശം കൂടിപ്പോയെന്നു പ്രിയക്ക് തോന്നാതിരുന്നില്ല. പക്ഷെ ചോദ്യം പിൻവലിക്കാനും അവൾക്കായില്ല. ഉത്തരത്തിനായി ക്ഷമയോടെ അവൾ കാത്തിരുന്നു.
അതെ.
അല്പം ഭയം കലർന്ന ആശങ്ക അവളുടെ മനസ്സിൽ ഉടലെടുത്തെങ്കിലും അത് മറച്ചുപിടിക്കാനായി. ആരാണ് കൊന്നതെന്ന ചോദ്യം ചോദിയ്ക്കാൻ മനസ്സ് വെമ്പിയെങ്കിലും നിയന്ത്രിക്കാൻ അവൾക്ക് കഴിഞ്ഞു. വളരെ ശ്രദ്ധാപൂർവം അവൾ ചോദ്യങ്ങൾ ഓരോന്നായി ഉന്നയിച്ചു.
അയാൾ ഒരു ബാങ്കുദ്യോഗസ്ഥനായിരുന്നു. വലിയ തറവാട്ടിലെ ഒരംഗം. ഉന്നതകുലജാതൻ. അച്ഛനും അമ്മയും സഹോദരനും ഉണ്ട്. എല്ലാവരും ചേർന്ന് സന്തുഷ്ടമായി ജീവിച്ചിരുന്നു. പിന്നെ ആരാണ് നിങ്ങളെ കൊന്നത് എന്ന് ചോദിയ്ക്കാൻ അവൾ തുനിഞ്ഞു. പക്ഷെ ചോദ്യം മറ്റൊരു രൂപത്തിലാണ് പുറത്തേക്ക് വന്നത്.
എനിക്ക് നിങ്ങളെ കാണാനോ കേൾക്കാനോ കഴിയുമോ?
ചോദ്യത്തിനൊരുത്തരം കിട്ടുമെന്ന പ്രതീക്ഷയിൽ അവൾ തന്റെ വിരലുകളെ ഉറ്റുനോക്കി.
ഒരു ഇളം കാറ്റ് ഒരിക്കൽ കൂടി തന്നെ തഴുകി കടന്നു പോയോ എന്നവൾ സംശയിച്ചു.
പ്രിയാ..
ആരാണ് എന്നെ വിളിക്കുന്നത്? എന്നെ അന്വേഷിച്ച് ഈ വഴി ആരും വരാറില്ല. അതും ഈ നേരത്ത് ആരെങ്കിലും വരാൻ ഒട്ടും സാധ്യത ഇല്ല. പിന്നെ ആരാണ് തന്റെ പേര് വിളിച്ചത്? ആത്മാവിന്റെ മറുപടിക്കായി കാത്തിരുന്ന അവൾ മുഖമുയർത്തി നോക്കാൻ മടിച്ചു. അടുത്ത നിമിഷം വീണ്ടും അതേ ശബ്ദം. ഇത്തവണ അവൾ മുഖമുയർത്തി നോക്കുക തന്നെ ചെയ്തു. തനിക്കഭിമുഖമായി ഒരാൾ ഇരിക്കുന്നു. സുന്ദരനും സുമുഖനും യോഗ്യനുമായ ഒരാൾ. ഞെട്ടലോടെ അവൾ കൈകൾ പിൻവലിച്ചു. അകാരണമായ ഒരു ഭയം അവളെ പൊതിഞ്ഞു. വിയർപ്പു തുള്ളികൾ ശരീരത്തിൽ അവിടവിടെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പക്ഷെ അയാളുടെ മുഖം ശാന്തമാണ്. തികച്ചും ശാന്തം...
എന്തിനാണെന്നെ കാണാൻ ആഗ്രഹിച്ചത്?
നിങ്ങൾ... നിങ്ങൾ ആര്യനാണോ?
അതേ. ഭയം തോന്നുന്നുണ്ടോ?
പെട്ടെന്നുള്ള ഞെട്ടലിൽ നിന്നും അല്പം വിമുക്തയായ ശേഷം പ്രിയ തുടർന്നു.
ഇല്ല.
എന്നോട് സത്യസന്ധമായി മാത്രമേ മറുപടി പറയാവൂ പ്രിയ.. ഞാൻ മനുഷ്യനല്ല. ആത്മാവാണ്. നിന്റെ മനസ്സിന്റെ ഓരോ ചലനങ്ങളും എനിക്ക് അറിയാൻ കഴിയും.
വല്ലാത്തൊരവസ്ഥയിൽ ചെന്ന് പെട്ട പോലെ പ്രിയ വിളറി. ഒരുത്തരം പറയാൻ പെട്ടെന്നവൾക്കായില്ല. എങ്കിലും ഒരു ദീർഘ നിശ്വാസത്തിലൂടെ അവൾ തന്റെ സമചിത്തത കൈവരിച്ചു.
എല്ലാം നിങ്ങൾക്കറിയാൻ സാധിക്കുമെങ്കിൽ എന്തിനീ ചോദ്യങ്ങൾ?
ഒരു പുഞ്ചിരിയോടെ അയാൾ തുടർന്നു.
നീ എന്നെ വിളിച്ചു വരുത്തിയതാണ്. എന്നെ കാണണമെന്ന് ആവശ്യപ്പെട്ടതും നീ ആണ്. നിന്നെക്കുറിച്ചു എല്ലാം എനിക്കറിയാൻ സാധിക്കും. എങ്കിലും ഞാൻ ചോദ്യങ്ങൾ ചോദിക്കും. നിന്റെ ആത്മാർത്ഥതയെ പരീക്ഷിക്കാനാണത്. എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരേണ്ട ബാധ്യതയും നിനക്കുണ്ട്. അതിന് നീ തയ്യാറാണോ?
പ്രിയ ഒരു നിമിഷം ചിന്താകുഴപ്പത്തിലായി. താനിപ്പോൾ ഏത് അവസ്ഥയിലാണെന്ന് നിർവചിക്കാൻ പോലും പറ്റാത്തത്ര ആശയകുഴപ്പം അവളെ വലയം ചെയ്തു. എന്റെ ചിന്തകളെ തിരിച്ചറിയാൻ ഇയാൾക്ക് കഴിയുമെങ്കിൽ എന്തിനു പിന്നെ മറച്ചു പിടിക്കണം. സത്യമറിയാനാണ് താൻ ഇത്രയും ദുർഘടം പിടിച്ച ഈ ഉദ്യമത്തിന് ഇറങ്ങി തിരിച്ചത്. അപ്പോൾ നുണ പറയേണ്ട ആവശ്യകത ഇല്ലെന്നവൾക്ക് തോന്നി. മറുപടി നൽകാനായി പ്രിയ മുഖമുയർത്തി. അപ്പോഴും ആര്യൻ ശാന്തമായ മുഖത്തോടെ അവളെ തന്നെ വീക്ഷിക്കുകയായിരുന്നു.
(തുടരും)

Samini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo