Slider

ചെറുകഥ...... ഒരു വലിയ സമ്മാനം

0
ചെറുകഥ......
ഒരു വലിയ സമ്മാനം......
....................................................
ലീവ് പേപ്പറും പാസ്പോർട്ടും കൈയ്യിൽ വാങ്ങുമ്പോൾ എൻ്റെ ഉള്ളിൽ ആഹ്ളാദം നുരയിടുകയായിരുന്നു....രണ്ട് വർഷത്തെ പ്രവാസത്തിനിടയിൽ ആദ്യമായി കിട്ടിയ അവധി....ഞാൻ എൻ്റെ പൊന്നുമോളെ ആദ്യമായി കാണാൻ പോകുന്നു....ഗൾഫ് സ്വപ്നവുമായി സൗദിയിലേക്ക് വിമാനം കയറുമ്പോൾ സീത ആറ് മാസം ഗർഭിണിയായിരുന്നു.....ഇപ്പോൾ അമ്മുവിന് ഒന്നര വയസ്സായി....അവന്തിക എന്നാണ് പേരെങ്കിലും അമ്മു എന്നേ ഞാൻ വിളിക്കാറുള്ളു....എങ്ങനെയായിരിക്കും അവളെന്നോട് പെരുമാറുക?ഫോൺ വിളിച്ചാൽ 'അച്ഛേ' എന്ന അവളുടെ കൊഞ്ചൽ എത്ര കേട്ടാലും മതിവരില്ല.......എന്ത് സമ്മാനമാണ് അച്ഛ അവൾക്കായി കൊണ്ടു പോകേണ്ടത്?.....എന്താണ് ഞാൻ സീതയ്ക്കായി വാങ്ങേണ്ടത്?....അമ്മയ്ക്ക് ഞാൻ എന്താണ് കൊടുക്കേണ്ടത്?....
"Ladies and Gentlemen welcome to Calicut International Airport.. Please remove your seat belts"...പൈലറ്റിന്റെ ശബ്ദം ഏതോ മായിക ലോകത്ത് നിന്ന് കേട്ടതുപോലെ....ചെക്കിംഗിനായി കൗണ്ടറിലേക്ക് ഓടുകയായിരുന്നു.....പുറത്തേക്ക് ഇറങ്ങുമ്പോൾ ഓരോ കണ്ണുകളും എന്നെ നോക്കുന്നുണ്ടായിരുന്നു...പ്രതീക്ഷിച്ച ആളാവാത്തത് കൊണ്ടായിരിക്കാം ഓരോ മുഖത്തും അല്പ്പം നിരാശ....അതിനിടയിൽ ഞാൻ കണ്ടു.....കരയാൻ വെമ്പി നില്ക്കുന്ന രണ്ടു കണ്ണുകൾ.... കൂടെ കൊച്ചരി പല്ല് കാട്ടി ചിരിക്കുന്ന എൻ്റെ കുസൃതി കുടുക്കയും....
മോളെ വാരിയെടുത്ത് ഉമ്മകൾ കൊണ്ട് മൂടുമ്പോൾ ഒരു കൈകൊണ്ട് എൻ്റെ നേർപാതിയെ ചേർത്ത് പിടിച്ചു.... അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഒരു പാട് കഥകൾ അവളുടെ കണ്ണുകൾക്ക് പറയാനുള്ളത് പോലെ.....
വീട്ടിൽ എത്തുമ്പോൾ ഉമ്മറപ്പടിയിൽ ഞങ്ങളെയും കാത്തിരിക്കുന്നുണ്ടായിരുന്നു....എൻ്റെ അമ്മ.....
കൊണ്ടുവന്ന പെട്ടി പൊട്ടിച്ച് ഓരോർത്തർക്കും വീതം വെച്ച് കൊടുക്കുമ്പോൾ അമ്മ അകലെ മാറി നില്ക്കുന്നുണ്ടായിരുന്നു....അമ്മയ്ക്കായി ഒന്നും കൊണ്ടു വന്നിരുന്നില്ല....എന്നും വിളിക്കുമ്പോൾ സീത പറയും അമ്മയുടെ മാലയുടെ കണ്ണി പൊട്ടി....ലീവിന് വരുമ്പോൾ ഒരു മാല അമ്മയ്ക്കായി കൊണ്ടുവരണമെന്ന്....മറന്നതല്ല...അതിനുള്ള ആവതില്ലാത്തതാണ് കാരണം...ഇതുതന്നെ ചെങ്ങായിമാരോട് കടം വാങ്ങിയ പൈസക്ക് വാങ്ങിയതാ.....
രാത്രിയിൽ എൻ്റെ നെഞ്ചിൽ തലചായ്ച്ച് കിടന്ന് കൊണ്ട് സീത ചോദിച്ചു...
"എന്തേ ഏട്ടാ അമ്മയ്ക്കൊന്നും വാങ്ങാതിരുന്നത്?....പാവം നല്ലോണം ആഗ്രഹിച്ചിരുന്നു....ഒരു തരി പൊന്നിന് വേണ്ടി....പൊട്ടിയമാല എത്രനാളാ കഴുത്തിലിട്ട് നടക്ക്യാ...."
"ഞാനത് മറന്നതല്ല....അതിനുള്ള പൈസ എൻ്റെ കൈയിൽ ഉണ്ടായിരുന്നില്ല...അടുത്ത തവണ വരുമ്പോൾ എന്തായാലും എൻ്റെ അമ്മയ്ക്ക് ഞാനൊരു തരി പൊന്ന് വാങ്ങും....എന്നിട്ടത് എൻ്റെമ്മേടെ കൈയിൽ കൊടുക്കുമ്പോൾ ആ കണ്ണിലുണ്ടാകുന്ന സന്തോഷം എനിക്ക് കാണണം..."
നാലു മാസത്തെ ലീവ് നാലു ദിവസമെന്നോണം തീർന്നു...തിരിച്ച് പോകുമ്പോൾ പൊട്ടി കരയാതിരിക്കാൻ ഒരു പാട് ശ്രമിച്ചു....
....................................................
ലീവ് കഴിഞ്ഞു വന്നപ്പോൾ തൊട്ട് സ്വരൂകൂട്ടി വെച്ചിരിക്കുന്നതാ....ഇത്തവണത്തെ ലീവിന് പോകുമ്പോൾ അമ്മയ്ക്ക് ഒരു പവൻ്റെ ഒരു മാല വാങ്ങണം....പെട്ടെന്ന് മൊബൈൽ റിംഗ് ചെയ്തു.. മമ്മദ്ക്കയാണ്
"എടാ അനക്ക് കോളടിച്ചല്ലാ....ലീവ് പാസ്സായിൻ്റിണ്ട്".....രണ്ട് മാസെയുള്ളൂട്ടാ"
രണ്ട് മാസമെങ്കിൽ രണ്ട് മാസം...ഇപ്രാവശ്യത്തെ ലീവ് നേരത്തെയാണ്....ലീവ് നേരത്തെ കിട്ടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.....അതുകൊണ്ട് തന്നെ വീട്ടുക്കാരോട് ഒന്നും പറയുന്നില്ല....ഒരു സർപ്രൈസ് കൊടുക്കാം.....
അമ്മയ്ക്കുള്ള ആ സമ്മാനം വാങ്ങുമ്പോൾ ലോകം കീഴടക്കിയവനെ പോലെയായിരുന്നു....നാളെ ഞാൻ ഇത് അമ്മയുടെ കൈയിൽ കൊടുക്കുമ്പോൾ എന്തായിരിക്കും അമ്മയുടെ മുഖഭാവം?....സമ്മാനവുമായി പുറത്തേക്കിറങ്ങുമ്പോൾ ഒരു കറുത്ത കാർ മിന്നൽ വേഗതയിൽ വരുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു....
...........................................................
എയർപോർട്ടിൽ നിന്ന് വീട്ടിലെത്തിയത് അറിഞ്ഞതേയില്ല.... വീട്ടിൽ നിറയെ ആൾക്കാർ...ഞാൻ ഇന്ന് വരുമെന്ന് ആരോടും പറഞ്ഞിട്ടില്ലല്ലോ?
"ദാ എത്തി കേട്ടോ"ആരുടെയോ ശബ്ദം.....
വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോൾ എല്ലാവരെയും ഞാൻ നോക്കി....ഓ പഞ്ചായത്ത് മെമ്പറും വന്നിട്ടുണ്ടോ?എല്ലാവരുടെയും കീശയിൽ കറുത്ത തുണി കുത്തിയിട്ടുണ്ട്....ഞാനാകെ ഭയന്നു....ആർക്കാണ് അത്യാഹിതം സംഭവിച്ചത്?
എന്നേ എല്ലാവരും മറന്നെന്നു തോന്നുന്നു... ഞാൻ കൈവീശി കാണിച്ചിട്ടും ആരും ഗൗനിക്കുന്നില്ല....ഞാൻ കൊണ്ടുവന്ന ആ വലിയ പെട്ടി മുറ്റത്തുണ്ടായിരുന്ന വെളുത്ത തുണി വിരിച്ച മേശയിലേക്ക് വെച്ചു.....
അകത്ത് നിന്ന് ആരുടെയൊക്കെയോ അലറി കരച്ചിൽ കേൾക്കുന്നു....ആരൊക്കെയോ ചേർന്ന് ആ പെട്ടി തുറന്നു
ഞാനാ പെട്ടിയിലേക്ക് എത്തി നോക്കി....ഞാൻ ഞെട്ടിപ്പോയി.....ഇത്....ഇത്....ഞാനല്ലേ..
ഞാനെങ്ങനെ ഇതിനകത്ത്....
മൂന്ന് നാല്‌ പേർ എൻ്റെ ശരീരമെടുത്ത് അകത്തേ നടുമുറിയിൽ കൊണ്ടു കിടത്തി....എനിക്ക് നല്ല ദാഹവും വിശപ്പും തോന്നി...മകളും മരുമക്കളും വായിലേക്ക് വെള്ളവും അരിയും ഇട്ടു തന്നു....അവരെ ഒന്ന് തൊടണമെന്നുണ്ട്.....പക്ഷെ കൈകൾ ആരോ കെട്ടിയിട്ടിരിക്കുന്നു.....മകൾക്കൊരു ഉമ്മ കൊടുക്കണമെന്നുണ്ട്.....സീതയേ ഒന്ന് മാറോടു ചേർക്കണമെന്നുണ്ട്.....അമ്മയ്ക്കുള്ള സമ്മാനം ആ പെട്ടിയിലുണ്ട്....അതെടുത്തു അമ്മയ്ക്ക് കൊടുക്കണമെന്നുണ്ട്...പക്ഷെ അവിടെ വരെ പോകാനുള്ള കരുത്ത് നഷ്ടമായിരിക്കുന്നു.....എനിക്ക് ഉറക്കെ പറയണമെന്ന് തോന്നി.....
"അമ്മേ അമ്മേടെ മോൻ അമ്മയ്ക്കൊരു സമ്മാനം കൊണ്ടുവന്നിരിക്കുന്നു.....സീതേ നിൻ്റെ അരുണേട്ടൻ ഇതാ വാക്ക് പാലിച്ചിരിക്കുന്നു...."
പക്ഷെ എൻ്റെ ശബ്ദം മാത്രം പുറത്ത് വന്നില്ല.....
ആരൊക്കെയോ ചേർന്ന് ഞാൻ കൊണ്ടുവന്ന ആ വലിയ സമ്മാനം ചിതയിലേക്ക് വെച്ചു....അതോടെ ഞാനും ഇല്ലാതായി.....
ബിജു പെരുംചെല്ലൂർ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo