Slider

അമ്മമനസ്സ്‌

0
അമ്മമനസ്സ്‌
•••••••••••••••••••••••••••••••
എമിഗ്രേഷൻ ക്ലിയറൻസും കഴിഞ്ഞു വിമാനത്തിലെത്തിയപ്പൊ വിമാനം വിടാൻ ഇനിയും കിടക്കുന്നു അരമണിക്കൂറിലേറെ.
"ഓഹ്‌.."ജയിലിൽ കിടക്കുന്നൊരാൾക്ക്‌ പരോൾ കിട്ടുന്ന ഫീലാ മിക്ക പ്രവാസികൾക്കും (അത്‌ ഏത്‌ സ്വർഗ്ഗീയ സുഖമുള്ള ജോലിയായാലും)നാട്ടിലേക്ക്‌ പോകാനുള്ള വിമാനത്തിൽ ഇരിക്കുമ്പോ ല്ലേ??
ലഗേജ്‌ ബാഗ്‌ ബർത്തിൽ വച്ച്‌ സീറ്റ്‌ നമ്പർ നോക്കി സീറ്റിലിരുന്നു. വിന്റോ സീറ്റാണു. ആളുകൾ വന്നു കൊണ്ടിരിക്കുന്നേ ഉള്ളൂ. ഫോണെടുത്ത്‌ കൊണ്ടു വിട്ട ആളുകളെ വിളിച്ച്‌ "എല്ലാം ഭംഗിയായി കഴിഞ്ഞു ഇനി തിരിച്ച്‌ വന്നിട്ട്‌ കാണാം"
എന്ന് പറഞ്ഞ്‌ ഫോൺ വച്ചപ്പൊ ഫോണിൽ കുറച്ച്‌ പൈസ ബാലൻസ്‌ ഉണ്ട്‌. ഇവിടെ തിരിച്ച്‌ എത്തുമ്പോഴേക്കും അത്‌ നഷ്ടപ്പെടും.
അത്‌ കൊണ്ട്‌ വീണ്ടും വീട്ടിലേക്കൊന്ന് വിളിച്ചു.
ഭാര്യ തിരക്കിലാണു, അടുക്കളയിലെന്തൊക്കെയോ എനിക്ക്‌ വേണ്ടി വേവുന്നു. അവൾ ഫോൺ മോൾക്ക്‌ കൊടുത്തു. അവൾ "ടാബിന്റെ" കാര്യം ഒന്ന് കൂടി ഉറപ്പിച്ചു ടി വിയിലേക്ക്‌ മടങ്ങി .അച്ഛൻ "എയർപോട്ടിൽ വരണ്ട ഞാൻ ട്രെയിനിനു വന്നോളാം"എന്ന് പറഞ്ഞ ക്ഷീണത്തിൽ
അമ്മക്ക്‌ ഫോൺ കൊടുത്തു.
"അമ്മേ അമ്മക്ക്‌ എന്താ കൊണ്ടു വരേണ്ടത്?
കൊറിയർ വഴിയും കയ്യിലുമായി ഒരു എഴുപത്‌ കിലോയോളം നാട്ടിലേക്ക്‌ കടത്തുന്നുണ്ടെങ്കിലും മോളോട്‌ മാത്രേ ചോദിച്ചുള്ളൂ
"അച്ഛന്റെ പാത്തൂനെന്താ കൊണ്ടു വരണ്ടേന്ന്"
അവൾക്ക്‌ ടാബ്‌ മതീന്ന്., വയസ്സ്‌ നാലേ ആയുള്ളൂ. പിന്നാരോടും ഒന്നും ചോദിച്ചില്ല എല്ലാർക്കും എന്തൊക്കെയോ വാങ്ങി നിറച്ചിട്ടുണ്ട്‌.
എന്നാലും അമ്മയ്ക്ക്‌ എന്തേലും പ്രത്യേകം വേണം ന്ന് ആഗ്രഹം ഉണ്ടോ എന്ന് ചോദിക്കാതിരിക്കുന്നത്‌ മോശല്ലേന്ന് കരുതി ചോദിച്ചതാ...
"അനക്കെന്നാപ്പാ ഒന്നും വേണ്ടാ ഇഞ്ഞി വേം ഇങ്ങ്‌ വന്നാ മയി ,പിന്ന വീമാനം നിർത്തിയാ വിടുന്നേന മുന്നെ എറങ്ങിക്കോളണേ"ന്ന്
ഞാൻ ഒന്ന് ചമ്മി,
അടുത്ത്‌ വന്നിരുന്നയാൾ അത്‌ കേട്ടു പക്ഷെ എന്ത്‌ കാര്യം?
"ഇനിക്ക്‌ ഞമ്മള അമ്മ പറഞ്ഞ ഭാശ തിരിയണേങ്കിൽ ഇഞ്ഞി അടുത്ത ജന്മം കണ്ണൂരു ജനിക്കണേം ചങ്ങായീ" ന്നും മനസ്സിൽ പറഞ്ഞ്‌ ഞാനൊന്ന് ചിരിച്ച്‌ കാണിച്ചു. അയാൾ എന്നോടും..
വിമാനം റൺ വേയിൽ കൂടി നീങ്ങാൻ തുടങ്ങി.ഞാൻ ഫോൺ സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ ബാഗിൽ വച്ചു. മേഘക്കീറുകൾക്കിടയിലൂടെ എന്റെ മനസ്സ്‌ പിന്തിരിഞ്ഞോടി എന്റെ നാട്ടിൻ പുറത്തെത്തി.
ചെമ്മണ്ണു നിറഞ്ഞ റോഡിന്റെ ഓരത്ത്‌ കൗതുകകണ്ണുമായി നിൽക്കുന്ന ആ അഞ്ച്‌ വയസ്സുകാരനിലേക്ക്‌...
ആ റോഡിലൂടെ ഞാൻ കണ്ട ആദ്യത്തെ ബസ്സ്‌ 17ആം നമ്പർ ബസ്സ്‌.
അത്‌ തന്നെയായിരുന്നു ആ ബസ്സിന്റെ പേരും. ചിലരതിനെ "മധുരപതിനേഴ്‌" എന്നും വിളിച്ചു.
ഭയങ്കര ആകാംഷയും കൗതുകവുമായിരുന്നു അന്ന് ആ സാധനത്തെ കാണുന്നത്‌. ബസ്സിന്റെ ഹോണടിയും ഇരമ്പലും കേൾക്കുമ്പോ ഓടി റോഡിന്റെ അരികിലെത്തും, ചെമ്മണ്ണു പറത്തി വരുന്ന ബസ്സ്‌, ഡ്രൈവറോട്‌ വല്ലാത്ത ഒരു ആരാധനയാണു, "ഇത്രേം വലിയ സാധനമല്ലേ ഈ കൈ കൊണ്ട്‌ തിരിച്ച്‌ തിരിച്ച്‌ കൊണ്ടു പോകുന്നേ?"
"ഹൊഇയാൾ തന്നെ ഭൂമിയിലേ ഏറ്റവും വലിയ അത്ഭുത മനുഷ്യൻ."
എപ്പൊ കണ്ടാലും വെറുതെ കൈ ഒന്ന് ഉയർത്തി കാണിക്കും മിക്ക ട്രിപ്പുകളിലും വന്ന് സൈഡിൽ നിൽക്കുന്നതല്ലേന്ന് കരുതിയാവും അയാൾ ഒന്ന് ഹോണടിക്കും,
അപ്പോൾ ബസ്സിന്റെ സൈഡ്‌ സീറ്റിലിരിക്കുന്നവരൊക്കെ എന്നെ ഒന്ന് നോക്കും. അമ്മയുടെ വീടിന്റെ അടുത്തുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ അവരും കൈ കാണിക്കും ഞാൻ അയാൾക്ക്‌ റ്റാറ്റ പറയും അത്‌ കണ്ട്‌ ബസ്സിൽ "മസിൽ പിടിച്ചിരിക്കാത്തവരൊക്കെ" ആ അഞ്ച്‌ വയസ്സുകാരനോട്‌ റ്റാറ്റ പറയും.
ഞാനൊരു വിജയിയെ പോലെ തിരിഞ്ഞ്‌ വീട്ടിലേക്ക്‌ നടക്കും.
അപ്പൊഴേക്കും ബസ്സിലൊന്ന് കയറണമെന്ന മോഹം കലശലായി എന്നെ പിടികൂടി കഴിഞ്ഞിരുന്നു. അമ്മയുടെ വീടും അച്ചന്റെ വീടും തമ്മിൽ ഏകദേശം ആറേഴ്‌ കിലോ മീറ്റർ മാത്രേ ദൂരം ഉള്ളൂ പോരാത്തതിനു ഒരേ റൂട്ടുമാണു.
പക്ഷെ അമ്മ ഇത്‌ വരെ ബസ്സിൽ കൂട്ടി പോയിട്ടില്ല. കാരണങ്ങളിൽ ഒന്ന് ബസ്സിന്റെ പൈസ, പിന്നൊന്ന് ഈ ചെമ്മണ്ണു റോഡ്‌ കഴിഞ്ഞൊരു വയൽ മുറിച്ച്‌ കടന്നാൽ "അമ്മേടെ വീടെ"ത്തി. അമ്മ പറയും
"ബസ്സിൽ കയറി ഇറങ്ങുന്ന നേരം കൊണ്ട്‌ നടന്നെത്താം"ന്ന് ഞാൻ അമ്മയോട്‌ ഇടക്കിടക്ക്‌ ചിണുങ്ങാൻ തുടങ്ങി.
അപ്പുറത്തെ വീട്ടിലെ കുട്ടി പോയതും, ക്ലാസ്സിലെ ടീച്ചർ ബസ്സിൽ കൊണ്ടു പോകാൻ അമ്മയോട്‌ പറഞ്ഞൂന്നും അങ്ങനെ നമ്പറുകൾ പലതും ഇറക്കി ഒടുവിൽ ഗത്യന്തരമില്ലാതെ അമ്മ സമ്മതിച്ചു.
അങ്ങനെ ആദ്യബസ്സ്‌ യാത്ര.
അമ്മയുടെ ഒക്കത്ത്‌ അനിയത്തിയുണ്ട്‌ .
ഞാൻ ഒരു "ട്രൗസർ വാല" ഒരു ദിഗ്‌ വിജയിയെ പോലെ എന്നാൽ ചെറിയൊരു ഉൾഭയത്തോടെ ബസ്സ്‌ കാത്ത്‌ നിൽക്കുകയാണു.
ബസ്സ് ആ ‌ സ്റ്റോപ്പിൽ എത്തുമ്പോ ചവിട്ട്‌ പടിയിൽ വരെ നിറയെ ആളുണ്ടായിരുന്നു. എങ്ങനെയൊക്കെയോ തിക്കി തിരക്കി അതിൽ കയറി പറ്റി.
എന്നെ ആരോ കുറേ പിന്നിലുള്ള സീറ്റിനിടയിലേക്ക്‌ കയറ്റി നിർത്തി.
ഞാൻ അമ്മയെയും അനിയത്തിയേയും പാടേ മറന്നു.
പിന്നീലേക്ക്‌ ഓടി മറയുന്ന മരങ്ങളും,ഇലക്ട്രിക്‌ പോസ്റ്റുകളും പീടികകളും ആളുകളും....
വേഗത്തിൽ പോകുന്ന സൈക്കിളുകാരനെയും ചെറിയ വാഹനങ്ങളെയും തോൽപ്പിച്ച്‌ പോകുന്ന ബസ്സ്‌...
പീടികയിലെ മോഹനാട്ടൻ കൈകൊണ്ട്‌ ആംഗ്യം കാട്ടി ചോദിച്ചു
"എവിടെയാ പോകുന്നേന്ന്? "
ഞാൻ ഒച്ചത്തിൽ പറഞ്ഞു
"അമ്മേന്റെ വീട്ടിലേക്കാണെന്ന്" ഒരു കൂട്ടചിരി.. പലരും തിരിഞ്ഞു നോക്കി.. ഞാനാരെയും ശ്രദ്ധിച്ചില്ല. അടുത്ത സ്റ്റോപ്പിൽ മീൻ കാരൻ മൊയ്തുക്ക. അയാൾ എന്നെ നോക്കുന്നില്ല മീൻ വിൽപനയിലാ ശ്രദ്ധ മുഴുവൻ ഞാൻ ഉച്ചത്തിൽ വിളിച്ചു "മൊയ്തൂക്കാ കൂയ്‌ അമ്മേന്റെ വീട്ടീ പോവാ ഇന്ന് മീനിനു വരൂല്ല" അയാളും അറിയട്ടെ ഞാൻ ബസ്സിൽ കയറിയത്‌.
"ആരാടോ ബസ്സിൽ ഒച്ചപ്പാടാക്കുന്നേ?"
പൈസ വാങ്ങി ടിക്കറ്റ്‌ കൊടുക്കുന്നതിനിടയിൽ കണ്ടക്ടറാ അപ്പൊളാ അയാളെ ശ്രദ്ധിച്ചേ എന്തോരം ചില്ലറ പൈസയാ അയാളെ തോളിലെ ബാഗിൽ.. ഹൊ എന്തോരം മുട്ടായി വാങ്ങിക്കാം അതൊക്കെ കിട്ടിയാൽ..
എന്റെ മനസ്സ്‌ മുഴുവൻ ആദ്യ ബസ്സ്‌ യാത്രയിലെ പുതിയ അനുഭവങ്ങളിലും കൗതുകകരമായ പുറം കാഴ്ചകളിലായിരുന്നു..
പെട്ടെന്നാണു "മോനേ മോനേ"ന്നുള്ള അമ്മയുടെ വിളിയാ എന്നെ ഉണർത്തിയത്‌.
ഞാൻ ഉറങ്ങിയിരുന്നോ എന്നെനിക്കോർമ്മയില്ല. പക്ഷെ വിളി കേട്ടത്‌ ബസ്സിൽ നിന്നായിരുന്നില്ല.
ബസ്സിൽ ആളുകൾ കുറഞ്ഞിരുന്നു.ഞാൻ എഴുന്നേറ്റ്‌ നിന്ന് പിന്നിലേക്ക്‌ നോക്കി .
ഒരു പാട്‌ആളുകൾ ബസ്സിൽ നിന്നിറങ്ങി റോഡിൽ നിൽക്കുന്നുണ്ടായിരുന്നു.
അവർക്കിടയിലൂടെ എന്റെ അമ്മ അനിയത്തിയേയും ഒക്കത്ത്‌ വച്ച്‌ "മോനേ മോനേന്നും"വിളിച്ച്‌ കരഞ്ഞു കൊണ്ട്‌ ബസ്സിനു പിന്നാലെ ഓടി വരുന്ന കാഴ്ചയായിരുന്നു ഞാൻ കണ്ടത്‌.
എനിക്കും കരച്ചിൽ വന്നു ഞാൻ വിതുമ്പാൻ തുടങ്ങുമ്പോളേക്കും ആരോ എന്റെ കൈയ്യിൽ പിടിച്ചിരുന്നു. അപ്പൊഴേക്കും ബസ്സ്‌ നിന്നു.
കിളി എന്നെ കൈ പിടിച്ച്‌ ചവിട്ടുപടി ഇറങ്ങാൻ സഹായിച്ചു. ഓടി വന്ന അമ്മ എന്റെ തോളിൽ ഒരടിയും തന്ന് എന്നെ ചേർത്തു പിടിച്ചു. അപ്പോഴും അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
അമ്മയുടെ വീട്ടിൽ പോയാൽ എന്നും സാധനം വാങ്ങാൻ പോകുന്നതാണു അടുത്ത ബസ്സ്റ്റോപ്പ്.‌
"അവിടെ ഞാൻ ഇറങ്ങി നടന്ന് വരില്ലായിരുന്നോ? അമ്മ എന്തിനാ ഇങ്ങനെ കരഞ്ഞ്‌ പിന്നാലെ ഓടി വന്നേ" എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.
പക്ഷെ അപ്പോൾ അമ്മയോട്‌ എനിക്കത്‌ ചോദിക്കാൻ തോന്നിയില്ല. കാരണം അമ്മയുടെ ഉള്ളിൽ അത്രക്ക്‌ സങ്കടം ഉണ്ടെന്ന് എനിക്ക്‌ മനസ്സിലായി. പിന്നീട്‌ വലുതാവുന്നത്‌ വരെയും അമ്മയും മക്കളും മാത്രമായി ഒരിക്കലും ബസ്സിൽ പോവാൻ ഞാൻ വാശി പിടിച്ചിട്ടില്ല.
വിമാനം കൊച്ചിയിലിറങ്ങിയ ഉടനെ അമ്മ പറഞ്ഞത്‌ പോലെ വേഗം ഇറങ്ങാനൊരുങ്ങുന്നതിനിടയിലും അമ്മക്ക്‌ വാങ്ങിയ സമ്മാനപൊതി പോക്കറ്റിലുണ്ടെന്ന് ഉറപ്പ്‌ വരുത്തി ഞാൻ പുറത്തേക്കിറങ്ങുമ്പോൾ ഒരു പാട്‌ പെയ്തൊഴിഞ്ഞൊരാകാശം എന്നെ കാത്ത്‌ അകലെ നിൽക്കുന്നുണ്ടായിരുന്നു.
✍️ഷാജി എരുവട്ടി..

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo