Slider

♧♧~~~വിശപ്പിന്റെ വിളി~~♧♧

0
♧♧~~~വിശപ്പിന്റെ വിളി~~♧♧
---------------------------------------------------
പണ്ട്.. പണ്ട്.. പണ്ട്..ഞാൻ ചാലക്കുടി ഐ. ടി. ഐ യിൽ പഠിച്ചിരുന്ന... സോറി.. പോയിരുന്ന കാലം.
തലസ്ഥാനത്ത് പി. എസ്. യു വിദ്യാർത്ഥികളെ പോലീസ് തലതല്ലി പൊട്ടിച്ചു എന്ന സുന്ദരൻ വാർത്തയും ആയിട്ടാണ് ഒരു നാൾ കിഴക്കു വെള്ള കീറിയത്. അമ്പടി പുളുസോ... ഇന്ന് ഒരു സമരം ഉറപ്പു തന്നെ..! ഉച്ച ശാപ്പാട് റെഡിയാക്കി കൊണ്ടിരുന്ന മാതാശ്രീയോട് ഇന്ന് ഇതൊക്കെ എന്തിന് എന്ന് പുഞ്ഞത്തോടെ ഞാൻ വെച്ചു കീച്ചി. ആവി പറക്കുന്ന പുട്ടും എന്നെ നോക്കി ചിരിച്ച പപ്പടത്തേയും തൊട്ടു തൊട്ടില്ലെന്നു വരുത്തി കയ്യിൽ തടഞ്ഞ രണ്ടു പുസ്തകവുമെടുത്ത് യാത്ര പുറപ്പെട്ടു.
ഐ. ടി. ഐയിൽ എത്തിയപ്പോൾ എന്റേയും ചങ്ക് സിന്റേയും മന:പൊരുത്തം കണ്ട് എന്റെ കണ്ണു നിറഞ്ഞു പോയി. ആ ബുദ്ധിരാക്ഷസന്മാരും പേരിനൊരു പുത്തകവുമായിട്ടാണ് വന്നിരിക്കുന്നത്. നോ സാപ്പാട് !
പക്ഷേ ഞങ്ങളെ ദുഖത്തിന്റെ അഗാധഗർത്തങ്ങളിലേക്ക് തള്ളിയിട്ടു കൊണ്ട് വർഗ്ഗസ്നേഹമില്ലാത്ത പി. എസ്. യു ക്കാർ സമരമെടുക്കുന്നില്ല ! ന്യുസ് പേപ്പർ ഒക്കെ കൊണ്ട് പോയി കാട്ടിയിട്ടും നോ രക്ഷ! ടി. എഫ്. ഐക്കാർ തല്ലാനോടിക്കുമ്പോൾ നിങ്ങളാരും കാണില്ല തെണ്ടികളെ എന്ന പ്രസ്താവനയോടെ അവർ ഞങ്ങളെ ഓടിച്ചു വിട്ടു. ഭീരുക്കൾ !
അങ്ങിനെ ക്ളാസ് തുടങ്ങി. പരീക്ഷയടുക്കാറായതിനാലും അറ്റൻഡൻസ് ഷോർട്ടേജ് ഒരു വലിയ പ്രശ്നമായി ഉണ്ടായിരുന്നതിനാലും സ്വയം മനസാ ശപിച്ചു കൊണ്ട് ഞങ്ങൾ ക്ളാസിലിരുന്നു. ബോർഡിൽ മാഗ്നറ്റിക് ഇൻഡക്ഷൻ ഒക്കെ വരക്കുമ്പോൾ പുട്ടും പപ്പടവുമൊക്കെ ആയി അത് എന്റെ കണ്ണിൽ മിന്നിക്കൊണ്ടിരുന്നു.
ഉച്ചഭക്ഷണത്തിന് ബെല്ലടിച്ചപ്പോൾ ഞങ്ങൾ പരസ്പരം നോക്കി. ഏതെങ്കിലും ഒരു എച്ചിയെങ്കിലും ഒരു തേങ്ങാപ്പൂളെങ്കിലും കൊണ്ടു വന്നിരുന്നുവെങ്കിൽ എന്നാശിച്ചുപോയി. ചോറുണ്ണാൻ ആക്രാന്തം മൂത്തു പൈപ്പുകൾക്കടുത്ത് കൈകഴുകാൻ തിരക്കുകൂട്ടുന്ന സിവിലിലെ പെൺപിള്ളേരെ ഒരു നിമിഷം ഞങ്ങൾ വെറുത്തു.
ചുമ്മാ ഗേറ്റിൽ വന്നു നിന്നപ്പോൾ എന്നാ പിന്നെ റെയിൽവേ സ്റ്റേഷൻ വരെ നടന്നിട്ടു വരാമെന്ന് ജോൺസണേളപ്പൻ തട്ടി വിട്ടു.(എളേപ്പൻ വട്ടപ്പേരാട്ടോ..) പോകുന്ന വഴി എസ്. എച്ച് കോളേജിലെ ലലനാ മണികളെ കണ്ടു വെള്ളമിറക്കിയെങ്കിലും വിശപ്പു മാറ്റാമല്ലോ ? അതെങ്കിൽ അത്. നടപ്പു തുടങ്ങി..!
കുറ്റം പറയരുതല്ലോ... കൂട്ടത്തിലെ ശ്യാം ഒരു നല്ല പെറുക്കിയാണ്. എപ്പോഴും താഴേക്കു നോക്കി എന്തെങ്കിലും കിട്ടുമോന്ന് പരതി കൊണ്ടിരിക്കും. എന്തു കിട്ടിയാലും പോക്കറ്റിലിടും. ഏതായാലും ഇന്ന് അവന്റെ നോട്ടം വെറുതെ ആയില്ല.
ദൈവമായിട്ടു കാണിച്ചു തന്ന പോലെ ചെറിയൊരു കറുത്ത പേഴ്സ്. ശ്യാമാദികൾ അതു വേഗം തുറന്നു നോക്കുകയും ആഹ്ളാദം വാരി വിതറി ചില ശബ്ദങ്ങൾ പുറപ്പെടുവിക്കയും ചെയ്തു ! ഓഹോ.. ആഹാ.. തകർത്തു! പത്തു മുപ്പതു രൂപയുമുണ്ട്, ചില്ലറ പ്പൈസ വേറേയും !
പുന്നെല്ലു കണ്ട എലികളെപ്പോലെ ഞാനും ഞാനുമെൻറാളും പല്ലിളിച്ചു. ഒരു രൂപയോ മറ്റോ ഉള്ളു അന്ന് ഒരു പൊറോട്ടക്ക്! അഞ്ചു പേർ.. മൂന്നു പൊറോട്ട.. കടലക്കറി.. അല്ലെങ്കിൽ വേണ്ട സാമ്പാറടിക്കാം ! നാളെയെങ്ങാനും സമരമെടുത്താലോ? അപ്പോ സിൽമക്ക് പോകാലോ ! കൂട്ടത്തിലെ സാമ്പത്തിക വിദഗ്ദൻ രാജേന്ദ്രൻ തീരുമാനിച്ചു.
"ഡാ.. വെയ്റ്റ്.! ഇതെന്തോ തരികിടയാണേ... ഇതു കണ്ടാ ?"
അപ്പോഴാണ് ഞങ്ങളത് കണ്ടത് ! പേഴ്സിൽ നിന്നും രണ്ടു മൂന്നു പദാർത്ഥങ്ങൾ കൂടി ഞാൻ എടുത്തുയർത്തി. മൂന്നു ചെറിയ കളർ കടലാസ് പൊതികൾ ! ഒന്നിൽ കൽക്കണ്ടം, മറ്റേതിൽ എന്തോ ഭസ്മം. പിന്നെത്തേതിൽ എന്തോ എഴുതിയ ഒരു തകിട് !
ഒരു നിമിഷം എല്ലാവരും ഞെട്ടി. എല്ലാവരുടേയും ഉത്സാഹം ചാലക്കുടി പുഴ കടന്നു. എട്ടിന്റെ പണി ആയാലോ ?
" നിങ്ങളിങ്ങ് വന്നേ.. അത് കണ്ട് പേടിച്ച് നിക്കണ്.. ഞാനിപ്പ ശര്യാക്കിത്തരാം."
ഷിഹാബ് ആണ്. വിപ്ളവകാരി, തന്റേടി ! ഞങ്ങളെ വിളിച്ച് നയിച്ചുകൊണ്ട് അടുത്തുള്ള കപ്പേളയുടെ അടുത്തേക്ക് പോയി. പേഴ്സിലെ ചില്ലറ പൈസയെടുത്ത് എല്ലാവരുടേം തലയിൽ ഉഴിഞ്ഞ് ഒന്നു നെഞ്ചിൽ വച്ച് പ്രാർത്ഥിച്ച് അവിടത്തെ നേർച്ച പെട്ടിയിലിട്ടു, കൂടെയാ തകിടും ! ഗുദാഹവാ!
"അന്ധവിശ്വാസികൾ..!" എന്ന അവജ്ഞാപൂർവ്വമുള്ള അവന്റെ ആട്ടും ഞങ്ങൾ സഹിക്കേണ്ടി വന്നു.
ശേഷം ആ മഹാനുഭാവൻ കൽക്കണ്ടപ്പൊതിയെടുത്ത് എല്ലാവർക്കും ഒരോന്നു വച്ചു വീതിച്ചു ബാക്കി വന്ന നാലു കഷ്ണം സ്വന്തം വായിലേക്ക് നിക്ഷേപിച്ചീട്ട് പറഞ്ഞു.
" കണ്ടാ...എല്ലാം സോൾവ്ഡ്.. ബാ.. ഇനി പൊറോട്ടയടിക്കാം.."
ഹോ...! പുണ്യളനെ നോക്കി ഒന്നു വണങ്ങി ആശ്വാസത്തോടെ സന്തോഷത്തോടെ ധീരന്മാർ ഹോട്ടലിലേക്ക്.!
അഹങ്കാരത്തോടെ കസേരയൊക്കെ വലിച്ചിട്ട് ഞങ്ങൾ ജയൻ സ്റ്റൈലിൽ ഓർഡറിട്ടു.
"ഹെല്ലാവർക്കും മൂന്നു ബൊറോട്ടാ... കൂടെ സാമ്പാറും....."
സാധാരണ "ഒരു " കടലക്കറീം വാങ്ങി വീട്ടീന്നു കൊണ്ടുവരണ ചോറും കൂട്ടി വിഴുങ്ങുന്ന ഈ ദരിദ്രവാസികൾക്കെന്തു പറ്റിയെന്ന പുശ്ചഭാവം ഹോട്ടലുകാരന്റെ മുഖത്ത് വിരിഞ്ഞു. ഞങ്ങളത് കണ്ടില്ലെന്നു വച്ചു. ഹയ്യേ...!
പൊറോട്ടയും സാമ്പാറും കുഴച്ചടിച്ച് ഏമ്പക്കവും വിട്ട് കൗണ്ടറിൽ കാശ് കൊടുക്കാൻ നില്ക്കുമ്പോൾ ഒരു അമ്മൂമ്മ നിന്നു പരുങ്ങുന്നു. കുറച്ചു മുൻപ് പല്ലില്ലാത്ത മോണക്കിടയിലിട്ട് പൊറൊട്ട അരക്കുന്നത് കണ്ടതാണല്ലോ!
പൈസ കൊടുക്കുന്നതിനിടയിൽ രാജേന്ദ്രൻ ചോദിച്ചു.
"എന്താ അമ്മൂമ്മേ..? എന്താ പറ്റിയേ ?"
അരയിലും, കുടയിലും ബ്ളൗസിനുള്ളിലുമൊക്കെ ഒന്നു തപ്പി അമ്മുമ്മ പറഞ്ഞത് കേട്ട് ഞങ്ങളുടെ കിളി പോയി.
"എന്റെ പേഴ്സ് പോയി മക്കളേ..!"
"ഹെവടെ..??"
ഒരു കോറസായിട്ടാണ് അറിയാതെ ഞങ്ങൾ അത് ചോദിച്ചത്.
"ഇവടെവിടേയോ ആണ് മക്കളെ പോയത്. കുറച്ച് മുൻപ് നടന്നു വരുമ്പോ കൈയ്യിൽ ഇണ്ടാർന്നു"
ഞങ്ങൾ പരസ്പരം മുഖം നോക്കുന്നതിനിടയിൽ അല്പമൊന്നാലോചിച്ച് ഞങ്ങളുടെ ധനകാര്യ വിദഗ്ദൻ രാജേന്ദ്രൻ ഇടപെട്ടു.
" അമ്മൂമ്മ പേടിക്കാതിരി. പൈസ ഞങ്ങൾ കൊടുത്തോളാം.. "
പൈസ എണ്ണിക്കൊടുക്കുമ്പോൾ സന്തോഷത്തോടെയും കുറച്ചു സംശയത്തോടെയും കണ്ണടക്ക് മുകളിലൂടെ നോക്കിയ ഹോട്ടലുകാരനെ ഞങ്ങൾ അവഗണിച്ചു.
"വാ അമ്മുമ്മേ.. ചോദിക്കട്ടെ.."
അമ്മൂമ്മയെ പതുക്കെ നയത്തിൽ ഹോട്ടലിന്ന് പുറത്തിറക്കി.
"എത്ര രൂപ ഇണ്ടാർന്നു?"
"ഒരു പത്തമ്പതു രൂപണ്ടാർന്നു മക്കളേ..!"
ഹേ !! ഒന്നിച്ചു ഞെട്ടിയ നാലു പേരുടെ എഴു കണ്ണുകൾ ശ്യാമാനന്ദ തിരുവടികളുടെ നേരെ തിരിഞ്ഞു. (ഹാ.. സോറി.. ഒരുത്തനു ഇത്തിരി കോങ്കണ്ണുണ്ട് )
അമ്മൂമ്മ കാണാതെ ശ്യാം ഞങ്ങളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.
" ബസ് കാശു പോലും ഇല്ല മക്കളെ.. ഞാനിനി എന്തു ചെയ്യും?"
" അമ്മൂമ്മ പേടിക്കാതിരിക്ക് കാശ് ഇപ്പ ശരിയാക്കാം.. "
ധനമന്ത്രി തിരികേ ഹോട്ടലിലേക്ക് കയറി.
"ചേട്ടാ... ഞങ്ങൾ ഇപ്പ തന്ന ആ കാശ് ഒന്ന് തന്നേ ചേട്ടാ.. മ്മളൊക്കെ മനുഷ്യരല്ലേ ? ആ അമ്മൂമ്മക്ക് കൊടുക്കാനാ.. ചേട്ടന് നാളെ ത്തരാന്നേ! "
വളിച്ച മുഖവുമായി ആ ചേട്ടൻ പൈസ തിരികെ തന്നു. അതും വാങ്ങി പുറത്തു വന്നു ശ്യാമിനു നേരെ കൈ നീട്ടി.
മനസ്സില്ലാ മനസ്സോടെ അവൻ ഇരുപതു രൂപാ നീട്ടി. രാജേന്ദ്രന്റെ കയ്യിലുള്ളതും കടക്കാരൻ തിരികെ തന്നതും ചേർത്തു അമ്മൂമ്മേടേലു കൊടുക്കുമ്പോൾ അവർ വികാരാധീനയായി.
" മക്കൾക്ക് നൂറു പുണ്യം കിട്ടും ട്ടാ...!"
"ഹെന്നാലും ഹെന്റെ തകിടു പോയി മക്കളേ! അതു കയ്യിലിണ്ടെങ്കിൽ ഒരിക്കലും നമ്മള് വെശന്നിരിക്കണ്ടി വരുല്ലാർന്ന് ."
ഹമ്പടാ.. വെർതെയല്ല ഈ പൊറോട്ട തിന്നാൻ ഭാഗ്യം കിട്ടീത്. തകിട് നേർച്ചപ്പെട്ടിയിലിട്ട ഷിഹാബിനെ ഞങ്ങൾ ക്രൂരമായി നോക്കി. അവനോ.. പുണ്യാളന് വിശപ്പുണ്ടാവുമോ എന്നാലോചിച്ചു നിന്നു.
"പിന്നെന്താ അമ്മുമ്മേ പേഴ്സിലുണ്ടായിരുന്നത്. "
അസമയത്ത് എളേപ്പന്റെ ഒരു തംശ്യം !
രഹസ്യം പറയാനെന്ന മട്ടിൽ അമ്മൂമ്മ ഞങ്ങളെ അടുത്തേക്ക് നിറുത്തി.
"എന്റെ അയൽപക്കത്ത് ഒരു മഹാപാപിയിണ്ടേ.. വല്യ ശല്യാ,, അവനിട്ടു ഒരു പണിയാ.. ഇവടെ അടുത്ത് ഒരു സിദ്ധന്റെന്ന് വാങ്ങി കൊണ്ടോയ കൽക്കണ്ടോം ഭസ്മോം..!"
ശ്വാസം പോലും വിടാതെ ഞങ്ങൾ കേട്ടു നിന്നു.
"ഭസ്മം അവന്റെ പറമ്പിൽ കുഴിച്ചിടാനുള്ളതാ... പിന്നെ... കൽക്കണ്ടം ! അത് ഒരു കഷണമെങ്കിലും അവനെ കൊണ്ടു തീറ്റിച്ചാ ഏഴാം നാളവൻ തൂറിച്ചാവുവാർന്നു.!"
ഹേ... എന്നൊരാന്തൽ ഞങ്ങളിൽ നിന്നുയർന്നതും കേടുവന്ന പച്ചതെങ്ങ് വീണ പോലെ അന്ധവിശ്വാസങ്ങൾക്കെതിരെ പടപൊരുതുന്ന ഷിഹാബ് എന്ന ധീര വിപ്ളവകാരി ബോധം മറഞ്ഞ് നിലംപതിച്ചു.!!
സ്നേഹപൂർവ്വം അഷ്റഫ്♡
==========♡==============
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo