Slider

ഒരു ഓജോ ബോർഡ് പ്രണയം - ഭാഗം -3

0
ഒരു ഓജോ ബോർഡ് പ്രണയം - ഭാഗം -3
----------------------------------------------------------------
അടുത്ത നിമിഷം സമചിത്തത കൈവരിച്ച ആര്യൻ പ്രിയയോട് ചോദിച്ചു.
ഭയന്ന് പോയോ?
വിറങ്ങലിച്ച് നിൽക്കുകയായിരുന്നു അവൾ. ആര്യനിൽ നിന്നും അങ്ങനെ ഒരു നീക്കം അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല. അയാളൊരു മനുഷ്യനല്ല എന്നത് അവളെ കൂടുതൽ ഭയപ്പെടുത്തി. അവളുടെ മനസ്സ് വായിച്ചിട്ടെന്നപോലെ അവൻ പറഞ്ഞു.
പ്രിയാ.. ഭയപ്പെടേണ്ട. നിന്നെ ഞാൻ ഒന്നും ചെയ്യില്ല.
ആത്മാക്കൾക്ക് വികാരങ്ങളുണ്ടോ?
എന്തുകൊണ്ടില്ല. ഞാൻ മോക്ഷം കിട്ടാത്ത ആത്മാവാണ്. ശരീരമില്ല എന്ന് മാത്രമേ ഉള്ളു. എനിക്കും മനുഷ്യനെപ്പോലെ ചിന്തിക്കാനാവും.
ഒന്നും മനസിലാകാതെ നിൽക്കുകയാണ് പ്രിയ. അവൾക്കെന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ചോദിക്കാതെ തന്നെ ആര്യൻ എല്ലാം മനസ്സിലാകുന്നുണ്ടായിരുന്നു. ഒരു പുഞ്ചിരിയോടെ അയാൾ തുടർന്നു.
പ്രിയാ.. നീ എന്താണാലോചിക്കുന്നതെന്ന് എനിക്കറിയാം. പക്ഷെ, നിന്റെ ചോദ്യങ്ങൾക്ക് ഇപ്പോളെനിക്ക് ഉത്തരം തരാനാവില്ല. ക്ഷമയോടെ കാത്തിരിക്കൂ. നിന്റെ ആശങ്കകൾക്കെല്ലാം മറുപടി ലഭിക്കും.
കുറച്ച് നേരം അയാൾ മൗനിയായി ഇരുന്നു. അയാൾ പറഞ്ഞതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു പ്രിയ. പ്രണയം. അതെപ്പോഴെങ്കിലും തനിക്കാസ്വദിക്കാനാകുമോ? പലരും അതിന്റെ മധുരം രുചിച്ച് കഴിഞ്ഞിരിക്കുന്നു. തനിക്ക് മാത്രം അത് വിലക്കപ്പെട്ട കനിയായിരുന്നു. തന്നെ ആരെങ്കിലും പ്രണയിച്ചിട്ടുണ്ടോ? ഇല്ല, അല്ലെങ്കിൽ അതറിയാൻ താൻ ശ്രമിച്ചിട്ടില്ല. എല്ലാവരുടെയും സ്നേഹത്തിനെ കാപട്യമായി മാത്രമാണ് കണ്ടത്. എല്ലാർക്കും താൻ ഒരു അതിർവരമ്പ്‌ വരച്ചിരുന്നു. അതിനെ ആരും മറികടന്നില്ല. അല്ലെങ്കിൽ അതിനു അനുവദിച്ചില്ല. ഇനിയൊരാൾ ആ അതിർവരമ്പുകൾ ഭേദിച്ച് വരുമോ? ഇല്ലെന്ന് തന്നെയാണ് മനസ്സ് പറയുന്നത്. പക്ഷെ...
പ്രിയാ...
നിനക്കിപ്പോൾ ഒരുപാട് ചിന്തിക്കാൻ തോന്നും. അതെന്ത്കൊണ്ടാണെന്ന് എനിക്ക് വ്യക്തമായി അറിയാം. നിന്റെ ഉള്ളിൽ എവിടെയോ പ്രണയത്തിന്റെ വിത്തുകൾ വീണുകഴിഞ്ഞിരിക്കുന്നു. അത് മുളക്കാൻ ഇനി അധിക നേരം വേണ്ട.
ആര്യൻ നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്? പ്രണയത്തിന്റെ വിത്തുകൾ വീണുപോലും. ആരെ പ്രണയിക്കാൻ? ഞാൻ ഒറ്റയാളാണ്. എനിക്ക് കൂട്ടുകാർ പോലുമില്ല. നിങ്ങൾക്കെന്നെ പറ്റി ഒന്നുമറിയില്ല.
പുഞ്ചിരിയോടെ ആര്യൻ പ്രിയയെ നോക്കി.
പ്രിയാ... ഞാൻ നേരത്തെ നിന്നോട് പറഞ്ഞിരുന്നു. ഞാൻ മനുഷ്യനല്ല. എനിക്ക് നിന്റെ മനസ്സിന്റെ ഓരോ ചെറിയ ചലനങ്ങൾ പോലും വായിക്കാനാകും.
അവൾ അയാളെ ഉറ്റുനോക്കി. അവൾക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.
വിട്ടു കളയൂ പ്രിയാ. നമുക്ക് തുടരാം.
അവൾ വീണ്ടും അവന്റെ ജീവിതകഥയിലേക്ക് കാതോർത്തു.
പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴും അവളെ കണ്ടിരുന്നു. പലതും സംസാരിച്ചു. അവൾക്കൊരു ജോലിക്കായി ഞാനും പലവഴിക്ക് ശ്രമിച്ചിരുന്നു. ഒടുവിൽ അവളത് നേടുക തന്നെ ചെയ്തു. ആ സന്തോഷ വാർത്ത അറിയിക്കാൻ അവളോടി വന്നു. ആദ്യമായ് ഞാനവളെ നിറഞ്ഞ ചിരിയോടെ കാണുകയായിരുന്നു. കണ്ണെടുക്കാൻ തോന്നിയില്ല. എന്റെ ഹൃദയത്തിൽ അവളോടുള്ള പ്രണയം പതഞ്ഞു പൊങ്ങുകയായിരുന്നു. ആ കണ്ണുകളിൽ എന്തെന്നില്ലാത്ത സന്തോഷവും തിളക്കവും കാണാമായിരുന്നു. അവളെ ഹൃദയത്തോട് ചേർത്ത് വക്കാൻ കൊതിച്ചു പോയി. പ്രണയം... അതെത്ര മനോഹരമാണെന്ന് തിരിച്ചറിയുകയായിരുന്നു. പ്രണയം കൊണ്ട് ഞാൻ അന്ധനായ പോലെ തോന്നി എനിക്ക്. ഇനിയൊന്നും വേണ്ട, അവൾ മാത്രം മതി. അത്രക്കും ഞാനവളിൽ അനുരാഗപരവശനായികഴിഞ്ഞിരുന്നു.
ദിവസങ്ങൾ കൊഴിഞ്ഞുകൊണ്ടിരുന്നു. അവളിൽ കൂടുതൽ ആകൃഷ്ടനായി ഞാൻ മാറി. മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ കാണുമായിരുന്നു. അതെന്റെ പ്രണയത്തെ കൂടുതൽ ശക്തിപ്പെടുത്തി. പക്ഷെ, ഒരിക്കൽ പോലും എന്റെ മനസ്സ് അവൾക്ക് മുന്നിൽ തുറന്ന് കാട്ടാൻ കഴിഞ്ഞില്ല. അവളറിയുന്നുണ്ടാകും എന്ന് ഞാൻ വിശ്വസിച്ചു. പക്ഷെ അവളത് ഭാവിച്ചില്ല. ഒടുവിൽ ഒരുനാൾ ഞാൻ തുറന്ന് പറയുക തന്നെ ചെയ്തു. പ്രതീക്ഷിച്ചതെന്തോ കേട്ട പോലെ അവളെന്നെ ഉറ്റുനോക്കി. ആ സമയത്ത് അവളുടെ കണ്ണുകളിലെ ഭാവമെന്താണെന്ന് എനിക്ക് വായിക്കാൻ കഴിഞ്ഞില്ല. ഏറെ നേരത്തെ നിശ്ശബ്ദതക്കുശേഷം ഞാൻ തന്നെ മൗനം വെടിഞ്ഞു.
നീന... എന്താണൊന്നും മിണ്ടാത്തത്?
എന്താണീ മൗനത്തിന്റെ അർത്ഥം? സമ്മതമോ അതോ...
നീന കുറെ നേരം കൂടി മിണ്ടാതെയിരുന്നു. അവളുടെ മൗനം എന്നെ കൂടുതൽ അക്ഷമനാക്കി. പിന്നെ പതിയെ അവൾ സംസാരിച്ചു തുടങ്ങി.
ആര്യൻ... എന്നെപ്പറ്റി നിങ്ങൾക്കൊന്നും അറിയില്ല. നമ്മൾ തമ്മിൽ കാണുന്നു സംസാരിക്കുന്നു എന്നല്ലാതെ പരസ്പരം അറിയാൻ നമ്മൾ ശ്രമിച്ചിട്ടില്ല. മാത്രമല്ല, ഞാൻ ഒരു അനാഥയാണ്. ആരോരുമില്ലാത്തവൾ. സമ്പത്തും ബന്ധുബലവും ഇല്ലാത്തവൾ. നിങ്ങൾ ഇതെല്ലാമുള്ളവനാണ്. നിങ്ങൾക്ക് എന്നെക്കാൾ നല്ല കുട്ടികളെ കണ്ടെത്താൻ കഴിയും. പിന്നെന്തിന് ഞാൻ?
നീന... ഇഷ്ടം തോന്നുന്നത് സമ്പത്തോ കുടുംബമോ കുലമോ ജാതിയോ ഒന്നും നോക്കിയല്ല. അത് ഹൃദയത്തിൽ തോന്നേണ്ടതാണ്. നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ എന്തോ ഒരു ഇഷ്ടം എനിക്ക് തോന്നിയിരുന്നു. ഓരോ തവണ കാണുമ്പോളും അത് കൂടി കൂടി വന്നു. നീ എനിക്ക് വേണ്ടി ജനിച്ചവളാണെന്നൊരു തോന്നൽ. ഇല്ലെങ്കിൽ നമ്മൾ തമ്മിൽ കാണേണ്ടതിന്റെയോ ഇത്രമേൽ പരിചയപ്പെടേണ്ടതിന്റെയോ ഒരാവശ്യകതയും ഇല്ല. എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ്. ഒരു ജീവിതം മുഴുവൻ ഞാൻ നിന്റെ കൂടെയുണ്ടാകും എന്റെ മരണം വരെ.
*****
പ്രിയ അക്ഷമായാകാൻ തുടങ്ങിയിരുന്നു. എന്തൊക്കെയോ മാനസികാസ്വാസ്ഥ്യങ്ങൾ അവൾക്കുണ്ടായി. ആര്യന്റെ പ്രണയം അവളെ വല്ലാതെ അലോസരപ്പെടുത്തി.
പ്രിയാ...
ഞെട്ടലോടെ പ്രിയ ആര്യനെ നോക്കി. ശാന്തമായ മുഖത്തോടെ ഒരു ചെറു പുഞ്ചിരിയോടെ അവൾക്ക് മുന്നിൽ ഇരിക്കുകയായിരുന്നു ആര്യൻ.
എന്തിനാണിങ്ങനെ അസ്വസ്ഥയാകുന്നത്?
പ്രിയ എന്ത് പറയണമെന്ന് ആലോചിക്കുകയായിരുന്നു അവൾ. എന്ത് പറഞ്ഞാലും സത്യം എന്താണെന്ന് ആര്യൻ തിരിച്ചറിയും പിന്നെ ഉത്തരത്തിനെന്ത് പ്രസക്തി.
പ്രിയാ... നീ പോലും അറിയാതെ നിന്റെ മനസ്സ് പലതും ആഗ്രഹിക്കുന്നു.
ആര്യൻ നിങ്ങൾക്കെല്ലാം അറിയാൻ കഴിയുമല്ലോ. പറയൂ, എന്റെ മനോവ്യഥക്ക് കാരണമെന്തെന്ന്.
പുഞ്ചിരിയോടെ ആര്യൻ തുടർന്നു.
നിന്റെ മനസ്സ് സ്നേഹം കൊതിക്കുന്നു. അതാണ് നീ അസ്വസ്ഥയാകുന്നത്. നിനക്ക് സ്നേഹിക്കാൻ നിന്നെ സ്നേഹിക്കാൻ ഒരാൾ വേണമെന്ന് നിനക്ക് ആഗ്രഹമുണ്ട്.
പ്രിയ ആര്യനെ ഉറ്റു നോക്കി. സ്വന്തം മനസ്സിനെ അവളൊന്നു വിശകലനം ചെയ്തു നോക്കി. ഇയാൾ പറയുന്നതാണോ സത്യം? പെട്ടെന്നൊരുത്തരം കിട്ടിയില്ല അവൾക്ക്. ഒരു പ്രണയ കഥ, അല്ല ഒരാളുടെ ജീവിതം കേൾക്കുമ്പോൾ എന്റെ മനസ്സ് അസ്വസ്ഥമാകുന്നതെന്തിന്? ഇല്ല. തനിക്ക് കേൾക്കേണ്ടത് ഇയാളുടെ പ്രണയ കഥയല്ല. പ്രിയ ആര്യന്റെ മുഖത്തേക്ക് നോക്കി. അവളെ സസൂക്ഷ്മം നോക്കിയിരിക്കുകയായിരുന്നു അയാൾ.
പ്രിയ ഞാൻ പറയുന്നത് മുഴുവൻ കേൾക്കൂ. എന്റെ കഥ പൂർത്തിയാകുമ്പോൾ നിനക്ക് ഒരുത്തരം കിട്ടും. ക്ഷമയോടെ കാത്തിരിക്കൂ.
അവൾ വീണ്ടും അവന്റെ വാക്കുകൾക്ക് കാതോർത്തു
ദിവസങ്ങളെടുത്തു നീനയിൽ നിന്നൊരു അനുകൂല മറുപടി കിട്ടാൻ. അവളെ സ്വന്തമാക്കാൻ വേണ്ടി എന്തും ത്യാഗം ചെയ്യാൻ ഞാൻ തയ്യാറായിരുന്നു. അച്ഛനും അമ്മയും എന്റെ ഇഷ്ടങ്ങൾക്കിന്ന് വരെ എതിര് നിന്നിട്ടില്ല. അതുകൊണ്ട് ഇതും അവർ എതിർക്കില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ആ ധൈര്യത്തിലാണ് നീനയെയും കൊണ്ട് നാട്ടിലേക്ക് പുറപ്പെട്ടത്. പക്ഷെ, അവിടെ ഞാൻ പ്രതീക്ഷിച്ചതായിരുന്നില്ല സംഭവിച്ചത്. അച്ഛനും അമ്മയും നീനയെ സ്വീകരിക്കാൻ തയ്യാറായില്ല. മാത്രവുമല്ല, അവർ അവളെ വല്ലാതെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. നീനയെ ഉപേക്ഷിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ എല്ലാവരും ശ്രമിച്ചെങ്കിലും ഞാൻ നീനക്കൊപ്പം തിരിച്ച് പോരുക തന്നെ ചെയ്തു. നീനയുടെ കൈയും പിടിച്ച് എന്റെ തറവാടിന്റെ പടിയിറങ്ങുമ്പോൾ ഞാനൊന്ന് തിരിഞ്ഞു നോക്കി. കണ്ണീരോടെ നിൽക്കുകയായിരുന്നു അമ്മയും അച്ഛനുമൊക്കെ. ഇനി ഈ പടി ചവിട്ടരുതെന്നു പറയുമ്പോളും അച്ഛൻ കരയുകയായിരുന്നു. നാടും വീടുമൊക്കെ അവിടെ എനിക്ക് നഷ്ടമാകുകയായിരുന്നു. പക്ഷെ, അതെന്റെ ജീവിതത്തിൽ ഞാൻ ചെയ്ത വലിയ തെറ്റാണെന്ന് മനസ്സിലാക്കാൻ ഒരുപാട് വൈകിപ്പോയി.
*****
ആര്യൻ അൽപനേരം മൗനമായി ഇരുന്നു. പ്രിയയുടെ മനസ്സിൽ പല വേലിയേറ്റങ്ങളും നടക്കുന്നുണ്ടായിരുന്നു. ഒരു പ്രണയത്തിന്റെ വിത്ത് അവളുടെ മനസ്സിൽ മുളക്കാൻ തുടങ്ങിയിരുന്നു. ആര്യൻ നീനയെ സ്നേഹിച്ചതുപോലെ തന്നെ സ്നേഹിക്കാൻ ആരുമില്ലെന്നവൾ പരിതപിച്ചു. വല്ലാത്ത വേദന തോന്നി. മാതാപിതാക്കളുടെ സ്നേഹം പോലും മതിയാവോളം ആസ്വദിക്കാൻ കഴിയാത്ത താൻ ഒരു ഭാഗ്യദോഷി ആണെന്നവൾക്ക് തോന്നി. പ്രിയ ആര്യനെ നോക്കി. അവളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു അയാൾ. അവളുടെ ചിന്തകൾക്ക് അയാൾ ഒരു മറുപടിയും നൽകിയില്ല. അൽപനേരത്തിന് ശേഷം അയാൾ വീണ്ടും പറഞ്ഞു തുടങ്ങി.
തറവാട്ടിൽ നിന്നും ഇറങ്ങിപോരേണ്ടി വന്നതിൽ എനിക്ക് വല്ലാത്ത വിഷമമുണ്ടായിരുന്നു. ജീവിതത്തിൽ ആദ്യമായി ഞാനെന്റെ അച്ഛനെ ധിക്കരിക്കുകയായിരുന്നു. പക്ഷെ നീനയെ ഉപേക്ഷിക്കാനും എന്റെ മനസ്സനുവദിച്ചില്ല. നിനക്ക് സംഭവിച്ചതിലൊന്നും ഒരത്ഭുതവും ഉണ്ടായില്ല. പ്രതീക്ഷിച്ചതെന്തോ സംഭവിച്ച പോലെ അവൾ നിർവികാരയായിരുന്നു. അവളുടെ ആ മനോഭാവം എന്നെ ആശ്ചര്യപ്പെടുത്തി. അത് ഞാനവളോട് ചോദിക്കുകയും ചെയ്തു.
ആര്യൻ.. ഞാൻ ഇതൊക്കെ നേരത്തെ പറഞ്ഞതല്ലേ. ഇതൊക്കെ അങ്ങനെയേ വരൂ എന്നെനിക്ക് നേരത്തെ അറിയാമായിരുന്നു. ഞാൻ നിങ്ങൾക്ക് ഒരു ബാധ്യതയാവും.
നീനാ.. അങ്ങാനൊന്നും പറയരുത്. വീട് വിട്ടിറങ്ങേണ്ടി വന്നത് എന്നെ വേദനിപ്പിച്ചു എന്നുള്ളത് നേര് തന്നെ. പക്ഷെ ഞാനൊരിക്കലും നിന്നെ ഉപേക്ഷിക്കില്ല. എന്റെ ജീവനുള്ളിടത്തോളം ഞാൻ നിന്നെ സ്നേഹിക്കും. അങ്ങേയറ്റം സ്നേഹത്തോടെ ഞാൻ പറഞ്ഞതെങ്കിലും അവൾക്ക് എന്റെ സ്നേഹത്തിൽ അല്പം പോലും വിശ്വാസം തോന്നിയില്ല. അവളുടെ ജീവിതം അവളെ പഠിപ്പിച്ചത് അതായിരുന്നു. എന്റെ സ്നേഹംകൊണ്ട് ഞാനതിനെ മാറ്റിയെടുക്കും എന്നുറച്ച് തീരുമാനിച്ചു.
അധികം വൈകാതെ ഞാൻ നീനയെ രജിസ്റ്റർ വിവാഹം ചെയ്തു.
(തുടരും)

Samini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo