Slider

വിവാഹിതയായ മകൾക്ക് അമ്മ എഴുതുന്ന കത്ത്

0
വിവാഹിതയായ മകൾക്ക് അമ്മ എഴുതുന്ന കത്ത് എന്ന വിഷയത്തിൽ രണ്ടാം സമ്മാനം നേടിയ എന്റെ കത്ത്.
=====++++=======
സ്നേഹം നിറഞ്ഞ ഉണ്ണിമോൾക്ക്,
മുഖവുരയ്ക്ക് മുതിരുന്നില്ല. നീയിത് വായിക്കുമോ എന്നെനിക്ക് നിശ്ചയവുമില്ല... എന്തുകൊണ്ടാണ് ഇങ്ങിനെയൊരു കത്ത് എന്നത് ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി ചേർത്തു വായിക്കുമ്പോൾ പറയാതെ തന്നെ മോൾക്ക് മനസ്സിലായിട്ടുണ്ടാകും. നേരിട്ട് വരണമെന്ന് ആഗ്രഹമുണ്ട്. വരണമെന്നല്ല വന്ന് നിന്റെ ചെവിക്കല്ലു തകരുന്ന പോലെ ഒരടി തരണമെന്ന്. വേണ്ട നേരിട്ട് കണ്ടാൽ ചിലപ്പോ നിന്നെ ഞാൻ തല്ലി കൊന്നെന്നു വരും. ഈ വാർത്തയറിഞ്ഞപ്പോൾ മുതൽ വാലിന് തീ പിടിച്ചത് പോലെയാണ് നിന്റെ അച്ഛനും ആങ്ങളയും ഇവിടെ നടക്കുന്നത്. അവരെ എങ്ങിനെയാ അടക്കി നിർത്തിയിരിക്കുന്നത് എന്ന് എനിക്കും ഒടേതമ്പുരാനും മാത്രമേ അറിയൂ... എന്നാലും നിനക്ക് എങ്ങിനെ തോന്നിയെടി ഇങ്ങനൊരു അബദ്ധം ചെയ്യാനായിട്ടു... ഗൾഫിൽ കിടന്ന് കഷ്ടപ്പെടുന്ന നിന്റെ ഭർത്താവിനെ ഓർത്തോ നീ... നിന്റെ രണ്ടു കുഞ്ഞുമക്കളെ ഓർത്തോ നീ... എന്നാലും എങ്ങിനെ തോന്നി നിനക്കിത്.
നിന്നോടുള്ള ദേഷ്യം കൊണ്ടല്ല ഞാനിത്രയും എഴുതിയത്. നിന്നോടുള്ള സ്നേഹം കൊണ്ടാണ്. ഞാൻ നൊന്തു പെറ്റു വളർത്തിയ മോൾ പാഴായി പോയെന്ന് പറഞ്ഞാൽ അതെന്റെ വളർത്തുദോഷമായെ എല്ലാവരും പറയൂ... പെണ്കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന തറവാട്ടിൽ ആദ്യത്തെ പെൺതരിയായി നീ ജനിച്ചു വീണപ്പോൾ നിന്നെ കൊഞ്ചിക്കാനെ എല്ലാവർക്കും നേരമുണ്ടായുള്ളൂ. അതിന്റെ കുറവും നിനക്കുണ്ട്.
എന്നാലും എന്തിനാ എന്റെ മോൾ ഇത്തരം ഒരബദ്ധത്തിൽ ചെന്നു ചാടിയതെന്നാണ് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തത്. വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ നീ വേറൊരു ബന്ധത്തിൽ.... അമ്മാവന്റെ കണ്മുമ്പിൽ തന്നെ നീ വന്നു പെട്ടത് നന്നായി. അതുകാരണം നല്ലവനായ നിന്റെ ഭർത്താവും ഭർതൃവീട്ടുകാരും ഇപ്പോഴും ഒന്നും അറിഞ്ഞിട്ടില്ല. അമ്മാവൻ അത് ഇവിടെ വന്നു പറഞ്ഞപ്പോൾ ഞങ്ങളുടെ തൊലിയുരിഞ്ഞു പോയി. എന്തൊക്കെ ന്യായീകരണം നീ പറഞ്ഞാലും തെറ്റ് തെറ്റ് തന്നെയാണ് എന്നും.
നീയറിഞ്ഞോ ആവോ...?? അവനെ ആ ഓട്ടോക്കാരനെ നിന്റാങ്ങള സതീശൻ ഞങ്ങളാരുമറിയാതെ അവന്റെ വീട്ടിൽ പോയി തല്ലി. ഓമനത്തം വിട്ടു മാറാത്ത രണ്ടു പിള്ളേരും സുന്ദരിയായ ഒരു ഭാര്യയും അവനുണ്ട്. അത് കണ്ടപ്പോൾ കൊല്ലാൻ പോയ ഇവൻ തിരിച്ചു വന്നു. ഇപ്പോൾ അവന്റെ കൂടെയുള്ളത് മൂന്നാമത്തെ ഭാര്യ ആണത്രേ. ഇപ്പോൾ കൂടെയുള്ള കുഞ്ഞുങ്ങൾ അവന്റെ അല്ലത്രേ..... അവന്റെ പരിപാടി തന്നെ ഇതാണെന്ന്. കേട്ടപ്പോൾ അന്തിച്ചു പോയി. ഇങ്ങിനൊരുത്തനുമായാണോ എന്റെ മോൾക്ക് ബന്ധം കൂടാൻ തോന്നിയത്. നിന്നെ എന്ത് പറഞ്ഞാണ് അവൻ മയക്കിയതെന്ന് അറിയില്ല. ഇനിയൊരു നിഴലായി പോലും അവൻ നിന്റെ പുറകെ വരില്ല.
ഒരമ്മ പറയാൻ പാടില്ലാത്തതാണ് നിനക്ക് അത്രയ്ക്ക് ഒറ്റയ്ക്കയെന്നു തോന്നുന്നുണ്ടെങ്കിൽ നിന്റെ ഭർത്താവിനോട് മതിയാക്കി ഇങ്ങോട്ട് വരാൻ പറയ്. നിന്റെ വീതം ഇവിടെ കിടപ്പുണ്ട് പോരെങ്കിൽ ഞങ്ങളുടെ വീതവും തരാം. ഇവിടെന്തെങ്കിലും ബിസിനസ്സ് തുടങ്ങാൻ പറയ് അവനോട്. അച്ഛൻ ഇന്നലെ വിളിച്ചു സംസാരിച്ചു അവൻ പാതി സമ്മതം മൂളിയിട്ടുണ്ട്. നീയും ഒന്ന് സൂചിപ്പിക്ക്. അമ്മാവന് നീ കൊടുത്ത സത്യം ശരിയാണെങ്കിൽ എന്റെ മോള് അത് ചെയ്യ്.
സാരമില്ല്യ പോട്ടെ.. തെറ്റ് പറ്റാത്തവർ ആരുമില്ല.. ശരിയായ സമയത്ത് അത് തിരുത്താൻ മനസ്സ് കാണിക്കണം. എന്റെ മോൾ അത് ചെയ്യാൻ തയ്യാറാണെന്ന് എനിക്ക് തോന്നുന്നു. അവിടുത്തെ അച്ഛനും അമ്മയും മോളോട് കാണിക്കുന്ന സ്നേഹം കണ്ടു എനിക്ക് പോലും എന്റെ മോളെ ഇതുപോലെ സ്നേഹിക്കാൻ പറ്റിയിട്ടില്ലല്ലോ എന്ന് ഞാൻ അസൂയപ്പെട്ടിട്ടുണ്ട്. നിന്റെ ഭർത്താവും നിന്നെ പൊന്നുപോലെയാണ് നോക്കുന്നത്. ആ മക്കളോ അവരെന്ത് പിഴച്ചു.
മോളേ നീയിന്നൊരു വാഹനത്തിന്റെ ചക്രമാണ് എന്റെ മോൾ തെറ്റായി പോയാൽ ആ വാഹനമാണ് നശിക്കുന്നത്. മോൾക്ക് എന്നെക്കാളും പഠിപ്പും വിവരവുമുണ്ടല്ലോ അമ്മ പറയുന്നത് എന്താണെന്ന് സമചിത്തതയോട് കൂടി മനസ്സിലാക്കാൻ മോൾക്ക് സാധിക്കും. ഈ ലോകം ചതിയുടെയും വഞ്ചനയുടേതുമാണ്. നിന്റെ തൊലി വെളുപ്പ് കണ്ട് അടുത്തു കൂടുന്നവർ രുചിയറിഞ്ഞു കഴിഞ്ഞാൽ ഇട്ടിട്ട് പോകും. അഗ്നിസാക്ഷിയായി കെട്ടിയ ഭർത്താവ് ഒരിക്കലും അത് ചെയ്യില്ല. അതും നീയും കുട്ടികളും എന്നോർത്താൽ മരിക്കുന്ന ഒരു ഭർത്താവ്...മോൾ പത്രങ്ങളും ന്യൂസും ഒക്കെ കാണാറില്ലേ ഓരോദിവസവും എത്രയെത്ര വാർത്തകളാണ് വരുന്നത്. എന്നിട്ടും വീണ്ടും വീണ്ടും ഇതുപോലുള്ള അബദ്ധങ്ങൾ ആവർത്തിക്കുന്നു.
കഴിഞ്ഞതൊക്കെ പോട്ടെ എന്റെ മോൾ അതൊരു ദുസ്വപ്നമായി മറന്നു കളയൂ.. അടുത്ത തിങ്കളാഴ്ച്ച മോൾ ടൗണിലേക്ക് ഒന്ന് വരണം. ഞാനും ഇവരറിയതെ എന്തെങ്കിലും പറഞ്ഞു വരാം. അമ്മ അവിടെ ഒരു കൗൺസിലിംഗ് സെന്ററിൽ ബുക്ക് ചെറുത്തിട്ടുണ്ട്. ആ കൗൺസിലിംഗ് കഴിയുമ്പോൾ എന്റെ മോൾ എല്ലാം മറക്കും. അതത്യാവശ്യമാണ്. വരാതിരിക്കരുത്. വരാതിരുന്നാൽ അമ്മ അങ്ങോട്ട് വന്ന് മോളേ കൊണ്ടുപോകും അതിനിട വരുത്തരുത്. എന്റെ മോൾ നല്ല കുട്ടിയായി ജീവിക്കുമ്പോൾ അച്ഛന്റെയും ചേട്ടന്റെയും ദേഷ്യമൊക്കെ മാറും. അമ്മയും പറഞ്ഞോളാം അവരോട്.
അങ്ങോട്ട് വന്നു നിന്നെ കണ്ട് ഇതെല്ലാം പറയാനോ ഫോണിലൂടെ പറയാനോ പറ്റാത്ത കാരണമാണ് ഞാൻ ഇങ്ങിനൊരു കത്തെഴുത്തുന്നത്. രജിസ്റ്റർ ചെയ്താണ് അയക്കുന്നത്. വായിച്ചു കഴിഞ്ഞാൽ നശിപ്പിച്ചു കളഞ്ഞേക്കൂ... അടുത്ത തിങ്കളാഴ്ചത്തെ കാര്യം മറക്കണ്ട. പേടിക്കണ്ട.... നേരിട്ടു കാണുമ്പോൾ അമ്മ ഇതിനെക്കുറിച്ച് ഒന്നും സംസാരിക്കില്ല. നിർത്തുന്നു.
സ്നേഹത്തോടെ
അമ്മ

Jaison 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo