Slider

#മോതിരം..

0
കുറെ നാളായുള്ള ഒരു ആഗ്രഹമാണ് .. ഒരു മോതിരം വാങ്ങണം .സ്വർണത്തോട് അമിതമായ കമ്പമൊന്നുമില്ല.പക്ഷെ മോതിരങ്ങൾ ഇഷ്ടമാണ്. അതും വളരെ വളരെ സിമ്പിൾ ആയത്...മനസ്സിന് ഇഷ്ടപെട്ട ഡിസൈനിൽ ഗോൾഡും പ്ലാറ്റിനവും ചേർന്ന് സിമ്പിൾ ആയി വേണം..പക്ഷേ ,അവിടെ ഒരു പ്രശ്നമുണ്ട്..എൻ്റെ നല്ല പാതിക്ക് സ്വർണം അലർജി ആണ്..പറയുമ്പോഴൊക്കെ എന്നെ തറപ്പിച്ചൊന്നു നോക്കും..പറഞ്ഞുവന്നത് പകുതി വെച്ച് വിഴുങ്ങി ഒരു പുച്ഛം വരുത്തി ഞാൻ എന്റെ വഴിക്കങ്ങ് പോവും.ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ചർച്ച നടക്കും..തള്ളിപ്പോകും..ഇതങ്ങനെ ആവർത്തിച്ചു കൊണ്ടേയിരുന്നു..
എന്തായാലും രണ്ടു ദിവസം മുന്നേ ഞാൻ രണ്ടും കൽപ്പിച്ചു ഒരു തീരുമാനത്തിലെത്തി..ഇനി ചർച്ചയില്ല..പ്രവൃത്തി മാത്രം..ചുമ്മാതങ്ങ് വിടാൻ ഞാൻ തയ്യാറല്ല.ഒന്നുല്ലെങ്കിലും പണ്ടത്തെപ്പോലെ അല്ലല്ലോ ഞാനിപ്പോ..അഞ്ചക്ക ശമ്പളം മാസം കൃത്യമായി എണ്ണിമേടിക്കുന്ന ഒരു ടീച്ചറല്ലേ.. പിന്നെ അങ്ങേരോട് ചോദിക്കാണ്ട് ഒന്നും ചെയ്തു ശീലമില്ലാത്തോണ്ടാണ് ഈ ചർച്ച..
വരുന്നത് വരുന്നിടത്ത് വെച്ച് കാണാം എന്നൊരു തീരുമാനത്തിൽ ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് അനുവിന് വിളിച്ച് ഒരു ഷോപ്പിംഗിനു ചട്ടം കെട്ടി...എനിക്ക് വേണ്ട മോതിരത്തിന്റെ ഡിസൈൻ കിടക്കുന്നത് അവളുടെ കൈവിരലിലാണല്ലോ..കൂടെ ഒരു ചിക്കൻ ബിരിയാണിയുടെ ഓഫർ കൂടി കൊടുത്തപ്പോൾ ആള് ഹാപ്പി ആയി.
പിറ്റേന്ന് കാലത്ത് അതായത് ഇന്നലെ രാവിലെ അങ്ങേരോട് വിഷയം അവതരിപ്പിച്ചു..എന്തിനാ, ഏതിനാ എന്നൊക്കെ ചോദിച്ചെങ്കിലും പിടി കൊടുത്തില്ല ഞാൻ..കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ടെന്നും അനു കൂടെ ഉണ്ടാവുമെന്നും മാത്രം പറഞ്ഞു..സത്യത്തിൽ മൂപ്പര് ആളൊരു പാവത്താനാണ്. എന്റെ കൂടെ വരാനുള്ള സമയം ഇല്ലന്നേയുള്ളൂ..എനിക്ക് എങ്ങോട്ടു പോവാനും മൂപ്പരുടെ ഭാഗത്തു നിന്നും ഒരു മുടക്കവുമില്ല..അത് തന്നെ ഒരു തരത്തിൽ ഭാഗ്യമാണ്..
അങ്ങനെ ഏതാണ്ട് ഒരു മണിയോടടുത്ത് ഞാൻ ചെർപ്പുളശ്ശേരി ടൗണിലെത്തി.ഒരു അഞ്ചുമിനിറ്റ് കഴിഞ്ഞതും അവളും വന്നു..കാര്യമായൊന്നും പർച്ചേസ് ചെയ്യാനില്ലാരുന്നു..puppetry ക്കു വേണ്ട ചില മെറ്റീരിയൽസ്.. ചില തുണിത്തരങ്ങൾ..പിന്നെ മോതിരത്തിന്റെ കാര്യം ഒന്നന്വേഷിക്കണം..
സാധനങ്ങളെല്ലാം വാങ്ങിക്കഴിഞ്ഞ് സിൽവർ സ്റ്റാർ ഹോട്ടലിൽ കേറി ഓരോ ചിക്കൻ ബിരിയാണിയും തട്ടി ജ്വല്ലറിയിൽ എത്തിയപ്പോഴേക്കും സമയം മൂന്നരയായി. എനിക്ക് വേണ്ടത് അവരുടെ സെക്ഷനിൽ ഉണ്ടാവില്ല..കാരണം പേര് കൊത്തിയ മോതിരമാണ് എനിക്ക് വേണ്ടത്..ഡിസൈൻ കാണിക്കാൻ വേണ്ടി അവളുടെ വിരലിൽ നിന്നും മോതിരമൂരി സെയിൽസ്മാന് നൽകി.അവൻ അത് അളന്നു നോക്കി.അത്പോലൊരെണ്ണത്തിനു ഓർഡർ എടുത്തു..അവരുടെ ബുക്ക് എടുത്ത് ഡീറ്റൈൽസ് എല്ലാം എന്റർ ചെയ്തു.. മോതിരത്തിന്റെ ഫോട്ടോയും എടുത്തു.
എന്താണ് പേരെഴുതേണ്ടത് എന്ന് അവൻ അത് വരെ ചോദിച്ചിരുന്നില്ല.അവനതു ചോദിക്കുന്നതും പ്രതീക്ഷിച്ചു ഞാനും വെയിറ്റ് ചെയ്തു..എവിടെ.. അവസാനം ഞാൻ അവനോട് തന്നെ ചോദിക്കേണ്ടി വന്നു,പേര് വേണ്ടേന്ന്..അവൻ കയ്യിലിരുന്ന അനുവിന്റെ മോതിരം നോക്കി..എന്നിട്ടൊരു ചോദ്യം."ഇത് തന്നല്ലേ എഴുതേണ്ടത്"എന്ന്...ബുദ്ദൂസ്..ഞാനും അനുവും മുഖത്തോടു മുഖം നോക്കി..ഉള്ളിൽ വന്ന പൊട്ടിച്ചിരിയെ കടിഞ്ഞാണിട്ടു പിടിച്ച് അത് അവളുടെ കേട്ട്യോന്റെ പേരാണെന്ന് പറഞ്ഞപ്പോ, ചമ്മൽ മുഖത്ത് കാട്ടാതെ അവൻ പേനയെടുത്ത് ഞാൻ പറഞ്ഞ പേരെഴുതി, സ്പെല്ലിംഗ് ശരിയല്ലേ നോക്കി..ഒരു മാസത്തിനുള്ളിൽ മതിയെന്നും പറഞ്ഞ് ചുമ്മാ പണിക്കൂലി എത്രയാവും.? മൊത്തം എത്ര വരും? എന്നൊക്കെ ഒന്നന്വേഷിച്ചു..പതിമൂവായിരത്തോളം വരും എന്നവൻ പറഞ്ഞപ്പോ എന്നിലെ കണക്കു ടീച്ചർ ഉണർന്ന് ഞൊടിയിടയിൽ അടുത്ത മാസത്തെ വരവും ചിലവും കണക്കാക്കി..കൂട്ടിക്കുറച്ചു ഏതാണ്ടൊക്കെ തീരുമാനിച്ച് അവനു ഗുഡ്ബൈ പറഞ്ഞു അവിടന്ന് സ്ഥലം കാലിയാക്കി..
വീട്ടിലെത്തി അങ്ങേരോട് എങ്ങനെ പറയും എന്നായി ചിന്ത.. കാര്യം അങ്ങേരോട് നല്ല കമ്പനിയൊക്കെ ആണേലും , മോതിരത്തിന്റെ ചിലവൊക്കെയും എന്റെ അക്കൗണ്ടീന്ന് തന്നെ യാണേലും ഒന്നിച്ചുള്ള ജീവിതത്തിൽ ആദ്യായിട്ടാണ് അങ്ങേരറിയാതെ ഒരു സാധനത്തിന്ന് ഓർഡർ കൊടുത്തു വന്നേക്കുന്നത്.പറയാതെ വയ്യ.. പറയാനും വയ്യ..
വൈകിട്ട് ഫുഡ് കഴിക്കുന്ന സമയം..എന്റെ അങ്കലാപ്പ് പുറമേക്ക് കാണിക്കാതെ, ഫേസ്ബുക്കിലേക്ക് കണ്ണുംനട്ട് , എങ്ങനെയൊക്കെയോ ഞാൻ കാര്യം അവതരിപ്പിച്ചു.തിരിച്ച് ഒരു പ്രതികരണവും വരുന്നില്ല..എനിക്ക് സംശയം...ഇനിയിപ്പോ കേട്ട് കാണില്ലേ..?
കൊടുത്ത ഡിസൈൻ എന്താണെന്നു കൂടിപ്പറഞ്ഞ് പതിയെ മുഖം ഉയർത്തി നോക്കിയപ്പോ അങ്ങേരു ദാണ്ടെ എന്നെത്തന്നെ നോക്കിയിരിക്കുന്നു. അടുത്ത സെക്കൻഡിൽ ഞാൻ മുഖം വെട്ടിച്ചു .. അന്നേരത്തെ അങ്ങേരുടെ മുഖഭാവം ഒന്ന് മനസ്സിലിട്ടു കറക്കി..എന്നെ തറപ്പിച്ചു നോക്കുകയായിരുന്നില്ല.. പിന്നെ ചുണ്ടിൽ ഒരു പുച്ഛം ഉണ്ടാരുന്നു തോന്നി. മിക്കവാറും സ്വർണക്കാര്യങ്ങൾ പറയാറുള്ളപ്പോൾ മുഖത്ത് വിരിയുന്ന പുച്ഛം.. അതെന്നോടല്ലട്ടോ.. സ്വർണത്തോടാണ്..തരക്കേടില്ല.
എന്താണ് എഴുതാൻ കൊടുത്തത് എന്നൊരു ചോദ്യമെങ്കിലും ഞാൻ തിരിച്ചു പ്രതീക്ഷിച്ചു..എനിക്കുറപ്പുണ്ടായിരുന്നു.ആ ചോദ്യത്തിന്റെ മറുപടിയിൽ ആ നോട്ടവും പുച്ഛവും ഒരു പുഞ്ചിരിയായി മാറുമെന്ന്.അതു മാത്രം മതിയാരുന്നു എനിക്ക്...പക്ഷേ,എന്നോട് ചോദിച്ചതുമില്ല..ഞാനൊട്ട് പറഞ്ഞതുമില്ല..
എന്നാലും ഒന്ന് ചോദിക്കാർന്നു..അങ്ങേർക്ക്

Arifa

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo