Slider

ഊളമ്പാറ... !!

0
ഊളമ്പാറ... !!
നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വിശാലമായ കോമ്പൗണ്ട്...ചുറ്റും ഉയർന്ന മതിൽ... തണൽ മരങ്ങൾ... ഫലവൃക്ഷങ്ങൾ... മനോഹരമായ പൂച്ചെടികൾ... അങ്ങിങ്ങായി ചെറിയ ചെറിയ കെട്ടിടങ്ങൾ... ഇവക്കിടയിലൂടെ നീണ്ടു പോകുന്ന വീതികുറഞ്ഞ ടാറിട്ട റോഡുകൾ... ഇടയ്ക്കിടെ ഓലമേഞ്ഞ വഴിയമ്പലങ്ങൾ...ആകെ ഒരു സുഖവാസകേന്ദ്രത്തിന്റെ ഫീൽ... ഇതാണ് തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം അഥവാ ഊളമ്പാറ ഒറ്റ നോട്ടത്തിൽ ..
മൂന്നാം വർഷ BSc. നഴ്സിംഗ് കരിക്കുലത്തിന്റെ ഭാഗമായ ഒരു മാസത്തെ സൈക്യാട്രി പോസ്റ്റിങ്ങിനായി എത്തിയതാണ് ഞാനടക്കമുളള അമ്പതു സ്റ്റുഡന്റസ്... കൂടെ രണ്ടു അധ്യാപകരും... 
മനസികാരോഗ്യകേന്ദ്രം എന്ന് വലിയ അക്ഷരങ്ങളിലെഴുതിയ പ്രവേശനകവാടം കടന്നു ചെല്ലുമ്പോൾ ഇരിക്കാൻ പാകത്തിന് തറകെട്ടിയിട്ട ഒന്നു രണ്ടു തണൽ മരങ്ങൾ... പിന്നിലായി ഓഫീസ്... ഔട്ട്‌ പേഷ്യന്റ് പരിശോധനാ മുറികൾ... കയറിചെല്ലുമ്പോൾ വലതുവശത്തായി കാന്റീൻ... പിന്നെ ഉള്ളിൽ കാണുന്ന ഓരോ കെട്ടിടങ്ങൾ ഓരോ വാർഡുകളാണ്....
കുടുംബത്തിന്റെ സാന്നിധ്യവും പരിചരണവും അത്യാവശ്യമായ താരതമ്യേന ഉപദ്രവകാരികളല്ലാത്ത മാനസിക രോഗികളെ കുടുംബത്തോടൊപ്പം പാർപ്പിച്ചിരിക്കുന്ന ഫാമിലി വാർഡുകൾ.... അക്രമസ്വഭാവം ആത്മഹത്യാ പ്രവണത തുടങ്ങിയവ കാട്ടുന്ന രോഗികൾക്കുള്ള ഒറ്റപ്പെട്ട സെല്ലുകൾ... ഏറ്റവും അപകടകരമായ മനസികാവസ്ഥയിലുള്ളവരെ പ്രവേശിപ്പിക്കുന്ന ബിഹേവിയറൽ ഇന്റെൻസീവ് കെയർ യൂണിറ്റ്... ഒരേ രോഗലക്ഷണങ്ങളുള്ള രോഗികളെ ഒന്നിച്ചു താമസിപ്പിക്കുന്ന ക്ലോസ്ഡ് വാർഡുകൾ... (സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം വാർഡുകളാണ്‌ ). ഭ്രാന്തിന് ചികിത്സ എന്നു കേൾക്കുമ്പോഴേ നമ്മുടെയൊക്കെ മനസ്സിൽ ഭീതിപടർത്തുന്ന ഷോക്ക്‌ അഥവാ ECT (Electro convulsive therapy )റൂം... പിന്നെ ഒരു പേടി സ്വപ്നം പോലെ ഒറ്റപ്പെട്ടു നിൽക്കുന്ന ജയിൽ വാർഡ്‌... !!!അതെ കുറ്റവാളികളായ മാനസിക രോഗികളെ പാർപ്പിക്കുന്ന സ്ഥലം... ഉയർന്ന മതിൽക്കെട്ട്... സദാ പൂട്ടിക്കിടക്കുന്ന ബലിഷ്ഠമായ വാതിൽ... ഞങ്ങൾ വിദ്യാർത്ഥികൾക്ക് അവിടേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല... 
ഓപ്പൺ വാർഡുകളിലെ രോഗികൾക്ക്‌ പുറത്തിറങ്ങി നടക്കാൻ അനുവാദമുണ്ടായിരുന്നു.... അങ്ങനെയുള്ളവർക്ക് ഒത്തുകൂടാനുള്ളതാണ് ഇടയ്ക്കിടെ കാണുന്ന ഓലമേഞ്ഞ വിഴിയമ്പലങ്ങൾ... പഠനത്തിന്റെയും അ്‌സൈൻമെന്റുകളുടെയും ഇടവേളകളിൽ ഞങ്ങളും ചില പേഷ്യന്റ്‌സിനൊപ്പം അവിടെ സമയം ചെലവഴിച്ചു.... 
ശാന്തമായി സംസാരിച്ചു തുടങ്ങി വളരെപ്പെട്ടെന്ന് ഭാവംമാറി തർക്കിക്കാൻ തുടങ്ങുന്നവർ.... എല്ലാമറിയാം എന്ന ഭാവത്തിൽ ഗൗരവത്തിലിരിക്കുന്നവർ..... എപ്പോഴും ചിരിച്ചു നിർത്താതെ വര്ത്തമാനം പറയുന്നവർ... നാവെടുത്താൽ അശ്ലീലം മാത്രം പറയുന്നവർ... അവരിൽ ദൈവങ്ങളുടെ അവതാരങ്ങളുണ്ട്... 'സോണിയ ഗാന്ധിയുടെ മരുമകളുണ്ട് '...തലയിൽ കമ്പ്യൂട്ടർ ഘടിപ്പിച്ചവരുണ്ട്.... എല്ലാറ്റിനേയും സംശയത്തോടെ മാത്രം വീക്ഷിക്കുന്നവരുണ്ട്.... ഒരക്ഷരം പോലും സംസാരിക്കാത്തവരുമുണ്ട്.... 
ഒറ്റപ്പെട്ട സെല്ലുകളുടെ സമീപത്തുകൂടി പേടിയോടെ നടന്നുപോകുമ്പോൾ കേൾക്കാം... ഉച്ചത്തിലുള്ള പാട്ട്...അല്ലെങ്കിൽ ദയനീയമായ കരച്ചിൽ... അതുമല്ലെങ്കിൽ പൊട്ടിച്ചിരികൾ.. സ്വബോധമില്ലാതെ സ്വന്തം മലത്തിൽ കിടന്നുറങ്ങുന്നവരും സ്വയം നഗ്നത തുറന്നുകാട്ടുന്നവരും കുറവല്ല.... 
ജന്മനാ മനോരോഗികളായവർ... അപകടങ്ങളിലും ചൂഷണങ്ങളിലും പെട്ട് മാനസിക നില തെറ്റിയവർ.. മദ്യവും മയക്കുമരുന്നും പോലെയുള്ള ലഹരിക്ക് അടിമകളായവർ.... ഒരു പക്ഷെ മറ്റുള്ളവരാൽ ഭ്രാന്ത് ആരോപിക്കപ്പെട്ടവർ.... ഇവരൊക്കെയാണ് ഊളമ്പാറയിലെ അന്തേവാസികൾ.. ഓരോ രോഗിയും ഓരോ കഥയാണ്‌... കണ്ണു നനയിക്കുന്ന അനുഭവ കഥ....'ആരോഗ്യമുള്ള ' രോഗികൾ... 'ജീവിതം' ഇല്ലാത്ത ജീവികൾ.... സ്വയം നഷ്ടപ്പെട്ട വ്യക്തിത്വങ്ങൾ... അവരിൽ ചിലർക്കറിയാം തങ്ങൾ രോഗികളാണെന്ന്‌... മറ്റുചിലർ പറയും ഞങ്ങക്കൊരു കുഴപ്പവുമില്ലെന്ന്... ഇനിയും ചിലർ പറഞ്ഞു കളയും ഭ്രാന്ത് എനിക്കല്ല നിങ്ങൾക്കാണെന്നു... !!
രോഗമുക്തി നേടിയവർക്കായുള്ള വിദഗ്‌ധ തൊഴിൽ പരിശീലന കേന്ദ്രവും രോഗികളെ പകൽ സമയം മാത്രം ശുശ്രൂഷിക്കുന്ന പകൽ വീടും പീരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിന്റെ ഭാഗമാണ്... പലവിധ വിനോദങ്ങളിലും തൊഴിൽ പരിശീലത്തിലും മറ്റും ഏർപ്പെട്ട് രോഗികൾ അവിടെ പകൽ ചെലവിടുന്നു... 
വളരെ മനോഹരമായ ചുറ്റുപാടുകളിലാണ് ഈ മാനസികാരോഗ്യ കേന്ദ്രം എന്നാൽക്കൂടി മനസ്സുമടുപ്പുക്കുന്ന കാഴ്ചകളാണ് അവിടെയത്രയും....
മനോരോഗി എന്ന പേര് ഒരിക്കൽ കിട്ടിപ്പോയാൽ പിന്നെ ഒരിക്കലും മറിച്ചൊന്ന് അംഗീകരിക്കാത്ത സമൂഹവും... ദയയില്ലാതെ പരിഹസിക്കുന്ന അതിലെ മനുഷ്യരും... പേടിയോടെ മാത്രം സമീപിക്കുന്ന ഉറ്റവരും അതിന്റെ ഭീകരത വർദ്ധപ്പിക്കുന്നു .... അതെ നാമുൾപ്പെടുന്ന ഈ സമൂഹം.... 
നിസ്സഹായരായ ആ രോഗികളെകുറിച്ചോർക്കുമ്പോൾ തോന്നും.... ലോകത്തിലെ ഏറ്റവും ദയനീയമായ അവസ്ഥയാണ് മാനസിക രോഗമെന്ന്... സ്വന്തമായി ചിന്തിക്കാൻ.. തീരുമാനങ്ങളെടുക്കാൻ... ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയുന്നതാണ് ഏറ്റവും പ്രധാനമെന്ന്‌.....മനുഷ്യനെ മനുഷ്യനാക്കുന്നത് അവന്റെ ചിന്തകളാണല്ലോ... 
 മനസ്സ് കൈമോശം വന്നാൽ പിന്നെ മനുഷ്യനെന്തിന് ??ഓർമ്മകൾ നഷ്ടപ്പെട്ടാൽ പിന്നെ ജീവിതമെന്തിന് ??

Anju

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo