ചരമം മരണമാവുന്നത്.
കഥ
കഥ
" ഇതൊക്കെ ആരടെ ഫോട്ടാ ,മുത്തശ്ശി?" അപ്പുവിന്റെ ചോദ്യം കേട്ട മുത്തശ്ശി ധൃതിയിൽ താൻ വായിച്ചിരുന്ന പത്രം മടക്കി മടിയിൽ ഒതുക്കി. ഒരു രഹസ്യം പുറത്തായതിന്റെ വല്ലായ്മ അവരുടെ മുഖത്ത് വിളറി വെളുത്തു.
പത്രം കയ്യിലെത്തിയാൽ മുത്തശ്ശി ആദ്യം നോക്കുന്നത് ചരമവാർത്തകളാണെന്നത് ഒരു രഹസ്യമല്ല. അതിൽ മുത്തശ്ശി വായിക്കുന്നതെന്തെന്നതായിരുന്നൂവെന്ന് ആരും അന്വേഷിക്കാറില്ല.. മറ്റെല്ലാവരേയും പോലെ അകന്ന ബന്ധുക്കളുടേയോ കണ്ടോ കേട്ടോ പരിചയമുള്ളവരുടേയോ മരണവാർത്ത തന്നെയാവും മുത്തശ്ശിയും പരതിനോക്കുന്നത്. മറ്റുള്ളവരെ പോലെ തന്നെ മുത്തശ്ശിയും വായനക്കൊടുവിൽ തനിക്ക് അറിയുന്നവരാരും മരിച്ചിട്ടില്ലെന്ന വിരസത ഉള്ളിലൊതുക്കി പത്രം മടക്കി വെയ്ക്കുന്നുണ്ടാവും .
ചരമവാർത്തകളുടെ വരികൾക്കിടയിലൂടെ മുത്തശ്ശി വായിച്ചെടുത്തിരുന്നത് പക്ഷെ അവരുടെ തന്നെ ചരമദിനത്തിന്റെ ദിനമായിരുന്നു. ബന്ധുക്കൾ, പരിചയക്കാർ എന്ന വകതിരിവില്ലാതെ ഓരോ വാർത്തയും വിടാതെ വായിച്ചുകൊണ്ടാണ് മുത്തശ്ശി ഈ കാലഗണന നടത്തിയിരുന്നത്. അറുപതിനും എഴുപതിനുമിടയിൽ മരിക്കുന്നവർ കുറവല്ലെങ്കിലും ധാരാമല്ല. അധിക പേരും എഴുപതിനും എൺപതിനുമിടയിൽ കണ്ണടക്കൂന്നവരാണ് . അവരിൽ തന്നെ ശരാശരി വയസ്സ് എൺപത്തഞ്ചാണെന്നും മുത്തശ്ശി ഗണിച്ചെടുത്തിരുന്നു.
എൺപത്തിമൂന്ന് വയസ്സ് കഴിഞ്ഞ തനിക്ക് അതുകൊണ്ട് ഇനി ബാക്കിയുള്ളത് വെറും രണ്ടു വർഷം മാത്രമാണ് എന്ന ഗണിതം ഒരിക്കൽ കൂടി ഉറപ്പിക്കുന്നതിനിടയിലാണ് അപ്പുവിന്റെ ഇടപെടൽ ഉണ്ടായത്. തന്റെ മനസിലെ കണക്കുകൂട്ടൽ അപ്പു കണ്ടുപിടിച്ചുവെന്ന് മുത്തശ്ശി വെറുതെ ഭയപ്പെട്ടു.
"അതൊക്കെ ഇന്നലെ മരിച്ചു പോയവരുടെ ഫോട്ടോ ആണ്. നീ പോയി അമ്മ അടുക്കളേല് എന്താ ചെയ്യണേ നോക്ക്" എന്ന സമാനാനം അപ്പുവിനെ സമാധാനിപ്പിച്ചില്ല.
" മുത്തശ്ശിയെപ്പോലെ തല നരച്ചവരാ ആ ഫോട്ടോല്ള്ളോരൊക്കെ. മുത്തശ്ശി മരിച്ചാലും പേപ്പറില് ഫോട്ടോ വരോ?" തന്റെ കണക്കുകൂടലിന്റെ അടുത്തേക്കു തന്നയാണ് അപ്പുവിന്റെ സംശയങ്ങളും എത്തുന്നതെന്ന് മുത്തശ്ശി സംഭ്രമത്തോടെ ഊഹിച്ചു. തന്റെ ഫോട്ടോയും അധികം താമസിയാതെ ചരമകോളത്തിൽ കാണുമെന്ന് അവൻ മനസിലാക്കി കഴിഞ്ഞിരിക്കുന്നു.
അതു സംഭവിച്ചു കൂട.
" ഇല്ല മുത്തശ്ശി മരിക്കില്ല. കാവിലെ ഭഗവതി തന്ന വരമാണത്'"
പറഞ്ഞത് അപ്പുവിനോടാണെങ്കിലും അവൻ അവിടെ ഇല്ലായിരുന്നു.
" ഇല്ല മുത്തശ്ശി മരിക്കില്ല. കാവിലെ ഭഗവതി തന്ന വരമാണത്'"
പറഞ്ഞത് അപ്പുവിനോടാണെങ്കിലും അവൻ അവിടെ ഇല്ലായിരുന്നു.
"അമ്മേ, മുത്തശ്ശി മരിച്ചാ പടം പേപ്പറില് കാണോ?" അടുക്കളയിൽ നിന്നു കേട്ട അവന്റെ ശബ്ദത്തിൽ ചരമവാർത്തകൾ വായിക്കുന്നവരുടെ ഔത്സുക്യം അലയടിക്കുന്നത് മുത്തശ്ശി കേട്ടറിഞ്ഞു. ചരമവാർത്തയിൽ തന്റെ ചിത്രം വരുന്നതും നിറപ്പകിട്ടില്ലാത്ത ആ പടം ചുമരിൽ നിർജ്ജീവമായി തൂങ്ങികിടക്കുന്നതും വൃദ്ധയുടെ ഉള്ളിൽ തെളിഞ്ഞു വന്നു.
അന്നാദ്യമായി ചരമം എന്ന വാർത്ത മാരകമായ മരണമാവുന്നതും അതോടെ താൻ അപ്രസക്തമാവുന്നതും മുത്തശ്ശിയെ വീർപ്പുമുട്ടിച്ചു.നെറ്റി വിയർത്തു. തലയിൽ എന്തോ പെരുപ്പം ഇരച്ചു കയറി. സോഫയിൽ നീണ്ടുനിവർന്നുകിടന്ന് ഒരു ദീർഘശ്വാസത്തിനായി മൂക്കു വിടർത്തി. കണ്ണുകൾ നിർന്നിമേഷമായി.
Paduthol

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക