Slider

കൊച്ചു കൊച്ചാശകൾ..(കഥ )

0

“നിങ്ങളിന്നലേമീ കരി വാരി തേക്കുന്നത് കണ്ടല്ലോ..?” രാവിലെ കണ്ണാടിയുടെ മുന്നിൽ നിന്ന് ശ്രദ്ധയോടെ മുടിയിൽ ഡൈ പുരട്ടുന്നയെന്നെ മനപ്പൂർവം കരി വാരി തേക്കാൻ രാവിലെ ഭാര്യ പടക്കൊരുങ്ങി.
ഞാനത് ശ്രദ്ധിക്കാതെ മീശയിൽ ബ്രഷ് ഓടിക്കാനും..
“ഹോ.. എന്റെ മനുഷ്യ! എത്ര തവണ പറഞ്ഞിരിക്കു ന്നു മീശയിലിത് പുരട്ടരുതെന്നു .. അവസാനം മുരളിയുടെ മോന്തപോലെ പുറത്തു കാണിക്കാൻ പറ്റാത്ത കോലമാവും.. “ രാവിലെ അവളെന്നെ പ്രാക്ക് തുടങ്ങി.
മുരളിയെന്റെ അയൽവാസിയാണ്. ഡൈ പുരട്ടി ചെറുപ്പമാകാൻ ശ്രമിക്കുന്നയെന്നെ പോലെയുള്ള തൈ കിളവന്മാരുടെ പാഠപുസ്തകം. ഇപ്പോൾ മേലാസകലം കരുവാളിച്ചു ചൊറി പിടിച്ചു തെക്കു വടക്കു നടക്കുന്നത് കാണാം..
ഞാനെന്റ മുഖം കണ്ണാടിയിലേക്കു നല്ലവണ്ണം അടുപ്പിച്ചു നോക്കി.. ഹേ ..കാര്യമായ പ്രശ്നങ്ങളിതുവരെ സംഭവിച്ചിട്ടില്ല .ഭാര്യയുടെ അനാവശ്യ ഇടപെടല് കാരണം മോന്ത കുറ്റിയിലേക്കു പടർന്ന ഡൈ ഞാൻ ടിഷ്യു കൊണ്ട് തുടച്ചു മാറ്റി..അടുത്ത് വെച്ചിരുന്ന വെളിച്ചെണ്ണ നല്ല വണ്ണം തടവി....
.
മുടിയെല്ലാം കറുപ്പിച്ചു പത്തു വയസു കുറഞ്ഞ വിശ്വാസത്തിൽ ഞാൻ പത്രവുമായി ഉമ്മറത്തിരിക്കുമ്പോൾ ചായയുമായി ഭാര്യ...
“വേണ്ട..” പത്രത്തിൽ നിന്നും കണ്ണെടുക്കാതെ ഞാൻ പറഞ്ഞു
“നിങ്ങൾക്കല്ലെ മനുഷ്യ രണ്ടാമത് ചായ കുടിച്ചില്ലെങ്കിൽപ്രഭാത സംപ്രേഷണങ്ങൾക്കു തടസം നേരിടുമെന്നു പറഞ്ഞത് ?”
“അതിന്നലെ വരെ…. ഇന്നെല്ലാമോക്കെ ..”
കാര്യം മനസിലാവാതെ വായും പൊളിച്ചു ചായക്കപ്പുമായി നിൽക്കുന്ന അവളോട് ഞാൻ പറഞ്ഞു-
“ ചായയും കാപ്പിയുമധികമായാൽ തൊലി ചുളുങ്ങും.. പെട്ടെന്ന് വയസ്സാവും..”(നിന്നെ പോലെയെന്ന് കൂട്ടി ചേർക്കാൻ പോയത് മനഃപൂർവം വിഴുങ്ങി )
“മനുഷ്യർക്ക് രാവിലെ നിന്ന് തിരിയാൻ നേരമില്ല..അതിനിടയിലാണ് ഈ മനുഷ്യന്റെ ഓരോ കാര്യങ്ങൾ... “ ചായ അവളെന്റെ മുഖത്തേക്ക് ഒഴിക്കുന്നതിനു പകരം ദേഷ്യത്തോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.. അതിൽ നിന്നും രണ്ടു തുള്ളി വഴി തെറ്റിയെന്റെ മുഖത്തേക്ക് തെറിച്ചു..
“അയ്യോ.. എന്റെ ഡൈ...” ഞാനെഴുന്നേറ്റോടി ..കണ്ണാടിയിൽ നോക്കിയപ്പോൾ ആശ്വാസം.. ഡൈ ഭദ്രം..
തിരിഞ്ഞപ്പോഴാണ് കണ്ടത് ഡൈനിങ്ങ് ടേബിളിൽ എനിക്കുള്ള ഉച്ചഭക്ഷണം ഭാര്യ റെഡിയാക്കി വെച്ചിരിക്കുന്നു.. അടുത്തൊരു കുപ്പി തൈരും ....
ഞാൻ വേഗം ചുറ്റും നോക്കി കുപ്പി തുറന്നു. ആ ഭദ്രകാളി വരുന്നതിനു മുന്നേ പരിപാടി നടത്തണം.. തൈര് പുരട്ടിയാൽ മുഖം വെളുക്കും... ഇന്നലെ നെറ്റിൽ തപ്പിയെടുത്ത അറിവാണ്.
വെപ്രാളത്തിൽ കുപ്പി തുറക്കുന്നതിനിടയിൽ തൈര് കുറെ താഴെയും മേശയിലും വീണു. എന്തായാലും ഒരുകണക്കിന് മുഖത്ത് വാരി തേച്ചു.. അപ്പോഴേക്കും കാളി പ്രത്യക്ഷപ്പെട്ടു.. (കാളികൾ ഏതു നേരവും എവിടെയും പ്രത്യക്ഷപ്പെടും)
“എന്തോന്നാ നിങ്ങളീ കാണിച്ചേ..?”
ഞാൻ വെളുക്കന്നെ അവളെ നോക്കി ചിരിച്ചു...
“എന്റമ്മേ ..ഇ തെന്തോന്നാ മനുഷ്യ... നിങ്ങൾക്ക് ഇതെന്തിന്റെ കേടാ..” തൈര് പുരട്ടിയ എന്റെ മുഖം കണ്ടിട്ടുള്ള തികച്ചും സ്വാഭാവികമായ ഭാവവ്യത്യാസം…
ഞാൻ പത്രവുമായി “തൈരനായി” ബാത്റൂമിലേക്കു നടന്നു.. അവിടെ സ്വസ്ഥമായിരിക്കാം.. പത്തു മിനിട്ടെങ്കിലുമിരുന്നാല്ലേ മുഖം വെളുക്കൂ.. .. ബാത്ത് റൂം തന്നെ ശരണം.. സ്വന്തം വീട്ടിൽ സ്വസ്ഥമായി രിക്കാൻ ബാത്ത് റൂമിലേക്ക് പോവേണ്ടി വരുന്ന ഹതഭാഗ്യവാനായ ഭർത്താവു.... എന്റെ കാര്യം കട്ട പൊക!
കുളി കഴിഞ്ഞു വന്നു അലമാരയിൽ നിന്നും പുതിയ ഷർട്ട് എടുത്തണിഞ്ഞു, മുടിയൊന്നു സ്റ്റൈൽ മാറ്റി നോക്കുമ്പോൾ ദേ …പിന്നേം അവള്.. കാര്യം ഭാര്യയൊക്കെ തന്നെ.. ഇവൾക്ക് രാത്രി ഇങ്ങോട്ടു കെട്ടിയെടുത്താൽ പോരെ.. അനാവശ്യമായി പകൽ സമയം എന്തിനു ബെഡ്റൂമിൽ ചുറ്റി തിരിയുന്നു?
ഇവൾക്ക് അടുക്കളയിൽ പണിയൊന്നുമില്ലേ ? അല്ലെങ്കിൽ ഏതു നേരവും പരാതിയാണ്.. പണിയെടുത്തു നടുവൊടിഞ്ഞേയെന്നു .. ഇന്നവള് ടോട്ടാലി മൊത്തം ഫ്രീ..
“ഇതേതു ഷർട്ട് ?”
ഇന്നലെയവള് കാണാതെ ഞാൻ കൊണ്ട് വന്നു അലമാരയിൽ വെച്ചതാണ്പുതിയ ഷർട്ട്.. ഇല്ലെങ്കിൽ ചോദ്യോത്തര പരിപാടി ഇന്നലെ തുടങ്ങിയേനെ..
“ആ മുടിയും ഷർട്ടുമെല്ലാം കൂടി കണ്ടിട്ട് “ചെട്ടി കുളങ്ങര” പാട്ടു പാടിയാടുന്ന മോഹൻലാലിനെ പോലെയുണ്ട്..” അവൾക്കൊരു പുച്ഛം.
ശേ കളഞ്ഞു... ലാലിനെ എനിക്കിഷ്ടമാണെങ്കിലും കണ്ണാടിയിൽ ഞാൻ കാണാനിഷ്ടപ്പെടുന്നത് മമ്മൂട്ടിയെയാണ് ..
ഞാനല്പം പൗഡറെടുത്തു മുഖത്തു പൂശി ..
“ഇതെപ്പോൾ തുടങ്ങി.. പൌഡർ ഇടല്ലേയെന്നെന്നോട് പറയുന്നയാ ൾ ആണല്ലോ ?”
ഞാൻ നെല്ലി പലക കയറി തുടങ്ങി.. ക്ഷമയുടെ.
“അതേയ്, നിന്നോടെനിക്കൊരു കാര്യം പറയാനുണ്ട്..”
കാളി കാര്യം കേൾക്കാൻ കാതു കൂർപ്പിച്ചു കട്ടിലിലോട്ടു കമഴ്ന്നു…
“ഭാര്യായാണേലും അനാവശ്യമായി ഭർത്താവിന്റെ സ്വകാര്യതയിൽ കൈ കടത്തരുത്. അതായതു വസ്ത്രം , ചെരുപ്പ് , പൌഡർ ഇത്യാദി കാര്യങ്ങൾ ..”ഞാൻ തിരിഞ്ഞു നിന്ന് ഗൗരവത്തോടെ പറഞ്ഞു
“ഓഹോ “ അവൾ ചാടി എഴുന്നേറ്റു, അസൽ കാളിയായി ..നാക്ക് തുറുപ്പിച്ചു ..കണ്ണുന്തി..
“എന്റെ കാര്യത്തിലും നിങ്ങൾ കൈ കടത്തരുത്..” കാളിയായി തന്നെയ വൾ പുറത്തേക്കു പോയി..
(“ഒരിടത്തും” എന്നവൾ പറഞ്ഞോ.. അതോ ഞാൻ കേട്ടതാണോ.. ഈ പെണുങ്ങൾക്കൊരു കാര്യമുണ്ട് .നമ്മൾ പറയുന്നത് മനസ്സിൽ വെച്ച് കൊണ്ടിരിക്കും. എന്നിട്ടിടക്കും തലക്കും കറിയിൽ കടുകു പൊട്ടിക്കുന്നത് പോലെ പൊട്ടിച്ചു കൊണ്ടിരിക്കും.. )
തത്കാലം അവളുടെ പിന്നാലെ പോവാൻ സമയമില്ല.. ഞാനൊരു നല്ല കാര്യത്തിന് പോവുകയാണ് ..
ഒന്നുകൂടെ കണ്ണാടി നോക്കി ആത്മവിശ്വാസത്തോടെ ഞാൻ പുറത്തിറങ്ങി..
ഹെൽമെറ്റ് തലയിൽ വെച്ച് കണ്ണാടിയിൽ നോക്കുമ്പോൾ അവള് പിന്നേം... ഞാനറിയാതെ എനിക്ക് വാല് മുളച്ചോ? ഞാൻ തിരിഞ്ഞു നോക്കി.
“സ്വകാര്യതയിൽ കൈ കടത്തുകയാണെങ്കിൽ ക്ഷമിക്കണം. ഒരു കാര്യം പറയട്ടെ.. നിങ്ങൾ രണ്ടു കാലിൽ രണ്ടു ഷൂവാണ് ഇട്ടിരിക്കുന്നത്.. കണ്ണട വെക്കാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ? വയസായിപ്പോവില്ലേ ?”
ഞാൻ പെട്ടെന്ന് ഷൂവിലേക്കു നോക്കി.. ശരിയാണ് .പുറത്തു പകൽ വെളിച്ചത്തിൽ നന്നായി കാണാം. ഒരു കാലിൽ ബ്രൗൺ മറ്റേതിൽ കറുപ്പ്..
ഞാൻ ഇളിഭ്യനായി തിരിഞ്ഞു കയറാൻ നോക്കിയപ്പോലവൾ- “ഇനി തിരിഞ്ഞു കയറി നല്ല കാര്യം മുടക്കേണ്ട..നിങ്ങളുടെ പാണ്ടി ഷർട്ടിനി താണ് ചേരുന്നത്”- അവൾ കൈയിലിരുന്ന ഷൂ എന്റെ നേർക്ക് നീട്ടി.
ശെടാ.. ഞാൻ നല്ല കാര്യത്തിന് പോവുകയാണെന്ന് ഇവൾക്കെങ്ങിനെ മനസിലായി.. കുറെ വര്ഷം കഴിയുമ്പോൾ ഭാര്യ ഭർത്താക്കന്മാർ പരസ്പരം മനസ് വായിച്ചു തുടങ്ങുമെന്ന് പറയുന്നത് നേരോ തമ്പുരാനെ?. എന്നാലിവൾ എന്റെ മനസ് വായിച്ചു, വായിച്ചുടനെ യെന്നെ വഴിയാധാരമാക്കും... എന്റെ കാര്യം വീണ്ടും കട്ടപ്പൊക!
ഓഫീസിലിലെത്തി, സീറ്റിലിരിക്കാതെ നേരെ ടോയ്ലെറ്റിലേക്കു പോയത് കൊണ്ടാവും പ്യൂൺ എന്നെ അന്തം വിട്ട പോലെ നോക്കുന്നു..
കണ്ണാടിയിൽ നോക്കി മുടി വീണ്ടും ചീവി, ഭാര്യ കാണാതെ പോക്കറ്റിൽ പൊതിഞ്ഞു വെച്ചിരുന്ന പൌഡർ പൂശി സീറ്റിൽ വന്നിരുന്നു..അടുത്ത കസേര ശൂന്യം..
ഉടൻ വരും എന്റെ “ആശാ ശരത്”...
എന്റെ വലതു വശത്തെ സീറ്റിൽ- കോട്ടൺ സാരി മാടിയൊതുക്കി വെച്ച് , ചുരുണ്ട മുടി മുന്നോട്ടിട്ടു, വലിയ കണ്ണുകൾ വാലിട്ടെഴുതി , ചുംബ.......... ..അല്ലേൽ വേണ്ട.. നല്ല ചുവന്ന ചുണ്ടുകൾ..,നീണ്ട ഗോപി പൊട്ടിനു മുകളിൽ ചന്ദന കുറിയിട്ടു.. അർച്ചന..
ഇന്നലെ ഓഫീസിൽ പുതിയതായി ജോയിൻ ചെയ്തതാണു അർച്ചന. കണ്ടാൽ ആശാ ശരത്തിനെ പോലെ... ചുരുണ്ട മുടിയുടെ നീളം കുറവാണെന്നു മാത്രം .എന്താ ഒരു ഫിഗർ! രണ്ടു കുട്ടികളുണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ ഞെട്ടി...
ആദ്യ ദിവസമായത് കൊണ്ട് സംയമനം പാലിച്ചു. ഇന്നെന്തായാലും കുറെ കാര്യങ്ങൾ സംസാരിക്കണം .
ഞാൻ കമ്പ്യൂട്ടർ ഓൺ ചെയ്തു... വ്യാകുല മാതാവിന്റെ പടം സ്ക്രീനിൽ...
ഇന്നലെ അർച്ചനയുടുത്ത നീല സാരിയുടെ കളറിനോട് ഏകദേശം സാമ്യം വരുന്ന സാരിയുടുത്ത ആശ ശരത്തി നെ നെറ്റിൽ തപ്പി പിടിച്ചു, വ്യാകുല മാതാവിന്റെ പടത്തിനു പകരമായി സ്ക്രീൻ സേവറായിട്ടു. അർച്ചന കാണട്ടെ, ആശാ ശരത്തിനോട് എനിക്കുള്ള നിഷ്കളങ്ക പ്രേമം..
ആശയെ പോലെ അർച്ചനയും ഡാൻസ് കളിക്കുമോ ആവോ?.
കൈ മുദ്രകളും കൺ ചല നങ്ങളും ഒരു നർത്തകിയുടെ പോലെ യുണ്ട്..
നാല് വയസിൽ ചേച്ചിയുടെ കൂടെ പോയി ഞാൻ കുറെ നാൾ “തോം തോം” പഠിച്ചതാണെന്നു പറയണം... എന്നെക്കുറിച്ചു ഒരു “ഗും” ഉണ്ടാവട്ടെ...
“സാറെ എന്താ ഒരാലോചന ?“.
ഞാൻ ആശയിൽ നിന്നും നിരാശയോടെ കണ്ണെടുത്തു...ഭാര്യക്ക് പകരം ഓഫീസിൽ ഈ പ്യുണാണ് എന്റെ ചോദ്യകർത്താവ്.. ചിലപ്പോൾ രണ്ടും ഇരട്ടകളാണെന്നു തോന്നും.
“ സാറെ.. അർച്ചന വരൂല “
ഞാൻ ഞെട്ടി !
“ ങേ ! ആശക്ക് എന്ത് പറ്റി? “
“ആശാ അല്ല സാറെ അർച്ചന ..അവർക്കു ദൂരം കൂടുതലാണ് പോലും.ഇന്നലെ വീട്ടിൽ ചെന്നപ്പോൾ രാത്രി എട്ടു മണിയായി .. ഇനി വരില്ലെന്ന്.. സാർ വരുമ്പോൾ വിളിച്ചു സംസാരിക്കാമെന്നു പറഞ്ഞു..”
ശേ.. ഇതൊക്കെ ജോലിക്കു വരുന്നതിനു മുന്നേ ആലോചിക്കേണ്ട.
ഞാൻ നിരാശനായി..
കമ്പ്യൂട്ടറിലേക്ക് നോക്കിയപ്പോൾ ആശാ നേരെ മുന്നിൽ നിന്നു ചിരിക്കുന്നു..എനിക്ക് ദേഷ്യം വന്നു. ഞാൻ വേഗം നെറ്റിൽ കയറി പഴയ വ്യാകുല മാതാവിന്റെ പടം തപ്പി എടുത്തു സ്ക്രീൻ സേവറാക്കി…
അല്ലേലും ദൈവങ്ങൾ പഴയ പോലെ യല്ല.. എട്ടിന്റെ പണി അപ്പോഴപ്പോൾ തരും..
മാതാവേ! ക്ഷമിക്കണേ…*** Sani John..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo