Slider

കൂലി

0
കൂലി 
################
ഇക്ക, എങ്ങനെ ഉണ്ട് ഫുഡ്‌ ?
ഹോ... ഒന്ന് വായിൽ വെച്ചേ ഉള്ളൂ അപ്പോയെക്കും തൊടങ്ങി ഓൾടെ ചോദ്യം. ഒന്ന് തിന്ന് കഴിയട്ടെ !
പിന്നെ ശബ്ന ഒന്നും മിണ്ടാതെ സമീറിന് ഭക്ഷണം വിളമ്പി അടുത്തിരുന്നു അല്ലെങ്കിലും അതു ശരിയല്ലേ, തൻറെ അടുത്താണ് തെറ്റ്. ആകാംക്ഷ മൂത്ത് ചോദിച്ചു പോയതാ. മൂന്നു മണിക്കൂറോളം ഇക്ക ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത്‌ മനസ്സിൽ കണ്ടുണ്ടാക്കിയതാ. പാവം ഇക്ക വിശന്നു തിന്നാനിരിക്കുമ്പോഴാ തൻറെ ഒരു ചോദ്യം.
സമീർ കഴിച്ചെണീറ്റു. ശബ്നയും പിന്നാലെ ചെന്നു. ഇക്കാ, ഫുഡ്‌.......
ന്റെ പൊന്നു ശബ്ന, ഇയ്യെന്തിനാ എല്ലാ ദിവസവും ഇങ്ങനെ ചോദിക്കുന്നത്. സ്പെഷ്യൽ ഡിഷ്‌ ഒന്നുല്ലല്ലോ ഉണ്ടാകിയത്. എല്ലാ വീട്ടിലുണ്ടാകണതല്ലേ. സ്പെഷ്യലായിട്ടു ഉണ്ടാക്കുമ്പോ ഞാൻ അങ്ങോട്ട് തന്നെ അഭിപ്രായം പറയാം. ഇതിപ്പോൾ ഇവിടെ പച്ചവെള്ളം കുടിച്ചാൽ പോലും അഭിപ്രായം പറയണല്ലോ !
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ,
ശബ്ന, ഒരു കട്ടൻ എടുക്ക്. സമീർ പതിവിലധികം ക്ഷീണിതനായി സോഫയിലിരുന്നു.
എന്തു പറ്റി ഇക്കാ ?ചായയും കൊണ്ട് വരുമ്പോൾ ശബ്ന ചോദിച്ചു.
ഒന്നുല്ല..വല്ലാത്ത തലവേദന.രണ്ടു ദിവസത്തെ ഒരു വർക്ക്‌ എന്നെ കൊണ്ട് കുറച്ചു മണിക്കൂറുകൊണ്ട് ചെയ്യിച്ചിട്ടു ഒരു നല്ല വാക്ക് പോലും പറഞ്ഞില്ല, പോരാത്തതിനു നേരം വൈകി പോയെന്നു ബോസ്സിന്റെ വക ചീത്തയും . ഇരുന്ന ഇരുപ്പിൽ ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാതെ പണിയെടുത്തിട്ട് ഇതാണ് സ്ഥിതി.
സമീറിന്റെ വാക്കുകൾ കേട്ടു ശബ്ന ഒന്ന് ചിരിച്ചു,
ഇക്കാ, കിട്ടുന്ന ശമ്പളത്തിനാണ് ഇങ്ങള് പണി എടുക്കുന്നത് എന്നിട്ട് കൂടി ഒരു നല്ല വാക്കിനായി കൊതിക്കുന്നു. ഇവിടെ പെണ്ണുങ്ങൾ ഒരു ശമ്പളത്തിനുമല്ലാതെ കുടുംബത്തിലുള്ളവരുടെ സന്തോഷത്തിനു വേണ്ടി അവകാശപ്പെടാൻ പ്രത്യേക വിശ്രമമോ ഇല്ലാതെ പണി എടുക്കുന്നു.പ്രതിഫലം ഒന്നുമാഗ്രഹിക്കുന്നില്ല പക്ഷെ ഉണ്ടാക്കുന്ന ഒരു ചായക്കു പോലും ഇങ്ങളെ അടുത്തു നിന്നും നല്ല വാക്ക് കേൾക്കാൻ ഞാനാഗ്രഹിക്കുന്നുണ്ട്. അതു കേൾക്കുമ്പോ വീട്ടിലിരിക്കുന്ന ഞങ്ങൾക്ക് ഇനിയും ആവേശത്തോടെ മുന്നോട്ടു പോകാനുള്ള ഊർജമാണ് കിട്ടുന്നത്.
അതൊക്കെ പോട്ടെ, ഇക്ക ഇങ്ങോട്ട് വന്ന് കിടക്കി. ഞാൻ മരുന്നു തേച്ചു തരാം. കുറച്ചു നേരം കിടന്നാൽ ഈ ക്ഷീണം മാറും.
#hudashabeer


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo