Slider

അമ്മയെന്ന ത്യാഗം

0
അമ്മയെന്ന ത്യാഗം
---------------------------------------
സമയം വെളുപ്പിന് മൂന്ന് മണി കഴിഞ്ഞിരിക്കുന്നു.... പുറത്താണെങ്കിൽ മരം കോച്ചുന്ന തണുപ്പ്.. വെളിച്ചം വീണിട്ടില്ല... ഉറക്കം തെളിഞ്ഞില്ലെങ്കിലും അതൊന്നും വക വെയ്ക്കാതെ ദേവകി കിടക്കവിട്ടെഴുന്നേറ്റു.. ഡിസംബർ മാസമാണ് അസ്ഥികൾ വരെ കുളിരുന്നു... ദേവകി പാല് കറക്കുവാനുള്ള പാത്രവും വെള്ളവുമായി തൊഴുത്തിലേക്കു നടന്നു... കറവയുള്ള മൂന്ന് പശുക്കളുണ്ടവിടെ .. എന്തോ തൊഴുത്തിൽ രാമൻ ഇല്ലാഞ്ഞിട്ടാകും ദേവകിയുടെ നെഞ്ചൊന്ന് പിടഞ്ഞു... നല്ല ലക്ഷമൊത്ത ഒരു മൂരികുട്ടൻ ആയിരുന്നു രാമൻ.. ഇന്നലെ അവന്റെ കയർ കൈമാറുമ്പോൾ വല്ലാത്ത സങ്കടം തോനിയിരുന്നു... ദയനീയമായി അവനും നോക്കുന്നുണ്ടായിരുന്നു... ദേവകി വളരെ വേഗം തന്നെ പാല് കറന്നു... ഇനിയിത് ഇ മരംകോച്ചുന്ന തണുപ്പിൽ എല്ലാ വീടുകളിലും കൊണ്ട് എത്തിച്ചു കൊടുക്കണം... പാലും കൊണ്ട് പോകുന്നതിനു മുന്നേ ദേവകി തലേന്നത്തെ ചാമ്പൽ മാറ്റി അടുപ്പിൽ തീ കൂട്ടി... പഠിക്കുവാനായി മോൻ(സുരേഷ് ) എഴുന്നേറ്റിട്ടുണ്ടാകും അവനു ഒരു കട്ടൻ ഇട്ടു കൊടുക്കണം അത് പതിവാണ്.. വിറകു വെന്തു മരിക്കാൻ ഭയന്നാകണും പുകഞ്ഞു കൊണ്ടേയിരുന്നു.. ദേവകി പിറുപിറുത്തു കൊണ്ട് അടുപ്പിലേക്ക് ശക്തിയായി ഊതിക്കൊടുത്തു.. ദൈവമേ എന്റെ ഈ കഷ്ടപാട് നീ കാണുനില്ലേ.. എന്നാണാകൊ ഇതിൽ നിന്നും എനിക്കൊരു മോചനം നീ തരുന്നത്.. ദേവകി ദൈവത്തിനോടായി ചോദിച്ചു...
ദേവകിയുടെ ഭർത്താവ് കൃഷ്ണൻ പാറമടയിലെ ഒരു അപകടത്തിൽ മരണപെട്ടതിനു ശേഷമാണ് ദേവകിക്ക് ഈ കഷ്ടപ്പാടുകൾ ആരംഭിച്ചത്..... അന്ന് സുരേഷിന് വെറും മൂന്നു വയസ്സ് പ്രായമായിരുന്നു... അവിടന്നു ഇന്ന് വരെ സുരേഷിനെ കഷ്ടപെട്ടായാലും ദേവകി ഒരു കുറവും അറിയിക്കാതെയാണ് വളർത്തിയത്‌... പഠിക്കാൻ മിടുക്കനായ അവൻ എല്ലാ ക്ലാസ്സിലും ഒന്നാമനായാണ് ജയിച്ചു കയറിയത്... അവനിലാണ് ദേവകിയുടെ മുഴുവൻ പ്രതീക്ഷയും... അവനെ നല്ല നിലയിൽ എത്തിക്കുവാനാണ് ദേവകി എല്ലുമുറിയെ പണിയെടുക്കുന്നത്... കട്ടനുവച്ച വെള്ളം തിളച്ചു മറിയുന്നു ദേവകി അതിലേക്കു തേയിലയും പഞ്ചസാരയും ഇട്ടു... പഠിച്ചു കൊണ്ടിരുന്നു സുരേഷിന്റെ അടുത്തു ദേവകി കട്ടൻ കൊണ്ട് വച്ചു...
മോനെ ഇതെടുത്തു കുടിക്കു അമ്മ പാൽ കൊണ്ട് കൊടുത്തിട്ട് വരാം...
ഈ തണുപ്പത്ത് അമ്മയെങ്ങാനായ പോകുന്നത് പുതയ്ക്കാൻ ഒരു കമ്പിളി പോലും ഇല്ല. ഇന്ന് ഞാൻ കൊണ്ട് പോകാം അമ്മയ്ക്ക് വയ്യാതിരിക്കയല്ലേ..
വേണ്ട മോനെ അടുത്ത ആഴ്ച നിനക്ക് പരീക്ഷയല്ലേ.. നീ പഠിക്കു നിന്റെ ആഗ്രഹം പോലെ മെഡിസിന് തന്നെ ചേരണും... അതിനു വേണ്ടിയല്ലേ അമ്മ ഇങ്ങനെ കഷ്ടപെടുന്നത്. എല്ലാം ദൈവം കാണുന്നുണ്ടല്ലോ..
ദേവകി പുറത്തേക്കിറങ്ങി തണുപ്പിനെ വകവെയ്ക്കാതെ മൂടൽ മഞ്ഞിലൂടെ നുഴഞ്ഞിറങ്ങി വേഗത്തിൽ നടന്നു... തിരികെ വന്ന് മോന് കഴിക്കുവാൻ വല്ലോം ഉണ്ടാക്കിയിട്ട് വേണും പാടത്തു പുല്ലരിയാൻ പോകാൻ... അത് കഴിഞ്ഞു അടുത്ത വീട്ടിൽ അല്ലറ ചില്ലറ പുറംപണിയുമുണ്ട്... ദൈവമേ എന്റെ മോന്റെ ആഗ്രഹം നിറവേറ്റുവാനുള്ള ആയുസ്സും ആരോഗ്യവും എനിക്ക് തരണേ... പകലന്തിയോളം പണിയെടുക്കുന്നതൊക്കയും ദേവകി ഉറുമ്പ്‌ ധാന്യമണി കൂട്ടിവയ്ക്കും പോലെയാണ് കൊണ്ട് വയ്ക്കുന്നത്... അവനൊരു ഡോക്ടർ ആയി കഴിഞ്ഞാൽ എന്റെ ഈ കഷ്ടപ്പാടെല്ലാം മറുമല്ലോ അതാണ് ദേവകിയുടെ ശക്തി മുഴുവൻ... ഞാൻ ഇ കഷ്ടപെടുന്നതൊക്കെ കൃഷ്ണേട്ടൻ എവിടെയോഇരുന്നു കാണുന്നുണ്ടാകും..
ദിവസ്സങ്ങൾ പെട്ടന്ന് കഴിഞ്ഞു പോയി.. എൻട്രൻസ് റിസൾട്ട്‌ വന്നു.. പ്രതിക്ഷ പോലെ സുരേഷും റാങ്ക്ലിസ്റ്റിൽ ഉണ്ട്... ദേവകിക്കു ഈ ലോകം മുഴുവൻ വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു അപ്പോൾ... കുറച്ചു ദൂരെയുള്ള കോളേജിൽ ആയിരുന്നു സുരേഷിന് കിട്ടിയത്... ഫീസിനും മറ്റുമൊക്കെയായി കുറെയധികം പണം ചിലവായി... കൂട്ടി വച്ചത് പോരഞ്ഞിട്ട് അവിടന്നുംഇവിടന്നുമൊക്കെയായി കുറച്ചു കടവും വാങ്ങേണ്ടി വന്നു... മാസാമാസം ഹോസ്റ്റൽ ഫീസിനും മറ്റുമൊക്കെയായി ദേവകി കാളയെപ്പോലെ പണിയെടുത്തു പണം അയച്ചുകൊടുത്തു... ആഴ്ച തോറും വരുന്ന കത്തുകളായിരുന്നു ദേവകിയുടെ സന്തോഷവും..... കൂട്ടും...
കാലം കടന്നു പോയതനുസരിച്ച് കത്തുകൾക്കിടയിലുള്ള ദൈർഖ്യവും കൂടി... പഠിക്കാൻ ഒരുപാടുള്ളതല്ലേ എന്ന് ചിന്തിച്ചു ദേവകി സ്വയം സമാധാനം കണ്ടെത്തി... പണം ചോദിക്കുമ്പോഴെല്ലാം മുടങ്ങാതെ അയച്ചു കൊടുത്തു കൊണ്ടിരുന്നു... ആകെയുണ്ടായിരുന്ന വീടും പുരയിടവും കൂടി പണയത്തിലായി..നാളുകൾക്ക് ശേഷം കത്തിന്റെ വരവ് നിശ്ശേഷം ഇല്ലാതായി... ഇടയ്ക്ക് വീട്ടിൽ വന്നാലോ രണ്ടു ദിവസം തികച്ചുനിൽക്കില്ല..... പഠിക്കാനുണ്ടെന്ന് പറഞ്ഞു പോകും... പഴയപോലെ കളിയും ചിരിയും ഒന്നുമില്ല... ദേവകി എല്ലാം കണ്ട്‌ മൗനമായി കണ്ണീരൊഴുക്കി.. അവൻ ഇപ്പൊ വലിയ കുട്ടിയല്ലേ... പോരഞ്ഞിട്ട് ഡോക്ടറിന് പഠിക്കുന്നു... പഠിക്കാൻ ഒരുപാട് കാണും ദേവകി സ്വയം ആശ്വസിപ്പിച്ചു.. ഇന്ന് മാസം രണ്ടായി അവന്റെ ഒരു വിവരവും ഇല്ല. ആരോട് ചോദിക്കുവാനാണ്... അറിയില്ല എന്നാലും ദേവകി ഉള്ളതെല്ലാം നുള്ളി പെറുക്കി അവിടത്തേക്ക് വണ്ടി കയറി.. കോളേജിൽ വരാറേയില്ലന്നായിരുന്നു അവരുടെ മറുപടി... ഹോസ്റ്റലിൽ തിരക്കിയപ്പോൾ അവിടെയുമില്ല.. മകനെ കാണാനില്ലെന്നും പറഞ്ഞു പൊട്ടിക്കരഞ്ഞ ദേവകിയെ ആരെക്കെയോ പോലീസ് സ്റ്റേഷനിൽ കൊണ്ടാക്കി....
പോലീസ് കാരുടെ തിരച്ചിലിനൊടുവിൽ... മയക്കു മരുന്നിനടിമയായി..സമനില തെറ്റിയ സുരേഷിനെ കണ്ടെത്തി... ഭ്രാന്താശുപത്രിയുടെ സെല്ലിനുള്ളിൽ മുഴുഭ്രാന്തനായ... തന്റെ മകനെക്കണ്ട ദേവകിക്ക് ഒന്ന് കരയുവാനുള്ള ശക്തി പോലും ഉണ്ടായിരുന്നില്ല... ദേവകിയുടെ പ്രതീക്ഷയും ആഗ്രഹങ്ങളുമായിരുന്നു ആ സെല്ലിനുള്ളിൽ ഭ്രാന്ത്പിടിച്ചുകിടന്നത് ... മയക്കുമരുന്നിൽ സുഖം കണ്ടെത്തി ഭ്രാന്ത്‌ പിടിച്ച അവൻ അറിയുന്നുവോ ഈ അമ്മ സർവ്വവും ത്യജിച്ചതു അവനു വേണ്ടിയായിരുന്നെന്ന്.. എല്ലുന്തിയ ശരീരവും കുഴിയിൽ വീണ കണ്ണുകളുമായി ആ അമ്മ വിലപിക്കുമ്പോൾ അവൻ അറിയുന്നുണ്ടോ അവൻ നശിപ്പിച്ചത് ഒരു മനുഷ്യായുസ്സിന്റെ മുഴുവൻ പ്രാർത്ഥനകളും.. കഠിനാധ്വാനവുമാണെന്ന്... അവന്റെ സുഖങ്ങൾക്ക് വേണ്ടി അവൻ അവന്റെ വഴി തിരഞ്ഞെടുത്തപ്പോൾ.. ഒരമ്മയ്ക്ക് നഷ്ടമായത് ഈ ലോകം തന്നെയായിരുന്നു...
ഡിനുരാജ് വാമനപുരം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo