Slider

ആത്മഹത്യാകുറിപ്പ്

0

ആത്മഹത്യാകുറിപ്പ്
*********************
നിങ്ങളിത് വായിച്ചു തീരുമ്പോഴേക്കും ഞാനീ ലോകത്ത് നിന്നും യാത്രയായിരിക്കും. നിങ്ങളുടെ ശാപവചസ്സുകൾക്കു കാത്തിരിക്കാതെ കുറ്റബോധത്തിന്റെ ഉമിത്തീയിൽ നീറാതെ ഞാൻ വിട വാങ്ങിയിരിക്കും.
ഒരിക്കലും മാപ്പർഹിക്കാത്ത തെറ്റാണു ഞാൻ ചെയ്തത്. എനിക്കെന്നോട് തന്നെ അറപ്പ് തോന്നുന്നു.
എന്നെ പോലെയുള്ളവരുടെ കണ്ണ് തുറപ്പിക്കാൻ എന്റെയീ ആത്മഹത്യാ കുറിപ്പിനാകുമോ? ഇല്ല. അപമാനഭാരത്താൽ തല കുനിയുമ്പോൾ മാത്രം ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുമായിരിക്കും.
നിങ്ങളിപ്പോൾ ആലോചിക്കുന്നുണ്ടാവും എന്താണ് ഞാൻ ചെയ്ത കുറ്റമെന്ന്. അതറിയാൻ തന്നെയാണ് നിങ്ങളുടെ കണ്ണുകളും ചിന്തകളും തുടിക്കുന്നതെന്നു എനിക്കറിയാം.
എന്റെ പേര് പ്രിൻസ്. പേര് പോലെ തന്നെ രാജകുമാരനായി വളർന്നവൻ.
എന്താവശ്യപ്പെട്ടാലും വാങ്ങി തന്ന് പപ്പയും മമ്മിയും ഞങ്ങളെ വളർത്തി. ഞങ്ങളെന്നു പറഞ്ഞാൽ ഞാനും എന്റെ അനിയത്തിയും.
ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോൺ ഇല്ലാത്ത അപൂർവ്വം കുട്ടികളേ കാണൂ. 17 കാരനായ എന്റെ കയ്യിലുമുണ്ട് വില കൂടിയ ഫോൺ. ആദ്യമൊക്കെ വീഡിയോ ഗെയിംസ് നും പഠനത്തിനും അത്യാവശ്യം കോളുകൾക്കുമായി ഉപയോഗിച്ചിരുന്ന ഫോൺ പിന്നീടെപ്പോഴോ എനിക്ക് മുന്നിൽ കാണാകാഴ്ചകളുടെ ലോകം തുറന്നു.
ആദ്യമൊക്കെ ഭയവും അറപ്പും തോന്നിയ പോൺ സൈറ്റുകളിൽ പിന്നീട് ഞാൻ നിത്യസന്ദർശകനായി.
സോഷ്യൽ മീഡിയയിൽ കൂണു മുളച്ചു പൊങ്ങുന്ന പോൺ പേജുകളിലേക്ക് ഞാൻ ആകർഷിക്കപ്പെട്ടത് വളരെ വേഗമായിരുന്നു.
ഹരം പിടിപ്പിക്കുന്ന പെണ്ണുടലിന്റെ കാമാസക്തി പൂണ്ട വർണ്ണനകളിൽ ഞാനും അടിമപ്പെട്ടു. പിന്നീടത് സെക്സ് ചാറ്റിലേക്കു നീണ്ടു. പറഞ്ഞറിയിക്കാനാവാത്ത നിർവൃതിയിലെപ്പോഴോ എനിക്ക് വേണ്ടപ്പെട്ടവർ പോലും വെറും ശരീരങ്ങളായി തീർന്നു. അതുകൊണ്ടാണല്ലോ സ്വന്തം അനിയത്തിയുടെ ഫോട്ടോ പലപ്പോഴായി കമന്റ് ബോക്സിലിട്ട് മറ്റുള്ളവർ കാമരസം പൂണ്ട വാക്കുകളാൽ അവളെ ഭോഗിച്ചപ്പോഴും ഞാൻ ഉന്മാദം പൂണ്ടത്.
അവസാനം അനിവാര്യമായ വിധിയെന്ന പോലെ അവൾക്കു കിട്ടിയ സ്ക്രീൻ ഷോട്ടുകളിൽ മനം നൊന്തവൾ ആത്മഹത്യക്കു ശ്രമിച്ചു. മരിക്കേണ്ടത് അവളല്ലല്ലോ... ഞാനല്ലേ. അനിയത്തിയെ പോലും നിമിഷസുഖത്തിനു ഉപയോഗിച്ച ഞാൻ.
'അതെ' എന്നാണ് നിങ്ങളുടെ ഉത്തരമെന്നു എനിക്കറിയാം. ആ ഉത്തരം ഞാൻ നിറവേറ്റിക്കൊള്ളാം. അതിനു മുൻപ് ഞാൻ മാതാപിതാക്കളോട് ഒന്ന് പറയട്ടെ.
എന്നെ പോലെ ഒരുപാട് പേർ ഇത്തരം സൈറ്റുകൾക്കും പേജുകൾക്കും അഡിക്ട് ആണ്. തിരക്കേറിയ ജീവിതത്തിനിടയിൽ നിങ്ങളത് അറിയുന്നുണ്ടാവില്ല. കൂടുതൽ നേരം ഓൺലൈനിൽ ഇരിക്കാൻ ഫേക്ക് ഐഡി ഉപയോഗിക്കുന്നവരാണ് ഞാനടക്കം പലരും. ലൈംഗികതയുടെ അതിപ്രസരമുള്ള വാണിജ്യ സിനിമകളും വിരൽത്തുമ്പിൽ സുലഭമായി കിട്ടുന്ന പോൺ സൈറ്റുകളും, എന്റെയീ പ്രായം എന്നിൽ ജനിപ്പിച്ച കൗതുകം നിങ്ങളറിഞ്ഞില്ല.
നിങ്ങളുടെ ശ്രദ്ധയില്ലെങ്കിൽ ഞങ്ങൾ വെറും ഈയാംപാറ്റകളായി മാറുമെന്നും ചുറ്റിലുമുള്ള മായകാഴ്ചകളുടെ ഹരങ്ങൾ തേടി ഞങ്ങൾ അലയുമെന്നും തിരക്കുകളുടെ ലോകത്തിൽ നിങ്ങൾ മറന്നു പോയി.
ഇനിയെന്റെ കൂട്ടുകാരോട്... എല്ലാം നിർത്തിയേക്കെടാ. എന്റെ ഗതി നിങ്ങൾക്കും വരരുത്. ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി സ്വന്തം അമ്മയേയും കൂടപ്പിറപ്പുകളേയും പോലും നമ്മൾ.... ഇനിയും നിങ്ങളോട് വേണ്ടെടാ ന്നു പറഞ്ഞ് പിന്തിരിപ്പിക്കാൻ ഞാനുണ്ടാവില്ല. ഈ കുറിപ്പ് വായിച്ച് പപ്പേം മമ്മീം തളർന്നു വീഴും. അവരെ ആശ്വസിപ്പിക്കാൻ നിങ്ങളുണ്ടാവണം. പ്രായത്തിന്റെ അവിവേകത്തിൽ ഞാൻ ചെയ്ത തെറ്റുകൾ മറ്റുള്ളവർക്കു മുൻപിൽ അവരുടെ ശിരസ്സ് താഴാനിടയാക്കിയതിന്റെ കുറ്റബോധം ഇന്നെനിക്കുണ്ട്. എന്നോട് ക്ഷമിക്കില്ലേ പപ്പയും മമ്മിയും?
കുഞ്ഞോളെ... ഏട്ടനാണെന്നു പറയാനുള്ള അർഹത നഷ്ടപ്പെടുത്തിയവനാ ഈ ഏട്ടൻ. ഏട്ടനെ വെറുക്കല്ലേ മോളേ. ഞാൻ കാരണം ജീവനൊടുക്കാൻ ശ്രമിച്ചവളാണ് നീ. നിന്നെ അഭിമുഖീകരിക്കാൻ ഈ ഏട്ടനാവില്ല. ജീവിക്കാൻ അർഹതയില്ലാത്ത ഈ ഏട്ടൻ പോകുന്നു. ദൂരെ... മറ്റൊരു ലോകത്തേക്ക്.
*****
Ritu
06/06/17
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo