Slider

കണക്കുകൂട്ടലുകൾ പിഴയ്ക്കുമ്പോൾ

0
കണക്കുകൂട്ടലുകൾ പിഴയ്ക്കുമ്പോൾ
.........................................................................
ഓഫീസിൽവച്ച് അൻവർ ആണ് അവളോട് ആ വാട്ട്സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ച് പറഞ്ഞത്.. 'ഡേ ഡ്രീമേഴ്‌സ്'... നല്ല ഒരുപറ്റം ആൾക്കാരുടെ സംരംഭം
..ജീവിതത്തിൽ ഉയർച്ചയുണ്ടാകണമെങ്കിൽ സ്വപ്‌നങ്ങൾ കാണണം.. മലയോളം കണ്ടാലേ മഞ്ചാടിക്കുരുവോളം കിട്ടുകയുള്ളു.. സ്വപ്‌നങ്ങൾ നമ്മൾ ഉറക്കത്തിലാണല്ലോ കാണാറ്... ഇവിടെ ഈ ഗ്രൂപ്പിൽ ഉണർവ്വിലും സ്വപ്‌നങ്ങൾ കാണുന്നു .. അത് സാക്ഷാത്കരിക്കുന്ന കുറെയേറെ ചെറുപ്പക്കാരുടെ ഗ്രൂപ്പ്.. കേട്ടപ്പോൾ താത്പര്യം തോന്നി എന്നത് നേരുതന്നെ.. പക്ഷേ ഗ്രൂപുകളിൽ ചേരാനും.. അതിൽ നിരന്തരം വരുന്ന മെസ്സേജുകളോട് സംവദിക്കാനും തോന്നാറില്ല.. അൻവർ പലപ്പോഴായി ഡേ ഡ്രീമേഴ്സിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.. അപ്പോഴൊക്കെ എന്തെങ്കിലും ഒഴിവുകഴിവു പറഞ്ഞു രക്ഷപെടുകയായിരുന്നു.. അക്കൗണ്ട്സ് സെക്ഷനിലായിരുന്നു അവൾക്ക് ജോലി.. ഡെബിറ്റും ക്രെഡിറ്റും, ടാലിയും മാത്രമേ തലയ്ക്കുള്ളിലുള്ളു എന്നവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. വീട്ടിലെത്തിയാലും അക്കങ്ങൾ അവളുടെ ചുറ്റും കറങ്ങിക്കൊണ്ടിരുന്നു... പലപ്പോഴും കുളിക്കാൻ കയറുന്ന സമയത്തായിരിക്കും അന്ന് ചെയ്തുതീർക്കാനുള്ള ജോലികളെക്കുറിച്ചൊരു മനനം അവൾ നടത്തുന്നത്.. വൈകിട്ട് വീണ്ടും കുളിക്കുമ്പോൾ വിട്ടുപോയതിനെക്കുറിച്ചോർത്തുള്ള ആവലാതികളും.. കുളിച്ചിറങ്ങാൻ അല്പസമയം എടുക്കും.. മുഖത്തൊക്കെ കസ്തൂരിമഞ്ഞളും രക്തചന്ദനവും പുരട്ടി.. അതുണങ്ങുമ്പോഴേക്കും പാദങ്ങൾ ഇഞ്ചകൊണ്ട് ഉരച്ചുകഴുകി... അപ്പോഴേക്കും അമ്മയുടെ വിളി വന്നിട്ടുണ്ടാകും..
'രാജകുമാരി നീരാടിക്കഴിഞ്ഞോ? മേശപ്പുറത്തു പ്രഭാതഭക്ഷണം അടിയൻ തയ്യാറാക്കി വച്ചിട്ടുണ്ട്.. '
'വരുന്നൂ അമ്മേ...'
അടുത്തത് അമ്മയുടെ ശുണ്‌ഠി...
'വരുകയോ വരാതിരിക്കുകയോ എന്തുവേണേൽ ചെയ്യ്.. ഓഫീസിൽ ചെന്ന് വഴക്കുകേൾക്കുന്നത് നീതന്നെയല്ലേ.. '
കുളിക്കുമ്പോൾ ശരീരമാസകലം നോക്കിക്കാണണം.. മറ്റുള്ളവരേ നോക്കാനെടുക്കുന്നതിന്റെ നൂറിലൊന്നു സമയം നമ്മൾ നമ്മുടെ ശരീരത്തെ നോക്കിക്കാണാറില്ല... യൗവ്വനം തുള്ളിത്തുളുമ്പുന്നത് മറ്റുള്ളവരുടെ നോട്ടങ്ങളിൽ പ്രത്യക്ഷമാണെങ്കിലും.. അതിൽ വഷളത്തം കൂടും.. സ്വയം നോക്കി സംതൃപ്തിയടയുക.. താനൊരു സുന്ദരിയാണെന്ന് സ്വയം അറിയുക.. അതൊക്കെ അവളുടെ പ്രത്യേകതകളായിരുന്നു.
അധികം വണ്ണമില്ല.. ആവശ്യത്തിന് പൊക്കവും വെളുത്തതല്ലെങ്കിലും ആകർഷണീയമായ നിറവും ശരീരസൗന്ദര്യവും അവർക്കുണ്ടായിരുന്നു.. ഓഫീസിൽ പലപ്പോഴും അവളുടെ സൗന്ദര്യം ആണ്കുട്ടികളുടെയിടയിൽ ഒരു സംസാരവിഷയമായിരുന്നു എന്നുള്ളത് അവൾക്കറിയാമായിരുന്നു.. പല ചൂണ്ടകളും മുന്നിൽ വന്നുപിടിക്കുമെങ്കിലും അതിൽനിന്നൊക്കെ അവൾ തെന്നിമാറിയിരുന്നു..
പക്ഷേ ഒരാളുടെ നോട്ടത്തിൽനിന്ന് രക്ഷപെടാൻ അവൾക്കിതുവരെ കഴിഞ്ഞിട്ടില്ല... സുദീപ്.. സുന്ദരനാണ്.. അതിലേറെ അവന്റെ സ്വഭാവം.. ഒരു ചീത്തക്കൂട്ടുകെട്ടുകളുമില്ലാത്ത.. തന്റേടിയായ അവനെ ഇഷ്ടമായിരുന്നു.. പക്ഷേ അമ്മയോടും അച്ഛനോടുമുള്ള സ്നേഹം.. അവർ പറയുന്നത് മാത്രമേ നടക്കൂ.. നടക്കാവൂ എന്നുള്ള ചിന്ത.. അതുകൊണ്ടുതന്നെ പ്രേമിക്കാൻ തത്കാലം താല്പര്യമില്ല... അത്രതന്നെ !
ഫേസ്ബുക്കും വാട്ട്സ് ആപ്പും ഒക്കെയുണ്ടെങ്കിലും അതിലൊക്കെ ഇൻവോൾവ് ആകാനുള്ള സമയം കിട്ടാറില്ല.. അല്ലെങ്കിലും ജീവിതത്തിന് അതൊന്നും ഒരത്യാവശ്യഘടകമായി തോന്നിയിട്ടുമില്ല...
അൻവർ പിന്നവളോട് അതിനെക്കുറിച്ചു പറഞ്ഞില്ല .. അവൻ മാർക്കറ്റിങ്ങിലാണ്.. അപ്പോൾ പലപ്പോഴും ഓഫീസിൽ കാണാറില്ല.. അവൻ പറഞ്ഞതിനെക്കുറിച്ച് അവൾ പാടേ മറന്നിരുന്ന സമയത്താണ് വാട്ട്സ് ആപ്പ് ചിലച്ചത്.. അല്പം തിരക്കൊഴിഞ്ഞ സമയമായിരുന്നു.. അവൾ മെസ്സേജ് നോക്കി.. 'ഡേ ഡ്രീമേഴ്‌സ്' അവളെ ആഡ് ചെയ്തിരിക്കുന്നു..
ഇടയ്ക്കിപ്പോൾ ഗ്രൂപ്പിൽ കയറി നോക്കുക പതിവാക്കിയിരുന്നു.. അൻവർ പറഞ്ഞതുപോലെതന്നെ നല്ലൊരു ഗ്രൂപ്പ്.. നൂതനമായ ആശയങ്ങൾ പങ്കുവെക്കുന്നു.. അതിനെക്കുറിച്ചുള്ള ചർച്ചകൾ.. അവളുടെ മനസ്സിലെ ചില ആശയങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടായിരുന്നു പലതും.. ഓഫീസിലെ പലരും ആ ഗ്രൂപ്പിൽ സജീവമായിരുന്നു.. അൻവർ പിന്നെ വന്നപ്പോൾ അവനോട് നന്ദിപറയാനും അവൾ മറന്നില്ല...
'ഹ ഹ ഹ.. ഇപ്പൊ മനസ്സിലായോ ? നമ്മൾ ശനിയാഴ്ച ഒന്നൊത്തുകൂടാൻ തീരുമാനിച്ചിട്ടുണ്ട്.. പുതിയ ചില ആശയങ്ങൾ വന്നിട്ടുണ്ട്.. അതേക്കുറിച്ചൊരു ചർച്ച.. കൂടുന്നോ ?'
'ഞാനില്ലേ... ' ശനിയാഴ്ച ഉച്ചവരെയേ ഓഫീസുള്ളൂ.. ഉച്ചയ്ക്കുശേഷം ആരുടെയോ വീട്ടിൽ സമ്മേളിക്കുന്നു
'താൻ വരണം.. തന്റെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ ഒരു ചർച്ചാവിഷയം തന്നെയാണ്.. ' അൻവർ നിർബന്ധിച്ചുകൊണ്ടിരുന്നു
'സമയവും സ്ഥലവും മെസ്സജ് ചെയ്യും.. ഇടയ്ക്ക് എന്നേ കണ്ടില്ലെങ്കിലും തനിക്ക് വരാല്ലോ .'
'നോക്കാം' ഒഴുക്കന്മട്ടിൽ പറഞ്ഞു.
എങ്കിലും സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനുള്ള ഒരു വേദി അവളെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു.. ഫ്രൈഡേ നൈറ്റിൽ അൻവർ സ്ഥലവും സമയവും പറഞ്ഞുകൊണ്ടുള്ള മെസ്സേജ് ഷെയർ ചെയ്തു.. അവൾ അമ്മയോട് ആദ്യമായി ഒരു കള്ളം പറഞ്ഞു..ചിട്ടിയുടെ പണം അടയ്ക്കുവാൻ പോകുന്നു.... കാരണമുണ്ട്.. ആൺകുട്ടികൾ കൂടുന്ന സ്ഥലങ്ങളിലൊക്കെ ഒറ്റയ്ക്കുപോകുവാൻ 'അമ്മ സമ്മതിക്കില്ല.. അതുതന്നെ ! അച്ഛന്റെ മരണശേഷം അമ്മയ്ക്ക് എന്തിനും ഏതിനും പേടിയാണ്..
സാറ്റർഡേ ഉച്ചയ്ക്ക് ഓഫീസുവിട്ടപ്പോൾ അവൾ സ്‌കൂട്ടി അവർ പറഞ്ഞ സ്ഥലത്തേക്ക് വിട്ടു. അടുത്തുതന്നെയാണ്.. ഒരു മൂന്നു കിലോമീറ്റെർ.. അൻവർ ഇടയ്ക്കവളെ വിളിച്ചു വഴി പറഞ്ഞുകൊടുത്തിരുന്നു.. വണ്ടി ഓടിക്കുമ്പോൾ സുദീപ് ആ ഗ്രൂപ്പിൽ ഇല്ലല്ലോയെന്ന കാര്യം അവളോർത്തു.. ഇതു കഴിഞ്ഞിട്ട് ചിട്ടിയും അടച്ച് ഒരാറുമണിക്കെങ്കിലും വീട്ടിലെത്തണം..
......................................................................................
ഒരിക്കലും അവളിത്രയും താമസിച്ചിട്ടില്ല.. അമ്മ അവളുടെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നു... ബെല്ലടിക്കുന്നുണ്ട്... ഇനിയാരോട് ചോദിക്കും.. അമ്മയ്ക്ക് ഒരെത്തുംപിടിയും കിട്ടിയില്ല.. ഓഫീസിൽ വിളിച്ചുനോക്കി.. ബെല്ലടിക്കുന്നുണ്ട്.. മറ്റുള്ളവരുടെ നമ്പർ ഒന്നും അമ്മയുടെ കൈയിൽ ഇല്ലതാനും... ഒരിക്കൽ ബോസിന്റെ നമ്പർ അവൾ കലണ്ടറിൽ എഴുതിയിടുന്നത് കണ്ടിരുന്നു.. അവർ കലണ്ടർ മുഴുവൻ തപ്പി.. ഈ വർഷത്തെ കലണ്ടറിലല്ല... പഴയ കലണ്ടർ.. ദൈവമേ !
..........................................................................................
പത്രക്കാരനാണ് ആദ്യം കണ്ടത്.. ഗ്രാമപാതയിൽ... കണ്ടത്തിലേക്ക് മറിഞ്ഞ ഒരു സ്‌കൂട്ടി... അയാൾ സൈക്കിൾ നിറുത്തി ഇറങ്ങിനോക്കി.. അഞ്ചരമണി സമയമേ ആയിട്ടുള്ളു.. ഇരുൾമാറി പ്രകാശം ഭൂമിയിൽ പതിച്ചുതുടങ്ങുന്നതേയുള്ളു.. എങ്കിലും അരണ്ടവെളിച്ചത്തിൽ അയാളതുകണ്ടു... കണ്ടത്തിലെ ചേറിൽ പകുതിയോളം വെള്ളത്തിലാണ്ട ഒരു പെൺകുട്ടിയുടെ ശരീരം.. അയാളെ വിറയ്ക്കുവാൻ തുടങ്ങി.. പത്രം ഏജന്റിനെ ഫോൺ ചെയ്തു വിവരം അറിയിച്ചു.. പിന്നാലെ വന്ന ആരോ സ്റ്റേഷനിൽ വിളിച്ചുപറഞ്ഞു.. പോലീസ് വളരെപ്പെട്ടെന്നു സ്ഥലത്തെത്തി അവളെ ഹോസ്പിറ്റലിൽ എത്തിക്കുവാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി.. അവളുടെ സ്‌കൂട്ടിയിൽനിന്നു കണ്ടെടുത്ത ബാഗിൽ അവളുടെ വീട്ടിലെ നമ്പർ കിട്ടിയിരുന്നു.. തരകൻ വീട്ടിൽ വിളിച്ചു..
ജീവന്റെ ഒരു ചെറുകണിക അവശേഷിച്ചിരുന്നു അവളിൽ... ഏകദേശം രണ്ടുമണിക്കൂർ സമയംകൊണ്ടാണ് ഡോക്ടർമാർ അവളുടെ ശ്വാസഗതി നേരെയാക്കിയത്...
ബോധം വീണപ്പോൾ അവൾക്കൊന്നും ഓർമ്മയുണ്ടായിരുന്നില്ല...
സർക്കിൾ ഇൻസ്‌പെക്ടർ തരകൻ മാത്യൂസും ഇൻസ്‌പെക്ടർ ഡിക്രൂസും അവളെ ചോദ്യംചെയ്യാനായി അവിടെ തമ്പടിച്ചിരുന്നു.
'ഡോക്ടർ.. എപ്പോഴത്തേക്കും മൊഴിയെടുക്കാനാകും? ' ഓഫീസർ ചോദിച്ചു.
'ഒന്നും പറയാറായിട്ടില്ല.. ഞങ്ങൾക്ക് ഒരു സംശയമുണ്ട്.. അതൂടെ ഒന്ന് ക്ലിയർ ചെയ്തോട്ടെ '
പുറത്ത് കരഞ്ഞുതളർന്ന അമ്മയും. വിവരങ്ങളറിയാൻ കാത്തുനിൽക്കുന്ന ബന്ധുക്കളും.....
'അവൾ ക്രൂരമായി ബലാത്സംഗത്തിനിരയായിട്ടുണ്ട്'
ഡോക്ടറുടെ വാക്കുകൾ സർക്കിൾ ഇൻസ്‌പെക്ടർ തരകൻ മാത്യൂസ് ഒരു ഞെട്ടലോടെയാണ് കേട്ടത്..
'ഓഹ്.. മൈ ഗോഡ് ! യു മീൻ.. '
'യെസ്... അവളെ ആരോ.. അല്ല.. കുറേയാൾക്കാർ... ഒന്നിലധികം തവണ അവൾ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്.. അതും.. ചെറിയ സമയപരിധിയിൽ.. ഐ മീൻ കൂട്ടബലാത്സംഗം'
തരകൻ ഞെട്ടലിൽനിന്നു മുക്തനായില്ല.. പുറത്തു കണ്ണീരൊഴുക്കി കാത്തിരിക്കുന്ന ആ അമ്മയോടെന്തുപറയും.. അയാൾ പുറത്തേക്കിറങ്ങി.
പെട്ടെന്നാണ് അറ്റൻഡർ വന്നു ഡോക്ടർ അദ്ദേഹത്തെ അന്വേഷിക്കുന്ന കാര്യം പറഞ്ഞത്
'യെസ് ഡോക്ടർ... '
'താങ്കൾക്ക് അവളുടെ മൊഴിയെടുക്കാം... പക്ഷേ ആ കുട്ടിക്ക് ഒന്നും ഓർമ്മയില്ല..'
'അതെങ്ങനെ സംഭവിക്കും.. ?'
'എന്റെ ബലമായ സംശയം.. ഓക്കേ.. താങ്കൾ മൊഴിയെടുക്കൂ.. ഞാനപ്പോഴേക്കും എന്റെ നിഗമനം ശരിയാണോ എന്നൊന്നു പരിശോധിക്കട്ടെ'....
ഡോക്ടർ പറഞ്ഞത് വളരെ ശരിയായിരുന്നു.. കഴിഞ്ഞദിവസം നടന്നതൊന്നും അവൾക്കോർമ്മയില്ല... സി ഐ യും എസ് ഐ യും കിണഞ്ഞുപരിശ്രമിച്ചിട്ടും ഒന്നും ചികഞ്ഞെടുക്കാൻ കഴിഞ്ഞില്ല.
അവൾ ചോദ്യങ്ങളോട് പ്രതികരിക്കാതെ വീണ്ടും അബോധാവസ്ഥയിലായി.. സി ഐ തരകൻ ഡോക്ടറുടെ ക്യാബിനിലെത്തി..
'ഡോക്ടർ.........'
'അവൾക്ക് പ്രതികരിക്കുവാൻ കഴിയില്ല മിസ്റ്റർ തരകൻ.. എന്റെ ഊഹം ശരിയാണെങ്കിൽ അവൾക്ക് റേപ്പ് ഡ്രഗ് കൊടുത്തിട്ടുണ്ട്.. '
'റേപ്പ് ഡ്രഗ്ഗോ ?.. വാട്ട് ഡു യു മീൻ.. ?'
'യെസ്... താങ്കൾക്ക് ഒരുപക്ഷേ അറിവുണ്ടാകില്ല.. അങ്ങനെയൊരു ഡ്രഗ് ഉണ്ട്.. റോഹിപ്നോൾ .... റൂഫിനോൾ എന്നും അറിയപ്പെടുന്ന കുപ്രസിദ്ധമായ ഡ്രഗ്.. ഇരയെക്കൊണ്ട് ഏതെങ്കിലും രീതിയിൽ കഴിപ്പിക്കുക.. ഒരുപക്ഷേ ഒരു ലൈം ജ്യൂസ്.. ഒരു കോഫി.. അതുമല്ലെങ്കിൽ വെറും പച്ചവെള്ളം.. കഴിച്ചുകഴിഞ്ഞാൽ ഏകദേശം അരമണിക്കൂറോളം എടുക്കും പ്രവർത്തിക്കാൻ.. പ്രവർത്തിച്ചുതുടങ്ങിയാൽ രണ്ടുമണിക്കൂറിനുള്ളിൽ പൂർണ്ണമായും ശരീരത്തെ കീഴടക്കും... പന്ത്രണ്ടു തൊട്ട് പതിനാറു മണിക്കൂർ വരെ ശരീരത്തിൽ അതിന്റെ ഇഫ്ഫെക്ട് ഉണ്ടാകും.. '
'ഓഹ് മൈ ഗോഡ് !...' തരകൻ ആകാംക്ഷയോടെ ഡോക്ടറുടെ വാക്കുകൾ കേട്ടിരുന്നു
'ഇതൊന്നുമല്ല... ശരീരത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയാൽ പിന്നെ ആ സമയത്തെ ഓർമ്മകളൊന്നും ഉണ്ടായിരിക്കില്ല.. ശരീരത്തിന് എന്തു സംഭവിച്ചാലും ഒരിക്കലും ഓർത്തെടുക്കാൻ കഴിയില്ല.. മയങ്ങിവീണുകഴിഞ്ഞാൽ അങ്ങനെ കിടക്കും.. കണ്ണുകൾ തുറന്നുതന്നെയിരിക്കും.. എല്ലാം കാണാനും കേൾക്കാനും കഴിയും.. പക്ഷേ ശരീരം അനങ്ങില്ല.. അപ്പോൾ നടക്കുന്ന പ്രവൃത്തികളൊന്നും മനസ്സിൽ സ്റ്റോർ ചെയ്യപ്പെടുകയില്ല... ഈ കുട്ടിയുടെ രക്തത്തിൽ അതുപോലെന്തോ മരുന്നിന്റെ അംശം കാണുന്നുണ്ട്... സോ.. ഇറ്റ് ഈസ് എ ബ്രൂട്ടൽ റേപ്പ് കേസ്.....'
പെട്ടെന്നു ഡോർ തുറന്ന് മറ്റൊരു ഡോക്ടർ ഓടിയെത്തി..
'സർ.. ആ കുട്ടി... സ്കിസോ ഫ്രേനിയാക്കിനെപ്പോലെ പെരുമാറുന്നു... ഒന്നോടിവരൂ '
അവിടെക്കണ്ട കാഴ്ച മനസ്സാക്ഷിയുള്ളവരെ ഞെട്ടിക്കുന്നതായിരുന്നു...
അവൾ ശരീരത്തുണ്ടായിരുന്ന വസ്ത്രങ്ങൾ മുഴുവൻ കീറിയെറിഞ്ഞു പൂർണനഗ്നയായി കട്ടിലിൽ കയറിനില്‌ക്കുന്നു... എന്നിട്ടെന്തൊക്കെയോ പുലമ്പുന്നുണ്ട്...
'മറ.... ' ഡോക്ടർ അലറുകയായിരുന്നു.. വളരെ ബുദ്ധിമുട്ടിയാണ് അവളെ കട്ടിലിനോട് ചേർത്ത് കെട്ടിയത്.. കാലും കൈയും ബന്ധിച്ചു കട്ടിലിന്റെ കാലുകളോട് ചേർത്തുകെട്ടി...
സർക്കിൾ ഇൻസ്‌പെക്ടർ തരകൻ അവിടെനിന്നു പുറത്തിറങ്ങിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. പുറത്തിങ്ങിയ ഉടൻ അയാൾ ബാംഗ്ലൂരിൽ പഠിക്കുന്ന മകളെ ഫോണിൽ വിളിച്ചു..
അങ്ങേത്തലയ്ക്കൽ മകളുടെ സ്വരം കേട്ടപ്പോൾ അയാൾ ഫോൺ കട്ട് ചെയ്തു..
ഐ സി യു വിന്റെ വിസിറ്റേഴ്സ് കോർണറിൽ ഒരമ്മ തളർന്നിരിക്കുന്നു.. അദ്ദേഹം അവരെ നോക്കാതെ അവിടെനിന്നു പുറത്തിറങ്ങി...അയാളുടെ മനസ്സിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു.. അവളെ ചതിച്ചവർ..
വേണു ;നൈമിഷിക'
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo