Slider

നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ

0

'പഫ്സ് വാങ്ങാൻ കാശ് മോഷ്ടിച്ചതിന് മൂന്നാം ക്ലാസുകാരനെ മർദ്ദിച്ച അമ്മക്കെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചു..'
വാർത്ത വായിച്ചതും മനസ്സു കുറച്ചു പിറകിലോട്ടു പോയി..
ഞാനന്ന് എട്ടാം ക്ലാസ്സിലാണ് ട്ടാ..
ക്‌ളാസ് വിട്ടുവരുമ്പോ സുബൈറാണു തുടങ്ങിവെച്ചത്..
വീടിനടുത്തുള്ള തെങ്ങിൻതോട്ടത്തിൽ നിന്നു ഇളനീര് മോഷ്ടിക്കാമെന്നുള്ള ആശയം അവന്റേതാരുന്നു..
കൂട്ടുകാരെ പിണക്കാൻ വയ്യാന്നു മനസ്സിലോർത്തു ഞാനും കൂടി..
ഇളനീർ വേണമെങ്കിൽത്തന്നെ വീട്ടിലിഷ്ടംപോലുണ്ടാരുന്നു..
പക്ഷേ കൂട്ടുകാരുമൊത്ത് മോഷ്ടിച്ചു കുടിച്ച ഇളനീരിന്റെ രസം അതിനേക്കാളെത്രയോ നല്ലതെന്നു തോന്നിയ നിമിഷങ്ങൾ..
ചുമ്മാതല്ല ചിലർക്കു കട്ടുതിന്നാൻ തോന്നുന്നേ..
പക്ഷേ ആ രസം അധികസമയം നീണ്ടുനിന്നില്ല..
അന്നു ഇന്നത്തെപ്പോലെ പരദൂഷണത്തിനു വാട്സാപ്പോ ഒളിക്യാമറയോ ഇല്ലാത്തതു കൊണ്ടു നാട്ടിലെത്തന്നെ പണിയില്ലാതെ തെക്കുവടക്കു നടക്കുന്ന ചിലരായിരുന്നു ആ ജോലിയേറ്റെടുത്തിരുന്നത്..
അവരതു ഭംഗിയായി ചെയ്തു..
ഞാൻ വീട്ടിലെത്തും മുമ്പെ തന്നെ സംഭവം വീട്ടിലറിഞ്ഞു..
ഒന്നുമറിയാത്തപോലെ പടിവാതിൽക്കൽ നിന്നിരുന്ന ഉമ്മ ഞാനകത്തേക്കു കയറിയതും ഒളിപ്പിച്ചു വെച്ചിരുന്ന ഉണക്ക മടലെടുത്തു തലങ്ങും വിലങ്ങും അടിയാരുന്നു..
അന്നൊക്കെ ഇതുപൊലെ സംവിധാനം ഉണ്ടാരുന്നേൽ ഉമ്മാനെ പൊലീസ് പൊക്കിയേനെ..
ഞാനൊന്നാന്തരം കള്ളനുമായേനെ ചിലപ്പൊ..
ആ അവസരമെനിക്ക് നിഷേധിച്ചത് കൊണ്ടും തല്ലിന്റെ കാരണമെന്താണെന്ന് വ്യക്തമായി മനസ്സിലാക്കിയത് കൊണ്ടും പിന്നീടൊരിക്കലും തമാശക്ക് പൊലും മറ്റൊരാളുടെ മുതൽ സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടില്ല..
ഇന്നു കുട്ടികൾ തെറ്റു ചെയ്താൽ ശിക്ഷിക്കാൻ ഭയക്കുന്ന കാലമാണ്..
അധ്യാപകൻ തന്റെ മോനെ മർദിച്ചെന്നും പറഞ്ഞു പരാതി കൊടുക്കുന്ന രക്ഷിതാക്കളുടെ കാലമാണിന്നു..
ക്‌ളാസ്സിൽവെച്ചു ഉറക്കെ ചിരിച്ചെന്നും പറഞ്ഞു കൈപൊട്ടും വരെ ചൂരലോണ്ട് അടിച്ചിട്ടുണ്ട് കൃഷ്ണൻ മാഷ്..
വീട്ടിലെത്തിയപ്പോ കൈനോക്കി "എന്റെമോനെ അയാളിങ്ങനെ കൊല്ലാക്കൊല ചെയ്തല്ലൊ"ന്നു കരയുകയല്ല എന്റുമ്മ ചെയ്തതു..
"നിന്റെ കയ്യിലിരുപ്പിനു അത്രകിട്ടിയാൽ പോരെന്നാ പറഞ്ഞെ..
വാപ്പ അറിഞ്ഞാൽ ഒന്നുടെ കിട്ടുമെന്നും കൂട്ടിച്ചേർത്തത് കൊണ്ടു വാപ്പയെ കാണിച്ചില്ല..
അത്രയൊക്കെ ആയിട്ടും എനിക്കു അധ്യാപകനോട് വെറുപ്പ് തോന്നിയിട്ടില്ല..
ഉമ്മാനോട് പക തോന്നിയില്ല..
കാരണം അന്നെല്ലാ വീട്ടിലും അങ്ങിനെയാരുന്നു..
സ്വാർത്ഥ താല്പര്യങ്ങൾക്കപ്പുറം സത്യവും നീതിയും നടപ്പാക്കണമെന്നാഗ്രഹിച്ചിരുന്ന രക്ഷിതാക്കളും അധ്യാപകരും ഉണ്ടായിരുന്ന കാലം..
അതുകൊണ്ടുതന്നെ വൃദ്ധസദനങ്ങൾ നിർമ്മിക്കപ്പെട്ടില്ല..
വഴക്കു പറഞ്ഞതിന് മകനമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചില്ല..
മകനെ ഉപദ്രവിച്ചതിനു അമ്മക്കെതിരെ പൊലീസ് കേസെടുത്തില്ല..
കാരണം അവരുടെയൊക്കെ ശരി സമൂഹത്തിന്റെയും ശരിയായിരുന്നു..
ഇന്നു മക്കളെ സ്നേഹിക്കാൻ മത്സരിക്കുന്നു നമ്മൾ..
എന്നിട്ടുമാ സ്‌നേഹം തിരികെ ലഭിക്കാതെ പോവുന്നതെന്തു കൊണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും..
സത്യത്തിൽ അവരുടെ ഇഷ്ടങ്ങൾ സാധിപ്പിക്കാൻ മത്സരിക്കുന്ന അവരുടെ എന്താഗ്രഹത്തിനും കുടപിടിച്ചു കൊടുക്കുന്ന നമ്മൾതന്നെയാണ് നമ്മുടെ കുഴിതോണ്ടുന്നത്..
തെറ്റിനെ തെറ്റാണെന്നു ചൂണ്ടിക്കാണിച്ചു ശിക്ഷിക്കുമ്പോൾ അതു ഊതിപ്പെരുപ്പിച്ചു വാർത്തയാക്കി തെറ്റിനെ ശരിയാക്കാൻ മത്സരിക്കാതിരിക്കുകയാണു നാം ചെയ്യേണ്ടതു..
അപ്പോഴാണ് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുന്നതും.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo