ഓർമ്മദിവസം
**************
**************
"ചേച്ചി.... ഇന്ന് ഞാൻ നേരത്തെ പൊയ്ക്കോട്ടേ.... "
"വേണ്ട.... മൊത്തം പഠിച്ചിട്ട് പോയാൽ മതി. സ്കൂളിൽ മാർക്ക് കുറയുമ്പോൾ വീട്ടുകാർ എല്ലാരും ഇങ്ങോട്ടാ വരുന്നേ.. അയ്യോ... ട്യൂഷന് വന്നിട്ടും മാർക്ക് കുറവാണല്ലോ എന്നും പറഞ്ഞു. അവിടിരുന്നു വേഗം പഠിച്ചോ..."
"ചേച്ചി... എന്റെ പൊന്നു ചേച്ചി അല്ലേ.... ഞാൻ നാളെ മൊത്തം പഠിച്ചിട്ട് വരാം. പപ്പ വീട്ടിൽ ഇല്ല. ഇന്നേ എനിക്ക് കളിക്കാൻ പോകാൻ പറ്റൂ... പപ്പയുണ്ടെങ്കിൽ സമ്മതിക്കില്ല.... "
"നീ ഒന്ന് മിണ്ടാതിരുന്ന് പഠിക്ക് സച്ചിൻ... ഇല്ലെങ്കിൽ ഇപ്പൊ എന്റെ കൈയിൽ നിന്ന് കിട്ടും... "
അവൻ മുഖവും വീർപ്പിച്ചു കണ്ണും നിറച്ചു എഴുതാൻ തുടങ്ങി.
ഞാൻ പയ്യെ എഴുനേറ്റ് റൂമിലേയ്ക്ക് പോയി അവന്റെ വീട്ടിലേയ്ക്ക് ഫോൺ ചെയ്തു..
"ചേച്ചി... ഞാൻ ആസിയ ആണ്... "
"ആ... പറ മോളെ...പിന്നേയ്.... സച്ചിന് രാവിലെ വരാൻ പറ്റിയില്ല.. ഞാനും അവനും അമ്മവീട്ടിൽ പോയിരുന്നു അതാ... "
"അത് സാരമില്ല ചേച്ചി.... പക്ഷെ ആള് ഇവിടെ പിണങ്ങി ഇരിക്കുവാ... കളിക്കാൻ പോണം വിടുമോ എന്നും ചോദിച്ചു..."
"ആ..... എന്റോടെയും പറഞ്ഞിരുന്നു. മുകേഷേട്ടൻ ഉണ്ടെങ്കിൽ വിടില്ല. ചേട്ടൻ ഇന്ന് താമസിച്ചേ വരൂ...ഇന്ന് ക്ലാസിനു വരുന്നില്ല കളിക്കാൻ പോകട്ടെ എന്ന് ചോദിച്ചു കുറേ ചിണുങ്ങിയതാ... ഞാൻ നിർബന്ധിച്ചു വിട്ടതാ അങ്ങോട്ട്... "
"അവൻ പഠിച്ചൊക്കെ കഴിഞ്ഞു. ഞാൻ എന്തു ചെയ്യട്ടെ ചേച്ചി.... "
"ഇന്നത്തേക്ക് വിട്ടേരെ... പാവം..."
"ശരി ചേച്ചി... "
ഞാൻ ഫോൺ കട്ട് ചെയ്തു അങ്ങോട്ട് ചെല്ലുമ്പോൾ അവന്റെ മുഖത്ത് ചെറിയ ചിരി പടർന്നിരുന്നു. അതിൽ നിന്നും മനസിലാക്കാം ഞാൻ പറഞ്ഞതൊക്കെ അവൻ കേട്ടെന്ന്.. അവന്റെ കള്ള ചിരി കണ്ടാൽ എന്ത് ദേഷ്യമുണ്ടെങ്കിലും തീരും. പത്തു വയസ്സ് ആയെങ്കിലും കുഞ്ഞു കുട്ടികളുടെ നിഷ്കളങ്കതയും കുസൃതിയുമാണവന്. അതുകൊണ്ട് തന്നെ ട്യൂഷന് വരുന്ന മറ്റുകുട്ടികളെക്കാളും സ്നേഹം എനിക്ക് അവനോട് തോന്നിയിരുന്നു. പുറമേ കാണിക്കാതിരിക്കാൻ ശ്രമിച്ചിരുന്നിങ്കിലും പലപ്പോഴും ഞാൻ തോറ്റു പോയിരുന്നു. അതുകൊണ്ട് തന്നെ ടീച്ചർക്ക് സച്ചിനെ ആണ് ഇഷ്ടമെന്നും അവനെ മാത്രം അടിക്കേം ഇല്ല വഴക്കും പറയില്ല എന്നുള്ള പഴി പലപ്പോഴും മറ്റുകുട്ടികളിൽ നിന്ന് കേട്ടിരുന്നു. ചിലപ്പോഴൊക്കെ ആ വാശിയ്ക്ക് കൂടുതൽ അടിയും വഴക്കും അവൻ കൊണ്ടിരുന്നു എന്നത് മറ്റൊരു സത്യം.
മുഖത്തെ ഗൗരവം വിടാതെ ഞാൻ അവനോട് പറഞ്ഞു.
"എനിക്ക് ഒരു സ്ഥലം വരെ പോണം നീ പോയിട്ട് നാളെ രാവിലെ വരണം. ഇപ്പോ പൊയ്ക്കോ.. "
"താങ്ക്സ്... ചേച്ചി... അല്ലെങ്കിലും ചേച്ചി പാവമല്ലേ..." എന്നും പറഞ്ഞു അവൻ ചിരിച്ചു
"പോടാ... ഞാൻ പാവമാണോ ഭയങ്കരമാണോ എന്ന് നാളെ കാണിച്ചു തരാം.. അത് മുഴുവൻ പഠിച്ചിട്ട് വേണം നാളെ വരാൻ"
രാത്രി എട്ട് മണിയായപ്പോഴാണ് ഒരു കാൾ വരുന്നത്. അമ്മയാണ് ഫോൺ എടുത്തതും... സംസാരം കേട്ടപ്പോഴേ ആർക്കോ എന്തോ അപകടം സംഭവിച്ചതാണെന്ന് മനസിലായി. അമ്മയുടെ മുഖത്ത് നിന്നും സീരിയസ് ആണെന്നും മനസിലായി.
ഫോൺ കട്ട് ചെയ്തു... പറയാൻ വാക്കുകളില്ലാതെ കുഴങ്ങുന്ന അമ്മയെ കണ്ടപ്പോഴും എന്താണ് സംഭവിച്ചതെന്നറിയാതെ ഞാനും ചേച്ചിയും പരസ്പരം നോക്കുവായിരുന്നു. അമ്മയ്ക്ക് അറിയാം അവൻ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന്..
സച്ചിൻ കളിക്കുന്നതിനിടയിൽ തലയിടിച്ച് വീണു... ആശുപത്രിയിൽ ഐ സി യു വിൽ ആണെന്ന് അമ്മ പറഞ്ഞു തീരുന്ന സമയം എന്റെ ശരീരത്തിൽ ഷോക്കേറ്റ അവസ്ഥയായിരുന്നു. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാനായില്ല. ഉറക്കെ കരയണം എന്നുണ്ടെങ്കിലും അതിന് പോലും പറ്റാത്ത മാനസിക അവസ്ഥയിലായിരുന്നു ഞാൻ. തളർന്നു തറയിൽ ഇരുന്ന എന്നെ അവന് ഒന്നും സംഭവിക്കില്ലടി... നീ സമാധാനിക്ക്... എന്നൊക്കെ ചേച്ചിയും അമ്മയും പറയുന്നുണ്ടെങ്കിലും അതൊന്നും ഉൾക്കൊള്ളാൻ ഉള്ള മാനസിക അവസ്ഥയിൽ അല്ലായിരുന്നു ഞാൻ.
"എനിക്ക് അവനെ കാണണം... " എന്ന് എങ്ങനെയോ പറഞ്ഞൊപ്പിച്ചു..
"ഈ രാത്രി എങ്ങനെ മോളെ... നമുക്ക് നാളെ രാവിലെ പോകാം..."
എന്ന അമ്മയുടെ വാക്കുകൾ ഒന്നും എനിക്ക് സ്വീകാര്യമല്ലായിരുന്നു. അങ്ങനെ ചേട്ടനെ വിളിച്ചു വരുത്തി അവന്റെ കൂടെ ഹോസ്പിറ്റലിലേക്ക് പോയി..
എന്ന അമ്മയുടെ വാക്കുകൾ ഒന്നും എനിക്ക് സ്വീകാര്യമല്ലായിരുന്നു. അങ്ങനെ ചേട്ടനെ വിളിച്ചു വരുത്തി അവന്റെ കൂടെ ഹോസ്പിറ്റലിലേക്ക് പോയി..
അവിടെ കരഞ്ഞു തളർന്ന മുഖവുമായി അവന്റെ അച്ഛൻ ഐ സി യു വിന്റെ മുന്നിൽ ചുമരിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു.
ഐ.സി.യു വിന്റെ ഡോറിലെ ചെറിയ വട്ടത്തിനുള്ളിലൂടെ അവനെ ഞാൻ കണ്ടു.. തലയിലെ വലിയ കെട്ടും ദേഹം മുഴുവനുമുള്ള വയറുകളും എന്നെ പേടിപ്പെടുത്തി. പക്ഷെ മുഖത്ത് അപ്പോഴും ആ കള്ള ചിരിയും കുസൃതിയും നിറഞ്ഞു നിന്നിരുന്നു.
ഐ.സി.യു വിന്റെ ഡോറിലെ ചെറിയ വട്ടത്തിനുള്ളിലൂടെ അവനെ ഞാൻ കണ്ടു.. തലയിലെ വലിയ കെട്ടും ദേഹം മുഴുവനുമുള്ള വയറുകളും എന്നെ പേടിപ്പെടുത്തി. പക്ഷെ മുഖത്ത് അപ്പോഴും ആ കള്ള ചിരിയും കുസൃതിയും നിറഞ്ഞു നിന്നിരുന്നു.
"ചേച്ചി.. എവിടെ" എന്ന് ആ അച്ഛന്റെ മുഖത്ത് നോക്കാതെ ചോദിച്ചപ്പോൾ ഒരു റൂമിലേക്ക് അദ്ദേഹം വിരൽ ചൂണ്ടി.. ആ റൂമിൽ കണ്ട കാഴ്ച്ച എന്റെ സകല നിയന്ത്രണവും നഷ്ടപ്പടുത്തി.
ഇൻഞ്ചെക്ഷന്റെ പാതി മയക്കത്തിൽ.
"ഞാനാണ് എന്റെ മോനേ മരണത്തിലേയ്ക്ക് വിട്ടത്... എന്റെ മോനേ..." എന്നും പറഞ്ഞുള്ള കരച്ചിൽ ആർക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഉറക്കെ കരഞ്ഞ എന്നെ കരഞ്ഞാൽ വീട്ടിൽ കൊണ്ടുപോകും എന്ന ഏട്ടന്റെ മുന്നറിയിപ്പ് നിശബ്ദയാക്കി.
ആ അമ്മയുടെ അടുത്ത് ചെന്ന് ആ കൈകളിൽ തലോടി "അവന് ഒന്നും വരില്ല ചേച്ചി... അവൻ നമ്മുടെ സച്ചിൻ ആയി തിരിച്ചു വരുമെന്ന് പറഞ്ഞു ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ വാക്കുകൾ ഒന്നും ആ അമ്മയെ ആശ്വസിപ്പിക്കുന്നതായിരുന്നില്ല. കുറച്ചു നേരത്തിനകം തന്നെ ആ റൂമും ഐ.സി.യു വിന്റെ മുൻവശവും അവരുടെ ബന്ധുക്കളെ കൊണ്ട് നിറഞ്ഞു.
കളിക്കുന്നതിനിടയിൽ വീണ അവന്റെ തല അടുത്ത് കിടന്ന പാറയിൽ അടിച്ചു. വഴക്ക് പേടിച്ചു വീട്ടിൽ പറഞ്ഞതുമില്ല. നിർത്താതെയുള്ള ചർദ്ധി കാരണം ഹോസ്പിറ്റലിൽ കൊണ്ട് വന്നപ്പോഴാണ് വീഴ്ചയെ പറ്റി അവൻ ഡോക്ടറോട് പറഞ്ഞത്. കുറച്ചു നേരത്തിനകം കുഴഞ്ഞു വീണ അവനെ ഐ.സി.യു വിൽ ആക്കിയെന്നും എല്ലാരുടെയും സംസാരത്തിൽ നിന്നും വ്യക്തമായി. ഞാനും ചേട്ടനും അവിടെ നിൽക്കേണ്ട ആവിശ്യമില്ല എന്ന് തോന്നിയത് കൊണ്ട് ആ അച്ഛനോട് മാത്രം യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.
രാത്രി മുഴുവൻ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എങ്ങനെയോ നേരം വെളുപ്പിച്ചു അമ്മയും ചേച്ചിയുമായി രാവിലെ തന്നെ ഹോസ്പിറ്റലിൽ എത്തി. അവന്റെ അമ്മയുടെ സഹോദരിയും അച്ഛന്റെ ഒരു കൂട്ടുകാരനും ഒഴികെ ബാക്കി എല്ലാവരും പോയിരുന്നു. ആ അമ്മയുടെ അടുത്ത് ചെന്നപ്പോൾ
"ഞാൻ വിടണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ അവൻ കളിക്കാൻ പോകില്ലായിരുന്നില്ലല്ലോ... ഞാനാ എല്ലാത്തിനും കാരണം"
എന്ന് പറഞ്ഞു അവർ കരയാൻ തുടങ്ങി.
"ഞാൻ വിടണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ അവൻ കളിക്കാൻ പോകില്ലായിരുന്നില്ലല്ലോ... ഞാനാ എല്ലാത്തിനും കാരണം"
എന്ന് പറഞ്ഞു അവർ കരയാൻ തുടങ്ങി.
അതിന് അവന് ഒന്നും സംഭവിക്കില്ല മോളെ എന്ന് പറഞ്ഞു അമ്മ ആ ചേച്ചിയെ തന്റെ മാറോട് അടുപ്പിച്ചു ആശ്വസിപ്പിച്ചു. എന്റെ കരച്ചിൽ ആ അമ്മയുടെ കരച്ചിലിന്റെ തീവ്രത കൂട്ടുന്നു എന്ന് മനസിലാക്കി എന്റെ ചേച്ചി എന്നെയും കൊണ്ട് പുറത്തിറങ്ങി.
എന്റെ ചേച്ചി ആ അച്ഛന്റെ അടുത്ത് ചെന്ന് എന്തൊക്കെയോ ചോദിച്ചു.. എന്നിട്ട് എന്നെയും വിളിച്ച് ഹോസ്പിറ്റൽ കാന്റീനിൽ പോയി അവർക്ക് രണ്ട് പേർക്കും കഴിക്കാനുള്ള ഭക്ഷണം വാങ്ങി. അവർക്ക് രണ്ട് പേർക്കും കൊടുത്ത് നിർബന്ധിപ്പിച്ചു കഴിപ്പിച്ചു. അവർ രണ്ട് പേരും കഴിച്ചെന്നു വരുത്തി. അല്ലെങ്കിലും ആർക്കാണ് മകൻ ഐ.സി.യു വിൽ കിടക്കുമ്പോൾ ഭക്ഷണം ഇറങ്ങുക.
അഞ്ചു മണിയായപ്പോൾ ഞങ്ങൾ വീട്ടിലേയ്ക്ക് എത്തി. അരമണിക്കൂർ കഴിയുന്നതിനു മുൻപ് അവൻ ഈ ലോകത്ത് നിന്ന് പോയി എന്ന് അറിഞ്ഞപ്പോൾ ഒരു തരം മരവിപ്പാണ് അനുഭവപ്പെട്ടത്. കരയാൻ കൂടെ കഴിയാതെ നിന്ന എന്റെ കാലിൽ നിന്നും അരിച്ചു കയറിയ തണുപ്പ് നെഞ്ചിൽ എത്തിയപ്പോഴേയ്ക്കും എന്റെ ബോധം നഷ്ടപ്പെട്ടിരുന്നു.
കണ്ണ് തുറന്നപ്പോൾ കരയുന്ന അമ്മയുടെയും ചേച്ചിയുടെയും മുഖമായിരുന്നു മുന്നിൽ. അപ്പോഴാണ് ഞാൻ പോലും മനസ്സിലാക്കിയത് അവൻ എനിക്ക് എത്ര പ്രിയപ്പെട്ടതായിരുന്നെന്ന്. അവസാനമായി അവനെ ഒരു നോക്കുകാണാൻ അമ്മ വിളിച്ചപ്പോഴും ഞാൻ പോയില്ല.. കാരണം ജീവനില്ലതെയുള്ള അവനെ കാണാൻ എനിക്ക് കഴിയുമായിരുന്നില്ല. നെഞ്ചുപൊട്ടിയുള്ള ആ അമ്മയുടെ കരച്ചിൽ കേൾക്കാൻ കഴിയില്ലായിരുന്നു. ഒരേഒരു മകൻ നഷ്ടപ്പെട്ട വേദന കടിച്ചമർത്തി നിൽക്കുന്ന ആ അച്ഛന്റെ മുഖം എനിക്ക് കാണാൻ കഴിയില്ലായിരുന്നു.
കളിക്കാൻ പോകാൻ സമ്മതിച്ച ആ സമയം അവന്റെ മുഖത്തുണ്ടായ സന്തോഷം... അത് മായാതെ മറയാതെ ഇപ്പോഴും എന്റെ ഉള്ളിൽ ഉണ്ട്. മറക്കാൻ കഴിയാത്ത നീറുന്ന ഓർമയായി ആ സന്തോഷം ഇപ്പോഴും എന്നെ വേദനിപ്പിക്കാറുണ്ട്. അന്ന് ഞാൻ അവനെ വിട്ടില്ലായിരുന്നെങ്കിൽ ഇന്നും അവൻ ജീവിച്ചിരുന്നേനെ എന്ന സത്യം കുത്തി വേദനിപ്പിക്കാറുണ്ട് എന്നെ....
സച്ചിൻ...... നിന്നെക്കാളും പത്തു വയസ്സ് മാത്രം കൂടുതൽ ഉണ്ടായിരുന്നിട്ടും എനിക്ക് നീ പിറക്കാതെ പോയ മകനായിരുന്നു. നിന്നോട് എനിക്ക് ഉണ്ടായിരുന്നത് എന്റെ മകനോട് എനിക്ക് തോന്നുന്ന അതേ സ്നേഹമായിരുന്നു അതേ വാത്സല്യമായിരുന്നു. ഇന്ന് നിന്റെ ഓർമ്മ ദിനത്തിൽ നിനക്ക് വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ എനിക്ക് കഴിയൂ.... മരണ ശേഷം ഒരു ജീവിതമുണ്ടെങ്കിൽ അവിടെ എന്റെ മോനോടൊപ്പം നീയും ഉണ്ടാകണം എന്റെ മോനായി എന്ന് ആത്മാർത്ഥമായി ആശിച്ച് പോകുന്നു.....
ആസിയ അൽഅമീൻ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക