Slider

ഒളിച്ചോട്ടം

0
ഒളിച്ചോട്ടം
"കത്തിച്ചുവിട്ടോടാ പെട്ടെന്ന്....
അവരങ്ങെത്തും മുന്നേ നമുക്കവിടെയെത്തണം" കാറിലേക്ക് കയറുന്നതിനിടയിൽ മെമ്പർ സുരേഷേട്ടൻ പറഞ്ഞു
ഒരു ടാക്സി വേണം....അമ്പലത്തിൽ നടയിൽ ചെല്ലണമെന്നും പറഞ്ഞു സ്റ്റാന്റിനടുത്തുള്ള കടയിൽ ഫോൺ വന്നതനുസരിച്ചാണ് ഞാൻ അവിടെ ചെന്നത്
മെമ്പറെ കണ്ടപ്പോൾ എന്റെ മനസ്സ് മടുത്തു കാരണം പൈസ കിട്ടാൻ വലിയ പാടാണ്... "എങ്ങോട്ടാ സുരേഷേട്ടാ....."
മെയിൻ റോഡിലേക്ക് കയറാൻ നേരം ഞാൻ ചോദിച്ചു
"നേരെ വിട്ടോ....."മെമ്പർ കൈ കാണിച്ചു
മെമ്പർ പറഞ്ഞ വഴികളിലൂടെയൊക്കെ കറങ്ങി തിരിഞ്ഞു അവസാനം റബ്ബർ കാടിന് നടുവിലുള്ള ഒരു വീട്ടിലെത്തി
''ഭാഗ്യം അവരൊന്നും എത്തിയിട്ടില്ല. "
സുരേഷേട്ടൻ പറഞ്ഞു
ആ വീട്ടിൽ നിന്നും ഒരു പെൺകുട്ടിയും ഒരു പയ്യനും ഇറങ്ങി വന്നു പയ്യനെ ഞാൻ കണ്ടിട്ടുണ്ട് സുരേഷേട്ടന്റെ പാർട്ടിയിലെ പ്രവർത്തകനാണ് ഏതാണ് ഈ പെൺകുട്ടി...എവിടെയോ കണ്ടിട്ടുണ്ടല്ലോ... ഞാൻ ആലോചിച്ചു
"പെട്ടെന്ന് കയറിക്കോ.... അവരിപ്പം ഇങ്ങെത്തും " സുരേഷേട്ടൻ ധൃതികൂട്ടി
"അല്ല... സുരേഷേട്ടാ ഇതിപ്പം എന്താ സംഭവം..." ഞാൻ ചോദിച്ചു
"എടാ ഉവ്വേ... ഇവൻ ഇവളെ വിളിച്ചു കൊണ്ട് വന്നു ഇന്നലെ....
പോലീസ് ഇവന്റെ അച്ഛനെ പിടിച്ച് സ്‌റ്റേഷനിൽ വച്ചിരിക്കുവാണ്
ഇവരിവിടെ ഉണ്ടെന്ന് അവർ അറിഞ്ഞു ഇങ്ങോട്ടു പുറപ്പെട്ടിട്ടുണ്ട് അവരെത്തും മുന്നേ നമുക്ക് പോകണം നീ കത്തിച്ച് വിട്ടോ....."
"ങേ... പുറകെ പോലീസോ.... ദൈവമേ... രാവിലെ പുലിവാലായല്ലോ..."പിന്നെ റോഡിലെ കുണ്ടുകളും കുഴികളും ഒന്നും എന്റെ കണ്ണിൽ കണ്ടില്ല....
കറങ്ങി തിരിഞ്ഞു ഒരു അമ്പലത്തിന്റെ നടയിലെത്തി അവരൊക്കെ ഇറങ്ങി പോയി കുറച്ച് കഴിഞ്ഞപ്പോൾ സുരേഷേട്ടൻ വന്ന് എന്നെ വിളിച്ചു
"ഒന്നു വാടാ ഉവ്വേ ഒരു കാര്യം ഉണ്ട്..."
ഞാൻ ഇറങ്ങി ചെന്നു അമ്പലത്തിൽ വച്ച് ചെറിയ രീതിയിൽ അവരുടെ കല്ല്യാണം അപ്പോഴേക്കും നടത്തിയിരുന്നു
അമ്പലത്തിലെ രജിസ്റ്ററിൽ ഒപ്പിടാൻ ഒരു സാക്ഷി വേണം അതിനാണ് എന്നെ വിളിച്ചത് പേനയെടുത്ത് ഒപ്പിടാൻ തുടങ്ങിയപ്പോൾ ഗുലുമാൽ.....ഗുലുമാൽ.....ഗുലുമാൽ....
എന്നൊരു പാട്ട് ചെവിയിൽ കേട്ടുവോ.....?
ഏയ്.....തോന്നലായിരിക്കും......
ഞാൻ ഒപ്പിട്ടു....
അവിടെന്ന് നേരെ ഒരു രജിസ്റ്റർ ഓഫീസിൽ ചെന്ന് രജിസ്റ്ററും ചെയ്തു സാക്ഷി കോളത്തിൽ എന്റെ ഒപ്പോടുകൂടെ...
പിന്നെ നേരെ പോലീസ് സ്റ്റേഷനിലേക്ക്....
പോലീസ് സ്റ്റേഷനിലെത്തി മെമ്പർ ആദ്യം പോയിട്ടു വന്ന് ആ പയ്യനെയും കൂട്ടി വീണ്ടും സ്‌റ്റേഷനിലേക്ക് പോയി....
കാറിൽ ഞാനും ആ പെൺകുട്ടിയും മാത്രമായി "വീട്ടിൽ ആരൊക്കെ ഉണ്ട് കുട്ടീ.... "ഞാൻ ചോദിച്ചു...
"അച്ഛനും അമ്മയും അനുജത്തിയും....."
"ഉം.... "ഞാനൊന്നു മൂളി പിന്നെ ഞാനൊന്നും നോക്കിയില്ല കുറെ ഉപദേശങ്ങൾ ഫ്രീയായിട്ട് അങ്ങട് കൊടുത്തു....
എല്ലാം കേട്ടുകൊണ്ട് ആ പെൺകുട്ടി മുഖം കുനിച്ചിരുന്നു....
ഉപദേശത്തിനവസാനം ഞാൻ ഇങ്ങനെ കൂട്ടിച്ചേർത്തു...
"അതുകൊണ്ട് ഒരു കാരണവശാലും പോലീസ് സ്റ്റേഷനിൽ അവന്റെ കൂടെ തന്നെ പോകണമെന്നേ പറയാവൂ....
അല്ലെങ്കിൽ പോലീസ് അവനെ ഇടിച്ച് ശരിയാക്കും കേസിൽ പ്രതിയായി ജയിലിലുമാകും....
വീട്ടുകാരൊക്കെ വന്ന് പലതും പറഞ്ഞ് മനസ്സ് മാറ്റാൻ നോക്കും കുട്ടി മാറരുത് കേട്ടോ..."
(ഉപദേശം എന്തായിരുന്നെന്ന് മനസ്സിലായല്ലോ അല്ലേ....അന്ന് എനിക്കും ഉണ്ടായിരിന്നു ഒരു പ്രണയം അപ്പോൾ പിന്നെ ഇങ്ങനെയല്ലേ ഉപദേശിക്കാൻ പറ്റുകയുള്ളു ഏത്....)
മെമ്പർ വന്നു.... പെൺകുട്ടിയെ കൊണ്ടു ചെല്ലാൻ എസ് ഐ പറഞ്ഞു...
''താൻ പൊയ്ക്കോ....പിന്നെ അങ്ങ് എടുക്കാടേ ഉവ്വേ......" മെമ്പർ എന്നെ നോക്കി പറഞ്ഞു
പതിവ് പോലെ എനിക്ക് പൈസ സ്വാഹ.....
ഓ....കിട്ടിയില്ലേലും സാരമില്ലടാ ഉവ്വേ.....
ഒരു കല്യാണം നടത്തി രണ്ടു പ്രണയിതാക്കളെ ഒന്നിച്ച് ചേർത്തല്ലോ എന്ന സമാധാനത്തിൽ ഞാൻ തിരികെ പോയി.....
"അമ്മേ നല്ല വിശപ്പുണ്ട് ചോറെടുത്തേ...."
എന്ന് പറഞ്ഞ് കൊണ്ടാണ് ഞാൻ വീട്ടിലേക്ക് കയറിയത്....
ചോറും കറികളും മേശമേലേക്ക് വയ്ക്കുമ്പോൾ അമ്മ ചോദിച്ചു
"മോനെ....നീ അറിഞ്ഞോ....
നിന്റെ ബാലൻ മാമന്റെ മകളുടെ മകൾ ഏതോ പാർട്ടികാരന്റെ കൂടെ ഒളിച്ചോടിപ്പോയി..... "
"ങേ......കുടിച്ച വെള്ളം തൊണ്ടയിൽ കുടുങ്ങി ഞാൻ ചുമച്ചു.....
എന്റെ തലയ്ക്കു മുകളിൽ തട്ടികൊണ്ട് അമ്മ തുടർന്നു...
"പോലീസ് അന്വേഷിച്ച് ചെന്നതായിരുന്നു പക്ഷേ അവർ അവിടെന്ന് എങ്ങനെയോ മുങ്ങി
ഏതോ അമ്പലത്തിൽ പോയി കല്യാണവും നടത്തി രജിസ്റ്ററും ചെയ്തിട്ടാണ് പോലീസ് സ്റ്റേഷനിൽ വന്നതെന്ന്....
പിന്നെ അവൾ പറഞ്ഞെന്ന് അവന്റെ കൂടെ പോയാൽ മതിയെന്ന്..... "
കുറച്ചു നേരം വായും തുറന്നിരുന്നു പോയ എന്നിൽ നിന്നും എല്ലാ കഥകളും കേട്ടിട്ട്.....
"എടാ മണ്ടാ....സാക്ഷി കോളത്തിൽ അല്ല.... അവളുടെ അച്ഛനെന്ന കോളത്തിൽ ആണ് ബന്ധം നോക്കിയാൽ നിന്റെ ഒപ്പ് വരേണ്ടത്.... മുറയ്ക്ക് മകളാകുന്ന പെണ്ണിന് ഒളിച്ചോട്ടത്തിന് സാക്ഷി ഒപ്പിട്ടിട്ട് വന്നിരിക്കുന്നു ബുദൂസ്...... നിനക്കിവിടെ ചോറും ഇല്ല ഒന്നുമില്ല.... "
തലയ്ക്കിട്ട് ഒരു അടിയും തന്നിട്ട് അമ്മ ചോറുമെടുത്ത് പോയി.....
"അമ്മേ.... എന്റെ കുറ്റമാണോ....നിങ്ങളൊക്കെ അല്ലേ......ഓരോരോ കാര്യങ്ങൾക്കായി വർഷങ്ങളായി പിണങ്ങിയിരിക്കുന്നത്...... വർഷങ്ങൾക്കു മുൻപ് ചെറുതിലെ കണ്ടതല്ലാതെ എനിക്ക് അവരെയൊക്കെ എങ്ങനെ അറിയാനാ..... എനിക്ക് വിശക്കുന്നു...... " ഞാൻ ഉറക്കെ ചോദിച്ചു
"പോടാ......പോ.....പോയി സദ്യ ഉണ്ണ്.......
കല്ല്യാണം നടത്തിയതല്ലേ..... "
മറുപടിയോടൊപ്പം പാത്രം തറയിൽ വീഴുന്ന ഒച്ചയും.....
എനിക്ക് മനസ്സിലായി....എവിടെയോ....
ഗുലുമാൽ.....ഗുലുമാൽ.....എന്ന പാട്ട്
ചെവിയിൽ അന്നേരം കേട്ടത് തോന്നലല്ല സത്യമായിരുന്നു.......
മുതിർന്നവർ തമ്മിലുള്ള ചെറിയ ചെറിയ സൗന്ദര്യപ്പിണക്കങ്ങളുടെ പേരിൽ അകന്നിരുന്ന് വരും തലമുറകളിലെ രക്തബന്ധങ്ങൾ
തമ്മിൽ തമ്മിൽ തിരിച്ചറിയാതെ പോകാതിരിക്കട്ടെ......
ജെ.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo