Slider

രണ്ടു സ്ത്രീകൾ

1
രണ്ടു സ്ത്രീകൾ
*****************
ആദ്യത്തെ സ്ത്രീ എണ്ണമെഴുക്കുള്ള മുടിയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ടായിരുന്നു. വില കുറഞ്ഞ കോട്ടൺ സാരി അശ്രദ്ധമായി വാരി ചുറ്റിയിരുന്നു. നെറ്റിയിലെ ചുവന്ന പൊട്ട് സ്ഥാനം മാറിയിരുന്നു. നിർവികാര ഭാവത്തോടെ അവളുടെ കണ്ണുകൾ അനന്തതയിലേക്ക് ലയിച്ചിരുന്നു.
രണ്ടാമത്തവൾ ഇറുകിയ ബനിയനും ജീൻസും ധരിച്ചവൾ. ഷാമ്പൂ മണമുള്ള മുടി ഫാനിന്റെ കാറ്റിൽ പാറിപ്പറക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ കലങ്ങിയും മൂക്കുകൾ ചുവന്നുമിരുന്നു. ഭീതിയോടെ അവൾ കാക്കിധാരികളെ വീക്ഷിച്ചു കൊണ്ടിരുന്നു.
"ഇങ്ങോട്ട് മാറി നിൽക്കെടി..." വനിതാ പോലീസിന്റെ ഗർജ്ജനത്തിൽ രണ്ടു പേരും മുഖമുയർത്തി.
"എസ് ഐ സാറിപ്പോ വരും."
ആദ്യത്തവൾ ചുവരിലെ ഘടികാര സൂചികളെ കണ്ണുകൾ കൊണ്ട് നിശ്ചലമാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. രണ്ടാമത്തവൾ വിതുമ്പുവാനും.
ബൂട്ട് ഞെരിയുന്ന ഒച്ച. മേൽ ബട്ടണുകളിൽ രണ്ടെണ്ണം വിടർത്തിയിട്ട കാക്കിധാരി അകത്തേക്ക് കടന്നു വന്നു.
രണ്ടു സ്ത്രീകളേയും അയാളുടെ കണ്ണുകൾ ആപാദചൂഡം വിലയിരുത്താൻ നോക്കി.
ഇറുകിയ ബനിയനുള്ളിൽ രണ്ടാമത്തവളുടെ മാറിടങ്ങൾ ഉയർന്നു താഴുന്നത് വ്യക്തമായിരുന്നു. ഒതുങ്ങിയ അരക്കെട്ടും കടന്നു അഴകളവുകൾ സ്വന്തമാക്കിയ അവളുടെ ശരീരത്തിലൂടെ അയാളുടെ കണ്ണുകൾ മേഞ്ഞു നടന്നു.
ആദ്യത്തവളുടെ വാരിചുറ്റിയ സാരിക്കുള്ളിലെ അളവുകൾ അയാളുടെ കണ്ണുകൾക്ക് അപ്രാപ്യമായിരുന്നു.
"എത്രയാടി ഇന്നത്തെ കളക്ഷൻ?" വിടച്ചിരിയോടെ അയാളാരാഞ്ഞു.
രണ്ടാമത്തവളുടെ മുഴച്ചു നിന്ന ജീൻസ്‌ പോക്കറ്റിലേക്ക് അയാളുടെ വിരലുകൾ നീണ്ടു. 500 ന്റെ ഒരു കെട്ട് നോട്ടുകൾ.
"കൊള്ളാമല്ലോടി... നീ ഈ ഏരിയയിൽ പുതിയതാണോടി... കണ്ടിട്ടില്ലല്ലോ." വഷളച്ചിരിയോടെ അയാളൊന്നു മീശ പിരിച്ചു.
"സാർ... അത് മുഴുവനെടുത്തോളു. എന്നെ വെറുതെ വിടണം." കരഞ്ഞു കൊണ്ട് കാൽക്കലേക്ക് വീണ അവളുടെ പുറംവടിവ് നോക്കി അയാളൊന്നു വെള്ളമിറക്കി.
"അഡ്രസ്സും ഫോൺ നമ്പറും എഴുതി കൊടുത്തിട്ട് പോടീ."
കോളേജിൽ പഠിക്കുന്നതാണെന്നു വ്യക്തം. പണമുണ്ടാക്കാൻ ഇറങ്ങി തിരിച്ചതാണ്. ആർഭാടത്തിന്. അച്ഛനെയും അമ്മയേയും വിളിക്കാൻ അറിയാഞ്ഞിട്ടല്ല. കയ്യിലെ നോട്ടുകെട്ട് അതിനു സമ്മതിക്കുന്നില്ല.
ആദ്യത്തവൾ അപ്പോഴും ഘടികാര സൂചികൾക്കൊപ്പം കണ്ണുകളെ മേച്ചു കൊണ്ടിരുന്നു.
" എവിടെടി നിന്റെ കളക്ഷൻ?"
നിർവികാരയായി കയ്യിൽ ചുരുട്ടി വെച്ച 100 ന്റെ നോട്ടുകൾ അവൾ അയാൾക്ക്‌ നേരെ നീട്ടി. അയാളത് വാങ്ങി എണ്ണി നോക്കി. നൂറിന്റെ മൂന്നു നോട്ടുകൾ മാത്രം.
"മുന്നൂറു ഉലുവ... ത്ഫൂ... " അയാൾ പുച്ഛത്തോടെ കാർക്കിച്ചു തുപ്പി.
തുപ്പലേൽക്കാതിരിക്കാൻ എന്ന പോലെ അവൾ മുഖം പെട്ടെന്ന് ഇടതു വശത്തേക്ക് ചെരിച്ചു. വലതു കഴുത്തിൽ ചെറിയ കാക്കപുള്ളി. വാടിയ മുല്ലപ്പൂക്കൾ കഴുത്തിലെ വിയർപ്പിനെ ചുംബിച്ചെടുക്കാൻ തുടങ്ങുന്നു.
കാശില്ലെങ്കിലും ഒട്ടും മോശമല്ല. അയാളവളെ വിലയിരുത്തി.
"സെല്ലിലോട്ട് കേറെടി. ബാക്കി നോട്ടുകൾ ഞാൻ തിരഞ്ഞു കണ്ടു പിടിച്ചോളാം."
അയാളുടെ ആജ്ഞ കേട്ട് അവൾ പതിയെ അകത്ത് കയറി. അയാളടുത്തു വരുന്ന ശബ്ദം കേൾക്കാം. കണ്ണുകളടച്ചു ശ്വാസം ഉള്ളിലേക്കെടുത്ത് അവൾ അനക്കമറ്റ് നിന്നു.
"സാരി മാറ്റെടി."
അയാളുടെ ആജ്ഞക്കൊത്ത് അവളുടെ കൈകൾ യാന്ത്രികമായി ചുമലിലേക്ക് നീണ്ടു. സാരിത്തലപ്പ് ഊർന്നു വീണു. അവളുടെ നനഞ്ഞു തുടങ്ങിയ ബ്ലൗസിന്റെ മുൻഭാഗം അയാളെ അസ്വസ്ഥനാക്കി. ഉള്ളിലെവിടെയോ ഒരു കുഞ്ഞിന്റെ നീറ്റൽ.
" വേഗമാവട്ടെ സാറേ. എന്റെ കുഞ്ഞിന് വിശക്കുന്നുണ്ടാകും. സുഖമില്ലാതിരിക്കാ അവനു."
അവൾ തിരക്ക് കൂട്ടവേ അയാൾ തിരിഞ്ഞു നടന്നു. മേശമേൽ കൈകളൂന്നി തല കുമ്പിട്ട് നിൽക്കവേ അവൾ മുരടനക്കി.
"സാർ... ഞാൻ.. "
"ആ പൊക്കോളൂ... പോകുമ്പോൾ ഇത് കൂടി കൊണ്ട് പൊക്കോളൂ."
ചുരുട്ടി കൂട്ടിയ നൂറു രൂപാ നോട്ടുകൾക്കൊപ്പം അഞ്ഞൂറിന്റെ കെട്ടും അയാൾ നീക്കി വെച്ചു.
പുറകിൽ കാലൊച്ച അകന്നു പോവുന്നത് കേൾക്കാം. അയാൾ തിരിഞ്ഞു നോക്കി. അവളില്ല. മേശമേൽ അഞ്ഞൂറിന്റെ നോട്ടുകെട്ട് അതുപോലെ തന്നെയിരിക്കുന്നു. അവൾ മുന്നൂറു രൂപ മാത്രമാണെടുത്തിരിക്കുന്നത്. നോട്ടുകെട്ടെടുത്ത് അയാൾ പുറത്തേക്കോടി.
പുറത്തു മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. നിഴലുകൾ മഴയിൽ നനഞ്ഞു കുതിരാൻ തുടങ്ങിയിരിക്കുന്നു.
കൈകൾക്കുള്ളിൽ നോട്ട് കെട്ട് ഞെരിഞ്ഞമരാൻ തുടങ്ങി. അപകർഷതയിൽ അയാൾ ഉരുകാൻ തുടങ്ങിയിരുന്നു.
കുനിഞ്ഞ ശിരസ്സോടെ അയാൾ കസേരയിലേക്കമരുമ്പോൾ മഴയിൽ ലയിച്ചൊരു കണ്ണുനീർത്തുള്ളി പോലെ അവൾ വീട് ലക്ഷ്യമാക്കി നടന്നു.
*******
Ritu
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo