Slider

അപരിചിതര്‍

0
അപരിചിതര്‍
നീണ്ട നിശബ്ദതയ്ക്ക് വിരാമം ഇടുവാനെന്നൊണം ജീവന്‍ മീരയോട്‌ പറഞ്ഞു
“ഇങ്ങനെ മിണ്ടാതിരുന്നതുകൊണ്ട് എന്താണ് കാര്യം മീരാ ?......അയാള്‍ വെറുമൊരു ഡോക്ടറല്ലേ അല്ലാതെ ദൈവമല്ലല്ലോ ?....നമ്മുക്ക് വേറൊരു ഡോക്ടറെ കാണാം “. മീര ജീവനെ രൂക്ഷമായൊന്നു നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല .അവരുടെ കാര്‍ വീടിന്‍റെ കോമ്പൗണ്ടിലൂടെ കടന്നുപോയി പോര്‍ച്ചില്‍ വന്നു നിന്നു .
----------------------------------------
ആറുമാസങ്ങള്‍ക്ക് ശേഷം ഒരു രാത്രി
“എന്ത് ബോറ് സീരിയല്‍ ആണ് മീര ഇത് “ മീരയുടെ കയ്യില്‍ നിന്ന് റിമോട്ട് തട്ടിപ്പറിച്ചു കൊണ്ട് ജീവന്‍ ചോദിച്ചു
“പ്ലീസ് ജീവന്‍ ചാനല്‍ മാറ്റരുത് ...അമൃതയുടെ കൊച്ചിന്‍റെ അച്ഛന്‍ ആരാന്നു ഇപ്പൊ പറയും “
“ആഹാ അത് ഇതുവരെയും പറഞ്ഞട്ടില്ലേ …..കഴിഞ്ഞ ആഴ്ചയും നീ എന്‍റെ കയ്യില്‍ നിന്ന് റിമോട്ട് വാങ്ങിച്ചപ്പോഴും ഇത് തന്നെയല്ലേ പറഞ്ഞത് ?..... ഇപ്പൊ അമൃതയുടെ കൊച്ചിന്‍റെ അച്ഛന്‍ ആരാന്നു പറയുമെന്ന് …..അത് അടുത്തൊന്നും പറയാന്‍ പോകുന്നില്ല മീര ...ഒരു കൊല്ലം ആയാലും കൊച്ചിന്‍റെ അച്ഛനെ കുറിച്ച് പറയാതെ ഈ സീരിയല്‍ ഇവിടെ തന്നെ കാണും...ഞാന്‍ ന്യൂസ്‌ കാണട്ടെ “ ജീവന്‍ സീരിയല്‍ മാറ്റി ന്യൂസ്‌ ചാനല്‍ വെച്ചു
“നാടിനെ നടുക്കിയ ദമ്പതികളുടെ കൊലപാതകം തെളിവുകള്‍ ഒന്നും ലഭിക്കാതെ പോലീസ് ...കഴിഞ്ഞ ആഴ്ചയിലാണ് ദമ്പതികളെ മരിച്ച നിലയില്‍ വീടിനകത്ത് നിന്ന് കണ്ടത് .pipe wrench പോലെയുള്ള ആയുധം കൊണ്ട് തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണത്തിന് കാരണം എന്ന് പോലീസ് സ്ഥിരികരിച്ചു ...കുറ്റവാളികളെ ഇതുവരെയും പോലീസിന് പിടികൂടാനായിട്ടില്ല “ വാര്‍ത്ത‍ വായിക്കുന്നവന്‍ തന്‍റെ സ്ഥായിയായ ഭാവത്തില്‍ വായിക്കുന്നതിനിടയില്‍ മീര ജീവനോട് ചാനല്‍ മാറ്റാന്‍ ആവശ്യപ്പെട്ടു
“എന്‍റെ പൊന്ന് ജീവെട്ടാ ആ വാര്‍ത്ത‍ ദയവു ചെയ്ത് ഒന്ന് മാറ്റ് ...കേള്‍ക്കുമ്പോള്‍ തന്നെ പേടിയാവുന്നു ….ആ സീരിയല്‍ ഒന്നുവെച്ചേ അമൃതയുടെ കൊച്ചിന്‍റെ അച്ഛന്‍ ആരാണ് ഇപ്പൊ പറയും “
“നീ ഇത് കണ്ടോ മീര ...എന്ത് ക്രൂരമായ കൊലപാതകം ...തലയില്‍ അടിച്ച് കൊന്നതിന് ശേഷം കവര്‍ച്ച...അതും മരിച്ചവരുടെ വിവാഹം കഴിഞ്ഞ് അധികമായിട്ടല്ലത്രേ ….പോലീസിന് ഇതുവരെയും കൊലയാളികളെ കണ്ടത്താനായിട്ടിലെന്ന് “
“ജീവേട്ടന്‍ ഒന്ന് മാറ്റുന്നുണ്ടോ ഈ ന്യൂസ്‌ “ മീര കുറച്ച് ദേഷ്യത്തോടെ ചോദിച്ചു
“ഇവളെ കൊണ്ട് തോറ്റല്ലോ ….ഇന്നാ പിടിയ്ക്ക് ….വേഗം വെയ്ക്ക് അല്ലെങ്കില്‍ അമൃത ഇപ്പോ പ്രസവിക്കും “ മീരയുടെ കയ്യിലേയ്ക്ക് റിമോട്ട് കൊടുത്ത് കൊണ്ട് ജീവന്‍ കുടിയ്ക്കാനായി വെള്ളമെടുക്കാന്‍ ഫ്രിഡ്ജിന്‍റെ അടുത്തേക്ക് നടന്നു .തിരിച്ച് വന്നപ്പോള്‍ ജനലരികില്‍ പുറത്തോട്ട് നോക്കി നില്‍ക്കുന്ന മീരയെയാണ് ജീവന്‍ കാണുന്നത്
“എന്തെ സീരിയല്‍ കാണുന്നില്ലേ ….അതോ അമൃതയുടെ കൊച്ചിന്‍റെ അച്ഛന്‍ ആരാണെന്ന് പറഞ്ഞോ ?”
“ജീവേട്ടാ ഞാന്‍ അവിടെ ഒരാളെ കണ്ടു “ മീരയുടെ മുഖത്ത് ഭയം പരക്കുന്നത് ജീവന്‍ ശ്രദ്ധിച്ചു
 “എവിടെ …...നോക്കട്ടെ ….നിനക്ക് തോന്നിയതാകും മീര ….നീ ആ ടോര്‍ച്ച് എടുത്തേ “ ജീവന്‍ ടോര്‍ച്ചുമായി പുറത്തെക്കിറങ്ങി മീരയും ജീവനെ അനുഗമിച്ചു .മീര പറഞ്ഞ സ്ഥലത്തൊക്കെ ജീവന്‍ ടോര്‍ച്ച് അടിച്ചു നോക്കി
“നിനക്ക് തോന്നിയതാകും മീര ...ഇവിടെങ്ങും ആരുമില്ല “
“ഇല്ല ജീവേട്ടാ ഞാന്‍ കണ്ടതാ “ മീര ഉറപ്പിച്ചു പറഞ്ഞു .ജീവന്‍ വീണ്ടും ടോര്‍ച്ച് അടിച്ചുനോക്കി
“ഇവിടെയൊന്നും ആരുമില്ല മീര ….നീ വന്നേ മീര ….. മനുഷ്യനെ മെനക്കെടുത്താനായിട്ട് “ ജീവന്‍ കുറച്ച് ദേഷ്യപ്പെട്ട് വീടിന് അകത്തേക്ക്‌ കയറി .മീര അപ്പോഴും അവിടെ തന്നെ നിന്ന് കണ്ടയാളെ തിരയുകയായിരുന്നു
“അവിടെയൊന്നും ആരുമില്ല പെണ്ണെ ….വന്ന് കിടക്കാന്‍ നോക്ക് “ ജീവന്‍ പുറത്ത് വന്ന് മീരയോട് പറഞ്ഞു .ഭയത്തോടെയുള്ള മീരയുടെ നില്‍പ്പ് കണ്ടിട്ട് അവളെ സമാധാനിപ്പിക്കും വിധത്തില്‍ ജീവന്‍ തുടര്‍ന്നു
“ആരുമില്ലന്നെ ….അവിടെയൊക്കെ നോക്കിയതല്ലേ “ .മീര ഒന്നുകൂടി അവിടെയൊക്കെ നോക്കിയശേഷം വീടിന് അകത്തേയ്ക്ക് കയറി .
“ഞാന്‍ കണ്ടതാ ജീവേട്ടാ “
“ഉവ്വ് ….നിനക്ക് തോന്നിയതാകും ...എനിയ്ക്ക് ഉറക്കം വരുന്നു ...കിടക്കാന്‍ നോക്ക് “. മനസ്സില്‍ ചെറിയൊരു ഭയം ഉണ്ടെങ്കിലും ജീവനെ അനുസരിച്ച് മീരയും കിടന്നു.പുറത്ത് അയാളെ കണ്ടത് തോന്നലാണോ സത്യമാണോ എന്നൊക്കെ ആലോചിച്ച് എപ്പോഴോ മീര ഉറങ്ങിയ പിന്നിട് എപ്പോഴോ ഒരു ശബ്ദംകേട്ട് പെട്ടന്ന് എഴുന്നേല്‍ക്കുകയായിരുന്നു .
“തോന്നിയതായിരുന്നോ ? അതോ സ്വപ്നമായിരുന്നോ ? “ അവള്‍ വീണ്ടും ആ ശബ്ദത്തിനായി ചെവികൂര്‍പ്പിച്ചു .
“ഇല്ല …..തോന്നിയതാകും “ അവള്‍ വീണ്ടും കിടന്നു .ഒരു രണ്ട് നിമിഷം കഴിഞ്ഞില്ല ആ ശബ്ദംകേട്ട് അവള്‍ വീണ്ടും എഴുന്നേറ്റു .
“അതെ ...സ്വപ്നമോ തോന്നലോ അല്ല “ അവള്‍ ശബ്ദത്തിന്‍റെ ഉറവിടത്തിനായി കാതോര്‍ത്തു
“ടെറസ്സില്‍ നിന്നാണല്ലോ...ആരാ ഈ നേരത്ത് ടെറസ്സില്‍ ? “ ആ ശബ്ദം നിന്നു .രണ്ട് നിമിഷത്തിന് ശേഷം വീണ്ടും ആ ശബ്ദം .മീര പതിയെ ജീവനെ തോണ്ടി വിളിച്ചു .പതിയെ ശബ്ദം താഴ്ത്തി
“ജീവേട്ടാ …..ജീവേട്ടാ ….ഒന്ന് എഴുന്നെറ്റെ “ കണ്ണുകള്‍ തിരുമ്മിക്കൊണ്ട് ജീവന്‍ എഴുന്നേറ്റു
“എന്താടി നിനക്ക് ഉറക്കമ്മില്ലേ “ ഉറക്കമത്ത് വിടാതെ ജീവന്‍ ചോദിച്ചു
“ശ്ശ് ...പതിയെ ….ടെറസ്സില്‍ ആരോ ഉണ്ട് ….ടെറസ്സില്‍ നടക്കുന്ന ശബ്ദം “
“ഇവളെ കൊണ്ട് തോറ്റുപോയല്ലോ ദൈവമേ “ ജീവനും മീര പറഞ്ഞ ശബ്ദത്തിന് ചെവികൂര്‍പ്പിച്ചു .ടെറസ്സില്‍ കാല്‍പ്പെരുമാറ്റത്തിന്‍റെ ആവൃത്തിയും വേഗവും കൂടിവരുന്നത് അവര്‍ അറിഞ്ഞു
“ജീവേട്ടാ എനിയ്ക്ക് പേടിയാവുന്നു “ മീര ജീവന്‍റെ കയ്യില്‍ കയറി പിടിച്ചുകൊണ്ടു പറഞ്ഞു .പെട്ടന്ന്‍ ആ ശബ്ദം നിന്നു ജീവനും മീരയും കട്ടിലില്‍നിന്നും എഴുന്നേറ്റു പുറത്തേക്കായി നടന്നു .പെട്ടന്ന്‍ മുന്‍വശത്തെ ഡോറില്‍ ആരോ ശക്തമായി തട്ടി
മീര ജീവന്‍റെ കൈ മുറുക്കി പിടിച്ചു .മുന്നിലെ ഡോറില്‍ വീണ്ടും ആരോ തട്ടി .പിന്നെ പിന്നെ ഡോറില്‍ ആരോ ഇടിക്കുന്ന പോലെയായി.ജീവന്‍ പതിയെ ഡോറിന് അടുത്തേയ്ക്ക് നടന്നു
“അങ്ങോട്ട്‌ പോകണ്ട ജീവേട്ടാ .. ….. എനിയ്ക്ക് പേടിയാവുന്നു “ ജീവനെ പിന്നിലേയ്ക്ക് പിടിച്ചു വലിച്ചു കൊണ്ട് മീര പറഞ്ഞു
 “ഒന്നുമില്ല മീര …..ഭയക്കാതെ ഇരിയ്ക്കു ...ഞാന്‍ പോയി നോക്കട്ടെ “ ജീവന്‍ പതിയെ ഡോറിലേയ്ക്ക് നടന്നു .ലോക്കില്‍ തൊട്ടതും ആ ശബ്ദം നിന്നു .മീര ദീര്‍ഘമായി നിശ്വസിച്ചു .പെട്ടന്ന്‍ പിറകിലെ വാതില്‍ ആരോ തട്ടുന്ന ശബ്ദം .
“ജീവേട്ടാ……. “ മീര നിലവിളിച്ചുകൊണ്ട് ജീവന്‍റെ അരികിലേക്ക് ഓടി .പിറകിലെ വാതില്‍ പൊളിയും വിധത്തില്‍ ആരോ വാതിലില്‍ ഇടിക്കുകയാണ്
“നമ്മുക്ക് ആരെയെങ്കിലും സഹായത്തിന് വിളിക്കാം ജീവേട്ടാ “ മീര ഫോണ്‍ എടുത്ത് ഏതോ നമ്പര്‍ ഡയല്‍ ചെയ്തു
“ഫോണ്‍ ഡിസ്കണക്കറ്റ് ആയി കിടക്കുകയാണ് ജീവേട്ടാ “
“നീ എന്നാ മൊബൈല്‍ഫോണ്‍ എടുക്ക് “ മീര മൊബൈല്‍ഫോണ്‍ എടുത്തെങ്കിലും
“മൊബൈലില്‍ ചാര്‍ജില്ല ജീവേട്ടാ “ ഒരു നിലവിളിയോടെയാണ് മീര അത് പറഞ്ഞത്
“മീര നീ പേടിയ്ക്കാതെ “ ജീവന്‍ മീരയെ ചേര്‍ത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.രണ്ടുപേരും പതിയെ പിറകിലെ ഡോറിലെയ്ക്ക് നടന്നു .അപ്പോഴേക്കും പിറകിലെ ഡോറിലെ ശബ്ദം നിന്നു .
“ഞാന്‍ പുറത്തിറങ്ങി നോക്കാം ...നീ ഇവിടെ നില്‍ക്ക് “
“വേണ്ട ജീവേട്ടാ ...നമ്മള്‍ ടിവിയില്‍ കണ്ടില്ലേ ...തലയ്ക്ക് അടിച്ചു മോഷണം നടത്തുന്ന സംഘം ആയിരിക്കും “ പുറത്തേയ്ക്ക് ഇറങ്ങാന്‍ നിന്നിരുന്ന ജീവനെ പിടിച്ചു നിറുത്തി മീര .ജീവന്‍ ഡോറിലെ പീപ്ഹോളിലൂടെ പുറത്തേക്ക് നോക്കി
“ആരെയും കാണുന്നില്ലല്ലോ “ മീരയും എത്തിച്ചു നോക്കി അതിലൂടെ .നോക്കിയതും ഒരു അലര്‍ച്ചയായിരുന്നു മീര
“ജീവേട്ടാ ……” അലര്‍ച്ച ഒരു കരച്ചിലായി പിന്നെ
“ജീവേട്ടാ അവിടെ “
“അവിടെ “
“അവിടെ ഒരാള്‍ …...കറുത്ത വസ്ത്രത്തില്‍ ഒരു മൊട്ടത്തലയന്‍ “ മീര എങ്ങനെയൊക്കെയോ പറഞ്ഞവസാനിപ്പിച്ചു .ജീവന്‍ വീണ്ടും എത്തിച്ചു നോക്കി.
“ആരുമില്ല മീര “
“ഉണ്ട് ജീവേട്ടാ ...ഉണ്ട് ..ഞാന്‍ കണ്ടതാ ….കറുത്ത വസ്ത്രത്തില്‍ ഒരു മൊട്ടത്തലയന്‍” മീരയുടെ മിഴികളില്‍ നിന്ന് അണക്കെട്ട് ഒഴുകും വിധം വെള്ളം ചാടിയിറങ്ങി .അവളുടെ കണ്ണുകള്‍ തുടച്ചുകൊണ്ട് ജീവന്‍ അവളോട്‌ പറഞ്ഞു
“ഹേയ് ….ഹേയ് ...നോക്ക് ….എന്‍റെ കണ്ണിലെയ്ക്ക് നോക്ക് ….അന്ന് നിന്നെ നിന്‍റെ വീട്ടുക്കാര്‍ കാണാതെ നിന്നെ വിളിച്ചിറക്കി കൊണ്ട് വന്ന ആ രാത്രി ഞാന്‍ പറഞ്ഞത് നീ മറന്നോ …. ജീവിക്കുന്നുവെങ്കില്‍ ഒരുമ്മിച്ച് മരിക്കുന്നെങ്കില്‍ അപ്പോഴും ഒരുമ്മിച്ചു “ മീരയുടെ നെറ്റിയിലൊന്ന് ചുംബിച്ച് ജീവന്‍ പറഞ്ഞു നിറുത്തി .പെട്ടന്ന്‍ വീടിന്‍റെ ചുറ്റും ആരൊക്കെയോ ഓടുന്ന ശബ്ദംകേട്ട് ജീവന്‍ മിണ്ടല്ലെ എന്ന് ആഗ്യം കാട്ടി .
“ഞാന്‍ അടുക്കളയില്‍ പോയി കത്തിയെടുത്ത് വരാം ….വീടിനകത്ത് അവര്‍ കയറിയാല്‍ ജീവനോടെ തിരിച്ച് പോകില്ല …..നീ ഭയപ്പെടാതിരിയ്ക്ക് മീര “.ജീവന്‍ അടുക്കളയിലേയ്ക്ക് നടന്നതും കറന്റ്‌ പോയതും ഒരിമ്മിച്ചായിരുന്നു .മീര ജീവന്‍റെ കൈകളില്‍ കയറിപ്പിടച്ചു പോകണ്ട എന്ന് പറഞ്ഞു .ജീവന്‍ അത് കേള്‍ക്കാതെ അടുക്കളയിലേയ്ക്ക് നടന്നു .ഷെല്‍ഫ് തുറന്ന് നീണ്ട ഒരു കത്തിയെടുത്തു
“എമര്‍ജന്‍സി ലൈറ്റ് കത്തിയ്ക്ക് മീരാ “ മീര ഇവിടെ നിന്നോ എമര്‍ജന്‍സി ലൈറ്റ് എടുത്തു വന്നു കത്തിച്ചു അപ്പോഴേക്കും .വീണ്ടും മുന്നിലെ ഡോറില്‍ ആരോ ഇടിയ്ക്കാന്‍ തുടങ്ങി .ജീവനും മീരയും മുന്‍വശത്തെ ഡോറിലേയ്ക്ക് നടന്നു .ജീവന്‍ കൈയിലെ കത്തി മുറുക്കിപ്പിടിച്ചു .ഒരു നിമിഷം ഡോറില്‍ ഇടിയ്ക്കുന്ന ശബ്ദം നിലച്ചു .
“ശ്ശ് ….ഞാന്‍ ഡോര്‍ തുറക്കാന്‍ പോവുകയാണ് “ ജീവന്‍ മീരയുടെ കാതില്‍ മന്ത്രിച്ചു .ജീവന്‍ ഉച്ചയുണ്ടാക്കാതെ ഡോറിലെയ്ക്ക് നടന്നു .പെട്ടന്ന്‍ കോടാലി പോലെയുള്ള ഒരായുധം ഡോര്‍ തുളച്ചു കൊണ്ട് അകത്തേക്ക്‌ വന്നു .ഈ പ്രാവശ്യം ജീവനും ഭയന്നു .വീണ്ടും വീണ്ടും ആ ആയുധം ഡോറിലൂടെ തുളഞ്ഞു കയറി
“മീര വാ “ ജീവന്‍ മീരയുടെ കൈ പിടിച്ചുകൊണ്ട് ബെഡ് റൂമിലേയ്ക്ക് ഓടി .
“കതക് അടയ്ക്ക് മീര ….ഇനി ഈ കട്ടില്‍ വലിയ്ക്ക്‌ ...ഡോറിന് തടസ്സമാക്കിയിടണം “ മീര അപ്പോള്‍ വായ കൈകള്‍ കൊണ്ട് പൊത്തിപ്പിടിച്ചു കരയുകയായിരുന്നു
“ഹേയ് …..പേടിയ്ക്കാതെ ...ഞാന്‍ ഇല്ലേ നിന്‍റെ കൂടെ മീരാ “.മീര ജീവന്‍റെ നെഞ്ചില്‍ പതിയെ തല വെച്ചു .അവളുടെ മുടിയിഴയില്‍ തടവി കൊണ്ട് അവന്‍ പറഞ്ഞു
“പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ മീര ...ജീവിക്കുന്നുവെങ്കില്‍ ഒരിമ്മിച്ചു ...ഇനി മരിക്കുകയാണെങ്കില്‍ അപ്പോഴും ഒരിമ്മിച്ചു ...മരണത്തിന് അല്ലാതെ വേറെ ഒരാള്‍ക്കും നമ്മളെ പിരിയ്ക്കാനവില്ല മീര “ .കത്തിയുടെ പിടിത്തം വീണ്ടും ശക്തമാക്കി ജീവന്‍ .കോടാലി കൊണ്ട് വാതില്‍ തകര്‍ന്നത് ജീവനും മീരയും മനസ്സിലാക്കി .വീടിനകത്ത് കുറച്ചുപേരുടെ കാല്‍പ്പെരുമാറ്റവും ചെറിയ ശബ്ദത്തില്‍ ഉള്ള സംസാരവും അവര്‍ കേട്ടു .ഇത്ര ശ്രമിച്ചിട്ടും അവര്‍ സംസാരിക്കുന്നത് എന്താണെന്ന് ജീവനും മീരയ്ക്കും മനസ്സിലായില്ല .കുറച്ച് നേരം അങ്ങനെ കടന്നുപോയി .കാല്‍പ്പെരുമാറ്റവും സംസാരം നിന്നപ്പോള്‍ ജീവന്‍ മീരയോട്‌ കട്ടില്‍ നീക്കാന്‍ ആവശ്യപ്പെട്ടു .അവര്‍ ശബ്ദം ഉണ്ടാക്കാതെ കട്ടില്‍ പതിയെ ഉന്തി നീക്കി .കൈയില്‍ വീണ്ടും കത്തിയെടുത്ത ശേഷം പതിയെ ജീവന്‍ മുന്നിലേ ഡോറിലെയ്ക്ക് നടന്നു മീര ജീവന്‍റെ പിന്നിലും .ഹോള്‍ കടന്ന് ഡോറിലെയ്ക്ക് നടക്കുമ്പോള്‍ കറന്റ്‌ വന്നു ലൈറ്റുകള്‍ വീണ്ടും കത്തി
“ഹലോ ജീവന്‍ ...ഹായ് മീര “ ജീവന്‍ ശബ്ദം കേട്ട ദിക്കിലേയ്ക്ക് നോക്കി അതാ മീര പറഞ്ഞ മൊട്ടത്തലയന്‍ കൈയ്യില്‍ ഒരു ന്യൂസ്‌ പേപ്പര്‍ പിടിച്ചുകൊണ്ട് അതിലേയ്ക്ക് കണ്ണുംനട്ടിരിക്കുന്നു .അയാള്‍ വീണ്ടും അവരോട്
“ഹലോ ജീവന്‍ ….ഹായ് മീര “
“ആരാ നിങ്ങള്‍ ….എന്താ വേണ്ടത് നിങ്ങള്‍ക്ക് ? “ കത്തി അയാളുടെ അടുത്തേക്ക് അടുപ്പിച്ചു കൊണ്ട് ജീവന്‍ ചോദിച്ചു .പെട്ടന്ന് കറുത്ത വസ്ത്രങ്ങള്‍ ധരിച്ച വേറെ രണ്ടുപേര്‍ ഇരുവശത്തും വന്നു അവരെ ബ്ലോക്ക്‌ ചെയ്തു .ജീവന്‍ തുടര്‍ന്നു
“ആരാ നിങ്ങള്‍ …..നിങ്ങള്‍ക്ക് എന്താ ഞങ്ങളുടെ വീട്ടില്‍ കാര്യം “ അയാള്‍ ആ ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു
“നിങ്ങള്‍ക്ക് എന്താ ഈ ലോകത്തില്‍ കാര്യം “
“എന്ത് ? മനസ്സിലായില്ല “
“മനസ്സിലാക്കി തരാം “ അയാള്‍ കൈയിലെ ന്യൂസ്‌പേപ്പര്‍ ജീവന് കൊടുത്തു .ജീവന്‍ ആ പേപ്പറിലെയ്ക്ക് നോക്കി .ജീവന്‍റെയും മീരയുടെയും മുഖം അതില്‍
“ഒന്ന് ഓര്‍ത്ത് നോക്കു ...എന്താണ് ആറു മാസങ്ങള്‍ക്ക് മുന്‍പ് ഈ വീട്ടില്‍ നടന്നത് “

ആറുമാസങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം
“ഇങ്ങനെ മിണ്ടാതിരുന്നതുകൊണ്ട് എന്താണ് കാര്യം മീരാ ?......അയാള്‍ വെറുമൊരു ഡോക്ടറല്ലേ അല്ലാതെ ദൈവമല്ലല്ലോ ?....നമ്മുക്ക് വേറൊരു ഡോക്ടറെ കാണാം “. മീര ജീവനെ രൂക്ഷമായൊന്നു നോക്കിയതലാതെ മറുപടി പറഞ്ഞില്ല .അവരുടെ കാര്‍ വീടിന്‍റെ കോമ്പൗണ്ടിലൂടെ കടന്നുപോയി പോര്‍ച്ചില്‍ വന്നു നിന്നു.കാര്‍ നിറുത്തിയപ്പാടെ വേഗത്തില്‍ ഡോര്‍ തുറന്ന് മീര വീടിന് അകത്തേക്ക്‌ കയറി
“മീര ….നമ്മുക്ക് വേറൊരു ഡോക്ടറെ കാണാം “ ജീവന്‍ മീരയെ സമാധാനിപ്പിക്കാനെന്ന പോലെ അവളുടെ അടുത്തേക്ക് നടന്നു
“അത് കൊണ്ട് കാര്യം ഉണ്ടോ ജീവേട്ടാ ? “
“അത് ...നീ എന്താ അങ്ങനെ ചോദിച്ചേ ….ഒരു അര്‍ത്ഥംവെച്ചുള്ള ചോദ്യം ? “
“സത്യമല്ലേ …..എനിയ്ക്കൊരു കുഞ്ഞിനെ തരാന്‍ ജീവേട്ടന് കഴിയോ ? “.ഒരു നിമിഷം ജീവന്‍ നിശബ്ദനായി
“ശരിയാണ് മീര ….നീ പറഞ്ഞത് ശരിയാണ് എനിയ്ക്കാകില്ല ….എനിയ്ക്ക് നീയും നിനക്കും ഞാനും മാത്രം പോരേ മീര ? “
“എനിയ്ക്ക് മടുത്തു ജീവേട്ടാ ….മടുത്തു ...വിവാഹം കഴിഞ്ഞു നാല് കൊല്ലമായി ….ആളുകളുടെ ചോദ്യമാണെങ്കില്‍ വേറെ ….ജീവേട്ടനെ ഞാന്‍ തെറ്റ് പറയുന്നില്ല ..ഇനിയും ഇവിടെ നിന്നാല്‍ എനിയ്ക്ക് ഭ്രാന്ത് പിടയ്ക്കും ജീവേട്ടാ ...ചെന്നൈയില്‍ ഒരു ജോലി ശരിയായിട്ടുണ്ട് ഞാന്‍ പോവുകയാണ് ...എന്നെ തടയരുത് “
“മീര പ്ലീസ് ….ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ ഇപ്പോ എന്താണ് കാരണം ? ...പ്ലീസ് നീ പോകരുത് “.മീര അവളുടെ ബാഗിലെയ്ക്ക് വസ്ത്രങ്ങള്‍ ഇറക്കി വെക്കുന്നതിനിടയില്‍ അവളുടെ കൈകള്‍ പിടിച്ച് ഒരു യാചന പോലെ ജീവന്‍ ചോദിച്ചു
“തടയരുത് ജീവേട്ടാ ...ഞാന്‍ പോവും “
“നീ ചെന്നയിലേക്ക് തന്നെ ആണോ ? അതോ കുട്ടിയുണ്ടാവനായി വേറെ ആരുടെയെങ്കിലും അടുത്തെയ്ക്കോ ? “.മീര ജീവനേ തറപ്പിച്ചു നോക്കി
“ഇത്രക്കും ചീപ്പ് ആണോ ജീവേട്ടന്‍ ...ഛെ ...അതോ സ്വന്തം പുരുഷത്തെ ചോദ്യം ചെയ്തതിലുള്ള അമര്‍ഷമോ ? “
“എന്ത് പറഞ്ഞടി “ ജീവന്‍റെ കൈകള്‍ മീരയുടെ കവിളത്ത് ആഞ്ഞു പതിച്ചു .മീര തെറിച്ചു വീണു .തല ചെന്നിടിച്ചത് കൂര്‍ത്ത് നില്‍ക്കുന്ന മേശയുടെ അറ്റത്തായിരുന്നു .അതില്‍ എല്ലാം കഴിയുകയായിരുന്നു
“മീരാ “ ജീവന്‍ ഉറക്കെ നിലവിളിച്ചു
ജീവന്‍റെ കൈയിലെ പേപ്പര്‍ താഴേയ്ക്ക് വീണു .ജീവന്‍റെയും മീരയുടെയും ഫോട്ടോ പതിച്ച പത്ര വാര്‍ത്ത ഇങ്ങനെ ആയിരുന്നു .”ഭാര്യയെ കൊലചെയ്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു “.ജീവന്‍ തന്‍റെ കഴുത്തിലെ വെളുത്ത കയറില്‍ തൊട്ടുനോക്കി .അപ്പുറത്ത് ചോരയില്‍ കുളിച്ച് നില്‍ക്കുന്ന മീര
“എന്തിന് ജീവേട്ടാ “ അവള്‍ കരഞ്ഞുകൊണ്ട്‌ ചോദിച്ചു .മൊട്ടത്തലയന്‍ അവരുടെ അടുത്തേയ്ക്ക് നടന്നു വന്നു
“എന്നെ പരിചയപ്പെടുത്താം …..ഞാന്‍ ഗിരിനന്ദന്‍ ...പരാനോര്‍മല്‍ എക്സ്പേര്‍ട്ട് എന്നോ ghost hunter എന്നൊക്കെ പലരും വിളിക്കും ….ഇതൊരു haunted place ആണെന്ന് ഇവിടുത്തെ നാട്ടുക്കാരില്‍ നിന്നറിഞ്ഞു ….പകല് പോലും നാട്ടുക്കാര്‍ക്ക് ഇവിടെ വരാന്‍ പേടിയാത്രേ ...ഞങ്ങളുടെ EVP ഡിവൈസില്‍ നിങ്ങളുടെ ശബ്ദം ഞങ്ങളെ അമ്പരപ്പിച്ചു ...മരിച്ചത് അറിയാതെ നിങ്ങള്‍ ഇപ്പോഴും ഭാര്യ ഭര്‍ത്താവായി ജീവിക്കുകയാണ് ഇവിടെ ...ഇവിടം ജീവനുള്ള മനുഷ്യര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് ….നിങ്ങളായി ഇവിടം വിട്ടോഴിഞ്ഞാല്‍ സന്തോഷം ..ഇല്ലെങ്കില്‍ “അയാള്‍ ഒരു താക്കിതോടെ പറഞ്ഞു .ജീവന്‍ മീരയെ കെട്ടിപ്പിടിച്ചു .അവര്‍ മെഴുകുപോലെ ഉരുകി തീര്‍ന്ന് ഒരു കുഞ്ഞ് നക്ഷത്രമായി ആകാശത്തിലേയ്ക്ക് പോയി 

Lijin
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo