Slider

തന്തേടെ മോൻ

0

തന്തേടെ മോൻ
കഥ
"നിയ്യൊക്കെ ഒരാശാരീടെ മോനായി പെറന്നതെങ്ങ്നെടാ, കഴുതെ?" കോന്നനാശാരിയുടെ ഭർസനം സത്യനെ ഞട്ടിച്ചു. ആ ഞട്ടലിന്റ ആഘാതത്തിൽ അവന്റെ കയ്യിലെ ഈർച്ചവാൾ മുറിപ്പാടിൽ നിന്ന് പാളി നീങ്ങി.
സത്യന്റെ അച്ഛൻ കിട്ടുവാശാരിയുടെ പ്രിയ ശിഷ്യനാണ് കോന്നനാശാരി. പണിക്കുപോവാൻ പറ്റാതെ വീട്ടിൽ ഇരിപ്പായ കിട്ടുവാശാരി തന്റെ മോനെ ശിഷ്യൻ കോന്നന്റെ സഹായിയായി ഏൽപ്പിച്ചു കൊടുത്തത് ഒരു ദിവസം മുമ്പ് മാത്രമാണ്.
അച്ഛനെ മേസ്തിരിയായി മാനിക്കുന്ന കിട്ടുവാശാരിയുടെ കൂടെ പണിക്കു പോകുന്നത് അവനും ഇഷ്ടമായി . മരപ്പണിയിലുള്ള അവന്റെ വൈദഗ്ദ്ധ്യം അച്ഛൻ കിട്ടുവാശാരിക്കെന്ന പോലെ കോന്നനാശാരിക്കും അറിയുമെന്ന് അവന് അറിയാമായിരുന്നു.
എന്നിട്ടും തന്റെ അച്ഛനോടുള്ള ആദരവിന്റെ ഒരംശം കൂടിയില്ലാത്ത കോന്നന്റെ പരുക്കൻ ശകാരം എന്തു തെറ്റിന്റെ പേരിലാവുമെന്ന് അവന് ഊഹിക്കാനായില്ല. തന്റെ പ്രായത്തിനും പരിമിതമായ തൊഴിൽ പരിചയത്തിനും അനുചിതമായ വൈദഗദ്ധ്യവും കൗശലവൂം തനിക്കുണ്ടെന്ന അവന്റെ വിശ്വാസമാണ് കയ്യിൽ നിന്ന് ഊർന്നു പോവുന്നതെന്ന് അവനു തോന്നി.
"എന്തെടാ, ഇനി ഈർച്ചവാളു പിടിക്കാനും ഞാൻ പഠിപ്പിക്കണോ? ഹൗ, എങ്ങനെ പെറന്നു ആവോ കിട്ടു മേസ്തിരിക്ക് ഇങ്ങനെയൊരു സന്തതി!" കോന്നനാശാരി തന്റെ ഭർസനം തുടർന്നുകൊണ്ടിരുന്നു. ആശാരിക്കോൽ കൊണ്ട് തടിയളക്കുന്നതിലും, ഉളിയും കൊട്ടുവടിയും പിടിക്കുന്ന രീതിയിലും, തടി ചിന്തീരൂ തള്ളി മിനുപ്പിക്കുന്നതിലും, എന്തിന് ആണിയടിക്കുന്നതിൽ പോലും അയാൾ സത്യനെ ചീത്തവിളിച്ചു.
അര നേരത്തെ പണി കഴിഞ്ഞപ്പോഴേക്കും സത്യൻ ഒരു തീരുമാനത്തിലെത്തിയിരൂന്നു. കോന്നൻ മേസ്തിരിയുടെ കൂടെ ഇനി പണിക്കു പോവില്ല.കാര്യം പറഞ്ഞാൽ അച്ഛനു മനസിലാവാതിരിക്കില്ല.
പണിയവസാനിപ്പിച്ച് കൂലിയും വാങ്ങി കോന്നൻമേസ്തിരിക്കു വേണ്ടി കാത്തു നിൽക്കാതെ അവൻ നടന്നു. തീരാത്ത കലിപ്പ് നടത്തത്തിന്റെ വേഗം കൂട്ടിയത് അവൻ തന്നെ അറിയാതെ ആയിരുന്നു.
 " ഡാ, സത്യാ, നീയ്യ് പെണങ്ങൊന്നും വേണ്ട." മേസ്തിരിയുടെ വ്യത്യസ്തമായ ശബ്ദം അവന്റെ വേഗതക്ക് പെട്ടന്ന് കടിഞ്ഞാണിട്ടു.
,"നിന്റെ തന്ത എന്നെ വിളിച്ചിട്ടുള്ള തെറി കേട്ടാപ്പിന്നെ ഇന്ന് ഞാൻ നിന്നെ പറഞ്ഞത് ഒന്നും അല്ല. അത് ഞങ്ങള് മേസ്തിരിമാരടെ ഒരു ശീലാ, മോനേ. വാ, നമക്ക് ഓരോ ചായ കുടിച്ചിട്ട് വീട്ടിൽ പുവ്വാം'
മേസ്തിരിയുടെ ക്ഷണം, പക്ഷെ, അയാളുടെ തന്ത എന്ന വാക്കിന്റെ മൂർച്ച കാരണം പാളിപ്പോയി. ആ വാക്കിന്റെ അരോചകത്വം മുറിവിൽ ഉപ്പു തേച്ചപോലെ സത്യനെ നീറ്റി. അങ്ങാടിയിൽ നിരങ്ങുന്നവർ അമ്മയെ കുത്താൻ മാത്രം ഉപയോഗിച്ചു കേട്ടിട്ടുള്ള ആ വാക്കിലെ അശ്ലീല ചുവ അവനു സഹിക്കാനായില്ല.
" ന്റെ അച്ഛനെ തന്തയെന്ന് വിളിക്കാൻ നീയ്യാരെടാ?" തോളത്ത് വെച്ച കൈയ് തട്ടി നീക്കി തിരിഞ്ഞുനിന്ന സത്യന്റെ മുഖത്തെ ചുവപ്പ് കണ്ട് കോന്നനാശാരി വിളറി വെളുത്തു. തന്തയെന്ന വാക്കിലെ അശ്ലീലം എന്തെന്നറിയാതെ അയാൾ കുഴങ്ങി.
കിട്ടുമേസ്തിരിയും താനും തന്തയുടേയും തള്ളയുടേയൂം സന്തതികളായിട്ടാണ് പരസ്പരം ബന്ധപ്പെട്ടത്. തന്തയും ,തള്ളയും , കഴുതയും, നായിന്റെ മോനുമൊക്കെ അവർക്ക് ഹൃദയം തുറക്കുന്ന പച്ച മനുഷ്യന്റെ ശൈലിയായിരുന്നു. അസംസ്കൃതമായ അത്തരം മൊഴികളായിരുന്നു അവരെ ആദ്യം ഗുരുവും ശിഷ്യനുമാക്കിയതും പിന്നെ ചങ്ങാതികളാക്കിയതും.
സ്കൂളിൽ പഠിച്ച ചെക്കന്മാർക്ക് അതു മനസിലാവില്ലെന്നു സമാധാനിക്കുമ്പൊഴും വല്ലാത്ത കുറ്റബോധം അയാളെ ശല്യപ്പെടുത്തി. നല്ല കരവിരുതുള്ള ചെക്കനാണവൻ. കിട്ടുമേസ്തിരിയുടെ കൈവിരുത് ഒട്ടും കുറയാതെ അവനും കിട്ടിയിട്ടുണ്ട്. അമ്പലത്തിലെ ഗോപുരം പണിക്ക് അവനെ പോലുള്ളവരുടെ കരകൗശലം തനിക്ക് മുതൽകൂട്ടാവുമായിരുന്നു.
പാവം, അവനു നൊന്തിട്ടുണ്ടാവും.
തിരിഞ്ഞു നോക്കാതെ നടന്നകലുന്ന ശിഷ്യനോട് ,'ഒന്ന് നിക്കടാ മോനേ' എന്ന് വിളിച്ചു പറയാൻ ഹൃദയം മിടിച്ചെങ്കിലും,അയാൾ അറച്ചു നിന്നു. വായിലെ വെള്ളം വറ്റിപ്പോയതുകൊണ്ട് ശബ്ദം തൊണ്ടയിൽ കുടുങ്ങി പോയി.

paduthol

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo