Slider

ആരതി എന്റെ കൂട്ടുകാരി

0

ആരതി എന്റെ കൂട്ടുകാരി
കൊച്ചി എയർപോർട്ടിൽ ബോർഡിംഗ് പാസ്‌ കിട്ടി വെയിറ്റ് ചെയ്യുമ്പോഴാണ് ഫോണിൽ പഴയൊരു മെമ്മറി കാർഡിൽ നിന്നും അവളുടെ മുഖം എന്റെ ശ്രദ്ധയിൽ പെടുന്നത്. ആരതി ! കുസൃതി ചിരിയുള്ള അവളുടെ ഫോട്ടോ നോക്കി കുറേ നേരം ഞാനിരുന്നു. ആ ഫോട്ടോയ്‌ക്കൊപ്പം അവളുടെ ഓർമകൾക്കും ഒരു ആറേഴ് വര്ഷത്തെ പഴക്കമുണ്ട്.
തിരക്ക് പിടിച്ച പ്രവാസി ജീവിതമാണ്‌ ഞങ്ങളെ സുഹൃത്തുക്കളാക്കിയത്. പൊതുവേ ശാന്തസ്വഭാവമെങ്കിലും ഞങ്ങൾ, സുഹൃത്തുക്കൾക്ക് അറിയാമായിരുന്നു അവൾ നല്ലൊരു വായാടിയാണെന്ന്. പെട്ടന്ന് ആർക്കും ചങ്ങാത്തം തോന്നുന്ന പ്രകൃതം. തൊട്ടതിനും പിടിച്ചതിനുമൊക്കെ ചെറിയ ചെറിയ വാശിയും ദേഷ്യവുമൊക്കെ കാണിക്കുന്ന ഒരു കുറുമ്പി...
ഗുരുവായൂരപ്പന്റെ കൂടുകാരി.... എല്ലാവരെയും പെട്ടെന്നവൾക് മനസിലാവുമായിരുന്നു. ആശ്വാസവാക്കുകൾക് അവളുടെ കൈയിൽ ഒരു പഞ്ഞവുമില്ലെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും...
ഞങ്ങൾ സുഹൃത്തുക്കളായി ഏകദേശം രണ്ടു വർഷത്തിനുശേഷമാണ് അവൾക്കൊരു പ്രണയമുണ്ടെന്നു എന്നോടവൾ തുറന്ന് പറയുന്നത്. ഗുരുവായൂരപ്പന്റെ ഇഷ്ടത്തോഴിയ്ക് ഒരു ക്രിസ്ത്യാനി ചെക്കനോട് പ്രണയം.... അവളത് തുറന്നു പറഞ്ഞ രാത്രിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നാലോചിട്ടും എനിക്കാ പ്രണയം വിശ്വസിക്കാനേ തോന്നിയില്ല.ഞാനുൾപ്പെടെയുള്ള കൂട്ടുകാർ പലതവണ ഉപദേശിച്ചിട്ടും അവളത് മുന്നോട്ട് കൊണ്ടുപോവുക തന്നെ ചെയ്തു. സ്വാഭാവികമായും അവളുടെ വീട്ടിൽ എതിർത്തു.
വീട്ടുകാരുടെ തുടരെ തുടരെയുള്ള ഇടപെടൽ മൂലം റിസൈൻ വച്ച് അവൾ നാട്ടിലേക്കു മടങ്ങി.എല്ലാം ശരിയാകുമെന്നും ആലോചിച്ചൊരു തീരുമാനമെടുക്കണമെന്നുമൊക്കെ ആശ്വസിപ്പിച്ച് ഞങ്ങൾ അവളെ യാത്രയാക്കി. ആദ്യമൊക്കെ ഫോൺ കോണ്ടക്ട്സ് ഉണ്ടായിരുന്നെങ്കിലും പതിയെ പതിയെ അവൾ ഞങ്ങളിൽ നിന്നകന്നു. പെട്ടെന്നൊരു ദിവസം വാട്സപ്പിൽ നിന്നും ഫേസ്ബുക്കിൽ നിന്നുമൊക്കെ അവൾ അപ്രത്യക്ഷയായി. കയ്യിലുണ്ടായിരുന്ന നമ്പറിൽ ഒക്കെ വിളിച്ചു നോക്കിയെങ്കിലും റെസ്പോണ്ട് ചെയ്തതേയില്ല.
ജീവിതത്തിന്റെ ഓരോ തീരുമാനങ്ങളിൽ പെട്ട കൂട്ടുകാരെല്ലാം പലവഴിക്ക് പിരിഞ്ഞു... ആരതി വല്ലപ്പോഴും ഓർമകളിൽ എത്തിനോക്കുന്ന ഒരു കൂട്ടുകാരി മാത്രമായി... അവളെവിടെയെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നു എന്നോർക്കാനാണ് എനിക്കിഷ്ടം.... നെടുവീർപ്പോടെ ഞാൻ അടുത്ത ഫോട്ടോയിലേക്ക് കടന്നു.
"ഡീ.. മീനാക്ഷി... "പരിചിതമായ ഒരു വിളി കേട്ടപ്പോൾ ഞാൻ ഞെട്ടലോടെ തിരിഞ്ഞ് നോക്കി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
"ആരതി.. "അവൾ ഓടി എന്റെ അരികിൽ എത്തി.
"നീ ഒരുപാട് മെലിഞ്ഞല്ലോ... ഇപ്പോഴും ചപ്പാത്തി മാത്രേ കഴിക്കുവുള്ളോ... ഞാൻ തടി വെച്ചോടീ.... " എന്റെ അമ്പരപ്പ് മാറുന്നതിനും മുൻപേ, പണ്ടത്തെ അതേ വാചാലതയോടെ അവൾ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. "നിനക്ക് സുഖമാണോഡീ..... " വാത്സല്യമോടെ ഞാനവളുടെ കവിളിൽ തൊട്ടു. അവൾ തലയാട്ടി. അപ്പോൾ എന്റെയും അവളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.
ഒരു കൈയിൽ ട്രോളിയും മറുകൈയിൽ ഒരു മൂന്നു വയസുകാരനെയും എടുത്ത്‌ ഞങ്ങൾക്ക് അരികിലേക്കു വന്ന കണ്ണട വച്ച ചെറുപ്പക്കാരനെ, അവളെനിക്ക് പരിചയപെടുത്തി....
"നിനക്ക് ആളെ മനസ്സിലായോ... " പണ്ട് അവളുടെ ഫോണിൽ കണ്ട മുഖം ഞാനോർത്തെടുത്തു. "ജോജു.... " അവളുടെ പ്രണയകഥയിലെ നായകൻ.
അവർ പരസ്‌പരം ചിരിച്ചു. "കുറെ ബലം പിടിച്ചപ്പോൾ എന്റെ വീട്ടുകാർ സമ്മതിച്ചു. ഞങ്ങളിപ്പോ കാനഡയിൽ സെറ്റിൽഡ് ആണ്. വെക്കേഷന് വന്ന തിരിച്ചു പോകുവാ... ആ.. പിന്നെ... ഇത് ഞങ്ങളുടെ കണ്ണൻ.. " അവൾ കുഞ്ഞിനെ നെഞ്ചോട്‌ ചേർത്തു.
ഉറക്കത്തെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന, കൃഷ്ണകഥകൾ കേൾക്കാൻ ഇഷ്ട്ടപെട്ട, ഇരുട്ടിനെ പേടിയായിരുന്ന പെൺകുട്ടി, ഒരു ഭാര്യയും അമ്മയുമായി എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി. അവളുടെ കുഞ്ഞിനെ കളിപ്പിക്കുന്നതിനിടയിൽ എന്റെ ഫ്ലൈറ്റ് അന്നൌൻസ് ചെയ്തു. പരസ്‌പരം നമ്പറുകൾ കൈമാറി ഞാനവരോട് യാത്ര പറഞ്ഞു. അവളുടെ സ്വപ്നം സഫലമായതിൽ സന്തോഷത്തോടെ ബാഗ്‌ എടുത്ത്‌ നടക്കാനൊരുങ്ങുപ്പോൾ അതേ പഴയ വിളി ഞാൻ കേട്ടു.... "ന്റെ കൃഷ്ണാ...... "

By
Jyothi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo