പെണ്ണേ നിനക്ക് ബലൂൺ വേണോ ???
കൈയിലിരുന്ന ഐസ്ക്രീം നുണയുന്നതിനടയിൽ അവൾ അവനെ മുഖമുയർത്തി ഒന്ന് നോക്കി .
ബലൂണോ ??
മ്മ് ബാ അടുത്ത നിന്ന കച്ചോടക്കാരന്റെ കൈയ്യിൽ നിന്ന് ചുവന്ന മത്തങ്ങ ബലൂൺ അവൾക്ക് നേരെ നീട്ടി കൈയ്യും പിടിച്ചവൻ പതിയെ നടന്നു ...
കുട്യോൾടെ താലപ്പൊലി ഇപ്പൊ തുടങ്ങും അത് കഴിയുമ്പോ പഗോതീടെ ( ഭഗവതി ) എഴുന്നള്ളിപ്പ് , ഉടവാളെടുത്ത് പഗോതി ഉറഞ്ഞ് തുള്ളുമ്പോൾ മനസ് കിടന്ന് മിടിക്കുന്നുണ്ടാവും രാത്രി വൈകിയെങ്കിലും വേല കാണാൻ ആൾക്കാർ അമ്പലമുറ്റത്തേക്ക് ഒഴുകിക്കൊണ്ടേയിരുന്നു , ചന്ദനത്തിരിയുടെയും അരളി പൂക്കളുടെയും മണം അവിടമാകെ നിറഞ്ഞു നിന്നു . പുറത്ത് പെട്രോൾ മാക്സിന്റെ വെളിച്ചത്തിൽ മണലിൽ വറുത്ത് കോരുന്ന കപ്പലണ്ടിയുടെ മണവും
ഞൊറിയുടുത്ത കുഞ്ഞുപാവാടയും നീട്ടിയെഴുതിയ കണ്ണുകളും കവിളിലെ കറുത്ത പൊട്ടും കുഞ്ഞ് മുടിയിൽ ചേർത്ത് വെച്ച മുല്ലമൊട്ട് മാലയും കൈയ്യിൽ നിറഞ്ഞ് കത്തുന്ന മൺ ചിരാതുമായി ഒരു കുഞ്ഞു സുന്ദരി പല്ലില്ലാത്ത മോണ കാട്ടി കുണുങ്ങി ചിരിച്ചു , ദേ നോക്കടി അയാൾ ഭാര്യക്ക് അവളെ ചൂണ്ടി കാണിച്ചു .. അവളും കുറച്ച് നേരമാ കുസൃതിയിൽ ലയിച്ചു നിന്നു ..
യേട്ടാ ... യേട്ടാ ...
എന്താടീ ?? അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അയാളുടെ മിഴികൾ നിറഞ്ഞ് തുളുമ്പാൻ വെമ്പൽ കൊണ്ടു ..
അയ്യേ എന്താ ഏട്ടാ ഇത് , കരയുന്നോ ??
തടഞ്ഞു നിർത്തിയ മിഴിനീർ അവളുടെ കൈകളിലേക്ക് ഊർന്ന് വീണു ..
ഏട്ടാ ആളുകൾ കാണും കണ്ണ് തുടയ്ക്ക് , നമുക്ക് ഇങ്ങനെയൊരു ഭാഗ്യം വിധിച്ചിട്ടില്ല എന്ന് സമാധാനിക്കാം
എട്ട് വർഷം , എട്ട് വർഷമായില്ലേ ടീ നമ്മൾ കാത്തിരിക്കുന്നു , എന്തൊക്കെ പ്രാർഥനകൾ നടത്തി എന്തൊക്കെ മരുന്നും മന്ത്രവും ചെയ്തു പക്ഷേ നമുക്ക് മാത്രമെന്തേയിങ്ങനെ ? എന്നെങ്കിലും ഭഗവതിക്ക് വിളക്ക് വെക്കാൻ നമ്മൾ മറന്നിട്ടുണ്ടോ എന്നിട്ടും ഒരു കുഞ്ഞിനെ തരാൻ !....
അവൾ അവന്റെ കൈ ചുറ്റിപ്പിടിച്ച് അയാളോട് ചേർന്ന് നിന്നു , നീട്ടിയുള്ള ശംഖ് നാദം മുഴങ്ങി ശ്രീകോവിലിൽ നിന്ന് ഉടവാൾ തന്ത്രി പെരുവണ്ണാന് കൈമാറി , താലപ്പൊലിയോടൊപ്പം പ്രദക്ഷിണം കഴിയുമ്പോൾ പഗോതി ഉറഞ്ഞ് തുള്ളും അനുഗ്രഹത്തിന് ആളുകൾ തിരക്ക് കൂട്ടും ..
പെട്ടന്ന് അവളുടെ കൈ പിടിച്ചയാൾപുറത്തേക്ക് നടന്നു , എങ്ങോട്ടായേട്ടായീ പോണേ ? ദേ മേളം തുടങ്ങീട്ടോ പൂജ തുടങ്ങാൻ സമയമായി ..
കൈയ്യിൽ മുറുകെ പിടിച്ച് അയാൾ മുന്നിലുള്ള പാടവരമ്പിലേക്ക് ഇറങ്ങി നടന്നു , അവൾക്ക് കൈ വേദനിക്കുന്ന പോലെ തോന്നി , കൈയിലിരുന്ന ബലൂണ് താഴേക്ക് ഊർന്ന് വീണു.
" ദേ യേട്ടാ ബലൂണ് പോയി "
പക്ഷെ അവൾ പറയുന്നതൊന്നും അയാൾ കേട്ടതേയില്ല വരമ്പ് മുറിച്ച ചെറു തോടും കടന്ന് ഏലയുടെ അടിവാരത്തിലേക്ക് നടന്നു കൊണ്ടേയിരുന്നു .. ഇരുട്ട് പടർന്ന വള്ളി കൂട്ടത്തിനടുത്ത് തെല്ലൊന്നു നിന്നു അവൾ ചുറ്റും നോക്കി അക്കരെ വരമ്പിലൂടെ ചൂട്ടും കത്തിച്ച് മലവേടർ ക്ഷേത്രത്തിലേക്ക് പോകുന്നുണ്ട് .. ചെണ്ടയുടെ രൗദ്ര നാദം അവ്യക്തമായി കേൾക്കാം
ഏട്ടാ ഇവിടെ ??
ദേ ഈ ചൂരൽ കാടിന് അപ്പുറത്താണ് സർപ്പക്കാവ് , നിനക്ക് ഓർമ്മയുണ്ടോ പെണ്ണേ വർഷങ്ങൾക്ക് മുൻപ് ഇതേ ഉത്സവസമയത്ത് നിന്റെ കൈയ്യും പിടിച്ച് ഇങ്ങോട്ട് ഓടി കയറിയത് അന്നത്തെ രാത്രി നിനക്ക് മറക്കാൻ പറ്റ്വോ ?
അന്ന് നീ മുടി നിറയെ മുല്ലപ്പൂ ചൂടിയിരുന്നു ഇതു പോലെ ഇങ്ങനെ കണ്ണിൽ കണ്ണിൽ നോക്കി നിന്നത് , ആദ്യമായി നിന്റെ ചുണ്ടുകളിൽ ഉമ്മ വെച്ചത് , നീയും ഞാനും ഒരു മെയ്യായി മാറിയ ആ രാവ് നിനക്ക് മറക്കാൻ പറ്റ്വോ ? യൗവ്വനത്തിലേക്ക് കാലെടുത്ത് വെച്ച പൊട്ടിപ്പെണ്ണിന്റെ ചാരിത്ര്യം കവർന്നെടുത്ത ഒരുവനായി നിനക്ക് എന്നെ തോന്നിയിട്ടുണ്ടോ ?
എന്താ ഏട്ടാ ഈ പറയുന്നത് ? അതിന് എന്നെ ഏട്ടൻ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതൊന്നും ഇല്ലല്ലോ നാലാളിന്റെ മുന്നിൽ വെച്ച് തന്നെ അന്തസ്സായിവിവാഹം ചെയ്തില്ലേ എന്നിട്ടെന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നേ ...
മ്മ് വിവാഹത്തിന് ശേഷം ചൂട് പകർന്ന എത്ര രാത്രികൾ പക്ഷെ അന്നത്തെ പോലെ അനുഭവിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ ? ഇപ്പോഴെന്താ ഒരു കുഞ്ഞിന് വേണ്ടി ഡോക്ടർമാരുടെ നിർദേശം പോലെ യന്ത്രം കണക്കെ നമ്മൾ ...
ഇന്നത്തെ രാത്രി ചിലപ്പോൾ നമ്മുടെ അവസാന രാത്രി ആയിരിക്കും !
എന്തൊക്കെയാ ഏട്ടാ ഈ പറയുന്നത് ?
അതേ വർഷങ്ങൾക്ക് മുൻപ് പ്രണയത്തിന്റെ പാരമ്യതയിൽ നമുക്ക് സംഭവിച്ചു പോയൊരു കൈപ്പിഴ , അന്ന് നിന്റെ കന്യകാത്വം ഞാൻ കവർന്നെടുത്തപ്പോൾ ഒരുപക്ഷേ നാഗങ്ങൾ കോപിച്ചിരിക്കാം അതായിരിക്കും വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞിനെ ലഭിക്കാൻ നമുക്ക് കഴിയാതെ പോയത് , ഇന്ന് ഈ രാത്രിയിൽ നമ്മൾ വീണ്ടും ഒരു മെയ്യായി തീരാൻ പോകുന്നു ഒരുപക്ഷേ സർപ്പദംശമേറ്റ് നീയോ ഞാനോ മരിച്ചു പോയേക്കാം , നീയാണ് മരിക്കുന്നതെങ്കിൽ ഇവിടുത്തെ ബലിക്കല്ലിൽ തലയിടിച്ച് ഞാനും മരിക്കും മരണത്തിലും നമുക്ക് ഒന്നാവാം മറിച്ച് ഞാനാണ് മരിക്കുന്നതെങ്കിൽ നീ വരുമോ പെണ്ണേ എന്റെ കൂടെ ??
ഏട്ടാ ?? അവൾ അയാളെ ചേർത്ത് പിടിച്ചു ..
ഷർട്ടിന്റെ പോക്കറ്റിൽ നിന്നൊരു സിന്ദൂര ചെപ്പ് അയാൾ കൈയിലെടുത്ത് അവളുടെ സീമന്തരേഖയിലേക്ക് നീട്ടി വരച്ചു ..
"സർപ്പങ്ങളെ കാണുവിൻ , ഇവൾ എന്റെ ഭാര്യ ഞാൻ താലി കെട്ടിയ എന്റെ പെണ്ണ് ഞങ്ങൾക്കൊരു കുഞ്ഞിനെ തരാൻ കഴിയുമെങ്കിൽ നീ തരിക ഇല്ലങ്കിൽ ഈ ജീവനുകൾ നീ എടുത്തു കൊൾകാ"
അയാളുടെ ശബ്ദം എന്തെന്നില്ലാത്ത രീതിയിൽ വിറകൊണ്ടു , ഇരുകൈകൾ കൊണ്ട് അവളുടെ മുഖം ചേർത്ത് പിടിച്ച് ചുണ്ടുകളിലേക്ക് ഗാഢമായി ചുംബിച്ചു , അല്പ നേരത്തിന് ശേഷം
കെട്ടിപുണർന്ന കൈകൾ തടുത്ത് മാറ്റി അവന്റെ ചുംബന വലയത്തിൽ നിന്ന് അവൾ പിന്നോട്ടേക്കാഞ്ഞു
കെട്ടിപുണർന്ന കൈകൾ തടുത്ത് മാറ്റി അവന്റെ ചുംബന വലയത്തിൽ നിന്ന് അവൾ പിന്നോട്ടേക്കാഞ്ഞു
വേണ്ട യേട്ടാ നമുക്കിത് ? നമുക്ക് തിരിച്ചു പോകാം...
സ്നേഹത്തോടെയുള്ള ഈ എതിർപ്പല്ലേ പെണ്ണേ ഏതൊരു പുരുഷനേയും ഉന്മത്തനാക്കുന്നത് ..
കുറച്ച് നേരം രണ്ടുപേരും കണ്ണുകൾ കണ്ണുകൾ നോക്കി നിന്നു ...
പെണ്ണേ .... അയാളുടെ ശബ്ദം നിസഹായതയെന്നവണ്ണം നേർത്തിരുന്നു , വർഷങ്ങളായി ചോദ്യ ശരങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കുന്ന ഒരു പാവം മനുഷ്യന്റെ മുഖം കനത്ത ഇരുട്ടിലും അവളുടെ കണ്ണിലേക്ക് ചാട്ടുളി പോലെ തുളഞ്ഞു കയറി ..
യേട്ടാാ...
പൊട്ടിക്കരഞ്ഞുകൊണ്ടവൾ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞ് വീണു , ഏങ്ങി ഏങ്ങി കരഞ്ഞവൾ അയാളെ വാരി പുണർന്നു , കരിയിലകൂട്ടങ്ങളിലേക്കവർ ഇഴുകിചേരുമ്പോൾ ക്ഷേത്രമുറ്റത്ത് ചെണ്ടമേളം ദ്രുതതാളത്തിലേക്ക് കൊട്ടി കയറുകയായിരുന്നു ... വലത്ത് പൂർത്തിയാക്കി പഗോതി ശ്രീകോവിലിന് മുന്നിൽ ഉറഞ്ഞ് തുള്ളി
" പെരുവണ്ണാൻ പഗോതി കെട്ടിയാടിയാൽ കേമാ , കഴിഞ്ഞ വട്ടം വയ്യായ്ക ആയ് മോനല്ലേ കെട്ടിയാടിയത് പക്ഷെങ്കിൽ പെരുവണ്ണാൻ ദേവി ആവണ പോലെ ഒക്കുവോ ? നോക്ക് എന്താ ആ മൊഖത്തെ ഒരു ഭാവം ശരിക്കും പഗോതി തന്യാ
"ശര്യാ എന്താ ഒരു ഐശ്വര്യം ... ഇത്രയും കാലത്തിനിടയ്ക്ക് ഇങ്ങനെ ഉശിരോടെ പഗോതി തുള്ളണത് ആദ്യായിട്ടാ കാൺണേ "
കരക്കാർ പഗോതിയുടെ മുന്നിൽ തൊഴു കൈകളോടെ നിന്നു ..
തെക്കേ വയലിൽ കമ്പത്തിന് തിരി കൊളുത്തി , മാനത്ത് വിസ്മയം കണക്കെ ഒന്നൊന്നായി പൂത്തിരി പോലെ നിറഞ്ഞാടി ...
ആകാശത്ത് ചുവന്ന മഴ പെയ്യിച്ചു കൊണ്ട് കുരവ പൂവും , കുടകൾ വിതറുന്ന കമ്പങ്ങളും നിറഞ്ഞ് നിന്നപ്പോൾ കരിയില കൂട്ടങ്ങൾക്ക് നടുവിൽ അയാളുടെ നെഞ്ചിലേക്ക് തല വെച്ച് കിടക്കുകയായിരുന്നു അവൾ ..
അവളുടെ തലമുടിയെ തഴുകികൊണ്ട് ആകാശത്ത് വിരിയുന്ന വർണ്ണ വിസ്മയങ്ങളെ നോക്കി നിർവികാരനായി അയാൾ കിടന്നു .. രതി പൂർണതയ്ക്ക് ശേഷം ചേർത്ത് പിടിച്ചിങ്ങനെ കിടക്കുന്നതിലും വലിയ ആനന്ദം എന്താണ് ഒരു പങ്കാളിക്ക് കൊടുക്കാൻ സാധിക്കുക ...
അവളുടെ തലമുടിയെ തഴുകികൊണ്ട് ആകാശത്ത് വിരിയുന്ന വർണ്ണ വിസ്മയങ്ങളെ നോക്കി നിർവികാരനായി അയാൾ കിടന്നു .. രതി പൂർണതയ്ക്ക് ശേഷം ചേർത്ത് പിടിച്ചിങ്ങനെ കിടക്കുന്നതിലും വലിയ ആനന്ദം എന്താണ് ഒരു പങ്കാളിക്ക് കൊടുക്കാൻ സാധിക്കുക ...
നീലയും പച്ചയും വെള്ളയും വർണ്ണങ്ങൾ പലതും മേലേ ആകാശത്ത് പെയ്ത് കൊണ്ടേയിരുന്നു.. പെട്ടന്ന് തൊട്ടടുത്തൊരു ശീൽക്കാര ശബ്ദം കെട്ടവണ്ണം അവൾ ചുറ്റും നോക്കി ...
മാല പോലെ ഭൂമിയിലേക്ക് ശാഖകൾ നീട്ടിയ കുങ്കുമ വർണം പടർത്തിയ കമ്പത്തിന്റെ വെളിച്ചത്തിൽ അവൾ കണ്ടു ഫണം വിടർത്തി സ്വർണനിറമാർന്ന നാഗം ..
യേട്ടാ ...
മിണ്ടരുത് അയാൾ അവളുടെ വാ പൊത്തിപ്പിടിച്ചു .. മിണ്ടരുത് മിണ്ടരുത് അയാളുടെ ശബ്ദം നേർത്ത് വന്നു ..
അവളുടെ ശ്വാസനിശ്വാസങ്ങൾ ഉച്ചസ്ഥായിയിലായി ... നീലയും ചുവപ്പും കമ്പങ്ങൾ ഓരോന്നും പൊട്ടിവിടർന്നുകൊണ്ടേയിരുന്നു ,അവയുടെ വെളിച്ചം ഇല്ലാഞ്ഞിട്ടു പോലും നാഗത്തിന്റെ സ്വർണ്ണനിറം ഇരുട്ടിൽ തിളങ്ങി നിന്നു.. നാഗം പതുക്കെയിഴഞ്ഞ് അവരുടെ അടുത്തേക്ക് വന്നു അവൾ അവന്റെ കൈകവിരലിൽ തന്റെ വിരലുകൾ ചേർത്ത് പിടിച്ചു ..
നഗ്നമായ അവളുടെ മാറിലേക്ക് നാഗം പതിയെ ഇഴഞ്ഞു കയറി ...
അവരുടെ വിവാഹ മോതിരങ്ങൾ തമ്മിലുരസ്സി അയാൾ അവളുടെ കൈകൾ കുറച്ചു കൂടി അമർത്തിപ്പിടിച്ചു .. അവളുടെ ശ്വാസനിശ്വാസങ്ങൾക്ക് വേഗത കൂടി .. ചുറ്റിപിണഞ്ഞ് ഫണം വിടർത്തി നാഗം ഉഗ്രരൂപം പ്രാപിച്ചു ..
വെട്ടിത്തിളങ്ങുന്ന നാഗത്തിന്റെ മുഖത്തേക്ക് നോക്കാതെ അവൾ കണ്ണുകൾ കൂട്ടിയടച്ചു , അങ്ങവിടെ ക്ഷേത്രമുറ്റത്ത് പഗോതി മൂർത്തീമഭാവത്തിൽ ഉറഞ്ഞ് തുള്ളി മേളത്തിന് ശക്തി പ്രാപിച്ചു.. പഗോതിയുടെ അലർച്ച ദിക്കുകളെ പ്രകമ്പനം കൊള്ളിച്ചു ചൂരൽ കാടുകളും വള്ളിപ്പടർപ്പുകളും ഇളകിയാടി ..
വിയർത്തൊഴുകിയിരുന്ന അവളുടെ നെറ്റിത്തടത്തിൽ വിയർപ്പ് തുള്ളികൾ വീണ്ടും വീണ്ടും പൊടിഞ്ഞ് കൊണ്ടേയിരുന്നു ...
നെറ്റിയിൽ നീട്ടിവരച്ച സിന്ദൂരത്തിനൊപ്പം വിയർപ്പ് തുള്ളികൾ നാസിക വഴി ഒഴുകി ഇറങ്ങി പടർന്നൊഴുകിയ വിയർപ്പ് തുള്ളികൾക്ക് അഭൗമമായ ചൂട് പടർന്നു .. ചുറ്റിപ്പിണഞ്ഞ നാഗത്തിന്റെ മേലേക്ക് സിന്ദൂരം കലർന്ന വിയർപ്പ് തുള്ളികൾ പതിച്ചപ്പോൾ അസാധാരണാമാം വിധം നാഗം ഒന്നിളകി .
പഗോതിയുടെ അലർച്ച ഉച്ചത്തിലായി , വറ്റി വരണ്ട തൊണ്ട കുഴിയിൽ നിന്ന് ഒരിറ്റ് ഉമിനീർ കുടിച്ചിറക്കി അയാൾ അവളെ ചേർത്ത് പിടിച്ചു കൊണ്ടേയിരുന്നു ..
അല്പ നേരത്തെ നിശബദതയ്ക്ക് ശേഷം അവൾ മെല്ലെ കണ്ണുകൾ തുറന്നു , ഫണം മടക്കി രണ്ടാളെയും മാറി മാറി നോക്കി നിൽക്കുന്ന നാഗം , പതിയെ നാക്ക് നീട്ടി ചാഞ്ഞും ചരിഞ്ഞും നോക്കി കൊണ്ടേയിരുന്നു
നാഗം ഉയർന്നു പൊങ്ങി അവളുടെ വയറിലേക്ക് പതിയേ മുഖം അമർത്തി കുറച്ചു നേരം അങ്ങനെ തന്നെ നിന്നു തണുപ്പ് പടർന്ന നാവ് വയറിൽ തലോടുന്നത് അവളറിഞ്ഞു .... ഉള്ളിൽ നിന്ന് ഒരു ആന്തൽ നെഞ്ചിലേക്ക് കൂട് കൂട്ടിയ പോലെ അവൾക്ക് തോന്നി ഉയർന്ന് പൊങ്ങി വീണ്ടും തല താഴ്ത്തി നീട്ടിയ നാവ് ചുഴറ്റി വയറിലൂടെ ഊർന്നിറങ്ങി കരിയിലക്കൂട്ടങ്ങിലേക്ക് നാഗം പതിയെ ഇഴഞ്ഞു നീങ്ങി , വിയർത്ത് കുളിച്ചിരുന്ന അവളുടെ ശരീരത്തിൽ തന്റെ വയറിൽ മാത്രം വല്ലാത്ത തണുപ്പ് പടരുന്നത് അവൾ അറിഞ്ഞു
" പെണ്ണേ എടീ എടീ " ...
അയാൾ അവളെ തട്ടി വിളിച്ചു .. നാഗം ഇഴഞ്ഞ് പോയ വഴിയിലേക്ക് ഏതോ മായിക ലോകത്തെന്നവണ്ണം അവൾ നോക്കി നിന്നു
മോളെ ടീ ...
യേട്ടാ ... നിറഞ്ഞൊഴുകിയ കണ്ണുനീരിൽ അവൾ അയാളുടെ കൈകൾ തന്റെ വയറിലേക്ക് ചേർത്ത് വെച്ചു , യേട്ടാ ..... യേട്ടാ
എന്തെന്നറിയാത്ത സന്തോഷം പോലെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു... ചേർത്ത് പിടിച്ച് അവളുടെ മൂർധാവിലേക്ക് അയാൾ അമർത്തി ചുംബിച്ചു ...
കളത്തിൽ എഴുതിയ ചായം വാരി പൂശി പഗോതി അവസാനമെന്നോണം ചടുല നൃത്തം വെച്ചു . കൈകൾ കൂപ്പി തൊഴുത് നിന്നവരുടെ മുന്നിലേക്ക് പെരുവണ്ണാൻ മലർക്കെ വീണു . നിറഞ്ഞാടിയ പഗോതി ദേഹം വിട്ടൊഴിഞ്ഞ് വേല പൂർത്തിയാക്കി ..
ക്ഷേത്രത്തിന്റെ മുന്നിലെ കൽ വിളക്കിലെ ദീപം പുഷ്പത്താൽ കെടുത്തി നടയടച്ചു ... വരമ്പിലൂടെ നടന്ന് പോയൊരു സുന്ദരിക്കുട്ടി അമ്മയുടെ കൈയ്യിൽ നിന്ന് കുതറിയോടി വയലിലേക്കിറങ്ങി... അവിടെ കിടന്നിരുന്ന ബലൂണ് കൈകൾ കൊണ്ട് കോരിയെടുത്തു
" അമ്മേ ദേ നോക്കിയേ ഒരു ചുവന്ന ബലൂൺ"
***********----------------------------------************

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക