Slider

ഗർഭിണി

0
എന്റെ വീട്ടിൽ ഭിക്ഷ യാചിച്ചു വന്ന ഒരു നാടോടി സ്ത്രീയായിരുന്നു അവൾ .സാധാരണ ഇത്തരക്കാരെ ഞാൻ മൈൻഡ് ചെയ്യാറില്ല. ഇവരെ പക്ഷെ കാണാൻ ഒരു പ്രെത്യേക ചന്തമുണ്ടായിരുന്നു. നിതംബം വരെ നീണ്ടു കിടക്കുന്ന ചെമ്പൻ തലമുടിയും,പൂച്ചക്കണ്ണുകളും ,രണ്ടു കയ്യിൽ നിറയെ കുപ്പിവളകളും,നെറ്റിയിൽ ചുകന്ന ചാന്തു കൊണ്ട് വരച്ച വലിയൊരു പൊട്ടും അങ്ങനെ കാണുവാൻ അഴകുള്ളൊരു നാടോടി സ്ത്രീ. ആദ്യമായി വീട്ടിൽ വന്ന ദിവസം ഞാൻ അവർക്കു ഭക്ഷണവും എന്റെ കുറച്ചു പഴയ കുപ്പായവുമൊക്കെ കൊടുത്തു.
അങ്ങനെ ഒന്നിടവിട്ട ദിവസങ്ങളിൽ അവൾ ഞങ്ങളുടെ വീട്ടിൽ വരുവാൻ തുടങ്ങി.അവൾക്കു അഞ്ചോ ആറോ വയസ്സുള്ളപ്പോൾ വടക്കേ ഇന്ത്യയിൽ നിന്ന് കേരളത്തിലേക്ക് വന്നതാണവളുടെ കുടുംബം. അവളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം. കേരളത്തിലെ പല സ്ഥലങ്ങളിലും അലഞ്ഞു തിരിഞ്ഞു അതിനിടയ്ക്ക് അച്ഛനുമമ്മയും മരിച്ചു പോയി അവളൊറ്റയ്ക്കായി. പലപ്പോഴായും അവളെ ഇന്റർവ്യൂ ചെയ്തു ഇത്രയും വിവരങ്ങൾ ഞാൻ ചുരണ്ടിയെടുത്തു. അവൾ അധികം സംസാരിക്കുന്ന കൂട്ടത്തിലാണ്. അവളുടെ നിസ്സംഗത നിഴലിക്കുന്ന പൂച്ചക്കണ്ണുകൾക്കു പക്ഷെ എന്തൊക്കെയോ പറയുവാനുണ്ട് എന്ന് തോന്നി പോവും.
വീട്ടിൽ ഇടയ്ക്കിടെയുള്ള അവളുടെ വരവും അവൾക്കു ഞാൻ എന്തെങ്കിലുമൊക്കെ കൊടുക്കുന്നതും അമ്മയ്ക്ക് അത്ര പിടുത്തമുള്ള കാര്യമായിരുന്നില്ല ."എന്താ എവിടുന്നാ എന്നൊക്കെ അറിയാത്തതിനോടൊക്കെ കൂട്ട് കൂടിക്കോട്ടോ,അവസാനം കയ്യിൽ കിട്ടുന്നതും അടിച്ചുമാറ്റി അവര് സ്ഥലം വിടും അപ്പൊ പഠിച്ചോളും". അമ്മയുടെ വഴക്കു കാര്യമാക്കാതെ അവൾ വരുമ്പോളൊക്കെ ഞാൻ എന്തെങ്കിലുമൊക്കെ കൊടുക്കുകയും അവളോട് വല്ലതുമൊക്കെ മിണ്ടുകയും പറയുകയുമൊക്കെ ചെയ്യും.
മാസങ്ങൾ കടന്നു പോയി അവൾ ഇടയ്ക്കു വന്നും പോയുമൊക്കെ ഇരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് ഞാൻ അത് ശ്രെദ്ധിച്ചതു അവളുടെ വയറു വീർത്തുവരുന്നു അവളുടെ മുഖത്ത് വല്ലാത്തൊരു ക്ഷീണവും. അവൾ ഗർഭിണിയായിരുന്നു. അതേക്കുറിച്ചു ഞാൻ അവളോട് ചോദിച്ചപ്പോൾ അവൾ നമ്രമുഖിയായി നിലത്തുനോക്കി നിന്നതേ ഉള്ളു. കുഞ്ഞിന്റെ അച്ഛൻ എവിടെയെന്ന എന്റെ ചോദ്യത്തിന് അറിഞ്ഞുകൂടായെന്നു അവൾ കൈമലർത്തി കാണിച്ചു. വീർത്തുവരുന്ന വയറും താങ്ങി തികഞ്ഞ നിസ്സഹായതയോടെ അവൾ നടന്നു നീങ്ങി.
അമ്മയാവുക ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്, പെൺജീവിതത്തിന്റെ പൂര്ണതയാണത്. ഗർഭകാലത്തു സ്നേഹവും കരുതലും പകർന്നുനൽകുവാൻ ഭർത്താവരികിൽ ഉണ്ടാകുന്നത് ഒരു സുഖമുള്ള കാര്യവും. ഒറ്റയ്ക്ക് അവൾ എങ്ങനെ ആണ് ഇതൊക്കെ കൈകാര്യം ചെയുക സംശയം ഞാൻ അമ്മയോട് തന്നെ ചോദിച്ചു,
"അവർക്കൊക്കെ ഇതൊന്നും വല്യ കാര്യമൊന്നുമല്ല,ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കൂട്ടത്തിൽ ഗര്ഭിണിയാവും, അങ്ങനെ നടക്കണ കൂട്ടത്തിൽ എവിടേലും വെച്ച് പ്രസവിക്കുകേം ചെയ്യും,വെയിലും മഴയുമൊക്കെ കൊണ്ട് അവരുടെ പിള്ളേരൊക്കെ വളരുകേം ചെയ്യും. ഇവിടെ നമ്മളൊക്കെ ഗര്ഭിണിയാണെന്നറിഞ്ഞ പിന്നെ തുടങ്ങി ബെഡ്ഡ് റസ്റ്റ് സ്കാനിംഗ് മാസ മാസം ഡോക്ടറിനെ കാണിക്കൽ പ്രസവം കഴിഞ്ഞ പിന്നെ അതിന്റെ ബാക്കി"
ഒരു വലിയ ലോകതത്വം പറയുന്ന ലാഘവത്തിൽ 'അമ്മ പറഞ്ഞു നിർത്തി.
പിറ്റേന്നവൾ വന്നപ്പോൾ ഗർഭാവസ്ഥയിൽ സൂക്ഷിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഞാൻ അവൾക്കൊരു ക്ലാസ്സു തന്നെയെടുത്തു, എന്റെ ക്ലാസ്സിനെ കേവലം ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു ഒരു കോട്ടുവായിട്ടു അവൾ പതിയെ നടന്നു നീങ്ങി. ഗർഭ കേസുകളിൽ ഒരു മുന്പരിചയവും ഇല്ലാത്ത ഈയുള്ളവൾ രാത്രി കുത്തിയിരുന്നു ഇന്റർനെറ്റ് തപ്പിപ്പെറുക്കിയുണ്ടാക്കിയ വിവരങ്ങളാണ് അതെല്ലാമെന്നു അവളുണ്ടോ അറിയുന്നു.
ഗർഭിണിയായിരിക്കുന്ന ഏതൊരു സ്ത്രീയ്ക്കും അവളുടെ കുഞ്ഞിനെക്കുറിച്ചു നിറയെ പ്രതീക്ഷകളുണ്ടാവുക സ്വാഭാവികമാണ്. പ്രതീക്ഷകൾ സ്വപ്നങ്ങൾ അവ എവിടെയും ഒരുപോലെ ആണ്. കൊട്ടാരത്തിലും കുടിലിലും ഇടിഞ്ഞു പൊളിഞ്ഞ വഴിയരികിലെ കടത്തിണ്ണയിലും എവിടെ ആയാലും. അവളും കാണുന്നുണ്ടാവും സ്വപ്‌നങ്ങൾ. അവളുടെ കുഞ്ഞിന് സമ്മാനിക്കുവാൻ ഞാനൊരു കുഞ്ഞുടുപ്പു വാങ്ങി വെയ്ക്കുകയും ചെയ്തു .
കുറച്ചു ദിവസങ്ങൾ അവളെ കണ്ടതേയില്ല. പ്രസവം നടന്നു കാണുമായിരിക്കും. കുഞ്ഞിനേയും കൊണ്ട് അവൾ എന്തായാലും വരാതിരിക്കില്ല. അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം അവൾ വന്നു.അവളുടെ വയറൊഴിഞ്ഞിരുന്നു വല്ലാതെ ക്ഷീണിച്ചു ഞാൻ അവളുടെ കൈകളിലേക്ക് നോക്കി അത് ശൂന്യമായിരുന്നു. കുഞ്ഞെവിടെയെന്നു ഞാനവളോട് ചോദിച്ചു മുഖത്ത് ഒരു ഭാവമാറ്റവുമില്ലാതെ അവൾ പറഞ്ഞു അത് ചത്ത് പോയെന്നു. ജീവനില്ലാതെയാണത്രെ അതീ ഭൂമിയിലേക്ക് പിറന്നു വീണത്. അത് പറയുമ്പോൾ അവളുടെ മുഖത്ത് പതിവുള്ള നിസ്സംഗത മാത്രം. എനിക്കവളോട് പിന്നെയൊന്നും ചോദിക്കുവാൻ തോന്നിയില്ല. അവൾ പതിയെ ഗേറ്റ് കടന്നു പുറത്തേക്കു പോയി. ഇതെല്ലാം കണ്ടും കേട്ടും നിന്നിരുന്ന 'അമ്മ പറഞ്ഞു ,
"ആർക്കറിയാം എന്താ കാര്യമെന്ന് ജനിച്ചപ്പോൾ ജീവനിലായിരുന്നോ അതോ ഇനി ഇവളെന്തെങ്കിലും.... "
അതിൽപ്പിന്നെ അവളെ കാണുമ്പോൾ ഒരു കുഞ്ഞിന്റെ കരച്ചിൽ എന്റെ ചെവിയിൽ മുഴങ്ങുവാൻ തുടങ്ങി. ഞാൻ അവളോട് പഴയപോലെ സംസാരിക്കാതെയായി. എന്നാലും അവളിടയ്ക്കു വരും എന്തെങ്കിലും വാങ്ങി കഴിച്ചിട്ട് പോകും.
മാസങ്ങൾ കടന്നു പോയി അവളുടെ വയർ വീണ്ടും വീർത്തു വരുന്നുണ്ട് അവളുടെ കുഞ്ഞിനായി വാങ്ങിയ ഉടുപ്പുകൾ എന്റെ അലമാരയിൽ ഇരിപ്പുമുണ്ട്.

Anjali

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo