Slider

A true LOVE...

0

A true LOVE...
---------------------------------------------------------
വിശുദ്ധനായ ഗീവർഗീസേ
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ..
ഗായകസംഗം ആലപിക്കുന്ന ഗാനം പള്ളിമുറ്റത്ത് കൂടി നിക്കുന്നവരുടെ കാതുകളിലേക്ക് ഒഴുകിവന്നു..
ഒരു സൈഡിൽ ചെണ്ടയുടെ താളം..
വേറൊരു സൈഡിൽ ബാന്റുമേളക്കാർ..
എല്ലാത്തിനും മീതെ പള്ളിമണിയുടെ ശബ്ദം ഉയർന്നു കേട്ടു.. ഗീവർഗീസ് പുണ്യാളന്റെ പെരുന്നാളിന്റെ അവസാനദിവസത്തെ പ്രദിക്ഷണം താഴെ റോഡരികിലുള്ള കുരിശും തൊട്ടിയിലേക്ക് ഇറങ്ങി കഴിഞ്ഞു.. ജനങ്ങളെല്ലാം പള്ളിയുടെ മുൻപിലുള്ള നീണ്ട നടകളിൽ കൂടി രണ്ട് വരിയായി അണിനിരന്നു..
ചെണ്ടമേളക്കാരുടെ പ്രകടനം കണ്ട്‌ നിന്നിരുന്ന ആകാശ് അവർ നീങ്ങിയതിനനുസരിച്ചു വരിയിൽ ചേർന്നു..
ചെണ്ടക്കോൽ ചെണ്ടയിൽ ഉയർന്നു താഴുന്നതും നോക്കി നടന്ന ആകാശിന്റെ കണ്ണുകൾ അപ്പോഴാണ് എതിർ നിരയിലെ ഒരു പെൺകുട്ടിയിൽ പതിഞ്ഞത് .. ഒരു റോസ് നിറത്തിലുള്ള ചുരിദാർ അണിഞ്ഞിരിക്കുന്ന അവളുടെ മുഖം കയ്യിലിരിക്കുന്ന മെഴുകുതിരിയുടെ വെട്ടത്തിൽ വെട്ടി തിളങ്ങുന്നു.. ആകാശിന്റെ മനസ്സ് ചെണ്ടയുടെ താളത്തിൽ നിന്നും റോസാപ്പൂവിന്റെ നിറമുള്ള അവളിലേക്ക്‌ ഗതിമാറി..അവന്റെ കണ്ണുകളിൽ അവൾ മാത്രം നിറഞ്ഞു നിന്നു..അവളിട്ടിരുന്ന ചുരിദാറിന്റെ നിറം... റോസ്.. അവനേറ്റവും ഇഷ്ട്ടമുള്ള നിറമായിരുന്നു..പിന്നിയിട്ടിരിക്കുന്ന നീണ്ട മുടി അവളുടെ നടത്തിനനുസരിച്ചു നിതംബത്തിൽ തട്ടിക്കളിക്കുന്നത് ഇടക്കിടക്ക് അവന്റെ കണ്ണുകളെ അങ്ങോട്ട്‌ കൂട്ടിക്കൊണ്ടുപോയി...
പ്രദിക്ഷണം കഴിഞ്ഞു എല്ലാവരും പള്ളിയിൽ തിരിച്ചെത്തി.. ആകാശ് അവളെക്കുറിച്ച് എന്തെങ്കിലും അറിയാനായി അവളുടെ പുറകെ തന്നെയുണ്ടായിരുന്നു..പോയി പരിചയപ്പെടാൻ എന്തോ അവനു ധൈര്യം വന്നില്ല..അല്ലങ്കിൽ തന്നെ എന്ത് പറഞ്ഞു പരിചയപ്പെടും..
ഒരു ഡോക്ടർ ആയ ആകാശിന്റെ വീട് കുറച്ചു ദൂരെയാണ്.. ഈ പള്ളിയിലേ ഗീവർഗീസ് പുണ്യാളന്റെ പെരുന്നാളിന് ആകാശിന്റെ അമ്മ എല്ലാം വർഷവും വരാറുള്ളതാണ്.. ഈ വർഷം അമ്മക്ക് പനി പിടിച്ചു കിടപ്പായതിനാൽ ആകാശിനേ നിർബന്ധിച്ചു പറഞ്ഞു വീടുവാരുന്നു.. ഈ റോസാപ്പൂവിനെ കണ്ടതിനാൽ.. അതേതായാലും നന്നായി എന്ന് ഇപ്പൊ ആകാശിനു തോന്നി..
ആകാശ് നോക്കുമ്പോൾ ആ പെൺകുട്ടിയും, അമ്മയും, ഒരു വാഹനത്തിനുള്ളിലേക്കു കയറുന്നു.. അവരെയും കൊണ്ട് ആ വാഹനം അവനെ കടന്നു പോയി..പെട്ടന്ന് തന്നെ ആകാശും വണ്ടിയെടുത്തു ഒരു നിശ്ചിത അകലത്തിൽ അവരെ പിന്തുടർന്നു.. പത്ത് മിനിട്ടും കൊണ്ട് അവർ ഒരു വീടിന് മുൻപിലെത്തി... ആ റോസാപ്പൂവ് ഇറങ്ങി ഗേറ്റ് തുറന്നു... ആകാശ് ഒന്നുമറിയാത്തപോലെ അവരെ കടന്നു പോയി.. അപ്പോൾ അവൻ ഒന്നും കൂടെ കണ്ടു... ആ റോസാപൂവിനെ.. അവന്റെ മനസ്സ് ഒന്ന് തുടിച്ചു.. ഒരു ചെറു പുഞ്ചിരിയോടെ കുറച്ചു മുൻപിലായി കാർ തിരിച്ചു അവൻ മടങ്ങിപ്പോയി..
തിരിച്ചു വീട്ടിൽ ചെന്ന ആകാശ് അമ്മ മേരിക്ക് പള്ളിയിൽ നിന്നു കിട്ടിയ നേർച്ച കൊടുത്തു.. കൂടെ ഒരു ഉമ്മയും..
എന്നാടാ ഒരു സ്നേഹക്കൂടുതൽ.. ?
അങ്ങനെ തോന്നിയോ മേരിയമ്മക്ക്.. ?
അതല്ലേ ചോദിച്ചത്... നീ പെരുന്നാളിന്റെ വിശേഷങ്ങൾ ഒന്നും പറഞ്ഞില്ല.. !
പറയാം.. എന്റെ മേരിയമ്മേ..ഒരു നല്ല വിശേഷം പറയാനുണ്ട്‌..
എന്നതാടാ.. ചെറുക്കാ.. ?
മേരിയമ്മ ഈ നേർച്ച കഴിക്ക്.. അപ്പോഴത്തേക്കും ഞാൻ ഒന്ന് കുളിച്ചിട്ടു വരാം..
കാര്യം എന്നതാന്നു പറഞ്ഞിട്ട് പോടാ..
ഒരഞ്ചു മിനിറ്റ് ക്ഷമിക്ക് എന്റെ മേരിയമ്മേ.. ഞാനിതാ എത്തീ..
ആകാശ് പോയപ്പോൾ മേരി ഓർക്കുവാരുന്നു.. ചെറുക്കൻ വളർന്ന് വല്യ ഡോക്ടർ ആയെങ്കിലും കൊഞ്ചലിന് ഒരു കുറവും ഇല്ല.. എന്റെ ഈശോയെ.. ഒരു നല്ല പെണ്ണിനെക്കൂടി അവനു കൊടുക്കണേ..
മേരിയമ്മക്ക് ഒത്തിരി ചിന്തിക്കുന്നതിന് മുൻപ് ആകാശ് എത്തി..
പനി കുറഞ്ഞോ ശരിക്കും.. ?
ഇപ്പൊ ഇച്ചിരി കുറവുള്ള പോലെ..
പള്ളിയിൽ പോകാൻ മടിയായിട്ട് ചുമ്മാ കള്ളം പറഞ്ഞിരുന്നതല്ലേ മേരിയമ്മേ.. ?
പോടാ... ദൈവദോഷം പറയാതെ..
ഇനീ ഞാനും വരുന്നുണ്ട് എല്ലാ വർഷവും പുണ്യാളന്റെ പെരുന്നാളിന്..
എന്നാ പുണ്യാളനോട് ഒരു സ്‌നേഹക്കൂടുതൽ.. !!!
ഒന്നുമില്ലന്നേ.. നല്ല പെരുന്നാള് ആയിരുന്നു..പിന്നെ ഉഗ്രൻ ചെണ്ടമേളം.. ഭക്തിനിർഭരമായ പ്രദിക്ഷണം..
പിന്നെ...
ആകാശ് നിർത്തിയത് കണ്ട്‌ മേരിയമ്മ ചോദിച്ചു..
പിന്നെ... ?
മേരിയമ്മ ഇങ്ങോട്ട് ഒന്ന് എഴുന്നേറ്റിരുന്നേ.. പനിയാന്നും കള്ളം പറഞ്ഞു ചുമ്മാ കിടന്നോളും ..
ആകാശ് അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ചു ഭിത്തിയിൽ ചാരി ഇരുത്തിയിട്ട്.. അവൻ മേരിയുടെ മടിയിൽ തല വെച്ച് കിടന്നു..
മേരിയുടെ കൈ എടുത്ത്‌ അവൻ തലയിൽ വെച്ച് പറഞ്ഞു..
ചുമ്മാ ഇരിക്കാതെ എന്റെ തല ഒന്ന് മസ്സാജ് ചെയ്യ് മേരിയമ്മേ..
എന്റെ ചെറുക്കാ എനിക്ക് വയ്യാന്നു നിനക്കറിയില്ലേ.. കൈക്ക് ഒക്കെ ഒരു ബലവും ഇല്ല..
മേരിയമ്മേ..
ആകാശ് കാര്യം എങ്ങനെ പറയണമെന്നറിയാതെ വിളിച്ചു..
എന്താ മോനെ ഒരു സ്റ്റാർട്ടിങ് പ്രോബ്ലം.. ?
പെരുന്നാളിന് പോയിട്ട് പുണ്യാളച്ചൻ നിനക്ക് വല്ലോ ദർശനവും തന്നോ.. ?
വന്നപ്പോൾ തൊട്ട് ഞാൻ കാണുന്നുണ്ട് നിന്റെ മാറ്റം... കിടന്നുരുളാതേ കാര്യം പറ ചെറുക്കാ ..
അതേ..
ഊം... എന്താടാ..
ഞാൻ ഒരു റോസാപ്പൂവിനെ കണ്ടു..
എനിക്ക് തോന്നി.. നിന്റെ മനസ്സ് ഏതോ റോസായുടെ മുള്ളിലുടക്കിയിട്ടുണ്ടന്നു..
ഏത് സുന്ദരിയാ എന്റെ ചെറുക്കന്റെ മനസ്സിലുടക്കിയത്‌.. ?
പേരൊന്നും എനിക്കറിയില്ല..
നീ ചോദിച്ചില്ലേ.. ?
എങ്ങനെയാ മേരിയമ്മേ ചുമ്മാ ഓടിച്ചെന്നു ഒരു പെങ്കൊച്ചിനോട് പേര് ചോദിക്കുന്നേ..
വീട് ഞാൻ കണ്ടു വെച്ചിട്ടുണ്ട്.. നമ്മുക്ക് ആ ബ്രോക്കർ അയ്യപ്പൻ ചേട്ടനേ കൊണ്ടൊന്ന്‌ അന്വേഷിപ്പിക്കാം..
പിന്നെയേ... മേരിയമ്മ അപ്പച്ചനോട്‌ ഒന്ന് സൂചിപ്പിച്ചേരെ കേട്ടോ ..
ഈ മേരിയമ്മക്ക് മസ്സാജ് ചെയ്യാനും അറിയില്ല.. ഞാൻ പോകുവാ..
നീ ഇനിയും ഇങ്ങു വന്നേരെ..മസ്സാജ് ചെയ്യാനാന്നും പറഞ്ഞു..
എനിക്ക് മസ്സാജ് ചെയ്യാൻ ആള് വരുന്നുണ്ട്.. മേരിയമ്മ അപ്പച്ചന്റെ തല പിടിച്ചു മസ്സാജ് ചെയ്താൽ മതി...
എടാ... താന്തോന്നീ....
മേരിയുടെ വിളികേട്ട് ആകാശ് പൊട്ടിച്ചിരിച്ചുകൊണ്ട് അവിടെ നിന്നു പോയി...
-------------------------------------------------------
പിന്നെ കാര്യങ്ങൾ എല്ലാം പെട്ടന്ന് നടന്നു..
രണ്ടും നല്ല പേരുകേട്ട തറവാട്ടുകാർ..
ആ റോസാപ്പൂവിന്റെ പേര്.. റോസ്മരിയ..
ആളും ഡോക്ടർ.. രണ്ടുപേരും ഡോക്ടർ.. രണ്ടുപേർക്കും, വീട്ടുകാർക്കും ഇഷ്ട്ടപ്പെട്ടു..
ആകാശിന്റെയും, റോസ്മരിയയുടെയും ഒത്തു കല്യാണം കഴിഞ്ഞു..
സ്വർണ്ണവും, ഡ്രെസ്സും എടുക്കാൻ വന്നതാണ്‌ എല്ലാവരും..
ചെറുക്കനും, പെണ്ണിനും ഉള്ളതൊക്കെ എടുത്തു കഴിഞ്ഞു.. ഇനി വീട്ടുകാർക്കുള്ളതൊക്കെ എടുക്കണം.. അത് അവർക്ക് വിട്ടുകൊടുത്തിട്ടു ഇച്ചിരി കൊച്ചുവർത്തമാനം പറയാൻ പയ്യെ ആകാശും, റോസ്മരിയയും കൂടി അവിടെ നിന്നു മുങ്ങി..
നല്ല ചൂട്.. ഓരോ ജൂസ് കുടിക്കാം എന്നും പറഞ്ഞു റോഡിനു എതിർവശത്തെ ബേക്കറിയിലേക്കു നടക്കുവാരുന്ന അവരുടെ നേരെ പെട്ടന്ന് നിയന്ത്രണം വിട്ട ഒരു കാർ പാഞ്ഞു വന്നു.. ആകാശ് റോസ്മരിയയെ സർവ്വ ശക്തിയുമെടുത്തു തള്ളി.. ആകാശിനു ഒഴിഞ്ഞുമാറാനുള്ള സമയം കിട്ടിയില്ല.. ആകാശിന്റെ തള്ളലിൽ റോഡരികിലേക്ക് തെറിച്ചു വീണ റോസ്മരിയക്ക് ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല..
ഭയങ്കരമായ ശബ്ദത്തോടെ കാർ ബ്രേക്കിടുന്ന ശബ്ദം..ഉച്ചത്തിലുള്ള നിലവിളിയും.. ചാടിയെണ്ണീറ്റ റോസ്‌മരിയ ഒന്നേ നോക്കിയുള്ളൂ.. രക്തത്തിൽ കുളിച്ചു ആകാശ് റോഡിൽ.. അവൾ അവനടുത്തേക്കു കുതിച്ചെങ്കിലും പെട്ടന്ന് ബോധരഹിതയായി അവൾ നിലത്തേക്ക് വീണു...
------------------------------------------------------------
ആശുപത്രിയിയിൽ ഓപ്പറേഷൻ തിയേറ്ററിനു മുൻപിലെ ഒരു കസേരയിൽ മേരിയമ്മയെയും കെട്ടിപ്പിടിച്ചിരിക്കുവാണ് റോസ്‌മരിയ..അവൾ ഈ ഇരിപ്പ് തുടങ്ങിയിട്ട് മൂന്നു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു..ഒരു ഡോക്ടർ ആയിട്ടുകൂടി അവൾക്കു പലപ്പോഴും പിടിച്ചുനിൽക്കാൻ പറ്റിയില്ല..നിയന്ത്രണം വിട്ടുപോകുന്നു..ബാക്കി എല്ലാവരും അവിടവിടെയായി നിൽപ്പുണ്ട്..അകത്തു ഒരു അവസാനശ്രമമെന്നോണം ഓപ്പറേഷൻ നടക്കുവാണ് .. അതിന്റെ പിരിമുറുക്കം എല്ലാ മുഖങ്ങളിലും ഉണ്ട്..
അൽപ്പസമയങ്ങൾക്കകം ഒരു നേഴ്സ് വന്നു റോസ്‌മരിയയെ അകത്തേക്ക് വിളിക്കുന്നു എന്ന് പറഞ്ഞു.. അകത്തേക്ക് നടക്കുമ്പോൾ വല്ലാത്ത ഒരു ഭയം അനുഭവപ്പെടുന്നുണ്ടന്നു അവൾക്കു തോന്നി..
സീനിയർ സർജൻ ഡോക്ടർ അനിരുദ്ധ് അവളുടെ മുൻപിൽ എന്ത് പറയണമെന്നറിയാതെ ഇരുന്നു..
ഡോക്ടർ... റോസ്‌മരിയ വിളിച്ചു..
ദൈവം കാരുണ്യം കാണിച്ചില്ലങ്കിൽ തുടർ ചികിത്സകൾ കൊണ്ട് എത്രമാത്രം പ്രയോജനം ഉണ്ടന്ന് പറയാൻ പറ്റില്ല..ഒരു ഡോക്ടർ ആയതിനാൽ...റോസ്മരിയക്ക് ഞാൻ പറഞ്ഞത് എന്താണന്നു മനസ്സിലായികാണുമെന്നു വിചാരിക്കുന്നു ..ഡോക്ടർ അനിരുദ്ധ് പറഞ്ഞവസാനിപ്പിച്ചു..
കണ്ണുകൾ നിറഞ്ഞു വന്നത് അവൾ തുടച്ചിട്ട് വിഷാദം നിറഞ്ഞ പുഞ്ചിരിയോടെ
പറഞ്ഞു..
Thanks doctor.. Thank you so much..
പുറത്തേക്ക് വന്ന റോസ് മരിയക്ക് അറിയില്ലായിരുന്നു ആ അച്ഛനോടും, അമ്മയോടും എങ്ങനെ പറയും ആകാശിന്റെ അരക്കു താഴോട്ട് ചലനശേഷി നഷ്ട്ടപ്പെട്ടു എന്നുള്ള കാര്യം..
അവൾ വന്നു മേരിയമ്മയുടെ അടുത്തിരുന്നു.. മേരിയമ്മ അവളുടെ നിറഞ്ഞു വന്ന കണ്ണുകളിലേക്കു നോക്കി ചോദിച്ചു...
എന്താ മോളേ. . ?ഡോക്ടർ എന്താ പറഞ്ഞത്.. ?എന്താണെങ്കിലും പറഞ്ഞോ.. !!"
അവൾ മേരിയമ്മയേ കെട്ടിപ്പിടിച്ചു.. ശ്വാസമടക്കി റോസ്‌മരിയ പറയുന്നത് കേട്ടുനിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു..പക്ഷേ എല്ലാം കേട്ട മേരിയമ്മ മാത്രം കരഞ്ഞില്ല.. അവൾ റോസ്മരിയയെ തന്നിൽ നിന്നകറ്റി.. തുളുമ്പി നിന്ന കണ്ണുകൾ മേരിയമ്മ സാരിത്തലപ്പ് കൊണ്ട് തുടച്ചു..
റോസ്‌മരിയയുടെ മുഖം കൈകളിൽ എടുത്ത്‌ മേരിയമ്മ പറഞ്ഞു...
മോൾക്ക്‌ സങ്കടമുണ്ടാകും എന്ന് ഈ അമ്മക്കറിയാം.. സങ്കടപ്പെടരുത്..ദൈവത്തിനു എന്തെങ്കിലും ഒക്കെ പദ്ധതികൾ കാണും. അതൊന്നും മനുഷ്യരായ നമ്മുക്ക് മനസ്സിലാവില്ല.. കല്യാണം കഴിഞ്ഞില്ലല്ലോ..ഇപ്പൊ അതാ അമ്മക്കൊരാശ്വാസം.. എന്റെ മോൾ ഇനിയും ഇവിടെ നിക്കണ്ട..അച്ഛനെയും, അമ്മയെയും, അമ്മാവൻമാരെയും ഒക്കെ കൂട്ടി വീട്ടിലേക്കു പൊക്കൊ.. ഇനി എന്താ വേണ്ടതെന്നു വെച്ചാൽ ഞങ്ങൾ നോക്കിക്കൊള്ളാം..
അമ്മേ... റോസ്മരിയ ദയനീയമായി വിളിച്ചു..
മേരിയമ്മ റോസ്മരിയയെ കൂട്ടി എഴുന്നേറ്റു.. എല്ലാം കണ്ടു നിന്നിരുന്ന അവളുടെ അച്ഛന്റെയും, അമ്മയുടെയും, അമ്മാവന്മാരുടെയും അടുത്തേക്ക് അവളെ നീക്കി നിർത്തിക്കൊണ്ട് പറഞ്ഞു.. ഒത്തിരി നന്ദിയുണ്ട് .. നിങ്ങളുടെ ഈ സ്നേഹത്തിന്.. എത്ര ദിവസമായി എല്ലാ തിരക്കുകളും മാറ്റിവെച്ചു നിങ്ങൾ ഈ ആശുപത്രിവരാന്തയിൽ ഉറക്കമിളക്കുന്നു.. ഇനി നിങ്ങൾ മോളെയും കൂട്ടി പൊക്കൊള്ളൂ..നിങ്ങളുടെയൊക്കെ ഈ സ്നേഹം മറക്കില്ല ഒരിക്കലും..
അമ്മേ എന്നേ പറഞ്ഞു വിടല്ലേ.. ഞാൻ പോകില്ല.. ആകാശ് ഇങ്ങനെ കിടക്കുമ്പോൾ.. എന്നും പറഞ്ഞു റോസ്‌മരിയ ഓടി വന്നു മേരിയമ്മയേ കെട്ടിപ്പിടിച്ചു..
മേരിയമ്മ റോസ്മരിയയുടെ കൈ വിടുവിച്ചു..
ഈ അവസ്ഥയിലായിപ്പോയ എന്റെ മകനുവേണ്ടി മോളുടെ ജീവിതം പാഴാക്കികളയാൻ ഞാൻ സമ്മതിക്കില്ല..
ഇനിയും മോള് ഇവിടെ വരരുത്..എല്ലാം മറന്നു മോൾ ഒരു വിവാഹം കഴിച്ചു ജീവിക്കണം..
മേരിയമ്മയെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ അവരുടെയൊക്കെ കണ്ണുകൾ നിറഞ്ഞിരുന്നു.. റോസ്‌മരിയയുടെ അമ്മ മേരിയമ്മയെ കെട്ടിപ്പിടിച്ചതിനു ശേഷം വിങ്ങിപ്പൊട്ടി അവിടെ നിന്നു പുറത്തേക്ക് പോയി.. പുറകെ മറ്റുള്ളവരും...
അവസാനം റോസ്‌മരിയയും, അച്ഛനും ബാക്കിയായി..
മേരിയമ്മ വന്നു റോസ്‌മരിയയെ കെട്ടിപ്പിടിച്ചു മൂർദ്ധാവിൽ ഒരു ചുംബനം കൊടുത്തിട്ട് വേഗത്തിൽ തിരിഞ്ഞ് നടന്നു...
മടിച്ചു നിന്ന റോസ്‌മരിയയെ അൽപ്പം ബലത്തിൽ ചേർത്തുപിടിച്ചുകൊണ്ട് റോസ്‌മരിയയുടെ അച്ഛൻ പുറത്തേക്ക് പോയി..
ആരുമില്ലാതായ വരാന്തയിലേ ഭിത്തിയിൽ ചാരി നിന്നിരുന്ന മേരിയമ്മയുടെ അടുത്തേക്ക് അതുവരെ പിടിച്ചുനിന്നിരുന്ന ആകാശിന്റെ അച്ഛൻ വന്നു ചോദിച്ചു ..
നിനക്ക് ഇനിയെങ്കിലും ഒന്ന് പൊട്ടികരഞ്ഞു കൂടെ മേരി..
എന്റെ അച്ചായാ...നമ്മുടെ കുഞ്ഞിന് ഈ ഗതി വന്നല്ലോ.. എന്ന് പറഞ്ഞു മേരി ഭർത്താവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. ഇതുവരെ ഉള്ളിൽ അടക്കി വെച്ചിരുന്ന എല്ലാ സങ്കടങ്ങളും അവൾ ആ കരവലയത്തിനുള്ളിൽ നിന്നു ഒഴുക്കിക്കളഞ്ഞു..പരസ്പ്പരം ആശ്വസിപ്പിക്കാനാവാതെ ആ അച്ഛനും, അമ്മയും ഹൃദയം പൊട്ടിക്കരഞ്ഞു..
----------------------------------------------------------
വീട്ടിൽ ചെന്നിറങ്ങിയ റോസ്‌മരിയയുടെ തീരുമാനം.. ആകാശിനേ കല്യാണം കഴിക്കണം എന്നതാണന്നറിഞ്ഞപ്പോൾ എല്ലാവരും ഒന്നടങ്കം എതിർത്തു..
ആകാശും, വീട്ടുകാരും ഒട്ടും സമ്മതിച്ചില്ല..
പക്ഷേ പാറ പോലെ ഉറച്ച അവളുടെ തീരുമാനത്തിന്റെയും, ആകാശിനോടുള്ള
അവളുടെ സ്നേഹത്തിന്റെയും മുൻപിൽ എല്ലാവരും മുട്ടുമടക്കി..
എല്ലാവരും സമ്മതിച്ചെങ്കിലും തന്നെക്കൊണ്ട് ഒരു ദാമ്പത്യജീവിതം നയിക്കാൻ കഴിയില്ലന്നറിയാമായിരുന്ന ആകാശ് അവസാനം വരെ ശക്തിയായി എതിർത്തു..
അവൾ ആകാശിന്റെ അടുത്തിരുന്നു..
അവൻ അവളെ നോക്കുക പോലും ചെയ്യാതെ ദേഷ്യത്താൽ മുഖം തിരിച്ചു കിടന്നു..
ആകാശ്... ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ.. ഇങ്ങോട്ടൊന്ന് നോക്കുവോ.. ?
നോക്കാതിരുന്ന ആകാശിന്റെ മുഖം അവൾ തനിക്കടുത്തേക്ക് തിരിച്ചു..
അപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവൾ തന്റെ കൈകൾ കൊണ്ട് ആ കണ്ണുനീർ തുടച്ചു..
ആകാശല്ലാതെ വേറൊരാളെ എനിക്ക് എന്റെ ജീവിതത്തിൽ ഓർക്കാൻ പോലും വയ്യ.. സത്യമാണ് ഞാൻ പറയുന്നത്..
I LOVE YOU AKASH... എന്നേ ഒന്ന് മനസ്സിലാക്കൂ... പ്ലീസ് ആകാശ്..
ഞാൻ തിരിച്ചു കൊണ്ടുവരും ആകാശിനേ.. പഴയ ആകാശായി..
നീ എന്താ ചിന്തിച്ചു വച്ചിരിക്കുന്നേ.. ഡോക്ടർ അനിരുദ്ധ് എന്നോട്‌ എല്ലാം പറഞ്ഞു.. ഞാനുമൊരു ഡോക്ടറല്ലേ റോസ്..എനിക്കറിയാം ഈ കിടപ്പിൽ നിന്നും എനിക്കൊരു മോചനമില്ലന്ന്.. എന്നെക്കൊണ്ട് കഴിയില്ല ഒന്നിനും,... ഒന്നിനും കഴിയില്ല ..ദയവു ചെയ്തു റോസ് എന്റെ അടുത്തൂന്നു ഒന്ന് പോയിതരൂ..
ആകാശ്.. തളർന്നുപോകരുത്.. ആകാശിനേ ഈ അവസ്ഥയിൽ ഉപേക്ഷിച്ചു പോയാൽ എനിക്കൊരിക്കലും മനസ്സമാധാനം കിട്ടില്ല..ഞാൻ ഇഷ്ട്ടപ്പെട്ടതും, സ്നേഹിച്ചതും, ആകാശിന്റെ ശരീരത്തെയല്ല, മനസ്സിനെയാണ്.. ആ മനസ്സ് മാത്രം മതി എനിക്ക്.. ഞാൻ നോക്കിക്കൊള്ളാം പൊന്നുപോലേ.. എന്നേ ഒന്ന് അനുവദിച്ചാൽ മതി..
ആകാശിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. റോസ് തന്റെ ചുണ്ടുകളാൽ ആ കണ്ണുനീർ തുടച്ചു കളഞ്ഞു.. അവൻ എതിർത്തില്ല..
കണ്ണുകളടച്ചു അവൻ കിടന്നു..
ഒരാഴ്ചക്ക് ശേഷം തിങ്ങി നിറഞ്ഞു നിന്ന ജനസഞ്ചയത്തെ സാക്ഷിയാക്കി വീൽചെയറിൽ ഇരുന്നുകൊണ്ട് ആകാശ് മുട്ടു കുത്തി നിന്ന റോസിന്റെ കഴുത്തിൽ മിന്നു ചാർത്തി..
-----------------------------------------------------
കല്യാണം കഴിഞ്ഞിട്ട് റോസ് ആദ്യം ചെയ്തത് ആകാശിനെയും കൊണ്ട് ഒരു പുതിയ വീട്ടിലേക്കു മാറി..ഒരു റിമോട്ടുള്ള വീൽചെയർ വാങ്ങി... വീട്ടിൽ എവിടെ വേണമെങ്കിലും വീൽചെയറിൽ പോകാനാകുന്ന വിധമാക്കി.. എല്ലായിടത്തും അവനെയും കൊണ്ട് അവൾ പോയി.. രോഗികളെ നോക്കാനായി വീട്ടിൽ തന്നെ ഒരു കൺസൾട്ടിങ്‌ റൂം തുറന്നു... ഓരോയിടത്തും ആത്മവിശ്വാസം പകർന്നു കൂടെ നിന്നു ..സ്നേഹം കൊണ്ട് അവനെ വീർപ്പുമുട്ടിച്ചു...
ഒരു ദിവസം ആർത്തു പെയ്യുന്ന മഴത്തുള്ളികളെ നോക്കി ആകാശ് റോസ്‌മരിയയുടെ മടിയിൽ കിടക്കുവാരുന്നു.. അവൾ അവന്റെ മുടിയിഴകളിലൂടെ കയ്യോടിച്ചു കൊണ്ടിരുന്നു.. ആ കൈകൾ എടുത്ത്‌ തന്റെ കവിളിൽ വെച്ചുകൊണ്ട് ആകാശ്
ചോദിച്ചു...
എങ്ങനെ കഴിയുന്നു റോസ് നിനക്ക് ഇങ്ങനെയൊക്കെ.. ?
അവൾ അവന്റെ നെറ്റിയിൽ ചുണ്ടമർത്തി പറഞ്ഞു... I love youuu...
ഞാനാരുന്നെങ്കിൽ ചിലപ്പോൾ നിന്നെ വിട്ട് വേറെ കല്യാണം കഴിച്ചേനെ.. ആർക്കും കഴിയില്ല റോസ് നിന്നെപ്പോലെ ആകാൻ..
മറുപടിയായി അവൾ വീണ്ടും അവനെ ചുംബിച്ചു..
---------------------------------------------------------
പത്ത് വർഷങ്ങൾക്കു ശേഷം...
ഗീവർഗീസ് പുണ്യാളന്റെ പെരുന്നാളിന് ചെണ്ടമേളം കണ്ടുനിൽക്കുമ്പോൾ അലീന എന്ന മൂന്നുവയസ്സുകാരി അവളുടെ അച്ഛനോട് ചോദിച്ചു..
അച്ഛൻ പണ്ട് ഇവിടെ വെച്ച് കണ്ട റോസാപ്പൂവിനെ കാണിച്ചു തരാമെന്ന് പറഞ്ഞിട്ടോ..
നോക്കട്ടെ പെണ്ണേ.. ഇവിടെ വന്നിട്ടുണ്ടോന്നു അറിയില്ലല്ലോ...
അയാൾ ചുറ്റും കണ്ണോടിച്ചു...
കണ്ടു അലീനക്കുട്ടീ... ദേ... അങ്ങോട്ട്‌ നോക്ക്...
ചെണ്ടമേളക്കാരുടെ ഇടയിൽക്കൂടി നോക്ക്.. ഒരു റോസ് സാരി ഉടുത്തുനിക്കുന്നത് കണ്ടോ.. ?
അതെന്റെ അമ്മയല്ലേ ഡോക്ടറേ.... ?
അതാണ് അച്ഛന്റെ റോസാപ്പൂവ്..അച്ഛനേ സ്നേഹം കൊണ്ട് തോൽപ്പിച്ചു കളഞ്ഞ അലീനക്കുട്ടിയുടെ അമ്മ..
റോസേ.... അലീന നീട്ടിവിളിച്ചു..
റോസ്‌മരിയ നോക്കുമ്പോൾ ആകാശും, അലീനമോളും കൂടി ചെണ്ടമേളക്കാരുടെ താളത്തിനൊത്തു തുള്ളുന്നു..
അവളുടെ കണ്ണുകൾ സന്തോഷാശ്രുക്കളാൽ നിറഞ്ഞു.. നന്ദി സൂചകമായി അവൾ പള്ളിയുടെ ഏറ്റവും മുകളിൽ ദീപപ്രഭ ചൊരിഞ്ഞു നിൽക്കുന്ന കുരിശിലേക്കു നോക്കി.. അപ്പോൾ പ്രദിക്ഷിണം ഇറങ്ങുന്നതറിയിച്ചുള്ള പള്ളിമണി മുഴങ്ങി ..
By....ബിൻസ് തോമസ്‌....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo