Slider

വാട്ട്സ് ആപ്പ് -5

0
വാട്ട്സ് ആപ്പ് -5
ശക്തമായ കാറ്റിൽ വഴിയരുകിൽനിന്ന ഒരുവൃക്ഷം ആരോവെട്ടിയിട്ടതുപോലെ റോഡിലേക്ക് വീണു.. ഹോ ! ഞെട്ടിപ്പോയ നിമിഷങ്ങൾ.. ഡ്രൈവർ സുമോദിന്റെ അവസരോചിതമായ പ്രവർത്തനംമൂലം കഷ്ടിച്ച് ജീവൻ തിരിച്ചുകിട്ടി... പിന്നിൽനിന്ന് ജോണിന്റെ ദീർഘനിശ്വാസം..
ഒരു സെക്കന്റിന്റെ അറുപത്തിലൊന്നു സമയം.. അതാണ്.. തലനാരിഴയ്ക്ക് രക്ഷപ്പെടുക എന്നൊക്കെ കേട്ടിട്ടേയുള്ളു.. സുമോദ് വണ്ടി നിറുത്തി. രാജീവും ജോണും ഇറങ്ങി പരിസരമൊക്കെ വീക്ഷിച്ചു..
'ജോൺ.. കണ്ട്രോൾ റൂമിൽ വിളിച്ചുപറയൂ.. ഇല്ലെങ്കിൽ അപകടമാണ്.. ഇനി വരുന്ന വണ്ടിക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ..
രാജീവ് ഡേവിഡിനെ ഫോണിൽ വിളിച്ചു.. റിങ് പോകുന്നുണ്ട്.. പക്ഷേ ....
സൂയിസൈഡ് പോയിന്റിന്റെ ഗേറ്റിൽ വണ്ടി നിറുത്തുമ്പോൾ സെക്യൂരിറ്റിയുടെകൂടെ രണ്ടുപോലീസുകാർ ഉണ്ടായിരുന്നു.. അവർ ചാടിയെണീറ്റ് സല്യൂട്ട് ചെയ്തു..
'മഞ്ഞെങ്ങിനെ ....?'
'കട്ടിയായ മൂടൽമഞ്ഞാണ് സർ.. '
'ഡേവിഡ്... ?'
'അവിടെയുണ്ട് സർ.. മൂന്നു ക്രെയിനുകൾ വരുത്തിയിട്ടുണ്ട്..'
ജീപ്പ് സൂയിസൈഡ് പോയിന്റ് ലക്ഷ്യമാക്കി നീങ്ങി.. മുന്നിൽ ഒരിഞ്ചുസ്ഥലം കാണാൻ പറ്റുന്നില്ല.. സുമോദ് വളരെ ശ്രദ്ധയോടെ വണ്ടി ഓടിച്ചുകൊണ്ടിരുന്നു....
മഴ ശമിച്ചിരുന്നു.. രാജീവും ജോണും വണ്ടിയിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു.. ആദ്യത്തെ ഇറക്കത്തിൽത്തന്നെ ഫോഗ് ലൈറ്റുകൾ കണ്ടു.. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടംപോലെ..
'ഡേവിഡ് എവിടെ?'
'സർ.. താഴെയാണ് സർ.' ആരോ മറുപടി പറഞ്ഞു.
ദുർഘടം പിടിച്ച സ്ഥാനത്താണ് ക്രെയിൻ ഫിക്സ് ചെയ്തിരിക്കുന്നത്.. രാജീവ് ജോണിനെ അവിടെ നിറുത്തിയിട്ട് താഴെയുള്ള മുനമ്പിലേക്ക് ഇറങ്ങി.. ശക്തിയേറിയ ടോർച്ചിന്റെ വെട്ടത്തിൽപോലും അയാൾക്ക് അത് ബുദ്ധിമുട്ടായിത്തോന്നി..
ക്രെയ്‌നിന്റെ റോപ്പ് ഉയർന്നുവന്നുകൊണ്ടിരിക്കുന്നു..
'ഡേവിഡ്.. എന്തായി ?'
'സർ ഒരു ബോഡി കിട്ടി.. പെൺകുട്ടിയാണ് ..അഴുകിയിട്ടുണ്ട്.. മരത്തിന്റെ കൊമ്പിൽ തങ്ങിനില്ക്കുകയായിരുന്നു.. താഴേക്ക് പതിക്കാഞ്ഞത് ഭാഗ്യം.. അല്ലെങ്കിൽ ഏകദേശം 1300 താഴ്ചയിലാണ് ആദ്യത്തെ നിരപ്പ്.. '
'വേറെന്തെങ്കിലും..അവളുടെ ബാഗോ.. മൊബൈൽ ഫോണോ.. അങ്ങിനെവല്ലതും..
'ഇല്ല സർ.. അവർ നോക്കുന്നുണ്ട്... '
മുക്കാൽ മണിക്കൂറിനുള്ളിൽ ബോഡി മുകളിലെത്തി.
സെർച്ച് ലൈറ്റുകളുടെ വെട്ടത്തിൽ രാജീവ് ബോഡി പരിശോധിച്ചു.. അയാളുടെ ഊഹം തെറ്റിയില്ല..
'ഓഹ് മൈ ഗോഡ് ! ജോൺ നിധിയുടെ ഫോട്ടോ കൊണ്ടുവരൂ..'
രാജീവ് തലയിൽനിന്ന് തൊപ്പിയൂരി... അപ്പോൾ അയാളുടെ കണ്മുന്നിൽ കരഞ്ഞുകൊണ്ടുനില്ക്കുന്ന നിധിയുടെ മാതാപിതാക്കളുടെ രൂപമായിരുന്നു.
നിധിയുടെ ബോഡി ഫസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയശേഷം ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിട്ടു, ഡേവിഡിനോട് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിക്കാനും രാവിലെ വീണ്ടും തുടരാനും പറഞ്ഞിട്ട് രാജീവും ജോണും അവിടെനിന്നു തിരിച്ചു.
സോന തോമസ് ഏലപ്പാറയിൽ കാത്തുനില്ക്കുന്നുണ്ട്...എട്ടരയ്ക്ക് വരണമെന്നാണ് അവനോട് പറഞ്ഞത്.. കുറച്ചകലെമാറി പോലീസ്ജീപ്പിൽ രാജീവ്... സോന നില്ക്കുന്ന സ്റ്റോപ്പിൽ രണ്ടു വനിതാപൊലീസുകാരെ മഫ്തിയിൽ നിറുത്തിയിട്ടുണ്ട്.. വാഗമൺ പോകാനായിവന്ന ഒരു ട്രാവലർ റോഡരുകിൽ നിറുത്തിയിട്ടിട്ടുണ്ട്.. കണ്ടിട്ട് ഏതോ ഓഫീസിൽ നിന്ന് ടൂർ വന്നവരാണെന്നു തോന്നുന്നു
കൃത്യം എട്ടു മുപ്പത്തഞ്ചിന് അവനെത്തി... എന്തൊക്കെയോ അവർതമ്മിൽ സംസാരിച്ചു.. അവൾ അവന്റെ ബൈക്കിന്റെ പിന്നിൽ കയറി.. ബൈക്ക് വാഗമൺ ലക്ഷ്യമാക്കി നീങ്ങി.. രാജീവ് തയ്യാറാക്കി നിറുത്തിയിരുന്ന ബുള്ളറ്റിൽ കയറി.. ഹെൽമെറ്റ് എടുത്തു ധരിച്ചു.. ഒരു നിശ്ചിത അകലത്തിൽ അവരെ പിന്തുടർന്നുകൊണ്ടിരുന്നു.. ട്രാവലർ പതിയെ അനങ്ങിത്തുടങ്ങി..
സൂയിസൈഡ് പോയിന്റിൽ രമേശും ജോണും അതിരാവിലെതന്നെ എത്തിയിരുന്നു.. ഡേവിഡിന്റെ ടീമും പോലീസും അതിനുമുന്നേതന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു.. ഭാഗ്യം മഴയില്ല.. മഞ്ഞും. ഒരു ട്രാവലർ ഗേറ്റ് കടന്ന് പാർക്കിംഗ് ലോട്ടിലെത്തി.. ഇറങ്ങിയവരോട് ജോൺ എന്തോ സംസാരിച്ചു.. അവർ ഏകദേശം പതിനഞ്ചുപേരോളം ഉണ്ടായിരുന്നു.. രണ്ടാമത്തെ കുന്നുകയറി അവർ പലയിടങ്ങളിലായി കാഴ്ചകൾ കണ്ടുനടന്നു.
സോന ബൈക്കിന്റെ പിന്നിൽ ഒന്നും മിണ്ടാതെയിരുന്നു.. അവന് അതസഹനീയമായിത്തോന്നി...
'നീയല്ലേ പറഞ്ഞത് അങ്ങോട്ട് പോകണ്ടാ.. അപകടമാണെന്ന്.. പിന്നെന്താ ഇപ്പോൾ? അവൻ ചോദിച്ചു.
'അവിടെ ചെല്ലുന്നവരെ എന്നോടൊന്നും ചോദിക്കല്ലേ.. ഞാനെല്ലാം പറയാം. '
ബൈക്ക് ചീറിപ്പാഞ്ഞുകൊണ്ടിരുന്നു.. ഇതിനിടക്ക് രാജീവിന്റെ ബുള്ളെറ്റ് അവരെ ഓവർടേക്ക് ചെയ്തു കടന്നുപോയി..
രാജീവിന്റെ മൊബൈൽ ശബ്ദിച്ചു.. അയാൾ ബൈക്ക് സൈഡിലൊതുക്കി ഫോണെടുത്തു.
'ഗുഡ്... രമേശിനോട് അത് ഡീ-കോഡ് ചെയ്യാൻ പറയൂ.. ഞാനെത്തിക്കഴിഞ്ഞു.. ഡേവിഡിനോട് അയാളുടെ എല്ലാ സെറ്റ് അപ്പും അവിടെനിന്നു മാറ്റാൻ പറയൂ... ക്വിക്ക്.. നിങ്ങളും.. '
രാജിവിനെക്കടന്ന് സോന കയറിയ ബൈക്കും ട്രാവലറും പോയി..
രാജീവ് ജോണിനെ വീണ്ടും വിളിച്ച് എന്തൊക്കെയോ ഇൻസ്ട്രക്ഷൻസ് കൊടുത്തു.. ബുള്ളറ്റ് വീണ്ടും സ്റ്റാർട്ട് ആയി...
രാജീവ് അതിവേഗം ഓടിച്ചുകൊണ്ടിരുന്നു.. ഫോണിൽ സംസാരിച്ച സമയംകൊണ്ട് സോന കയറിയ ബൈക്ക് വളരെദൂരം മുൻപോട്ട് പോയിരുന്നു... രാജീവ് അതത്ര കാര്യമായി എടുത്തില്ല..
ഗേറ്റിൽ രാജീവ് എത്തുമ്പോൾ മഫ്തിയിലുള്ള പോലീസുകാരെകണ്ട് സല്യൂട്ട് അടിക്കരുതെന്ന് കണ്ണുകൾകൊണ്ട് പറഞ്ഞു മുന്നോട്ടെടുത്തു. ട്രാവലറിൽ എത്തിയവർ അപ്പോൾ പാർക്കിങ്ങിൽ എത്തിയിരുന്നു.. ജോണും രമേശും വഴിയിൽ രാജീവിനെ കണ്ടു.
ഡീ-കോഡ് ചെയ്ത മെസ്സേജുകൾ രാജീവ് പെട്ടെന്ന് വായിച്ചുതീർത്തു....
'ഓക്കേ.. നിങ്ങൾ പൊസിഷൻ എടുത്തോ? ക്യാമറകൾ സജ്ജമല്ലേ ?;.....വണ്ടികൾ..??'
സോനയും കൂട്ടുകാരനും ബൈക്ക് ഒതുക്കിയിട്ട് മൊട്ടക്കുന്നിറങ്ങി നടന്നു..
'നീ എന്താ പറയാമെന്നു പറഞ്ഞത്..'
സോന ചുറ്റുംനോക്കി.. അവൾക്കറിയാം എവിടെയെങ്കിലും പോലീസുകാർ പതിയിരുപ്പുണ്ടാകുമെന്ന്...അടുത്തെങ്ങും ആരുമില്ല.. ഇവിടെവച്ച് അവനേ കാര്യങ്ങൾ ഗ്രഹിപ്പിക്കണം.. ഇല്ലെങ്കിൽ ? പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.. തന്നേ കരുവാക്കി അവനെന്തെങ്കിലും അറിയാമോ എന്നന്വേഷിക്കുകയാണ് അവരുടെ ലക്‌ഷ്യം.. രക്ഷിക്കണം..അതിനുമുൻപ് അവളെ തള്ളിയിട്ട സ്ഥലം നോക്കണം.. ഇനി അവളൊരിക്കലും എണീറ്റവരില്ല... അവളുടെ ഫോൺപോലും കൊക്കയിലെറിഞ്ഞതുകൊണ്ട് അവൻ സേഫ് ആണ്.
'എനിക്കൊത്തിരി ടെൻഷൻ ഉണ്ടായിരുന്നു.. അവൾ.. അവളുടെ വീട്ടുകാർ അവളെക്കാണാഞ്ഞപ്പോൾ പോലീസിൽ പരാതികൊടുത്തു കാണില്ലേ ?'
'ഉണ്ടെന്നാണ് തോന്നുന്നത്.. ഞങ്ങളെ കുറേപ്പേരേ കഴിഞ്ഞദിവസം പോലീസ് പൊക്കി ഞാൻ നിന്നോട് പറയാഞ്ഞതാ.. നീ ടെൻഷൻ അടിക്കുമെന്നു കരുതി.. '
ഇപ്പോൾ ഞെട്ടിയത് സോനയാണ്.. കുരുക്കുകൾ മുറുകുകയാണോ? കൂൾ ആയിരിക്കുകയാണ് വേണ്ടത്..
'എന്നിട്ട് .. ?'
'എന്നിട്ടെന്താ ഞാൻ നൈസ് ആയിട്ട് ഊരിപ്പോന്നു.. എനിക്കറിയാമായിരുന്നു അവളുടെ ,കേസുമായി ബന്ധപ്പെട്ടാണ് അതെല്ലാം സംഭവിച്ചതെന്ന്.. ഇനി പ്രശ്നമില്ല.. എങ്കിലും നിന്നോടൊന്നു സംസാരിക്കണമെന്ന് തോന്നി.. ആ സ്ഥലത്ത് നിന്നെക്കൊണ്ടുപോയി കാണിക്കണമെന്നും.. അതാ ഞാൻ വിളിച്ചത്.. അപ്പൊ നിനക്കെന്നെക്കാളും തിടുക്കമാണ് ആ സ്ഥലം കാണാൻ എന്നല്ലേ ഇന്നലെ പറഞ്ഞത്'
സോന വീണ്ടും പലയിടത്തും കണ്ണുകൾ പായിച്ചു. ഇതുവരെ പോലീസുകാരെയൊന്നും കണ്ടില്ല.. പക്ഷേ അവർ കൂടെയുണ്ട്.. മൊട്ടക്കുന്നിലെത്തി.. താഴെ സൂയിസൈഡ് പോയിന്റ്... ആത്മഹത്യമുനമ്പ്.. ചുറ്റും നില്ക്കുന്നവരൊക്കെ അവരവരുടെ കാര്യങ്ങളിൽ വ്യാപൃതരാണ്... മിക്കവരും സെല്ഫിയെടുക്കുന്നു.. ഫേസ്ബുക്കിലും വാട്ട്സാപ്പിലുമൊക്കെ അപ്പോൾത്തന്നെ ഷെയർ ചെയ്യുന്നു... താഴെ മുനമ്പിൽ ആരുമില്ല.. സംസാരിക്കാൻ നല്ലത് അവിടെയാണ്..
'വാ.. നമുക്ക് താഴെയിറങ്ങാം.. അവിടെനിന്നാൽ വ്യക്തമായി അവൾപോയ സ്ഥലം കാണാം.. ഇന്നിപ്പോൾ മഞ്ഞില്ലാത്തതുകൊണ്ട്.. ക്ലിയർ ആവും..' അവൻ അവളുടെ കൈയിൽപിടിച്ച് പതിയെ താഴേയ്ക്കിറങ്ങി...
സാധാരണ ഡ്രെസ്സിലായിരുന്ന രാജീവും..ഒരു കാഴ്ചക്കാരനെപ്പോലെ അയാൾ അവിടെ കറങ്ങി നടന്നു.. മൊട്ടക്കുന്നിന്റെ മുകളിലെത്തിയ രാജീവിന് ഇപ്പോൾ അവരെ രണ്ടുപേരെയും കാണാമായിരുന്നു..... രാജീവ് ഡേവിഡിനെ വിളിച്ചു..' നെറ്റ് ഇൻടാക്‌ട് ആണല്ലോ അല്ലേ ? .. എല്ലാവരോടും അലർട്ട് ആയിട്ടിരിക്കാൻ പറയൂ'
രാജീവിന്റെ ഒരുകൈ പാന്റിന്റെ പോക്കെറ്റിൽ കിടക്കുന്ന റിവോൾവറിൽ വിശ്രമിക്കുകയായിരുന്നു.. കണ്ണൊന്നു ചിമ്മാൻപോലും രാജീവിന് ഭയമായിരുന്നു.. അതു സംഭവിക്കും.. ഏതു നേരത്തും....
സോനയും കൂട്ടുകാരനും ഇപ്പോൾ മുനമ്പിലാണ്.. അവൻ അവളെ ഓരോന്നും ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നു.. അവൾ മനസ്സില്ലാമനസ്സോടെയെങ്കിലും ചുണ്ടിൽ ചിരി വരുത്തി..
'എന്തിനാണ് നീയത് ചെയ്തത്.. ?' സോന ചോദിച്ചു.
'നിനക്കറിയില്ലേ.. അവൾ ഗർഭിണിയാണെന്ന് പറഞ്ഞു.. എപ്പോഴോ.. ഞാൻ അവളെ ഒഴിവാക്കിയതായിരുന്നു..നിനക്കുവേണ്ടി.. വീണ്ടും വീണ്ടും അവൾ വിളിച്ചുകൊണ്ടിരുന്നു.. ഇതുപോലെ എന്തോ പറയാനുണ്ടെന്ന് പറഞ്ഞാണ് അന്ന് വിളിച്ചത്.. ഞാൻ വന്നു.. അവൾ ആ സത്യം പറഞ്ഞു.. പിന്നെ എന്റെമുന്നിൽ വേറെ മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല.. തള്ളിയിട്ടു.. '
സോന ചിരിച്ചു..
'അവൾക്ക് ഗർഭമുണ്ടായിരുന്നില്ല... നിന്റെ സ്നേഹത്തിന്റെ ആഴമറിയാൻ അവൾ നിന്നോട് നുണ പറഞ്ഞതാ.. അവൾ എന്നോട് പറഞ്ഞിട്ടാണ് വന്നത്.. ഞാനും നീയും തമ്മിലുള്ള ബന്ധം അവൾക്കറിയില്ലായിരുന്നല്ലോ? അവളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരി ഞാനായിരുന്നു..'
സോന വീണ്ടും ചിരിച്ചു.. അവൻ അവളെ കെട്ടിപ്പിടിച്ചു...
'ഞാനിവിടെനിന്നാ ഫോൺ അങ്ങോട്ട് എറിഞ്ഞുകളഞ്ഞു.. ഇതുപോലെ ' പറഞ്ഞിട്ട് അവൻ സോനയെ ഒറ്റത്തള്ള്...
'ആക്ഷൻ' രാജീവ് അലറി..
അവൻ തിരിഞ്ഞുനോക്കുംമുമ്പേ റിവോൾവറിന്റെ പാത്തികൊണ്ടുള്ള രാജീവിന്റെ പ്രഹരം അവന്റെ മുഖത്തേറ്റിരുന്നു.. അവനും രാജീവും മുനമ്പിന്റെ അറ്റത്തേക്ക് മറിഞ്ഞു.. വീഴുംമുമ്പേ രാജീവ് അവന്റെ കാലുകളിൽ പൂട്ടിട്ട് പിന്നോട്ട് തള്ളി..
കണ്ണുചിമ്മുന്നനേരംകൊണ്ട് അവനെ രാജീവ് കീഴ്‌പ്പെടുത്തി ജോണിനെ ഏല്പിച്ചു.
മുനമ്പിൽനിന്നു താഴേക്ക് മറിഞ്ഞുപോയ സോന കൃത്യം മുനമ്പിനോട് ചേർന്നു വിരിച്ചിരുന്ന വലയിലുടക്കി വലയിലേക്കുതന്നെ വീണു.. ഒന്നൂയലാടി വല നേരെയായി..
ഏകദേശം അരമണിക്കൂറോളം സമയമെടുത്തു സോനയെ അതിൽനിന്നു പുറത്തെടുക്കാൻ.. അവൾക്ക് അതപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല..
അവരെയുംകൊണ്ട് പാർക്കിങ്ങിൽ എത്തിയപ്പോഴേക്കും പോലീസ് വാഹങ്ങങ്ങളും ഫയർ ഫോഴ്‌സിന്റെ വണ്ടികളും അവിടെ എത്തിയിരുന്നു..ട്രാവലറിൽ ഉള്ളവർ അവർക്ക് വലയം തീർത്തുനിന്നിരുന്നു...
രാജീവ് വീഡിയോ പരിശോധിച്ച് അതിന്റെ ക്ലാരിറ്റി ഉറപ്പുവരുത്തി.
'നീ... വിശാഖ്.. റൈറ്റ് ?.. നിധിയുടെ കാമുകൻ.. അയൽക്കാരൻ.. ഇവളോടുപോലും ഞാൻ നിന്റെ പേര് ചോദിച്ചില്ല,, കാരണം.. ഇവൾതരുന്ന ഒരു തെറ്റായപേരുപോലും ചിലപ്പോൾ എന്നെ വഴിതെറ്റിച്ചേനേ.... ഇനി പറയൂ നിധി എവിടെ ?'
'എനിക്കറിയില്ല.. '
രാജീവ് അവന്റെ മുഖമടച്ച് ഒരെണ്ണം കൊടുത്തു.. 'പന്നപ്പുലയാടിമോനെ നിന്റെ അണ്ണാക്കിലോട്ട് പട പടാ ന്നു രണ്ടെണ്ണം പൊട്ടിച്ച് നിന്നേ ഈ കൊക്കയിൽ തള്ളിയാൽ തീരും.. ' രാജീവിന്റെ റിവോൾവർ വൈശാഖിന്റെ വായിലായിരുന്നു..
'അവന്റമ്മെടെ... എടീ കൂത്തിച്ചി. കണ്ടോ നീ.. ഇവൻ നിന്നേം ഇപ്പൊ കൊന്നേനേ...' കലിയടങ്ങാതെ രാജീവ് കൈകൾ കൂട്ടിത്തിരുമ്മി.
'പറയെടാ.. ' രാജീവ് വീണ്ടും അവന്റെ മുഖത്തടിച്ചു.
'ജോൺ... ' രാജീവ് വിളിച്ചു.
ജോൺ ദൗത്യം ഏറ്റെടുത്തു.. രാജീവ് വെറും കാഴ്ചക്കാരനായി..
'എങ്ങനാടാ അവളെ നീ കൊന്നത്?... '
'ഞാനാരേയും കൊന്നിട്ടില്ല സർ.. നിങ്ങൾ വെറുതെ എന്റെ തലയിൽ കെട്ടിവയ്ക്കുകയാണ്'.. ഇത്തവണ ജോണിന്റെ വലതുകാൽ ചലിച്ചു..
വിശാഖ് രണ്ടുകൈകളും കാലിനിടയിൽ തിരുകി വളഞ്ഞുപുളഞ്ഞു നിന്നു
'പറയാം.. ' അവൻ നിധിയെ തള്ളിയിട്ടതുവരെയുള്ള കാര്യങ്ങൾ വിശദമായി പറഞ്ഞു.. വള്ളിപുള്ളി തെറ്റാതെ.. എല്ലാം റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടായിരുന്നു..
'അപ്പോൾ ഇവൾ.. ?'
'ഞാൻ നിധിയെ കാണാൻ വരുമ്പോൾ ചിലപ്പോൾ സോന കൂടെയുണ്ടാകുമായിരുന്നു. അങ്ങിനെ സോനയുടെ നമ്പർ കിട്ടി.. നിധിയെ ലൈനിൽ കിട്ടാഞ്ഞ ഒരു രാത്രിയിൽ അവളെ അന്വേഷിച്ച് ഞാൻ ഇവൾക്ക് മെസ്സേജ് ഇട്ടു.ഇവൾ എന്നോട് പറഞ്ഞു നിധി മറ്റാരുടെകൂടെയോ പുറത്തുപോയിരിക്കുകയാണെന്ന്.. എനിക്കത് താങ്ങാൻപറ്റുന്നതിലധികമായിരുന്നു.. പിന്നെ പലപ്പോഴും ഞാൻ ഇവൾക്ക് മെസ്സേജ് ചെയ്ത് നിധിയുടെ വിവരങ്ങൾ അന്വേഷിച്ചിരുന്നു.. പതിയെ ഞങ്ങൾ അടുത്തു.. നിധി അറിയാതെ ഞാൻ പലപ്പോഴും ഇവളോടൊത്ത് കറങ്ങിയിട്ടുണ്ട്.. നിധിയോടുള്ള ദേഷ്യം എന്നെ അങ്ങനെ ചെയ്യിപ്പിച്ചു എന്നുപറയുന്നതാകും ശരി.. ' വിശാഖ് ഒന്നു നിറുത്തി.
രാജീവ് സോനയെ അവിടെനിന്നു മാറ്റുവാൻ പറഞ്ഞു.. കാരണം മൊഴികൾ തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കണമെങ്കിൽ അതത്യാവശ്യമായിരുന്നു.
'നിധിയെ വെറുതെ വിടാൻ ഞാൻ തീരുമാനിച്ചിരുന്നില്ല.. സ്നേഹംനടിച്ച് അവളെ പലയിടത്തും കൂട്ടിക്കൊണ്ടുപോയി അനുഭവിച്ചു.. അങ്ങനെയിരിക്കെയാണ് കഴിഞ്ഞതവണ വന്നപ്പോൾ അവൾ ഗർഭിണിയാണെന്ന സത്യം പറഞ്ഞത്.. പിന്നെ അവളെ ഒഴിവാക്കുകയല്ലാതെ വേറെ മാർഗ്ഗം ഉണ്ടായിരുന്നില്ല.. ഞാനതു ചെയ്തു.
ഇത്ര സിംപിളായിട്ട് അവൻ കുറ്റസമ്മതം നടത്തുമെന്ന് രാജീവ് കരുതിയിരുന്നില്ല.. സുമുഖനും സുന്ദരനായ വിശാഖിനെപ്പോലൊരുവന്റെ മനസ്സ് എത്ര ഇരുണ്ടതാണെന്നോർത്തയാൾ അത്ഭുതപ്പെട്ടു
'പിന്നെ നീ അവളുടെ ഫോണിലൊടുവിട്ട മെസ്സേജുകൾ... ?'
'അത് എന്റെ ആത്മസംഘർഷവും പിടിക്കപ്പെട്ടാലോ എന്നുള്ള പേടിയുംമൂലം ചെയ്തതാണ്.. അവളുടെ കൈയിൽനിന്നു ഫോൺ ഞാൻ കരസ്ഥമാക്കിയിരുന്നു.. പുതുപ്പള്ളിവരെ ഒരുവിധത്തിൽ ഞാൻ വണ്ടിയോടിച്ചു.. അപ്പോഴേക്കും ആ ഫോൺ എന്നെ ചതിക്കുമോ എന്നുള്ളതോന്നലിൽ പുതുപ്പള്ളി പള്ളിയുടെ സൈഡിൽ പുല്ലുകൾക്കിടയിലേക്ക് ഞാൻ ഫോൺ വലിച്ചെറിഞ്ഞു.. വീട്ടിൽ എത്തിയപ്പോഴാണ് ഫോൺ ഓൺ ആണെന്നകാര്യം ഓർത്തത്.. വീണ്ടും അവിടെപ്പോയി ഫോൺ എടുത്തു വീട്ടിൽകൊണ്ടുവന്നു.. പിന്നെ ബാറ്ററിയും സിമ്മും ഊരിമാറ്റി.. '
'നിന്റെ തല സമ്മതിക്കണം.. എന്നിട്ട് ?'
'ഞാൻ രണ്ടുദിവസം കഴിഞ്ഞു തിരികെപ്പോയി.. പോലീസ് തിരക്കിയാലും അവൾ വീട്ടിൽവന്നു തിരികെപ്പോയതായേ തോന്നു.. അവളെ വീണ്ടും വാഗമണ്ണിൽ പോകാൻ വിളിക്കുന്നതായും, അവൾ പ്രതികരിക്കാത്തപ്പോൾ സെൽഫി അയച്ചിട്ട് മരിക്കാൻപോകുന്നതായും മെസ്സേജ് ഇട്ടു.. പിന്നെ ആ ഫോൺ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു..’
വിശാഖിനെ മറ്റൊരിടത്തേക്ക് മാറ്റിനിറുത്തിയിട്ട്.. രാജീവ് സോനയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടു..
'നിനക്കെന്താണ് ഈ കൊലയിൽ റോൾ?... ഒരു പെണ്ണിന്റെ ചെകിടടിച്ചുപൊട്ടിക്കാൻ എനിക്ക് യാതൊരു മടിയുമില്ല..അതെന്നെക്കൊണ്ട് ചെയ്യിക്കരുത്... അപ്പോൾ പറഞ്ഞോ.. '
'വിശാഖിനെ ആദ്യദർശനത്തിൽത്തന്നെ ഞാനിഷ്ടപ്പെട്ടിരുന്നു.. നിധിയെ ഒഴിവാക്കി അവനെ സ്വന്തമാക്കാൻ ഒരുപാട് കൊതിച്ചിരുന്നു.. അവളെക്കാൾ സുന്ദരിയായ ഞാൻ ഒന്നു ശ്രമിച്ചപ്പോൾ അവൻ എന്റെ വഴിയെവന്നു.. പിന്നെ അവനറിയാതെ, എന്നാൽ അവനെക്കൊണ്ടുതന്നെ അവളെ ഒഴിവാക്കുക.. അതായി എന്റെ ലക്‌ഷ്യം.. അവളുടെ മനസ്സ് എനിക്കറിയാമായിരുന്നു. എന്തും അവളെന്നോട് തുറന്നുപറയുമായിരുന്നു... ഞാൻ പലപ്പോഴും അവളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അവന്റെയുള്ളിൽ നിറച്ചിരുന്നു... അങ്ങനെയൊരിക്കൽ അവളെന്നോട് പറഞ്ഞു
'സോനാ.. എടീ.. ഒരബദ്ധം പറ്റി.. എനിക്ക് വേണ്ടാന്നുപറയാൻ കഴിഞ്ഞില്ല.. അവൻ എന്നോട് പിണങ്ങുമെന്നു പറഞ്ഞു.. '
'പോട്ടെ.. ഇപ്പോൾ ഇതൊക്കെ സ്വാഭാവികമാ... എങ്കിലും സുരക്ഷ.. നോക്കണം ' ഞാൻ ചിരിച്ചുതള്ളി. അവൾ അവന്റെകൂടെ ശാരീരികബന്ധത്തിലേർപ്പെട്ടത് എന്നേ കൂടുതൽ ചൊടിപ്പിച്ചു..ഇനിയും അവളിനിന്ന് അവനേ അടർത്തിയെടുക്കാൻ ബുദ്ധിമുട്ടാകും എന്നെനിക്കു മനസ്സിലായി..
'നീയൊരു കാര്യം ചെയ്യ് നിധി.. ഇനി കാണുമ്പോൾ അവനോട് പറ .. നീ ഗർഭിണിയാണെന്ന്.. അപ്പോൾ അറിയാം അവന്റെ സ്നേഹം സത്യമാണോയെന്ന്.. അതല്ലെങ്കിൽ ഇതൊക്കെ മറന്നുകളയുക.. അവനെ ഒഴിവാക്കുക.. '
'അതിലെനിക്ക് സംശയമൊന്നുമില്ല സോന.. അവൻ എന്നെ അവന്റെ ജീവനേക്കാൾ പ്രണയിക്കുന്നുണ്ട്.. എനിക്ക് വിശ്വാസമാ അവനേ...'
'നീയായി നിന്റെ കാര്യമായി.. ഞാനൊന്നും പറയുന്നില്ലേ... '
പിന്നവളോട് ഞാൻ ഇതിനെക്കുറിച്ചു സംസാരിച്ചിട്ടില്ല.. എങ്കിലും എന്റെവാക്കുകൾ അവളുടെ ഹൃദയത്തിൽക്കൊണ്ടുവെന്ന് അവളുടെ പ്രവൃത്തികളിൽനിന്ന് ഞാൻ മനസ്സിലാക്കിയിരുന്നു..
അടുത്തദിവസം അവൻ വരുന്നവിവരം അവളിൽനിന്നു ഞാനറിഞ്ഞിരുന്നു..
ഞാനവനേ വിളിച്ചു..
'എടാ.. നീ ചതിച്ചല്ലോടാ.. അവൾ ഗർഭിണിയാണ്... '
അവന്റെ ഞെട്ടൽ എനിക്ക് കാണാമായിരുന്നു..
'അപ്പോൾ ബൈ.. ഇനിയെന്നെ വിളിക്കാൻ ശ്രമിക്കരുത്.. എനിക്ക് നിന്നേയിനി കാണണ്ടാ.. '
ഞാൻ ഫോൺ കട്ട് ചെയ്തു.. അവനെന്നേ അങ്ങനെ ഒഴിവാക്കാൻ പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു
അവൻ എന്നേ നിരന്തരം വിളിച്ചുകൊണ്ടിരുന്നു.. ഞാൻ പ്രതികരിച്ചില്ല..
കോട്ടയത്തെ പേരുകേട്ട കോൺട്രാക്ടർ തോമസ് ജേക്കബിന്റെ ഒറ്റമോളുടെ ചങ്കുറപ്പ് രാജീവ് നോക്കിക്കാണുകയായിരുന്നു..
‘നിധി തിരിച്ചുവരാതിരുന്നപ്പോൾ എനിക്കുമനസ്സിലായി അവൻ എന്തോ അക്രമം കാട്ടിയെന്ന്. ഞാൻ അവനേ അങ്ങോട്ടുവിളിച്ചു.. സത്യത്തിൽ അവൻ പറഞ്ഞതുകേട്ട് ഞാൻ ഞെട്ടിപ്പോയി’ അവൾ മുഖത്തെ വിയർപ്പുതുടച്ചു.
അവൾ ഭയചകിതയായിരുന്നു.. എങ്കിലും വളരെ കൂളായി കാര്യങ്ങൾ പറഞ്ഞു.. അതിനു കാരണവും ഉണ്ട്.. ഒരിക്കലും അവൾ കരുതിയിരുന്നില്ല നിധിയുടെ മരണത്തെക്കുറിച്ചറിയാവുന്ന ഏകവ്യക്തിയായ അവളേയും അവൻ വകവരുത്തുമെന്ന്...
രാജീവ് റെക്കോർഡിങ്ങുകൾ വീണ്ടും പരിശോധിച്ചു
തൃപ്തിവരുത്തിയിട്ട് അവരെ രണ്ടുപേരെയും വിലങ്ങുവെച്ചു വണ്ടിയിൽ കയറ്റി..
'ജോൺ.. നിധിയുടെ മാതാപിതാക്കളോട് പറഞ്ഞിട്ടില്ലേ സ്റ്റേഷനിൽ എത്തുവാൻ.. അവർ എത്തിയോയെന്നു ഒന്ന് കൺഫേം ചെയ്യൂ.. ഇവരെ എത്രയുംപെട്ടെന്നു മജിസ്‌ട്രേറ്റിന്റെ മുൻപിൽ എത്തിക്കണം.. '
രാജീവ് ഡേവിഡിന് അവസരോചിതമായ പ്രവർത്തനങ്ങൾക്ക് നന്ദി പ്രകടിപ്പിച്ച് അവരെ യാത്രയാക്കി ബുള്ളറ്റിൽ കയറി.
സർക്കിൾ ഇൻസ്‌പെക്ടർ ബിജു നൈനാൻ രാജീവിനെ കേൾക്കുകയായിരുന്നു..
'സർ.. ഞങ്ങൾ അവളുടെ ഫേസ്ബുക് ഫ്രണ്ട്സിനെ ചോദ്യംചെയ്ത സമയത്ത്.. നിധിയുടെ മാതാപിതാക്കൾ അതിലൊരാളെ തിരിച്ചറിഞ്ഞിരുന്നു.. വിശാഖ്.. പ്രണയം പൂത്തനാൾ.. പിന്നെ അവനെച്ചുറ്റിപ്പറ്റിയായി ഞങ്ങളുടെ അന്വേഷണം.. അവന്റെ മൊബൈൽ ഡീ-കോഡ് ചെയ്തപ്പോഴും.. അതിനുശേഷം അവനുവന്ന സോനയുടെ മെസ്സേജും കൂട്ടിവായിച്ചപ്പോൾ ഒരേകദേശരൂപം കിട്ടിയിരുന്നു.. അതുപോലെതന്നെ നിധിയുടെ ഫോൺ അന്നുരാത്രി എത്തപ്പെട്ടതും അവളുടെ വീടിന്റെ അടുത്തുള്ള ടവറിന്റെ പരിധിയിൽ ആയിരുന്നു.. സൈബർ സെല്ലിലെ രമേശിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.. '
'വെൽഡൺ മിസ്റ്റർ രാജീവ്.. ഒരിക്കലും തെളിയാൻ ചാൻസ് ഇല്ലാതിരുന്ന ഈ കേസ് ഇത്രയും പെട്ടെന്ന് തെളിയിച്ച് പ്രതികളെ കസ്റ്റഡിയിൽ എടുത്ത താങ്കളും
അഭിനന്ദനം അർഹിക്കുന്നു.. മിസ്റ്റർ ജോൺ... വെൽഡൺ.. ഇനി മീഡിയയ്ക് ന്യൂസ് കൊടുക്കാമല്ലോ അല്ലേ.. ഞാനൊന്നു എസ് പിയെ വിളിച്ചോട്ടെ... '
പുറത്തിറങ്ങിയ രാജീവിന്റെ മുന്നിൽ ജീവച്ഛവങ്ങളായ നിധിയുടെ മാതാപിതാക്കൾ..
രാജീവും ജോണും കയറിയ ജീപ്പ് കോട്ടയം മെഡിക്കൽ കോളേജ് ലക്ഷ്യമാക്കി നീങ്ങി.
-ശുഭം-
വേണു 'നൈമിഷിക'
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo