Slider

ഗർഭം - Part 2

0
Image may contain: 1 person, smiling, selfie, closeup and indoor

അങ്ങിനെ പുളിമുക്കിൽ അമ്പലത്തിലെ വഞ്ചിപെട്ടി 25, 50 പൈസകൾ കൊണ്ടു നിറയാൻ തുടങ്ങി "എങ്ങിനെങ്കിലും സുര്യവാവക്ക് തലകറങ്ങണെ ദേവീ"..ദിവസങ്ങൾ കഴിഞ്ഞിട്ടും ദേവീ കേൾക്കണില്ല..ഞാൻ ആകെ വിഷമിച്ചു ..വീട്ടിലാണെങ്കിൽ ചോദിക്കാനും പറ്റില്ല...എന്തു ചെയ്യും . ഒരു ദിവസം സ്കൂളിൽ ഇരിക്കുമ്പോൾ മ്മടെ സങ്കടം കണ്ടിട്ടായിരിക്കും മഹേഷ് ചോദിച്ചു " ഡാ മാക്രി എന്താടാ നി കളിക്കാൻ വരാത്തെ?"
ഒന്നുല്ലടാ ..നി പോയി കളിക്ക് ..
ഹേയ് ..പറയടാ ..നിന്നെ കളിപ്പിക്കത്തില്ലെന്നു പറഞ്ഞോ ആരെങ്കിലും..?
ഇല്ലടാ ഒന്നുല .നി പൊക്കോ ..
ഇയാള് വലിയ ആളാണേൽ പോയി പണി നോക്കടാ ..നിക്കറെ മുള്ളി..
( ആ സമയായി പോയി ഇല്ലേൽ ഇടിച്ചു അവനെ നിക്കറെ മുള്ളിച്ചേനെ ഞാൻ ..2 ആഴ്ച മുൻപ് ഒരു അബദ്ധം പറ്റിയെന്നു കരുതി അന്ന് മുതൽ തുടങ്ങീതാ ഈ വിളി )
പക്ഷെ എന്റെ മനസ്സിൽ ആരോ ടോർച് അടിച്ചു ..അവന്റെ അമ്മ അനിയത്തികുട്ട്യേ പ്രസവിച്ചതിനു കഴിഞ്ഞാഴ്ച അവൻ മുട്ടായി തന്നിരുന്നു .
... ദൈവമേ വന്നു കയറിയ വയറ്റാട്ടിയെ ഞാൻ പിറങ്കാല് കൊണ്ടു തട്ടിയല്ലോ ..എന്തായാലും അവന്റെ അടുത്തേക്ക് ഓടി...
... അവന്റെ സ്ഥായി ഭാവം ..എങ്കിലും ഞാൻ വിളിച്ചു "ഡാ മാഷേ" ആദ്യം അവൻ കേട്ട ഭാവം നടിച്ചില്ല ..ഞാൻ തളർന്നതുമില്ല ..സർവ്വ ശക്തിയോടെ വിളിച്ചു.. ഡാ മാഷേ ..
എന്താടാ നിക്കറെ മുള്ളി .. അവന്റെ കൂടെ കളിച്ചോണ്ടു നിന്ന പെങ്കുട്ട്യോളൊക്കെ ചിരിച്ചു .. എന്നാലും സാരമില്ല അവൻ വന്നു .
"ഡാ നിന്നോടൊരു കാര്യം ചോയിക്കണം .."
"ചോദിക്കു .."
"ഡാ ...പക്ഷെ നി ആരോടും പറയരുത് .."
"അപ്പോൾ എത്ര പുളിമുട്ടായി..?"
"ഓഹോ ..ബിസിനെസ്സ് .. 2 എണ്ണം .."
"പോരാ ..5 എണ്ണം വേണം .."
"ഡാ ... പൈസ ഇല്ല ..തത്കാലം 2 എണ്ണം തരാം.."
(അല്പം മനുഷ്യപ്പറ്റു ഉള്ളവനാ ..സമ്മതിച്ചു ..)
ശരി ചോദിക്കു ..
"ഡാ നിന്റെ അമ്മ കഴിഞ്ഞാഴ്ച പ്രസവിച്ചില്ലേ .."
"ഉം ..പ്രസവിച്ചു .. അതിന്റെ മുട്ടായി നി കേറ്റിയതല്ലേ..?"
"അതേ.. ഡാ ..അപ്പോൾ പ്രസവിക്കുന്നതിനു മുൻപ് നിന്റെ അമ്മക്കു ഗർഭം ഉണ്ടാരുന്നല്ലോ ?"
"ഉം..ഉണ്ടാരുന്നു .."
അതെങ്ങിനെ ഉണ്ടായേ..?
അന്നത്തെ ആ നിഷ്കളങ്കതയോടെ അവൻ ആലോചിച്ചു ...."ഡാ ..അതു അച്ഛൻ അമ്മയെ കല്യാണം കഴിച്ചപ്പോൾ ..."
"അതേ കല്യാണം കഴിച്ചാലെ ഗർഭം ഉണ്ടാകുള്ളൂ ..പക്ഷെ അവര് അതെങ്ങനെയാ ഉണ്ടാക്കിയെ ..?"
"അതിപ്പോ അവരോടു തന്നെ ചോദിക്കണം ..ഒരു കാര്യം ചെയ്യാം ..ഞാൻ ചോയിച്ചിട്ടു നാളെ പറയാം.."
"അയ്യോ ..നി വീട്ടിൽ ചോയിക്കണ്ട അതു ശരിയാകില്ല ..(എന്റെ വീട്ടിലെ അനുഭവം..)വേറെ എന്തെങ്കിലും വഴിയുണ്ടോ ..?"
"ശരി ..ഞാനൊന്നു ..നോക്കട്ടെ..നാളെയെ പറയാൻ പറ്റു.."
"മതി നാളെ പറഞ്ഞാൽ മതി.."
ഹാ..മനസ്സിലൊരു കുളിരുമായി അന്നത്തെ ദിവസം ഞാൻ വീട്ടിലേക്കു പോയി ..ഈ സംഭവം എങ്ങിനെയാ ഉണ്ടാക്കാ എന്നു കണ്ടുപിടിച്ചിട്ട് വാവേ കാണുള്ളൂ എന്നൊരു വാശിയും..എങ്കിലും രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഒരു പേടിയും ..പരിഭ്രമവും ...ഈശ്വര ..ഇനി അവനെങ്ങാനം വീട്ടിൽ പോയി ചോദിച്ചു ..കുളമാക്കുവോ ..ഉറക്കവും വരുന്നില്ല ..
പപ്പേടേം അമ്മേടേം കൂടാണ് കിടക്കുന്നതു ...എന്തിനാണോ എന്തോ. ഞാൻ ഉറങ്ങിയോ എന്നു പപ്പ ഇടക്കിടക്ക് നോക്കുന്നുണ്ടാരുന്നു .. അന്നത്തെ എന്റെ ചിന്തയിൽ അതു പപ്പക്ക് എന്നോടുള്ള അതിരില്ലാത്ത സ്നേഹമായിരുന്നു ...(കാലം പക്ഷെ എന്റെ പല ചിന്തകളും തെറ്റായിരുന്നു ന്നു തെളിയിച്ചോണ്ടേയിരുന്നു ).
എന്തായാലും അടുത്ത ദിവസം രാവിലെ എഴുന്നേറ്റു സ്കൂളിൽ പോകാനുള്ള എന്റെ ആവേശം കണ്ടു പാവം അമ്മ സന്തോഷിച്ചു..അമ്മേടെ മോന് പഠിക്കണമെന്നുള്ള ചിന്ത വന്നെന്നു അമ്മ കരുതി..അമ്മക്ക് അറിയില്ലല്ലോ അമ്മയെ അമ്മൂമ്മ ആക്കാൻ മോന്‍ പെടുന്ന പാടുകൾ..
സ്കൂളിൽ എത്തിയ ഞാൻ പേടിച്ചാണ് പടികൾ കയറിയത് ..എങ്ങാണം മഹേഷിന്റെ അച്ഛൻ വന്നാലോ .. ക്ലാസ്സിൽ എത്തിയപ്പോൾ അല്പം ആശ്വാസം..പതിവുപോലെ ഏതോ ഒരുത്തന്റെ മണ്ടക്ക് കേറിക്കൊണ്ടിരുപ്പുണ്ട് അവൻ .. ഞാൻ അവന്റെ അടുത്തേക്ക് ചെന്നു ..
ആ നിമിഷം അവനെയൊരു അധോലോകനയകനെപ്പോലെ എനിക്ക് കാണപ്പെട്ടു .
" പെടുക്കാനുള്ള ബെല്ലടിക്കട്ടെ .. അപ്പോള്‍ പറയാം..നി ഇപ്പോൾ പോയി അവിടിരിക്ക്‌"
..അനുസരണയുള്ള കുട്ടിയായി ഞാൻ പോയി എന്റെ സീറ്റിൽ ഇരുന്നു ..സമയം പോകുന്നത് അറിയാനൊരു വഴിയുമില്ല .. ക്ലാസ്സിലേക്ക് വന്ന ടീച്ചറിനോട് ചോദിക്കാന്ന് വച്ചാൽ ശരിയാകില്ല ..പിന്നെ അതിന്റെ മേലെ ചോദ്യങ്ങളാകും ..അതു വേണ്ട .. അല്പംകൂടെ ക്ഷമിക്കാം ..
ഇടക്കിടക്ക് ഞാൻ മഹേഷിനെ നോക്കി ..അവനൊരു ഭാവ വ്യത്യാസവുമില്ല ..ഇനി ചോദിച്ചില്ലേ? ഏയ് അവനാണ് ക്ലാസ്സിലെ ധൈര്യശാലി അപ്പോൾ കാര്യം നടത്താണ്ടിരിക്കില്ല . ഇരുന്നിരുന്നു ഒരു വിധത്തിൽ ബെല്ലടിച്ചു .. ഞാൻ ചാടി അവന്റടുത്തെത്തി .."ഡാ മാഷേ പറയ് ..നി ചോയിച്ചോ..?"
"ഒന്നു പെടുക്കട്ടെടോ .."
"ഓഹ്.. അവൻ ഡിമാൻഡ് കൂട്ടാനുള്ള ശ്രമത്തിലാണ് ..എനിക്കു പെടുപ്പിലും ഇല്ലലോ ..തമ്പുരാനെ .."
"ഉം ..ബാ ..സംഭവം ..അല്പം പണിയുണ്ട് .."
"എന്താടാ ..നി ചോയിച്ചില്ലേ?"
"അതൊക്കെ ചോയിച്ചു ..നി പറഞ്ഞ സാധനമെടുക്കു .."
"പോക്കറ്റിൽ നിന്നു 2 പുളിമുട്ടായി എടുത്തു അവനു കൊടുത്തു .."
(പണ്ടെപ്പഴോ അണ്ണൻ വാങ്ങി തന്നത് പിണങ്ങി കഴിക്കാതെ അലമാരയിൽ ഇട്ടിരുന്നതാ..അതിനു ഇന്ന് ശാപമോക്ഷം ..)
എന്തായാലും അവൻ ഹാപ്പി ആയി..പക്ഷെ എന്റെ ചങ്കിടിപ്പ് കൂട്ടികൊണ്ടു അതാ അവന്റെ ചോദ്യം.."നിനക്കു ഇതു അറിഞ്ഞിട്ടെന്തിനാ ..?"
ഇവനോട് പറയാൻ പറ്റില്ല പറഞ്ഞാൽ സുര്യവാവ എന്റെ ഗർഭം വേണ്ടെന്നു വക്കും..ആരും അറിയില്ല എന്ന ഒരു ഒറ്റ ഉറപ്പില അവൾ സമ്മതിച്ചത്. "ഡാ മാഷേ ഒന്നുല്ലടാ വെറുതെ അറിഞ്ഞിരിക്കാൻ .."
"അല്ല..ഇതു അങ്ങിനെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യമല്ല ..പിന്നെ ഇതു ചോദിച്ചത് നി ആയതുകൊണ്ടും ..പറയ് നിനക്കെന്തിനാ ഇതു?"
പട്ടണപ്രവേശത്തിലെ ലാലേട്ടനെപോലെ അവൻ എന്നെ ചോദ്യം ചെയ്തു..
രക്ഷയില്ല അവനോടു പറഞ്ഞേ പറ്റു .."ഡാ ..ഞാൻ പറയാം പക്ഷെ നി ഇതും ആരോടും പറയരുത് ..ഞാനും നീയും മാത്രമേ അറിയാവൂ ..."
"ഓഹോ ... അതിനെത്ര പുളിമുട്ടായി കിട്ടും.."
"പൊന്നു മാഷേ നി എന്നെ കൊല്ലരുത് അതിനു പുളിമുട്ടായി ഇല്ല .."
മനുഷ്യപ്പറ്റുള്ളവൻ അധികം നിര്ബന്ധിക്കാതെ സമ്മതിച്ചു..
"ഡാ ..മാഷേ ..പിന്നെയെ ..ഡാ... ഞാനേ..പിന്നെ .."
"കാര്യം പറയടാ പൊട്ടാ.."
ഒറ്റ ശ്വാസത്തിൽ ഞാൻ അവനോടു കാര്യങ്ങൾ എല്ലാം പറഞ്ഞു ..
അവൻ എന്നെ നോക്കി അങ്ങിനെ നിന്നു..
"നി ആള് കൊള്ളാം ..എന്നിട്ടാണല്ലേ ഒന്നും അറിയാത്ത പോലെ ആ സൂര്യ അവിടിരിക്കണേ ?അവളോട്‌ ഇന്ന് ചോയിച്ചിട്ടു തന്നെ കാര്യം .."
"മാഷേ ..നി ചതിക്കല്ല്..നി പറയുലെന്നു സത്യമിട്ടതാ.."
"അതു കള്ള സത്യം ആരുന്നു നി സൂക്ഷിച്ചു കേട്ടില്ല ..അസത്യം ..എന്ന ഞാൻ പറഞ്ഞേ ..."
"ചതിയ .. ഞാൻ എത്ര പുളിമുട്ടായി വേണേലും വാങ്ങിച്ചു തരാം നി അവളോട്‌ ചോദിക്കല്ല്..."
"എനിക്കു പുളിമുട്ടായി ഒന്നും വേണ്ട .."
മനുഷ്യപ്പറ്റുള്ളവനാ "പിന്നെന്താ വേണ്ടത്.."
"അതേ ..വേറൊരു കാര്യം മതി.."
"എന്താ ..പറഞ്ഞു തൊലക്കു.."
"നിന്റെ ഗർഭം ഉണ്ടാക്കുമ്പോൾ..എന്റെംകുടെ ഉണ്ടാക്കുവോ ?"
"ഭ ..വൃത്തികെട്ടവൻ ഇവിടെ ഒരു ഗർഭം ഉണ്ടാക്കാൻ പെടുന്ന പാട് ബാക്കിയുള്ളോന് അറിയാം അപ്പഴാ അവന്റെ ഗർഭം ..."
"എന്നാൽ ഞാൻ പോയി ചോദിക്കട്ടെ സുര്യോട് ?
അയ്യൂ വേണ്ട .."
അപ്പോഴേക്കും ക്ലാസ്സിൽ കയറാനുള്ള ബെല്ലടിച്ചു..
"സാരമില്ല ..നി ആലോചിക്കൂ ..അടുത്ത പെടുക്കാൻ മണി അടിക്കുമ്പോൾ പറഞ്ഞാൽ മതി .."
ക്ലാസ്സിലിരിക്കുന്ന ഓരോ സമയവും എനിക്കു പേടിയും ചിന്തയും കൂടിക്കൊണ്ടേയിരുന്നു .. ..
സമ്മതിച്ചാൽ ചിലപ്പോൾ എന്റെ ഗർഭം പൊളിയും.. .സമ്മതിച്ചില്ലേൽ അതു മുന്നോട്ടു പോകില്ല ..എന്തായാലും ഞാൻ ചിന്തിച്ചു ..അവസാനം സമ്മതിക്കാമെന്നു കരുതി ..കാരണം സുര്യവാവ ഗർഭിണി ആയി പ്രസവിച്ചു വരുമ്പോഴേക്കും നാള് കുറയെ കഴിയും .. അപ്പോഴേക്കും ആ മണ്ടൻ ഇതു മറക്കും .അതായിരുന്നു എന്റെ ചിന്ത .ബെല്ലടിച്ചു ... അവൻ വീണ്ടും പെടുക്കാനോടി ..ഇതിനും വേണ്ടി എവിടിരിക്കുന്നു ?
"എന്തായി സമ്മതിച്ചോ ?"
"ഓഹ് സമ്മതിച്ചു പക്ഷെ എന്റെ ഗർഭം കഴിഞ്ഞിട്ടേ നിന്റെ ഗർഭം പറ്റുള്ളൂ .."
അവൻ ഒന്നു ആലോചിച്ചു .."ശരി അതുമതി.."
"അപ്പോൾ വാക്കാണല്ലോ നി ഇതൊന്നും ആരോടും പറയില്ലലോ .."
"ഇല്ലടാ ..നീയും വാക്കു മാറേണ്ട .."
"ശരി ..ഇനി നി കാര്യം പറയ് .. എങ്ങിനെ ഗർഭം ഉണ്ടാക്കുന്നെ?"
"ഡാ മണ്ട..നി കല്യാണം കഴിഞ്ഞിട്ടു ഇതുവരെ അവളുടെ കൂടെ കിടന്നോ?"
"ഇല്ല .."
"ആഹ്ഹ ..കല്യാണം കഴിഞ്ഞു ..കുറയെ നാൾ നിങ്ങളൊരുമിച്ചു കിടക്കണം എന്നാലേ ഗർഭം ഉണ്ടാകു.."
"ശ്ശെ...ചുമ്മാതല്ല ...ഞാൻ എന്തൊരു മണ്ടനാ .. അല്ല മാഷേ നി ആരോടാ ഇതു ചോയിച്ചേ ?"
"അതൊന്നും പറയില്ല നിനക്കു കാര്യം മനസ്സിലായല്ലോ പോയി എത്രയും പെട്ടെന്ന് ഗർഭം ഉണ്ടാക്കാൻ നോക്കു ..എന്നിട്ടു വേണം എനിക്കു .."
സന്തോഷത്തോടെ തുള്ളിച്ചാടി അന്നത്തെ ദിവസം ഞാൻ വീട്ടിലെത്തി..നേരെ സുര്യവാവേടെ വീട്ടിലെത്തി .."ഡി ബാ ..ഇങ്ങോട്ടു ബാ .."
"എന്താടാ ?"
"ഡി ..കല്യാണം കഴിഞ്ഞോണ്ടു മാത്രം ഗർഭം ഉണ്ടാകുല ... നമ്മള് ഒരുമിച്ചു കിടക്കണം ..എന്നാലേ സംഭവം ഉണ്ടാകുള്ളൂ .."
അവളുടെ മുഖത്തൊരു നാണം ..പോ ചെക്കാ ..എന്നു പറഞ്ഞുഎനിക്കിട്ടൊരു അടിയും..
"ഡാ ..പക്ഷെ അതിനു വീട്ടുകാര് സമ്മതിക്കുവോ ?"
"നി നിന്റെ അമ്മയോട് ചോദിക്കു കുറച്ചു ദിവസം എന്റെ വീട്ടിൽ വന്നു നിക്കട്ടെയെന്നു .."
"മ്മ് ചോദിക്കാം ..സമ്മതിച്ചില്ലേലോ?"
"അതപ്പോഴല്ലേ നി ചോദിക്കു .."
അവൾ ഓടി അമ്മയുടെ അടുത്തു പോയി ..പോയ ഉത്സാഹം വന്നപ്പോൾ കണ്ടില്ല അതിൽനിന്നും എനിക്കു കാര്യം പിടികിട്ടി ..എന്റെ വീട്ടിൽ ഒട്ടും സമ്മതിക്കില്ല ..
"സാരമില്ല വഴിയുണ്ട് ..നി വാ .."
അവളേം വിളിച്ചോണ്ട് നേരെ പോയത് അയ്യത്തേക്കാണ് (വീടിന്റെ പിറകിൽ ) അവിടെ കളിക്കാൻ വേണ്ടി തട്ടി കൂടിയ കളിവീട്ടിൽ പഴയ തുണികൾ വിരിച്ചു ഞാനൊരു ശയ്യ തീർത്തു ..അവളെ അതിലേക്കു ആനയിച്ചു..
"കിടക്കടി ..ഇതാണ് വഴി..ഇതേയുള്ളു വഴി..നിനക്കു ഗർഭം ഉണ്ടാകുന്ന വരെ ...കളിയും പഠിത്തവും നമ്മൾ ഉപേക്ഷിക്കുന്നു .. "
ഞങ്ങടെ ആദ്യരാത്രി അല്ല ആദ്യ സന്ധ്യ ..
അവളെ പിടിച്ചു അടുത്തു കിടത്തി ഒരു മേമ്പൊടിക്ക് കെട്ടിയും പിടിച്ചു ...മാഷിന്റെ നിർദ്ദേശത്തിൽ അതു ഇല്ലെങ്കിലും ..ഇനി ഇപ്പോൾ അതിന്റെ ഒരു കുറവ് വേണ്ട ..അങ്ങിനെ കെട്ടി പിടിച്ചു കിടന്നു അറിയാതെ ഉറങ്ങിപ്പോയി..ഞങ്ങളെ കാണാതെ വാവേടെ അമ്മ തിരക്കി വന്നു ..ഞങ്ങള് ഭാര്യേം ഭർത്താവും ആത്മാർത്ഥമായി കെട്ടി പിടിച്ചുറങ്ങുന്നതു കണ്ടു അമ്മ വിളിച്ചുണർത്തി
" ഇങ്ങട്ടു ബാ പിള്ളേരെ നിനക്കൊന്നും പഠിക്കണ്ടേ?"
""ശ്ശെ കളഞ്ഞു..ഒരു ഗര്ഭമുണ്ടാക്കാൻ ഇവര് സമ്മതിക്കില്ല...സാരമില്ല ഇന്ന് ഇത്രയും മതി..ബാക്കി നാളെ..നി പൊക്കോ ""എന്നു അവളെ ആശ്വസിപ്പിച്ചു പറഞ്ഞു വിട്ടു..
( സെൻസർ ബോർഡ് കട്ട് ചെയ്തില്ലെങ്കി ബാക്കീം കൊണ്ട് വരാം...)
തുടരും ...
കിരണ്‍ കൃഷ്ണന്‍
08/2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo