Slider

ഗർഭം- Part 1

0
Image may contain: 1 person, smiling, selfie, closeup and indoor

നാലു പേര് അറിഞ്ഞു ഉണ്ടായാൽ അഭിമാനവും അറിയാതെ ഉണ്ടായാൽ അപമാനവും സമ്മാനിക്കുന്ന ഗർഭം ..എനിക്കുമുണ്ട് ഒരു കഥ പറയാൻ ..ഒരു ഗര്ഭത്തിന്റെ കഥ...
മൂന്നാം ക്ലാസ്സിൽ പഠിക്കണ കാലം .ക്ലാസ്സിൽ ഇടക്കിടക്ക് ടീച്ചർ പറയും സംശയങ്ങൾ ചോദിക്കണ കുട്ടികളാണ് നന്നായി പഠിക്കുന്നതെന്നു.എന്തായാലും നമുക്ക് വലിയ സംശയങ്ങളൊന്നുമില്ല എന്ന മട്ടിൽ ഞാനും ടീമും ക്ലാസ്സിൽ ഇരിക്കും.കോഴിയാണോ അതോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായേ എന്ന കുരുന്നുകളുടെ പതിവ് സംശയം പോലും മ്മടെ സ്കിന്നിന്റെ ഔട്ടർഫീൽഡിൽ പോലും ഒന്ന് തൊട്ടിട്ടില്ല ..
.അങ്ങിനെ സർവ്വവിജ്ഞാന കോശങ്ങളായി വിലസി വാണിരുന്ന സമയം .വാർഷിക പരീക്ഷയൊക്കെ കഴിഞ്ഞു സ്കൂൾ പൂട്ടി.അവധിക്കാലത്തു അണ്ണന് കുഞ്ഞമ്മേടെ വീട്ടിൽ ഒരു 10 , 15 ദിവസം നീണ്ടു നിക്കണ വിസിറ്റ പതിവാണ് .ഇത്തവണ അണ്ണനോടൊപ്പം ഞാനും പോയി .3,4 ദിവസം അണ്ണന്റെ ബലത്തിൽ പിടിച്ചു നിന്നു പക്ഷെ അമ്മയെന്ന സ്നേഹത്തിന്റെ ചൂടറിയാതെ അതിൽ കൂടുതൽ ദിവസം എനിക്കു പറ്റില്ലാർന്നു . ഒടുവിൽ പപ്പ വന്നു എന്നെ കൂട്ടികൊണ്ടുപോയി .
വീട്ടിലെത്തിയ ആ ദിവസം അന്നാണ് എന്റെ ജീവിതത്തിലെ സംശയങ്ങളുടെ വെടിക്കെട്ടിന് തിരികൊളുത്തിയത് .
രമ ചേച്ചി ...അയലത്തെ വീട്ടിലെയാ .കല്യാണം കഴിച്ചു വിട്ടതാ .കുറയെ നാളായി കണ്ടിട്ടു .എപ്പഴെങ്കിലും വന്നാൽ അമ്മയുടെകൂടെ ഉമ്മറത്തിരുന്നു സംസാരം പതിവുള്ളതാണ്.ഞാൻ വന്നതറിഞ്ഞ അമ്മ ,3,4 ദിവസത്തെ സ്നേഹം മോനോട് കാണിക്കാൻ ഓടി വന്നു.ഒപ്പം രമ ചേച്ചിയും എഴുന്നേറ്റു വന്നു ...ആ എഴുന്നേൽപ്പ് അതാണ് കോഴിയും,മുട്ടയും പോലും തോൽപ്പിയ്ക്കാത്ത എന്നെ തോൽപിച്ചു കളഞ്ഞ സംശയം...
ചേച്ചിടെ വയറിനു ഇതു എന്തുപറ്റി..? ഞാൻ ചോദിച്ചു .. അമ്മ ചിരിച്ചുകൊണ്ട് മറുപടി തന്നു ..ചേച്ചിടെ വയറ്റിൽ കുഞ്ഞുവാവയുണ്ട് മോനെ. അമ്മയുടെ വയറ്റിലാണ് ഞാൻ ഉണ്ടായത് എന്നു പറഞ്ഞു കേട്ടിട്ടുണ്ട് .. കുഞ്ഞുവാവ വയറ്റിലുള്ളവരുടെ വയറു വീർത്തിരിക്കുന്നതും കണ്ടിട്ടുണ്ട് .പക്ഷെ എന്തോ അന്നുമുതൽ എന്റെ മനസ്സിൽ ഒരു സംശയം . എന്താണ് ഈ ഗർഭം?എങ്ങിനെയാണ് ഗർഭം ഉണ്ടാകണേ?
ഒരുപാട് ചിന്തിച്ചു ...ഒന്നും പിടികിട്ടിയില്ല ആദ്യം അമ്മയോട് തന്നെ ചോദിച്ചു ..അമ്മച്ചി ഈ ഗർഭം എങ്ങിനെയാണ് ഉണ്ടാകുന്നെ? മോൻ കുഞ്ഞല്ലേ അതൊക്കെ അറിയേണ്ട പ്രായത്തിൽ അറിഞ്ഞാൽ മതി ..ഇപ്പോൾ പോയി കളിക്ക് .....പക്ഷെ അമ്മയുടെ ആ കൊച്ചാക്കൽ എനിക്കു അത്ര പിടിച്ചില്ല ...ഈ ഗർഭം എന്ന പ്രക്രിയയിലൂടെയല്ലേ ഞാൻ വന്നേ അപ്പോൾ പിന്നെ ഞാൻ എന്താ അറിഞ്ഞാല് ? (ഇന്ത്യൻ ഭരണഘടനാ അത് അനുവദിക്കുന്നുണ്ട്‌)
അച്ചാമ്മയാരുന്നു അടുത്ത ഇര. പാവം വെറ്റില അണ്ണാക്കിലേക്കു വച്ച ടൈംലാണ് എന്റെ ചോദ്യം .."അച്ചമ്മേ... ഈ ഗർഭം എങ്ങിനെയാ ഉണ്ടാകണേ ?" ഭാ .. കഴുവേർട മോനെ .. വച്ചതിലും സ്പീഡിൽ വെറ്റില പുറത്തേക്കു ....
ഇവരുടെയൊക്കെ പ്രതികരണം കണ്ടാൽ തോന്നും ഞാൻ എന്തോ വലിയ അപരാധം ചെയ്തെന്നു ... സ്കൂൾ അടച്ചതിനു അപ്പോഴാണ് സങ്കടം തോന്നിയത് ഇല്ലെങ്കിൽ ടീച്ചറോട് ഈ സംശയം ചോദിച്ചു ക്ലാസ്സിലെ പഠിക്കണ കുട്ടി ആകാമായിരുന്നു എന്നു ചിന്തിച്ചിരിക്കണ സമയത്താണ് പപ്പ വരുന്നത് .. ചോദിച്ചയിടത്തുന്നൊക്കെ കിട്ടിയ പ്രതികരണം തീരെ അനുകൂലമല്ല എന്നുള്ളത് കൊണ്ടു അല്പം ദൂരെ നിന്നാണ് പപ്പയോടു ചോദിച്ചത് ..
പപ്പാ .....ഈ ഗർഭം എങ്ങിനെയാ ഉണ്ടാകണേ ? പപ്പ ഒന്നു ഞെട്ടിയോ ന്നൊരു സംശയം ..എന്തായാലും ഞാൻ ധൈര്യം സംഭരിച്ചു .. പേടിച്ചതൊക്കെ വെറുതെയായി .പപ്പ എന്നെ അടുത്തു വിളിച്ചു ചോദിച്ചു മോനോട് ഇതാരാ പറഞ്ഞേ? എല്ലാരും പറയണല്ലോ അപ്പുറത്തെ രമ ചേച്ചിക്ക് ഗര്ഭമ ..വയറ്റിൽ കുഞ്ഞുവാവ ഉണ്ടെന്നു.. പപ്പ ഒന്നു മൂളി ..മ്മ് ..കുഞ്ഞുവാവ ഉണ്ടാകുമ്പോൾ ഗര്ഭമുണ്ടാകും എന്നൊരു ഒഴുക്കൻ ഉത്തരം തന്നിട്ട് പപ്പ പറഞ്ഞു .മോൻ ഇതൊന്നും ആരോടും ചോദിക്കരുത് ഇച്ചീച്ചി ആണെന്ന്.
അങ്ങിനെ ആകെയുള്ള പ്രതീക്ഷയും പോയി .എങ്കിലും പപ്പയുടെ ഉപദേശം ഞാൻ ശിരസ്സാൽ വഹിച്ചു കൊണ്ടു അന്ന് കിടന്നുറങ്ങി.
അടുത്ത ദിവസം ഊണൊക്കെ കഴിഞ്ഞു അമ്മേടെ കൂടെ ഇരിക്കുമ്പോൾ അതാ വീണ്ടും എന്റെ സംശയത്തിന് തിരികൊളുത്തികൊണ്ട രമ ചേച്ചി ..ഇന്നലത്തെ എന്റെ പെർഫോമൻസ് ഓർത്തിട്ടാകും അപ്പുറത്തു പോയിരുന്നു കളിക്കാൻ അമ്മ പറഞ്ഞത്. അപ്പുറത്തേക്ക് പോയ എന്റെ മനസ്സിൽ സംശയത്തിന്റെ ഒരു വെടിക്കെട്ടു തന്നെ നടക്കുകയാണ്...
..എന്താ ഒരു വഴി ..ഞാൻ ചിന്തിച്ചു കൊണ്ടേ ഇരുന്നു ..അപ്പോഴാണ് കളിക്കൂട്ടുകാരി സുര്യവാവേടെ മുഖം ഓർമ്മ വന്നത് .അവളോടൊന്നു ചോദിച്ചു നോക്കാം .നേരെ അവളുടെ വീട്ടിലേക്കു ഓടി ..കളിക്കാൻ മുറ്റത്തു വിളിച്ചിറക്കി എന്നിട്ടു അല്പം രഹസ്യമായി പറഞ്ഞു "ടി എനിക്കു ഗർഭം വേണം " അവളൊന്നു ഞെട്ടി ഗർഭമോ അതെന്താ ?ടി വടക്കേലെ രമ ചേച്ചിക്ക് ഗര്ഭമുണ്ട് ..എനിക്കും വേണം .. ട പൊട്ട അതു കുഞ്ഞു വാവയല്ലേ വയറ്റിൽ .. അതേടി അതിനു ഗർഭമെന്ന പറയണേ ..ഓഹ്.. പുതിയ ഒരു സംഭവം കിട്ടിയ കൗതുകത്തിലാണ് അവൾ ..
എങ്കിലും അവളിൽ നിന്നും ഞെട്ടിക്കുന്ന ആ സത്യം ഞാൻ മനസ്സിലാക്കി ..ഗർഭം ..പെണ്ണുങ്ങൾക്ക് മാത്രേ ഉണ്ടാകുള്ളൂ...
ഞാൻ ആകെ വല്ലാണ്ടായി എങ്കിലും മനസ്സിൽ കുറയെ ലഡ്ഡു പൊട്ടി ..അല്പം സ്നേഹത്തോടെ സുര്യവാവേ വിളിച്ചു ...ടി വാവേ ..നി പെൺകുട്ട്യല്ലേ അപ്പോൾ സംഭവം നിനക്കു ഉണ്ടകുലോ ?നി ഉണ്ടാക്കി എനിക്കു തന്നാൽ മതി ... അവൾ അന്നത്തെ ഭാഷയിൽ എന്നെ എന്തൊക്കെ വിളിച്ചു എന്നുള്ളത് ഓർമ്മയില്ല ..പക്ഷെ പറ്റില്ല എന്നതായിരുന്നു മറുപടി ..
ഒരുപാട് കെഞ്ചിയെങ്കിലും അവൾ വഴങ്ങിയില്ല .. ..ഇതൊന്നും ആരോടും പറയണ്ട ..വീട്ടിൽ എനിക്കു അത്ര നല്ല പ്രോത്സാഹനം അല്ല കിട്ടിയത്..എന്നൊരു താക്കീതു നൽകി ഞാൻ മടങ്ങി .
ഇനിയിപ്പോൾ എന്താ ഒരു വഴി ഈ ഗർഭം ഒരു ഭയങ്കര സംഭവം തന്നെ ..പെങ്കുട്ട്യോൾക്ക് മാത്രം ഉണ്ടാക്കാൻ പറ്റണ സംഭവം ... പിറ്റേ ദിവസം രാവിലെ തന്നെ വാവ എന്നെ കാണാൻ ഓടി വന്നു അതും വളരെ വിലപ്പെട്ട ഒരു വിവരവുമായി .എന്നോടുള്ള ഇഷ്ടം കൊണ്ടാണോ അതോ ഇതിനെ കുറിച്ചറിയാനുള്ള അവളുടെ ആകാംഷയാണോ ആരിൽ നിന്നോ ചൂണ്ടിയ ഒരു വിവരം "ഗർഭം ഉണ്ടാകണേൽ കല്യാണം കഴിക്കണം" (ആ വിവരം തെറ്റായിരുന്നു എന്നു കാലം തെളിയിച്ചു എന്നത് സത്യം ) അതു കേട്ടതും ഞാൻ ആകെ നിരാശനായി . ..ഈ സംഭവം എങ്ങിനെങ്കിലും അങ്ങിനെ ഉണ്ടാക്കാൻ പറ്റില്ല .കുറച്ചു കഷ്ടപെടണം.... എന്റെ മോഹം ഞാൻ ഉപേക്ഷിച്ചു .
ആ സങ്കടത്തിൽ പോയി കിടന്നുറങ്ങിയ ഞാൻ എഴുന്നേൽക്കുമ്പോൾ നേരം സന്ധ്യ ആയിരുന്നു .എന്റെ അണ്ണൻ കുഞ്ഞമ്മേടെ വീട്ടിലെ സന്ദർശനം കഴിഞ്ഞു തിരിച്ചെത്തിയിട്ടുണ്ട് ...വീണ്ടും നാളുകൾ കഴിഞ്ഞു പോയി .
രമ ചേച്ചി പ്രസവിച്ചു കുഞ്ഞിനേംകൊണ്ടു തിരികെ പോയി .ഞാനും സുര്യവാവയും സ്കൂളിലേക്കും... സ്കൂളിൽ കളിച്ചും ചിരിച്ചും ദിവസങ്ങൾ പോയി ..അങ്ങിനെ ഇരിക്കുമ്പോഴാണ് സുര്യവാവേടെ വല്യ ചേച്ചിടെ കല്യാണം . ബന്ധുക്കളും , അയലോക്കരും ഒരു മേളമായിരുന്നു ..
താലികെട്ട് കണ്ടിരിക്കണ സമയത്താണ് എനിക്കു ആ പഴയ സംശയം വീണ്ടും പൊട്ടിയത്.അപ്പോൾ ഇനി വല്യേച്ചിയും ഗര്ഭിണിയാകും .. എന്റെ ഗർഭം അതെങ്ങുമെത്തിയില്ല ? അങ്ങിനെ വിട്ടാൽ പറ്റില്ലാലോ ...തിരക്കിനിടയിലും സുര്യവാവേ കണ്ടു പിടിച്ചു ..
ടി വാവേ... ഇന്ന് നമ്മുടേം കല്യാണം വാ എന്നു പറഞ്ഞു കൂട്ടി കൊണ്ടുപോയി അവിടെ കിടന്ന ഏതോ 2 മുല്ലപ്പൂമാല എടുത്തു അങ്ങോട്ടുമിങ്ങോട്ടും ഇട്ടു ..കണ്ടു നിന്നവർ ചിരിച്ചു ആ നാണത്തിൽ അവൾ ഓടിപോയി ...എന്നാലും സാരമില്ല കല്യാണം കഴിഞ്ഞല്ലോ ഇനി എന്റെ ഗർഭം ... ഞാൻ സന്തോഷം കൊണ്ടു തുള്ളിച്ചാടി ..
രഹസ്യങ്ങൾ ചൂണ്ടാൻ പെണ്ണുങ്ങളോളം കഴിവ് ആർക്കുമില്ലലോ ..എന്റെ ഹൃദയം തകർക്കുന്ന ഒരു രഹസ്യ വിവരമാണ് അടുത്തതായി അവൾ തന്നത് ..കല്യാണം കഴിഞ്ഞെങ്കിലും ഗർഭം ഉണ്ടാകണേൽ 10 മാസം എടുക്കുമത്രേ ... ദൈവമേ വീണ്ടും പരീക്ഷണമോ ? എന്തായാലും സഹിക്കുക തന്നെ കാത്തിരിക്കാം .. ആ സമയങ്ങളിൽ വാവേടെ വയറ്റിൽ ചെവി വച്ചു നോക്കണത് എന്റെ ഒരു ശീലമായിരുന്നു സാക്ഷാൽ ലാലേട്ടൻ വന്ദനം എന്ന സിനിമയിലൂടെ കൈമാറിയ വളരെ വിലപ്പെട്ട ഇൻഫർമേഷൻ ...ഞാൻ കാത്തിരുന്നു ..
ഒരു ദിവസം വീണ്ടും വാവ ഓടിപിടഞ്ഞു വന്നു എന്താടി എന്തുപറ്റി ..?
ഡാ .. വല്യേച്ചി ..വല്യേച്ചിക്ക് ഗർഭം ഉണ്ടെന്നു ...
"ഹേ ..നി എന്തടി ഈ പറയുന്നേ അതിനു 10 മാസം ആയില്ലലോ" ഞാൻ സങ്കടത്തോടെ ചോയിച്ചു ..
ഡാ ..ഡോട്ടർ മാമൻ പറഞ്ഞെന്നു വല്യേച്ചി ഗർഭിണിയാണെന്ന് .. പിന്നെ ചേച്ചി തലകറങ്ങി വീണു ..
നിനക്കു തലകറങ്ങുന്നില്ലേ ?
ഇല്ല ..
ഒന്നുടെ സൂക്ഷിച്ചു നോക്കിക്കേ ..
ഇല്ലടാ .. തലകറങ്ങിയാൽ ഞാൻ വീഴുമായിരുന്നില്ലേ ..?
എന്തായാലും ഡോട്ടർ മാമന്റെ അടുത്തു കൊണ്ടുപോയി നോക്കാൻ പറ്റില്ല ..
സാരമില്ല ഒരു വഴി ഒപ്പിക്കാം.. നി തല കറങ്ങുന്നുണ്ടോന്നു ശ്രദ്ദിച്ചോണം ...
(തുടരും)
കിരൺ കൃഷ്ണൻ
08/2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo