Slider

fb മൈതാനം

0
Image may contain: drawing

കുറേ ആണുങ്ങളുടെയും കുറേ പെണ്ണുങ്ങളുടെയും കൂട്ടം കണ്ടാണ് ഞാനവിടേക്ക് ചെന്നു നോക്കിയത്.
വലിയൊരു മൈതാനമായിരുന്നു അത്!
സ്ത്രീപുരുഷൻമാരെല്ലാവരും കുഴമ്പു തേച്ചിട്ടുണ്ട്. എന്നിട്ട് പരസ്പരം ഉഴിയുകയാണ്.
ഞാനൽത്ഭുതപ്പെട്ടു.ഇതെന്നതാ സംഭവം? ഉഴിച്ചിൽ മത്സരമോ?
ഞാൻ ചുറ്റും നിരീക്ഷിച്ചു. പരസ്പരം കാലു തടവുന്നു., കൈ തടവുന്നു., പുറംതടവുന്നു....നിന്ന് തടവുന്നു, ഇരുന്നുതടവുന്നു, കിടന്നു തടവുന്നു....
പലതരം ഉഴിച്ചിലുകൾ !.
എനിക്കൊന്നും മനസ്സിലായില്ല.
ആരോടെങ്കിലും ചോദിക്കാം എന്നു കരുതിയപ്പോൾ ഒരാളെന്റെ നേരെ ഒരു കുഴമ്പു കുപ്പി നീട്ടി. എന്നിട്ട് കുനിഞ്ഞ് നിന്ന് മുതുക് കാട്ടിതന്നു. എന്നിട്ട് പറഞ്ഞു: "വരൂ തടവി തുടങ്ങിക്കോളൂ!."
ഞാനവിടെ നിന്നും അകന്നു മാറി. കുഴമ്പിന്റെ രൂക്ഷഗന്ധം മൂക്കിൽ തുളഞ്ഞു കയറി. പ്രത്യേകതരം ദുർഗന്ധമായിരുന്നു ആ കുഴമ്പിന്. എനിക്ക് ഓക്കാനം വന്നു.
ഞാനകന്ന് മാറി ചുറ്റും നിരീക്ഷിച്ചു. അതാ, ആൾക്കൂട്ടത്തിൽ നിന്നുംമാറി ഏകനായി കാവിധാരിയായ ഒരു സന്യാസിയിരിക്കുന്നു. ഞാനങ്ങോട്ട് ചെന്നു.
എന്നെ കണ്ടപ്പോൾ സംന്യാസി പുഞ്ചിരി തൂകി.
ഞാൻ ചോദിച്ചു: "സംന്യാസി ശ്രേഷ്ഠാ, ഏതാണീ മൈതാനം?, ആരാണീ കുഴമ്പിട്ട് പരസ്പരം തടവുന്ന ആളുകൾ ?, ഈ കുഴമ്പിനെന്താണ് പ്രത്യേകതരം ദുർഗന്ധം?"
സംന്യാസി പുഞ്ചിരി തൂകി.
എന്നിട്ട് പറഞ്ഞു: "ഇതാണ് fb മൈതാനം. ഈ ജനങ്ങൾfb യിലെ അംഗങ്ങളും. പിന്നെ, കുഴമ്പിന്റെ ദുർഗന്ധം... അത് സ്വാർത്ഥതയുടെ ഗന്ധമാണ്. "
ഞാൻ അത്ഭുതപ്പെട്ടു. സംന്യാസി എന്നെ മൈതാനത്തിന്റെ മറ്റൊരിടത്തേക്ക് കൂട്ടികൊണ്ട് പോയി. അവിടെ ആളുകൾ പരസ്പരം പൊരിഞ്ഞ അടി., തെറി, അട്ടഹാസം !. അങ്ങനെ സംന്യാസിയോടൊപ്പം ഞാൻ fb മൈതാനം ചുറ്റി കണ്ടു. പലയിടത്തും വിവിധതരം സംഭവങ്ങൾ അരങ്ങേറുന്നു. അദ്ദേഹം ഓരോന്നായി എനിക്ക് എല്ലാം വിവരിച്ചുതന്നു.
ലോകത്തിന്റെ ജീർണത എനിക്ക് ബോധ്യപ്പെടുത്തി തന്നു.
എല്ലാം മനസ്സിലാക്കിയ ഞാൻ സംന്യാസിയോട് നന്ദി പറഞ്ഞു. എന്നിട്ട് യാത്രപറഞ്ഞു തിരികെ പോരാനൊരുങ്ങി.
അപ്പോൾ സംന്യാസി എന്റെ കയ്യിൽ മുറുകെ പിടിച്ചു. എന്നിട്ട് കാവിക്കുള്ളിൽ നിന്നും ഒരു കുപ്പിയെടുത്തു നീട്ടി. കുപ്പിയിൽ നിന്നും കുഴമ്പിന്റെ ദുർഗന്ധം പരന്നു.
സംന്യാസി കുനിഞ്ഞ് നിന്ന് മുതുക് കാട്ടിയിട്ടുപറഞ്ഞു:
"അങ്ങനങ്ങു പോയാലോ ബ്രോ.... ആ കുഴമ്പിട്ട് നന്നായി തടവൂ.... "
-ശുഭം -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo