Slider

കവിളിണയിൽ കുങ്കുമമോ?(കഥ )

0
Image may contain: 1 person, closeup

“കുസൃതിയും കുറുമ്പും നിറഞ്ഞ കലാലയജീവിതത്തിലെ “ഗൃഹാതുരത്വമുണർത്തുന്ന ചിരിയോർമ്മക”ളിനി നമ്മളോടൊത്തു പങ്കു വെക്കാനെത്തുന്നത് ശ്രീ വിനയ് മേനോൻ “
പേര് വിളിച്ചതും സീറ്റിൽ നിന്നുമെഴുന്നേറ്റു .
ഷർട്ട് വലിച്ചിട്ടു ചെറിയ ചവിട്ടു പടികൾ കടന്നു സ്റ്റേജിലേക്ക് നടന്നു . സദസ്സിൽ നിന്നു പലയിടങ്ങളിൽ നിന്നായി കൈയ്യടികളുയരുന്നുണ്ട്. നേരത്തെ പ്രസംഗിച്ചവരെ വെച്ച് നോക്കുമ്പോൾ ഞാനത്ര വി ഐ പിയല്ല .എങ്കിലും ചടങ്ങിൽ പങ്കെടുക്കുന്നവരെല്ലാവരും തങ്ങളുടെ ഓർമ്മകൾ പങ്കുവെക്കണമെന്ന് പൂർവ്വ വിദ്യാർത്ഥി സംഗമമൊരുക്കിയ സംഘാടകർക്ക് നിർബന്ധം.
“മാന്യ സദസിനു വന്ദനം ..” ചെറിയ പതർച്ചയോടെയാണ് വാക്കുകൾ തുടങ്ങിയത്. എന്നെപ്പോലൊരു സാധാരണക്കാരനു സ്റ്റേജും , മൈക്കും പ്രസംഗവുമെല്ലാം സഭാകമ്പമുണർത്തുന്നവയാണെന്നും .
“ഒരു പാട് മനോഹരങ്ങളായ ഓര്മകളുള്ള ഈ ക്യാമ്പസിലിങ്ങിനെയൊരു വേദിയൊ രുക്കിയതിനാദ്യമേ അതിന്റെ സംഘാടകർക്ക് നന്ദി പറഞ്ഞു കൊള്ളുന്നു . “
കൈയ്യടികളുയർന്നപ്പോളൊന്ന് നിർത്തി പിന്നെ തുടർന്നു-
“കോളേജിൽ കെമിസ്ട്രിയായിരുന്നെന്റെ പ്രധാനവിഷയം . പക്ഷെ പഠിച്ചു മൂന്നാം വര്ഷമെത്തിയപ്പോഴേക്കും അ തൊരെടുത്താൽ പൊങ്ങാത്ത വിഷയമായി. പ്രാക്ടിക്കൽ ക്ലാസ്സിൽ നിങ്ങളിന്നത്തെ കുട്ടികളനുഭവിക്കുന്ന സൗകര്യങ്ങളൊന്നും തന്നെ ഞങ്ങൾക്കുണ്ടായിരുന്നില്ല . ആ വര്ഷം പുതിയതായി വന്ന കെമിസ്ട്രി സാർ വളരെ പരിമിതമായ സ്ഥലസൗകര്യത്തിനൊരു പരിഹാരം കണ്ടു പിടിച്ചു. അതോടെ കെമിസ്ട്രിയോടും സാറിനോടും ബഹുമാനമൊക്കെ തോന്നി തുടങ്ങി .രണ്ടു പേർ ചേർന്ന് പ്രാക്ടിക്കൽ ചെയ്യുക. അതായതൊരാൺകുട്ടിയും പെൺകുട്ടിയും”
ഇതു കേട്ടതും “ഹായ് കൊള്ളാലോ ..”” ഇപ്പോഴത്തെ സാറുമാരെയെന്തിനു കൊള്ളാം?” “ “ശോ നമ്മുക്കൊന്നും ആ ഭാഗ്യമില്ലാതായാലോ “തുടങ്ങിയ കമന്റുകൾ സദസ്സിൽ നിന്നുമുറക്കെ കേട്ട് തുടങ്ങി.
കഴിയുന്നത്ര സ്വരത്തിൽ വിഷാദം കലർത്തി തുടർന്നു-
“സാർ ക്ലാസ്സിൽ പേര് വിളിക്കാൻ തുടങ്ങി .ഓരോ പേര് വിളിക്കുമ്പോഴും കൂവലുംകൈയ്യടികളുംഅകമ്പടിയായി. ചില ഭാഗ്യവാന്മാർക്കു അവരുടെ പ്രേമഭാജനങ്ങളെ തന്നെ പ്രാക്ടിക്കലിനും കിട്ടി. കാര്യമായ പ്രേമമൊന്നുമതുവരെയി ല്ലാത്തതിനാൽ കെമിസ്ട്രി ക്ലാസ്സിലൊന്ന് പ്രേമിക്കാമെന്നു കരുതി, പേര് വിളിക്കുന്നതും കാത്ത് ഞാനിരുന്നു. എന്റെ പേരാണെങ്കിൽ വിളിക്കുന്നുമില്ല. “വി” എന്നയക്ഷരത്തിൽ പേരിട്ടതിനാദ്യമായി മാതാപിതാക്കളോട് വിരോധം തോന്നി . “എ “ആയിരുന്നെങ്കിൽ ഏതേലുമൊരുത്തിയുടെ കൈയും പിടിച്ചു സമാധാനമായിപ്പോഴിരിക്കാമായിരുന്നു, ഇതിപ്പോൾ? ഞാൻ ക്ലാസിലിരുന്നെരിപിരി കൊണ്ടു”
ഏതാണ്ട് മുപ്പതു വർഷങ്ങൾക്കു മുന്നുള്ള ആ എരിപിരി സദസിനെയും നന്നായ് ബാധിച്ചു.
“എന്നിട്ടു “പലദിക്കിൽ നിന്നും ആകാംഷ കലര്ന്ന ചോദ്യം.
“ഞാനീ സമയം പലവിധ സ്വപ്നങ്ങളും കണ്ടു. ഏതായാലും “വി” വരെയെത്താൻ സമയമെടുക്കും.എന്റെ കണ്മുന്നിലിനിയും പേര് വിളിക്കാത്ത സുന്ദരികൾ ടെസ്റ്റ് ട്യൂബും പെപ്പെറ്റും പിടിച്ചു നൃത്തമാടാൻ തുടങ്ങി.”
സദസ്സിൽ കൂട്ടചിരി!
“മോഹൻ ലാലായിരുന്നക്കാലത്തു താരം. “വന്ദനം” എന്ന സിനിമ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയം”
“ലാലേട്ടനിപ്പോഴും താരമാണ് “ഏതോ മോഹൻ ലാൽ ഫാനുറക്കെ പറഞ്ഞു
മോഹൻ ലാലിനെ പോലെ തോള് ചരിച്ചു ശബ്ദം മാറ്റി തുടർന്നു " എന്നോട് പറയാമോ ഐ ലവ് യു " സകലമാന ആൺകുട്ടികളും സുന്ദരികളുടെ പിന്നാലെ നടന്നു വന്ദനത്തിലെ ഡയലോഗ് പറഞ്ഞിരുന്ന കാലം “
“അത് പൊളിച്ചു. “പിൻനിരയിൽ നിന്നുമൊരു നീല ഷർട്ടുകാരനെഴുന്നേറ്റു നിന്നുപറഞ്ഞു.
“ഇരിയെടാ “പിന്നിൽ നിന്നുമാരോ നീല ഷർട്ടിൽ പിടിച്ചു വലിച്ചവനെയിരുത്തി .
. "കവിളിണയിൽ കുങ്കുമമോ എന്ന ഗാനം മൂളി ,പേര് വിളിക്കുന്നതും കാത്തു അക്ഷമയോടെ ഞാൻ.”
സദസ്സിൽ എവിടെന്നോ ശബ്ദമുയർന്നു” ധിം തനകിട ധിം തനകിട ധിം തനകിട തോം”
“അതെ ,അതന്നെ.. “പാട്ടു കേട്ട ദിക്കിലേക്ക് നോക്കി തുടർന്നു “മലയാളികളുടെ ഗൃഹാതുരത്വം തന്നെയാണ് ആ പാട്ടും സിനിമയും.. എന്റെ പേരടുക്കുംതോറും പട പടയെന്നൊരു ശബ്ദം.... "
" അതെന്താ.?" നിർത്തിയപ്പോൾ ചോദ്യം.
"മറ്റൊന്നുമല്ല, എന്റെ നെഞ്ചിടിക്കുന്ന ശബ്ദം” ഞാൻ നെഞ്ചത്ത് കൈവെച്ചു.
"പതിയെ സീറ്റിൽ നിന്നുമെഴുന്നേറ്റു. ദേ ..ഇപ്പോഴാ നീല ഷർട്ടുകാരനെ പിടിച്ചിരുത്തിയ പോലെ പിന്നിൽ നിന്നും ഷർട്ടിൽ പിടിച്ചു വലിച്ചാരോ യെന്നെയിരുത്തി”
വീണ്ടും കൂട്ടച്ചിരി. ഇത്തവണ പെൺകുട്ടികളുടെ ചിരിയുയർന്നു കേട്ടു
"ഒടുവിൽ സാർ വിളിച്ചു. വിനയ് മേനോൻ . കൂടെയുള്ള പേരറിയാനാണ് താല്പര്യം. കാതു കൂർപ്പിച്ചിരുന്നപ്പോൾ കേട്ടു “
" റീന ,മീന ,ടീന .."
" മേരി, റാണി, രാജേശ്വരി "
വിരുതന്മാർ പലരും പെൺകുട്ടികളുടെ പേരുകളുറക്കെ പറഞ്ഞു
അതൊന്നും ശ്രദ്ധിക്കാതെ ഞാൻ തുടർന്നു "ഗാഥ മേനോൻ .. ഗുരുവായൂരപ്പാ! പേര് കേട്ടതുമെനിക്ക് അറ്റാക്ക് വരാതിരുന്നത് നല്ല കാലം”
“ങേ ഗാഥ ? " “ഞങ്ങൾക്ക് അറ്റാക്ക് വരും” അവിടന്നുമിവിടെന്നുമായി കമന്റുകൾ.
“ഗാഥ സിനിമയിലെ പോലെ സുന്ദരിയാണോ?” ആരോ ഒരു വീരൻ ചോദിച്ചു
“സത്യം പറഞ്ഞാൽ സിനിമയിലെ പെൺകുട്ടിയേക്കാൾ സുന്ദരി .കോളേജ് ബ്യൂട്ടി. അതിനാൽ തന്നെ സുന്ദരിമാരായ പെൺകുട്ടികൾക്കുള്ള ഒരു സ്വഭാവ വിശേഷം അവൾക്കു നന്നായുണ്ട്. "
ഞാൻ നിർത്തിയ നേരത്തു ആൺകുട്ടികൾ പെൺകുട്ടികളുടെ ഭാഗത്തേക്ക് നോക്കി ഉറക്കെ കൂവി. കൂവലിനിടയിലും അവർ പറഞ്ഞത് വ്യക്തമായി കേൾക്കാം "അഹങ്കാരം "
" പ്രാക്ടിക്കൽ ക്ലാസ് തുടങ്ങി .നേരെ എതിരെ നില്കുന്ന സൂസിയും തോമസുംതമ്മിൽ ഒന്നാം വര്ഷം മുതലേ പ്രണയമാണ് .അത് കൊണ്ട് തന്നെ അവർ തമ്മിൽ നല്ല രസതന്ത്രം.തന്ത്രപൂർവമത് കണ്ടു നില്ക്കാനെനിക്കും നല്ല രസം. . ടെസ്റ്റു ട്യൂബിൽ നിന്നും ആവി പുറത്തേക്കു വരുന്നത് പോലെയാണ് രണ്ടിന്റേം കണ്ണീന്നും മൂക്കീന്നും വായിന്നുമെല്ലാം പ്രണയം വരുന്നത്. അവർക്കെതിരെ നിൽക്കുന്നയെനിക്കും ഗാഥക്കുമാവട്ടെ ഒരു രസവുമില്ല തന്ത്രവുമില്ല. വല്ല തന്ത്രവും നടക്കുന്നുണ്ടെങ്കിലത് മൊത്തം എന്റെ മനസ്സിൽ മാത്രം. സൾഫ്യൂരിക് ആസിഡിന്റെ ഗന്ധമുയരുമ്പോളതു ഗാഥയുടെ ഷാംപൂവിട്ട മുടിയുടെ ഗന്ധമായ് ഞാനാസ്വദിച്ചു. ടെസ്റ്റ് ട്യൂബിൽ നിന്നുയരുന്ന പുകച്ചുരുളുകളവളുടെ മുടിയിഴകളെന്റെ മുഖത്തേക്കിഴയുകയാണെന്നു കരുതി പതിയെ മാടിയൊതുക്കി."
കൈകളുയർത്തി ഞാൻ അഭിനയിച്ചു കാണിച്ചു .
“പ്രത്യേകിച്ചൊരു രസവുമില്ലാതെ ദിവസങ്ങൾ കൊഴിഞ്ഞു.ഒടുവിൽ കോളേജിൽ നിന്നും ടൂർ പോവുന്ന സമയമായി .”
“അപ്പോഴെന്തെങ്കിലും നടക്കും” ഏറ്റവും മുൻ നിരയിൽ നിന്നുമൊരെലുമ്പൻ അവന്റെ അഭിപ്രായം പ്രകടിപ്പിച്ചു.
“തന്നനം താനനം താളത്തിൽ പാടി ഞങ്ങൾ ഊട്ടിയിലെത്തി .ഗാഥക്കെന്നോടൊരു മൈന്റുമില്ല. രസതന്ത്രക്ലാസ്സിൽ കണ്ട പരിചയം തീരെയില്ല”
മുന്നിലിരിക്കുന്ന മുഖങ്ങളിൽ നിരാശ .
“ഒടുവിൽ ടൂർ കഴിഞ്ഞു തിരിച്ചു പോരുന്ന ദിവസം .എല്ലാവരും കൂടെ ക്യാമ്പ് ഫയറിനു ചുറ്റും കൂടി.. പാട്ടും ഡാൻസുമായി. “
“ആഹാ ..ക്യാമ്പ് ഫയർ അടിപൊളി.” ഇന്ദ്രൻസിന്റെ ഛായ തോന്നിച്ച ഒരുത്തൻ പറഞ്ഞു
“സ്വാഭാവികമായും ലാലേട്ടന്റെ പാട്ടും ഞങ്ങൾ പാടി തുടങ്ങി. കവിളിണയിൽ കുങ്കുമമോ .. ആരെല്ലാമോ പിടിച്ചു വലിച്ചു ഗാഥയേയും ഡാൻസിന് കൊണ്ട് വന്നു”
“അപ്പോഴെന്തേങ്കിലും നടന്നു കാണും “ഇത്തവണ പെൺകുട്ടികളുടെ ഭാഗത്തു നിന്നാണ് കമൻറ്.
“നടന്നു നടന്നു. ഡാൻസിന്റെ മൂർദ്ധ്യന്യാവസ്ഥയിൽ ധിം തനകിട ധിം തനകിട ധിം തനകിട തോമെന്ന ഭാഗമെത്തിയപ്പോൾ ഞാൻ സ്വയം മറന്നു മോഹൻ ലാലായി. ഗാനരംഗത്തിലെ പോലെ ഗാഥയുടെ പിന്നിലൊരറ്റയടി "
“ങേ “ . സദസ്സ് സ്തംഭിച്ചു. മൊട്ടുസൂചി വീണാൽ പോലും കേൾക്കും .
" ഗാഥയൊന്നു തിരിഞ്ഞു .ഒന്ന് നോക്കി. ഒന്ന് തന്നു " കവിൾ പൊത്തികൊണ്ടു തുടർന്നു “അതോടെ തീർന്നെന്റെ പ്രേമം. "
കാര്യം പിടികിട്ടിയ കുട്ടികൾ കൂട്ടച്ചിരിയായി.
“കവിളത്തു പാട് വീണോ” “ വേദനിച്ചോ”എന്ന ചോദ്യങ്ങൾക്കിടയിൽ മറുപടി
അർഹിക്കുന്നയൊരു ചോദ്യം “എന്നിട്ടു ഗാഥ ഇപ്പോഴെവിടെ ?”
“ഗാഥ ഇവിടെ വന്നിട്ടുണ്ട്.” ആൾക്കൂട്ടത്തിലേക്കു ഞാൻ കണ്ണ് പായിച്ചു
“എവിടെ ? സ്റ്റേജിലേക്ക് വിളിക്കു “സദസ്യർ ആകാംഷ ഭരിതരായി. " ഒരാൺകുട്ടിയെ തല്ലിയ വീരത്തിയെ കാണണമല്ലോ"
അപ്പോഴേക്കും സ്റ്റേജിന്റെ പിന്നിൽ നിന്നുമൊരുത്തൻ അനൗൺസ്മെന്റും നടത്തി " അന്നത്തെ ഗാഥ മേനോൻ കൂട്ടത്തിലുണ്ടെങ്കിൽ ദയവായി സ്റ്റേജിലേക്ക് കയറി വരിക "
പച്ച നിറത്തിലെ പട്ടു സാരിയുടുത്തു , മുടിയു യർത്തി കെട്ടി ,കട്ടി കണ്ണട വെച്ച ഗാഥ മധ്യ ഭാഗത്തെ കസേരയിൽ നിന്നുമെഴുന്നേറ്റു സ്റ്റേജിലേക്ക് നടന്നു വന്നു. പടികൾ കയറാൻ ഞാനവളെ കൈനീട്ടി സഹായിച്ചു .
ഞാൻ മൈക്ക് ഗാഥക്ക് കൈമാറി. “ബാക്കി ഗാഥ പറയും “
“എന്നാലും ഒരു പുരുഷനെ തല്ലുകയെന്നു പറഞ്ഞാൽ ?”പെൺകുട്ടികളുടെ ഭാഗത്തു നിന്നും കുറ്റപ്പെടുത്തുന്ന ശബ്ദമുയർന്നു.
“അന്നങ്ങിനെ സംഭവിച്ചു പോയി. “ഗാഥ കുറ്റബോധത്തോടെ പറഞ്ഞു .. “പക്ഷെ അതിനു ഞാൻ പ്രായശ്ചിത്തം ചെയ്തു.”
“എങ്ങിനെ “ഇത്തവണയും ഒച്ച പെൺകുട്ടികളുടെ ഭാഗത്തു നിന്നും .
“അദ്ദേഹത്തിന്റെ ഭാര്യയായി.. “ഗാഥ ചിരിയോടെ പറഞ്ഞു
“ങേ അതൊന്നു വിവരിക്കാമോ ?”
ആൺകുട്ടികളാണ് ഉറക്കെ അത് ചോദിച്ചത്
“അതെല്ലാം സൗകര്യം പോലെ ഓരോരുത്തരും ഭാവനയിൽ കണ്ടാലും. ” ഗാഥയുടെ കൈയിൽ നിന്നും മൈക്ക് വാങ്ങി " അന്നത്തെ അടിക്ക് ഗാഥയിപ്പോഴുമെന്നെ ശിക്ഷിച്ചു കൊണ്ടിരിക്കുകയാണ്.കോളേജ് ക്യാമ്പസ്സിലെ ഓർമ്മകളവിടെ കഴിഞ്ഞു. ബാക്കിയെല്ലാമെന്റെ തലവിധി. " ഞാൻ ഗാഥയെ നോക്കി കണ്ണിറുക്കി.
“ഇപ്പോൾ വിനയ് സാർ അങ്ങിനെയൊന്നടിച്ചാൽ ഗാഥ മാഡം എങ്ങിനെ പ്രതികരിക്കും?” ചോദിച്ചത് നേരത്തെ കണ്ട ഇന്ദ്രൻസ് തന്നെ
അവനെ തല്ലുന്നത് പോലെ ഞാൻ കൈയുയർത്തി .ചിരിയോടെ എല്ലാവര്ക്കും ഒരിക്കൽ കൂടെ നന്ദി പറഞ്ഞു ഗാഥയുടെ കൈ പിടിച്ചു സ്റ്റേജിൽ നിന്നിറങ്ങി. സദസ് മൊത്തം എഴുന്നേറ്റു ഞങ്ങൾക്കായി കൈയടിച്ചു . കൂടെ ആ മനോഹര ഗാനവും അവരാലപിച്ചു. എന്റെ
ഗൃഹാതുരത്വത്തിന്റെ ചിരിയോർമ്മകളുണർത്തുന്ന ഗാനം !
“കവിളിണയിൽ കുങ്കുമമോ ?പരിഭവം വർണ പരാഗങ്ങളോ
കടമിഴിയിൽ കവിതയുമായി വാ വായെന്റെ ഗാഥേ...” Sanee Marie John
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo