Slider

ജൂലി -ഐ ലവ് യൂ|

0


രാത്രി :
ടി.വി ചാനലുകളില്‍ ഫ്ലാഷ് ന്യൂസ് :ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതി ചികിത്സക്കിടെ മാനസികരോഗാശുപത്രിയില്‍ നിന്ന് രക്ഷപെട്ടതായി വിവരം.വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.. പോലീസ് തിരച്ചില്‍ നടത്തുന്നു.
*************************************************************
അവരൊരിക്കലും ഞാന്‍ ഇവിടെ ഒളിക്കുമെന്നു പ്രതീക്ഷിച്ചുകാണില്ല.ഹഹ മണ്ടന്‍മാര്‍.തപ്പട്ടെ.ശരിക്കും തപ്പട്ടെ.തപ്പി മടുക്കട്ടെ.ഹഹഹ.ഇപ്പൊ കാടിളക്കി ,മേടിളക്കി അവന്മാര്‍ എന്നെ തപ്പുവാരിക്കും.എനിക്ക് പുല്ലാണ്.പോലീസ് വണ്ടികള്‍ വലിയ ഹെഡ് ലൈറ്റുകള്‍ മിന്നിച്ചു ഈ മഴയത്ത്കൂടി തലങ്ങും വിലങ്ങും പായുവാരിക്കും.ഹഹ.
പാന്റും ഷര്‍ട്ടുമിട്ടു കുറെ മാന്യന്‍മാരും ചുരിദാറും സാരിയുമിട്ട കുറെ മഹതികളും സിറ്റീ കൂടി നടക്കുന്നത് കാണാം.ഉദ്യോഗസ്ഥരും പൈസാക്കാരും.എല്ലാത്തിനും മുടിഞ്ഞ ജാഡ.എല്ലാത്തിന്റെയും കയ്യില്‍ വലിയ ഫോണും.എല്ലാത്തിനും എന്ത് തിരക്ക്.അവരാണ് സര്‍ക്കാരില്‍ നികുതി അടക്കുന്ന ജനം.അവരുടെ ഹുങ്ക്.ജോലിക്കാരുടെ ഹുങ്ക്.ഇന്ന് രാത്രി അവരുടെ കുറെ നികുതിക്കാശ് എന്നെ തിരഞ്ഞു പോകും.ഉദ്യോഗസ്ഥന്‍മാരുടെ കുറെ നികുതിക്കാശ് എനിക്ക് വേണ്ടിയും ചിലവാക്കട്ടെ സര്‍ക്കാര്.
ഇതൊരു പഴയ കെട്ടിടമാണ്.നഗരത്തിന്റെ പ്രാന്തത്തിലുള്ള ഈ കെട്ടിടത്തിനു പത്തമ്പത് കൊല്ലം പഴക്കം വരും എന്നാണു ജയിലില്‍ വച്ച് പരിചയപ്പെട്ട വിനു പറഞ്ഞത്.ഞങ്ങള്‍ ഒരുമിച്ചായിരുന്നു ആശുപത്രിയിലും.അവനെ ആശൂത്രീന്നു അസുഖം കുറഞ്ഞു ജയിലിലോട്ട് മാറ്റി.ആശൂത്രീന്നു ജയിലി ചെന്നപ്പോ നല്ല സൂപ്പര്‍ മരുന്ന് കിട്ടി.ഹഹ.എവിടുന്നു കിട്ടി.കോടതീന്നു കിട്ടി.ജഡ്ജി കൊടുത്തു. ഹൈക്കോടതി ജഡ്ജി ഉമ്മന്‍ തരകന്‍..പതിനായിരം ഡോക്ടര്‍മാരുടെ ഫലം ചെയ്യും ഒരു നല്ല ജഡ്ജിടെ ചികിത്സ.ഒരു സൈഡ് എഫക്ടുമില്ലാത്ത മരുന്നും.വിധി എഴുതികഴിഞ്ഞു ഉമ്മന്‍ ജഡ്ജി പേനായുടെ മുനയൊടിച്ചു കളഞ്ഞു.അങ്ങിനെ ആ വഴിക്കും വിനു കാരണം സര്‍ക്കാരിനും ചെലവു വന്നു.ജഡ്ജിടെ പേനാ ആരുടെയാ??സര്‍ക്കാരിന്റെ.തൂക്കിക്കൊല്ലാന്‍ വിധിച്ചു കഴിയുമ്പോ മുന പോകുന്ന പേന സര്‍ക്കാരിന്റെ.അത് കഴിഞ്ഞു കയറു വാങ്ങുന്നത് സര്‍ക്കാര്‍.ഹഹ.കുറെ കാശ് പോകും വിനുവിന്റെ വകുപ്പില്‍.
പിന്നെ കെട്ടിയോളെയും മൂന്നു പിള്ളേരെയും കൊന്നവന് എന്നാ ശിക്ഷയാ കൊടുക്കണ്ടത്.??
കുട്ടിക്യൂറാ.ഹഹ. കുളിപ്പിച്ചിട്ടു കഴുത്തിന്റെ പുറകില്‍ കുട്ടിക്യൂറാ പൌഡര്‍ ഇട്ടു കൊടുക്കണം.അതാ ശിക്ഷ.
എനിക്ക് വട്ടൊന്നുമില്ല..ഒരല്‍പം കഞ്ചാവ് വലിച്ചിട്ടുണ്ട്.എന്ന് കരുതി വട്ടൊന്നുമില്ല.ഈ നശിച്ച നാട്ടില്‍ ബുദ്ധി പുക പിടിച്ചു പോകാതിരിക്കണമെങ്കില്‍ അല്പം കഞ്ചാവ് വലിക്കണം.
കുട്ടിക്കൂറാ...എന്നാ പേരാ ഒരു പൌഡറിന് ഇടാന്‍ പറ്റിയ പേര്.കുട്ടിക്കൂറാ.
അതിന്റെ മണമടിച്ചാ ,മണം വേണ്ട പേര് പറഞ്ഞാല്‍മതി , വിനു സെല്ലിന്റെ മൂലയില്‍ ചുരുണ്ട്കൂടും.കിടന്നു കൈകാലിട്ടടിക്കും.ഉറക്കെ നിലവിളിക്കും.വായില്‍ നിന്ന് നുരയും പതയും വരും.
വിനുവിന്റെ രണ്ടു വയസ്സുള്ള ഇളയ കുട്ടിക്ക് കുട്ടിക്കൂറായുടെ മണമായിരുന്നു.അതിനെ കിണറ്റിലോട്ട് വലിച്ചെറിയാന്‍ നേരം ആ മണമുണ്ടായിരുന്നുത്രെ .പാവം.വിനുവല്ല.ആ കുട്ടി.
ഉറക്കം വരുന്നു.തളരുന്നു.
ഇവിടെ ഒരുത്തനും അന്വേഷിച്ചു വരികേല.ഉറപ്പാ.കാരണം ഇത് പഴയ പോലീസ് സ്റ്റേഷനാണ്.പുതിയ കെട്ടിടത്തിലേക്ക് പോലീസ് സ്റ്റേഷന്‍ രണ്ടു വര്‍ഷം മുന്‍പ് മാറ്റിയപ്പോള്‍ ഇത് ഉപേക്ഷിക്കപ്പെട്ടു.എന്നാലും ഇതൊരു ഒന്നൊന്നര കെട്ടിടവാ.പണ്ട് ബ്രിട്ടീഷ്കാരുടെ കാലത്തുണ്ടാക്കിയ ഓടിട്ട കെട്ടിടം.ചുമരെല്ലാം വിണ്ടുകീറി .മേല്‍ക്കൂര ഏകദേശം തീര്‍ന്നു.ഫുള്‍ കാട്കേറി.
ഞങ്ങള്‍ടെ ജീവിതം പോലെ .മൊത്തം തീര്‍ന്നു.ഹഹ.ഞങ്ങള്‍ന്നു വച്ചാല്‍ പ്രതികള്‍.വില്ലന്‍മാര്‍.കുറ്റവാളികള്‍.
അമ്മേടെ ഗര്‍ഭപാത്രത്തില്‍ ഭൂണമായി ഉണ്ടാകുമ്പോഴെ ഞങ്ങള്‍ വില്ലന്‍മാരായി ജനിക്കുന്നു..കൊലപാതകി ഭ്രൂണം.അടിപിടി ഭ്രൂണം.ബലാല്‍സംഗ ഭ്രൂണം.കൊട്ടേഷന്‍ ഭ്രൂണം.ഗുണ്ട ഭ്രൂണം.തസ്ക്കര ഭ്രൂണം.ജയിലാണ് ഞങ്ങടെ യഥാര്‍ത്ഥ അമ്മ.ഭൂമിയില്‍ പിറന്നുവീണാല്‍ പിന്നെയുള്ള വര്‍ഷങ്ങള്‍ അമ്മയെ കാണാനുള്ള ഓട്ടമാണ്.
ഈ കെട്ടിടത്തിനു ചുറ്റും പണ്ട് പോലീസ് പിടിച്ചിട്ട വണ്ടികളുണ്ട്‌.കാര്‍,ആട്ടോ,ലോറി,എല്ലാം കാട് പിടിച്ചു കിടക്കുന്നു. ഒരു ലോറിയില്‍ കേറി ഒളിച്ചുകിടന്നു.പകല്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല.
ഒരു ഫുള്‍ റൊമാനോവും നല്ല തീലഹരിയുള്ള നാലഞ്ചു കഞ്ചാവ് ബീഡിയും ആശുത്രീന്നു ചാടുന്നതിനുമുന്‍പ് സംഘടിപ്പിച്ചു.നമ്മുടെ നാട്ടില്‍ നല്ല ഒറിജിനല്‍ കഞ്ചാവ് കിട്ടണേല്‍ ജയിലി പോണം.
ഒന്നും തിന്നിട്ടില്ല.തളരുന്നു.
എവിടെ കിടക്കണം.എസ്.ഐ യുടെ മുറിയില്‍ കിടക്കണോ?അതോ സര്‍ക്കിളിന്റെ മുറിയില്‍ കിടക്കണോ ?അതോ ലോക്കപ്പില്‍ കിടക്കണോ ?ലോക്കപ്പ് ബോറടിച്ചു.
സബ് ഇന്സ്പ്പെക്ടര്‍ എന്നെഴുതിയ ബോര്‍ഡ് ഒടിഞ്ഞു തൂങ്ങി കിടപ്പുണ്ട്.അകത്തു ഒടിഞ്ഞു തൂങ്ങിയ പഴയ കസേരകളും മേശയും.എസ്.ഐയുടെ കസേരക്കാലുകള്‍ക്കിടയില്‍ കമ്യൂണിസ്റ്റ് പച്ച വളര്‍ന്നുനില്‍ക്കുന്നു.മുറി മുഴുവന്‍ മാറാല.എസ്.ഐയുടെ കസേരയുടെ ചുവട്ടില്‍ പഞ്ഞി ചാടിയ ഒരു കുഷ്യന്‍ കിടക്കുന്നു.അതെടുക്കാം.തലയിണയാക്കാം.
ലോക്കപ്പിന്റെ ഇരുമ്പഴികളില്‍ പകുതിയില്ല.ബാക്കിയുള്ളത് തുരുമ്പ് പിടിച്ചു പൊടിയാറായി.തുരുമ്പ് പിടിച്ച കമ്പികളിലൂടെ ചുറ്റിപ്പിണഞ്ഞു വളരുന്ന കാട്ടുവള്ളികള്‍.കാട്ടുവള്ളികള് ഞങ്ങളെ പോലെ.ജയിലിനെ സ്നേഹിക്കുന്ന പാപികള്‍.
മദ്യം കുറച്ചു ബാക്കിയുണ്ട്.ഒന്ന് രണ്ട് കഞ്ചാവ് ബീഡിയും.
വിനുവാണ് ഈ സ്റ്റേഷനെക്കുറിച്ച് പറഞ്ഞത്.ഹഹ.എങ്ങിനെ പറയാതിരിക്കും.അവന്റെ തന്ത ഈ ലോക്കപ്പ് മുറിയില്‍ കിടന്നാ പണ്ട് തൂങ്ങിച്ചത്തെ.അതും പറഞ്ഞിട്ട് അവന്‍ ഒരു തമാശ പറഞ്ഞു.
അവന്‍ അത് പറഞ്ഞപ്പം അന്ന് ജയിലിലുണ്ടായിരുന്ന എല്ലാരും ചിരിച്ചു.എങ്ങിനെ ചിരിക്കാതിരിക്കും.
തന്ത സ്വന്തം ചെലവില്‍(അണ്ടര്‍വെയറില്‍) തൂങ്ങി.മോന്‍ സര്‍ക്കാര്‍ ചെലവി തൂങ്ങാന്‍ പോകുന്നു.ഹഹ പ്രൊമോഷന്‍.ഹഹ.
ഇവടെ ഒരുത്തനും രാത്രീ വരുകേല.പോലീസും വരികേല .കള്ളന്‍മാരും വരികേല.രണ്ടു കൂട്ടര്‍ക്കും പേടി.കള്ളന്‍മാര്‍ക്ക് പോലീസിനെ പേടി.പോലീസിനു പ്രേതങ്ങളെ പേടി.പഴേ എസ്.ഐ കുമാരപിള്ള ഇതിനാത്തു വിഷം കഴിച്ചു ചത്തതാ.നടു നിവര്‍ക്കട്ടെ.ഉറങ്ങട്ടെ.ഇനി അവന്മാര് പിടിച്ചാ പിടിക്കട്ടെ.ഞരമ്പിലിപ്പോ കഞ്ചാവും മദ്യവുമാ.
കഞ്ചാവ് ,മദ്യം,രക്തം.രംഭ ,മേനക,തിലോത്തമമാര് എന്ന് പറയുന്നത് പോലെ ബെസ്റ്റ് കോമ്പിനേഷന്‍.
>>
|ജൂലി- ഐ ലവ് യൂ ജൂലി- ഐ ലവ് യൂ-|
ആരാ അത് ,ആരാ പിറുപിറുക്കുന്നത്?കണ്ണ് തുറക്കാന്‍ വയ്യ.കണ്‍പോളക്ക് പാണ്ടിലോറീടെ കനം.
ആരോ കരയുന്നു.ആരാണ് ഈ പാതിരാത്രിയില്‍..
തൊട്ടടുത്ത്‌ ഒരു അണ്ടര്‍വെയര്‍ മാത്രം ധരിച്ച മനുഷ്യന്‍ ഇരുന്നു മുഖം പൊത്തി കരയുന്നു.ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ..കറുത്ത ദേഹത്ത് പുകപോലെ അയാളെ പൊതിയുന്ന നിലാവ്.
അയാള്‍ കരയുന്നു.
|ജൂലി -ജൂലി -ജൂലി -ഐ ലവ് യൂ-ഐ ആള്‍വെയ്സ് ലവ് യൂ.|
ഇയാൾ എന്തിനാ കരയുന്നത് ?
അപ്പുറത്ത് ആളുകളുടെ ശബ്ദം.അവന്മാര്‍ ഇവിടെയെത്തിയോ?
|ജൂലി- ജൂലി|
ഇയാള്‍ക്ക് ജൂലിയെ എങ്ങനെ അറിയാം.നിങ്ങള്‍ ഏതു ജൂലിയെ ഓര്‍ത്താ കരയുന്നത് ??
|കറുത്ത മനുഷ്യന്‍::ജൂലി- ജൂലി അന്ന മാനുവല്‍|
ജൂലി അന്ന മാനുവല്‍.
ചാടി എഴുന്നേറ്റു.
"അതിനു നിങ്ങള്‍ക്ക് അവളെ എങ്ങിനെ അറിയാം.അവള്‍..അവള്‍?"
|കറുത്ത മനുഷ്യന്‍(മുഖം പൊത്തി കരയുന്നു):ജൂലി -ഐ ലവ് യൂ ജൂലി -ഐ ലവ് യൂ സോ മച്ച് |
ചുറ്റും നോക്കി.നിലാവില്‍ പൊതിഞ്ഞ ഭിത്തികള്‍.കമ്യൂണിസ്റ്റ്പച്ചയും മാറാലയും മാറിയിരിക്കുന്നു.പുക പോലെ പതയുന്ന നിലാവ്.അതില്‍-
ആരെയോ ചവിട്ടുന്ന സ്വരം.ആരോ കരയുന്നു.ആരോ ആക്രോശിക്കുന്നു.
|സത്യം പറയെടാ നായിന്റെ മോനെ |
ഹാളില്‍ പുക പോലെ രൂപങ്ങള്‍.
പോലീസുകാര്‍ .
കള്ളന്‍മാര്‍.
ലോക്കപ്പില്‍ കള്ളന്‍മാരുടെ പുകരൂപങ്ങള്‍.അനുനിമിഷം അവരുടെ രൂപങ്ങള്‍ പുകയില്‍ മറയുന്നു.പുതിയ രൂപങ്ങള്‍ പുകനിലാവില്‍ പ്രത്യക്ഷപെടുന്നു.പുതിയ മുഖങ്ങള്‍.ചിരിക്കുന്നവ.കരയുന്നവ.തെറി പറയുന്നവ.
ഒരു പോലീസുകാരന്‍ ഹാളില്‍ ഒരുത്തനെ വയറിനു താഴെ മുട്ട് ചേര്‍ത്തു ഇടിക്കുകയാണ്.
|പോലീസുകാരന്‍ :പറയെടാ നായിന്റെ മോനെ -അമ്പലത്തില്‍ പോയ തള്ളയുടെ കഴുത്തിന്നു പറിച്ച മാല എവിടെയാടാ നീ ഒളിപ്പിച്ചത്- |
|കള്ളന്‍:ഹിഹി -|
|പോലീസുകാരന്‍:ചിരിക്കുന്നോ -പന്ന എരപ്പാളി- |
|കള്ളന്‍:ഹിഹി -ഞാനത് വിറ്റ്‌ സാറെ ഹിഹി-|
|പോലീസ്: ഫാ പന്ന നായിന്റെ മോനെ -എന്നിട്ട് കാശ് എന്തിയേടാ- |
|കള്ളന്‍ :കടം വീട്ടി സാറെ-|
ലോക്കപ്പില്‍ നിന്ന് കൂട്ടച്ചിരി ഉയരുന്നു.പൂക്കൂറ്റി പോലെ നാലുപാടും ചിതറുന്ന ചിരിയുടെ പുക ചീന്തുകള്‍.ചിരിക്കുന്ന കള്ളന്‍മാരുടെ മുഖങ്ങള്‍ പുകനിലാവില്‍ മായുന്നു.
ഒരു കനത്തകാലടി ശബ്ദം ഉയരുന്നു.
ഒരു തടിച്ച പ്രായം ചെന്ന കഷണ്ടിത്തലയന്‍ പോലീസ്കാരന്‍ ഹാളിലേക്ക് വരുന്നു.
ചോദ്യം ചെയ്യുന്ന പോലീസുകാരന്‍ സല്യൂട്ട് അടിക്കുന്നു.
തന്റെ പിന്നില്‍ നിന്ന് ഒരു കള്ളന്‍ മന്ത്രിക്കുന്നു.
|അത് ഹെഡ് രാമന്‍ നായർ സാര്‍ -മിണ്ടരുത് -ദേഷ്യം വന്നാല്‍ കിടുങ്ങാമണി പിടിച്ചു ഞെക്കി ഉടക്കും -വേദന കൊണ്ട് നമ്മള്‍ ചാകും.|
മറ്റു കള്ളന്‍മാരുടെ പമ്മിയ ശബ്ദങ്ങള്‍ പുറകില്‍ നിന്ന് -
|അതെ മിണ്ടരുത്-ഉടച്ചു കളയും-|
|ഹെഡ് :ഷട്ടപ്പ്-എന്താടാ ഇത്ര ചിരിക്കാന്‍-|
|പോലീസ് :സാറേ ഇവന്‍ കട്ട മാല വിറ്റ്‌ കടം വീട്ടിയെന്നു -|
|ഹിഹി.-അമര്‍ത്തിയുള്ള ചിരി ലോക്കപ്പില്‍ നിന്ന് |
|ഹെഡ് :അത് നല്ലതല്യോടാ പി.സി-ആരുടെ കടമാടാ നായിന്റെ മോനെ നീ വീട്ടിയെ|
|കള്ളന്‍ :കല്ലുങ്കല്‍ ഔസേപ്പിന്റെ വാറ്റ് ചാരായം മേടിച്ച കടം കുറച്ചുണ്ടായിരുന്നു-ബാക്കി-|
|ഹിഹി-ലോക്കപ്പിലെ പുകവളയങ്ങളില്‍ വീണ്ടും ചിരി മുഴങ്ങുന്നു.|
|ഹെഡ് :ബാക്കി കടം ആരുടെയാടാ നാറി-|
|കള്ളന്‍::മുണ്ടക്കയം രമണിടെ|
|കൂട്ടച്ചിരി.ഹെഡും മീശ കുലുക്കി ചിരിക്കുന്നു-|
ചിരിക്കുന്ന മുഖങ്ങള്‍.പിന്നെ പിറുപിറുക്കലുകള്|മുണ്ടക്കയം രമണി-ഹിഹി-മുണ്ടക്കയം രമണി-ഹോ ഹോ- ആറ്റന്‍ സാധനം-മാല പറിച്ചില്ലേല്ലേ അത്ഭുതമുള്ളു-ഹിഹി-|
ഹഹ.അറിയാതെ ചിരിച്ചു.പ്രേതങ്ങള്‍ ആണെങ്കിലും രസമുണ്ട്.എനിക്ക് ഒരു പ്രേതത്തെയും പേടിയില്ല.
|ഹെഡ്:ആരാടാ അവിടെ ചിരിക്കുന്നത്-|
|പോലീസ്:അവന്‍ കള്ളനാ സാറേ-നമ്മുടെ പോലീസിനെ വെട്ടിച്ചു നാറി ഇവടെ ഒളിച്ചു കിടക്കുവാ-നമ്മള്‍ പണ്ട് അരീക്കല്‍മുരളീടെ കള്ളമണല് പിടിച്ച ഒരു നാനൂറ്റിഏഴ് ലോറിയില്ലേ-അവന്‍ പകല്‍ അതില്‍ കിടക്കുവാരുന്നു-ഞാന്‍ കണ്ടാരുന്നു-|
ഇവര്‍ക്കെങ്ങനെ മനസ്സിലായി.ഞാന്‍ പകല്‍ ഇവടെ കിടന്ന കാര്യം.
|ഹെഡ് :ഫാ നായിന്റെ മോനെ-ഈ കെട്ടിടം മുഴുവന്‍ ഞങ്ങള്‍ടെ ആത്മാവുകളാ-ഈ കമ്മ്യൂണിസ്റ്റ് പച്ചയില്‍-ഈ തുരുമ്പിച്ച അഴികളില്‍ -ഈ ഇടിഞ്ഞു പൊളിഞ്ഞ ഭിത്തിക്കുള്ളില്‍-നീ തലവച്ച കുഷ്യന്റെ പഞ്ഞിത്തുണ്ടുകളില്‍-|
|കള്ളന്‍:അവന്‍ കിടന്നോട്ടെ സാറേ-നിങ്ങടെയാളുകള്‍ ഇത്രനേരം തപ്പിയിട്ടു -അവനെ പിടിച്ചില്ലല്ലോ-|
ലോക്കപ്പില്‍ നിന്ന് കള്ളന്‍മാരുടെ പിറുപിറുക്കലുകള്‍:-
|അതെ-അവന്‍ കിടക്കട്ടെ-നിങ്ങള് ഇത്ര നേരം പുളുത്തിയിട്ട് എന്നാ ഉണ്ടാക്കി-അവന്‍ മിടുക്കനാ-നല്ല ഉശിരുള്ള കള്ളന്‍-എന്നും കള്ളന്‍മാരാ മിടുക്കര്‍-നമ്മള്‍ വിട്ടുകൊടുക്കുന്ന കൊണ്ട്- ഇവര് നമ്മളെ പിടിക്കുന്നു-അതെ-എല്ലാ ജന്മത്തിലും. പോലീസ് ജയിക്കുന്നു-|
ഹെഡിന് ദേഷ്യം വരുന്നുണ്ട്.പുകവലയങ്ങളില്‍ പ്രേതപ്പോലീസിന്റെ അണപല്ല് ഞരിയുന്ന ശബ്ദം.
| ഹെഡ് :നീ എന്നാ ഉണ്ടാക്കാനാ ഇപ്പൊ എഴുന്നേറ്റു വന്നത്-|
|പോലീസ് :അവനു നമ്മളെ പേടിയില്ല-|
| കളളന്‍:അവന്‍ കഞ്ചാവാ സാറേ-ഹി ഹി-|
ലോക്കപ്പില്‍ നിന്ന് കള്ളന്‍മാരുടെ അമര്‍ത്തിയ ചിരി.അവര്‍ സന്തോഷത്തില്‍ മുഖം പൊത്തി ചിരിക്കുന്നു:-
| ഹഹ -കഞ്ചാവ് അടിച്ചവനെ ഏമാന്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല-അവന്‍ മിടുക്കനാ-ജയിലില്‍ നിന്ന് ചാടിയിട്ടും കഞ്ചാവ് അടിക്കുന്നു-|
| കള്ളന്‍: കഞ്ചാവ് കാരണമാ അവന്‍ ജയില് ചാടിയത്-|
|ഹെഡ്:നായിന്റെ മക്കളെ -കഞ്ചാവ് കാരണമാ അവന്‍ ജയിലി കേറിയത്‌-|
| പോലീസ്:അതെ-കഞ്ചാവ് കാരണമാ അവന്‍ ഒരുത്തിയെ കൊന്നത്- |
ലോക്കപ്പില്‍ നിന്ന് കൂട്ടനിലവിളി ഉയരുന്നു.നാലുപാടും ചിതറിയോടുന്ന കള്ളന്‍മാരുടെ പുകവലയങ്ങള്‍.അതില്‍ നിന്ന് കള്ളന്‍മാരുടെ കരച്ചിലിന്റെ ആവര്‍ത്തിക്കുന്ന ചീളുകള്‍ :-
|അയ്യോ-കൊല-ജയില്‍ -ശിക്ഷ -ജയില്‍-കൊല-ശിക്ഷ-ജയില്‍ -|
ഞാന്‍:"സര്‍ ,സര്‍,അകത്തു ഒരാള്‍ കരയുന്നു.അയാള്‍ ആരാണ്?അയാള്‍ എന്തിനാണ് ജൂലിയുടെ പേര് പറയുന്നത്.?"
| ഹെഡ്.:അത് മെറ്റല് ചന്ദ്രന്‍ -നിന്റെ കൂടെ ജയിലില്‍ ഉണ്ടാരുന്ന വിനുവിന്റെ തന്ത-|
ഞാന്‍ :"അയാള്‍ ഇവിടെയല്ലേ തൂങ്ങിച്ചത്തെ?"
| ഹെഡ്:അതെ -നീ കിടന്ന ലോക്കപ്പില്‍-അണ്ടര്‍വെയറില്‍ തൂങ്ങിച്ചത്തു-കുറച്ചു കഴിയുമ്പോ ചാകും-എല്ലാ രാത്രീലും ചാകും-|
ഞാന്‍:"അയാളെ ,അയാളെ നിങ്ങള്‍ ഉരുട്ടിക്കൊന്നതല്ലേ ??"
വീണ്ടും കള്ളന്‍മാരുടെ കൂട്ടനിലവിളി.ഒരു അഗ്നിശരം പോലെ ചുരുട്ടിയ മുഷ്ടി എന്നെ കടന്നുപോയി.
|ഹെഡ്:പന്ന കഴുവേറി-അയാള്‍ നിരാശ മൂത്ത് ചത്തതാ-ആ നാറി ഞങ്ങള്‍ടെ ജീവിതം തകര്‍ത്തു-ഞങ്ങള്‍ടെ സാറിന്റെ ജീവിതവും- |
ഞാന്‍:"അയാള്‍ ,അയാളെന്തിനാ ഞാന്‍ കൊന്ന പെണ്ണിന്റെ പേര് വിളിച്ചു കരയുന്നത്.?"
| പോലീസ്:അത് പറയാം-ആരാടാ ജൂലി-|
|ഹെഡ് :ആരാടാ ജൂലി -|
|കള്ളന്‍മാര്‍ :അവന്റെ കാമുകി-ഹഹ.അവന്റെ കാമുകി -അല്ലാതാര്-ജൂലി-നല്ല പേര്-നല്ല വെളുത്ത പെണ്ണായിരിക്കും-നല്ല ചുവന്നു തുടുത്തു-ചാമ്പക്ക പോലുള്ള പെണ്ണ്-|
|ഹെഡ്:നായിന്റെ മക്കളെ നാവടക്കടാ-|
ഞാന്‍:"ഞാന്‍ കോളേജില്‍ പഠിക്കുമ്പോ എന്റെ കൂടെ പഠിച്ച പെണ്ണ്.ഞാന്‍ ഇഷ്ടപെട്ട പെണ്ണ്.എന്നെ ഇഷ്ട്ടപ്പെട്ട പെണ്ണ്.എന്റെ ജീവന്‍.എന്റെ ആത്മാവിന്റെ പാതി.ജൂലി ,ജൂലി ,ജൂലി"
|പോലീസ് :ജൂലി- ഹഹ- എന്റെ ഫേവറിറ്റു പടമാ-പഴയ ഹിന്ദി പടം- |
|കള്ളന്‍ പാടുന്നു :ഫൂല് ഗയാ സബ് കുച്ച് -യാദ് ന ഹി അബ് കുച്ച് -|
ലോക്കപ്പില്‍ നിന്നു ആ ഗാനത്തിന്റെ കോറസ് ഈരടികള്‍ ഉയരുന്നു:-
|ജൂലി-ജൂലി ഐ ലവ് യൂ-|
ലോക്കപ്പില്‍ പതിയെ നൃത്തച്ചുവടുകള്‍ വയ്ക്കുന്ന പുകവലയങ്ങള്‍.നിലാവിന് ഇപ്പോള്‍ നീലനിറമാണ്.ലക്ഷക്കണക്കിന് നിശാഗന്ധികള്‍ വിടര്‍ന്നിരിക്കുന്നു.അതിന്റെ മദിപ്പിക്കുന്ന ഗന്ധം.സ്വര്‍ഗ്ഗവാതില്‍ തുറന്നു താഴേക്ക്‌ നാണത്തോടെ നോക്കുന്ന മാലാഖപ്പെണ്ണുങ്ങള്‍.അവരുടെ ചുവന്ന ചുണ്ടുകള്‍.അവരുടെ ചിറകുകളില്‍ ചാരി ഭൂമിയിലേക്ക് നോക്കി കണ്ണിറുക്കി ചിരിക്കുന്ന വെളുത്ത താടിയുള്ള ദൈവം .ദൈവത്തിന്റെ ചുണ്ടില്‍ നിന്ന് എരിയുന്ന പൈപ്പ്.അതില്‍ നിന്ന് പറന്നു വരുന്ന വെള്ളമേഘങ്ങള്‍.
|പോലീസ്:നീ അവളെ എന്തിനു കൊന്നു-|
|ഹെഡ്:ഇവന്‍ അവളെ സ്നേഹിച്ചു-അവള് തിരിച്ചു സ്നേഹിച്ചില്ല-ഇവന്‍ അവളെ കൊന്നു-ഇവന്‍ കഞ്ചാവായിരുന്നു-|
ഞാന്‍:"അങ്ങിനെയല്ല.അത് നിങ്ങള്‍ പോലീസുകാരുടെ ഭാഷ്യം.പത്രക്കാരുടെ ഭാഷ്യം.ഞാനും അവളും ഇഷ്ടത്തിലായിരുന്നു.കോളേജില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ തീവ്രമായി സ്നേഹിച്ചു."
|കളളന്‍:അതെ- ഇവര് ഒരുമിച്ചു നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്-|
|ഹെഡ്:എവിടെ വച്ച്-|
|കള്ളന്‍: കോളേജിന്റെ പിന്നിലെ കൈതക്കാട്ടില്‍-ആനത്താനം റബ്ബര്‍ എസ്റ്റെയിറ്റിന്റെ കൊങ്ങിണിപ്പൂവുകള്‍ പൂക്കുന്ന പാറയിടുക്കുകളില്‍ -നിലമ്പൂര്‍ സൂപ്പര്‍ ഫാസ്റ്റിലെ രാത്രിസീറ്റുകളില്‍- |
|പോലീസ് :മിഡാസ് ബാറില്‍ -ഹില്‍ടോപ്പ് ബാറില്‍-ആര്‍ക്കെഡിയാ ബാറില്‍ -സീസര്‍ പാലസ് ബാറില്‍-ഇവിടെയൊക്കെ ഇവന്‍ അവളെയോര്‍ത്തു കരഞ്ഞിരുന്നിട്ടുണ്ട്-|
|കള്ളന്‍:അതെ -അവിടുത്തെ ഇരുണ്ട മൂലകളില്‍-|
|പോലീസ് :കലൂരെ അന്തോണീസ്
പുണ്യവാളന്റെ മുന്‍പില്‍ അവള്‍ ഇവന്‍ പരീക്ഷയില്‍ ജയിക്കാന്‍ മെഴുകുതിരി കത്തിച്ചു-|
|കള്ളന്‍:ഏഴു മെഴുകുതിരി -|
|പോലീസ്:ഒന്‍പതു മെഴുകുതിരി -|
|കള്ളന്‍ :ഏഴു മെഴുകുതിരി- |
|പോലീസ് :ഒന്‍പത്-പോലീസിനോട് തർക്കിക്കുന്നോ നായിന്റെ മോനെ-|
|ഹെഡ് :പക്ഷെ നീ അവളെ കൊന്നു-|
ലോക്കപ്പില്‍ നിന്ന് :-|നീ കൊന്നു -നീ കൊന്നു-നാറി-നീ കൊന്നു-സ്നേഹിച്ച പെണ്ണിനെ കൊന്നു-|
| ഹെഡ്:നീ പറ-നിന്റെ ചാന്‍സ്-ലാസ്റ്റ് ചാന്‍സ്-സാര്‍ വരുന്നതിനു മുന്‍പ് -|
പുറത്തു ഒരു ജീപ്പ് വന്നു നില്‍ക്കുന്ന ശബ്ദം.ഹെഡ് ലൈറ്റിന്റെ കഠാര മിന്നുന്ന വെളിച്ചം ഞങ്ങളെ കടന്നു പോയി.
|ഹെഡ്:അയ്യോ എസ്.ഐ-|
|കള്ളന്‍:അയ്യോ കുമാരപിള്ള സാര്‍-|
|ലോക്കപ്പില്‍ നിന്ന് :-|അയ്യോ ഏമാന്‍-അയ്യോ എസ്.ഐ ഏമാന്‍ വരുന്നു-|
എല്ലായിടവും നിശബ്ദമായി.പുകവലയങ്ങള്‍ മായുന്നു.
ഒരു ആജാനബാഹുവിന്റെ നിഴല്‍.ബൂട്ടിന്റെ കനത്ത കാലടിശബ്ദം.
എസ്.ഐ അകത്തു വന്നതും ഹെഡ്ഡും പോലീസും അറ്റന്‍ഷനായി.സല്യൂട്ട് നല്‍കി.
|എസ്.ഐ :പി .സി നൂറ്റിയെട്ടേ- |
|പോലീസ് :എസ് സാര്‍ര്‍-|
|എസ്.ഐ :ഒന്നാം നൈറ്റ് ബീറ്റ് കഴിഞ്ഞോ |
|പോലീസ്:കഴിഞ്ഞു സാര്‍-സംശയമുള്ള ഒന്നുമില്ല സര്‍-ഹില്‍ടോപ്പ് ബാറിന്റെ മുന്‍പില്‍ ഒരുത്തന്‍ കുടിച്ചിട്ട് കിടന്നുറങ്ങുന്നുണ്ട്-വേറൊന്നുമില്ല സര്‍-|
|എസ്.ഐ:സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്ര ഓട്ടോ കിടപ്പുണ്ട് നൈറ്റ് ഓടാന്‍- |
|പോലീസ് :സര്‍ -അത് പിന്നെ -അവിടെ വരെ പോകാന്‍ -സര്‍ -അത് പിന്നെ|
|എസ്.ഐ:അവിടുത്തെ സ്ട്രീറ്റ് ലൈറ്റ് കത്തിയിട്ടുണ്ടോ-|
|പോലീസ് :സര്‍ -അത് പിന്നെ -അവിടെ വരെ പോകാന്‍-സര്‍ -അത് പിന്നെ- |
|എസ്.ഐ :ഹെഡ് രാമന്‍ നായരെ ,താന്‍ നൈറ്റ് ഡ്യൂട്ടിയിലല്ലേ- |
|ഹെഡ് :,വിറച്ചുകൊണ്ട്:എസ് സാര്‍ -|
|എസ്.ഐ :തന്റെ കോണ്‍സ്റ്റബിള്‍ ബീറ്റ് പൂര്‍ത്തിയാക്കുന്നുണ്ടോ എന്ന് തനിക്കറിയില്ലേ-ബീറ്റ് ലോഗ് നോക്കിയില്ലേ- |
|ഹെഡ് :അത് സര്‍-അത് പിന്നെ-|
|എസ്.ഐ :രണ്ടാം ബീറ്റിനു ടൈം ആയല്ലോ -എന്താ ഇറങ്ങാഞ്ഞത്-|
|പോലീസ്:സര്‍ ഇയാള് വന്നത് കൊണ്ട്-താമസിച്ചു പോയി-|
എസ്.ഐയുടെ പ്രേതം എന്നെ കണ്ടിരിക്കുന്നു. തോളിൽ നക്ഷത്ര ചിഹ്നം. കൊമ്പൻ മീശ.മുള്ളി പോകുന്ന തരത്തിലുള്ള നോട്ടം.ഒരുള്‍ക്കിടിലം നെഞ്ചിലൂടെ പാഞ്ഞു പോയി.
|എസ്.ഐ:നീയാ പെണ്ണിനെ ആസിഡ് ഒഴിച്ച് കൊന്ന പ്രതിയല്ലെ-|
ഞാന്‍:"സാര്‍ എനിക്കവളെ ഇഷ്ടമായിരുന്നു."
|ഹെഡ്:ഇവന് അവളെ ഇഷ്ടമായിരുന്നു-|
ഞാന്‍:"അവള്‍ എന്റെ വീട്ടില്‍ വരുമായിരുന്നു.എന്റെ വീട്ടുകാര്‍ക്കും അവളെ ഇഷ്ടമായിരുന്നു.അതിനിടയില്‍ ഗള്‍ഫില്‍ നിന്ന് അവള്‍ക്ക് വേറൊരു കല്യാണം ആലോചന വന്നു."
|കള്ളന്‍:പതിനാലു ഏക്കര്‍ റബ്ബര്‍-വാര്‍ക്ക വീട്-ഇന്നോവാ -എസി മുറി-മാസം ഒന്നര ലക്ഷം രൂപ ശമ്പളം-വെളുത്ത ക്ലീന്‍ ഷേവ് ചെക്കന്‍-പെണ്ണിന്റെ അമ്മ ഫ്ലാറ്റ്-പെണ്ണ് ഫ്ലാറ്റ്-ഹിഹി-ഹിഹി- |
ലോക്കപ്പില്‍ നിന്ന്:|ഹിഹി-ഇവന്‍ വേസ്റ്റ്-ഹിഹി-|
|എസ്.ഐ :മിണ്ടാതിരിയെടാ നായിന്റെ മക്കളെ -കുടല് ഞാന്‍ ചവിട്ടി കലക്കും നാറികളെ-|
ഞാന്‍:"അവള്‍ടെ അമ്മക്ക് ആ ആലോചന പിടിച്ചു.എനിക്ക് ജോലിയില്ല.പണമില്ല.സ്നേഹം മാത്രം."
|കള്ളന്‍ :സ്നേഹം കൊണ്ട് പൊറോട്ട കിട്ടുമോ -സാമ്പാര്‍ കിട്ടുമോ- |
ഞാന്‍:"ജൂലി.എന്റെ ഓരോ അണുവിലും അവളായിരുന്നു.പിന്നെ അവള്‍ എന്നെ കാണാന്‍ വന്നില്ല.ഞാന്‍ അവളുടെ വീട്ടില്‍ ചെന്നു.എന്നെ ആട്ടിയിറക്കി.അവളുടെ ഹോസ്റ്റലില്‍ ചെന്നു.അവിടുത്തെ കന്യാസ്ത്രീകള്‍ നിങ്ങളെ വിളിച്ചുവരുത്തി എന്നെ വിരട്ടി.ഞാന്‍ തകര്‍ന്നു."
|കള്ളന്‍:ഇവന്‍ പട്ടിണികിടന്നു ചാകാറായി-മദ്യം കുടിച്ചു ചോര തുപ്പി-|
|പോലീസ്:ആ ചോരയില്‍ ഇവന്റെ പ്രേമം ഉണ്ടാരുന്നു-|
|ഹെഡ്:അവള്‍ ഇവനെ തീര്‍ത്തും അവഗണിച്ചു-അപ്പോള്‍ ബുദ്ധി നേരെയാക്കാന്‍ അവന്റെ കൂട്ടുകാര്‍ ഇവന് കഞ്ചാവ് കൊടുത്തു-|
ഞാന്‍:"എനിക്കവളെ ഇഷ്ടമായിരുന്നു.അവളുടെ സൗന്ദര്യം കണ്ടാണ്‌ മറ്റവന്‍ അവളെ കെട്ടാന്‍ തീരുമാനിച്ചത്."
|പോലീസ്:ഇവന്‍ അവളുടെ സൗന്ദര്യം ഇല്ലാതാക്കാന്‍ തീരുമാനിച്ചു-|
|ഹെഡ്:കഞ്ചാവ് തീരുമാനിച്ചു-|
|കളളന്‍:അല്ല ഇവന്റെ പ്രേമം തീരുമാനിച്ചു-|
ഞാന്‍:"ഞാന്‍ അവളുടെ കോളേജില്‍ ചെന്നു.അവള്‍ ഒന്ന് എന്നെ നോക്കിയിരുന്നെങ്കില്‍ ഒരുവാക്ക് ഉരിയാടിയിരുന്നുവെങ്കില്‍ ഞാന്‍ അത് ചെയ്യില്ലായിരുന്നു."
|പോലീസ്:അവള്‍ ഇവനെക്കണ്ട് ക്ലാസിന്റെ വാതില്‍ അടച്ചു-|
|കളളന്‍:ജീവിതത്തിന്റെ വാതിലടച്ചു-|
|ഹെഡ്:ഇവന്‍ വാതില്‍ ചവിട്ടി തുറന്നു ആസിഡ് അവളുടെ ദേഹത്തൊഴിച്ചു കത്തിച്ചു-|
|കള്ളന്‍:അവളുടെ ചാമ്പക്ക ചുണ്ട് കരിഞ്ഞു-കറുത്ത കണ്ണുകള്‍ കരിഞ്ഞു-മിനുസമുള്ള ദേഹം കരിഞ്ഞു- |
|പോലീസ്:രാത്രി പോലെ ഇരുണ്ട കനത്ത മുടി കത്തിയെരിഞ്ഞു-|
ഞാന്‍:"അയ്യോ ജൂലി,അതോര്‍മ്മിപ്പിക്കരുതെ ഒരിക്കലും .ഒരിക്കല്‍ കൂടി ആ നിമിഷം ഒന്ന് കൂടി വന്നിരുന്നെങ്കില്‍,ഒരു തിരിച്ചു പോക്ക് പറ്റിയിരുന്നെങ്കില്‍"
|ഹെഡ്:ഇവനിപ്പോള്‍ നിരാശയിലാണ്-മെറ്റല് ചന്ദ്രനെ പോലെ- |
|എസ്.ഐ:നാശം-മെറ്റല് ചന്ദ്രന്‍ -അവനിപ്പോള്‍ ചാകും-നിരാശയാ അവന്റെയും കാരണം-|
എല്ലാവരും ലോക്കപ്പിലെക്ക് കുതിക്കുന്നു.
നേര്‍ത്ത് നിലാവില്‍ കഴുക്കോലില്‍ ഇലാസ്റ്റിക് കുരുക്കുന്ന ചന്ദ്രന്‍.
|എസ്.ഐ:ഈ നാറി ഞാന്‍ പെന്‍ഷന്‍ പറ്റുന്നതിന്റെ തലേന്ന് കൃത്യം തൂങ്ങി- ഞാന്‍ സസ്പെന്‍ഷനിലായി-പെന്‍ഷന്‍ പോയി-.|
|ഹെഡ്:ഇവന് പാറമടയിലെ മെറ്റല് കട്ട് വില്‍ക്കുവാരുന്നു പണി-അങ്ങിനെ കുടുംബം പോറ്റി-ഇടയ്ക്കിടെ ജയിലി പോകും.-ജയില് ചാടും-|
|പോലീസ്:ഒരിക്കല്‍ ജയില് ചാടി വീട്ടില്‍ ചെല്ലുമ്പോ കെട്ടിയോള്‍ വേറൊരുത്തന്റെ കൂടെ-|
|കളളന്‍:പിന്നെ കടുത്ത നിരാശ-പിന്നെ പിടിച്ചപ്പോള്‍ ലോക്കപ്പില്‍ തൂങ്ങി-|
|ഹെഡ്:സാര്‍ സസ്പെന്‍ഷനിലായ കൊണ്ട് സാറിന്റെ മകളുടെ കല്യാണം മുടങ്ങി-|
|കളളന്‍: ഉരുട്ടിക്കൊന്നെന്ന ദുഷ്പേര്-അങ്ങിനെ സാര്‍ എലിവിഷം കഴിച്ചു -സാറും ചത്തു-ചെറിയ ഒരു നിരാശ-|
|എസ്.ഐ:ഫാ നായിന്റെ മോനെ-|
|പോലീസ്:എന്നും തൂങ്ങും.ഇനി മകനും തൂങ്ങും -|
|കള്ളന്‍:പക്ഷെ വിനു-അവന്‍ പാവമായിരുന്നു-നാട്ടുകാരെല്ലാം കൂടി തന്തയുടെ പേരിൽ അവനെ കളളനാക്കി-ഭാര്യ അവനെ ഉപേക്ഷിക്കാന്‍ തുടങ്ങി-അവനും വട്ടു പിടിച്ചു.|
ചന്ദ്രന്‍ ഇലാസ്റ്റിക് കഴുത്തില്‍ കുരുക്കുന്നു.
|പോലീസ്:നിന്റെ ദു:ഖം ചന്ദ്രന്‍ ഏറ്റെടുത്തു-അതാ ജൂലി ജൂലി ന്നു വിളിച്ചു കരയുന്നത്.ആ കരയുന്നത് നീയാ-|
|കളളന്‍:അതെ അത് നീയാ-|
പുകവലയങ്ങളില്‍ ഇപ്പോള്‍ ഒരേ ഒരു സ്വരം.
|അത് നീയാ-അത് നീയാ-|
ചന്ദ്രന്‍ കരയുന്നു.കുരുക്ക് മുറുകുന്നു.പുകവലയങ്ങളില്‍ ചന്ദ്രന്‍ തൂങ്ങി നില്‍ക്കുന്നു.ഒരു ചോദ്യചിഹ്നം പോലെ .നിശാഗന്ധിയുടെ ഗന്ധം മാഞ്ഞു. ശവം ചീയുന്ന ദുഷിച്ച ഗന്ധം.എന്റെ പാപത്തിന്റെ ഗന്ധം.മാലാഖമാര്‍ പോയി.പകരം എന്നെ നോക്കി ചിരിച്ചു മറിയുന്ന ചെകുത്താന്‍മാര്‍.
|ഞാന്‍ :ജൂലി-ജൂലി ഐ ലവ് യൂ ജൂലി-എനിക്ക് നിന്നെ ഇഷ്ടമായിരുന്നു.-എന്നെ ഭ്രാന്തനാക്കിയ ഇഷ്ടം.ജൂലി.ജൂലി .ഐ ലവ് യൂ ജൂലി-എന്നെ വെറുക്കരുതെ -.|
>>>>>>>>
:പ്രഭാതം :
ഫ്ലാഷ് ന്യൂസ്:മാനസികരോഗാശുപത്രിയില്‍ നിന്ന് പോലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ നഗരപ്രാന്തത്തിലെ പഴയ പോലീസ് സ്റ്റേഷന്റെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.സമീപത്തു നിന്ന് കഞ്ചാവ് ബീഡികളും ഒരു മദ്യക്കുപ്പിയും പോലീസ് കണ്ടെടുത്തു.
************************************************************
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo