
'വിശ്വേട്ടാ.. കൈ കഴുകി വാ.. ഊണ് കഴിക്കാം'.
'ആ... മോള് കഴിച്ചില്ലേ?'
'ഓ... അവള് നേരത്തെ കഴിച്ചു കിടന്നതാ. വിളിക്കേണ്ട, ഉറങ്ങിക്കോട്ടെ'.
വിശ്വൻ ടിവി ഓഫ് ചെയ്ത് എഴുന്നേറ്റു. കൈ കഴുകുന്നതിന് മുമ്പ് അയാൾ മോള് കിടക്കുന്ന കട്ടിലിനരികിലേക്ക് പോയി.
പാവം.. നല്ല ഉറക്കമാണ്. ഒരു വശത്തേക്ക് ചെരിഞ്ഞ് ചുരുണ്ടുകൂടി കിടക്കുകയാണ്. സന്ധ്യക്ക് മഴ പെയ്തതിനാലാവാം നല്ല തണുപ്പുണ്ടായിരുന്നു. വിശ്വൻ കട്ടിലിൽ ഒരു വശത്തായി കിടന്നിരുന്ന പുതപ്പെടുത്ത് മോളെ ഉണർത്താതെ പാദം മുതൽ കഴുത്തുവരെ പുതപ്പിച്ചു. ഒരു കൈകൊണ്ട് അവളുടെ നെറുകയിൽ തലോടി മൂർദ്ധാവിൽ ഒരു മുത്തം കൊടുത്തു.
കാർത്തു... അതാണ് അവളുടെ വിളിപ്പേര്. ആരോ സ്പർശിച്ചത് അറിഞ്ഞതുപോലെ അവൾ വേഗം തിരിഞ്ഞു കിടന്നു.
'നിങ്ങൾ അവിടെ മോളേം കെട്ടിപ്പിടിച്ച് ഇരിക്കാതെ വന്ന് ഊണ് കഴിക്ക്. ഞാൻ ദേ മേശപ്പുറത്ത് കൊണ്ടു വെച്ചിട്ടുണ്ട്. ഇത് കഴിച്ചിട്ട് അച്ഛനും മോളുംകൂടെ എന്താന്ന് വെച്ചാ ആയിക്കോ. ഇതൊന്ന് കഴിഞ്ഞ് ആ പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി അടുക്കളയും വൃത്തിയാക്കിയിട്ട് വേണം പിന്നൊള്ളോര്ക്ക് ഒന്ന് നടു നീർത്താൻ'.
കീർത്തി ഓരോന്ന് പിറുപിറുത്തുകൊണ്ടിരുന്നു. വിശ്വൻ ഒന്നും പറയാതെ കൈ കഴുകി ഭക്ഷണം കഴിക്കുവാനിരുന്നു.
'നീ കഴിക്ക്ണില്ലേ?'
'ഓ എനിക്ക് വേണ്ട. വയറ്റിലൊക്കെ നീര് വന്നപോലെ. തീരെ വെശപ്പില്ല'. എന്ന് പറഞ്ഞ് കീർത്തി അടുക്കളയിലേക്ക് പോയി.
ചോദ്യം കേട്ടാ തോന്നും എന്നും ഭാര്യയ്ക്ക് വാരിക്കൊടുത്തിട്ട് കഴിക്കാറ്ന്ന്. കീർത്തി മനസ്സിൽ മന്ത്രിച്ചു. ഏത് നശിച്ച നേരത്താണാവോ ഇയാളെ കെട്ടാൻ തോന്നിയത്... എത്ര നല്ല ആലോചനകൾ വന്നതാ. ഗൾഫ് കാരനല്ലേ എന്ന് കരുതിയാണ് സമ്മതിച്ചത്. വീട്ടിൽ ചെന്നപ്പോഴല്ലേ അറിയുന്നത് കുറെ കടങ്ങളല്ലാതെ വേറെ ഒന്നും സമ്പാദ്യമില്ലെന്ന്. അതിനെങ്ങനാ.. കിട്ടുന്നത് മുഴുവൻ പെങ്ങമ്മാരെ കെട്ടിച്ചയക്കാൻ ചെലവാക്കി. ഒന്നും രണ്ടുമല്ല. മൂന്നെണ്ണം. അവസാനം കിടപ്പാടം വരെ പണയം വെച്ച് സഹായിച്ചു... ഒരു ഉദാരമനസ്ക്കൻ.
ഞാൻ നൂറുതവണ പറഞ്ഞതാ വേണ്ടാന്ന്. അതിനെങ്ങനാ ഭാര്യ പറയുന്നത് കേട്ടാൽ നാണക്കേടല്ലേ. ഇപ്പോൾ എന്തായി. ഗൾഫിലെ കമ്പനീം പൂട്ടി പണീം പോയി. ജോലി ചെയ്ത് കടം വീട്ടാമെന്ന മോഹം വെറും വ്യാമോഹമായി. അവസാനം വീടും വിറ്റു. ഇപ്പോ ദേ ആരാണ്ടിന്റെ വാടക വീട്ടിൽ കഴിയേണ്ട അവസ്ഥയായി.
പത്ത് പതിനഞ്ചു കൊല്ലം ഗൾഫിൽ നിന്നതാ. എന്നാ പത്തുരൂപ അവനാന് വേണ്ടിയോ ഭാര്യക്കും മോൾക്കും വേണ്ടിയോ സമ്പാദിച്ചില്ല. ഇപ്പോൾ പഠിക്കട്ടെ. ഇപ്പോൾ ആരെങ്കിലും ഉണ്ടോ സഹായിക്കാൻ. .ഒരു പട്ടീമില്ല... എങ്ങനേങ്കിലും ഈ നരകത്തീന്ന് ഒന്ന് രക്ഷപ്പെട്ടാ മതിയാർന്നു.
കീർത്തി അടുക്കളയിൽ പാത്രങ്ങൾ അല്പം ശബ്ദത്തോടെ എടുക്കുവാനും കഴുകുവാനും തുടങ്ങി.
ആ ശബ്ദം വിശ്വന്റെ കാതുകളിലുമെത്തി. അയാളിൽ നിന്നും ഒരു നെടുവീർപ്പുയർന്നു.
ഇത് കേൾക്കാൻ തുടങ്ങിയിട്ട് കുറെ നാളായി. അയാൾ ഓർത്തു. അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഇങ്ങനെ ഒരു ജീവിതം അവളും പ്രതീക്ഷിച്ചില്ല. ആഢംബരങ്ങളോടായിരുന്നു എന്നും പ്രിയം. ആവശ്യത്തിനും അനാവശ്യത്തിനും പണം ചെലവഴിക്കുമ്പോൾ പല തവണ പറഞ്ഞിരുന്നു. ഇങ്ങനെ മുന്നോട്ട് പോയാൽ നാട്ടിൽ വന്നാൽ ജീവിക്കാൻ കഴിയില്ലെന്ന്. പക്ഷേ എത്ര പറഞ്ഞിട്ടും മനസ്സിലായില്ല.
ജോലി ചെയ്ത് കിട്ടുന്നതിനേക്കാൾ കൂടുതൽ അയച്ചുകൊടുത്തു. എല്ലാം പറഞ്ഞു കൊടുത്തു. എന്നിട്ടും അവസാനം പറയുകയാണ് 'ഞാൻ കരുതി നിങ്ങൾ ഞാനറിയാതെ വേറെ അക്കൗണ്ടിൽ കാശ് ഇട്ണുണ്ടാവും ന്ന്. എനിക്കറിയോ നിങ്ങൾ ഈ നക്കാപ്പിച്ച ശമ്പളത്തിനാ കണ്ണീക്കണ്ട നാട്ടീപ്പോയി കെട്ക്കണത് ന്ന്.. ഇതിലും ബേദം നിങ്ങക്ക് ഇവിടെ വെല്ല വാർക്കപ്പണിക്കും പോയാ പോരായിരുന്നോ? ഒരു ഗൾഫ് കാരൻ'... എന്ന്.
ഇതിനെന്ത് മറുപടിയാ പറയുക? എത്രയോ തവണ പലരും പറഞ്ഞിട്ടുണ്ട് ഗൾഫുകാരുടെ ദുരിതങ്ങളേക്കുറിച്ച്. പക്ഷേ എത്ര കേട്ടാലും എന്തൊക്കെ പറഞ്ഞു മനസ്സിലാക്കിയാലും നാട്ടുകാരെ ബോധ്യപ്പെടുത്താം എന്നല്ലാതെ വീട്ടുകാർ ഒരിക്കലും വിശ്വസിക്കില്ല. അവരുടെ മനസ്സിൽ അന്നും ഇന്നും ഗൾഫുകാരൻ ഒരു പണം കായ്ക്കുന്ന മരമാണ്.
എല്ലാം സഹിക്കാം. മോളുടെ ജാതകപ്രകാരം ഒമ്പത് വയസ്സ് കഴിഞ്ഞാൽ മാതാപിതാക്കൾക്ക് അരിഷ്ഠതയാണെന്ന് ജ്യോത്സ്യൻ പറഞ്ഞു എന്നും പറഞ്ഞ് ആ പാവം കൊച്ചിനോട് കാണിക്കുന്ന വിരോധം... അതാണ് സങ്കടം. അത് എന്ത് പിഴച്ചു. പാവം! അതിന്റെ വിധി അങ്ങനെ ആയിരിക്കാം. അതിനാണെങ്കിൽ അച്ഛൻ എന്ന് വെച്ചാൽ ജീവനാണ്. ഞാൻ നാട്ടിൽ വന്നാൽ പിന്നെ എല്ലാറ്റിനും ഞാൻ തന്നെ കൂടെ വേണം. അതും കീർത്തിയെ കൂടുതൽ കോപക്കാരിയാക്കി.
'പെങ്കുട്ടിയാണ്. അധികം തലയീകേറ്റി വെക്കണ്ട. പിന്നെ താഴെ എറങ്ങൂല'.എന്നാ പറയുക. കൃതികക്കാണെങ്കിൽ അവളെ കുറ്റം പറയുന്നത് തീരെ ഇഷ്ടമില്ല. അമ്മയ്ക്ക് അവളോട് തീരെ ഇഷ്ടമില്ല എന്നാ മോള് എപ്പോഴും പറയുക. എപ്പോ ലീവിന് വന്നു മടങ്ങുമ്പോഴും കരച്ചിലാ 'ഞാനും വരും അച്ഛന്റെ കൂടെ ' എന്നും പറഞ്ഞ്. ജീവിതമല്ലേ. ചങ്ക് പിടക്കുന്ന വേദനയോടെയാണ് നാട്ടിൽ നിന്നും തിരിച്ചു പോകാറുള്ളത്. ഭാര്യയേയും മക്കളേയും സ്നേഹിച്ച് സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിക്കാത്ത ഏതെങ്കിലും ഗൾഫുകാരൻ ഉണ്ടാവുമോ?
സ്വന്തം സുഖങ്ങളും സന്തോഷങ്ങളും മറ്റുള്ളവരുടെ സുഖത്തിനും സന്തോഷത്തിനും മാത്രമായി മാറ്റിവെച്ച് പൊള്ളുന്ന ചൂടിൽ അറബികളുടെ വായിലിരിക്കുന്ന ചീത്തകേട്ട് ചോര നീരാക്കി പണിയെടുത്ത് വായക്ക് രുചിയായി ഒരു ആഹാരം പോലും സന്തോഷത്തോടെ കഴിക്കാതെ കിട്ടുന്ന ആഹാരത്തിൽ സംതൃപ്തി കണ്ടു ജീവിക്കുമ്പോഴും മനസ്സ് മുഴുവൻ തന്റെ കുടുംബം സന്തോഷത്തോടെ കഴിയുന്നത് താൻ കാരണമാണല്ലോ എന്ന ചിന്തയാണ്. ആ സന്തോഷത്തിലാണ് ഇക്കാലമത്രയും ജീവിച്ചത്.
ജോലി നഷ്ടപ്പെട്ട് വിഷമത്തോടെയാണ് നാട്ടിൽ വന്നതെങ്കിലും കൂടെ തന്റെ ഭാര്യയും മകളുമുണ്ടല്ലോ എന്ന സന്തോഷമുണ്ടായിരുന്നു മനസ്സിൽ.
നാട്ടിൽ വന്നതിന്റെ പിറ്റേന്ന് രാവിലെ ഇറയത്ത് കസേരയിൽ ഇരിക്കുമ്പോൾ നല്ല തണുത്ത കാറ്റ്, കിളികളുടെ കളകളാരവം, മുറ്റത്തെ തോട്ടത്തിൽ പല നിറങ്ങളിലുള്ള പൂക്കൾ, അതിൽ തേൻ നുകരാനെത്തുന്ന കുരുവികളും ചിത്രശലഭങ്ങളും... എല്ലാം ഒരു പുതുമപോലെ അനുഭവപ്പെട്ടു. ആ കൊച്ചു കുരുവികളുടെ ശബ്ദം വളരെ മനോഹരമായി തോന്നി. അപ്പോൾ താൻ അവളോട് പറഞ്ഞു;
'എന്ത് രസാലേ ഈ കിളികളുടെ ശബ്ദം ഇങ്ങനെ കേട്ടിരിക്കാൻ...?'
അപ്പോൾ കീർത്തി പറഞ്ഞു;
'ഏത്... ഈ കിളികളുടെ ഒച്ചേം ബഹളോ..? എനിക്ക് അത്ര ഇഷ്ടൊന്നും തോന്നീല്ല്യ. ആ ഏടീയെമ്മീന്ന് കാശിങ്ങനെ കിറ്കിറ്ന്ന് വരണ ആ ഒച്ചേരത്ര രസൊന്നുല്ല്യ'.
എന്നിട്ട് അവൾ എഴുന്നേറ്റു പോയി. ഞാൻ പിന്നീട് ഒന്നും പറഞ്ഞില്ല. അല്ലെങ്കിൽ തന്നെ ഇങ്ങനെ ഉള്ള ഒരാളോട് എന്താ മറുപടി പറയുക?
'നിങ്ങൾ ചോറും കൈയ്യീപ്പിടിച്ച് സ്വപ്നം കാണാ? ആ വെഷമം കാണും. കൊറെ പെണ്ണുങ്ങളും ഉണ്ടാർന്നല്ലോ കൂടെ പണിക്ക്. ഇപ്പോൾ അവരൊക്കെ കാണാത്തോണ്ട് വെഷമം കാണും'.
അയാൾക്ക് ആ വാക്കുകൾ വല്ലാതെ ദേഷ്യം ഉളവാക്കി. പക്ഷേ ഒന്നും പറയാതെ അയാൾ കൈ കുടഞ്ഞ് എഴുന്നേറ്റു. നേരെ പോയി കൈ കഴുകി മകളുടെ അരികിൽ പോയി കിടന്നു.
'തിന്നില്ലെങ്കിൽ വേണ്ട. വേറെ എവടന്നെങ്കിലും കിട്ടാനുണ്ടാവും. അപ്പോപിന്നെ ഇവിടത്തെ വേണ്ടല്ലോ. എവട്ണ്ന്ന് വെച്ചാൽ പോയി കഴിച്ചോ. ഇനിക്ക് ഒരു വിരോധോമില്ല. അത്രയും പണി കൊറഞ്ഞുകിട്ടി. വെല്ലോണം ഈ നരകത്തീന്ന് ഒന്ന് പോയിക്കിട്ട്യാ മതിയാർന്നു എന്റെ ഈശ്വരാ...'
ഇത് ആ വീട്ടിലെ സ്ഥിരം കാഴ്ചകളാണ്, അയാൾ നാട്ടിൽ വന്നതുമുതൽ. ആ രീതിയിലുള്ള സംസാരം അവരെ തമ്മിൽ വല്ലാതെ അകറ്റി. ഒരേ കട്ടിലിൽ ഒരേ ശരീരംപോലെ ഉറങ്ങിയിരുന്നവർ ഇപ്പോൾ ഒരു വർഷത്തോളമായി രണ്ടു മുറികളിലായി ഉറക്കം. ആർക്കും അതിൽ പരാതിയില്ല. കാരണം രണ്ടുപേരും മാനസികമായി അത്രയും അകന്നു കഴിഞ്ഞിരുന്നു. അവരെ തമ്മിൽ ചേർത്തു വെക്കുന്ന ഒരേയൊരു ഘടകം കൃതിക ആയിരുന്നു. ഒരു കുഞ്ഞുണ്ടായിപ്പോയി എന്ന ഒറ്റ കാരണത്താൽ ഒരുമിച്ച് ഒരു വീട്ടിൽ കഴിയുന്നവർ. കീർത്തിക്ക് അതൊരു ഭാരവും ബാധ്യതയുമായിരുന്നുവെങ്കിൽ വിശ്വന് അതൊരു സ്നേഹവും ആശ്വാസവുമായിരുന്നു.
വിശ്വൻ കിടന്നു. കീർത്തി അടുക്കളയിൽ പാത്രങ്ങൾ ഒതുക്കി പുറത്ത് ബാത്ത്റൂമിൽ പോകുവാനായി വെളിയിലേക്ക് ഇറങ്ങി. അപ്പോഴാണ് 'ശ് ' എന്നൊരു ശബ്ദം.
അവൾ ആ ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി. പുറത്ത് വാഴയുടെ മറയിലായി അടുത്ത വീട്ടിലെ വിനോദ് എന്ന മുപ്പതുകാരൻ. ഭാര്യയും രണ്ടു മക്കളുമുണ്ടെങ്കിലും ഇപ്പോഴും രാത്രിയുടെ മറയിൽ അന്യ സ്ത്രീകളുടെ ശരീരം തേടുന്നവൻ. പ്രത്യേകിച്ചും ഭർത്താക്കന്മാരില്ലാത്ത, നാട്ടിലില്ലാത്ത, ഭാര്യമാരുടെ ജാരൻ. പക്ഷേ വിനോദിന്റെ മാന്ത്രിക വലയത്തിൽ അകപ്പെട്ട സ്ത്രീകൾ ഓരോരുത്തരുടേയും വിചാരം അയാൾ അവരുടെ അരികിലേക്ക് മാത്രമേ വരുന്നുള്ളൂ എന്നായിരുന്നു.
കാണാൻ ആരോഗ്യവാനും സുമുഖനും പലിശക്കാരനുമായ വിനോദിന് സ്ത്രീകളെ കെണിയിൽ വീഴ്ത്തുവാൻ യാതൊരു പ്രയാസവുമില്ലായിരുന്നു.
കീർത്തി മെല്ലെ അയാളുടെ അരികിലേക്ക് ചെന്നു. അവൾ അയാളുടെ ചെവിയിൽ മെല്ലെ പറഞ്ഞു;
'അങ്ങേര് ഒറങ്ങീട്ടില്ല. കുറച്ചു കഴിഞ്ഞ് വന്നാമതി. ഞാൻ അടുക്കളയുടെ വാതിൽ ചാരിയിടാം. കുറ്റിയിടുന്നില്ല..'
കീർത്തി ബാത്ത്റൂമിൽ പോയി യാതൊന്നും സംഭവിക്കാത്തതുപോലെ തിരികെ വന്ന് അടുക്കള വാതിൽ ചേർത്തടച്ച് ശബ്ദത്തോടെ കുറ്റിയിട്ട് ഒരു നിമിഷം കഴിഞ്ഞ് ചുമക്കുന്ന ശബ്ദമുണ്ടാക്കി വാതിലിന്റെ കുറ്റി ഊരി വാതിൽ ചാരിവെച്ച് അടുത്ത മുറിയിൽ പോയി കിടന്നു.
ഇതൊന്നും അറിയാതെ വിശ്വൻ മകളോട് ചേർന്നു കിടന്നു.
ഇത് ആ വീട്ടിൽ ഏകദേശം ഒരു വർഷത്തോളമായി അരങ്ങേറുന്ന നാടകമാണ്.
രാത്രി കൂടുതൽ ഇരുട്ടിലേക്ക് ആണ്ടുപോയി. വിശ്വനും മകളും നിദ്രയിലേക്കും. എന്നാൽ ഉറങ്ങാതെ ആ രാത്രി അവസാനിക്കാതിരുന്നെങ്കിൽ എന്ന ആശയോടെ സ്വയം മറന്ന് നിർവൃതിയിലാണ്ടുപോയ രണ്ടുപേർ ഉണ്ടായിരുന്നു, കീർത്തിയെന്ന വീട്ടമ്മയും വിനോദ് എന്ന ജാരനും.
രാത്രിയിൽ എപ്പോഴോ ഉറക്കത്തിൽ കൃതിക പെട്ടെന്ന് ചാടിയെഴുന്നേറ്റ് ഉറക്കെ കരയുവാൻ തുടങ്ങി;
'അയ്യോ.... അച്ഛാ.... എന്നെ കൊല്ലല്ലേന്ന് പറയച്ഛാ....'
വിശ്വൻ വേഗം എഴുന്നേറ്റ് മോളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.
'കരയണ്ട മോളേ... മോൾക്ക് ഒന്നുമില്ല. പേടിക്കേണ്ട ട്ടോ.... അച്ഛന്റെ മോള് കരയണ്ട'.
അയാൾ അവളെ തന്റെ മാറിൽ ചേർത്തുകിടത്തി ഒരു കൈകൊണ്ട് പുറത്ത് മെല്ലെ തട്ടി ആശ്വസിപ്പിച്ചു കിടന്നു.
മകളുടെ മുറിയിൽ നിന്ന് എന്തോ ശബ്ദം കേട്ടതുപോലെ തോന്നിയതിനാൽ കീർത്തി വേഗം എഴുന്നേറ്റ് വിനോദിനോട് വിവരം പറഞ്ഞ് അയാളെ പുറത്തേക്ക് അയച്ച് വാതിൽ ചാരി മകളുടെ മുറിയിലേക്ക് ചെന്നു. അവിടെ അച്ഛന്റെ നെഞ്ചിലെ ചൂടേറ്റ് കിടക്കുന്ന കൃതികയെയാണ് കണ്ടത്. ആ കാഴ്ച ഇഷ്ടപ്പെടാത്ത രീതിയിൽ അവൾ ചോദിച്ചു;
'എന്തേ ഒരൊച്ച കേട്ടത്? മനുഷ്യനെ കെടുത്തി ഒറക്കാണ്ട് കാറിപ്പൊളിക്കണ കേട്ടല്ലാ.'
'ഒന്നുമില്ല. അവള് എന്തോ സ്വപ്നം കണ്ടു പേടിച്ചതാന്നാ തോന്നണത്..'
'ഓ.. ഒരിള്ള... സ്വപ്നം കണ്ടു പേടിച്ചുപോലും.. പഠിച്ച കള്ളിയാ. പത്ത് വയസ്സേ ഉള്ളെങ്കിലും ഇരുപത് വയസ്സിന്റെ ബുദ്ധീം ബോധോണ്ട്. ഇന്നിട്ട് പേടിച്ചു. .'
'നീയൊന്നു പോയേ.. നിന്നെ ആരെങ്കിലും വിളിച്ചോ? പോയി കിടന്നുറങ്ങ്...'
അയാളെ ഒന്ന് ദേഷ്യഭാവത്തിൽ നോക്കി കീർത്തി തിരിച്ചുപോയി വാതിലടച്ചു.
അയാൾ മെല്ലെ കൃതികയെ വിളിച്ചു;
'അച്ഛന്റെ മോള് ഒറങ്ങിയോ?'
'ഇല്ല.... മോൾക്ക് പേടിയാവുന്നു'.
'എന്തിനാ മോള് പേടിക്കണത്? മോള് എന്ത് സ്വപ്നാണ് കണ്ടത്?'
'അത്....'അവൾ അല്പംകൂടി ഭീതി കലർന്ന സ്വരത്തിൽ പറഞ്ഞു;
'അത്.. ഞാനും അമ്മയും കൂടെ എങ്ങോട്ടോ പോവായിരുന്നു. കുറച്ചു ദൂരെ എത്തിയപ്പോൾ വഴിയരികിൽ ഒരു വലിയ കൊളം കണ്ടു. അവടെ എത്തിയപ്പോ അമ്മ എന്നെ ആ കൊളത്തിലേക്ക് വലിച്ചെറിഞ്ഞു. അതാണ് ഞാൻ പേടിച്ച് കരഞ്ഞത്. അമ്മ എന്നെ അങ്ങനെ എറിയോ അച്ഛാ...? ഇനിക്ക് പേടിയാവുന്നു...'
അവൾ വീണ്ടും കരയുവാൻ തുടങ്ങി. മകളോട് എന്ത് മറുപടി പറയണം എന്നറിയാതെ അയാൾ വിഷമിച്ചു. അയാൾ പറഞ്ഞു;
'അങ്ങനെയൊന്നും ഉണ്ടാവില്ല. അമ്മയ്ക്ക് മോളെ ഇഷ്ടാണല്ലോ. പിന്നെ എന്തിനാ പേടിക്കണത്? '
'ഇല്ല. അമ്മ ചീത്തയാ.... അമ്മയ്ക്ക് എന്നെ ഒട്ടും ഇഷ്ടല്ല. '
'മോള് കരയണ്ടാട്ടോ.. എല്ലാം അച്ഛൻ ശരിയാക്കാം... മോള് ഒറങ്ങിക്കോ..'
കുറച്ചു സമയംകൂടി കഴിഞ്ഞ് മോളെ കട്ടിലിൽ കിടത്തി അയാൾ കട്ടിലിൽ വെച്ചിരുന്ന ബ്രൈറ്റ് ലൈറ്റിന്റെ ടോർച്ചുമായി ബാത്ത്റൂമിലേക്ക് പോകുവാനായി എഴുന്നേറ്റു. അപ്പോഴേക്കും കറന്റ് പോയിരുന്നു. പുറത്തേക്ക് അടുക്കള വാതിൽ വഴിയാണ് രാത്രി ഇറങ്ങാറുള്ളത്. കാരണം ബാത്ത്റൂം ആ ഭാഗത്തായിരുന്നു.
എന്നാൽ വാതിൽ തുറക്കുവാൻ ശ്രമിച്ചപ്പോഴാണ് അത് അടച്ചിട്ടില്ലെന്ന് മനസ്സിലായത്. ഈ വാതിൽ അടക്കാതെയാണോ അവൾ കിടന്നത് എന്ന് മനസ്സിൽ ഓർത്തുകൊണ്ട് അയാൾ പുറത്തേക്ക് കടന്നു. അയാൾ ബാത്ത്റൂമിനുനേരെ ടോർച്ച് തെളിച്ചപ്പോൾ കണ്ട കാഴ്ച അയാളെ വല്ലാതെ അമ്പരിപ്പിച്ചു. തന്റെ കണ്ണുകളെ അയാൾക്ക് വിശ്വസിക്കാനായില്ല. ക്രോധം കൊണ്ട് അയാളുടെ ശരീരം വിറച്ചു. അതൊരു അലർച്ചതായി താഴേക്ക്.....
അവിടെ പരസ്പരം ആലിംഗനത്തിലമർന്ന് കീർത്തിയും വിനോദും. ഒരു അനുജനേപ്പോലെ കരുതി സ്നേഹിച്ച് വിശ്വസിച്ചവൻ. ഏത് സമയത്തും തന്റെ വീട്ടിലേക്ക് വരാൻ അനുവദിച്ച അയൽക്കാരൻ. അയാളിൽ നിന്നും ഇങ്ങനെ ഒരു രംഗം.... വിശ്വനാഥൻ ഒരു അലർച്ചയോടെ അവരുടെ അരികിലേക്ക് പാഞ്ഞു. ഇത് കണ്ട വിനോദ് ഇരുട്ടിലേക്ക് ഓടി മറഞ്ഞു.
കീർത്തി 'വേണ്ട വിശ്വേട്ടാ ഒന്നും ചെയ്യണ്ട. ക്ഷമിക്ക് വിശ്വേട്ടാ... തെറ്റ് പറ്റിപ്പോയി ' എന്ന് പറഞ്ഞ് അയാളുടെ കാലുകളിലേക്ക് വീണു കരഞ്ഞു.
'മാറിനിക്കെടി നായിന്റെ മോളേ' എന്ന് പറഞ്ഞ് അയാൾ തന്റെ കാലുകൾ കുടഞ്ഞു. കീർത്തി ദൂരേക്ക് തെറിച്ചു. അത്രയും ശക്തമായിരുന്നു വിശ്വന്റെ പ്രവൃത്തി. ഉള്ളിലെ കോപവും സങ്കടവും എല്ലാം അയാളെ അതുവരെ കാണാത്ത , ശാന്തസ്വഭാവക്കാരനല്ലാതാക്കി. അയാൾ തന്റെ കൈവശമുള്ള ടോർച്ചുകൊണ്ട് കീർത്തിയുടെ തലയിൽ ആഞ്ഞടിച്ചു. എന്നിട്ടും അരിശം തീരാതെ തലങ്ങും വിലങ്ങും അടിച്ചു.
കരഞ്ഞുകൊണ്ട് ബഹളം വെച്ച കീർത്തിയുടെ ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടിലുള്ളവരും ഉണർന്ന് അവിടേക്ക് വന്നു. എല്ലാവരും ചേർന്ന് വിശ്വനെ പിടിച്ചുമാറ്റി എങ്കിലും അപ്പോഴേക്കും തലയിൽ നിന്നും രക്തം വാർന്നൊഴുകിയിരുന്ന കീർത്തി നിശ്ചലയായിക്കഴിഞ്ഞിരുന്നു.
ഈ രംഗങ്ങൾ എല്ലാം കണ്ട് ഭയന്നുവിറച്ച് വീടിന്റെ ഒരു മൂലയിലായി കൃതിക നില്പുണ്ടായിരുന്നു. അവൾ കരഞ്ഞിരുന്നില്ല.
അല്പം കഴിഞ്ഞ് പരിസരബോധം വീണ്ടെടുത്ത വിശ്വൻ ടോർച്ച് ദൂരെയെറിഞ്ഞു. ഒരു ഭാഗത്തായി പേടിച്ച് വിറച്ചു നില്ക്കുന്ന മകളെക്കണ്ട് അയാൾ അവളുടെ അരികിലേക്ക് വന്നു. അവളെ ഇരുകരങ്ങളാൽ ചേർത്തെടുക്കുവാൻ ശ്രമിക്കവേ അവൾ അകന്ന് ഒരു തൂണിലായി കൈ ചുറ്റിപ്പിടിച്ചു.
'എനിക്ക് പേടിയാ. അച്ഛനെ എനിക്ക് പേടിയാ...' അവൾ കരയുവാൻ തുടങ്ങി.
'മോള് പേടിക്കണ്ട. മോളുടെ അച്ഛനല്ലേ.. വാ...'
അയാൾ കൈകൾ നീട്ടിയെങ്കിലും അവൾ അകന്നുമാറി.
സർവ്വവും നഷ്ടപ്പെട്ടു എന്ന് അയാൾക്ക് തോന്നി. ചവിട്ടി നില്ക്കുന്ന പാദങ്ങൾക്കടിയിലെ മണ്ണ് ഇളകി മാറുന്നതായി അയാൾക്ക് അനുഭവപ്പെട്ടു.
അകലെ ഒരു പോലീസ് ജീപ്പിന്റെ ശബ്ദം അടുത്തടുത്ത് വരുന്നത് അയാൾക്ക് കേൾക്കാമായിരുന്നു. അയാൾ കണ്ണുകൾ ഇറുക്കിയടച്ചു. തന്നേയും വഹിച്ചുകൊണ്ട് പാഞ്ഞുപോകുന്ന ജീപ്പിനുപുറകെ 'ഞാനും വരുന്നച്ഛാ.... എന്നേംകൂടി കൊണ്ടുപോ അച്ഛാ' എന്ന് നിലവിളിച്ചു പുറകേ വരുന്ന മകളുടെ ചിത്രം.....!
ആരുമില്ലാതെ അനാഥമാവുന്ന മറ്റൊരു ബാല്യം. പിഴച്ചുപോയ അമ്മയുടെ മകളെന്നപേരിൽ ഈ സമൂഹത്തിന് പിച്ചിച്ചീന്തുവാൻ മറ്റൊരു ഇര!
****മണികണ്ഠൻ അണക്കത്തിൽ***
Copyright protected
05/05/2018.
05/05/2018.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക