Slider

രണ്ട് കാക്കകൾ പ്രണയിക്കുമ്പോൾ

0
Image may contain: 1 person

എടീ എനിക്കൊരു ഉമ്മ തരാവോ '
' ഇപ്പളോ...ശ്ശേ ' .പെൺ കാക്കക്ക് നാണം.
' അതെന്താ ഉമ്മക്ക് നേരവും കാലവും ഒക്കെ ഇണ്ടോ... ഈ പെണ്ണുങ്ങളെല്ലാം ഇങ്ങനാണോ ? ' !
പെൺ കാക്കക്ക് പിന്നേയും നാണം.
' നീ ഇടയായി നല്ല നിറം വച്ചിട്ടുണ്ട് ' ആൺ കാക്ക അടുത്ത നമ്പറിട്ടു.
ശരിക്കും .. ? ഇത്തവണ പെൺകാക്ക നാണത്തോടൊപ്പം അമർത്തിയൊന്ന് ചിരിക്കുക കൂടി ചെയ്തു.
' ഇന്നലെ ബലിച്ചോറ് കിട്ടിയെന്നറിഞ്ഞു ...?'
' ആഹ്.. കുളക്കരയുടെ അടുത്തെ വീട്ടിലെ കെളവൻ ചത്തു... ഞാൻ വലുതായൊന്നും തല കാണിച്ചില്ല'
ഏഹ്.. അതെന്താ.?
'ആ പേട്ടു കിളവൻ ഒരു കണ്ണിൽ ചോരയില്ലാത്തവനാ.. പണ്ട് ഞാൻ ഒരു കഷ്ണം കൊപ്രാത്തേങ്ങ എടുക്കാൻ ചെന്നപ്പോ എന്നെ മടല് വെച്ചെറിഞ്ഞവനാ ആ കാർന്നോര്.. പിന്നെ ഞാനെന്ത് വേണം. ഗമയ്ക്കങ്ങോട്ട് ഇരുന്ന് കൊടുത്തു. ആ മാവിന്റെ മണ്ടയിൽ തന്നെ. അവന്മാരും അറിയട്ടെ നമ്മടെ വില. ഒന്നൂല്ലെങ്കിലും ഞാൻ നല്ല അന്തസ്സുള്ള കാക്ക തറവാട്ടിൽ കള്ള കുയിലിന്റെ കുട്ടികളോടൊപ്പം വിരിഞ്ഞവനല്ലേ...?
ആൺ കാക്ക തലയുർത്തി പിന്നെ ഇരുന്ന പുളിങ്കൊമ്പിലൊന്നുരസി. പെൺകാക്ക നാലുപാടും ഒന്ന് നോക്കി.
'അല്ല ചേട്ടാ ഈ മനുഷ്യമാരെന്താ നമുക്ക് ചത്ത് കഴിഞ്ഞവരുടെ ചോറ് മാത്രം തരാൻ ക്ഷണിക്കുന്നേ..അല്ലാത്ത സമയം എച്ചില് മാത്രേ തരൂ.?'
'ആവോ അറിയില്ലാ... എന്തായാലും ഈ കുറഞ്ഞ കാലം കൊണ്ട് കുറേ പേരുടെ മുത്തശ്ശനും ,മുത്തശ്ശിയും,മാമനും, അമ്മായിയും,അച്ഛനും, അമ്മയും, മകനും,മകളും.. ഹോ.. ചെയ്യാത്ത റോളൊന്നൂല്ല..' ആൺ കാക്ക ഗർവ്വോടെ തല വീണ്ടും കൊമ്പിലുരസി.
' ആ സമയത്ത് അവർക്ക് എന്ത് ഭയഭക്തി ബഹുമനാലെ... എന്നെയൊക്കെ ചിലര് കെട്ടിപ്പിടിക്കാൻ വരെ വന്നിട്ടുണ്ട്..' പെൺ കാക്ക അരോചകമായി ചുറ്റും നോക്കി. ആൺ കാക്കക്ക് ചിരി വന്നു.
' നിന്നെ കെട്ടിപ്പിടിക്കാൻ വന്നെന്നോ, എനിക്ക് മാത്രമുള്ള അധികാരമല്ലേ അത്... ഇനി എനിക്കൊരു ഉമ്മ തായോ..?
മറുപടിക്ക് മുഖം നൽകാതെ പെൺ കാക്ക ശിഖിരം വിട്ട് മരത്തിന് ചുറ്റും വലം വെച്ച് വാനിലേക്ക് ഉയർന്നു.പിന്നാലെ ആൺ കാക്കയും.അവർ കുറുകെ പറന്ന് കളിച്ചു.
' ചേട്ടാ നമ്മള് കാണാൻ ഭംഗിയില്ലാത്തവരാണോ? '
ഏയ് ആര് പറഞ്ഞു? നീ കേട്ടിട്ടില്ലേ രവിയേട്ടന്റെ കവിത. നമ്മുടെ ശരിക്കും പേര് കൃഷ്ണവർണ്ണക്കിളികളെന്നാ... കൃഷ്ണൻ... ശ്രീകൃഷ്ണൻ.' വാനിൽ മേഘം തൊട്ട പെൺ കാക്കയുടെ കൊക്ക് ആൺ കാക്കക്കയുടെ കണ്ണിനു കീഴെ ഒരു മുത്തം കൊടുത്തു. ചിറകുകൾക്ക് ശബ്ദം കൂടി. ചുണ്ടുകൾ തമ്മിലുരസി.ദൂരെ കാക്ക കൂടിനെ ഏതോ ഒരുത്തൻ കല്ലെറിഞ്ഞ് വീഴ്ത്തി.അതിലുള്ള കുയിലിന്റേയും കാക്കയുടേയും മുട്ടകൾ നിലത്ത് വീണ് പൊട്ടി. ചിറകുകൾ വീണ്ടും ശക്തിയായി ശബ്ദിച്ചു. പ്രണയം, പരിണയം!
പിന്നേയും ദൂരെ കൈകൊട്ടി വിളികൾ... വാ വാ... ക്രാ ക്രാ... വാ വാ..
ചിറകുകൾ തമ്മിൽ പിരിഞ്ഞ് , ആ ശബ്ദം ലക്ഷ്യമാക്കി പറന്നു !

By: Ranjeev RJ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo