Slider

ഒരു തൈറോയ്ഡ് രോഗിയുടെ ആത്മനൊമ്പരങ്ങൾ

0
Image may contain: 1 person, beard

പരസ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ടോ?
സ്റ്റെതസ്കോപ് ചെവിയിൽ നിന്നെടുത്തുകൊണ്ട് കണ്ണൻ ഡോക്ടർ ഗൗരവത്തിൽ ചോദിച്ചു.
കേട്ട ഉടനെ നീണ്ടു വളഞ്ഞ അയാളുടെ നടുവിനിട്ട് ഒരു ചവിട്ടു കൊടുക്കാനാണ് തോന്നിയത്.
പരസ്ത്രീകളെ പോയിട്ട് അയൽവക്കത്തെ പെമ്പിള്ളേരെ കാണുമ്പോ തന്നെ മുട്ട് വിറച്ചു കണ്ടംവഴി ഓടാറുള്ള നിത്യകന്യകനായ ഈ എന്നോട് ചോദിക്കാവുന്ന ചോദ്യമാണോ ഇത് ?ബ്ലാഡി ഫൂൾ!
ദേഷ്യം വന്നുവെങ്കിലും വിനീതനായി ഞാൻ പറഞ്ഞു. ഇല്ല സർ.
അടുത്തിരിക്കുന്ന ചങ്കു ബ്രോ പരനാറി പപ്പൻ തികട്ടി വന്ന പൊട്ടിച്ചിരി തല്ക്കാലം അടക്കിവച്ച് ഇരിക്കുകയാണ്.
എങ്കിൽ പിന്നെ ഒരു കാര്യം ചെയ്യൂ ഷുഗർ ഒന്ന് ചെക്ക് ചെയ്യണം തൽക്കാലം കുറച്ചു മരുന്ന് എഴുതിത്തരാം.
അങ്ങനെ ഡോക്ടർക്ക് കാശും കൊടുത്ത് പുറത്തിറങ്ങി.
പ്രതീക്ഷിച്ച പോലെ ബ്രോ പപ്പൻ അടക്കിവച്ച ചിരിയിട്ടു പൊട്ടിച്ചുകൊണ്ട് പറഞ്ഞു. എടാ അയാളെ പറഞ്ഞിട്ട് കാര്യമില്ല. നിന്നെ കണ്ടാൽ ഇപ്പൊ എയ്ഡ്‌സ് രോഗിയെപ്പോലെ തന്നെയുണ്ട്. പക്ഷേ പെണ്ണുങ്ങളുടെ കാര്യത്തിൽ എനിക്ക് നിന്നെ വിശ്വാസാട്ടോ.
പണ്ടാരം വെറുതെയൊരു മൂഡിന് മൊട്ടയുമടിച്ചതു കൊണ്ട് കൂടുതൽ പണിയായി. ഇന്നലെ സുഹൃത്തിന്റ പെങ്ങൾ വഴിയിൽ വച്ച് കണ്ടപ്പോൾ പറഞ്ഞു അവളുടെ കൂട്ടുകാര് ചോദിക്കുന്നത്രെ നിന്റെ ഏട്ടന്റെ ഫ്രണ്ടിന് മാനസിക രോഗമോ മറ്റോ ഉണ്ടോന്ന്. ആ ജാതി ലുക്കാണത്രെ !
ആത്‍മഹത്യ ചെയ്യാൻ ധൈര്യമില്ലാത്തത് കൊണ്ടും കുറെപ്പേരോട് പകരം വീട്ടാനുള്ളത് കൊണ്ടും ചെയ്തില്ല.
ഒടുക്കത്തെ വിശപ്പാണ്. പക്ഷെ എത്ര തിന്നാലും ദിനംപ്രതി കോലുപോലെയായി വരുന്നു. രാത്രി ഉറങ്ങിയാൽ പുലർച്ചെ ഒരു മണിയാകുമ്പോൾ ഉറക്കം ഞെട്ടും. അപ്പോൾ ഹൃദയത്തിൽ പാലക്കാട് മണി അയ്യരുടെ ആത്മാവ് കുടിയേറിയ പോലെ ലയതാള തരംഗങ്ങൾ ഉയരുന്നുണ്ടാകും. നേരെ ഹാളിൽ വന്ന് ടീവി കാണാൻ തുടങ്ങും.ദിവസങ്ങളായി ഇതു തന്നെ സ്ഥിതി.
ആദ്യമൊക്കെ അച്ഛനും അമ്മേം വന്നു എന്താണെന്ന് ചോദിച്ചെങ്കിലും വീട്ടിൽ നക്സലായ എന്റെ ഉഗ്രകോപത്തെക്കുറിച്ചു അറിയാവുന്നതിനാൽ നിർത്തി.
അങ്ങനെ ഗതികെട്ടിരിക്കുമ്പോഴാണ് കണ്ണൻ ഡോക്ടർ ബെസ്റ്റാണെന്നു പറഞ്ഞറിഞ്ഞ പപ്പൻ എന്നെ കൂട്ടിക്കൊണ്ട് പോയത്. അതങ്ങനെയുമായി.
പിന്നീട് ഇളയച്ഛന്റെ വീട്ടിൽ പോയപ്പോ എന്റെ അവസ്‌ഥ കണ്ട് ഹൃദയ മേളത്തിന്റെ കഥയും കേട്ട് അവിടുത്തെ ചേച്ചിയാണ് പറഞ്ഞത് ഒരു ഡോക്ടർ ഉണ്ട് കണ്ണൂരിൽ. കാണാൻ ലുക്കില്ലെങ്കിലും ഹൃദയചികിത്സയിൽ അവസാനവാക്കാണത്രെ.
അങ്ങനെ വിക്രമാദിത്യനും വേതാളവും പോലെ ഞാനും പപ്പൻ ബ്രോയും കണ്ണൂരേക്ക് പ്രയാണമാരംഭിച്ചു..
ഗേൾസ് സ്കൂളിന് മുന്നിലൂടെയാണ് യാത്ര എന്നത് പപ്പനെ ആഹ്ലാദഭരിതനാക്കി. പപ്പനെ കടക്കണ്ണു കൊണ്ട് കടാക്ഷിച്ച പെണ്മണികൾ ഈയുള്ളവനെ സഹതാപത്തോടെ നോക്കുന്നത് ഹൃദയവേദനയോടെയാണ് ഞാൻ ഉൾക്കൊണ്ടത്.
(അന്ന് ഫെസ്‍ബുക്ക് ഇല്ലാത്തത് ഭാഗ്യം. ഉണ്ടായിരുന്നെങ്കിൽ അജ്ഞാത രോഗം ബാധിച്ച ഈ പാവത്തിന് എത്ര ലൈക്ക് കൂട്ടുകാരേ എന്ന പോസ്റ്റുമിട്ട് ആ പരനാറി എന്റെ ഫോട്ടോ വച്ച് ഒരു പത്തു കെ ലൈക്കെങ്കിലും വാങ്ങിക്കൂട്ടിയേനെ).
അങ്ങനെ ചോയ്ച്ചു ചോയ്ച്ചു ഞങ്ങൾ ഡോക്ടറുടെ വീട്ടിലെത്തി.
ഡോക്ടർ പി ജയകുമാർ. എംബിബി എസ്,എം ഡി തുടങ്ങിയ സ്ഥിരം ഡിഗ്രികൾ വേഗം വായിച്ചെങ്കിലും തുടർന്ന് പരന്നു കിടന്ന ബാക്കിഭാഗം വായിക്കാനുള്ള ഇംഗ്ളീഷ് പരിജ്ഞാനം ഇല്ലാത്തതിനാൽ അവയെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞു .
പപ്പൻ ബെല്ലടിച്ചു.
വാതിൽ തുറന്ന രൂപം കണ്ട ഞാനും പപ്പനും ഒരു നിമിഷം സ്‌തബ്ധപ്രതിമകളായി നിന്നുപോയി ..
തുടരും ...
-വിജു കണ്ണപുരം-
NB - സ്വകാര്യതയെ മാനിച്ചും നിയമനടപടി പേടിച്ചും കഥാപാത്രങ്ങൾക്ക് യഥാർത്ഥ പേരുകൾ കൊടുത്തിട്ടില
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo