Slider

അമ്മ

0
വീട്ടിലേക്ക് വരുമ്പോൾ അവിടെ കൊളുത്തിവച്ച ഒരു നിലവിളക്കുണ്ട് എൻ്റെ 'അമ്മ. വേനലിൽ പെയ്യുന്ന മഴ പോലെ,ശാന്തമാണവർ.ഒരു ഇലപൊഴിയും ശിശിരത്തിലാണ് അമ്മയെ അച്ഛൻ സ്വന്തമാക്കുന്നത്.അച്ഛന്റെ വെളുത്തകുടുംബത്തിലേക്ക് വന്ന നിറം കുറഞ്ഞ അതിഥിയെ സ്വീകരിക്കാൻ ആർക്കും കഴിയുമായിരുന്നില്ല ശക്തമായ എതിർപ്പിനൊടുവിൽ അച്ഛൻ അമ്മയെ താലിചാർത്തിയപ്പോൾ മണിയറ പോലും വീട്ടുകാർ അവർക്കു നിഷേധിച്ചിരുന്നു .എന്നാൽ കുഞ്ഞു നാളിലെപ്പോഴോ വിധി തളർത്തിയ വലത് കയ്യായിരുന്നു അമ്മയ്ക്ക് അച്ഛൻ.
എനിക്ക് അഞ്ചു വയസ്സായപ്പോഴാണ് അച്ഛൻ അമ്മയെയും കൂട്ടി ഞങ്ങൾ ഇപ്പോൾ താമസിക്കുന്നിടത്തേക്കു മാറുന്നത്.ഓലമേഞ്ഞ കുഞ്ഞു കുടിൽ അതിനോട് ചേർന്ന് ഞങ്ങൾ സ്വപ്‌നം കാണുന്ന ഞങ്ങളുടെ വീടിന്റെ അടിത്തറ കെട്ടിയിട്ടിരുന്നു. അവിടെയാണ് ജീവിതം തുടങ്ങുന്നത്.സുഖവും സന്തോഷവും ,സങ്കടവും ആ കുഞ്ഞു വീടിൻ്റെ അകത്തളത്തിൽ ഭദ്രമായിരുന്നു. ഞങ്ങൾ മൂന്നു മക്കളെ തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിലൊളിപ്പിക്കുംപോലെ കാകനും പരുന്തിനും നൽകാതെ ആ അച്ഛനും അമ്മയും വളർത്തി. ചിലപ്പോഴൊക്കെ തോന്നിയിരുന്നു ഈ ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നത് ഞങ്ങളാണെന്ന്. 'അമ്മ ടൗണിൽ ഒരു ചെറിയ തയ്യൽകട തുടങ്ങി.അച്ഛൻ കൃഷിയും കാര്യങ്ങളുമൊക്കെയായി. ജീവിതം ആസ്വദിക്കുകയായിരുന്നു.പഠനത്തിന്റെ കൂടെ കൃഷിയെയും മണ്ണിനെയും സ്‌നേഹിക്കാൻ അവർ പഠിപ്പിച്ചിരുന്നു.അതുകൊണ്ടു തന്നെയാണ് അവധിദിവസങ്ങളിൽ ഞങ്ങളെയും കൂട്ടി അച്ഛൻ കൃഷിയിടത്തിൽ പോയിരുന്നതും പുസ്തകത്തിന്റെ കൂടെ മണ്ണും തൂമ്പയും കയ്യിലേക്കേൽപ്പിച്ചതും.
പെട്ടന്നൊരുനാൾ ഞങ്ങളുടെ വാഴതൈകൾ മുരടിച്ചു തുടങ്ങി,പയറിന്റെ ഇലകൾ മഞ്ഞളിച്ചു വന്നു.എത്ര നനച്ചിട്ടും അവയെല്ലാം വാടികരിഞ്ഞു കൊണ്ടിരുന്നു., ആ ഉണങ്ങിയ വാഴത്തൈകൾ പോലെ എന്റെ അച്ഛൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ ആ നാലാം വാർഡിലേക്ക് ഒതുങ്ങിപോയി.മഞ്ഞളിച്ചുപോയ ആ കണ്ണിൽ മഞ്ഞളിക്കാത്ത ഒരായിരം സ്വപ്‌നം ഉണ്ടായിരുന്നു.മാസങ്ങൾ കഴിഞ്ഞുകൊണ്ടിരുന്നു....
അന്ന് ഒരു ഞാറാഴ്ച്ചയായിരുന്നു എൻ്റെ ഡിഗ്രി പരീക്ഷയും അനിയന്റെ പ്ലസ്‌ടു പരീക്ഷയും കഴിഞ്ഞു വീട്ടിലിരിക്കുന്ന സമയം.ഞങ്ങളുടെ കൃഷി സ്ഥലത്തേക്ക് നോക്കാനെന്നോണം എന്നെയും കൂട്ടി 'അമ്മ പുറപ്പെട്ടു .പൊള്ളുന്ന വെയിലിൽ നീറുന്ന മുഖമോടെ 'അമ്മ.ഉച്ചിയിൽ സൂര്യൻ കത്തി ജ്വലിച്ചുകൊണ്ടിരുന്നു.അമ്മയുടെ സീമന്തരേഖയിൽനിന്നും സിന്ദൂരം വിയർപ്പിനാൽ ഒരു ചോരപുഴപോലെ ഒഴുകികൊണ്ടിരുന്നു.അന്ന് അവിടെവച്ച് അച്ഛന് കാൻസർ ആണെന്ന് അമ്മപറയുമ്പോൾ ഞാൻ അറിയുകയായിരുന്നു എൻ്റെ അമ്മയെ ഉള്ളിൽ ആളിക്കത്തുന്നൊരു ചിതക്ക് കവലിരിക്കുമ്പോഴും സ്വയം ഉരുകി കൊണ്ടിരിക്കുകയായിരുന്നു അവർ. അന്ന് തളർന്നുപോയ എന്നെ നെഞ്ചോടു ചേർത്ത് 'അമ്മ പറഞ്ഞത് ഇന്നും ഓർമ്മയിലുണ്ട് " തളരരുത് മോളും തളർന്നാൽ പിടിച്ചു നില്ക്കാൻ ഈ അമ്മയ്ക്ക് കഴിയില്ല " ഇനി ഒരു മാസം...... ആ ഒരുമാസമെങ്കിലും അച്ഛനെ....നമുക്ക് കൊടുക്കാതിരിക്കണം മരണത്തിന്. കാൻസർ ചിലപ്പോഴൊക്കെ കാർന്നുതിന്നുന്നത് ഒരുപാടു പേരുടെ സ്വപ്നങ്ങളാണ്,പ്രതീക്ഷകളാണ്.
പിന്നെ ഞാൻ കാണുന്നത് ആ നാലാം വാർഡിന്റെ വരാന്തയിൽ ഉറങ്ങാതെ അച്ഛന് കാവലിരിക്കുന്ന അമ്മയെയാണ്,റേഡിയേഷൻ റൂമിന്റെ പുറത്തു എൻ്റെ മടിയിൽ തലവച്ചു കിടക്കുന്ന അച്ഛൻ,അച്ഛന്റെ കണ്ണുനീർത്തുള്ളികൾ വീണ് എന്റെ തുടപൊള്ളുമ്പോഴും ,കരയരുത് 'അമ്മ പഠിപ്പിച്ചിരുന്നു.ഞാൻ കരഞ്ഞാൽ എൻ്റെ കണ്ണിൽ നിന്നൊരു തുള്ളികണ്ണുനീർ വീണാൽ ആ മനുഷ്യൻ തകർന്നു പോവുമെന്നമ്മയ്ക്കറിയാമായിരുന്നു.
സരോ ഇനി പിടിച്ചുനിൽക്കാനെനിക്കാവില്ല ഞാൻ ആത്മഹത്യ ചെയ്‌താൽ നീ എന്നോട് പൊറുക്കണം എന്നെ ശപിക്കരുത് ,നമ്മുടെ കുഞ്ഞുങ്ങളെ വളർത്തണം അമ്മയോട് അന്ന് അച്ഛനത് പറയുമ്പോഴും 'അമ്മ കരഞ്ഞിരുന്നില്ല. ഞാൻ അറിയുകയായിരുന്നു വിധിയുടെ വികൃതിയോട് കറുത്ത മുഖം മൂടിയിട്ടു 'അമ്മ സ്വയംഒളിക്കുകയായിരുന്നു, അല്ലെങ്കിൽ വിധിയോട് പൊരുതാൻ സ്വയം പാകപ്പെടുകയായിരുന്നു.വീട്ടിൽ പോകണം എന്ന അച്ഛന്റെ വാശികാരണം അന്ന് ഡോക്ടർ ഡിസ്‌ചാർജ് പറഞ്ഞു.പകൽ ശാന്തമായുറങ്ങി, രാത്രിയുടെ കറുത്ത നാഴികളിലെപ്പോഴോ ...കരച്ചിലും മൂളലും എന്റെ ചെവിയിൽ വന്നടിച്ചപ്പോഴാണ് ഞാൻ ഉണരുന്നത് ,മരണവേദനയോടെ പുളയുകയാണ് അച്ഛൻ ,അച്ഛൻ ഉടുത്ത വെള്ളമുണ്ട് രക്തത്തിൽ മുങ്ങിയിരുന്നു. കണ്ണിൽ ഇരുട്ട് നിറയുമ്പോലെ ,ബോധം നശിച്ചു ഞാൻ ആ റൂമിലേക്ക് തളർന്ന് വീണിരുന്നു. എന്നെ താങ്ങിയെടുത്തു മറ്റൊരു റൂമിലേക്ക് കൊണ്ടുകിടത്തി ,ഉപ്പിട്ടകഞ്ഞിവെള്ളം നൽകി വാതിൽ അടച്ചു അച്ഛനരികിലേക്കു അമ്മയോടുമ്പോൾ എനിക്ക് കേൾക്കാമായിരുന്നു മോളേ .....എന്ന് വിളിച്ചു അച്ഛൻ കരയുന്നത്‌ ....ആ മഴയുള്ള രാത്രി ഏതൊക്കെയോ വീടിന്റെ ഉമ്മറത്ത് 'അമ്മ കേറിയിറങ്ങിയിട്ടുണ്ട്. അപ്പോഴും എനിക്ക് കേൾക്കാമായിരുന്നു ...മോളെന്നു വിളിച്ചുള്ള അച്ഛന്റെ കരച്ചിൽ.ഇപ്പോഴും ചിലസമയങ്ങളിൽ കാതോർക്കാറുണ്ട് മോളെ എന്ന ആ വിളി സ്വർഗ്ഗത്തിന്റെ കവാടങ്ങൾ പൊട്ടിച്ചു എന്നെങ്കിലും ഒരിക്കൽ മോളെ കാണാൻ വന്നെങ്കിലെന്നു ആഗ്രഹിക്കാറുണ്ട്.
പിറ്റേന്ന് അച്ഛനെ icu വിലേക്കു മാറ്റി.വിറങ്ങലിച്ചുപോയ മൂന്ന് ബാല്യങ്ങളെ ആ 'അമ്മ ചിറകിലേക്കൊളിപ്പിച്ചു ചൂട് പകർന്നു.അപ്പോഴും അമ്മയുടെ കൈകളിൽ ആ താലി മുറുകെ പിടിച്ചിരുന്നു. ആരെ പിരിഞ്ഞാലും എൻ്റെ മോളെ വിട്ടുപോകാനാവില്ലെന്നു പറഞ്ഞു കരഞ്ഞ അച്ഛൻ,അമ്മയുടെ കൈചേർത്തുപിടിച്ചു ക്ഷമിക്കാനും ഇങ്ങനെ ഒരു ജീവിതം നല്കാനായിരുന്നില്ല ഞാൻ അന്നു കൂട്ടികൊണ്ടു വന്നിരുന്നതെന്നും പറയുമ്പോൾ അച്ചന്റെ വിറയ്ക്കുന്ന കൈകുമ്പിളിൽ കിടന്ന് പിടച്ചത് അമ്മയുടെ പ്രാണനായിരുന്നു.
വെള്ളയിട്ടു പുതച്ചുകിടന്ന അച്ഛന് ചുറ്റും ഭ്രാന്തിയെപ്പോലെ അലഞ്ഞ 'അമ്മ.അമ്മയൊന്നു കരഞ്ഞിരുന്നെങ്കിൽ ആ നെഞ്ചിൽ തിളച്ചുകൊണ്ടിരുന്ന ലാവ പൊട്ടിയൊഴുകിയിരുന്നെങ്കിൽ, 
നാല്‌പത്തിരണ്ടാം വയസ്സിൽ വിധി വിധവയാക്കിയ 'അമ്മ.നെറ്റിയിൽ ഉദിച്ചിരുന്ന സൂര്യൻ അസ്തമയിച്ചിരുന്നു.ഒരിക്കലും ഉണരാതിരിക്കാൻ അത് ആഴിയുടെ അകത്തളങ്ങളിലേക്ക് ഊളിയിട്ടൂർന്നു പോയിരുന്നു.
വൈധവ്യം ചിലപ്പോഴൊക്കെ സ്‌ത്രീയെ തളർത്തുന്നത് ഞാൻ അമ്മയിലാണ് കണ്ടത് അമ്മയുടെ വിടർന്നകണ്ണുകൾ കുഴിഞ്ഞു പോയിരുന്നു.മുടിയിൽ പെട്ടന്ന് നരവീണിരുന്നു,എങ്കിലും 'അമ്മ പൊരുതുകയാണ് വിധിയോട് ........"അമ്മ" കൺമുന്നിൽ ഞാൻ കണ്ട ഏകദൈവമാണ്.

by: Athulya Veluthedath
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo